ആദിദേവം തുടർക്കഥയുടെ ഭാഗം 21 വായിക്കുക….

രചന : ശിവാലിക രുദ്രപ്രയാഗ്

“”ദേവൂട്ടി നീ ആരായിരുന്നു,എത്ര പെട്ടന്നാണ് നീ എനിക്ക് പ്രിയപ്പെട്ടവൾ ആയി മാറിയത്,നിന്നെ ഇനി കാണാൻ പറ്റുമോന്ന് പോലും എനിക്ക് അറിയില്ല.ഞാൻ മരിച്ചാലും ഈ ഹൃദയത്തിൽ നീ മാത്രമായിരിക്കും”””

ആദിയുടെ ഉള്ളമൊന്ന് വിങ്ങി.

മഴയിൽ ഇല്ലാതായ തീ ഗോളം ആവിയായി പോയിരുന്നു.മുൻപോട്ട് നടന്ന ആദി കണ്ടു വലിയൊരു പാറകെട്ട് ആ പാറകെട്ടിൽ നിന്നുമാണ് വെള്ളം താഴേക്ക് ഒഴുകി ഇറങ്ങുന്നത്.കുഞ്ഞൊരു അരുവി പോലെ..വലിയ കുത്തൊഴുക്കൊന്നും ഇല്ലാത്ത ശാന്തമായി ഒഴുകുന്ന കുഞ്ഞൊരു അരുവി.

ആദി അടുത്തേക്ക് നടന്നു ചെന്നു.പോക്കറ്റിൽ നിന്നും മഞ്ചാടികല്ലിന്റെ ചെപ്പ് കയ്യിലെടുത്തു.

ആ ചെപ്പ് ആദി തുറന്നതും മഴ തോർന്ന് ഇളം വെയിൽ വെള്ളാരം കുന്നിൽ പതിച്ചു.അതോടൊപ്പം കയ്യിലിരുന്ന മഞ്ചാടികല്ലും…

**************

“”ഇതെന്ത് പറ്റി ആകെ ഒരു മറ””

പൂജക്കായുള്ള ഒരുക്കങ്ങൾ ചെയ്യുകയായിരുന്നു നാഥൻ.

നടുക്കളത്തിൽ ഇരുന്ന ഉരുളിയിൽ ഒന്നും കൂടി ദൃഷ്ടി പതിപ്പിച്ചു.നിരാശയായിരുന്നു ഭലം.

“”ആദി നീ എവിടായാലും നാലാം യാമത്തിന് മുൻപ് നിന്നെ ഇവിടെ ഞാൻ എത്തിച്ചിരിക്കും””

മനയിലെ അകത്തളത്തിൽ പൂജ ആരംഭിച്ചിരുന്നു നാഥൻ.

കയ്യിലെ മഞ്ചാടികല്ല് അരുവിയിലേക്ക് ഇടാൻ തുടങ്ങിയതും ചുറ്റും കാറ്റു വീശി.മരങ്ങളെല്ലാം ആടി ഉലഞ്ഞു.

“”എന്തൊക്കെ തടസ്സങ്ങൾ നേരിട്ടാലും ഞാൻ ഈ കല്ല് കുളത്തിൽ ഇടും””‘

ആദി മനസ്സിൽ പറഞ്ഞുറപ്പിച്ചുകൊണ്ട് കല്ല് കുളത്തിലേക്ക് ഇട്ടു.പതിയെ അന്തരീക്ഷമൊന്ന് ശാന്തമായി..

ആദി ചുറ്റുമൊന്ന് നോക്കി….

പെട്ടന്നായിരുന്നു മുകളിലെ പാറക്കൂട്ടത്തിൽ നിന്നും വലിയൊരു പാറകഷ്ണം ആദിയുടെ നേർക്ക് ഉരുണ്ടു വന്നു.ശബ്ദം കേട്ട ആദി വേഗം ഒഴിഞ്ഞു മാറി.ആദി പാറകെട്ടിലേക്ക് നോക്കുമ്പോൾ പാറയിൽ നിന്നും വെള്ളത്തിന്റെ ഒഴുക്ക് നിന്നിരുന്നു.

