എനിക്ക് മുന്നിൽ നീ ശീലാവതി ചമയണ്ട.. നിന്നെ പോലെ കുറെ എണ്ണത്തിനെ കണ്ടിട്ടുണ്ട് ഞാൻ

രചന : മഹാദേവൻ

കെട്ടിയോൻ ചത്തു മണ്ണടിഞ്ഞിട്ട് കൊല്ലം രണ്ടായില്ലെടി.. ഇനി ആരെ കാണിക്കാൻ ആണ് നിന്റെ ശീലാവതി ചമയൽ?

അവൻ ചത്തു മണ്ണടിയുമ്പോൾ നിനക്കോ നിന്റെ തളർന്നു കിടക്കുന്ന കുഞ്ഞിനോ ജീവിക്കാൻ ഒന്നും ഉണ്ടാക്കിയിട്ടിട്ടൊന്നും ഇല്ലല്ലോ..

ഇപ്പോൾ രണ്ടോ മൂന്നോ വീട്ടിൽ അടുക്കളപ്പനിക്ക് പോയാൽ എന്ത് കിട്ടുമെന്ന് എനിക്കറിയാം.. വീട്ടിൽ നിന്ന് മാറി ടൗണിലോ മറ്റോ പോയി വല്ല ജോലിയും ചെയ്യാമെന്ന് വെച്ചാൽ ഈ പറക്കമുറ്റാത്ത പെൺകൊച്ചിനെ ഇട്ടു പോകാനും പറ്റില്ല. അതൊക്ക അറിയാവുന്നത് കൊണ്ട് ഒന്ന് സഹായിക്കാമെന്ന് വെച്ചപ്പോൾ പെണ്ണിന് തലക്കനം.

നിന്റെ ഈ തൊലിവെളുപ്പ് കണ്ടിട്ടൊന്നും അല്ല, എങ്ങനെയെങ്കിലും ജീവിച്ചുപോക്കോട്ടേ എന്ന് വിചാരിച്ചാണ് വീട്ടിൽ ജോലിക്ക് വന്നോളാൻ പറഞ്ഞത്.

ഇനി എങ്ങിനെ ജീവിക്കാമെന്ന് വെച്ചിട്ടാടി നിന്റെ ഈ അഹങ്കാരം? ”

വീട്ടിൽ കേറി വന്നുള്ള ഗിരിയുടെ സംസാരവും മറ്റും അവളിൽ ദേഷ്യം വരുത്തുന്നുണ്ടെങ്കിലും വന്ന ദേഷ്യം ഉള്ളിലടക്കി അവൾ.

” ഗിരി ഇപ്പോൾ പോ…. കെട്ടിയോൻ പോയെന്ന് വെച്ച് എന്റെ ജീവിതത്തിൽ അത്ര ശുഷ്ക്കാന്തി കാണിക്കാനായി ഗിരി ഇനി വരരുത്. ഉള്ളത് കൊണ്ട് ജീവിച്ചുപോക്കോട്ടേ..

പാവങ്ങളാണ്… ഉപദ്രവിക്കരുത്.

നിങ്ങളെ പോലുള്ളവർക്ക് മുന്നിൽ ഒറ്റക്ക് ജീവിക്കാൻ ബുദ്ധിമുട്ട് ആണെന്ന് അറിയാം.. പക്ഷേ, എനിക്ക് ജീവിക്കണം. വളർന്നു വരുന്ന ഒരു കുഞ്ഞുണ്ട് എനിക്ക്.

ഇനിയുള്ള ജീവിതം അവൾക്ക് വേണ്ടിയാണ്.

നാളെ അവൾ വലുതാകുന്നത് കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കുന്നവളുടെ മകളായിട്ടാകരുത് എന്നൊരു മോഹമുണ്ട്..

അതുകൊണ്ട് ഗിരി ഇപ്പോൾ പോ…

തൊഴുകൈയ്യോടെ അവന് മുന്നിൽ യാചനപോലെ ഓരോ വാക്കും പറയുമ്പോൾ കണ്ണുകൾ അബദ്ധത്തിൽ പോലും നിറയാതിരിക്കാൻ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അത് തന്നെ ആയിരുന്നു ഗിരിയും ശ്രദ്ധിച്ചത്.

എത്രയൊക്കെ പറയുമ്പോഴും അപേക്ഷിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറയാത്തത് അവനെയും അത്ഭുതപ്പെടുത്തി.

ഏതൊരു പെണ്ണും ഈ അവസ്ഥയിൽ കരഞ്ഞുപോകും.

പക്ഷേ ഇവൾ…. !

” മോളെ രേവതി..ഞാൻ പറഞ്ഞല്ലോ എനിക്ക് മുന്നിൽ നീ ശീലാവതി ചമയണ്ട എന്ന്. നിന്നെ പോലെ കുറെ എണ്ണത്തിനെ കണ്ടിട്ടുണ്ട് ഞാൻ.

