പെറാത്ത പെണ്ണിനെ ഒന്നും ഈ വീട്ടിൽ വേണ്ട ദേവാ… ഇവിടെ ഇങ്ങനെ ഒരു പാരമ്പര്യം ഇല്ല

രചന : മഹാദേവൻ

” പെറാത്ത പെണ്ണിനെ ഒന്നും ഈ വീട്ടിൽ വേണ്ട ദേവാ. ഇവിടെ ഇങ്ങനെ ഒരു പാരമ്പര്യം ഇല്ല. ഇനി നീയായിട്ട് ഈ കുടുംബത്തിന്റെ ആണിവേര് വേരോടെ ഇല്ലാതാക്കരുത്. പറഞ്ഞേക്കാം ഞാൻ. ”

അമ്മയാണ്. എന്നും പറയാറുള്ള വാക്കുകളാണ്.

പ്രേമിച്ചുകെട്ടിയത് കൊണ്ടു കിട്ടാതെ പോയ സ്ത്രീധനത്തെ കുറിച്ചായിരുന്നു ആദ്യമൊക്കെ സംസാരം.

പിന്നെ വർഷം പിറന്നു വീഴുംതോറും പെണ്ണിന് വയറ്റിലുണ്ടാകാത്തതിനെ ചൊല്ലിയായിരുന്നു ബഹളം.

രാത്രി അവളിൽ നിന്നും അടർന്നുമാറി കിടക്കുമ്പോൾ അവൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്

” ഇങ്ങനെ പോയാൽ നമ്മുക്ക് ബന്ധം മുറിക്കേണ്ടി വരുമെന്ന് ”

അത് കേൾക്കുമ്പോൾ ഹേമയുടെ ചുണ്ടിൽ ഒരു വിഷാദചിരി ഉണ്ടാകും.

” പെറാത്തകൊണ്ട് പെരുവഴിയിലേക്ക് ” എന്നും ചിന്തിച്ചുകൊണ്ട്.

കോളേജിൽ പഠിക്കുന്ന കാലത്തായിരുന്നു ദേവനെ അവൾ കാണുന്നതും ഇഷ്ട്ടത്തിലാകുന്നതും . ആ പ്രണയം വീട്ടിലറിഞ്ഞപ്പോൾ എല്ലാവരും എതിർത്തതായിരുന്നു.

ഒറ്റമോളെ നല്ല രീതിയിൽ കെട്ടിക്കാൻ കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലൂടെ ദേവന്റെ കൈ പിടിച്ചിറങ്ങുമ്പോൾ അത് ഒരുപാട് സ്വപ്‌നങ്ങൾ തകർന്നുപോയ അച്ഛന്റെ വേർപാടിൽ കലാശിക്കുമെന്ന് കരുതിയില്ല.

അന്ന് മുതൽ അച്ഛനെ കൊന്നവളായി. അടുത്ത വർഷം അമ്മയും പോയതോടെ ഉള്ള ബന്ധങ്ങളുടെ കെട്ടുറപ്പ് കൂടി ഇല്ലാതായി.

സ്വന്തമായി ആരുമില്ലാത്തവൾക്ക് താങ്ങാവേണ്ട ഭർത്താവും ഇപ്പോൾ കുട്ടി ഉണ്ടാകുന്നില്ലെന്ന കാരണത്താൽ ബന്ധമേ വേർപ്പെടുത്താൻ നടക്കുന്നു.

“ഞാൻ ഇനി എങ്ങോട്ട് പോകും “എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു അവൾക്ക്.

പക്ഷേ, തോന്നിയില്ല. എല്ലാം അറിഞ്ഞിട്ടും തന്നെ ഒഴിവാക്കാൻ പറയുന്ന അമ്മയും അത് കേട്ട് ആ താളത്തിനൊത്തു തുള്ളുന്ന മകനും.

അവർക്ക് മുന്നിൽ ഇനി അങ്ങനെ ഒരു ചോദ്യത്തിന്റെ പ്രസക്തി എന്ത്.