“”ഇതെങ്ങനെ”””

ആദി ഉൾപ്രേരണയാൽ പാറകൂട്ടത്തിന്റെ അകത്തേക്ക് കയറി.വെള്ളം കെട്ടികിടന്ന അരുവിയിൽ പേരിന് പോലും ഒരു തുള്ളി വെള്ളം ഇല്ല.ആദി കുറച്ചും കൂടി അകത്തേക്ക് കയറി നിന്നു.പറക്കെട്ടിലേക്ക് അവൻ സൂക്ഷിച്ചു നോക്കി…

“”ഈ കല്ല് ഇവിടെയിട്ടാൽ കണ്ടുപിടിക്കാൻ കഴിയുമെന്നാണല്ലോ പറഞ്ഞത്,,എന്നിട്ട് ഇപ്പോൾ ഇവിടെ ഒന്നുമില്ല””

ഉള്ളിലെ ദേഷ്യം കടിച്ചമർത്തികൊണ്ട് ആദി പാറകെട്ടിൽ നിന്നും താഴേക്ക് ഇറങ്ങാനായി പോയതും ചവിട്ടിയ പാറ ഒന്നിളകി.നിലത്തേക്ക് വീഴാൻ പോയ ആദി പെട്ടെന്ന് സൈഡിലെ പാറകെട്ടിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചു.

ഒരുവിധം ആദി പാറകെട്ടിൽ പിടിച്ചു നിന്നു.ആദി പിടിച്ചു നിന്ന പാറയിൽ നിന്നും കൈ വലിക്കുന്നതിനിടയിൽ ആയിരുന്നു ആദി ആ കാഴ്ച്ച കണ്ടത്…

പാറകെട്ടിന്റെ വിടവിൽ കുറച്ചു മഞ്ചാടികളും ചുരുട്ടിയ ഇല പേപ്പർ കഷ്ണങ്ങളും..

“”എന്തായിരിക്കും ഇത് ആദി കൗതുകത്തോടെ അത് എടുക്കാൻ ശ്രമിച്ചു.മഞ്ചാടിമുത്തുകൾ പെറുക്കി എടുത്തുകൊണ്ട് അതിലെ ഇല ചുരുളുകൾ ആദി കയ്യിൽ എടുത്തു.മൂന്നു ചുരുളുകൾ ആയിരുന്നു ആദിയുടെ കയ്യിൽ കിട്ടിയത്.ബാക്കി രണ്ടു ചുരുളുകളും ഭദ്രമായി കയ്യിൽ വെച്ചുകൊണ്ട് ആദി ആദ്യത്തെ ചുരുൾ തുറന്നു.ആദ്യത്തെ ചുരുൾ തുറന്ന് ആദി നോക്കുമ്പോൾ അതിനുള്ളിൽ ശൂന്യമായിരുന്നു.

“”ച്ചേ,,ഞാൻ വിചാരിച്ചു ഇതിലിൽ എന്തേലും സൂചനകളോ വഴിയോ കാണുമെന്ന്””

ആദി നിരാശയോടെ ആ ഇല ചുരുൾ നിലത്തേക്ക് ഇട്ടു.ഇല ചുരുളുകൾ പാറക്കെട്ടിൽ ചെന്നു വീണതും നേരത്തെ നിന്ന പറക്കെട്ടിലെ വെള്ളം നേർത്ത കുമിളകളോടെ പൊങ്ങി.വെള്ളം വരുന്ന ശബ്ദം കേട്ട ആദി അങ്ങോട്ട് നോക്കിയതും അവന്റെ കണ്ണുകൾ വിടർന്നു.

നേരത്തെ ആദി കളഞ്ഞ ആ ഇല ചുരുളുകൾ വെള്ളത്തിൽ കുതിർന്നു മഷി തെളിഞ്ഞിരിക്കുന്നു.

അതിലിൽ എന്തോ വാചകങ്ങൾ ആണ് എഴുതിയിരിക്കുന്നത്.ആദി വേഗം ആ ഇല ചുരുൾ കയ്യിൽ എടുത്തു.

“”” കത്തിജ്വലിക്കുന്ന തീ ഗോളത്തെ പ്രണയിച്ചവൾ””””

“”ഒന്നും മനസിലാവുന്നില്ലല്ലോ””‘

ആദി ബാക്കി രണ്ട് ഇല ചുരുളുകൾ കൂടി വെള്ളത്തിലേക്ക് ഇട്ടു.മഷി പടർന്നതും ആദി വേഗം ആ ഇലചുരുളുകൾ കയ്യിലെടുത്തു….