അവർക്കൊക്കെ ജീവിക്കാൻ ഉള്ള വക ഉണ്ടാക്കികൊടുത്തിട്ടും ഉണ്ട്. ആർക്കും ചേതമില്ലാത്ത ഒരു കാര്യം.. ഇപ്പോൾ നിനക്കും.

മടികൂടാതെ ആ മടികുത്തൊന്ന് എന്റെ മുന്നിൽ അഴിച്ചാൽ ആ മടിക്കുത്തിൽ നിറയെ കാശുമായി നിനക്ക് പോകാം..

പോകുമ്പോൾ ഒരു പിയേഴ്സ് സോപ്പ് വാങ്ങാനുള്ള കാശ് അധികവും തരും. അതിട്ടൊന്നു കുളിച്ചാൽ തീരാവുന്നതേ ഉളളൂ എല്ലാം.. കിട്ടിയ കാശ് നിന്റെ ജീവിതത്തിലേക്ക് ഒരു സമ്പാദ്യവുമാകും..

അവന്റെ അശ്ലീലച്ചുവയോടെ ഉള്ള നോട്ടവും സംസാരവും കേട്ട് പെരുവിരൽ മുതൽ ചൊറിഞ്ഞു കേറുന്നുണ്ടായിരുന്നു രേവതിക്ക്.

“മോനെ ഗിരി.. നിന്റെ അമ്മക്ക് വിളിക്കാത്തത് എന്റെ മാന്യത. എന്നും കരുതി നീ പറയുന്നതെല്ലാം കേട്ട് പഞ്ചപുച്ഛമടക്കി നിന്റെ കിടപ്പറയിൽ മടിക്കുത്തഴിച്ച പെണ്ണുങ്ങളുടെ ലിസ്റ്റ് മാത്രമേ നിന്റെ കയ്യിൽ ഉളളൂ എന്നറിയാം.. എന്നാൽ പുതിയ ഒരു ലിസ്റ്റ് കൂടി ഉണ്ടാക്കിക്കോ.. നിന്നെപ്പോലെ പെറ്റ തള്ളയെ കണ്ടാൽ പോലും പൊന്തുന്നവന്റെ മുന്നിൽ തന്റേടത്തോടെ നിന്ന പെണ്ണെന്ന പേരിൽ.

നീ എന്താടാ വിചാരിച്ചത്. നിന്റെ തന്ത പണ്ട് കള്ളവാറ്റ് ഉണ്ടാക്കി സമ്പാദിച്ച പണം കൊണ്ട് ഞെളിഞ്ഞു നടക്കുമ്പോൾ ഏത് പെണ്ണിന്റെയും മാനത്തിനു വില പറയാമെന്നോ?

അങ്ങനെ നീയൊരു വിലയിട്ട് വിളിച്ചാൽ ഇറങ്ങിവരാൻ ഞാൻ എന്താടാ ക്ലബ്ബിലും പാർലറിലും കണ്ടവൻ്റെ ഗസ്‌റ്റൗസിന്റെ എയർകണ്ടീഷൻ റൂമിലും അന്തിചർച്ചക്ക് നടക്കുന്ന നിന്റെ പെമ്പ്രന്നോത്തിയെ പോലെ ആണെന്ന് കരുതിയോ നീ

അവളുടെ ഓരോ വാക്കിലും തീ പാറുമ്പോൾ ഒരു പെണ്ണിന്റെ വാക്കുകൾക്ക് മുന്നിൽ തോറ്റു പോകുമെന്ന ചിന്ത അവനെ കൂടുതൽ രോഷാകുലനാക്കി.

” എടി മറ്റവളെ..നിന്റെ ലൈസൻസില്ലാത്ത നാക്ക് വെച്ച് വീട്ടിലിരിക്കുന്ന എന്റെ പെണ്ണിനെ പറഞ്ഞാൽ ഉണ്ടല്ലോ ”

അവന്റെ ദേഷ്യത്തോടെ ഉള്ള വാക്കുകൾക്ക് മുന്നിൽ പുച്ഛത്തോടെ കാർക്കിച്ചു തുപ്പി രേവതി,

“പ്ഫ… നിന്റെ വീട്ടിലെ പെണ്ണിന് മാത്രം ആണോടാ അന്തസ്സും അഭിമാനവും ഉളളൂ?

കാശുള്ള വീട്ടിലെ പെണ്ണ് അഴിഞ്ഞാടി നടന്നാൽ അത് അന്തസ്സ്.. ഞങ്ങളൊക്കെ നിന്നെ പോലെ ഊളകൾക്ക് മുന്നിൽ പിറന്നപടി നിന്നില്ലെങ്കിൽ നാളെ ഞങ്ങൾ പിഴച്ചവൾ. അങ്ങനെ അല്ലെങ്കിലും നീയൊക്കെ പറഞ്ഞ് അങ്ങനെ ആക്കും.

ഇനി നിന്റെ മുന്നിൽ ഉടുതുണി അഴിക്കാത്തതിന്റെ പേരിൽ നീ അതുപോലെ വല്ല തറവേലയും കാണിച്ചാൽ പിന്നെ മറ്റൊരു പെണ്ണിനെ കാണുമ്പോൾ നിനക്ക് തോന്നാൻ അങ്ങനെ ഒരു സാധനം നിന്റെ ശരീരത്തിൽ ഉണ്ടാകില്ല..