അപ്പോഴെല്ലാം സ്വന്തം മാതാപിതാക്കളെ ധികരിച്ചതിനുള്ള ശിക്ഷയാണ് ഇതെന്ന് സ്വന്തം ചിന്തിക്കാൻ ശ്രമിക്കുകയായിരുന്നു. അവരുടെ ശാപമാകാം. അവരുടെ സ്വപ്നങ്ങളെ തകർത്തപ്പോൾ വീണ കണ്ണുനീരിന്റെ വേദനയാകാം.

പക്ഷേ, രാത്രികൾ അവന് അവളായിരുന്നു പ്രിയം.

കുറച്ചു നേരം.. ചില മണിക്കൂറുകൾ.

അതിൽ അവൻ തൃപ്തനാണെന്ന് അവൾക്ക് അറിയാം. പക്ഷേ, താഴെ തന്റെ ഭാരം ചുമക്കുന്നവൾ തൃപ്തയാണോ എന്ന് എന്നെങ്കിലും ഇയാൾ ചിന്തിച്ചിട്ടുണ്ടാകുമോ.

പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അപ്പോഴെല്ലാം പുച്ഛത്തോടെ ആയിരുന്നു ഓരോ മറുപടിയും.

” നിനക്ക് കഴപ്പ് മാത്രേ ഉളളൂ.. ഒന്നിനെ പേറാനുള്ള കഴിവ് ഇല്ല. എന്നിട്ടും തൃപ്തി വന്നില്ലെന്നും പറഞ്ഞ് മോങ്ങുവാ… ”

അയാളുടെ ആ വാക്കുകൾ കേൾക്കുമ്പോൾ പുച്ഛം തോന്നാറുണ്ട്. ഇങ്ങനെ ഒരാൾക്കൊപ്പം ജീവിക്കുന്നതിലും നല്ലത്‌ പെരുവഴിയിലേക്ക് ഇറങ്ങുന്നതാണന്ന് തോന്നിയിട്ടുണ്ട് ഹേമയ്ക്ക്.

പക്ഷേ, എല്ലാവരേം ഇട്ടെറിഞ്ഞു പോന്നിട്ടു ജീവിതം ഇങ്ങനെ ആയെന്ന് അറിയുമ്പോൾ കളിയാക്കി ചിരിക്കാൻ ഒരുപാട് പേരുണ്ടാകും എന്ന് അറിയാവുന്നത് കൊണ്ട് വീടിനുള്ളിലുള്ളത് അവിടെ തന്നെ ഒതുക്കാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ നാളെ തന്റെ സ്ഥാനം പെരുവഴിയിലാണെന്ന് ഏറെക്കുറെ അവൾക്ക് ബോധ്യമായിരുന്നു.

ഒരിക്കൽ എല്ലാവരെയും കരയിപ്പിച്ചു പടിയിറങ്ങിപോന്നവൾ നാളെ എല്ലാവരെയും ചിരിപ്പിച്ചുകൊണ്ട് ഇവിടെ നിന്നും പടിയിറങ്ങേണ്ടിവരുന്നു.

അവന്റെ കിതപ്പിന്റ വേഗത കുറഞ്ഞപ്പോൾ അവൾ വെറുതെ ഒന്നവനെ തിരിഞ്ഞു നോക്കി.

ഉറങ്ങിയിരിക്കുന്നു. സ്വന്തം സുഖം മാത്രം കണ്ടെത്തി.

*******************

അവൾ ഓർമ്മകളിൽ നിന്നും ഉണരുമ്പോൾ നേരം വല്ലാതെ ഇരുട്ടിയിരുന്നു. അവൾക്ക് പോകാനുള്ള ബസ്സ് ഇറങ്ങാൻ തയാറായി ബസ്റ്റാൻഡിൽ കിടക്കുന്നു. ഹേമ പതിയെ അതിലേക്ക് കയറി സീറ്റിലേക്ക് ഇരുന്നു.

അപ്പോഴും അവളുടെ മനസ്സിൽ പഴയ ജീവിതത്തിന്റ ഏടുകൾ മറിയുന്നുണ്ടായിരുന്നു.

