വേദന സഹിക്കാൻ കഴിയാതെ അവൾ ശബ്ദമില്ലാതെ അലറി കരഞ്ഞു.

രചന : Amal Manikandan

നെറ്റിയിലേക്ക് വച്ച കയ്യവൾ അതിലും വേഗത്തിൽ വലിച്ചെടുത്തു.

തുണി നനച്ചു നെറ്റിയിൽ വെക്കുമ്പോഴും അയാൾ നന്നായിട്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

മൂന്ന് ദിവസങ്ങൾ കൊണ്ട് അയാൾ പകുതി ആയെന്ന് വേണം പറയാൻ… കണ്ണുകൾക്ക് താഴെ മുഴുവനും കറുപ്പ് പടർന്നിരിക്കുന്നു…

മുഖത്തെ താടി രോമങ്ങൾ വല്ലാതെ നരച്ച പോലെ.

പൊടിയരിക്കഞ്ഞിയുമായി അവൾ വീണ്ടും കിടക്കയിൽ വന്നിരുന്നതും ക്ഷീണിച്ച സ്വരത്തിൽ അയാൾ പതിയെ പറഞ്ഞു

“വേണ്ട മോളെ ഇപ്പൊ ഒന്നും ചെല്ലില്ല …”

കണ്ണുകൾ കൊണ്ടവളയാളെ ദേഷ്യത്തോടെ നോക്കിയ ശേഷം കൈ കൊണ്ടെന്തൊക്കെയോ ആംഗ്യം കാണിച്ചു.

ഇപ്രാവശ്യം തോൽവി സമ്മതിച്ചെന്ന പോൽ അയാൾ വായ പതിയെ തുറന്നു..

അല്ലെങ്കിലും അച്ഛനും മകൾക്കും സംസാരിക്കാനൊരു ഭാഷയുടെ ആവശ്യമില്ലായിരുന്നു.

പ്രസവത്തോടെ ഭാര്യ മരിച്ചു.. കുഞ്ഞാണെങ്കിൽ ഊമയും… ഇതെല്ലാം കുഞ്ഞിന്റെ ജാതകദോഷമാണെന്ന് വിധിച്ചവരെ അയാൾ ആട്ടിയിറക്കി..

പിന്നെയാരും അവളെ അമ്മയെ കൊന്നവളെന്നും പൊട്ടിയെന്നും വിളിച്ചു കളിയാക്കാൻ മുതിർന്നില്ല.

മൂന്നാമത്തെ സ്പൂൺ കഞ്ഞിയകത്തു ചെന്നതും അയാൾ മതിയായ പോലെ തല രണ്ട് വശത്തേക്കും വെട്ടിച്ചു.

ഡോക്ടറെഴുതി കൊടുത്ത മരുന്നും കഴിപ്പിച്ച് വൃത്തിയായി വായും മുഖവും തുടച്ച് കൊടുത്താണവൾ എഴുന്നേറ്റത്.

മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു പനി തുടങ്ങിയിട്ട്..

പേടിക്കാനൊന്നുമില്ല… സാധാ പനിയാണ്… ഈ മരുന്ന് കഴിച്ചാൽ മതിയെന്ന് പറഞ്ഞ അന്നാണ് അവൾക്കും ശ്വാസം നേരെ വീണത്..

പടർന്നു പിടിക്കുന്ന കൊറോണയെ പറ്റി അവളുമറിഞ്ഞിരുന്നു.

പാടത്തിനടുത്താണ് അവരുടെ കൊച്ചു വീട്…. ഏറി പോയാൽ അങ്ങിങ്ങായി നാലോ അഞ്ചോ വീട് കാണാം.. ബാക്കി മുഴുവൻ കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന പാടങ്ങളാണ്.

മുഴുവൻ മനക്കൽക്കാരുടെയാണ് ഇപ്പോ പുറത്തൂന്ന് വന്ന ഏതോ മാപ്പിളക്ക് പാട്ടത്തിന് കൊടുത്തിരിക്കുന്നു.

പണ്ടേ അവരുടെ തൊടിയിലെ പണിക്കാരനായിരുന്നു

അച്ഛനും അച്ഛന്റച്ഛനുമൊക്കെ അങ്ങനാണ് പാടത്തിനടുത്ത് ഇങ്ങനൊരു സ്ഥലം തരപ്പെട്ടത്.