ഇത് വെറുതെ പറയുന്നതല്ല… അന്തസ്സോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു പെണ്ണിന്റ ഉറപ്പുള്ള വാക്കാണ്…

ആദ്യം നീ പോയി നിന്റെ ഭാര്യയെ അറിയിക്ക് നീ നല്ല ഒത്ത ഒരു ആണാണ് എന്ന്.

അവൾക്ക് നിന്റ ആണത്തത്തിന്റെ ബലം അറിയുന്നത് കൊണ്ടാണല്ലോ കണ്ടവന്റെ ഗസ്റ്റ്ഹൗസിൽ നിന്നെ കാവലിരുത്തി നഗ്നപൂജ കൂടാൻ പോകുന്നത്. അതിന് പുറത്ത് രണ്ട് പെഗ്ഗിന്റെ ബലത്തിൽ കൊതു കടീം കൊണ്ടിരിക്കുന്ന നീയാണോ ആണ്.

ത്ഫൂ….

അതുകൊണ്ട് ആദ്യം നീ നിന്റെ ഭാര്യയ്ക്ക് തെളിയിച്ചുകാണിക്ക്. എന്നിട്ട് അവളുടെ കഴപ്പ് തീർക്ക് ആദ്യം.. എന്നിട്ട് ഇറങ് മറ്റുള്ള പെണ്ണുങ്ങൾക്ക് മുന്നിൽ ആണത്തം കാണിക്കാനും അടിപ്പാവാടയുടെ അളവെടുക്കാനും…..

മീശ പിരിച്ചു മാടമ്പിത്തരം കാണിച്ചാൽ ആണാവില്ലെടാ..

അതിന് വേറെ ഒന്ന് കൂടി വേണം…. ഉറപ്പ്

അതും കൂടി പറഞ്ഞ് കിതപ്പോടെ നിൽക്കുന്ന അവൾക്ക് മുന്നിൽ വിളറിവെളുത്തു നിൽക്കുകയായിരുന്നു ഗിരി.

ഇനിയും കൂടുതൽ നിന്നാൽ നാറുമെന്ന് അറിയാവുന്നത് കൊണ്ട് പുറമെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി ആശ്വാസത്തോടെ അവിടെ നിന്ന് ഇറങ്ങുമ്പോൾ അവൻ പല്ലിറുമ്മിക്കൊണ്ട് പറയുന്നുണ്ടായിരുന്നു

” നിന്നെ ഞാൻ കാണിച്ചു തരാമെടി ” എന്ന്..

അപ്പോൾ തന്നെ അതേ വേഗത്തിൽ മറുപടിയും ഉണ്ടായിരുന്നു അവളുടെ കയ്യിൽ,

” നിന്റെ കാണാതിരിക്കാൻ ആണെടാ ഞാൻ ഇത്രയും പറഞ്ഞത്. അതല്ല നീ കാണിച്ചേ അടങ്ങൂ എങ്കിൽ പിന്നെ പെമ്പ്രന്നോത്തിക്ക് എന്നെങ്കിലും ഒരു അടച്ചുപൂജ നടത്തണമെങ്കിൽ നീ ഇപ്പോൾ ഇറങ്ങുന്ന പോലെ അന്നും ഇറങ്ങേണ്ടി വരും നിനക്ക് പെണ്ണ് പിടിക്കാനല്ല, പെണ്ണുമ്പിള്ളക്ക് അന്തിക്കൂട്ടിനു ആളെ പിടിക്കാൻ. പറഞ്ഞത് മനസ്സിലായല്ലോ…. നീ കഴപ്പ് തീർക്കാൻ കൊണ്ട് നടക്കുന്ന ആ സാധനം ഞാൻ അരിഞ്ഞു പട്ടിക്ക് ഇട്ടു കൊടുക്കുമെന്ന്. ”

അതും കേട്ട് ഒന്നും പറയാൻ കഴിയാതെ അവൾക്ക് നേരെ പല്ലിറുമ്മിക്കൊണ്ട് പോകുന്ന അവനെ നോക്കി നിൽക്കുമ്പോൾ അവൾ തന്നെ ശരിക്കും അത്ഭുതത്തിൽ ആയിരുന്നു ” തനിക്ക് ഇതൊക്കെ എങ്ങിനെ പറയാൻ കഴിഞ്ഞു ” എന്നോർത്ത്..

പക്ഷേ അവൾക്കതിനുള്ള ഉത്തരവും ഉണ്ടായിരുന്നു..

” ആരോരുമിലാത്ത ഒരു പെണ്ണാണ് ഞാൻ… ജീവിക്കണം എനിക്ക് മാന്യമായി തന്നെ.

വ്യപിചരിച്ചവൾ ആയിട്ടല്ല… എന്നിൽ നിന്നും വ്യതിചലിക്കാത്തവൾ ആയിട്ട് ” !!

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : മഹാദേവൻ