എത്ര പെട്ടന്നാണ് ദിവസങ്ങൾ കൊഴിഞ്ഞുവീണത്.

രണ്ട് പേർക്കും പൂർണ്ണസമ്മതമായത് കൊണ്ട് ഡിവോഴ്സിനും വലിയ താമസമുണ്ടായില്ല.

താൻ എന്ത് ചെയ്യുന്നു എന്നോ ഒറ്റപ്പെട്ട ഈ അവസ്ഥയിൽ എങ്ങനെ ജീവിക്കുന്നു എന്നോ പിന്നീട് അയാൾ അന്വഷിച്ചത് കൂടിയില്ലെന്നത് ചിന്തിക്കുമ്പോൾ പ്രണയത്തോടെ വെറുപ്പ് തോന്നി അവൾക്ക്.

വീട്ടുകാരെ പോലും ധിക്കരിച്ചുപോയവൾക്ക് കാലം കാത്തുവെച്ച ശിക്ഷ. പ്രണയിച്ചു കല്യാണം കഴിച്ച ഒത്തിരി പേർ ഒരുപാട് സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോൾ തന്നെ പോലെ ജീവിതം പ്രണയത്തിനു വേണ്ടി കുരുതി കൊടുത്തവരും ഒരുപാട് ഉണ്ട് ഈ ഭൂമിയിൽ എന്നത് ഒരുപാട് വിഷമത്തോടെ അവളുടെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.

“ചേച്ചി, സ്ഥലം എത്തി ”

വാതിൽക്കൽ നിൽക്കുന്ന ക്‌ളീനർ ചെക്കൻ വിളിച്ചപ്പോഴാണ് അവൾ സ്ഥലകാല ബോധത്തിലേക്ക് വന്നത്.

അധികവും ആ സമയം ആ ബസ്സിലെ യാത്രക്കാരി ആയത് കൊണ്ട് തന്നെ ബസ്സിലെ ജോലിക്കാർക്കെല്ലാം അവൾ സുപരിചിതയായിരുന്നു.

കയ്യിൽ കരുതിയ കാശ് കണ്ടക്റ്ററുടെ കയ്യിൽ കൊടുത്ത് അവൾ ബസ്സിൽ നിന്ന് ഇറങ്ങിനടക്കുമ്പോൾ അവൾക്കായി ഒരാൾ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

അയാളെ നോക്കി ചിരിച്ചുകൊണ്ട് ” പോകാം ” എന്നും പറഞ്ഞവൾ കാറിന്റെ മുൻസീറ്റിലേക്ക് കയറി.

പതിയെ അവളെയും കൊണ്ട് ആ കാർ മുന്നോട്ട് ഒഴുകി ഒറ്റപ്പെട്ട ജീവിതത്തെ എന്നൊ ചേർത്തുപിടിച്ചത് മുതൽ ദേ, ഈ നിമിഷം വരെ.

ഉടഞ്ഞുവീണ ജീവിതത്തിന്റെ ചീളുകളെ ചേർത്തുവെക്കാൻ ശ്രമിക്കുക മാത്രമാണിപ്പോൾ.

സഞ്ചരിക്കുന്ന വഴി ചിന്തിക്കുന്നില്ല..

തെറ്റിപ്പോയ വഴിയേ ഓർത്ത് പശ്ചാത്തപിക്കുന്നില്ല.

ആരോടൊക്കെയോ ഉള്ള വാശി. അല്ലെങ്കിൽ സ്വന്തമായവരോട് കാണിച്ച നെറികേടിന് സ്വയം ശിക്ഷിക്കുകയാവാം.

പിറ്റേ ദിവസം കുളിച്ചൊരുങ്ങി ഇറങ്ങുമ്പോൾ രാത്രി പെയ്ത മഴയുടെ തണുപ്പ് ശരീരത്തെ പുണര്ന്നുണ്ടായിരുന്നു.

ഇനിയും മഴയ്ക്ക് സാധ്യത ഉണ്ടെന്ന് തോന്നിയതിനാൽ കയ്യിൽ കുട കരുതാൻ മറന്നില്ല ഹേമ.

