ഈ ജന്മം നമ്മൾ ഒ- ന്നിക്കില്ല പ്രതാപേട്ടാ… നമ്മൾ ഇനിയും പു- നർജനിച്ചാൽ നിങ്ങൾ എ- ന്നെ കൈവി- ടല്ലേ…

രചന : ലില്ലി

താഴെ തൊടിയിലെ ചാമ്പമരത്തിനു കീഴെ ഇന്നലത്തെ രാത്രിയിലെ മഴയിൽ ഒത്തിരി പഴുത്ത ചാമ്പയ്‌ക്കകൾ അടർന്നു വീണു…

നേരം വെളുത്തപ്പോഴേ ഓടിപ്പോയി മണ്ണില്ലാത്തതൊക്കെ പെറുക്കി എടുത്തു…പല്ലു തേക്കാതെ തന്നെ ഒന്നെടുത്ത് കടിച്ചു ചവച്ചു…

നേരിയ പുളിയുണ്ട്… മരമൊന്ന് കുലുക്കി…

ഇലകളിൽ പറ്റിയിരുന്ന വലിയ ജലത്തുള്ളികൾക്കൊപ്പം ചാമ്പയ്‌ക്കയും ദേഹത്തേക്ക് വീണൊരു കുളിര് പടർത്തി…

മോളേ ഉണ്ണീ…

അമ്മയുടെ നീട്ടിയ വിളിയിൽ പാവാടത്തുമ്പും ഉയർത്തി അടുക്കളപ്പുറത്തേക്കോടി…

രാവിലെ റേഷൻ അരി കൊത്തിപ്പെറുക്കി നിന്ന കോഴികൾ നാല് പാടും ചിതറിയോടി..

പെണ്ണേ നീയാ കോഴികളെ തിന്നാനും സമ്മതിക്കരുത്…

അമ്മയെ ഒന്ന് ഇളിച്ചു കാട്ടി കയ്യിലിരുന്ന ചാമ്പയ്‌ക്ക തിണ്ണയിലിരുന്ന മുറത്തിലേക്ക് ഇട്ടു…

മറപ്പുരയിലെ പ്ലാസ്റ്റിക്ക് പാട്ടയിൽ നിന്നും ഒരു നുള്ള് ഉമിക്കരി നുള്ളി പല്ല് വിളക്കാനൊരുങ്ങി…

ഉണ്ണിമോളേ നാളെയാ അങ്ങേലെ പ്രതാപൻ ദുബായ്ക്ക് പൊന്നേ…

നീ പോയി ഒരു കിലോ പച്ചക്കായ വാങ്ങീട്ട് വാ…

ഉപ്പേരി ഉണ്ടാക്കി കൊടുക്കാം…

ആ പേര് കേട്ടതും ഉള്ളിൽ ഒരു കുളിരും നോവും…

ചെവി മടക്കിന് പിന്നിൽ തലേ രാത്രിയിലെ കുസൃതിയിൽ പ്രതാപൻ തന്ന ചുംബനത്തിനെ ചൂടിലേക്കൊന്നു തൊട്ടു… ചാമ്പമരച്ചുവട്ടിൽ ഒന്നിച്ച് കണ്ട നിലാവും നക്ഷത്രങ്ങളും ഇനിയൊരു വിരഹത്തിന്റെ നോവോർമ്മകളായി പടർന്നിരയ്ക്കും….

ദൂരേക്ക് മറയുന്ന വെള്ള നിറമുള്ള അംബാസിഡർ കാറിന്റെ പിൻവാതിലിൽ നിന്നൊരു കൈ മാത്രം യാത്രമൊഴിയായി ചലിക്കുന്നതവൾ നോക്കി നിന്നു…

ഈ മേടത്തിൽ ഇരുപത് തികയും ഉണ്ണിമോൾക്ക്..

