ചൂണ്ടിക്കാണിക്കാൻ ഒരു തന്തയില്ലാത്തവനെ ആണോ നിനക്ക് പ്രേമിക്കാൻ കിട്ടിയത്…

രചന : Jency Shibu

അവനും അവളും

*************

“ചൂണ്ടിക്കാണിക്കാൻ സ്വന്തമായി തന്തപോലും ഇല്ലാത്തവനെയാണോ നിനക്ക് പ്രേമിയ്ക്കാൻ കിട്ടിയത്”

ചൂണ്ടുവിരൽ എന്റെ നേരെ നീട്ടി,അധരം വിറപ്പിച്ച് തുറിച്ചകണ്ണുകളോടെ അച്ഛൻ ആക്രോശിക്കുകയായിരുന്നു.

ഇപ്പോൾ തgളർന്നുപോയാൽ ഒരുപക്ഷെ എനിക്കെന്റെ ദീപൂനെ നഷ്ടപ്പെടും.

“അച്ഛൻ , ദീപൂന്റെ കുറവുകള്‍ മാത്രമേ കാണാൻ ശ്രമിക്കുന്നുള്ളു. ദീപു നല്ലൊരു ഡോക്ടർ ആണ്.

കൈപുണ്ണ്യമുള്ള അറിയപ്പെടുന്ന ഒരു സർജൻ.

അവൻ ഇപ്പോൾ അനാഥനാണ് . പക്ഷെ ഞങ്ങളുടെ വിവാഹത്തോടെ അവനു ഞാനില്ലേ?

അച്ഛനില്ലേ ?

എന്തൊക്കെപ്പറഞ്ഞാലും എനിക്ക് ദീപൂനെ ഉപേക്ഷിക്കാനാവില്ല.”

“അമ്മയില്ലാതെ വളർന്നുവന്ന നിന്റെ എല്ലാ തോന്ന്യാസത്തിനും കൂട്ടുനിന്നതിനുള്ള പ്രതിഫലം.

എന്താണ് വേണ്ടതെന്ന് നിന്റെ ഇഷ്ടം പോലെ തീരുമാനിച്ചോ. ഈ സമൂഹത്തിൽ എനിക്കൊരു നിലയും വിലയുമുണ്ട് .അതുകൊണ്ടുതന്നെ ആർഭാടമായി വിവാഹം നടത്തുവാൻ എനിക്ക് താത്പര്യമില്ല .

രജിസ്റ്റര്‍ മാര്യേജിനുള്ള തിയ്യതി നിശ്ചയിച്ചോളു ”

അച്ഛന്റെ കണ്ണുകൾ കലങ്ങുന്നത് എനിക്ക് കാണാമായിരുന്നു. എന്തിനും ഏതിനും കൂടെനിന്ന അച്ഛൻ മനസ്സില്ലാമനസ്സോടെ ഞങ്ങളുടെ വിവാഹത്തിനു സമ്മതം മൂളി.

വിവാഹത്തിനു ശേഷം ദീപു എങ്ങനെ അച്ഛനു ഇത്രയും പ്രിയപ്പെട്ടവനായി മാറി!

ചിലപ്പോഴെല്ലാം തോന്നും എന്നെക്കാളുപരി ദീപു അച്ഛനെ സ്‌നേഹിക്കുന്നുണ്ടെന്ന്

ദുബായിലെ ഒരു പ്രസിദ്ധമായ ആശുപത്രിയില്‍ നിന്നും മുന്തിയ ശമ്പളത്തിലുള്ള ജോലി കിട്ടിയിട്ടും അത് വേണ്ടെന്നു പറഞ്ഞപ്പോള്‍ ഞാനാദ്യമായി ദീപൂനോട് തട്ടിക്കയറി.അന്ന് ദീപു പറഞ്ഞ മറുപടി എന്നെ കരയിപ്പിച്ചു .

“എടോ എനിക്ക് തന്റെ അച്ഛനെ…. അല്ല എന്റെ അച്ഛനെ സ്നേഹിച്ചു കൊതിതീർന്നിട്ടില്ല.”

