മാനം വിറ്റ് ജീവിക്കുന്ന എനിക്ക് ഒന്നിനെയും ഭയമില്ല. ഭയപ്പെടുന്നത് സാറിനെ പോലുള്ളവരാണ്…..

രചന : സുധിൻ സദാനന്ദൻ

മയൂരി

******************

“””എന്നിലെ പുരുഷനെ തൃപ്തിപ്പെടുത്തുവാൻ നിന്നിലെ സ്ത്രീയ്ക്ക് കഴിയുമോ….”””

ഈ ചോദ്യം കേൾക്കാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഇല്ലെങ്കിലും ,ഇത്ര ആലങ്കാരികമായി കാമകേളിയ്ക്ക് ക്ഷണിക്കുന്ന വ്യക്തിയെ ഞാനൊന്ന് അടിമുടി വീക്ഷിച്ചു,…

നിദ്രയുടെ അഭാവം പ്രകടമാവുന്ന കണ്ണുകൾ.

നീട്ടി വളർത്തിയ താടി. സിഗരറ്റ് പുകയുന്ന കറുത്ത ചുണ്ടുകൾക്കിടയിൽ മായാതെ ഒരു പുഞ്ചിരി.

മുഷിഞ്ഞ വസ്ത്രമാണെങ്കിലും അയാളിൽ നിന്നും പെർഫ്യൂമിന്റെ രൂക്ഷഗന്ധം വമിക്കുന്നുണ്ട്.

മദ്യത്തിന്റെ ലഹരിയാവാം, അയാൾ പറയുന്ന വാക്കുകളിലെ വ്യക്തത കൈമോശം വന്നിരുന്നു….

“”ഭയമില്ലെങ്കിൽ എന്നോടൊപ്പം വരൂ,.. “”

“”മാനം വിറ്റ് ജീവിക്കുന്ന എനിക്ക് ഒന്നിനെയും ഭയമില്ല. ഭയപ്പെടുന്നത് സാറിനെ പോലുള്ളവരാണ് , ആരെങ്കിലും കാണുമോ,.. അറിയുയോ… എന്നുള്ള ഭയം,..””

“”ഇയാൾ നന്നായി സംസാരിക്കുന്നുണ്ടല്ലോ,… എന്താ ഇയാളുടെ പേര്,.. “”

“” ഭാമ,..””

“”ആഹാ, നല്ല ഭംഗിയുള്ള പേര്, പക്ഷെ ഞാൻ ഇനി മുതൽ ഭാമയെ “മയൂരി” എന്നേ വിളിക്കൂ””

“”അതെല്ലാം സാറിന്റെ ഇഷ്ടം, പക്ഷെ കാശ് എത്രയാണെന്ന് ഇപ്പൊ തന്നെ പറയാം, എല്ലാം കഴിഞ്ഞ് അതിനെ ചൊല്ലി ഒരു തർക്കം ഉണ്ടാവരുതല്ലോ,..””

“”നിനക്ക് തീരുമാനിക്കാം എത്ര വേണമെന്ന്, അതിൽ കൂടുതൽ ഞാൻ തരും, എന്താ അത് പോരെ,…?”

“”ഉം””

എന്നാൽ എന്റെ ഒപ്പം വരൂ,.. അത്രയും പറഞ്ഞ് അയാൾ ഇരുട്ടിലൂടെ മുന്നോട്ട് നടന്നു, അയാളെ പിൻതുടർന്ന് ഞാനും,..

സിനിമയിൽ മാത്രം കണ്ടിട്ടുള്ളത് പോലുള്ള ഒരു ആഡംബര കാറിന്റെ അരികിലെത്തിയതും

അയാൾ എന്നോട് ഇടത് വശത്തെ ഡോറിലേക്ക് വിരൽ ചൂണ്ടികൊണ്ട് കയറുവാൻ ആവശ്യപ്പെട്ടു.

എങ്ങിനെ ഡോർ തുറക്കണമെന്ന് അറിയാതെ ഞാൻ പരിഭ്രമത്തോടെ അവിടെ തന്നെ നിന്നു,…

എന്റെ മുന്നിൽ ഒരു ചിത്രശലഭത്തിന്റെ ചിറകുകൾ പോലെ കാറിന്റെ ഡോർ മുകളിലേക്ക് ഉയർന്നതും ആശ്ചര്യത്തോടെ ഞാൻ കാറിനകത്തേയ്ക്ക് കയറിയിരുന്നു,..