രണ്ടാമത്തെ ഇല ചുരുളിൽ തെളിഞ്ഞു നിന്ന വാക്യങ്ങൾ അവൻ വായിച്ചു…

“”മഞ്ഞു പാതയിൽ സൂര്യന്റെ ചൂടേറ്റ് എന്നിലെ ശൽക്കം മാഞ്ഞുപോകും”””

ഒന്നും മനസ്സിലാകാഞ്ഞു ആദി മൂന്നാമത്തെ ചുരുൾ വായിച്ചു…

“”ഒഴുകി ഒലിച്ചിറങ്ങുന്ന മഞ്ഞുകണങ്ങൾ,,പാതി മറക്കപ്പെട്ട രൂപം തെളിയും”””

“”ഇതെന്തുവാ ഒന്നും മനസ്സിലാകുന്നില്ലല്ലോ”‘

മൂന്നു ഇല ചുരുളുകളിലേക്കും മാറി മാറി നോക്കി നിൽക്കുവാണ് ആദി….

**************

“” കത്തിജ്വലിച്ചു നിൽക്കുന്ന തീ ഗോളം””

ആദി ആദ്യത്തെ ചുരുളിൽ നോക്കി കൊണ്ട് നിൽക്കുമ്പോൾ ആയിരുന്നു ഉച്ചസ്ഥാനത്തു നിൽക്കുന്ന സൂര്യന്റെ ചൂട് അവനിൽ പതിക്കുന്നത്.കൈകൾ കണ്ണിൽ പതിക്കുന്ന ചൂടിനെ മറച്ചുകൊണ്ട് അവൻ മുകളിലേക്ക് നോക്കി..

“”യെസ് യെസ് കത്തിജ്വലിച്ചു നിൽക്കുന്ന തീഗോളം സൂര്യൻ……””””

“”അപ്പോൾ സൂര്യനെ പ്രണയിച്ചവൾ താമര””””

“”ഇവിടെ എവിടെയാ താമരപൊയ്ക””

ആദി ചുറ്റും ഒന്ന് നോക്കി അവന്റെ കണ്ണുകൾ വിടർന്നു ചുണ്ടിൽ നേർത്ത പുഞ്ചിരി അലയടിച്ചു….

ആദി നോക്കുമ്പോൾ താഴെ കിഴക്കുഭാഗത്ത്‌ പാറക്കെട്ടിലെ വെള്ളം ചെന്നു വീഴുന്നത് ഒരു താമര പൊയ്കയിലാണ്.അവൻ സന്തോഷം കൊണ്ട് താഴേക്ക് പടിയിറകൾ ഇറങ്ങി.സന്തോഷം കാരണം അവന്റെ വയ്യാഴിക പോലും മറന്നുകൊണ്ട് അവൻ വേഗത്തിൽ ഇറങ്ങിയപ്പോൾ മൂർച്ചയുള്ള വലിയൊരു പാറയിൽ തട്ടി അവന്റെ കാൽ ഒന്നിടറി…

“”അമ്മേ”””

താഴേക്ക് ഉരുണ്ട് വീഴുകയായിരുന്നു ആദി.

വയറ്റിലെ അവന്റെ മുറിവിൽ നിന്ന് ചോര വാർന്നുകൊണ്ടിരുന്നു.പടികൾ അവസാനിച്ച തടയിണയിൽ അവൻ ചെന്നു വീഴുമ്പോൾ എഴുന്നേൽക്കാൻ പോലും ആവാതെ വേദനകൊണ്ട് അവൻ പുളഞ്ഞു…

**************

ഉരുളിയിലെ മഷി കലർന്ന വെള്ളത്തിൽ നിലത്തു വേദനകൊണ്ട് പുളയുന്ന ആദിയുടെ രൂപം കാൺകെ നാഥൻ ക്രൗര്യത്തോടെ എന്തു പറ്റിയെന്നറിയാൻ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് കണ്ണുകൾ അടച്ചു.