ഒത്തു വന്നാൽ ഇത് അങ്ങ് നടത്തിയേക്കാം…

അച്ഛനില്ലാത്ത കുട്ട്യാ… ഇനി വച്ച് നീട്ടണോ സുഭദ്രേ…

അല്ല അവളുടെ സമ്മതം ചോദിക്കണ്ടേ ഏട്ടാ…

അവളുടെ സമ്മതം ചോദിച്ചിട്ടാണോ നീയവളെ വളർത്തിയെ…

അമ്മാവൻ തോളിൽ കിടന്ന തോർത്തൊന്നു കുടഞ്ഞു ഉമ്മറത്തേക്കിറങ്ങി…

പ്രതാപൻ വരുന്നൂന്ന് അടുത്ത ഓണത്തിന്…

താഴെപ്പാട്ടെ ജനകീടെ മോളില്ലേ ആ ഡോക്ടറ് കൊച്ച്…അതിന് പ്രതാപനെ പണ്ടേ ഇഷ്ടാരുന്നൂന്ന്…

ഇപ്പൊ അവനും നല്ല ജോലീം ഒക്കെ ആയീലെ…

കൂട്ടിയാ കൂടുമെന്ന് തോന്നിക്കാണും..

നീണ്ട രണ്ട് വർഷങ്ങളുടെ ബലം പിടുത്തം…

ഇപ്പൊ വിവാഹമേ വേണ്ടെന്ന് ശഠിച്ചു ഉണ്ണി ദുർവാശി കാട്ടി…

ഇടയ്ക്കെപ്പോഴോ പോസ്റ്റ്മാൻ തന്ന ഒരേ ഒരു കത്ത്… അതിലായിരുന്നു ഇത്രയും കാലം കാത്തിരിക്കാനുള്ള പ്രതീക്ഷകൾ എല്ലാം…

എന്നോ നിറഞ്ഞാടിയ പ്രണയത്തിൻറെ അവശേഷിപ്പുകളും അറ്റ് പോയ കണ്ണിളുടെ കൂടിച്ചേരലും കാണാൻ കാത്തിരിക്കുകയായിരുന്നു…

ചാമ്പമരത്തിനു ചുവട്ടിലേക്കോടി… പൂവുകളും കായ്കളും ഒന്നുമില്ല… പച്ചിലകൾ തണൽ തീർത്തിട്ടുണ്ട്…

നിലാവ് പെയ്യുന്ന രാവുകളിൽ ഇനിയുമാ നെഞ്ചിൽ മുഖം ചേർത്ത് നിൽക്കാൻ കൊതിച്ച്പോകുന്നു…

പ്രതാപൻ തിരികെ വന്നു… കൂടുതൽ തടിച്ചു…

ചുവന്നു… മീശയ്ക്കൊരൽപ്പം കട്ടി കൂടി…

പണ്ട് ചിരിക്കുമ്പോൾ ആ നുണക്കുഴി കാണാം…

ഇപ്പൊ ഇടതൂർന്ന താടി രോമങ്ങൾ അവയെ മറച്ചുപിടിച്ചിട്ടുണ്ട് …

ജനാല വഴി ഉണ്ണിമായ അങ്ങേലെ മുറ്റത്തേക്ക് നോക്കി നിന്നു… വലിയപ്പെട്ടികൾ കാറിനു മുകളിൽ നിന്നും ഇറക്കി വയ്ക്കുന്നത് പണയിലെ സുമേഷ് ആണെന്ന് തോന്നുന്നു… പ്രതാപൻ സുമേഷിന്റെ ചെവിയിൽ എന്തോ പറഞ്ഞതും അവൻ കാറും എടുത്ത് പുറത്തേക്ക് കടന്ന് പോയി…