രണ്ടുവർഷത്തിനുശേഷം പെട്ടെന്നുണ്ടായ അച്ഛന്റെ മരണം എന്നേക്കാൾ കൂടുതൽ ഉലച്ചത് ദീപൂനെയാണ്.

പിന്നീട് രണ്ടുവർഷത്തിനുമുൻപ് ജോലി തട്ടിത്തെറിപ്പിച്ചു കളഞ്ഞ അതേ ആശുപത്രിയിൽത്തന്നെ സീനിയർ സർജൻ ആയി ദീപു ചുമതലയേൽക്കുമ്പോൾ ഈയുള്ളവൾ അവിടത്തെ ഡെന്റിസ്റ്റും ആയി.

ദിവസങ്ങള്‍ കഴിയുന്തോറും ദീപുവിന്റെ തിരക്കുകളും കൂടി വന്നു.എന്റേയും മോളുടെയും കാര്യങ്ങൾ ശ്രദ്ധിക്കാന്‍ പോലും സമയമില്ല.പലപ്പോഴും എന്റെ ഡ്യൂട്ടിയിൽ മാറ്റം വരുത്തിക്കൊണ്ടാണ് മകളുടെ കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്

മകളെ സ്കൂളില്‍ വിടാതെ ആശുപത്രിയിലേക്ക് പോകാൻ തുടങ്ങിയ ദീപുവിനോട് ദേഷ്യപ്പെട്ടപ്പോൾ കിട്ടിയ മറുപടിയാണ് എന്നെ ഒന്നുകൂടെ ചൊടിപ്പിച്ചത്

“നിന്നെപ്പോലെ പല്ലുപറിക്കലല്ല എന്റെ ജോലി ഞാനൊരു സർജൻ ആണ് .”

“ദീപു നിന്നെപ്പോലെതന്നെ നാലു വർഷം പഠിപ്പും ഒരു വർഷത്തെ ഇന്റേൺഷിപ്പും കഴിഞ്ഞിട്ടാണ് ഞാൻ പല്ലുപ്പറിയ്ക്കാൻ തുടങ്ങിയത്.നീ MBBS ന്റെ പുറകെ പോയപ്പോള്‍ ഞാൻ BDS തെരഞ്ഞെടുത്തു.എന്റെ അച്ഛൻ ലക്ഷങ്ങള്‍ സ്ത്രീധനം തന്നിട്ടല്ലേ നീയെന്നെ കെട്ടിയത് ? അന്നേ അച്ഛൻ ചോദിച്ചതാണ് ചൂണ്ടിക്കാണിക്കാൻ തന്തയില്ലാത്തവനെത്തന്നെ നിനക്ക് വേണോന്ന്?”

മോളുടെ ബാഗ് വാങ്ങി അവളെ സീറ്റ്ബെൽറ്റ് ഇട്ടതിനുശേഷം ദീപു എന്റെ അടുത്തേക്ക് വന്നു.

“നിന്റെ അച്ഛൻ തന്ന ഒരു ചില്ലിക്കാശുപോലും ഞാൻ എടുത്തിട്ടില്ല.എല്ലാം നിന്റെ അക്കൗണ്ടിൽ തന്നെയുണ്ട്.എല്ലാവരെയും പോലെ എന്റെ പിതൃത്വം നീ ചോദ്യം ചെയ്യരുത് .”

കൂടുതൽ പറയാൻ ദീപുവിനായില്ല.

തൊണ്ടയിടറിയപോലെ ……

എത്ര പെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞു വീണത്

ഒരു മാസം മുമ്പാണ് ഞാനവളെ ആദ്യമായി കാണുന്നത്. പർദ്ദയിൽ ആപാദചൂഡം മറഞ്ഞിരിക്കുന്ന ശരീരത്തിലെ പ്രണയം നിഴലിക്കുന്ന ശലഭക്കണ്ണുകൾ മാത്രമേ ആദ്യം കാണുന്നുണ്ടായിരുന്നുള്ളു.

ഡെന്റൽ ചെയറിൽ കിടന്നുക്കൊണ്ട് നിഖാബ് അഴിച്ചുമാറ്റിയപ്പോൾ ഒരുവേള ആ മുഖത്തുനിന്ന് കണ്ണെടുക്കാനായില്ല .ഒരു ഹൂറിയെപ്പോലെയോ അതോ ഒരു ദേവതയാണോ അറിയില്ല എങ്ങനെ വർണ്ണിക്കണമെന്ന്.

