സിനിമയിൽ കാണുന്നത് പോലോന്നും അല്ലാട്ടാ ശരിക്കുള്ള പെണ്ണ് കാണൽ…

രചന : ജിഷ്ണു രമേശൻ

കുടുംബം നോക്കാൻ വരുമാനമുള്ള ഒരു ജോലി ആയപ്പോ വീട്ടിൽ ചെറുതായിട്ട് കല്യാണക്കാര്യം എന്നോട് പറഞ്ഞതെ ഉള്ളൂ, അപ്പൊ തന്നെ ചാടിക്കേറി ‘ യെസ് ‘ പറഞ്ഞു..എന്തിനാ വെറുതെ വൈകിക്കുന്നത്, അത് തന്നെ കാര്യം..

ന്റെ അമ്മേടെ കൂട്ടുകാരിടെ പരിചയത്തിലുള്ള കൂട്ടരാ പെണ്ണിന്റെ വീട്ടുകാര്.. അതോണ്ട് തന്നെ ഒരു ഓണംകേറാ മൂലയിലാ വീട്..ജാതകം പത്തിൽ ഒമ്പത് പൊരുത്തം ഉണ്ടെന്നോക്കെ അവര് വിളിച്ച് പറഞ്ഞുത്രെ.. അച്ഛനും അമ്മയും അച്ഛന്റെ അനിയന്റെ മോനും അങ്ങനെ കുറച്ച് പേരെ പോയുള്ളു….

മ്മ്ടെ പതിനെട്ടാം പടി പോലെ കേറി പോണം പെണ്ണിന്റെ വീട്ടിൽക്ക്‌..വീടിന്റെ ചുറ്റുവട്ടം കണ്ടപ്പോ തന്നെ മനസിലായി പെണ്ണിന്റെ അച്ഛന് ജോലി എന്നത് കൃഷി ആണെന്ന്… അത്രയ്ക്കും ഉണ്ട് വാഴയും, കവുങ്ങും, കപ്പയും, പയറും, പടവലവും, പിന്നെ വീടിന്റെ താഴ്ത്ത് കുറച്ച് നെൽ പാടവും..

ഞായറാഴ്ച ആയോണ്ട് അവിടെ സർവത്ര പേരും ഉണ്ടാവൂന്ന് ഉറപ്പായിരുന്നു..എനിക്കാണെങ്കിൽ ഒടുക്കത്തെ ചമ്മലും.. ആദ്യായിട്ടാണെ ഈ പരിപാടിക്ക് പോണത് ( പെണ്ണ് കാണൽ)…

സാധാരണ പോലെ തന്നെ അവരു അകത്തേക്ക് വിളിക്കുന്നു, ബഹുമാനത്തോടെ അകത്തേക്ക് കയറുന്നു, ഇരിക്കാൻ പറയുന്നു, മുണ്ടിന്റെ ചുളിവ് മാറാതെ തന്നെ ഇരിക്കുന്നു..

അടുത്ത സീൻ കാർന്നോമാരുടെ കാലാവസ്ഥാ വ്യതയാനത്തെ പറ്റിയുള്ള ചർച്ച… എന്റെ അമ്മയും അനിയനും അടുക്കളയിലേക്ക് എത്തി നോക്കുന്നുണ്ട്.. അത് കണ്ട് അമ്മയെ ഞാൻ തുറിച്ച് നോക്കി..

ന്റെ നെഞ്ചിടിപ്പ് കൂടുന്നു, അതാ പെട്ടന്ന് പെണ്ണ് ചായയൊന്നും ഇല്ലാതെ സീനിലേക്ക്‌ കടന്നു വരുന്നു..പുറകെ പെണ്ണിന്റെ ആരൊക്കെയോ ചായയും പലഹാരങ്ങളും ആയിട്ട് വരുന്നു..

“മോനെ കുട്ടിയെ നോക്കടാ, ഇഷ്ടായൊ നിനക്ക്..?” എന്നൊക്കെ സിനിമയിൽ മാത്രേ ചോയിക്കൂ എന്റെ പൊന്നു കൂട്ടുകാരെ.. വേണോങ്കി മ്മള് നോക്കണം പെണ്ണിനെ..

ഞാൻ പതിയെ ചായ ഗ്ലാസും പിടിച്ച് അവളെ നോക്കി.. ദേണ്ടടാ അപ്പൊ അവള് എന്നെ തന്നെ നോക്കുന്നു..തൊണ്ടയിലെ വെള്ളം വരണ്ടു പോയി..

അപ്പോഴാണ് മ്മ്ടെ പെണ്ണിന്റെ അച്ഛന്റെ മരണമാസ് ഡയലോഗ്..

“പഴയ കാലമൊന്നും അല്ലാലോ, ഇവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ രണ്ടാളും അങ്ങട് പോയി നിന്നു സംസാരിക്കട്ടെ…!”

ഒരു ചെറിയ ചമ്മലോടെ അവരുടെയൊക്കെ മുന്നിലൂടെ പെണ്ണിനോട് സംസാരിക്കാനായി നടന്നു..