ഇവിടേക്കൊരു നോട്ടം വെറുതെ പ്രതീക്ഷിച്ചെങ്കിലും ഒന്നുമിണ്ടായില്ല…

മനസ്സൊന്നു തേങ്ങി… ഇത്രേ ഉള്ളോ… ഇതാണോ പ്രണയം… ഇങ്ങനെ ആണോ പ്രണയം…

ഇങ്ങനെയും ആകാം അല്ലേ…

രണ്ട് വർഷം മുൻപ്‌ ദുബായ്ക്ക് പോകും മുന്നേ തുണി എടുക്കാൻ പോയപ്പോൾ പ്രതാപൻ വാങ്ങി തന്ന പൊന്മാൻ നീലയിൽ വെള്ളി നിറ പൂക്കളുള്ള സാരിയുടുത്തു…

എന്റെ ഉണ്ണിക്ക് ഈ നിറം നന്നായി ചേരും… ഇതും ഉടുത്ത് മുടിയും അഴിച്ചിട്ട് കണ്ണെഴുതി ദേ ഈ നെറ്റിയിൽ ഒരു ചുവന്ന വട്ടപ്പൊട്ടും… ടീവിയിൽ ഒക്കെ വരുന്ന സുന്ദരിമാരൊക്കെ രണ്ട് കൈ അകലത്തിൽ മാറി നിൽക്കും…

വാലിട്ട് കണ്ണെഴുതി… ഒതുക്കുകല്ലുകൾ ചവിട്ടി ആ മുറ്റത്തേക്ക് നടന്നു കയറിയതും ഉമ്മറത്തെ കെട്ടിൽ കാലും നീട്ടിയിരുന്നു സ്റ്റീൽ ഗ്ലാസ്സിൽ ചായമൊത്തി കുടിക്കുന്ന പ്രതാപനെ കണ്ടു…

കണ്ണുകൾ തമ്മിലൊന്നുടക്കി…

നാളുകൾക്കിപ്പുറം കൈമാറാൻ ഒരു പുഞ്ചിരി പോലും അയാളിൽനിന്നും പൊട്ടിമുളച്ചില്ല…

സുഖാണോ പ്രതാപേട്ടാ…

നിറഞ്ഞു ചിരിച്ചു… മനസ്സിൽ ഒരു കടലിരമ്പി…

ആളുടെ കണ്ണുകൾ അവളുടെ രൂപത്തിലേക്ക് തറഞ്ഞു നിൽക്കുന്നു… അയാൾ നൽകിയ പ്രണയ മുദ്രകൾ കൺചിമ്മാതെ കണ്ടുനിൽക്കുന്നു…

പ്രതാപാ… കല്യാണക്കുറി ഇതുപോലെ മതിയോന്ന് നോക്കിക്കേ…

അകത്ത് നിന്നും മൂത്ത പെങ്ങൾ വിമലേച്ചിയാണ്…

അല്ല ഇതാര് ഉണ്ണിയോ… അവൻ വന്നിട്ട് നീയിങ്ങോട്ട് വന്നില്ലല്ലോന്ന് ഇന്നലെക്കൂടി അമ്മ പറഞ്ഞേ ഉള്ളൂ…

തിരക്കൊക്കെ കഴിയട്ടേന്ന് കരുതി വിമലേച്ചി…

ആളുടെ കണ്ണുകളിൽ എന്തൊ ഒരു പരിഭ്രാന്തി…

ഒരുതരം പരവേശം…

പ്രണയത്തിന് ഇങ്ങനെയും നിറങ്ങളുണ്ടൊ…ഭാവങ്ങളുണ്ടോ…

രാത്രികളിലൊക്കെ ആ ചാമ്പമരത്തിൻ ചുവട്ടിൽ പോയി നിലാവ് കണ്ടിരുന്നു…

ആ വരവിനായി കാത്ത്…

ഉള്ളരുകി കണ്ണീരൊഴുക്കി…

അവഗണയ്ക്ക് ഇത്രമേൽ വേദനയോ…

അങ്ങേ മുറ്റത്തൊരു പന്തൽ ഉയർന്നു… വലിയ പന്തൽ… പ്രണയത്തെ കൊന്നതിന്റെ അസ്ഥിത്തറയ്ക്ക്മേൽ പണിത കല്യാണപ്പന്തൽ…