മാപ്പിള വന്നതും അച്ഛനെ പോലെ പലരുടേം പണി പോയി.. പണിക്കാരൊക്കെ മടിയന്മാരാണത്രേ കൂലി കൊടുക്കുന്നത് അയാൾക്ക് നഷ്ടകച്ചോടം ആണെന്ന്…

അങ്ങനെ കൊയ്യാനും നടാനും അയാൾ വല്യ വല്യ മെഷീൻ കൊണ്ട് വന്നു.. അതോടിക്കാൻ മൂന്നാല് തമിഴന്മാരും…

കഴിഞ്ഞ പ്രാവശ്യം കൊയ്ത്തിന് വന്നപ്പോ ഏകദേശം ആറ് ദിവസത്തോളം അവരിവിടെയുണ്ടായിരുന്നു…

ഇവരുടെ വേലിയോട് ചേർന്നായിരുന്നു അവരുടെ ഷെഡും..

രാത്രിയായാ തൊടങ്ങും പാട്ടും ബഹളോം…

നിലത്തിറങ്ങി വെട്ടിയൊരു ഇടി വാളാണ് അവളെ സ്വബോധത്തിലേക്ക് തിരികെ കൊണ്ട് വന്നത്…

മുറ്റത്ത് തുണി മുഴുവൻ നനച്ചിട്ടിരിക്കുകയാണ്…

മഴ പെയ്തു തുടങ്ങുമ്പോഴേക്കും അവൾ തുണി മുഴുവൻ വാരി അകത്തെത്തി…

മഴ നന്നായിട്ട് ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു…

രണ്ട് ദിവസമായിട്ട് ഇത് തന്നെയാ അവസ്ഥ…

പലയിടത്തും ചോർന്നോലിക്കുന്നുണ്ട്..

വലിപ്പചെറുപ്പമില്ലാതെ അടുക്കളയിലെ സകല പാത്രങ്ങളും ചോർച്ചയുള്ളിടത്തു സ്ഥാനം പിടിച്ചിട്ടുണ്ട്.

മഴയെ അവൾക്ക് പേടിയില്ല.. ഇടതടവില്ലാതെ വീശുന്ന കാറ്റിനെ അവൾ വല്ലാതെ ഭയപ്പെട്ടിരുന്നു.

തെക്ക് ഭാഗത്ത്‌ നിൽക്കുന്ന തെങ്ങിന് കുറച്ചായി ആട്ടം കൂടുതലാണ്… നല്ലൊരു കാറ്റ്‌ വീശിയാൽ കടപുഴകി വീടിനു മുകളിൽ വീഴുമെന്ന കാര്യവുമുറപ്പാണ്..

തെങ്ങ് വെട്ടുന്ന കാര്യം ഇരുവരും മുൻപേ ചർച്ച ചെയ്തതാണ്.. മഴക്കാലത്തിന് മുൻപേ വെട്ടിയിടാമെന്ന് കരുതിയപ്പോഴാണ് അച്ഛൻ പനി പിടിച്ചു കിടപ്പിലായത്.

മേട മാസം കഴിയുന്നേ ഉള്ളൂ.. ഇപ്പോഴേ ഇത് പോലെയൊരു മഴ ആരും പ്രതീക്ഷിച്ചിരുന്നില്ല താനും.

തണുപ്പ് കൊണ്ടാണെന്ന് തോന്നുന്നു അച്ഛൻ വല്ലാണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു…

അവൾ വീട്ടിലുണ്ടായിരുന്ന പഴയൊരു കമ്പിളി പുതപ്പെടുത്തു അയാളെ പുതപ്പിച്ചു കൊടുത്തു.

എന്തൊക്കെ ചെയ്തിട്ടും അയാളുടെ വിറയൽ മാറുന്നുണ്ടായിരുന്നില്ല..

അവളയാളുടെ കൈ പതിയെ ഉരച്ചു ചൂട് പിടിപ്പിക്കാൻ തുടങ്ങി…

വിറയലിന് പുറകെ അയാളോരോ ശബ്ദങ്ങളുണ്ടാക്കികൊണ്ടിരുന്നു..

പനി മുൻപത്തെക്കാൾ കൂടിയിട്ടുണ്ട്..

ഇത്തവണ അവൾ ശരിക്കും പേടിച്ച് തുടങ്ങിയിരുന്നു..

അയാളുടെ കണ്ണുകൾ പതിയെ.. പതിയെ അടഞ്ഞു തുടങ്ങി … പനിചൂടിൽ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്.

പുറത്തപ്പോഴേക്കും മഴ ഭീകര രൂപം പ്രാപിച്ചിരുന്നു… അടുത്തുള്ള വീടാണെങ്കിൽ നാല് പാടത്തിനപ്പുറമാണ്.

അച്ഛനെ തനിച്ചാക്കി പോവാൻ കഴിയില്ലെങ്കിലും അയാളുടെ അവസ്ഥ കണ്ടതും അവൾ മഴയിലൂടെ പുറത്തേക്കൊടി..

