നാളെ കല്യാണം നടക്കില്ല.. ആ കല്യാണപ്പെണ്ണ് കാമുകനൊപ്പം ഒളിച്ചോടി പോയി…..

രചന : മേഘ മയൂരി

നന്ദിനി…….

**************

“അമ്മേ.. അവളെന്താ എന്നുമെന്നും വീട്ടിലേക്ക് വരുന്നത്?”

” അവളോ? ആര്?”

“ആ നന്ദിനി..”

” അവള് നിന്റെ മുറപ്പെണ്ണല്ലേ… അവളെന്നെ സഹായിക്കാൻ വരുന്നതാ… അവള് വരുന്നതിന് നിനക്കെന്താ കുഴപ്പം?”

“സഹായിക്കാൻ വന്നാൽ അതു മാത്രം ചെയ്താൽ മതിയെന്നു പറയ്… എന്റെ കാര്യത്തിലിടപെടണ്ട….

നാശം… ഞാനെന്തു ചെയ്താലും അവൾക്കെന്താ?

എന്നെ ഉപദേശിക്കാൻ അവളാരാ..

എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും…

എനിക്കിഷ്ടമുള്ളവരോടു ഞാൻ സംസാരിക്കും…

അതിലവൾക്കെന്താ നഷ്ടം? എനിക്കാണെങ്കിൽ ആ ജന്തൂനെ കാണുന്നതേ കലിയാ…”

ഇതും പറഞ്ഞ് മുടി ചീകി വിനു മുറിയിൽ നിന്നിറങ്ങിയതും മുമ്പിൽ നന്ദിനി.. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്… വിതുമ്പാനൊരുങ്ങി നിൽക്കുന്നു ചുണ്ടുകൾ.. പൊട്ടി വന്ന തേങ്ങൽ കടിച്ചു പിടിച്ചൊതുക്കിയിരിക്കുന്നു..

നന്ദിനിയെ കണ്ടതും വിനുവിന്റെ മുഖത്താകെ ജാള്യത പരന്നു.. താൻ പറഞ്ഞതൊക്കെ ഇവൾ കേട്ടെന്നാണ് തോന്നുന്നത്.. നന്ദിനിക്ക് മുഖം കൊടുക്കാതെ അവൻ പതിയെ വീടിനു പുറത്തേക്കിറങ്ങി..

“അമ്മേ ഞാനിറങ്ങുന്നു… ”

“ഇന്നാ ചോറു കൊണ്ടു പോ.. ” ജാനകിയമ്മ അടുക്കളയിൽ നിന്നും ലഞ്ച് ബോക്സും കുപ്പിവെള്ളവും കൊണ്ടോടി വന്നു…

“ങാ… നന്ദു മോളെത്തിയോ? ഞാൻ രാവിലത്തെ തിരക്കിലായിരുന്നു…. മോളകത്തോട്ടിരിക്ക്…. ”

നന്ദിനിയെ നോക്കി ചിരിച്ചതിനു ശേഷം ലഞ്ച് ബോക്സും വാട്ടർ ബോട്ടിലും വിനുവിനു നേർക്കു നീട്ടി..

വിനു അത് വാങ്ങി ബാഗിൽ വച്ചു കൊണ്ട് ബൈക്കെടുക്കാനായി കാർഷെഡിലേക്കു നീങ്ങി….

ബൈക്ക് കടന്നു പോയ ശേഷം ഗേറ്റടച്ചു കൊണ്ട് ജാനകിയമ്മ തിരികെ സിറ്റൗട്ടിലേക്കു കയറി..

നന്ദിനിയുടെ മുഖത്താകെ ഒരു മ്ലാനത..

“ഞാനിവിടെ വരുന്നത് വിനുവേട്ടന് ഇഷ്ടമല്ല … അല്ലേ.. അപ്പച്ചി…. വിനുവേട്ടൻ പറഞ്ഞത് ഞാൻ കേട്ടു….”

“ഏയ്.. മോളങ്ങനെയൊന്നും കരുതണ്ട.. നിന്നോട് ഇഷ്ടക്കേടൊന്നുമില്ല.. നീ പറഞ്ഞതെന്തെങ്കിലും ഇഷ്ടപ്പെടാത്തതു കൊണ്ടായിരിക്കും…..നിനക്കറിഞ്ഞൂടെ അവനൊരു ചൂടനാണെന്ന്…. ”

വീട്ടിലെ പണികൾക്ക് അപ്പച്ചിയെ സഹായിക്കുമ്പോൾ അവളധികമൊന്നും മിണ്ടിയില്ല…. പുട്ടും കടലയും കഴിച്ച് ചായയും കുടിച്ച് അവൾ വീട്ടിലേക്ക് പോകാനൊരുങ്ങി..