ആ വീട്ടിലെ ഏറ്റവും നല്ലൊരു മുറി തന്നെയാണ് സംസാരിക്കാൻ തിരഞ്ഞെടുത്തത്.. മുറിയിലെ ജനാലയിൽ കൂടി നോക്കിയാൽ താഴെയുള്ള പാടം കാണാം.. അപ്പോഴാണ് അത് കണ്ടത്, പെണ്ണിന്റെ മുത്തശ്ശി കിടക്കുന്നത്..മുത്തശ്ശിയുടെ മുറിയായിരുന്നു അത്..

ആ ഒരു കാര്യത്തിൽ മനസ്സിന് വളരെയധികം സന്തോഷം തോന്നി..തന്റെ വയസുകാലത്ത് ആ മുത്തശ്ശിയുടെ മക്കൾ നല്ല രീതിക്ക് തന്നെ നോക്കുന്നുണ്ടെന്ന് മനസിലായി.. അത്രയും വൃത്തിയായാണ് ആ മുറി സൂക്ഷിച്ചിരിക്കുന്നത്..

“മുത്തശ്ശിക്ക് കൂട്ടിന് ഞാനാ ഇവിടെ കിടക്കുന്നത്..”

പെണ്ണിന്റെ ശബ്ദമായിരുന്നു അത്.. അയ്യോ അവളുടെ പേര് അശ്വതി എന്നാട്ടോ..

രണ്ടും കല്പിച്ചു ഞാനവളോട് ചോദിച്ചു,

‘ അതേ, സത്യം സത്യമായി തന്നെ വേണം പറയാൻ, എന്നെ ശരിക്കും ഇഷ്ടായൊ..? അതോ അച്ഛന്റെ ഭീഷണിക്ക് വഴങ്ങി എന്നെ ഇഷ്ടാണെന്നു പറയൊ..? അല്ലെങ്കിൽ കുട്ടിക്ക് പ്രേമമോ അങ്ങനെ എന്തെങ്കിലും ഉണ്ടോ..! ഉണ്ടെങ്കിൽ പറഞ്ഞാ മതി, എന്തെങ്കിലും കാരണം പറഞ്ഞ് ഞാൻ തന്നെ ഇത് മുടക്കാം.. വേണോങ്കി എന്റെ സഹായവും പ്രതീക്ഷിക്കാം.. ‘

“ആഹാ കൊള്ളാലോ ചേട്ടൻ…; അല്ലാ, ചേട്ടൻ നാടകം പഠിച്ചിട്ടുണ്ടോ..? വേറൊന്നും കൊണ്ടല്ല, ഇത്രയും വലിയ ഡയലോഗ് കാണാതെ പഠിച്ചത് പോലെ എന്നോട് ചോദിച്ചത് കൊണ്ട് തോന്നിയതാ..!”

അവളുടെ ആ മറുപടി കേട്ടപ്പോ ചിരിയാണ് വന്നത്..

‘ അയ്യോ വേറൊന്നും കൊണ്ടല്ല ചോദിച്ചത്, സാധാരണ അങ്ങനെയൊക്കെ ആണല്ലോ.

കല്യാണത്തിന്റെ തലേന്ന് ഒളിച്ചോടി പോവാ, കല്യാണം കഴിഞ്ഞ അന്ന് ഒളിച്ചോടി പോവാ, ഇതൊക്കെ ഇപ്പോഴത്തെ ഒരു ഫാഷൻ ആണല്ലോ, അതാ…!’

“ചേട്ടൻ പറഞ്ഞത് ശരിയാ, അങ്ങനെ ഉള്ള പെൺകുട്ടികളുടെ അച്ഛനമ്മമാർ തന്നെയാ ഇതിനൊക്കെ ഒരു പരിധി വരെ കാരണം, ഒരിക്കലും പെൺകുട്ടികൾക്ക് ഉള്ളിലെ ഇഷ്ടവും മറ്റും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കില്ല..അതിനുള്ള അവസരം പോലും ചിലപ്പോ നൽകില്ല.. അച്ഛൻ എന്ന് പറഞ്ഞാല് അവർക്കൊരു പേടി മാത്രമാവും..അതാണ് കൂടുതലും പ്രശ്നം..എല്ലാം തുറന്നു പറഞ്ഞാല് ചേട്ടൻ ഇൗ പറഞ്ഞ ഒരു നാണക്കേട് ഒഴിവാക്കാം..”

അത്രയും കേട്ടപ്പോ പത്തിൽ ഒമ്പത് പൊരുത്തമുള്ള ഇൗ സാധനം എന്റെ തലയിൽ ആയി എന്നെനിക്ക് മനസ്സിലായി..കൂടെ ഒരു ചെറിയ ലഡുവും പൊട്ടി..

” ചേട്ടനറിയോ, എനിക്കും എന്റെ അച്ഛനും അമ്മയ്ക്കും ഇടയിൽ ഒരു രഹസ്യവും ഇല്യ..ഞങ്ങള് നല്ല കൂട്ടുകാരെ പോലെയാ.. പിന്നെ ഇതെന്റെ ആദ്യത്തെ പെണ്ണ് കാണൽ ആണുട്ടോ.. അമ്മയും പറഞ്ഞു ചേട്ടന്റെയും ആദ്യത്തെ ആണെന്ന്..”

