നീ ഇങ്ങോട്ട് വരാമോ, ഒരു കാര്യമുണ്ട്. ഫോണിൽ പറയാൻ പറ്റില്ല. അനുമോൾ അടുത്തുണ്ട്

രചന : Vijay Lalitwilloli Sathya

കുളി

***********

പിരീയേഡ് കഴിഞ്ഞു….ഏഴാമത്തെ ദിവസത്തെ കുളിയാണ്.

സോപ്പു പതച്ച് മേലാസകലം തേച്ചു കൊണ്ടിരിക്കുമ്പോഴാണ് റൂമിൽ നിന്നും മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത്.

ഷാംപൂ തേച്ച തലമുടി ഒക്കെ വൃത്തിയായി കഴുകി കെട്ടിവെച്ചശേഷം വിസ്തരിച്ച് ഒന്ന് കുളിക്കണം എന്ന് കരുതിയതായിരുന്നു..

അപ്പോഴാണ് പണ്ടാരം പിടിച്ച ഈ കോൾ..

ഈശ്വര..ആരപ്പാ ഈ സമയത്ത്.

മര്യാദ ഉള്ളവരാണെങ്കിൽ രണ്ട് റിംഗ് അടിച്ചു പിന്നെ ശല്യം ചെയ്യില്ല.വല്ല മര്യാദകെട്ടവരാണെങ്കിൽ കുളിച്ചു തീരുംവരെ സമാധാനം ഉണ്ടാവില്ല..

ഭാഗ്യം ഒരു പ്രാവശ്യം റിംഗ് ചെയ്തിട്ട് നിർത്തി..

വളരെ മര്യാദയുള്ളവരാ…

പ്രിയച്ചേച്ചി ആയിരിക്കാം..

ശ്യാമ ഊഹിച്ചു.. ചേച്ചിക്കു തന്റെ മാനറിസം നന്നായറിയാം

കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങി വസ്ത്രങ്ങൾ ധരിച്ച ശേഷം ഫോൺ എടുത്തു നോക്കി

പ്രതീക്ഷിച്ചതു പോലെ തന്നെ പ്രിയ ചേച്ചി ആയിരുന്നു..

“എന്താ ചേച്ചി വിളിച്ചത്?”

“നിനക്ക് ഇന്ന് ലീവ് അല്ലേ ഒന്നു പോരുന്നോ ഇങ്ങോട്ട്”

“എന്താ ചേച്ചി അത്യാവശ്യം?”

“അത്യാവശ്യം ഒന്നുമില്ല ഒരു കാര്യം ഉണ്ട്. പക്ഷേ ഫോണിൽ പറയാൻ പറ്റില്ല അനുമോൾ അടുത്തുതന്നെ ഉണ്ട്. അവൾ കേൾക്കാൻ പാടില്ല. ഫ്രീയാണെങ്കിൽ പോര് ഒരു പത്ത് മിനിറ്റ് യാത്രയല്ലേ ഉള്ളൂ”

“നാല് കിലോമീറ്റർ അകലെയുള്ള ഞാൻ വരാണ്ടിരിക്കുമോ എന്റെ ചേച്ചി വിളിച്ചാൽ ഞാനെന്റെ സ്കൂട്ടിയിൽ വരാം”

“ഓക്കേ”

കുറച്ചു കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ വരുമ്പോൾ ചേച്ചി ആണെങ്കിലും പ്രിയ അനുജത്തി ശ്യാമയുടേ ഉപദേശം ആശ്രയിക്കും..

ശ്യാമ ഒരു ബോൾഡ് ഗേൾ ആയിട്ടാണ് അറിയപ്പെടുന്നത്.. എല്ലാ കാര്യത്തിലും വ്യക്തമായ നിലപാട് സ്വീകരിക്കുന്നവൾ..!..

ആശയപരമായും പ്രവർത്തിയിലും തന്റെതായ വ്യക്തമായ കാഴ്ചപ്പാടുള്ളവൾ.

കൗതുകത്തോടെ നിരീക്ഷിക്കുകയും ഗഹനമായി ചിന്തിക്കുകയും വിഹഗവീക്ഷണം നടത്തുകയും ചെയ്യുന്നവർ.

അങ്ങനെയൊക്കെയാണ് അവളെ അടുത്ത കൂട്ടുകാരികൾ വിശേഷിപ്പിക്കാറുള്ളത്.

വട്ട കണ്ണടയും ടൈറ്റ് ചുരിദാറും അണിഞ്ഞു ഉച്ചഭക്ഷണത്തിനുശേഷം അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം

“ഇതാ ഇതും കൂടി എടുത്തോ മോളെ..”

