അതെ… നിനക്ക് മാത്രം എന്താ എന്നോട് ഒന്നും തോന്നാത്തത് എന്ന റസാഖിന്റെ ചോദ്യം കേട്ട് ഞാൻ

രചന : ഷാനവാസ് ജലാൽ

അതെ , “നിനക്ക് മാത്രം എന്താ എന്നോട് ഒന്നും തോന്നാത്തത്” എന്ന റസാഖിന്റെ ചോദ്യം കേട്ട് ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയിട്ട് എന്ത് തോന്നാൻ എന്ന് ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ , നമ്മുടെ ക്ലാസ്സിലെ മറ്റ് ആണ്കുട്ടികളൊക്കെ എന്നെ തൊടാനും പിടിക്കാനുമൊക്കെ വരുന്നത് നീ കാണുന്നില്ലേ ?

എന്നവന്റെ മറുപടി കേട്ടിട്ട് അത് നിന്റെ ഈ നടത്തയും സംസാരവും കൊണ്ടൊക്കെ അല്ലെ എന്നെന്റെ മറുപടിക്ക് അവന്റെ നിഷ്ക്കളങ്കമായ ഒരു ചിരി മുഖത്തു വിരിഞ്ഞു , സത്യം പറയട്ടെ എനിക്ക് കമ്മൽ ഇട്ട് ,പാദസ്വരം ഇട്ട് , കണ്ണെഴുതി നടക്കാൻ ആണ് കൂടുതൽ ഇഷ്ടം എന്നവൻ പറയുന്നത് കേട്ട് ഞാൻ നിർത്താതെ ചിരിച്ചു….

ഇത് എന്തോന്നാണ് മനുഷ്യ പത്രവും തുറന്ന് ഇരുന്ന് ചിരിക്കുന്നത് , അതിനുവേണ്ടി എന്താണ് കാണുന്നതെന്ന ഭാര്യയുടെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത് , ഡീ നീ ഇത് കണ്ടോ ടൗണിലെ ഏറ്റവും വലിയ ജ്യൂവല്ലറി ഉൽഘാടനത്തിന് വരുന്നത് ആരാണെന്ന് പറഞ്ഞു കൊണ്ട് പത്രം അവള്ക്ക് നേരെ നീട്ടി . പത്രം വാങ്ങി പ്രശസ്ത മോഡൽ റസിയ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പടപ്പനാൽ ജ്യൂവല്ലേഴ്‌സ് ഉൽഘാടനം ചെയ്ത്‌ ജനങ്ങളിലേക്ക് സമർപ്പിക്കുന്നു , എന്ന് അവൾ വായിച്ചു നിർത്തിയിട്ട ഇത് ആരാ റസിയ എന്ന് ഒന്ന് കുത്തി ചോദിച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കി നിന്നു

പറഞ്ഞിട്ട് കാര്യമില്ലെടി ഞാൻ ഒന്ന് മനസ്സ് വെച്ചിരുന്നുവെങ്കിൽ ഇന്ന് അവൾ ഇവിടെ നിന്നേനെ നിനക്ക് പകരം എന്ന് പറഞ്ഞു ഒളികണ്ണിട്ട് അവളെ ഒന്ന് നോക്കിയിട്ട് കസേരയിൽ നിന്നും എഴുന്നേറ്റു റൂമിലേക്ക് നടന്നു , പുറകെ അവളും വരുന്നത് കണ്ട് ടൗവൽ എടുത്തു വേഗം ബാത്‌റൂമിൽ കയറി കതകടച്ചു…

ഷവറിൽ നിന്ന് വെള്ളം തലയിലേക്ക് വീണപ്പോഴാണ് , അന്നത്തെ സ്കൂൾ മൈസൂർ ട്രിപ്പിലേക്ക് മനസ്സ് പോയത് , കുറച്ചു താമസിച്ചാണ് ബുക്ക് ചെയ്ത ഹോട്ടെലിൽ വണ്ടി എത്തിയത് , പറഞ്ഞിരുന്ന 7 റൂമിൽ നിന്ന് ഒന്ന് വേറെ ഏതോ ടീമിന് കൊടുത്തത് കൊണ്ട് എല്ലാവരും ഒന്ന് അഡ്ജസ്റ്റ് ചെയ്ത്‌ കിടക്കണം എന്ന് പറഞ്ഞപ്പോൾ തന്നെ റസാക്ക് എന്റെ കയ്യിൽ മുറുക്കെ പിടിച്ചിരുന്നു..