പുറത്തേക്ക് ഇറങ്ങി റോഡിലേക്കു കയറുമ്പോൾ രാവിലെ ആയത് കൊണ്ടാവാം വഴി വിജനമായിരുന്നു.

അടുത്തുള്ള ഗ്രൗണ്ടിന്റെ ഓരത്തു ഒരു മരത്തിനെ താഴെയായി ഇരുന്നു അവൾ.

രാവിലെ ഓടുന്നവരും ക്രിക്കറ്റ് കളിക്കുന്ന കുട്ടികളും നടക്കുന്ന സ്ത്രീകളുമെല്ലാമായി ഗ്രൗണ്ടിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു.

അവിടെ എത്ര നേരം ഇരുന്നു എന്നറിയില്ല. കണ്ണുകൾ കളിസ്ഥലത്തും മറ്റും ചുറ്റിത്തിരിയുകയാണെങ്കിലും മനസ്സ് വേറെ എവിടെയോ ആയിരുന്നു.

“ഹേമ…. ”

പിറകിൽ നിന്നും വിളി കേട്ട് പെട്ടന്ന് തിരിഞ്ഞു നോക്കിയ അവൾ പിറകിൽ നിൽക്കുന്ന ആളെ കണ്ട് അമ്പരപ്പോടെ എഴുനേറ്റു.

ഒരിക്കൽ ജീവനെ പോലെ സ്നേഹിച്ചവനാണ് മുന്നിൽ.

തന്റെ കഴുത്തിൽ താലി ചാർത്തിയവനായാണ്.

ഒരിക്കലും കൈ വിടില്ലെന്ന് പറഞ്ഞവനാണ്..

അവസാനം പെറാത്ത പേരിൽ പെരുവഴിയിലേക്ക് ഇറക്കിവിട്ടവനാണ്.

മുന്നിൽ നിൽക്കുന്ന ദേവനെ നോക്കിയ അവളുടെ മുഖത്ത് മ്ലാനത പടരുന്നതും അതോടൊപ്പം ആ മുഖം വലിഞ്ഞു മുറുകുന്നതും അയാൾ അറിയുന്നുണ്ടായിരുന്നു.

” ഹേമ…. എനിക്കറിയാം. ഒരിക്കലും നിനക്കെന്നോട് പൊറുക്കാൻ കഴിയില്ലെന്ന്.

ആരുമില്ലാത്ത നിന്നെ പെരുവഴിയിലേക്ക് ഇറക്കിവിടുമ്പോൾ ചിന്തിച്ചില്ല നിന്നോളം എന്നെ സ്നേഹിക്കാൻ വേറെ ആർക്കും കഴിയില്ലെന്ന്.

പിന്നീട് അമ്മ ചൂണ്ടിക്കാട്ടിയ പെണ്ണിനെ വിവാഹം ചെയ്തു. കുട്ടിയുണ്ടാക്കാത്തതിന്റ പേരിൽ നിന്നെ ഉപേക്ഷിച്ചു കെട്ടിയവൾ കുട്ടി ഉണ്ടായാൽ സൗന്ദര്യം പോകുമെന്ന് പറഞ്ഞ് ബന്ധത്തെ രണ്ട് മുലകളിലേക്ക് വേർപ്പെടുത്തി.

അത് അറിഞ്ഞ മുതൽ നിന്നോട് കാണിച്ച അകലം അവളോടും കാണിച്ചു തുടങ്ങിയപ്പോൾ ആണ് അമ്മ മനസ്സിലാക്കിയത് നീയല്ല അവൾ എന്ന്. ഇന്നിപ്പോൾ അവൾ പറയും. അതുപോലെ നിൽക്കേണ്ട അവസ്ഥയാണ് അമ്മയ്ക്കും എനിക്കും.

അവൾ തന്ന സ്ത്രീധനം കൊണ്ട് ആയിരുന്നു ഉണ്ടായിരുന്ന കടവും പുതിയ ഒരു ബിസിനസ്സും തുടങ്ങിയത്. അത് അവളുടെ അധികാരം സ്ഥാപിക്കലായി. ഇപ്പോൾ അവളുടെ ഇഷ്ട്ടങ്ങൾക്ക് അനുസരിച്ചിങ്ങനെ…..