എന്തിനെന്നെ മോഹിപ്പിച്ചു… ആശിപ്പിച്ചു…

കൊതിപ്പിച്ചു… വാഗ്ദത്തങ്ങൾ തന്നെന്റെ നഗ്നതയെ ചുംബനം കൊണ്ട് മൂടി…

എന്തിനെന്നിലെ പ്രണയിനിയെ കൊന്നു…

ചോദ്യങ്ങളെല്ലാം മഷി പുരട്ടി വെള്ളക്കടലാസുകളിൽ പൊതിഞ്ഞു വച്ചു…

അമ്പലത്തിന്റെ ആൽത്തറയിൽ ഭാവി വധുവിനോപ്പം ചിരിയോടെ കൊഞ്ചിക്കുഴയുന്ന കാഴ്ച…

അവൾക്കൊപ്പം മോട്ടോർ സൈക്കളിൽ പാഞ്ഞു പോകുന്ന കാഴ്ച…

അവളുടെ കൈകൾ ആ വയറിനെ ചുറ്റിപ്പിച്ചിരിക്കുന്നു…

മുളപൊട്ടിവന്ന സങ്കടത്തെ നുള്ളിയെറിഞ്ഞു…

കല്യാണത്തലേന്ന് അങ്ങേ വീട്ടിൽ ആൾതിരക്കും ബഹളവും ആയിരുന്നു.

രാത്രി ഞാൻ കാത്തിരിക്കും ചാമ്പമരത്തിനടുത്ത്…

എനിക്ക് സംസാരിക്കണം…

ആ കണ്ണുകൾ അമ്പരന്നു…

സമ്മതം പറഞ്ഞില്ലെങ്കിലും ഞാൻ കാത്തിരുന്നു…

മാനം കറുപ്പ് നിറമാണ്…

നിലാവും തീരെയില്ല…

ഒരു നിഴലനക്കത്തിനപ്പുറം ആ ഗന്ധം അറിഞ്ഞു…

തല കുമ്പിട്ട് നിൽക്കുകയാണ്…

വഞ്ചിച്ചിട്ട് കുറ്റബോധം എന്തിന്.. അരികിലേക്ക് ചെന്നാ താടിത്തുമ്പിൽ തൊട്ട് മുഖം ഉയർത്തി…

സാഹചര്യം ഇങ്ങനെ ഒക്കെ ആയിപ്പോയി…കാരണമായി പറയൻ ഒന്നുമില്ല എനിക്ക്…. ഉണ്ണി എല്ലാം മറക്കണം…

പ്രായത്തിന്റെ ചാപല്യത്തിൽ ഉണ്ടായ ഒരു തമാശ…

അല്ലാതെ മറ്റൊന്നും ചിന്തിച്ച് കൂട്ടണ്ടാട്ടോ നീയ്…

ഹൃദയം പലതായി പിളർന്നു…

ശക്തിയായൊരു ഇടി വെട്ടി…

ഞാനാ നെഞ്ചിലേക്ക് വീണു ഇറുകെ പുണർന്നു…

എന്നോട് മരിക്കാൻ പറഞ്ഞാലും..

