ഹരിയേട്ടാ പ്രിയ ചേച്ചിയോട് ഒന്നും പറയല്ലേ.. ഈ ബന്ധം ചേച്ചി അറിഞ്ഞാൽ ആകെ പ്രശ്നമാകും…

രചന : Vijay Lalitwilloli Sathya

നൂൽപാലം

*************

രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു ഉറങ്ങാൻ കിടന്നതാണ് പ്രിയയും ഹരിയും..

ഹൃദുമോൻ നേരത്തെ കിടന്നുറങ്ങി.

അന്നത്തെ പല കാര്യങ്ങളും പരസ്പരം സംസാരിച്ചു കഴിഞ്ഞ അവർ ദാമ്പത്യത്തിന്റെ കെട്ടുറപ്പാകുന്ന ദൈന്യംദിന കർമ്മങ്ങൾ ഇരുവരും ഭംഗിയാവണ്ണം നിർവഹിച്ചു.

ശേഷം ഹരി പതുക്കെ അങ്ങോട്ട് ചെരിഞ്ഞു കിടന്നു ഉറക്കം തുടങ്ങി.

ആ മലർന്നു കിടന്ന കിടപ്പിൽ പ്രിയ കുറെനേരം അവളുടെ ഫോൺ കുത്തി നോക്കി.

ഹരിയെ പോലെ കിടന്നാൽ പെട്ടെന്നവൾ ഉറങ്ങാറില്ല…

എന്തെങ്കിലുമൊക്കെ ചിന്തിച്ചു പതുക്കെ ഉറക്കത്തിലേക്ക് വീഴുകയാണ് പതിവ്..!

ഹരിക്കും അവൾക്കും ഇടയിൽ ഒരു രഹസ്യവും ഇല്ല..

അതുകൊണ്ടുതന്നെ ഫോണുകൾ പരസ്പരം എടുത്തു ഉപയോഗിക്കുന്നതിൽ ഫോർമാലിറ്റിയുടെയോ, സ്വാതന്ത്ര്യത്തിന്റെയോ പേരുപറഞ്ഞ് നിഗൂഡ രഹസ്യം സൂക്ഷിക്കാനുള്ള ഇപ്പോഴുള്ള ചില ഉടായിപ്പ് ഫാമിലിയുടെ തത്രപ്പാട് ഒന്നും അവർക്കിടയിൽ ഇല്ല..

അതൊക്കെ ഒന്നും സ്നേഹത്തിൽ പുലരുന്ന അവർക്ക് ബാധകവുമല്ല…

അവൾക്ക് അവളുടെ ഫോണിനോട് മടുപ്പു തോന്നിയാൽ പിന്നെ ഹരിയുടെ ഫോൺ എടുക്കും

തുടർന്ന് ഹരിയുടെ ഫോണിൽ കുത്തി നോക്കി ചികയും..ഇത് സ്ഥിരം പരിപാടിയാണ്…

ഭർത്താവുമായി സ്വകാര്യത പങ്കുവെക്കുന്ന സമയങ്ങളിൽ ആണല്ലോ ചില ഭാര്യമാർ അമിത സ്വാതന്ത്ര്യം എടുക്കുന്നത്.

ഹരിയേട്ടന്റെ ഫോണിൽ അറ്റൻഡ് ചെയ്യാത്ത പന്ത്രണ്ട് മിസ്ഡ് കോൾ !

‘ഈശ്വരാ ഇതു ശാലുവാണല്ലോ! ‘

തന്റെ അനിയത്തി….!

ഇത്രയും കോളുകൾ ഒന്ന് പോലും ഹരിയേട്ടൻ എടുത്തിട്ട് കാണുന്നില്ല.

തുടർന്ന് പ്രിയ വാട്സപ്പ് നോക്കി..

” ചേട്ടാ..പ്രിയ ചേച്ചിയോട് ഒന്നും പറയല്ലേ ”

വോയിസ് ക്ലിപ്പ് കേട്ട് പ്രിയ നടുങ്ങി.

പണി പാളിയോ?

അമ്മ മരിച്ചപ്പോൾ തറവാട്ട് വിട്ടിൽ ആളില്ലാത്തതുകൊണ്ട് ശാലിനിയെ താനാണ് ഇവിടെ നിർത്തി പഠിപ്പിക്കുന്നത്. ഫൈനൽ ഈയർ ഡിഗ്രിയാണ്…

രാവിലെ പത്തര മുതൽ വൈകിട്ട് 6 മണി വരെ ഉള്ള മിസ്സ്ഡ് കോളുകളാണുള്ളത്.

ഹരിയേട്ടൻ അവളുടെ കോളുകൾ എടുക്കാതിരിക്കാൻ കാരണമെന്താണ്?

അതാണ് പ്രിയയെ കൂടുതൽ അത്ഭുതപ്പെടുത്തിയത്!