നീയായിരുന്നു ശരി ഹേമ. കുട്ടികളില്ലെങ്കിലും ജീവിതത്തിൽ സ്വസ്ഥത ഉണ്ടായിരുന്നു. സന്തോഷം ഉണ്ടായിരുന്നു.

ഇപ്പോൾ ശരിക്കൊന്ന് ഉറങ്ങാൻ പോലും കഴിയാതെ….. ”

ദേവന്റെ വാക്കുകൾ കേട്ട് അവൾ ആശ്ചര്യത്തോടെ ഇരിക്കുകയായിരുന്നു.

തന്റെ ജീവിതം തകർത്തെറിഞ്ഞവൻ സ്വന്തം ജീവിതം തകർന്നാണ് മുന്നിൽ നിൽക്കുന്നത്.

ശരിക്കും ഈ നിമിഷം പൊട്ടിച്ചിരിക്കുകയാണ് വേണ്ടത്.

ആരോരുമില്ലാത്ത ഒരു പെണ്ണിനെ പെരുവഴിയിലേക്ക് ഇറക്കിവിട്ടിട്ട് ഇപ്പോൾ കി_ടന്ന് രോധിക്കുന്നത് കാണുമ്പോൾ ആ മുഖത്തു നോക്കി ആട്ടണമെന്ന് ഉണ്ടായിരുന്നു. പക്ഷേ മൗനം പാലിച്ചു അവൾ, ദേവന്റെ വാക്കുകൾക്ക് ചെവി കൊടുത്തുകൊണ്ട്.

” നീ ഇപ്പോൾ എന്ത് ചെയ്യുന്നു ഹേമ.. നിന്റെ വിവാഹം….. ”

ദേവന്റെ ചോദ്യം കേട്ട് അവൾ ഒന്ന് ചിരിച്ചു.

അതായിരുന്നു അതിനുള്ള മറുപടിയും.

” എനിക്കറിയാ ഹേമ. ഈ കൂടിക്കാഴ്ച പോലും നീയിപ്പോൾ ആഗ്രഹിക്കുന്നില്ല എന്ന്. അത്രത്തോളം നീ എന്നെ വെറുക്കുന്നു എന്ന്. പക്ഷേ…… ”

അവൻ പറഞ്ഞ് മുഴുവനാക്കും മുന്നേ അവൾ അവന്റ വാക്കുകളെ തടഞ്ഞു.

” പ്ലീസ്… വെറുതെ ചവറ്റുകൂട്ടയിലേക്ക് എറിഞ്ഞ ഓർമ്മകളെ വീണ്ടും… എന്നേക്കാൾ നാലൊരു ജീവിതം കിട്ടി എന്നറിഞ്ഞതിൽ സന്തോഷം. ”

അവൾ പരിഹാസമെന്നോണം പറയുമ്പോൾ ദേവൻ വല്ലായ്മയോടെ അവളോട് പറയുന്നുണ്ടായിരുന്നു

” കുത്തിനോവിക്കരുത് ഹേമ. ശരിക്കും ഇപ്പോൾ ഞാൻ നിന്നെ ആഗ്രഹിക്കുന്നുണ്ട്. നിന്റ ഇഷ്ട്ടങ്ങള്ക്ക് പ്രാധാന്യം നൽകാതെ നിന്നെ പ്രാപിച്ച ഓരോ രാത്രിയും എന്റെ മുന്നിലിപ്പോൾ ചോദ്യചിന്ഹം പോലെ നിൽപ്പുണ്ട്. ഒരു വിവാഹം കഴിച്ച് എന്നല്ലാതെ നീ പോയതിൽ പിന്നെ ഇന്ന് വരെ മറ്റൊരു പെണ്ണിനെ….”

മുഴുവനാക്കാൻ കഴിയാതെ അവന് ഒരു നിമിഷം മൗനമായി.