ഒരു ഹിന്ദി ഗാനത്തിന്റെ അകമ്പടിയോടെ കാറ് അതിവേഗം മുന്നോട്ട് നീങ്ങികൊണ്ടിരുന്നു,…

ഉച്ചത്തിൽ ഉയർന്ന് കേട്ടിരുന്ന സംഗീതം പെട്ടെന്ന് നിലച്ചു. അതേ സമയം അയാൾ എന്നോട് എന്തോ പറയുവാൻ ആഗ്രഹിക്കുന്നത് പോലെയൊന്ന് മുരടനക്കി,..

“”മയൂരി,….””

അയാളുടെ ആ വിളിയ്ക്ക്,..

അയാൾ പറയുന്നത് കേൾക്കുവാൻ ഞാൻ ചെവിയോർത്തു.

“”ഈ ഒരു രാത്രി അതു മാത്രമാണ് നീയും ഞാനും തമ്മിലുള്ള ബന്ധം,. അതിൽ കവിഞ്ഞ് നീ എന്റെ ജീവിതത്തെ കുറിച്ചോ, ഞാൻ നിന്റെ ജീവിത കഥയെ കുറിച്ചോ പരസ്പരം ചോദിക്കുവാൻ പാടില്ല. ഇത് നമ്മൾ നമുക്കിടയിൽ വെയ്ക്കുന്ന ഒരു ഉടമ്പടിയാണ്,..””

സ്വയം വെറുക്കപ്പെടുന്ന എന്റെ ജീവിതകഥ മറ്റൊരാളുമായി പങ്ക് വെയ്ക്കുവാൻ എനിക്ക് ഇഷ്ടമായിരുന്നില്ല,.. അതുകൊണ്ട് തന്നെ കൂടുതലൊന്നും ചിന്തിയ്ക്കാതെ അയാൾ പറഞ്ഞ നിബന്ധനയ്ക്ക് സമ്മതം അറിയിച്ചു,…

കാറ് വലിയ ചുറ്റുമതിലിനോട് കൂടിയ ഒരു ഗേറ്റിന് മുന്നിൽ വന്ന് നിന്നു,…

തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ റിമോട്ട് തിരഞ്ഞെടുത്ത് ഗേറ്റിന്റെ മുൻപിലേക്ക് നീട്ടി റിമോട്ടിലെ സ്വിച്ചിലേക്ക് അയാൾ വിരൽ അമർത്തിയ നിമിഷം, ഗേറ്റ് തനിയെ തുറക്കപ്പെട്ടു,..

അത്ഭുതത്തോടെ ആ കാഴ്ച വീക്ഷിക്കവെ, അയാൾ എനിക്ക് നേരെ നോക്കികൊണ്ട് ഒന്ന് പുഞ്ചിരിച്ചു,..

“”പേടിക്കണ്ട മയൂരി,.. അത് ഭൂതമോ പ്രേതമോ ഒന്നും അല്ല. ഇതൊരു ഇലക്ട്രോണിക് ഡിവേയ്സ് ആണ് കാറിൽ നിന്ന് ഇറങ്ങാതെ തന്നെ റിമോട്ടിന്റെ സഹായത്തോടെ ഗേറ്റ് തുറക്കുവാനും അടയ്ക്കുവാനും കഴിയും, ഒറ്റയ്ക്കുള്ള ജീവിതമല്ലേ, അപ്പൊ എല്ലാം എന്റെ എളുപ്പത്തിന് വേണ്ടി ചെയ്യിപ്പിച്ചതാണ്,…””

കൊട്ടാരം പോലുള്ള ഈ വലിയ വീട്ടിൽ ഇയാൾ ഒറ്റയ്ക്കാണോ താമസം,.. ഒരേ സമയം ഒരുപാട് ആളുകൾക്ക് താമസിക്കാം അത്രയധികം മുറികളും സൗകര്യങ്ങളും ഉണ്ട് ഈ വീട്ടിൽ,…

അലങ്കാര വിളക്കുകളിൽ നിന്നും പ്രകാശം ചൊരിയുന്ന ഒരു വലിയ മുറിയിലേക്ക് അയാൾക്കൊപ്പം ഞാനും നടന്നു,..