പ്രിയയ്ക്ക് ഉറക്കം വന്നില്ല. ഹരിയേട്ടനെ വിളിച്ചുണർത്തി ചോദിച്ചാലോ, ഒരു നിമിഷം ചിന്തിച്ചപ്പോൾ തോന്നി വേണ്ട. നാളെയാവട്ടെ…

ശാലു അപ്പുറത്തെ റൂമിൽ ഉറങ്ങുന്നുണ്ട്.എന്താണ് തന്റെ കുഞ്ഞനിയത്തിക്ക് ഈ ചേച്ചിയെ അറിയിക്കാതെ ഉള്ള രഹസ്യം പ്രിയയ്ക്ക് വിസ്മയംകൂടി.

പോയി ചോദിച്ചാലോ… അയ്യേ..ഈ നട്ടപ്പാതിരയ്ക്കോ!വേണ്ട, നാളെയാവട്ടെ…

‘ഹരിയേട്ടാ, ഫോണെടുക്ക് ഈ ബന്ധം ചേച്ചി അറിഞ്ഞാൽ എന്നെ കൊല്ലും’

വാട്സപ്പിൽ അല്ലാതെ ഫോണില് ശാലു ഹരിയേട്ടനു അയച്ച മെസ്സേജ് കൂടി കണ്ടതോടെ പ്രിയയ്ക്ക് സംശയം വർദ്ധിച്ചു.

എന്ത് ബന്ധത്തിന്റെ കാര്യമാണ് ഇവർ പറയുന്നത്…

ഞാൻ അറിഞ്ഞാൽ പ്രോബ്ലം ആകുന്ന എന്ത് ബന്ധമാണുള്ളത് ഇവർ തമ്മിൽ ഉള്ളത്…?

പ്രിയ കുറേനേരം അങ്ങനെ ആലോചിച്ചു കിടന്നു..

സാധാരണഗതിയിൽ ഉറക്കം വരേണ്ടതാണ്….

പക്ഷേ ഇന്ന് ഉറക്കം വരുന്നില്ല..

അവളുടെ മനസ്സിൽ സംശയത്തിന് വേലിയേറ്റം ഉണ്ടായികൊണ്ടിരിക്കുന്നു

ചിന്തകൾ ഒന്നിനുപുറകെ ഒന്നായി വരുന്നു.. ഒന്നിനും സോൾവ് ചെയ്യാനുള്ള ഉത്തരം ലഭിക്കുന്നില്ല..

പ്രൊഡ്യൂസ് ചെയ്യുന്ന ചിന്തകളെ ശരിയാംവണ്ണം ഡിസ് ക്ലോസ് ചെയ്യുന്ന രീതിയാണ് മനസ്സിന്റെ സമതുലിതാവസ്ഥ എന്ന് പറയുന്നത്.. ഒന്നിനും ഉത്തരം കിട്ടാതെ വരുമ്പോൾ ആ സബ്ജക്റ്റ് മാറ്റി വെക്കാൻ പറ്റണം.. അങ്ങനെ മാറ്റിവെക്കണം എങ്കിൽ നല്ല ഏകാഗ്രത വേണം.. ഏകാഗ്രത നശിക്കുമ്പോൾ ആത്മവിശ്വാസവും നശിക്കുന്നു..

ആത്മവിശ്വാസം നശിക്കുമ്പോൾ വിശ്വാസവും തകരുന്നു…

പ്രിയയ്ക്ക് തലയ്ക്കു ഭ്രാന്ത് എടുത്ത പോലെയായി.സ്ഥലകാല ബോധം നഷ്ടപ്പെട്ടു.

ബാത്റൂമിൽ പോയി ഫ്രഷ് ആവാനോ വസ്ത്രം ധരിക്കാനോ അവൾ മെനക്കെട്ടില്ല.

തന്നെ എല്ലാവരും ചതിക്കുകയാണെന്ന ബോധമോ,അതോ ഒരുതരം സംശയമോ അവളിൽ വല്ലാതെ അസ്വസ്ഥതയുളവാക്കി…

നീറുന്ന മനസ്സോടെ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും ഏറെ നേരം നടന്നു.

മനസ്സിന്റെ താളം നഷ്ടപ്പെടുന്നതു പോലെ..

താൻ ഇപ്പോൾ തനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിൽ വയലന്റു ആകുമോ എന്ന് പോലും തോന്നിപ്പോയി…

തുലന സ്ഥിതി വിട്ടു ചാഞ്ചാടുന്ന അവളുടെ മനസ്സിന്റെ ഉള്ളിലേക്ക് ഏതോ ഒരു ജ്ഞാനോദയം കടന്നു വന്നപോലെ ഒരു ചിന്ത കടന്നു വന്നു..

ദിവസവും നടന്ന കാര്യങ്ങൾ ഹരിയേട്ടൻ ഡയറിയിൽ കുത്തിക്കുറിക്കുന്ന പതിവുണ്ട്.

ഫോൺ ഒക്കെ ഉപയോഗിക്കുന്നതു പോലെ നിസ്സാരം അല്ലല്ലോ സ്വകാര്യമായി ഭർത്താവ് ഉപയോഗിക്കുന്ന ആത്മ കുറിപ്പുകൾ എഴുതുന്ന ആ ഡയറി…

അതിൽ താൻ കൈ വെക്കാറില്ല.

