അടുത്തമാസം എ- ന്റെ കല്യാണമാണ്… അമ്മ ഞങ്ങളെ കാ- ണാന്‍ വ- രരുത്…..

രചന : ബിജു പൂവത്തിങ്കല്‍

”സുമിത്രയ്ക്കൊരു വിസിറ്ററുണ്ട് ”

വാര്‍ഡന്റെ വാക്കുകള്‍ കാതുകളിലെത്തിയപ്പോള്‍ ഓര്‍ക്കുകയായിരുന്നു ശിക്ഷ തീരാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു .ഇതുവരെ തന്നെക്കാണാന്‍ ആരും വന്നിട്ടില്ല.

ഇപ്പോഴാരാണ് തന്നെ കാണാനെത്തിയിരിക്കുന്നതെന്ന ചിന്തയോടെയാണ് വിസിറ്റിംഗ് റൂമിലേക്കു നടന്നത്.

അവിടെ തന്നെക്കാത്തിരിക്കുന്ന ആളെക്കണ്ട് മനമൊന്നു പിടഞ്ഞു. തന്റെ മകള്‍ ഗായത്രി.

”മോളു തനിച്ചാണോ വന്നത് ?ശേഖരമ്മാവനെവിടെ

”അമ്മാവന്‍ പുറത്തുണ്ട് .ഞാന്‍ വന്നത് അമ്മയോടൊരു കാര്യം പറയാനാ. അടുത്തമാസം എന്റെ കല്യാണമാണ് .അമ്മയുടെ ശിക്ഷ ഉടനെ തീരുമെന്നു കേട്ടു .”

”ശരിയാണ് രണ്ടാഴ്ച്ചക്കുള്ളില്‍ ശിക്ഷ കഴിയും .”

”പുറത്തിറങ്ങിയാല്‍ അമ്മ ഞങ്ങളെ കാണാന്‍ വരരുത് .വിവാഹം ചെയ്യാനിരിക്കുന്ന ചെറുക്കന്റെ വീട്ടുകാരോട് അമ്മ മരിച്ചുപോയെന്നാണ് പറഞ്ഞിരിക്കുന്നത് .അപ്പോള്‍ അമ്മ വീട്ടിലുണ്ടെങ്കില്‍ ആരാണെന്നു പറയും അവരോട് ?അതുകൊണ്ട് അമ്മ വരരുതെന്നു പറയാന്‍ വന്നതാ ഞാന്‍ .”

”മോളേ …………”

അവളവിടെനിന്നും മടങ്ങുമ്പോള്‍ തളര്‍ന്നിരുന്നു പോയി. അപ്പോഴും അവളുടെ വാക്കുകൾ ഇടിമുഴക്കം പോലെ കാതില്‍ മുഴങ്ങുകയായിരുന്നു.

*****************

വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മൂത്ത മകള്‍ തങ്ങളുടെ ജീവിതത്തിലേക്കെത്തിയത്.

മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ഇളയ മകളും കൂടി ഉണ്ടായതിനുശേഷമാണ് സന്തോഷപ്രദമായ തങ്ങളുടെ ജീവിതത്തില്‍ കരിനിഴല്‍ വീണത്.

ഭര്‍ത്താവു ചെയ്തു കൊണ്ടിരുന്ന ജോലി നഷ്ടമായപ്പോള്‍ അദ്ദേഹം മദ്യപാനം തുടങ്ങി.

ദിവസങ്ങള്‍ കഴിയുന്തോറും കൂടിവരുന്ന പട്ടിണിക്ക് അറുതിവരുത്തുവാനായിരുന്നു താന്‍ ചെറിയ ചെറിയ പണികള്‍ ചെയ്യാനിറങ്ങിയത്.

വര്‍ഷങ്ങള്‍ കഴിഞ്ഞു. മൂത്ത മകള്‍ പത്താംക്ലാസിലും ഇളയവള്‍ ആറാം ക്ലാസിലും പഠിക്കുന്ന സമയം.

അന്നും പതിവുപോലെ ജോലിക്കുപോയതായിരുന്നു താന്‍ . മക്കള്‍ക്കന്നു ക്ലാസ് ഉണ്ടായിരുന്നില്ല.

ജോലികഴിഞ്ഞെത്തിയ താന്‍ കണ്ടത് നടുക്കുന്നൊരു കാഴ്ചയായിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടെ മൂലയ്ക്കിരിക്കുന്ന മൂത്തമകള്‍. അടുത്തുതന്നെ തലപിളര്‍ന്നു മരിച്ചുകിടക്കുന്ന തന്റെ ഭര്‍ത്താവും അരികിലായി ചോരപുരണ്ട ചിരവത്തടിയും.