“പല്ലിന്റെ പോട് അടയ്ക്കുക , ഒന്നും കൂടെ വെണ്മയാക്കുക . എല്ലാം പെട്ടെന്ന് വേണ്ട .ഓരോ ദിവസം ഓരോന്ന്‌ ചെയ്താൽ മതി . അവളെ വേദനിപ്പിക്കരുത് .അവൾ കരഞ്ഞാൽ എനിക്കും കരച്ചിൽ വരും”

അറബി ഭാഷയിൽ അത്രയും പറഞ്ഞപ്പോളാണ് കൂടെവന്നിരിക്കുന്ന അവനെ ഞാൻ ശ്രദ്ധിക്കുന്നത് .

“ചേർന്ന ഇണ” എന്ന് സ്രഷ്ടാവ് പറഞ്ഞത് ഇവരെ നോക്കിയാണോ ?

രണ്ടു പ്രാവശ്യത്തെ സന്ദർശനത്തോടെ ഞങ്ങള്‍ ഒരുപാട് അടുത്തു. അവൾക്കു ചെറുതായൊന്നു വേദനിച്ചാൽ അവൻ സാന്ത്വനമായി നെറ്റിയില്‍ തടവിക്കൊടുക്കും.അവനെക്കുറിച്ചു പറയാനാണ് അവൾക്കേറെയിഷ്ടം.ആരും കൊതിച്ചു പോകുന്ന ഭാര്യാഭർതൃബന്ധം.ഒരു പനിനീര്‍പൂവ് പോലെയുള്ള അവളെ, അതേ സൂക്ഷ്മതയോടെ അവൻ പരിചരിച്ചു.

മൂന്നാമത്തെ സന്ദർശനത്തിൽ അവന്റേയും പല്ലുകൾ വൃത്തിയാക്കണം എന്ന ആവശ്യം തള്ളിക്കളയാനായില്ല.അവർക്കായി എന്തെങ്കിലും ചെയ്യുമ്പോൾ അവരുടെ സ്നേഹത്തിന് മുൻപിൽ ഞാൻ തോറ്റതുകൊണ്ടാണോ എനിക്കും ഒരു പോസിറ്റീവ് എനർജി വന്നത് എങ്കിലും ഉള്ളിലെവിടെയോ ഒരു വിങ്ങൽ പോലെ …..

നാലുദിവസത്തിനുശേഷം അടുത്ത അപ്പോയ്ന്റ്മെന്റ് കൊടുത്തു .പക്ഷെ ഒരുപാടുനാളുകൾക്കുശേഷം ഇന്ന് അവസാനത്തെ രോഗിയായ അവൾ എന്നരികിലെത്തി . അവളുടെ ഒപ്പം അവനെ ഞാൻ കണ്ടില്ല

അവളിലെ ഉർജ്ജം എവിടെയോ ചിന്നിച്ചിതറിയപോലെ .എന്തോ പന്തിക്കേട്‌ മണക്കുന്നു.അവളും ഞാനും ഒന്നും സംസാരിക്കുന്നില്ല.പക്ഷെ ഒരുപാടു ചോദ്യങ്ങള്‍ മനസ്സിൽ തികട്ടിവന്നു

അവസാനം എന്റെ മനസ്സ് വായിച്ചെടുത്തവണ്ണം അവൾ പറഞ്ഞു .

“അവൻ എന്നെ വിട്ടുപ്പോയി . എനിക്ക് മക്കൾ ഉണ്ടാകില്ല എന്നാണവന്റെ വാദം.”

പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ തുടർന്നു.

“എന്നാൽ യാഥാർഥ്യം അതല്ല.മറ്റൊരു സ്ത്രീയുമായി അവന് നേരത്തെ ബന്ധമുണ്ടായിരുന്നു.അവന് എന്നെയും അവളേയും ഒരുമിച്ചു വേണം. ഞാൻ സമ്മതിച്ചില്ല.എന്റെ ഭർത്താവിനെ പകുത്തുനൽകുന്നതിനേക്കാൾ അവനില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്നു തോന്നി.”