അപ്പോഴാണ് മുറ്റത്തെ ചാമ്പങ്ങ മരം ജനാലയിലൂടെ കണ്ടത്..

‘ ആഹാ കൊറേ നാളായി ചാമ്പങ്ങ തിന്നിട്ട്‌..പറച്ചാ കൊഴപ്പണ്ടാ…!’

“ഏയ് എന്ത് കുഴപ്പം..ചേട്ടൻ വായോ, ഇവിടെ ആരും തിന്നില്യ, അപ്പുറത്തെ വീട്ടിലെ കുട്ട്യോള് മുഴുവനും പൊട്ടിച്ചിട്ട് പോവും..”

അങ്ങനെ അടുക്കള വഴി മുറ്റത്തേക്കിറങ്ങി ചാമ്പ മരം പിടിച്ച് കുലുക്കി കുറെയൊക്കെ പൊട്ടിച്ചു..

ചാമ്പങ്ങ തിന്നണേണ്ടെ ഇടക്ക് ഞാൻ അവളോട് ചോയ്ച്ചു,

‘ അശ്വതി, അതേ ഒരു കാര്യം, നിനക്ക് എന്നെ ഇഷ്ടായാ..? ഇഷ്ടായെങ്കി പിന്നെ ഇടക്ക് ഇടക്ക് ഇങ്ങനെ ഇവിടെ വന്ന് ചാമ്പങ്ങ തിന്നാലോ..!’

ഒന്ന് ചിരിച്ചിട്ട് അവള് പറഞ്ഞു,

“ആഹാ കൊള്ളാലോ മോൻ..; ചാമ്പക്ക തിന്നാനാ എന്നെ കെട്ടണത്..! എന്നാ പിന്നെ അങ്ങനെ ആവട്ടെ, എനിക്ക് ഇഷ്ടയിട്ടാ ഇങ്ങളെ.. ”

അവൾടെ ആ മറുപടി കേട്ടപ്പോ ആ ഒരു സീനില് ശരിക്കും എന്താ പറയാ, അങ്ങനെ എന്തൊക്കെയോ ആയി…

അടുത്ത സീൻ അകത്ത് ഞങ്ങൾക്ക് പരസ്പരം ഇഷ്ടായി എന്നറിഞ്ഞപ്പോ കല്യാണം ഉറപ്പിക്കുന്ന രംഗം ആയിരുന്നു..

പിന്നെ അതിന്റെ രണ്ടാഴ്ച കഴിഞ്ഞപ്പോ ചെറിയൊരു മോതിരമാറ്റം.. അവിടുന്ന് നേരെ ടൗണിലെ വിനോദേട്ടന്റെ ഷോപ്പിൽക്ക്‌ ചെന്നിട്ട് ഒരു നല്ല ഫോൺ വാങ്ങി അവൾക്ക്..കൂടെ അച്നും അമ്മയ്ക്കും ഒരു ജോഡി ഡ്രെസ്സും..

ഡ്രസ്സ് എല്ലാ മാസവും വിശേഷം ഉണ്ടെങ്കിലും ഇല്ലെങ്കിലും എടുത്തു കൊടുക്കും, അത് വേറെ കാര്യം..

അശ്വതിക്ക് ഫോൺ വാങ്ങിയത് വേറൊന്നും അല്ല, ഇന്നത്തെ കാലത്ത് സ്വന്തമായി ഫോണില്ലാത്ത ഒരു പെണ്ണിനെ കാണാൻ കുറച്ച് ബുദ്ധിമുട്ടാണ്..

വീട്ടിലുള്ള ഒരു പഴയ നോക്കിയ ഫോണാണ് അവളും ഉപയോഗിക്കുന്നത്..

അടുത്ത സീൻ കല്യാണം ആണുട്ടോ.. പിന്നത്തെ സീൻ മ്മ്ടെ ആദ്യ രാത്രി.. ഇന്നേക്ക് മൂന്ന് വർഷം കഴിഞ്ഞു..അതായത് മൂന്നാമത്തെ വിവാഹ വാർഷികം..

പിന്നെ ഇൗ എഴുത്ത് എന്റെ ഒരു ചേട്ടനുള്ള വിവാഹ വാർഷിക സമ്മാനമാണ്.. എന്റെ ചേട്ടന്റെ പെണ്ണ് കാണൽ ഏകദേശം ഇങ്ങനെയൊക്കെ ആയിരുന്നു….

സിനിമയിൽ കാണുന്നത് പോലോന്നും അല്ലാട്ടാ ശരിക്കുള്ള പെണ്ണ് കാണൽ…എന്റമ്മോ…!!!!!

(പകുതി ചേട്ടന്റെ അവസ്ഥയും, പിന്നെ പകുതി എന്റെ ഡെക്കറേഷനും കൂട്ടി എഴുതി…)

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ജിഷ്ണു രമേശൻ