“”മയൂരി കുളിച്ച് ഫ്രഷ് ആയി വരൂ,.. എന്നിട്ട് ഈ സാരിയൊക്കെ മാറ്റി. ദാ,.. ആ കാണുന്ന ഷെൽഫിൽ നിന്നും തനിക്ക് ഇഷ്ടമുള്ള ഒരു സാരിയെടുത്ത് ഉടുത്തോളൂ,..””

ഒരു വലിയ അലമാരയിലേക്ക് വിരൽ ചൂണ്ടി അയാൾ അത്രയും പറഞ്ഞ് ആ മുറിയിൽ നിന്നും പോയി,..

ഞാനിപ്പോൾ താമസിക്കുന്ന വീടിന്റെ അത്രയും വലുതാണ് ഇവിടുത്തെ കുളിമുറി,…

ഷവറിൽ നിന്നും പ്രവഹിക്കുന്ന ജലത്തിന് തന്റെ മനസ്സിനെ മാത്രം തണുപ്പിയ്ക്കുവാൻ കഴിഞ്ഞില്ല.

ശരീരത്തിലൂടെ ഒഴുകിയിറങ്ങുന്ന ഒരോ ജലകണങ്ങൾക്കും എണ്ണിയാലൊടുങ്ങാത്ത പുരുഷന്മാരുടെ വിയർപ്പിന്റെ ഗന്ധമായിരുന്നു,..

കുളി കഴിഞ്ഞ് തിരികെ മുറിയിലെത്തിയ ഞാൻ അയാൾ പറഞ്ഞ അലമാര തുറന്ന് നോക്കി, വിവിധ വർണ്ണങ്ങളുള്ള, വളരെ വിലമതിക്കുന്ന ധാരാളം സാരികൾ മടക്കി വൃത്തിയായി വെച്ചിരിക്കുന്നു.

അതിൽ നിന്നും കണ്ണിലുടക്കിയ ഒരു മഞ്ഞ നിറത്തിലുള്ള ഷിഫോൺ സാരിയെടുത്ത് നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ച് കണ്ണാടിയിലേക്ക് നോക്കി, “തനിക്ക് ഈ സാരി നന്നായി ഇണങ്ങുന്നുണ്ട്, ”

വില കുറഞ്ഞതും, മുഷിഞ്ഞതുമായ തന്റെ സാരി അഴിച്ചുമാറ്റി, മഞ്ഞ ഷിഫോൺ സാരിയുടുത്ത്, മുടി ചീകി,. പൊട്ട് തൊട്ട് കണ്ണെഴുതി അവൾ കണ്ണാടിയിലേക്ക് മതിമറന്ന് നോക്കി നിന്നു പോയി,..

അടഞ്ഞു കിടന്ന മുറിയുടെ വാതിലിലെ മുട്ടുന്ന ഒച്ചയോടൊപ്പം അയാളുടെ ശബ്ദവും ഉണ്ടായിരുന്നു

“”മയൂരിയുടെ കുളി കഴിഞ്ഞെങ്കിൽ ഭക്ഷണം കഴിക്കാൻ വന്നോളൂ,..””

തീൻമേശയിൽ എനിക്കായി ഒരുക്കിയിരുന്ന വിഭവങ്ങൾ കണ്ടപ്പോൾ തന്നെ, വയറ് പൂർണ്ണമായി നിറഞ്ഞു, പഴവർഗ്ഗങ്ങളും, മധുര പലഹാരങ്ങളും, എല്ലാം നിരത്തി വെച്ചിരിക്കുന്നു.

പക്ഷെ അതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത്, അയാളുടെ രൂപമാറ്റമായിരുന്നു. നീട്ടി വളർത്തിയ താടിയൊന്നും ഇപ്പൊഴില്ല, ഒരു യുവകോമളൻ തന്നെയായിരിക്കുന്നു അയാളിപ്പോൾ,..

“”മയൂരി ചിന്തിച്ച് നില്ക്കാതെ ഇരിക്കൂ,.. ”

അയാൾ എനിക്കായി ഒരു കസേര പുറകിലേക്ക് നീക്കി ഇട്ടിരിക്കുന്നു..