“എന്തായിത്”

“നീ രാവിലെ തിന്ന പഴുത്ത വരിക്ക ചക്ക മുറിച്ചതിന്റെ ബാക്കിയാ. അനുമോൾക്ക് ജീവനാ”

” ശോ..ഇങ്ങ് തന്നേര്.. ചക്ക എന്നു പറഞ്ഞാൽ പോരെ ഞാൻ തിന്ന എന്നക്കൊ പറയണോ”

“പിന്നെ നീ തിന്നില്ലേ”

“അമ്മേ ഒന്നു പതുക്കെ..”

അപ്പുറത്തെ വീട്ടിലെ ടെറസിൽ നിന്നും അവൾ ഇറങ്ങുന്നതും നോക്കി നിന്ന ചെറുക്കനെ അവൾ പാളി നോക്കിക്കൊണ്ട് പറഞ്ഞു

ശ്യാമ ചക്കമുറി വാങ്ങി സ്കൂട്ടിയുടെ സ്വീറ്റ് പൊക്കി അതിനുള്ളിൽ വച്ചു.

“തിന്നുമ്പോൾ ഒരു കുഴപ്പവുമില്ല പറയുന്നതാ കുഴപ്പം”

അതും പറഞ്ഞ് അമ്മ അകത്തു കയറി പോയി

സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് അവൾ ചേച്ചിയുടെ വീട്ടിലേക്ക് പുറപ്പെട്ടു

അനുമോളും അമ്മുമ്മയും കൂടി അടുക്കള ഭാഗത്തു നിന്നും ചക്ക തിന്നുന്ന സമയം പ്രിയ അനിയത്തിയെയും കൂട്ടി ഹാളിലേക്ക് വന്നു സംസാരിക്കുകയാണ്..

വിശേഷങ്ങളൊക്കെ സംസാരിച്ചശേഷം ശ്യാമ ചോദിച്ചു

“ചേച്ചി ഫോണിലൂടെ പറഞ്ഞ കാര്യം എന്താ”

“ഓ അതോ..’

എന്നിട്ട് പ്രിയ ചിരിച്ചു

ചേച്ചിയുടെ ചിരി കണ്ടപ്പോൾ ശ്യാമയ്ക്ക് തോന്നി എന്തോ സില്ലി കാര്യമാണെന്ന്..

“അതേയ്…ശ്യാമേ..ഈ മേടമാസത്തിലെ ചൂടിൽ പോലും നമ്മുടെ അനുമോൾ കുളിക്കാൻ ചൂടുവെള്ളം വേണം എന്ന് പറഞ്ഞു വാശി പിടിക്കുകയാണ്. ഇവിടെ ആണെങ്കിൽ അമ്മ ഇഷ്ടംപോലെ വെള്ളം ചൂടാക്കി വെക്കുന്നത് അവൾക്ക് നല്ല കുശാലായി ഉപയോഗിക്കാനായി പറ്റുന്നുണ്ട്. കുളിച്ചു വന്നിട്ട് ദേഹത്തുന്നൊക്ക് ആവി പോവുകയാണ്.. കണ്ടിട്ട് പേടിയാവുന്നു..”

“അവൾക്ക് വയസ്സ് അഞ്ചാറ് കഴിഞ്ഞില്ലേ ഇനി അവൾക്ക് പച്ചവെള്ളത്തിൽ കുളിച്ചാൽ പോരെ..?”

ശ്യാമ ചോദിച്ചു

“അതല്ലേ ഞാനും പറഞ്ഞുവരുന്നത്.. ഇനിയും കൊച്ചു കുഞ്ഞുങ്ങളെ പോലെ ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരിയാകുമോ മാറ്റേണ്ട സമയം ആയി.. പക്ഷേ അവൾ വിടണ്ടേ..”

“അപ്പോൾ ഇതാണ് പ്രശ്നം അല്ലെ..?”

“ആണ് ഇതു തന്നെ…. എങ്ങനെയെങ്കിലും അവളെക്കൊണ്ട് പച്ചവെള്ളത്തിൽ കുളിപ്പിക്കണം..

അവളെ എന്നും ചൂടുവെള്ളത്തിൽ കുളിക്കുന്ന സ്വഭാവത്തിൽ നിന്നും മാറ്റം വരുത്തണം..”

“ചേച്ചി പേടിക്കേണ്ട അക്കാര്യം ഞാൻ ഏറ്റൂ.”

“എങ്ങനെ? “.

“അതിനൊക്കെ വഴിയുണ്ട്.”

ഹരിയേട്ടൻ കുറെ വഴികൾ നോക്കി.. ഏറ്റില്ല കുറേ പറഞ്ഞു നോക്കി പക്ഷേ അവൾ ഒട്ടും കേൾക്കുന്നില്ല.മോൻ ഹൃദു ആണെങ്കിൽ നാലു വയസ്സ് തൊട്ടേ അവൻ പച്ചവെള്ളത്തിൽ കുളിക്കുന്നത്. അതിന്റെതായ ഫിസിക്കൽ എഫിഷ്യൻസി അവനുണ്ട്.. കൊച്ചു കൊച്ചു രോഗങ്ങളൊന്നും അവനു വരാറില്ല.”