ആദി മനയിൽ പോയ കാര്യങ്ങൾ മുതൽ ഒരു ചിത്രം പോലെ നാഥന്റെ മുന്നിൽ തെളിഞ്ഞു..

“”ആദി”””

ദേഷ്യത്താൽ വിറച്ചുകൊണ്ട് എഴുന്നേൽക്കാൻ ഒരുങ്ങുമ്പോൾ ആയിരുന്നു നാഥൻ ഓർത്തത്…

“”ഇല്ല താൻ എഴുന്നേൽറ്റുകൂടാ..അഥവാ താൻ എഴുന്നേൽറ്റാൽ ഈ പൂജക്ക് തടസ്സം വരും…

ആദി നിന്നെ വെള്ളാരംകുന്നിൽ നിന്നും ഞാൻ ഇവിടെ എത്തിക്കും ഈ അസുരന്റെ മനയിൽ അല്ല ഈ ജാദ്രവേലന്റെ മനയിൽ””””

അട്ടഹസിച്ചു കൊണ്ട് അയാൾ എന്തോക്കെയോ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി..

*************

ചോര വാർന്ന് ആദിയുടെ ബോധം പോലും മറയാറായിരുന്നു…

“”പറ്റില്ല എന്നെ കൊണ്ട് ഇനി ഒരടി പോലും പറ്റില്ല”””

അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.

“”ദേവൂട്ടി ഞാൻ മരിച്ചാലും നീ ജീവിക്കണം നമ്മുടെ കുഞ്ഞിനെ പൊന്നു പോലെ വളർത്തണം.എന്റെ അമ്മയെ പോലെ നീ അന്ധമായി ആരെയും വിശ്വസിക്കരുത്….”””

അവസാന വാക്കെന്നോണം അവൻ പുലമ്പികൊണ്ടിരുന്നു.

“”ഇല്ല ആദി നീ മരിക്കില്ല…നീ മരിച്ചാൽ എന്റെ ലക്ഷ്യങ്ങൾ”””

ജാദ്രവേലന്റെ കണ്ണുകൾ തീ പോലെ പാറി…

പാറക്കെട്ടിലെ വെള്ളം ദിശമാറി ഒഴുകി ആദിയുടെ മേലെ പതിച്ചു ..ആദിയുടെ കണ്ണുകൾ പതിയെ തുറന്നു.കണ്ണുകൾ തുറന്നതും ആദി കണ്ടത് പടിക്കെട്ടിനോട് മാറി ധ്യാരധ്യാരയായി വെള്ളം വീണുകൊണ്ടിരിക്കുന്ന ശിവലിംഗമാണ്…

ആദി ഉള്ളിൽ പതിഞ്ഞ ഏതോ ശക്തിയാൽ പതിയെ എഴുന്നേൽറ്റു അവന്റെ ചുറ്റിലും വെളിച്ചം പടർന്നു…..

സൂര്യൻ ഉച്ചസ്ഥാനത്തു നിന്നും പതിയെ മാറുന്നുണ്ടായിരുന്നു..

“”മൂന്നാം യാമം കഴിയാറാകുന്നു.നാലാം യാമത്തിന് മുൻപ് അവനെ കണ്ടെത്തണം”””

ആദി ശിവലിംഗത്തിന് മുൻപിൽ ദേവൂട്ടിക്കും കുട്ടിക്കും വേണ്ടി പ്രാർഥിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

താമരപൊയ്കയിൽ ആദി എത്തുമ്പോൾ താമര പൂക്കൾ പാതി വാടി തളർന്നിരുന്നു..

“”താമര….സൂര്യനെ പ്രണയിച്ചവൾ””

ആദി ഭദ്രമായി സൂക്ഷിച്ചു വെച്ച ബാക്കി രണ്ട് ഇലചുരുളുകളിലെ രണ്ടാമത്തെ ഇല ചുരുൾ തുറന്നു…

“”മഞ്ഞു പാതയിൽ സൂര്യന്റെ ചൂടേറ്റ് എന്നിലെ ശൽക്കം മാഞ്ഞുപോകും”””

“”മഞ്ഞുപാതയോ ഇവിടെ എവിടാണ് മഞ്ഞുപാത””

ആദി വീണ്ടും സംശയത്തോടെ ചുറ്റും നോക്കി..