ചരൽ കല്ല് വാരിയെറിഞ്ഞ പോലെ അവളുടെ ദേഹത്തേക്ക് ശക്തിയായി മഴ വീശിയടിക്കാൻ തുടങ്ങി..

അവൾക്ക് നൊന്തില്ല…

നനഞ്ഞൊട്ടിയ ശരീരവുമായി അവളാദ്യം കണ്ട വീട്ടിൽ കയറി ചെന്നു.

വാതിൽ പുറമേ നിന്നടച്ചിട്ടുണ്ട്.. അവൾ മുൻപിൽ കെട്ടിതൂക്കിയിരുന്ന മണി കിലുക്കി… പുറത്തെ മഴയുടെ ശബ്ദത്തിൽ അതലിഞ്ഞു പോയി

സകല ശക്തിയുമെടുത്ത് അവൾ മുൻവാതിലിൽ ആഞ്ഞടിച്ചു കൊണ്ടേയിരുന്നു..

ശബ്ദം കെട്ടായിരിക്കണം ഒരാൾ ഹാളിലേക്ക് വരുന്നത് മുൻവശത്തെ ജനലിലൂടെ അവൾ കണ്ടു…

പുറകിലൂടെയൊരു സ്ത്രീ വന്നതും അയാളെ വലിച്ച് അടുത്ത മുറിയിലേക്ക് കയറിയതുമെന്തിനാണെന്ന് അവൾക്ക് മനസിലായില്ല

“നീയെന്തിനാടി എന്നെ പിടിച്ചു വലിച്ചേ..”

“നിങ്ങളിതെങ്ങോട്ടാ മനുഷ്യാ..”

“നീ കേട്ടില്ലേ ആരോ വാതിലിൽ തട്ടുന്നത്..”

“ങാ… അതാ പൊട്ടിപ്പെണ്ണാ..”

“ഏത് ആ പാടത്തിന്റപ്പുറത്തെ..?”

“ആ അവള് തന്നെ..”

“ആ കൊച്ചെന്താ ഈ നേരത്ത്… ഞാനൊന്ന് നോക്കട്ടെ…”

“എങ്ങോട്ടാ മനുഷ്യാ.. അവിടെ നിന്നോണം.. ആ സരള പറഞ്ഞത് നിങ്ങളും കേട്ടതല്ലേ.. അവളുടെ തന്ത പനി പിടിച്ചു കിടക്കുവാണെന്ന്… വല്ല കൊറോണയും ആണോന്ന് ആർക്കറിയാം.. ആവശ്യമില്ലാതെ ഒരു പുലിവാലിനും പോണ്ട…”

“എടി… അവർക്ക് വേറെ ആരുമില്ലല്ലോ… ആ കൊച്ചെന്തായാലും ഊമയും… ഞാനൊന്ന് പോയി നോക്കിയിട്ട്..”

“മിണ്ടാതിരുന്നോണം… അത്ര സഹതാപമൊന്നും വേണ്ട.. എനിക്കും മക്കൾക്കും നിങ്ങളെ ഉള്ളൂ…

നാളെ നമ്മക്കാർക്കെങ്കിലും വല്ലോം വന്നാൽ നോക്കാനാരും വരില്ല..”

റൂമിലേക്ക് പോയവർ തിരികെ വന്നില്ല… അവര് തമ്മിൽ സംസാരിച്ചത് അവൾ കേട്ടതുമില്ലല്ലോ…

അവർ കേൾക്കാത്തത് കൊണ്ടാണെന്ന് കരുതി അവൾ വീണ്ടും വീണ്ടും വാതിലിലടിച്ചു കൊണ്ടേയിരുന്നു.

അന്നാദ്യമായി തനിക്ക് ശബ്ധം നിഷേധിച്ച ദൈവങ്ങളെയവൾ വെറുത്തു.

പ്രതീക്ഷയറ്റത് പോലെ അവൾ വീണ്ടും പാടത്തേക്കോടി… ചെളിയിലെങ്ങോ വഴുക്കി അവൾ പാടത്തേക്ക് തെറിച്ചു വീണു.

പശുവിനെ കെട്ടാൻ കുത്തിയ വലിയ കുറ്റി തട്ടി അവളുടെ നെറ്റി കീറി..

കയ്യിലെ തൊലിയുരിഞ്ഞു..

നെറ്റിയിലെ ചോര കാഴ്ചയെ മറച്ചു.