പ്രിയ പറഞ്ഞു.

“ചേച്ചി ഇന്ന് ഞാൻ അവളുടെ സ്വഭാവം മാറ്റിത്തരാം..”

ശ്യാമ ഉറപ്പുകൊടുത്തു.

“ഓ..മാറിയാൽ കൊള്ളാമായിരുന്നു.”

ചക്ക തിന്ന ശേഷം അനുമോളെ കയ്യും മുഖവും കഴുകിച്ചു ശ്യാമ തൊടിയിലേക്ക് കൊണ്ടുപോയി..

പൂക്കളോടും കിളികളോടും പൂമ്പാറ്റകളോടും വർത്തമാനം പറഞ്ഞു. അവർ കുറേനേരം തൊടിയിൽ ചിലവഴിച്ചു.

വൈകിട്ട് ശ്യാമ പോകാൻ നേരം അനു മോളോട്

“ആന്റി പറഞ്ഞത് ഓർമയുണ്ടല്ലോ അനുമോളെ”

“ഉണ്ട് ആന്റി”

“ഇനി മോൾ എന്നും പച്ചവെള്ളത്തിൽ അല്ലേ കുളിക്കൂ”

“അതെ”

തല കുലുക്കി സമ്മതിച്ചു.

പ്രിയയ്ക്ക് വിശ്വാസമായില്ല

പക്ഷേ അവളെ ഞെട്ടിച്ചുകൊണ്ട് അന്ന് വൈകിട്ട് പച്ചവെള്ളത്തിൽ മോള് കുളിക്കുന്നത് കണ്ടപ്പോൾ പ്രിയക്ക് അത്ഭുതമായിരുന്നു..!

എന്ത് തന്ത്രമാണോവോ ശ്യാമ അനു മോളിൽ പ്രയോഗിച്ചത്..

“പ്രിയ അത്ഭുതത്തോടെ അനിയത്തിയെ വിളിച്ചുപറഞ്ഞു.

“എടി അവൾ പച്ച വെള്ളത്തിൽ കുളിച്ചു തുടങ്ങി… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. എന്നാലും നീ എന്ത് ചെപ്പടി വിദ്യയാണ് ഒപ്പിച്ചത്.?

“അതേയ്…..ചേച്ചി അവിടുത്തെ അമ്മൂമ്മയാണല്ലോ എന്നും അവൾക്ക് ചൂടുള്ള വെള്ളം ഇഷ്ടംപോലെ വെച്ച് നൽകുന്നത്..”

“അതെ.”

“ഞാൻ അനുമോളെ വിളിച്ചുകൊണ്ടുപോയി അമ്മുമ്മയുടെ അടുത്തു ചെന്നു അമ്മുമ്മയുടെ ചുക്കിച്ചുളിഞ്ഞ തൊലിയും മുഖവും കാണിച്ചു കൊണ്ടു പറഞ്ഞു അമ്മുമ്മ കുഞ്ഞുനാളിലെ ചൂടു വെള്ളത്തിൽ മാത്രം കുളിക്കുന്നത് കൊണ്ടാണ് ഇങ്ങനെ തൊലി ചുളിഞ്ഞിരിക്കുന്നത് അനുമോൾ ഇനിയും ചൂടുവെള്ളത്തിൽ കുളിച്ചാൽ മോളുടെ തൊലിയും ഇതുപോലെ ആകും എന്നു പറഞ്ഞു പേടിപ്പിച്ചു…

ഞാൻ നേരത്തെ അമ്മുമ്മയോട് കാര്യം പറഞ്ഞിരുന്നു. അതുകൊണ്ട് അമ്മുമ്മ സാക്ഷ്യം പറഞ്ഞു..

‘അതേ മോളേ ഈ അമ്മുമ്മ ചൂടുവെള്ളത്തിൽ കുളിച്ചിട്ടാണ് തൊലി ഒക്കെ ഇങ്ങനെ ആയത് എന്ന്..’

അതുകേട്ടതോടുകൂടി ചൂടുവെള്ളത്തിൽ കുളിച്ചത് കൊണ്ടാണ് അമ്മുമ്മയുടെ തോല് ഇങ്ങനെ ചുളിഞ്ഞതെന്ന് അവൾ വിശ്വസിച്ചു. അതുകൊണ്ടാ പച്ചവെള്ളത്തിൽ കുളിക്കാൻ അവൾ തയ്യാറായത്…”

“ഹോ അത് കലക്കി ”

പ്രിയ അത് പറഞ്ഞ് പൊട്ടിച്ചിരിച്ചു..

ലൈക്ക് കമന്റ് ചെയ്യണേ……

രചന : Vijay Lalitwilloli Sathya