ഈ സംഭവത്തെക്കുറിച്ച് അതിൽ എന്തെങ്കിലും കാണും..

മനസ്സിൽ അസ്വസ്ഥത ഉണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ആശ്വാസത്തിന് ശ്രമിക്കുന്ന പോലെ..

തെളിനീരുറവകൾ പോലെ..ആ നല്ല ചിന്തകൾ കൊണ്ട് അവൾ ഊഹിച്ചു…!

തീർച്ചയാണ്… അതിൽ കാണും എന്തെങ്കിലും പ്രത്യാശയുടെ ഒരു കിരണം…

ഇന്നുവരെ താൻ തുറന്നു നോക്കാത്ത ആ ഡയറി വിറയാർന്ന കൈകളോടെ അവൾ കയ്യിലെടുത്തു

ഒരു ഉൾപ്രേരണയോടെ അവൾ ഓരോ പേജും മറിച്ചു നോക്കി..

ഒടുവിൽ അന്നത്തെ ദിവസത്തെ വിശേഷം കുറിച്ച പേജ് എത്തി…

ഹരിയേട്ടൻ അതിൽ അന്നുരാത്രി ഇങ്ങനെ കുറിച്ചിരിക്കുന്നു

‘ശാലു ഒരു പയ്യനുമായി ബൈക്കിൽ പോകുന്നത് കണ്ടു പിന്തുടർന്ന് ചെന്ന് ചോദ്യം ചെയ്തു.

തന്റെ മുഖത്തുനോക്കി യാതൊരു കൂസലുമില്ലാതെ അവർ പ്രേമം ആണെന്ന് പറഞ്ഞപ്പോൾ വിഷമം തോന്നുന്നു.. പിന്നെ ഒന്നും മിണ്ടാണ്ട് ഓഫീസിലേക്ക് താൻ പോവുകയായിരുന്നു. പ്രതീക്ഷിക്കാത്ത ഈ വിവരം അറിയുമ്പോൾ തന്റെ ഭാര്യ പ്രിയയുടെ പ്രതികരണം എന്താണെന്നറിയില്ല.. അവളുടെ രീതി വെച്ച് അവൾക്ക് ഇത് താങ്ങാൻ ഇടയില്ല…

ചിലപ്പോൾ മോശമായി പ്രതികരിച്ചേക്കാം..

ചെറുപ്പത്തിലെ അച്ഛനും ഈയടുത്ത് അമ്മയും നഷ്ടപ്പെട്ട ശാലുവിൽ അത് വിഷമം ഉണ്ടാക്കരുത്.

അതിനാൽ ശാലുവിന്റെ അസാന്നിധ്യത്തിൽ വേണം നാളെ ഇതു എന്റെ പ്രിയയോട് പറയാൻ… ‘

വായിച്ചു തീർത്തപ്പോൾ അവൾ തേങ്ങിപ്പോയി…

ഈശ്വരൻ തന്നെ രക്ഷിച്ചു..

ആ കുറിപ്പ് വായിച്ചു ഉൾക്കൊണ്ടതോടെ ഭ്രാന്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന തന്റെ മനസ്സിനെ തിരിച്ചുപിടിക്കാനായ പ്രിയയ്ക്ക്..!

ഉറഞ്ഞു കൂടിയിരുന്ന വികാര പ്രക്ഷുബ്ധത കണ്ണീരായി മാറി കുത്തിയൊഴുകി കവിളിലൂടെ…

സംഘർഷങ്ങളുടെ അണക്കെട്ട് പൊട്ടി..

മനസ്സിന്റെ മാലിന്യങ്ങൾ കുത്തിയൊഴുകി ദൂരേയ്ക്ക് പോയി..

തെളിനീരുറവ പോലെ മനസ്സിലേക്ക് സന്തോഷം കടന്നു വരാൻ തുടങ്ങി… വിശ്വാസം വീണ്ടെടുത്തു..

ആത്മവിശ്വാസം കൈവന്നു.. ഏകാഗ്രതയോടെ മനോനില വീണ്ടെടുത്തു!!.. കരഞ്ഞു തീർത്തപ്പോൾ സ്ഥലകാലബോധം ഉണ്ടായി..

ഒരു നിമിഷമെങ്കിലും ശാലിനിയെയും ഹരിയേട്ടനെയും താൻ സംശയിച്ചല്ലോ തന്റെ ശത്രുവായി ചിന്തിച്ചല്ലോ…

പ്രിയയ്ക്ക് വല്ലാത്ത ജാള്യം തോന്നി…

അവൾ പതുക്കെ എഴുന്നേറ്റു ബാത്റൂമിൽ പോയി

തലയിലൂടെ ഷവർ തുറന്നു തണുത്ത വെള്ളം പെയ്തു വീണപ്പോൾ നല്ല ആശ്വാസം തോന്നി…

മേൽ തുടച്ച് വസ്ത്രങ്ങൾ ധരിച്ച് ഹരിയേട്ടനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ നേരം പുലരാൻ ആയിരുന്നു.

ലൈക്ക് കമന്റ് ചെയ്യണെ…..

രചന : Vijay Lalitwilloli Sathya

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top