വീട്ടിലെത്തിയിട്ടും ഒരു സുഖം തോന്നിയില്ല..

വിനുവേട്ടന്റെ വാക്കുകൾ വീണ്ടും വീണ്ടും മനസിലേക്കു വന്നു കൊണ്ടിരിക്കുന്നു.

ഓർമ്മ വച്ച നാൾ മുതലേ കാണുന്നതാണ് വിനുവേട്ടനെ…. വിനു നന്ദിനിക്കുള്ളതാ എന്ന് ചെറുപ്പം മുതൽക്ക് പറഞ്ഞു വച്ചതാണ് അപ്പച്ചിയും അച്ഛനും… കേട്ട് കേട്ട് തന്റെയുള്ളിലും പ്രതിഷ്ഠിച്ചു വച്ചിരുന്നു വിനുവേട്ടനെ….. പക്ഷേ വിനുവേട്ടന് തന്നെയായിരുന്നില്ല … തന്റെ കൂട്ടുകാരിയായ ശ്രുതിയെയാണിഷ്ടം എന്ന് ഈയിടയ്ക്കാണ് മനസിലാകുന്നത്….

കോളേജിൽ പോകുമ്പോൾ ബസിൽ സ്ഥിരമായി കണ്ടപ്പോളും ഇടയ്ക്കെവിടെ വച്ചെങ്കിലും അപ്രതീക്ഷിതമായി കാണുമ്പോഴും അതിനിങ്ങനെയൊരു കാരണമുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നതേയല്ല…..ശ്രുതിയെ തനിക്ക് നന്നായറിയാം… കൂട്ടുകാരിയാണെങ്കിലും ശ്രുതിക്ക് വിനുവേട്ടനോടുള്ളത് വെറും ടൈം പാസ് മാത്രമാണെന്ന് തനിക്ക് വ്യക്തമാണ്….. സുഖ സുന്ദരമായ ഹൈ.. ഫൈ.. ലൈഫ് ആസ്വദിക്കുന്ന , വിദേശ രാജ്യങ്ങളിൽ പോകുന്നതും മറ്റും സ്വപ്നം കണ്ടിരിക്കുന്ന ശ്രുതിക്ക് ഒരു കമ്പനി ജീവനക്കാരനായ വിനുവേട്ടനുമായുള്ള ബന്ധം ടൈം പാസല്ലാതെ മറ്റെന്താണ്? അതവൾ പറയുക കൂടി ചെയ്തതാണ്…. അതിനെക്കുറിച്ച് ഒന്നു മുന്നറിയിപ്പ് നൽകിയതാണ് അന്ന് വിനുവേട്ടന്..

അപ്പോൾ വിനുവേട്ടൻ പറഞ്ഞത്…. ശ്രുതിയുടെയത്ര സൗന്ദര്യമോ സാമ്പത്തികമോ ഇല്ലാത്തതിന്റെ അസൂയയാണ് തനിക്കെന്നാണ്….

പിന്നീടതിനെക്കുറിച്ച് സംസാരിക്കാനൊന്നും പോയില്ല…. ശ്രുതിയോടും അധികം ചങ്ങാത്തത്തിനു പോയില്ല…. വിനുവേട്ടന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ….. തന്നെ വേണ്ടാത്തവരെ തനിക്കെന്തിനാണ്? എന്നാലും മറക്കാൻ കഴിയുന്നില്ല.. അവൾ നെടുവീർപ്പിട്ടു..

വിനുവിന്റെയും ശ്രുതിയുടെയും എൻഗേജ്മെന്റ് വാർത്ത രണ്ടു പേരും കൂടെ ചേർന്നാണ് നന്ദിനിയോട് വന്ന് പറഞ്ഞത്… അപ്പച്ചി ഒരു പാട് എതിർത്തെങ്കിലും ഒടുവിൽ കണ്ണീരോടെ സമ്മതിക്കേണ്ടി വന്നു അവർക്ക്.. നന്ദിനിയെ കണ്ട് കെട്ടിപ്പിടിച്ചു കരഞ്ഞു അവർ.. അപ്പച്ചിയുടെ നിസ്സഹായാവസ്ഥ അവൾക്ക് ബോധ്യമായിരുന്നു..

വിനുവിന്റെ കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.. നാടാകെ എല്ലാവർക്കും കല്യാണക്ഷണം പോയി.. കല്യാണത്തലേന്ന് രാത്രി പെണ്ണിന്റെ വീട്ടിൽ നിന്നും ഒരു ഫോൺ കോൾ

“.. നാളെ കല്യാണം നടക്കില്ല.. കല്യാണപ്പെണ്ണിനെ കാണാനില്ല…..”