“”ഇല്ല ഇവിടെങ്ങും മഞ്ഞിന്റെ അംശം പോലുമില്ല”””

ആദി സംശയത്തോടെ വീണ്ടും ആ വാക്യം വായിച്ചു..

“”ശൽക്കം മീനിന്റെ ദേഹത്തല്ലേ കാണുന്നത്,,അപ്പോൾ മീൻ ഈ താമര പൊയ്കയിൽ കാണും””

ആദി ആവേശത്തോടെ പതിയെ കുളത്തിലെ വെള്ളത്തിൽ കാലു പതിപ്പിച്ചതും വേഗം ആദി കാലുകൾ പിൻവലിച്ചു.

“”എന്ത് തണുപ്പാണ് വെള്ളത്തിന്റെ അടിയിൽ,,മഞ്ഞു കട്ട പോലെ””

പറഞ്ഞു കഴിഞ്ഞാണ് ആദി രണ്ടാമത്തെ വാക്യം ഓർത്തത്…

“”മഞ്ഞു പാത,,,അപ്പോൾ ഈ പൊയ്കയിലായിരിക്കുമോ”””

ആദി സംശയം തീർക്കാൻ ആയി വീണ്ടും പൊയ്കയിലേക്ക് ഇറങ്ങി.അടിത്തട്ടിലേക്ക് കുഞ്ഞിഞ്ഞു കൊണ്ട് തൊട്ട് നോക്കി…

പെട്ടെന്ന് ആദിയുടെ കയ്യും കാൽപാദവും തണുത്തു മരവിക്കാൻ തുടങ്ങി.തണുപ്പ് താങ്ങാൻ ആവാതെ ആദി വേഗം കരയിലേക്ക് കയറി..മുകളിലേക്ക് നോക്കി…

സൂര്യന്റെ ചൂടേറ്റ് മഞ്ഞുപാത അലിഞ്ഞു തുടങ്ങിയിരുന്നു..

വെള്ളത്തിൽ നിന്നും ആവിപറക്കുന്ന കണ്ട ആദിക്ക് മനസ്സിലായി..അടിയിലെ മഞ്ഞുപാത ഉരുകി തുടങ്ങിയിരിക്കുന്നുവെന്ന്…

ആദി ആ പൊയ്കയിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു…

കുറച്ചു കഴിഞ്ഞതും വെള്ളത്തിന്റെ അടിയിൽ നിന്നും കുറെ മീനുകൾ പൊങ്ങി ചാടാൻ തുടങ്ങി.

ആദി മൂന്നാമത്തെ ഇല ചുരുൾ കയ്യിൽ എടുത്തു…

“”ഒഴുകി ഒലിച്ചിറങ്ങുന്ന മഞ്ഞുകണങ്ങൾ,,പാതി മറക്കപ്പെട്ട രൂപം തെളിയും”””

ആദി നോക്കുമ്പോൾ ഒരു മീൻ മാത്രം നീന്തി തുടിക്കാതെ വാടിതളർന്ന താമരപൂവിൽ ഇരിക്കുന്നു…

“”എന്തു പറ്റി നിനക്ക് ബാക്കിഎല്ലാവരും നീന്തി കളിക്കുമ്പോൾ നീ എന്തേ മാറി നിൽക്കുന്നു”””

വെറുതെ കൗതുകത്തോടെ ആയിരുന്നു ആദി ആ മീനിനോട് ചോദിച്ചത്.

ആദി ചോദിക്കുന്നത് കേട്ടിട്ട് പോലെ ആ മീൻ തല ഒന്നുയർത്തി നോക്കികൊണ്ട് ആ മീൻ പൊയ്കയിലേക്ക് ഇറങ്ങി ചാടി ചാടി ആദിയുടെ അരികിൽ വന്നു..