തന്റെ മുപ്പത് വർഷത്തെ ജീവിതത്തിൽ ഇത്രയും രുചിയേറിയ ഭക്ഷണം അവൾ കഴിച്ചിരുന്നില്ല. എല്ലാം അങ്ങേയറ്റം ആർത്തിയോടെ അവൾ കഴിച്ചു കൊണ്ടിരുന്നു..

ഭക്ഷണം ഇഷ്ടമായോ എന്ന അയാളുടെ ചോദ്യത്തിന് അവൾ തലയാട്ടി,..

നമുക്ക് ഇനി മുറിയിലേയ്ക്ക് പോവാം,..

അതും പറഞ്ഞ് അയാൾ മുറി ലക്ഷ്യമാക്കി നടന്നു.

അയാളുടെ പുറകിലായി ആ വലിയ വീടിന്റെ ഭംഗി ആസ്വദിച്ച് അവളും നടന്നു,..

മുറിയിൽ കയറിയ അയാൾ ബെഡിലേക്ക് കിടന്നുകൊണ്ട് തന്റെ അരികിലായി അവളോട് ഇരിക്കുവാൻ ആവശ്യപ്പെട്ടു,..

“”മയൂരി എന്താ ഒന്നും മിണ്ടാത്തത്,.. “”

“”അത്,.. സർ പല ആളുകളും ഇത് പോലെ എന്നെ കൊണ്ട് വന്നിട്ടുണ്ട്. പക്ഷെ ഒരു രാജകുമാരിയെ പോലെ ഇങ്ങനെ ,.. പറഞ്ഞ് നെഴുവനാക്കാതെ അവൾ ഒരു നെടുവീർപ്പിട്ടു,…””

“”അതെല്ലാം അവിടെ നില്ക്കട്ടെ, നമുക്ക് ഈ സാറ് എന്നുള്ള വിളി വേണ്ട, “രഘുറാം” അതാണ് എന്റെ പേര്,… മയൂരി രഘു എന്ന് വിളിച്ചോളൂ’.””

“”ഞങ്ങൾ കസ്റ്റമേഴ്സിനെ സർ എന്നേ വിളിക്കാറുള്ളൂ, സാറിന് അതാണ് ഇഷ്ടമെങ്കിൽ ഞാൻ ഇനി മുതൽ രഘു എന്ന് വിളിച്ചോളാം,..””

“”അപ്പൊ എങ്ങിനെയാ കാര്യങ്ങൾ തുടങ്ങുവല്ലേ,..””

രഘുവിൽ നിന്ന് അത് കേൾക്കേണ്ട താമസം ,അവൾ യാതൊരു സങ്കോചമില്ലാതെ തന്റെ ചുമലിലെ സാരി തലപ്പ് അഴിക്കുവാൻ ശ്രമിക്കവെ രഘു അവളെ തടഞ്ഞു,..

മയൂരി തിരിഞ്ഞ് നിന്ന് രഘുവിനെ നോക്കുമ്പോൾ രഘുവിന്റെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞ് നിന്നിരുന്നു,..

“”മയൂരി,… ഞാനൊന്ന് സമാധനമായി ഉറങ്ങിയിട്ട് തന്നെ മാസങ്ങൾ ഏറെയായി, താൻ എന്റെ മുടിയിലൊന്ന് തലോടി തരുമോ,…””

ഒരു വേട്ട പട്ടിയുടെ ശൗര്യത്തോടെ തന്റെ ശരീരത്തെ കീഴ്പ്പെടുത്തുന്ന പുരുഷന്മാരെ കണ്ട് പരിചയിച്ച അവൾക്ക് രഘു ഒരു അത്ഭുതമായിരുന്നു…

ഇയാൾ, ഇതെന്ത് മനുഷ്യൻ എന്ന രീതിയിൽ മയൂരി, രഘുവിനെ നോക്കി നിന്നു,…

രഘുവിന്റെ മുടിയിഴകളിലൂടെ അവളുടെ വിരലുകൾ ഒഴുകി നീങ്ങവെ, ഒരു കുഞ്ഞിനെ പോലെ അയാൾ മിഴികൾ ചിമ്മിയടച്ച് ഉറക്കത്തിലേക്ക് വഴുതി വീണു,.