കുറച്ചു നേരം തളംകെട്ടിനിന്ന മൗനത്തെ ഭേധിച്ചതും അവൻ തന്നെയായിരുന്നു.

” ഹേമ… ഇനിയും നിനക്ക് എന്റേതായിക്കൂടെ.. ഇനി ഒരു വിവാഹം… അത് സാധ്യമല്ലെങ്കിലും മറ്റുള്ളവരുടെ കണ്ണെത്താത്ത ഒരിടത്….. ”

അവൻ ഉദ്ദേശിക്കുന്നതെന്തെന്ന് മനസ്സിലായെങ്കിലും അത് പുറത്തുകാണിക്കാതെ അയാളുടെ കണ്ണുകളിലേക്ക് നോക്കി അവൾ.

” ഒരു പെണ്ണിന്റ മനസ്സും ശരീരവും നിങ്ങൾ ഇപ്പോൾ കൊതിക്കുന്നുണ്ടല്ലേ. പക്ഷേ, എനിക്കിപ്പോഴും പേറാൻ കഴിയില്ലല്ലോ. ”

അവൾ പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു.

പിന്നെ എഴുനേറ്റ് ” വരൂ ” എന്നും പറഞ്ഞ് അയാൾക്ക് മുന്നിലായി നടന്നു.

അടുത്തുള്ള ത്രീസ്റ്റാർ ഹോട്ടലിൽ ഒരു മുറി എടുക്കുമ്പോഴും അയാൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴും അവൾ അയാളെ ശ്രദ്ധിക്കുകയായിരുന്നു.

തന്റെ സാന്നിധ്യം അയാളിൽ ഒരുപാട് സന്തോഷം നൽകുന്നതായി തോന്നി. ഇപ്പോൾ ഉള്ള ജീവിതം ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്ന ഒരുവനെ ആയിരുന്നു അവൾ അയാളിൽ കണ്ടത്.

ഭക്ഷണം കഴിച്ച് കൈ കഴുകി അവൾക്കരികിൽ ഇരിക്കുമ്പോൾ ഒരു വിറയലോടെ അവൻ ചോദിക്കുന്നുണ്ടായിരുന്നു

” ഹേമ.. നിന്നെ….. നിന്നെ ഞാൻ ഒന്ന് തൊട്ടോട്ടേ ” എന്ന്.

അവളുടെ മൗനവും ചെറുപുഞ്ചിരിയും അവനെ അവളിലേക്ക് അടുപ്പിക്കുമ്പോൾ ആദ്യമൊന്നവൾ ഇറുക്കെ കണ്ണടച്ചു. പിന്നെ ആ നിമിഷങ്ങൾ അവന്റ മാത്രമായി.

അവസാനം കിതപ്പോടെ അവളിൽ നിന്നും അടർന്നുമാറുമ്പോൾ അവന്റെ മുഖം പ്രസന്നമായിരുന്നു.

” ഹേമ… നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ശരിക്കും ഞാൻ മിസ്സ്‌ ചെയ്യുന്നത് ഇപ്പോൾ ആണ്.

ജീവിതത്തെ ചേർത്തുപിടിക്കാൻ കഴിയാത്ത എനിക്ക് നിന്നോട് ചോദിക്കാൻ അർഹത ഇല്ലെന്ന് അറിയാം..

എങ്കിലും കുറച്ച് മുന്നേ ചോദിച്ച ചോദ്യം ഞാൻ ഒന്നുകൂടി ചോദിക്കട്ടെ ! നിനക്ക് എന്റെ കൂടെ പൊന്നൂടെ.

ആരും അറിയാതെ നമുക്ക്…….. ”

അവന്റെ വാക്കുകൾ മുഴുവനാകും മുന്നേ അവൾ ബെഡിൽ നിന്നും എഴുനേറ്റ് അഴിഞ്ഞ തുണികളെല്ലാം വാരിചുറ്റി. പിന്നെ അവന്റെ നേരെ പുഞ്ചിരിച്ചു.