മറക്കാൻ മാത്രം പറയല്ലേ പ്രതാപേട്ടാ…

പൊട്ടിയാർത്തു വന്നൊരു സങ്കടം ആ നെഞ്ചിലേക്ക് പെയ്തിറക്കി…

ആ കൈകൾ എന്റെ മുടികളെ ഒന്ന് തഴുകി…

ഇരുട്ടിലേക്ക് മഴ പെയ്തിറങ്ങി…

ഞങ്ങൾ മഴ നനഞ്ഞാ ചാമ്പമരച്ചുവട്ടിൽ നിന്നു…

ദേഹം വിറച്ചപ്പോൾ ആ കൈകൾ ഒന്ന് കൂടി മുറുകി… ചെവിമടക്കിൽ ആ ചൂട് നിശ്വാസം…പഴകിയ പ്രണയത്തിന് മീതെയൊരു കുഞ്ഞ് നീർക്കണം…

മഴയാർത്തു പെയ്തപ്പോൾ മണ്ണിലേക്കവർ കിടന്നിണചേർന്നു…

പ്രണയത്തിന്റെ അന്ത്യചുംബനങ്ങൾ…

എന്റെ വിവാഹസമ്മാനമെന്ന് പറഞ്ഞു അഴിഞ്ഞുലഞ്ഞ ഉടയാടകൾ വാരിച്ചുറ്റി…

നഗ്നനായ അവനെ ആ മണ്ണിലുപേക്ഷിച്ചവൾ മഴയിലൂടെ നടന്നു…

അയാളുടെ കണ്ണുകൾ നിർജീവമായ ഒരു ലഹരിയാൽ മൂടി…

അടുത്ത ദിവസം പ്രതാപൻ മറ്റൊരാൾക്ക് സ്വന്തമായി…

വധൂവരന്മാരെ പുകഴ്ത്തുന്ന ശബ്ദങ്ങൾ കാതുകളിൽ വന്നു വീണു..

നിർവികാരത മൂടിയ മനസ്സോടെ മുല്ലപ്പന്തലിലേക്ക് നോക്കിയിരുന്നു..

ശരീരമേ ഉള്ളൂ.. മനസ്സ് ഇന്നലെയേ മരിച്ചു…കൊന്നു… പ്രണയത്തിൽ കാമം കലർത്തി കൊന്നു…

ഒരു മാസങ്ങൾക്കിപ്പുറം കുളിതെറ്റി…

നാടറിഞ്ഞു ഉണ്ണിമായ പിഴച്ചൂന്ന്…

പ്രതാപനും അറിഞ്ഞു… പക്ഷേ അയാൾ പതറിപ്പോയി… തന്റെ കുഞ്ഞാണതെന്ന് ഉറപ്പിച്ചു…

ഇനിയെന്ത് ചെയ്യാൻ മറ്റൊരുവൾക്ക് ഭർത്താവായവന്റെ കുഞ്ഞിനെ ചുമക്കുന്ന പ്രണയിനിയായി ഉണ്ണിമായ…

എന്റെ ജീവിതം തകർക്കരുത് നീ… ഇല്ലാതാക്കണം അതിനെ…

മറുപടിയായി ഭ്രാന്തിയെ പോലെ പൊട്ടിച്ചിരിച്ചു…

പേടിയുണ്ടോ… അതിന് പ്രതാപേട്ടന്റെ കുട്ടിയാണെന്ന് ഞാൻ പറഞ്ഞോ…

ഇല്ലല്ലോ..

യക്ഷിയെ പോലെയവളുടെ ചിരികണ്ടയാൾ വിറച്ചു…

മരിച്ചാലും ഞാൻ പറയില്ല ഇത് നിങ്ങളുടെ ചോരയാണെന്ന്… കാരണം മോഹിപ്പിച്ച് കടന്ന് കളഞ്ഞൊരു ചതിയന്റെ ചോരയാണിതെന്ന് പറയുന്നതിലും നല്ലത് പിഴച്ചുണ്ടായതാണെന്ന് പറയുന്നതാ…