ഉറങ്ങുമ്പോഴും, രഘുവിന്റെ ചുണ്ടിൽ മായാതെ നില്ക്കുന്ന മന്ദഹാസം അവൾ നോക്കിയിരുന്നു,..

അയാളുടെ നിലയ്ക്കും, വിലയ്ക്കും, ആരെയും അസൂയപ്പെടുത്ത സൗന്ദര്യമുള്ള സ്ത്രീകൾ അയാൾക്കു മുന്നിൽ നിരന്നു നില്ക്കും എന്നിട്ടും എന്തിനായിരിക്കും ചേരിയിലെ എന്നെ പോലുള്ള ഒരുവളെ രഘു തേടി വന്നത്,…

തന്റെ ഉള്ളിൽ ഉറഞ്ഞുകൂടിയ ചോദ്യത്തിന്റെ പൊരുൾ കണ്ടെത്തുവാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു. പക്ഷെ, രഘുവിനോട് അത് ചോദിക്കുവാനുള്ള അവകാശം ഇവിടേയ്ക്കു വരുന്നതിന് മുൻപ് തന്നെ ഒരു ഉടമ്പടിയുടെ പേരിൽ രഘു ഇല്ലാതാക്കിരുന്നു.

തന്റെ ചോദ്യത്തിന് ഉത്തരം ലഭിക്കുവാൻ കെൽപ്പുള്ള ഒരു വസ്തുവിന് വേണ്ടി അവൾ മുറിയിലാകെ തിരഞ്ഞ് നടന്നു,..

ഭിത്തിയിൽ ഒന്നിലധികം ആണികൾ തറച്ചിരിക്കുന്നു.

തന്റെ കുഞ്ഞ് ബുദ്ധിയിൽ ആ ആണികൾ ഒരു കാലത്ത് ധാരാളം ഫോട്ടോകളെ താങ്ങി നിർത്തിയവയാണെന്ന് അവൾ മനസ്സിലാക്കി,…

പക്ഷെ എടുത്ത് മാറ്റപ്പെട്ട ഫോട്ടോകളിൽ ഒന്ന് പോലും അവിടെ ഉണ്ടായിരുന്നില്ല. പൊടിപിടിച്ച ഒരുപാട് ന്യൂസ് പേപ്പറുകൾ അല്ലാതെ ഒന്നും ആ മുറിയിൽ നിന്ന് അവൾക്ക് കണ്ടെത്താനായില്ല,..

തന്റെ കൈകളിലിരിക്കുന്ന ന്യൂസ് പേപ്പറുകൾ എല്ലാം തന്നെ പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപത്തെ

അതും ഒരേ തിയ്യതിയിലേതാണ്,..

എല്ലാ ന്യൂസ് പേപ്പറുകളിലും ഒരേ പോലെ നിറഞ്ഞു നില്കുന്ന വാർത്ത അവൾ വായിച്ചു,…

“”ലിമോക്സിൻ കമ്പിനിയുടെ സി.ഇ.ഒ രഘുറാം അറസ്റ്റിൽ ഭാര്യയായ മയൂരിയുടെ ദുരൂഹ മരണത്തെ തുടർന്നാണ് കേരള പോലീസ് രഘുറാമിനെ അറസ്റ്റ് ചെയ്തത്,.””

””ബിസിനസ്സ് ടൈകൂൺ രഘുറാം മിസ്രയെ ഇന്ന് രാവിലെ കേരള പോലീസ് അറസ്റ്റ് ചെയ്തു, ഭാര്യയും മുൻ മിസ് ഇന്ത്യ കൂടിയായ മയൂരി രഘുറാമിന്റെ മരണത്തെ തുടർന്നാണ് അറസ്റ്റെന്ന് പോലിസ് മേധാവി അരുൺ ഖോഷ് മാധ്യമങ്ങളോട് പറഞ്ഞു,…””

മയൂരി രഘുറാം ഇരുപത്തിയേഴ് വയസ്സായിരുന്നു,..

ന്യൂസ് പേപ്പറിലെ മയൂരിയുടെ ചിത്രത്തിലേക്ക് നോക്കവെ ഒരു നിമിഷം അവൾ ശ്വാസം കഴിക്കുവാൻ പോലും മറന്ന് നിന്നു പോയി,…തന്റെ അതേ മുഖഛായ ആയിരുന്നു മയൂരിയ്ക്കും,..