കാലനക്കാൻ വയ്യ.. വല്ലാത്ത ബലം… അച്ഛന്റെ മുഖം മനസ്സിൽ വന്നതും എവിടെയോ തപ്പി പിടിച്ചവൾ എഴുനേറ്റ് നിന്നു.

കാൽ മുൻപോട്ട് വെച്ചതും.. വീണ്ടുമവൾ വേച്ചു വീണു

മുഖത്തും ദേഹത്തും പാടത്തെ ചളിയും ചാണകവും പറ്റിപ്പിടിച്ചു… കുറ്റിയിലെവിടെയോ തട്ടി ദാവണി പിഞ്ഞികീറി..

ശരീരം മുറിയുന്ന വേദന സഹിക്കാൻ കഴിയാതെ അവൾ ശബ്ദമില്ലാതെ അലറി കരഞ്ഞു.

മഴയൊന്നൊതുങ്ങിയതും അവളെണീറ്റു.. ഞൊണ്ടി ഞൊണ്ടി പാടത്തിനരികെയുള്ള ചീമക്കൊന്നയിൽ നിന്ന് വലിയൊരു കമ്പ് പൊട്ടിച്ചെടുത്തു.

വേച്ചു വേച്ചാണെങ്കിലും പതിയെ മുൻപോട്ട് നടന്നു.

ഓടിട്ട വേറൊരു വീട്ടിലേക്കാണവൾ ഓടിക്കയറിയത്..

അവളെ കണ്ട് നെറ്റി ചുളിച്ചവരെ ഞെട്ടിച്ചുകൊണ്ട് അവളവരുടെ കാലിലേക്ക് വീണു.

കാര്യമറിഞ്ഞതും കുടയെടുത്ത് വീട്ടിലെ കാർന്നോരു മഴയിലേക്കിറങ്ങി.. തൊട്ട് പിറകെ മൂത്ത മകനും

നെറ്റിയിലെ ചോരയൊപ്പാൻ തനിക്ക് നേരെ തോർത്ത്‌ നീട്ടിയ ആ അമ്മയെ നോക്കി അവളൊന്ന് തൊഴുതു.. ശേഷം കാൽ വലിച്ചു വച്ചു മുൻപേ പോയവർക്ക് പിറകെ തന്റെ വീട്ടിലേക്ക് നടന്നു.

അവൾ നടന്നെത്തുമ്പോഴേക്കും അവരവളെ കാത്തു വീടിന്റെ പുറത്ത് തന്നെയുണ്ടായിരുന്നു.

അവളുടെ നോട്ടത്തിന് മറുപടിയായി ഇരുവരും തല താഴ്ത്തി.

മുറിക്കുള്ളിൽ അച്ഛൻ ശാന്തമായി ഉറങ്ങുന്നുണ്ട്…

കണ്ണുകൾ രണ്ടും അടഞ്ഞിരിക്കുന്നു..

നേരത്തെയുണ്ടായിരുന്ന ചൂടും വിറയലും ഇപ്പോഴില്ല… മുഖത്ത് നിറഞ്ഞ ശാന്തത മാത്രം.

വൈകി പോയിരിക്കുന്നു… ആദ്യമായി അവളുടെ ചങ്ക് നീറി ചോര പൊടിഞ്ഞു.

“ന്റെയീ പാവക്കുട്ടിയെ ആരുടെയെങ്കിലും കൈയിലേൽപ്പിച്ചിട്ടു വേണം അച്ഛന് കണ്ണടക്കാൻ..”

ഓർമയിലേക്ക് അയാളുടെ വാക്കുകൾ തികട്ടി വന്നു.

ഇരുവർക്ക് മാത്രം മനസിലാവുന്ന ഭാഷയിൽ അവളായാളോട് എന്തൊക്കെയോ പറഞ്ഞു ദേഷ്യത്തിൽ നെഞ്ചിൽ ആഞ്ഞിടിച്ചു.

കണ്ട് നിന്നിരുന്നവരുടെ കണ്ണ് നിറഞ്ഞു.

കണ്ണ് തുടച്ച് അവളെഴുനേറ്റു… ചുവരിൽ ഭഗവതി കൂടിനടുത്തായി മാലയിട്ട് വച്ചിരുന്ന അമ്മയുടെ ഫോട്ടോ കയ്യിലെടുത്ത് അച്ഛന്റെ ശരീരത്തിലേക്ക് ചേർത്തു വച്ചു.

ആദ്യമവൾ കണ്ണ് തുടച്ചു… പിന്നീട് കൈയടിച്ചു പൊട്ടി ചിരിച്ചു… പിന്നെയെപ്പോഴോ ബോധം മറഞ്ഞു താഴേക്ക് പതിച്ചു.

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Amal Manikandan