അഴിഞ്ഞുലഞ്ഞ മുടിയിഴകൾ വാരിച്ചുറ്റിയവൾ നടന്നു…

ഉരുകിയുരുകി ആയാളും ജീവിച്ചുതുടങ്ങി…

ഒരു വേലിക്കപ്പുറം അവളും…

കുഞ്ഞ് പിറന്നു… ആൺകുഞ്ഞ്… വെളുത്ത് ചുവന്ന ചുണ്ടുകൾ ഉള്ളൊരു കുറുമ്പൻ…

അവൻ വളർന്നു…നാട്ടുകാർ പിഴച്ചവളെന്നു ഒളിഞ്ഞും തെളിഞ്ഞും കൂകിവിളിച്ചു… അമ്മ, സുഭദ്ര മരിച്ചു…

താനും കുഞ്ഞും മാത്രമായൊരു ലോകം…

കുഞ്ഞിന്റെ കാട്ടിളക്കിലുക്കം പ്രതാപന്റെ കാതുക്കളെ തളർത്തി തുടങ്ങി…

വേലിക്കപ്പുറം പ്രതാപന്റെ കണ്ണുകൾ കുഞ്ഞിനെ തിരഞ്ഞു….

അവന്റെ ചിരിയിൽ അയാളെ തന്നെ കാണുന്ന പോലെ… അയാളുടെ താടിയിൽ ഉള്ള ഒരു കുഞ്ഞ് ചുഴി ആ കുഞ്ഞിനുമുണ്ട്…

ഒന്ന് തൊടാൻ… ചുംബിക്കാൻ…

ചേർത്തണയ്‌ക്കാൻ അയാൾ കൊതിപ്പൂണ്ട് നിൽക്കുന്ന കാഴ്ചയിൽ ഉന്മാധിയെ പോലെ ചിരിച്ചു…

ഇടയ്ക്ക് ഹൃദയം പൊട്ടി അവൾ കരഞ്ഞു…

കുറ്റബോധം… വേദന…

തന്റെ ചോരയോടുള്ള ഇഷ്ടം…

തകർന്നുപോകുമോ എന്ന് പേടിപ്പെടുത്തുന്ന തന്റെ കുടുംബജീവിതം…

അയാൾ ആകെ മരവിച്ചു…

എന്റെ കുഞ്ഞിനെ ഒന്ന് എടുത്തോട്ടെ ഞാൻ…

വയ്യ ഉണ്ണീ… ഇഞ്ചിഞ്ചായി മരിക്കുവാ ഞാൻ….

ഒരിക്കൽ ആ മുറ്റത്ത് വന്ന് ആരും കാണാതെ അയാൾ യാചിച്ചു…

കുഞ്ഞിനെ കതകിന് മറവിലേക്ക് നീക്കി നിർത്തി…

എന്നേ മരിച്ചു പോയ എന്നോടോ…. അപ്പോൾ നിങ്ങൾ പ്രണയിച്ചു കൊന്ന് കുഴിച്ചുമൂടിയ എന്റെ ഹൃദയമോ… നോവുന്നോ ഇപ്പോൾ… നോവട്ടെ…

ആ നോവിൽ ചവിട്ടി നിന്ന് ഞാനൊന്ന് ജീവിക്കട്ടെ….

ഉളിപോലെ തറച്ച അവളുടെ വാക്കുകളിൽ കുനിഞ്ഞ ശിരസ്സോടെ പടിയിറങ്ങി…

അഭിപ്രായ ഭിന്നതകളും ചേർച്ചയില്ലാഴ്മയും നാല് വർഷങ്ങൾക്കിപ്പുറം ഭാര്യയാൽ ഉപേക്ഷിക്കപ്പെട്ടു പ്രതാപൻ…

അയാൾ വിഭാര്യനായി…

വീണ്ടും തന്നിലേക്ക് അടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത് ഉണ്ണിമായ തിരിച്ചറിഞ്ഞു….എന്നാൽ അവിടെ തടത്തീർത്തൊരു ആത്മാഭിമാനം അയാളെ അകറ്റി നിർത്തി…

ഒരിക്കൽ എല്ലാവരും കേൾക്കെ അയാൾ അലറി….