അതേ സമയം തന്നെ തേടിയെത്തിയ രഘുവിന്റെ ഉദ്ദേശം അവൾ മനസ്സിലാക്കി കഴിഞ്ഞിരുന്നു,..

തണുത്ത മാർബിൾ പാകിയ തറയിൽ രഘു ഉറങ്ങുന്നതും നോക്കി അവൾ ഇരുന്നു, നേരം പുലരും വരെ,..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ചെറിയ ഞെരുക്കത്തോടെ രഘു ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോൾ അവൾ തറയിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു,..

അവളുടെ മുഖത്തേയ്ക്ക് വീണ് കിടക്കുന്ന മുടിയിഴകൾ ഒതുക്കി ഇഷ്ടത്തോടെ രഘു അവളെ നോക്കി..

പെട്ടെന്ന് ഞെട്ടി എഴുന്നേറ്റ്, അഴിഞ്ഞു കിടന്ന മുടി വാരികെട്ടി അവൾ തിരികെ പോകുവാൻ തയ്യാറെടുത്തു,..

“”ഭാമയ്ക്ക് പണം വേണ്ടെ,…””

അയാളുടെ ചോദ്യത്തിന് അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു,..

“”എന്തിനാണ് ഞാൻ പണം വാങ്ങേണ്ടത്,… കിടക്ക പങ്കിടാൻ ക്ഷണിക്കപ്പെട്ട ഒരു വേശ്യയെ രാജകുമാരിയെ പോലെ സ്വീകരിച്ച്, ഭക്ഷണം നല്കിയതിനോ,…. അതോ തന്റെ ആയുസ്സിൽ ധരിക്കാൻ കഴിയാത്ത അത്രയും വിലമതിക്കുന്ന വസ്ത്രം നല്കിയതിനോ,…””

“”ഭാമയോട് ഞാനെന്താണ് ചോദിച്ചത്, എന്നിലെ പുരുഷനെ തൃപ്തിപെടുത്താൻ കഴിയുമോ എന്നല്ലേ,…

അതിന് ഭാമയ്ക്ക് കഴിഞ്ഞു. ഈ ലോകത്ത് അത് ഭാമയ്ക്ക് മാത്രമെ കഴിയൂ,..””

ഒരു നിമിഷത്തെ സുഖത്തിന് വേണ്ടിയായിരുന്നില്ല, ഞാൻ ഭാമയെ ഇവിടെ കൊണ്ട് വന്നത്

അറിയാതെ പറ്റിയ ഒരു കൈയബദ്ധത്തിന്റെ പേരിൽ ഞാൻ അനുഭവിച്ച പന്ത്രണ്ട് വർഷം,…

പാതി മുറിഞ്ഞ വാക്കുകളിൽ നിന്ന്, എന്തോ ഓർത്തെടുത്ത് ഞെട്ടിയത് പോലെ നെറ്റിയിലെ വിയർപ്പ് കണങ്ങളെ അയാൾ പുറം കൈയ്യാൽ തുടച്ചു നീക്കി,..

“”ഭാനുമതിയെന്ന ഭാമ എനിക്ക് അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു. അല്ലേ,…””

ഒരു ഞെട്ടലോടെ രഘുവിനെ നോക്കിയ അവളുടെ കണ്ണുകളിൽ എന്തൊക്കെയോ ഒളിക്കുവാൻ ശ്രമിക്കുന്ന തിടുക്കം അയാൾ കണ്ടു,..

“”അഗ്നി സാക്ഷിയായി താലി ചാർത്തി മനസ്സും ശരീരവും സ്വന്തമാക്കിയവൻ പണത്തിനു വേണ്ടി പലർക്കായി തന്നെ കാഴ്ച വെച്ചപ്പോഴും വിധിയുടെ മുന്നിൽ തോൽക്കാതെ വൃണിതമായ മനസ്സിനെ കല്ലാക്കി മാറ്റി അഗ്നിയായി എരിഞ്ഞു തീരുന്ന ഭാമയുടെ പ്രയാണത്തിന് ഇവിടെ അന്ത്യം കുറിക്കപ്പെടുന്നു.””