യാത്ര പറഞ്ഞിറങ്ങിയ അവളുടെ കണ്ണിൽ അപ്പോൾ ഒരു തീക്കനല്‍ ജ്വലിക്കുന്നുണ്ടായിരുന്നു.

എന്റെ നെഞ്ച് പൊട്ടിപ്പോകുന്നതുപോലെ.ദീപൂനെ ഒരു നോക്കുകാണാൻ ഒന്നു കെട്ടിപ്പിടിക്കാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു.

വീട്ടിൽ ദീപൂന്റെ മുറിയിലേക്ക് കയറുവാന്‍ തുടങ്ങുമ്പോള്‍ എതിരെ വരുന്ന മകളുടെ വാക്കുകൾ കേട്ടില്ലെന്നു നടിച്ചു.

“എന്താ അമ്മാ ഇത് ? വർഷം പതിനഞ്ചു കഴിഞ്ഞില്ലേ എന്നിട്ടും ഇങ്ങനെ സ്വയം നീറി …. നീറി….”

ദീപുവിന്റെ ഓർമ്മകൾ ഉറങ്ങുന്ന കട്ടിലിൽ ഇരുന്നുകൊണ്ട് പഴയ പത്രത്താളിലേക്കു കണ്ണോടിച്ചു.

ചെറിയ അടികുറിപ്പോടെ ദീപുവിന്റെ ചിരിക്കുന്ന മുഖം.

“മലയാളി ഡോക്ടർ വാഹനാപകടത്തിൽ മരണപ്പെട്ടു.”

മകൾ നിസ്സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു .

കണ്ണീരാൽ നനഞ്ഞുണങ്ങിയ ആ ഫോട്ടോയിൽ തഴുകുമ്പോൾ എന്റെ കൈകൾ വിറച്ചുവോ?

അറിഞ്ഞിരുന്നില്ല ദീപു ഞാനന്നുനിന്നെ തള്ളിവിട്ടത് മരണത്തിലേക്കായിരുന്നെന്ന്

അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ നിനക്ക് മുൻപേ പോകുമായിരുന്നു.

നിന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത്‌ വിഷമിപ്പിച്ചതാണ് നിന്നിലെ അശ്രദ്ധക്കു കാരണമായതെന്നെനിക്കറിയാം.

നീയുള്ളപ്പോൾ ഓരോ ചെറിയകാര്യത്തിനും നിന്നെ കുറ്റപ്പെടുത്താനായിരുന്നു ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത്

നിന്നെ സ്നേഹിക്കാന്‍, ഒന്നു ഇറുകെ കെട്ടിപ്പിടിക്കാൻ മനസ്സ് ആഗ്രഹിക്കുമ്പോൾ കയ്യെത്താത്ത ദൂരത്തേക്ക് നീ അകന്നില്ലേ ?

നീയറിയുന്നോ ദീപു നീയും അച്ഛനും അവിടെയിരുന്ന്‌ സ്‌നേഹിക്കുമ്പോൾ ഞാനിവിടെ നിന്നെയോർത്ത് ഉരുകികൊണ്ടിരിക്കുകയാണ്.

നീയില്ലാത്ത ജീവിതം ജീവനില്ലാതെ ഞാൻ ജീവിച്ചു തീർക്കുകയാണ്

അവസാനമായി നീ സമ്മാനിച്ചുപോയ ആ ചുവന്ന ലവ് ആകൃതിയിലുള്ള കുഷ്യൻ! അതിൽ മുഖം ചേർത്തുവയ്ക്കുമ്പോൾ നീ പറഞ്ഞത് ഞാനോർക്കും

“ഇതിലെന്റെ ഹൃദയം ഞാൻ തുന്നിവെച്ചിട്ടുണ്ട് .”

അതെ നീ പറഞ്ഞത് സത്യമാണ് നിന്റെ ഹൃദയമിടിപ്പ് ഞാൻ അനുഭവിക്കുന്നു.

അതുതന്നെയാണ് എന്നെ മുന്നോട്ടേക്കു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്………

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Jency Shibu

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top