പോലീസെത്തിയപ്പോള്‍ കുറ്റം താനേറ്റെടുത്തു.

മക്കളെ ആങ്ങള അവരുടെ വീട്ടിലേക്കു കൊണ്ടുപോയി.

പിറ്റേന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഇതായിരുന്നു.

‘മകളെ പീഢിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ അമ്മ തലയ്ക്കടിച്ചു കൊലപ്പെടുത്തി ‘

മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ കോടതി തനിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയതറിഞ്ഞില്ല .രണ്ടാഴ്ച്ചക്കകം തന്റെ ശിക്ഷയുടെ കാലാവധി തീരുകയാണ്.

ഇവിടെ നിന്നിറങ്ങിയാല്‍ ഇനിയെങ്ങോട്ട് ?

******************

ഇന്നു തീരുകയാണ് ശിക്ഷ . ജയിലില്‍ നിന്നും പോരാനൊരുങ്ങവെയാണ് സൂപ്രണ്ട് സാര്‍ വിളിക്കുന്നുവെന്ന് വാര്‍ഡന്‍ വന്നു പറഞ്ഞത്.

സൂപ്രണ്ടിന്റെ മുറിയിലെത്തിയപ്പോള്‍ അദ്ദേഹം തന്നോട് ചോദിച്ചു

”കാര്യങ്ങളെല്ലാം ഞാനറിഞ്ഞു ഇനിയെങ്ങോട്ടു പോകാനാ സുമിത്രയുടെ പ്ലാന്‍ ?”

”അറിയില്ല സാര്‍ ”

”എങ്കില്‍ ഞാനൊരു കാര്യം പറയട്ടെ ?”

എന്താണെന്ന ഭാവത്തില്‍ അദ്ദേഹത്തെ നോക്കുമ്പോള്‍ അദ്ദേഹം തുടര്‍ന്നു

”എനിക്കു റിട്ടയറാകാന്‍ കുറച്ചു നാളുകളേയുള്ളു. ഭാര്യയും മകനും ഒരപകടത്തില്‍ മരിച്ചിട്ട് വര്‍ഷങ്ങളായി. വീട്ടിലാണെങ്കില്‍ ഞാനും സഹോദരിയുടെ മകനും മാത്രമാണുള്ളത്. സഹോദരി മരിച്ചതിനുശേഷം അവനെന്റെ കൂടെയാണ്. രണ്ടാഴ്ച്ച കഴിഞ്ഞാല്‍ അവന്റെ വിവാഹമാണ് ”

ഇതെല്ലാം തന്നോടെന്തിനു പറയുന്നു എന്നു ചിന്തിക്കുമ്പോള്‍ അദ്ദേഹം തുടര്‍ന്നു

”സുമിത്രയ്ക്കു സമ്മതമാണെങ്കില്‍ എന്റെ ജീവിതത്തിലേക്കു വന്നൂടെ ?”

ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല സുമിത്രയ്ക്ക്.

രജിസ്റ്ററോഫീസില്‍ വച്ച് പരസ്പര സമ്മതത്തോടെ ഇരുവരുമൊന്നായി.

ദിവസങ്ങള്‍ കഴിഞ്ഞു ഇന്ന് സൂപ്രണ്ടിന്റെ വീട്ടില്‍ കല്യാണമാണ്.

വിവാഹം കഴിഞ്ഞെത്തുന്ന വധൂവരന്മാരെ സ്വികരിക്കാന്‍ നിലവിളക്കുമായി കാത്തുനിന്ന സുമിത്ര വധുവിനെക്കണ്ടൊന്നു ഞെട്ടി. സുമിത്രയുടെ മകള്‍ ഗായത്രിയായിരുന്നു വധു.

തന്നെ സ്വീകരിക്കാന്‍ നില്ക്കുന്ന സുമിത്രയെ കണ്ടപ്പോള്‍ ഗായത്രിയുടെ മിഴികള്‍ നിറഞ്ഞു.ഒരു തേങ്ങലോടെ മാറില്‍ മുഖമമര്‍ത്തി നില്‍ക്കുന്ന മകളെ വാത്സല്യത്തോടെ മാറില്‍ ചേര്‍ക്കുകയായിരുന്നു ആ അമ്മമനം.

ലൈക്ക് കമൻ്റ് ചെയ്യണേ..

രചന : ബിജു പൂവത്തിങ്കൽ