””യാദൃശ്ചികമായി ഒരിക്കൽ കാണാനിടയായ മയൂരിയുടെ രൂപസാദൃശ്യമുള്ള നിന്നെ തേടി ഞാൻ അലയാത്ത സ്ഥലങ്ങളില്ല . നിന്നെ കണ്ടെത്തുന്നത് വരെ മനസ്സിൽ പടുത്തുയർത്തിയ പ്രതീക്ഷയുടെ കൊട്ടാരം നിലം പതിക്കാൻ, ആദ്യത്തെ കൂടിക്കാഴ്ച തന്നെ ധാരാളം മതിയായിരുന്നു. വലിയ സിന്ദൂര പൊട്ടും, ചായം തേച്ച ചുണ്ടുകളും,.. നിന്റെ നേർക്കുനേരെ നിന്ന് സംസാരിക്കുവാൻ കഴിയാത്തതുകൊണ്ടാണ് ഞാൻ മദ്യപിച്ച് നിന്റെ മുന്നിലെത്തിയതും, ഒരു രാത്രിയ്ക്ക് ക്ഷണിച്ചതും,.””

“”ലഹരിയുടെ പിൻബലമില്ലാതെ ഭാമയുടെ മുഖത്ത് നോക്കി സംസാരിക്കുവാൻ, ഇടപഴകുവാൻ എനിക്ക് കഴിയുമായിരുന്നില്ല. ഭാമയിൽന്നും മയൂരിയിലേക്കുള്ള കൂട് മാറ്റം അനിവാര്യമായിരുന്നു. നിന്നിൽ ഞാനെന്റെ മയൂരിയെ കാണുന്നു. നിന്റെ നോട്ടം പോലും എന്നെ പഴയ ഓർമ്മകളിലേക്ക് കൊണ്ടെത്തിക്കുന്നു,…””

“”എത്ര കാലം ഈ ജീവിതം ഉണ്ടെന്ന് അറിയില്ല. പക്ഷെ അതുവരെ എന്നാടൊപ്പം എന്റെ മയൂരിയായി ജീവിക്കാൻ എന്റെ സർവ്വവും നിന്റെ കാല്ക്കീഴിൽ സമർപ്പിക്കുവാൻ ഈ രഘുറാം തയ്യാറാണ്,..””

“”മടുത്തു തുടങ്ങിയില്ലേ ഭാമേ നിനക്ക്, ഈ വേഷം,..മയൂരിയുടെ ആത്മാവായിരിക്കും ഒരു പക്ഷെ നിന്നെ എന്റെ മുന്നിൽ കൊണ്ടെത്തിച്ചത്,..””

“” യാചിക്കുകയാണ് ഞാൻ നിന്റെ മുൻപിൽ, എനിക്ക് ഭിക്ഷയായി നല്കികൂടെ ഒരു ജീവിതം.””

“”ആണെന്ന വർഗ്ഗത്തോടു തന്നെ പുച്ഛമായിരുന്നു ഇവിടെ എത്തുന്നത് വരെ, രഘുവിനെ അറിയുന്നത് വരെ. ചെയ്തു തീർക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട് ഇനിയും, അത് കഴിഞ്ഞാൽ ഞാൻ വരും,….

ഒരു രാത്രിയ്ക്ക് വില പറയുന്ന ഭാമയെന്ന വേശ്യയായിട്ടല്ല…..””

“”വിരൽ തുമ്പിന് പോലും പ്രണയത്തിന്റെ മാധുര്യം തീർക്കാൻ കഴിയുന്ന മയൂരിയായിട്ട്. ജീവിതമെന്ന ഉദ്യാനത്തിൽ പുതിയൊരു വസന്തം തീർക്കുവാൻ ഞാൻ മടങ്ങി വരും… നമ്മുടേത് മാത്രമായ നല്ല രാവുകളിലേയ്ക്ക് രഘുവിന്റെ കൈ പിടിച്ചു നടക്കുവാൻ ഇനി ഈ മയൂരിയുണ്ടാവും….

ഭാമയ്ക്ക് ചിതയൊരുക്കി മയൂരി പുനർജനിക്കും അങ്ങേയ്ക്ക് വേണ്ടി മാത്രം…..

ശുഭം…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : സുധിൻ സദാനന്ദൻ