ആദി കൗതുകത്തോടെ ആ മീനെ നോക്കി സൂര്യപ്രകാശമേറ്റ് മീനിന്റെ മുകളിലെ ശൽക്കകൾ പൊഴിഞ്ഞു കൊണ്ടിരുന്നു..പതിയെ പതിയെ അതിന്റെ രൂപം മാറുന്നത് ആദി കണ്ടു…

ഉള്ളിൽ ആളികത്തിയ വേദനയാൽ ആദി നിലത്തേക്ക് മുട്ടു കുത്തി വായിൽ നിന്നു വന്ന ചോര അവൻ തുപ്പി കളയാൻ ശ്രമിച്ചെങ്കിലും ബോധം മറയുകയാണെന്ന് അവന് മനസ്സിലായി അപ്പോഴും അവന്റെ മുന്നിൽ തെളിഞ്ഞു നിന്നത് ശൽക്കകൾ പറന്നു മാറുന്ന മീനിനെയാണ്.

നിലത്തേക്ക് വീഴുമ്പോൾ ആദിയുടെ വയറ്റിൽ നിന്നും കട്ടചോര പുറത്തേക്ക് വന്നു.

***********

“””ആദി…..””

മനയിൽ നിന്നുമുള്ള അലർച്ച കേട്ടുകൊണ്ടായിരുന്നു ദേവൂട്ടിയും ദിവ്യയും വീട്ടിൽ നിന്ന് മനയിലേക്ക് ചെല്ലുന്നത്.ഉന്തിയ വയറും വെച്ചു അവൾ അവിടേക്ക് ചെല്ലുമ്പോൾ ആദിയെ കാണാമെന്ന സന്തോഷമായിരുന്നു അവളുടെ ഉള്ളു നിറയെ..

ദിവ്യയും ദേവൂട്ടിയും മനയുടെ മുൻപിൽ ചെല്ലുമ്പോൾ അകത്തു നിന്നും തീയും പൊകയും ഉയരുന്നുണ്ടായിരുന്നു…

അകത്തേക്ക് പോകാൻ ഒരുങ്ങിയ ദേവൂട്ടിയെ ദിവ്യ തടഞ്ഞു…

“”ദേവി വേണ്ട ഈ അവസ്ഥയിൽ നീ അവിടേക്ക് പോകുന്നത് ശെരിയല്ല””

ദിവ്യ ദേവൂട്ടിയെ അവിടെ നിർത്തികൊണ്ട് അകത്തേക്ക് കയറി.

ഉള്ളിൽ ഭയം അലയടിക്കുന്നുവെങ്കിലും അവൾ സ്വയം ധൈര്യം സംഭരിച്ചു വെച്ചുകൊണ്ട് അകത്തേക്ക് കയറി…

കുറച്ചു നേരം കഴിഞ്ഞിട്ടും അകത്തേക്ക് കയറിയ ദിവ്യയെ കാണാത്തത് കൊണ്ട് ദേവൂട്ടി ഉള്ളിലേക്ക് ചെന്നു.ദേവൂട്ടി അകത്തു ചെന്നപ്പോൾ ബോധമില്ലാതെ നിലത്തു കിടക്കുന്ന ദിവ്യയെയാണ് കാണുന്നത്

“”ദിവ്യയെ…ദിവ്യ…മോളേ കണ്ണു തുറക്ക് “”

ബോധമില്ലാതെ കിടക്കുന്ന ദിവ്യയെ നോക്കി ഇരുന്നുകൊണ്ട് ദേവൂട്ടി വിളിച്ചു…

ആരെയും ശ്രദ്ധിക്കാതെ പൂജകൾ ചെയ്തുകൊണ്ടിരിക്കുന്ന നാഥനെ ദേശിച്ചുകൊണ്ട് ദേവൂട്ടി ഒന്ന് നോക്കി…

“”ദേവി…. ആ …ആ…ആദി…..”””

പാതി കണ്ണുകൾ തുറന്നുകൊണ്ട് ദിവ്യ പറയാൻ ശ്രമിക്കുന്നതിന് മുൻപ് അവൾ മരിച്ചിരുന്നു..

