സഫ്നയ്ക്ക് ഷെമീനയേക്കാൾ അടുക്കും ചിട്ടയും ഉണ്ട്.. എ- നിക്ക് അവളെ വിവാഹം കഴിച്ചാൽ മതി

രചന : M Varun Das

പെണ്ണുകാണൽ

**************

ഞായറാഴ്ച രാവിലെ പ്രിയ സുഹൃത്ത് സിദ്ധിക്കിന്റെ വീട്ടിലേക്ക് ചെന്നപ്പോൾ അവിടെ ഒരു ചർച്ച നടക്കുകയാണ്.

മറ്റൊന്നുമല്ല അവന്റെ പെണ്ണുകാണൽ തന്നെ വിഷയം.

ആഹാ കൊള്ളാമല്ലോ,ചർച്ചയിൽ ഞാനും പങ്കെടുത്തു.

സംഭവം ഇതാണ്, പെണ്ണുകാണാൻ പോകണം.

ഒന്ന് കൊല്ലം,മറ്റേത് കായംകുളം.

ഇവിടെ ആദ്യം എവിടെ പോകണം എന്നതാണ് വിഷയം.

വരുൺ നീ ഒരു അഭിപ്രായം പറ സിദ്ധിക്കിന്റെ ബാപ്പ പറഞ്ഞു.

ആദ്യം കൊല്ലത്ത് പോകുന്നതാണ് നല്ലത്.കായംകുളം നമുക്ക് അടുത്തല്ലേ ഞാൻ പറഞ്ഞു.

ശരി എന്നാൽ അങ്ങനെയാകട്ടെ എല്ലാവരും എന്റെ നിർദ്ദേശം അംഗീകരിച്ചു.

നിനക്ക് മറ്റ് പരിപാടി ഒന്നുമില്ലല്ലോ നമുക്ക് ഒരുമിച്ചു പോകാം അവൻ എന്നെ കൂടെ ചെല്ലാൻ ക്ഷണിച്ചു.

ഓ ഞാൻ ഇല്ല നിങ്ങൾ പോയിട്ട് വാ

നീ വാടാ നിനക്ക് ഒരു എക്‌സ്പീരിയൻസ് ആകട്ടെ അവൻ നിർബന്ധിച്ചു.

എന്നാൽ ശരി…ഞാൻ സമ്മതിച്ചു.

അങ്ങനെ 9 മണി കഴിഞ്ഞപ്പോൾ കൊല്ലത്തിന് പോയി.

ഞങ്ങൾ സഞ്ചരിച്ച കാർ ഒരു വലിയ ഇരുനില വീടിന് ഗേറ്റിനുള്ളിൽ നിന്നു.

ഞങ്ങൾ ഇറങ്ങി…

പെണ്ണിന്റെ വീട്ടുകാരെ ഒക്കെ പരിചയപ്പെട്ടു.

ചായയുമായി പെണ്ണ് വന്നു.സുന്ദരിയായ ഒരു യുവതി.

പേര് ഷെമീന…

ചായ കുടിച്ച ശേഷം ചെക്കനെയും പെണ്ണിനേയും തനിച്ചു സംസാരിക്കാൻ വിട്ടു.10 മിനിറ്റ് കഴിഞ്ഞ് അവർ ഇറങ്ങി വന്നു.

ബാക്കി കാര്യങ്ങൾ അറിയിക്കാം എന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

തിരികെ വരുന്ന വഴി അവന്റെ വീട്ടുകാർ വളരെ സന്തോഷത്തോടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു.അവൻ നിശ്ശബ്ദനായിരുന്നു.കാരണം തിരക്കിയപ്പോൾ ഒരു പെണ്ണ് കൂടി ഉണ്ടല്ലോ അതിനെ കൂടി കണ്ടിട്ട് അഭിപ്രായം പറയാം എന്ന് പറഞ്ഞു.

അവന്റെ സഹോദരി സലീന വലിയ ത്രില്ലിൽ ആയിരുന്നു

ഷെമീന എത്ര സുന്ദരി ആണ്,ഇക്കായ്ക്ക് നന്നായി ചേരും എന്നൊക്കെ പറഞ്ഞു.

ഉച്ച ആയപ്പോൾ കായംകുളത്ത് എത്തി.ഒരു ഇടത്തരം വീട്ടിലേക്കാണ് ഞങ്ങൾ എത്തിയത്.

ഊഷ്മളമായ സ്വീകരണം ഞങ്ങൾക്ക് ലഭിച്ചു.

പരിചയപ്പെടലുകൾക്ക് ശേഷം പെണ്ണ് ചായയുമായി എത്തി.