പലരും വന്ന് അവനെ ഇറിറ്റേറ്റ് ചെയ്യുന്നുണ്ടെങ്കിലും അൽപ്പം ദേഷ്യക്കാരനായ എന്നോടുള്ള പേടി കൊണ്ട് എന്നെ കാണുമ്പോഴേ അവരൊക്കെ മുങ്ങാറാണ് പതിവ് , നേരം വെളുത്തു ഓരോരുത്തരായി കുളിച്ചു റെഡിയായി താഴേക്ക് വാ എന്ന് പറഞ്ഞിട്ട് അധ്യാപകൻ പോയപ്പോൾ തന്നെ ഞാൻ കുളിക്കാൻ കയറി…

തലയിലേക്ക് വെള്ളം വീണു തുടങ്ങിയപ്പോൾ ഷാനുവെന്നുള്ള റസാഖിന്റെ കരച്ചിൽ കേട്ടിട്ട് തോർത്തും ഉടുത്തു പെട്ടെന്ന് ഡോർ തുറന്ന് ഇറങ്ങുമ്പോൾ കണ്ടത് , കുറച്ചു കുട്ടികളുടെ നടുക്ക് നിന്ന് കരയുന്ന റസാഖിനെയാണ് , നെഞ്ച് കൈ വെച്ചു മറച്ചു പിടിക്കുന്നത് കണ്ടപ്പോഴാണ് അവന്റെ ഷർട്ട് കീറി താഴെ കിടക്കുന്നത് കണ്ടത് , എന്നെ കണ്ടയുടനെ അവരെ തള്ളിമാറ്റി എന്റെ പുറകിൽ അവൻ വന്ന് നിന്നുവെങ്കിലും അവന്റെ കരച്ചിൽ നിന്നിരുന്നില്ല…

“അത് എന്താ ഷാനുവേ , അവനും ആണ്കുട്ടിയല്ലേ കുളിക്കാൻ കയറുമ്പോൾ എന്തിനാടാ ഷർട്ട് അഴിച്ചു വെച്ചിട്ട് പോ എന്ന് പറഞ്ഞപ്പോൾ അവനു നാണം , അത് ഒന്ന് മാറ്റിക്കൊടുത്തതാ” എന്ന് രാഹുൽ പറഞ്ഞു തീർന്നപ്പോഴേക്കും എന്റെ കാൽ അവന്റെ വയറ്റിൽ തൊഴിച്ചിരുന്നു , പെട്ടെന്നുള്ള ഇടി കൊണ്ട് അവൻ വയറ്റിൽ കൈ അമർത്തി താഴേക്ക് ഇരുന്നപ്പോഴേക്കും ചുറ്റും നിന്ന് ചിരിച്ചവർ ഓരോരുത്തരായി റൂമിൽ നിന്ന് ഇറങ്ങി ഓടി..

റസാഖിന്റെ മുഖം കണ്ട് സഹിക്കാൻ കഴിയാതെ വീണ്ടും അവനെ ഇടിക്കാൻ തുനിഞ്ഞപ്പോൾ കയ്യിൽ കയറിപ്പിടിച്ചതും പാവം അവൻ തന്നെയയിരുന്നു , പിന്നീട് അങ്ങോട് അവനു ഒരു ബോഡി ഗാർഡ് തന്നെയായിരുന്നു ഞാൻ …

*************

ഇപ്പോഴും ആ റസിയയെ ഓർത്തു ഇരിക്കുവാണോ മനുഷ്യ കുളിക്കുന്ന ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ എന്ന ഭാര്യയുടെ വാക്ക് കേട്ടിട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത് , വേഗം കുളിച്ചിറങ്ങി കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു പുറത്തേക്ക് ഇറങ്ങിയപ്പോഴേ പുറകിൽ ഉള്ള അവളുടെ വരവ് ഞാൻ ശ്രെദ്ധിച്ചു , അതെ ഇക്ക ആരാ റസിയ എന്നവളുടെ കുശുമ്പ് കലർന്ന ചോദ്യം കേട്ടിട്ട് ന്റെ പടച്ചോനെ നീ ഇത് വരെ അത് വിട്ടില്ലെന്ന് ഉള്ള എന്റെ ചോദ്യത്തിന് മുഖം വീർപ്പിക്കുന്നത് കണ്ടിട്ടാണ് ഞാൻ ടൂർ പോയ കഥ വരെ ഓളോട് പറഞ്ഞത് ..

പടച്ചോനെ ഓൾ ആദ്യം ഓൻ ആയിരുന്നോ എന്നവളുടെ ചോദ്യം കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു , പറ ഇക്ക പിന്നെ എങ്ങെനയാ ഓൻ ഇത്ര മൊഞ്ചത്തി ആയതെന്ന അവളുടെ ചോദ്യത്തിന് , പെണ്ണെ പ്രീഡിഗ്രി വരെ അവൻ എന്റെ കൂടെ ഉണ്ടായുള്ളൂ , അവന്റെ ഇങ്ങനെയുള്ള സംസാരവും നടത്തവും എല്ലാം നാട്ടുകാർക്ക് ഇടയിലും അവൻ ഒരു പരിഹാസ്യ കഥാപാത്രം ആണെന്ന് ഓന്റെ ഉമ്മ ഒരിക്കൽ അവിടെ പോയപ്പോ പറഞ്ഞിട്ടുണ്ട് ..