” എന്റെ റേറ്റ് മൂവായിരം ആണ്. അത് തന്നാൽ എനിക്ക് അങ്ങ് പോകാമായിരുന്നു ”

ചിരിയോടെ അവൾ പറഞ്ഞത് കേട്ട് അവൻ മരവിപ്പോടെയായിരുന്നു എഴുന്നേറ്റത്. യാന്ത്രികമായി ഉടുമുണ്ട് വാരിചുറ്റുമ്പോൾ അവൻ വിശ്വസിക്കാൻ കഴിയാതെ ചോദിക്കുന്നുണ്ടായിരുന്നു

” ഹേമ…. നീ…… ഇപ്പോൾ…. ! ”

” നിങ്ങൾ അറിയുന്ന ഹേമ അല്ല ഞാൻ ഇന്ന്. എനിക്ക് കളയാൻ സമയം ഇല്ല. മണിക്കൂറിനുള്ള റേറ്റ് ആണ് ഞാൻ പറഞ്ഞത്. നിങ്ങളെ ഇത്ര നേരം സുഖിപ്പിച്ചതിനുള്ളത്.

ഒന്നും വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു ദേവൻ.

” ഹേമ.. നീ എങ്ങനെ ഈ തൊഴിൽ….. വേറെ എന്തൊക്കെ ജോലിയുണ്ട് നാട്ടിൽ…. എന്നിട്ട് നീ….”

അവന്റ ചോദ്യം കേട്ട് അവൾക്ക് ദേഷ്യമാണ് വന്നത്.

” ഞാൻ എങ്ങനെ ഇവിടെ എത്തി, എന്തിന് ഈ ജോലി സ്വീകരിച്ചു എന്നൊക്ക അന്വഷിക്കാൻ നിങ്ങൾ ആരാ.. വെറും കസ്റ്റമർ. അപ്പൊ കഷ്ട്ടമറുടെ താല്പര്യത്തിനൊത്തു കിടന്ന് തന്നെങ്കിൽ എന്റെ കാശ് തന്നാൽ സന്തോഷം. ഈ തൊഴിലിൽ കടം പറച്ചിലില്ല. ”

മറുത്തൊന്നും പറയാൻ കഴിയാതെ ദേവൻ പോക്കറ്റിൽ നിന്നും എടുത്ത് നീട്ടിയ കാശ് വാങ്ങിക്കുമ്പോൾ അവളുടെ ചുണ്ടുകളിൽ ഗൂഢമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

” പിന്നെ നിങ്ങൾ ചോദിച്ചില്ലേ എന്റെ ജോലി…. നിങ്ങടെ ഭാര്യ ആയിരുന്നപ്പോഴും ഏകദേശം ഇങ്ങനെ തന്നെ ആയിരുന്നു എന്റെ ജീവിതം. നിങ്ങടെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി മണിക്കൂറുകൾ കിടന്ന് തരുന്നവൾ.

അതിൽ കൂടുതൽ ഒരു ഭാര്യയായി ജീവിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അത് തന്നെ ആണ് ഇപ്പോൾ എവിടെയും. നിങ്ങളുടെ താല്പര്യത്തിനൊത്തു കിടന്ന് തന്നു.

ഒന്ന് മാത്രം… അന്ന് കൂലി ഇല്ലായിരുന്നു. ഇന്ന് കൂലി ചോദിച്ച് വാങ്ങാം… സ്വന്തം ഭർത്താവ് ആയിരുന്നവനോട് പോലും. ”

അതും പറഞ്ഞ് പുച്ചത്തോടെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവളെ നിരാശയോടെ നോക്കികൊണ്ട് ദേവൻ പിന്തിരിഞ്ഞു നടക്കുമ്പോൾ അവൾ ചുണ്ടിൽ വിരിഞ്ഞ മന്ദസ്മിതത്തിനൊപ്പം ചിന്തിക്കുന്നുണ്ടായിരുന്നു

” കാശ് കൊടുത്ത് ഭാര്യയെ പ്രാപിക്കേണ്ടി വന്ന ഒരു ഗതികെട്ട ഭർത്താവ് ” എന്ന്. !

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : മഹാദേവൻ


Comments

Leave a Reply

Your email address will not be published. Required fields are marked *