അത് തന്റെ ചോരയാണെന്ന്… ഉണ്ണിമായയിൽ ബീജം വിതച്ചത് താനാണെന്ന്… ഒരിക്കൽ അവൾ തന്റെ പ്രണയമായിരുന്നെന്ന്…

അതിലും കുലുങ്ങാതെ അയാളെ ആട്ടിയോടിച്ചു…

ഇനിയും ആ ചില്ലകളിൽ പ്രണയം പൂക്കില്ലായിരുന്നു .

ഒരിക്കൽ ആ മകനെ തന്റെ നെഞ്ചോരം ചേർത്തു വച്ചു പ്രതാപൻ … ചുംബിച്ചു… എടുത്തുയർത്തി വട്ടം കറക്കി… കിണറിന്റെ കരയിൽ മാറി നിന്നവൾ ആ കാഴ്ച കണ്ടു…എങ്ങനെ നിഷേധിക്കും…

ആ കുഞ്ഞും അച്ഛന്റെ തലോടലിന് ആഗ്രഹിക്കുന്നുണ്ടെങ്കിലോ…

ആർക്കും പിടിതരാതെ ഓടിയകലുന്ന വർഷങ്ങൾ…

ഇനിയെങ്കിലും എല്ലാം മറന്ന് എന്റേതായിക്കൂടെ…പറ്റണില്ല…

പൊറുക്കില്ലേ ഉണ്ണീ നീയെന്നോട്..

മൗനമായി നിന്നു…കണ്ണുകൾ അറിയാതെ നിറയുന്നു… മറുപടി പറയാൻ കടന്ന് പോയ വഴികളിൽ തറഞ്ഞ മുൾപ്പാടുകളുടെ നീറ്റൽ സമ്മതിക്കണില്ല..

അയാൾ ചാമ്പമരച്ചുവട്ടിൽ അവൾക്കായി എന്നും കാത്തിരിക്കുമായിരുന്നു…

ദൂരെയായി ജനലരികിൽ അയാളെ നോക്കി അവളും നിൽക്കുമായിരുന്നു..

ദിവസങ്ങൾ… മാസങ്ങൾ.. വർഷങ്ങൾ…

കാലങ്ങൾ…

അവൻ വളർന്നു… അമ്മയ്ക്ക് തണലായി…

അച്ഛനെ ദൂരെ നിന്ന് നോക്കും അവൻ… പക്ഷേ അമ്മയുടെ ചൂടായിരുന്നു അവനിഷ്ടം…

അയാൾ അവൾക്കായി അന്നും കാത്തിരിക്കുകയായിരുന്നു…

അവളോട് പ്രണയമായി..അവളുടെ അവഗണന വേദനയായി.. പരിഭവമായി…

ഒടുവിൽ കുറ്റബോധമായി…

മകൻ പഠിച്ചു നല്ല ജോലി തിരഞ്ഞെടുത്തു…അയാൾ അനുവാദമില്ലാതെ കടന്ന് ചെന്ന് മകനെ ചേർത്തു പിടിച്ചു…

തലയിൽ കൈവച്ച് അനുഗ്രഹിച്ചു….

എന്നെ അച്ചാന്ന് ഒന്ന് വിളിക്കുവോ മോൻ…

ഹൃദയഭേദകം ആയിരുന്നു ആ ചോദ്യം…

സാരിത്തുമ്പാൽ മുഖം പൊത്തി അവൾ പൊട്ടിക്കരഞ്ഞു… അയാളെ ചേർത്തുപിടിച്ചു ആ മകൻ…

എന്റെ അമ്മയേ എന്തിനാ അച്ചൻ ചതിച്ചത്…

ഒത്തിരി സ്നേഹിച്ചിട്ടില്ലേ.. എന്നിട്ടും വേണ്ടാന്ന് വച്ചതെന്തിനാ…

ആ ചോദ്യത്തിന് മുന്നിൽ തലകുമ്പിട്ട് നിന്നു അയാൾ… നേർത്തൊരു തേങ്ങൽ കതകിന്റെ മറവിൽ ഉയർന്നു കേട്ടു…