പിന്നീട് ഒരിക്കൽ അവൻ സീരിയസായി ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞു ഞാൻ ഓടി പാഞ്ഞു അവിടെ എത്തിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവന്റെ ഉപ്പ ആണ് പറഞ്ഞത് , കുറ്റപ്പെടുത്തലുകൾ സഹിക്കാൻ കഴിയാതെ അവൻ ഉറക്ക ഗുളിക അമിതമായി കഴിച്ചതാണെന്ന് , പടച്ചോൻ ഒനെ തിരിച്ചു തന്നാൽ ഇവിടെ കിട്ടുന്ന വിലക്ക് വസ്തുവും വീടും വിറ്റിട്ട് എങ്ങോട് എങ്കിലും പോകണം എന്നും,

അതിനു ശേഷം അവന്റെ ഓപ്പറേഷൻ കഴിഞ്ഞു എന്ന് അറിഞ്ഞത് അന്ന് അവന്റെ ഷർട്ട് വലിച്ചു കീറിയ രാഹുൽ പറഞ്ഞിട്ട് ആണ് , അവൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ വെച്ചായിരുന്നത്രെ ഓപ്പറേഷനും , ഇപ്പൊ അവൾ ആഗ്രഹിച്ചത് പോലെ സെലിബ്രിറ്റിയായ ഒരു മോഡലും .എല്ലാം ഒരു നിയോഗം അല്ലെടി എന്നവളെ നോക്കി പറഞ്ഞപ്പോൾ ഇക്ക നമ്മുക്ക് ഒന്ന് പോയി കണ്ടാലോ ഓളെ എന്നവളുടെ ചോദ്യം കേട്ട് എന്തിനു മമ്മുക്ക പറഞ്ഞത് പോലെ എന്റെ എല്ലാം ആയിരുന്നു ബാലൻ എന്നൊന്നും അവൾ പറയില്ല ,

അതൊക്കെ അന്നത്തെ ചെറിയ ഓർമ്മകൾ ആണ് നമ്മുക്ക് എങ്കിൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത നിമിഷങ്ങൾ ആകും അവൻ അത് എന്ന് പറഞ്ഞു തിരികെ നടന്നെങ്കിലും അവള്ക്ക് ഒന്ന് കാണണം എന്ന വാശിക്കൊടുവിൽ പോകാം എന്ന് ഞാൻ സമ്മതിച്ചു…

വണ്ടി അടുത്തേക്ക് എത്തിയപ്പോഴേക്കും തിരക്ക് കാരണം പോലീസ് വണ്ടി നിയന്ത്രിക്കുന്നത് കാണണമായിരുന്നു , കുറച്ചു സമയത്തിന് ശേഷം വലിയ ആരവത്തോടെ അവളുടെ വണ്ടിയും വന്നു , എല്ലാവരെയും കൈവീശി അവൾ സ്റ്റേജിലേക്ക് കയറുമ്പോൾ നിർത്താതെ ഉള്ള ആരവം സത്യത്തിൽ എന്റെ കണ്ണ് നിറച്ചിരുന്നു . ചെറിയ ഒരു പ്രസംഗത്തിന് ശേഷം തിരികെ വണ്ടിയിലേക്ക് കയറും മുമ്പ് എന്റെ പിടി വിടുവിപ്പിച്ചു ഭാര്യ അവളുടെ അടുക്കലേക്ക് എത്തിയിട്ട് ആ പഴയ റസാഖിന്റെ സുഹൃത് ഷാനുവിന്റെ ഭാര്യ ആണെന്ന് അവൾ പറഞ്ഞപ്പോഴേക്കും ഒരമ്പരപ്പോടെ അവളെയും എന്നെയും മാറി മാറി നോക്കിയിരുന്നു റസിയ…

അവൾക്ക് നേരെ നോക്കി കൈ വീശി കാണിച്ചപ്പോഴേക്കും അവളോട് പത്രക്കാരുടെ “വിജയത്തിന്റെ പുറകിലെ രഹസ്യം എന്താണെന്നുള്ള ചോദ്യത്തിന് “, തളർന്നു പോകും എന്ന് വരുമ്പോൾ ഒക്കെ ദോ അത് പോലെയുള്ള ഒരു സുഹൃത്തിന്റെ സാമിപ്യം അല്ല അവന്റെ മുഖം പോലും വെറുതെ ഓർത്താൽ മതീന്ന് പറഞ്ഞു എന്റെ അടുക്കലേക്ക് എത്തി എന്നെ ചേർത്ത് പിടിച്ചിട്ട് ,

കുറെ വിശേഷങ്ങൾ ചോദിച്ചിട്ട് , സത്യം പറ ഇപ്പോഴും നിനക്ക് എന്നോട് ഒന്നും തോന്നുന്നില്ലേ എന്നവൾ ചെവിയിൽ പറഞ്ഞപ്പോൾ. നിറഞ്ഞിരുന്ന കണ്ണിനേക്കാളും ഭംഗിയായി ഞങ്ങൾ പൊട്ടിചിരിച്ചിരുന്നു…..

ലൈക്ക് കമൻ്റ് ചെയ്യണേ…..

രചന : ഷാനവാസ് ജലാൽ