സഫ്ന…

ഇരുണ്ട നിറമുള്ള ഒരു പെണ്കുട്ടി.വലിയ മെയ്ക് അപ് ഒന്നും ഇല്ല.ഒരു സാധാരണ ചുരിദാർ ആണ് വേഷം.നിഷ്കളങ്കമായ ചിരി ആരെയും ആകർഷിക്കും.

അവിടെയും പതിവ് പോലെ ചെറുക്കനെയും പെണ്ണിനേയും തനിച്ചു സംസാരിക്കാൻ വിട്ടു.

20 മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ ഇറങ്ങി വന്നു.ഒരു സംതൃപ്തി അവന്റെ മുഖത്തുണ്ടായിരുന്നു.

വൈകുന്നേരം വിളിക്കാം എന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

മടക്ക യാത്രയിൽ അവൻ തീരുമാനം അറിയിച്ചു.

തനിക്ക് സഫ്നയെ മതിയത്രെ.

അവന്റെ തീരുമാനം കേട്ട പെങ്ങളും ഉമ്മയും കലിപൂണ്ടു.

അവൾക്ക് സൗന്ദര്യം ഇല്ല,നിറമില്ല അല്പം വണ്ണം ഉണ്ട് ഇതൊക്കെയാണ് അവർ പറഞ്ഞ കുറ്റങ്ങൾ.

പക്ഷെ അവൻ തീരുമാനത്തിൽ ഉറച്ചു നിന്നു.

കാരണമായി അവൻ പറഞ്ഞത് ചിന്തനീയമാണ്.

സഫ്നയ്ക്ക് ഷെമീനയെക്കാൾ അടുക്കും ചിട്ടയും ഉണ്ടത്രേ

ഷെമീനയുടെ മുറിയിൽ കിടന്ന മേശയിൽ അടുക്കും ചിട്ടയും ഇല്ലാതെ പുസ്തകങ്ങൾ ചിതറിക്കിടന്നിരുന്നു,

അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന തുണികൾ,ചുളിവ് നേരെയാക്കാത്ത കിടക്ക വിരികൾ…

പക്ഷെ സഫ്നയുടെ മുറിയിൽ അങ്ങനെ ആയിരുന്നില്ല,ഭംഗിയായി അടുക്കി വെച്ച പുസ്തകങ്ങൾ,അടുക്കും ചിട്ടയുമോടെ മുറി സൂക്ഷിച്ചിരിക്കുന്നു.

മാത്രവുമല്ല നല്ല ചിന്താശേഷി ഉള്ള കൂട്ടത്തിലുമാണ്

ഇരുവരുടെയും മേശപ്പുറത്ത് കിടന്ന പുസ്തകങ്ങൾ തന്നെ തെളിവ്…

ഷെമീനയുടെ മേശപ്പുറത്ത് ദ്വൈവാരികകളും ആഴ്ചപ്പതിപ്പുകളും കിടന്നപ്പോൾ വിശ്വസാഹിത്യങ്ങളാണ് സഫ്നയുടെ മേശപ്പുറത്ത് കിടന്നത്.

അതൊക്കെകൊണ്ട് തന്നെയാണ് സഫ്നയെ മതി എന്ന് ഞാൻ പറഞ്ഞത് അവൻ പറഞ്ഞുനിർത്തി.

പിന്നെ എതിർക്കാൻ അവന്റെ വീട്ടുകാർക്ക് സാധിച്ചില്ല,3 മാസം കഴിഞ്ഞപ്പോൾ അവരുടെ വിവാഹം നടന്നു.

ഇപ്പോൾ 5 വർഷം കഴിഞ്ഞു.

സഫ്നയ്ക്കും സിദ്ധിക്കിനും മക്കൾ രണ്ടായി.സുഖമായി അവർ ജീവിക്കുന്നു.

ഷെമീനയുടെ വിവാഹവും കഴിഞ്ഞു,എന്നാൽ രണ്ടു പ്രാവശ്യം നടന്നെന്ന് മാത്രം.

നിറത്തിനും സൗന്ദര്യത്തിനും പ്രാധാന്യം കൊടുക്കാതെ പെണ്കുട്ടിയുടെ നന്മ നോക്കി വിവാഹം കഴിച്ച് നല്ല ജീവിതം കെട്ടിപ്പടുത്ത ആരെങ്കിലും ഒക്കെ ഈ കഥ വായിക്കുമായിരിക്കും …

ഭാര്യക്ക് സൗന്ദര്യം കുറവാണെന്ന് ചിന്ത ഉള്ള ആർക്കെങ്കിലും ഉണ്ടെങ്കിൽ ഓർക്കുക സൗന്ദര്യത്തിനെക്കാൾ പ്രാധാന്യം സ്വഭാവത്തിനും വ്യക്തിത്വത്തിനും ആണ്.

(ശുഭം) .

ലൈകും കമന്റും ഇടാൻ മറക്കണ്ട …

രചന : M Varun Das