കാര്യമറിഞ്ഞയുടനെ വിനുവും കുറച്ചു കൂട്ടുകാരും കൂടെ പെണ്ണിന്റെ വീട്ടിൽ പോയി.

അവിടെയെത്തിയപ്പോഴാണ് കൂടുതൽ വിവരങ്ങളറിഞ്ഞത്… ശ്രുതി കാമുകന്റെയൊപ്പം ഒളിച്ചോടിപ്പോയതാണ്.. ഇന്നാണ് ലോക്കറിൽ നിന്നും സ്വർണ്ണാഭരണങ്ങളെല്ലാം കൊണ്ടുവന്നത്..

അതെല്ലാം എടുത്തിട്ടു പോയിട്ടുണ്ട്.. കൂടെ പൈസയും…..

പെണ്ണിന്റെ വീട്ടുകാരുമായി കുറച്ചു കയ്യാങ്കളിയായെങ്കിലും അവരെന്തു ചെയ്യാൻ?

നിശ്ചയത്തിനിട്ട മോതിരത്തിന്റെ വിലയും നഷ്ടപരിഹാരവും വാങ്ങി അവിടെ നിന്നിറങ്ങി..

പിറ്റേ ദിവസം കല്യാണം മുടങ്ങാതിരിക്കണമെങ്കിൽ പെണ്ണു വേണമല്ലോ.. ജാനകിയമ്മ സഹോദരനോട് നന്ദിനിയുടെ കാര്യം പറഞ്ഞു. നന്ദിനിക്ക് വിനുവിനോടുള്ള ഇഷ്ടം രണ്ടു പേർക്കും അറിയാവുന്നതാണല്ലോ…

” അവളോടു ചോദിച്ചു നോക്കട്ടെ… അവളുടെ ജീവിതമല്ലേ.. അവളല്ലേ തീരുമാനിക്കേണ്ടത്…”

നന്ദിനിയുടെ അച്ഛനും അമ്മയും ജാനകിയമ്മയും വിനുവും ഒരുമിച്ച് നന്ദിനിയെ സമീപിച്ചു….

“എന്താ.. അച്ഛാ…. എല്ലാരും കൂടെ… ”

” മോളെ… കാര്യങ്ങളൊക്കെ നീ അറിഞ്ഞു കാണുമല്ലോ….. നാളത്തെ കല്യാണം മുടങ്ങാതിരിക്കാൻ ഒരു വഴിയേ ഉള്ളൂ.. കല്യാണപ്പെണ്ണായി നീ വേണമെന്നാ വിനുവിന്.. വിനുവുമായുള്ള കല്യാണത്തിന് നിനക്ക് സമ്മതമല്ലേ…”

രാമചന്ദ്രൻ മകളെ പ്രതീക്ഷയോടെ നോക്കി..

” ഇതിനു മറുപടി എനിക്ക് വിനുവേട്ടനോടാണ് പറയാനുള്ളത്…”

“എന്താണ് നന്ദിനി?”

“നിങ്ങൾക്കെന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ?”

“അതെ ”

” എന്നാൽ നിങ്ങളെ വിവാഹം ചെയ്യാൻ ഞാൻ തയ്യാറല്ല…എന്നേക്കാൾ മികച്ച ഒരാളെ കണ്ടപ്പോൾ എന്റെ സ്നേഹം തിരസ്ക്കരിച്ചതല്ലേ നിങ്ങൾ..

ഇപ്പോൾ തീരെ നിവൃത്തിയില്ലാത്തൊരു ഘട്ടം വന്നപ്പോഴല്ലേ നിങ്ങളെന്റെ പേര് ഓർത്തത്……ആരുടെയും ഒഴിവിൽ എനിക്കു കയറണ്ട.. എന്റെ കുറവുകളും എന്നെയും മനസിലാക്കി സ്നേഹിക്കാനും സംരക്ഷിക്കാനും പറ്റുന്ന ഒരാൾ വരട്ടെ.. അന്നു മതി എനിക്കൊരു വിവാഹം… ”

” അപ്പച്ചി എന്നോട് ക്ഷമിക്കണം” ജാനകിയമ്മയുടെ കൈ കവർന്നുകൊണ്ട് അവൾ പറഞ്ഞു..

” ഞാൻ നിന്നെ കുറ്റം പറയില്ല മോളേ… എന്റെ മകൻ നിന്നെ അർഹിക്കുന്നില്ല.. ”

അവർ പുറം കൈ കൊണ്ടു കണ്ണീർ തൂത്തു….

വിനു മറുപടിയില്ലാതെ തല കുനിച്ചു നിന്നു..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : മേഘ മയൂരി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top