ജോലിക്കായി അന്ന്യരാജ്യത്തേക്ക് അവൻ യാത്രയായി…

എന്നാൽ അവൾ പോയില്ല…

അവളുടെ മുടിഴകളിൽ വെള്ളിവര വീണു…

അയാൾ ചാമ്പമരച്ചുവട്ടിൽ കാത്തിരുന്നു…അവൾ അവിടേക്ക് പോകാറേയില്ലായിരുന്നു…

ഈ ജന്മം നമ്മൾ ഒന്നിക്കില്ല പ്രതാപേട്ടാ… നമ്മൾ ഇനിയും പുനർജനിച്ചാൽ നിങ്ങൾ എന്നെ കൈവിടല്ലേ…

ഇനി, മരിച്ചാലും മോക്ഷം കിട്ടാത്തൊരു ആത്മാവാകുമോ ഞാനെന്ന് പേടിക്കുവാ… കാരണം അത്രമേൽ നിങ്ങളെ ഞാൻ സ്നേഹിച്ചു പോയി…

ഒരിക്കൽ അവൾക്കായി വന്നവന് നൽകിയ മറുപടി… അവൾ കരഞ്ഞു… അവൻ മരണതുല്ല്യനായി…

ഋതുക്കൾ മാറിവന്നു…

ഒരിക്കൽ വീണ്ടുമാ ചാമ്പമരം പൂത്തു…

നിറയെ പഴുത്തു ചുവന്ന്തുടുത്ത ചാമ്പയ്‌ക്ക…

ആ മരത്തണലിൽ ഇരിക്കാനൊരു മോഹം പോലെ…മെല്ലെ നടന്നുച്ചെന്നാ ചാമ്പമരച്ചുവട്ടിൽ നിന്നോരെണ്ണം എടുത്ത് മണ്ണ് തൂത്ത് കടിച്ചു….

ഓർമ്മകളിലേക്ക് വഴുതിവീണു ചിരിച്ചു…

ആ മരച്ചുവട്ടിലേക്ക് ചാരിയിരുന്നു അൽപനേരം…

ആ കൈപിടിച്ച് നിലാവിൽ കുളിച്ചു നിന്ന രാത്രികൾ… പ്രണയം…വിരഹം…വേദന…

പോവുകയാണ് ഞാൻ…

ഇനിയൊരു കാത്തിരിപ്പില്ലാതെ…

കണ്ണുകൾ അടഞ്ഞു വന്നു…

ആഗ്രഹങ്ങളും പ്രണയവും ഭൂമിയിൽ ഉപേക്ഷിച്ചവൾ വിസ്‌മൃതിയിലേക്ക് മെല്ലെ മെല്ലെ ആഴ്ന്നുപോയി…

അവളെയും കാത്ത് വന്നവൻ കണ്ണീരോടെ ആ ശരീരം തന്റെ മടിയിലേക്ക് കിടത്തി…

അയാൾ വിലാപത്തോടെ ആർത്തു കരഞ്ഞു…അത്രമേൽ നോവോടെ നെഞ്ചോരം ചേർത്തു…

ആ നെറുകയിൽ ചുംബിച്ചു…

ആ മണ്ണിലേക്ക് മരിച്ചു വീണ് അവളുടെ ആത്മാവിനെ പ്രണയിക്കാൻ കൊതിച്ചു..

ഉണ്ണീ..അത്രമേൽ നിന്നെ ഞാൻ പ്രണയിച്ചുപോയി….

അവളുടെ ചുണ്ടിൽ മായാത്തൊരു ചിരി നിറഞ്ഞു നിന്നു….

(ശുഭം)

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ലില്ലി