“””ദിവ്യാ”””

ദേവൂട്ടി അവളെ ചേർത്തു പിടിച്ചുകൊണ്ട് വാവിട്ടു കരഞ്ഞു…

ദേവൂട്ടിയുടെ കയ്യിൽ പടർന്ന ദിവ്യയുടെ രക്തം കണ്ട് അവൾക്ക് ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി…

പൂജയിൽ തടസ്സം വരുത്താൻ നോക്കിയ ദിവ്യയെ നാഥന്റെ ആഗ്ന പ്രകാരം കൂട്ടിലടക്കപ്പെട്ട ഗതികിട്ടാത്ത ആത്മാക്കൾ തലക്കടിച്ചു…

നാഥനോടൊപ്പം കുറേ ആത്മാക്കൾ അവിടെയുണ്ടായിരുന്നു..ഒരുവിധം എഴുന്നേൽറ്റ ദേവൂട്ടി നാഥന്റെ അരികിലേക്ക് ചെന്നു.അയാൾ അപ്പോഴും മന്ത്രങ്ങൾ ഉരുവിടുകയായിരുന്നു..

“”സ്വന്തം ചോര ആണെന്ന് പോലും താൻ നോക്കിയില്ലല്ലോ”””

അവിടെ ഇരുന്ന പൂക്കൾ നിറച്ച താലം നിലത്തേക്ക് തട്ടി എറിഞ്ഞുകൊണ്ട് അവൾ അയാൾക്ക് നേരെ ദേഷ്യപ്പെട്ടു…

പൂജക്കായി കരുതിവെച്ച താലവും പൂക്കളും നിലത്തു വീണപ്പോൾ അതിന്റെ ശബ്ദം ഇരട്ടിയായി നാഥന്റെ കാതുകളിൽ പതിച്ചു..

ശബ്ദത്തിൽ മന്ദ്രങ്ങൾക്ക് തടസ്സം നേരിട്ടു…

“”ടി….”””

ഒരു അലർച്ചയോടെ നാഥൻ ചാടി എഴുന്നേൽറ്റു കൊണ്ട് ദേവൂട്ടിയുടെ കഴുത്തിൽ പിടിച്ചുകൊണ്ട് മുകളിലേക്ക് ഉയർത്തി…

വായുവിൽ ശ്വാസം കിട്ടാതെ ദേവൂട്ടിയുടെ കാലുകൾ പരസ്പരം കൂട്ടിയിടിച്ചു..

പെട്ടെന്ന് ഒരു പുകചുരുൾ അവിടെ നിറഞ്ഞു..

ആ പുകചുരുളിന്റെ രൂപം തെളിഞ്ഞതും നാഥൻ ഭയന്നുകൊണ്ട് ദേവൂട്ടിയുടെ കഴുത്തിൽ നിന്നും പിടിയയച്ചു…

നിലത്തേക്ക് വീണ ദേവൂട്ടി വേദനകൊണ്ട് പുളഞ്ഞു.വയറിൽ താങ്ങികൊണ്ട് അവൾ നേരെ ഇരുന്ന് ശ്വാസം എടുക്കാൻ പാടുപ്പെട്ടു..

“”അസുരാ എനിക്ക് അറിയാമായിരുന്നു നീ വരുമെന്ന്”””

ഒന്ന് പതറിയെങ്കിലും പതർച്ച മറച്ചു വെച്ചുകൊണ്ട് നാഥൻ അസുരനിലേക്ക് നീങ്ങി..

“”ആദിയേട്ടനെ പോലൊരു രൂപം.എന്നാൽ വ്യത്യാസങ്ങളുമുണ്ട്..””

ആ രൂപത്തിലേക്ക് നോക്കിയിരുന്ന ദേവൂട്ടി ആത്മഗദം പറഞ്ഞു.

“”ന്റെ ആദിയേട്ടൻ എന്തിയേ”””

അവരെ ഇരുവരെയും നോക്കി വിങ്ങികൊണ്ട് ദേവൂട്ടി ചോദിച്ചു…

“”ഹഹഹ”””

ദേവൂട്ടിയെ നോക്കി അട്ടഹസിച്ചു ചിരിക്കുന്ന നാഥനെ അസുരൻ നെഞ്ചും കൂട് നോക്കി പ്രഹരിച്ചു.അപ്രതീക്ഷിതമായി കിട്ടിയ പ്രഹരത്തിൽ നാഥൻ നിലത്തേക്ക് വീണു…

ദേവൂട്ടിയെ കാൺകെ അസുരന്റെയുള്ളിൽ ഒരു നോവ് പടർന്നു..അവൻ അവളുടെ വയറിലേക്ക് നോക്കി…..

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ശിവാലിക രുദ്രപ്രയാഗ്