കല്യാണം കഴിച്ച് വിടുന്ന കാലം വരെ അപ്പന് തല്ലാനുള്ള ഒരു ചെണ്ട മാത്രമായിരുന്നു ഞാൻ

രചന : Vidya Venu

ഇങ്ങനെയും ഒരു ഭാര്യ

************

ഹാ! എന്റെ ജ്യൊതി നിനക്ക് നാണമില്ലെ…

രാവിലെ അവന്റെ വായിലിരിക്കുന്നതു മുഴുവനും കേട്ടിട്ടും അവന്റെ തുണിയും കൊണ്ടിറങ്ങിയേക്കുവാ

നനച്ചുണക്കാന്…

നിനക്ക് നനയ്ക്കാൻ പറ്റില്ലാന്ന് എന്താടീ പറഞ്ഞാല്

അല്ലെ… അവന്റെ മറ്റവടെ അടുത്ത് കൊണ്ടു കൊടുക്കട്ടെ …ഹല്ല പിന്നെ…

ലീല ഇത്രയൊക്കെ പറഞ്ഞിട്ടും ജ്യോതി ഒന്നും മിണ്ടിയില്ല.

തുണി നനച്ച് അടുക്കള മുറ്റത്ത് അഴയിൽ വിരിച്ചിട്ട് അവൾ അടുക്കളയിലെയ്ക്ക് ചെന്നു.

നിന്റെ നാവ് എന്താ നീ അവന് പണയം വെയ്ക്കാൻ കൊടുത്തോ അതൊ വിറ്റൊ?

യേടത്തി… സുരേഷേട്ടനെ നന്നാക്കാൻ കഴിയില്ലന്ന് യേടത്തിക്കറിയില്ലെ.

അറിയാം… പക്ഷെ എനിക്ക് നിന്നോടാ ദേഷ്യം.

അവൻ അന്യ സ്ത്രീകളോടൊപ്പം ജീവിച്ചിട്ട് വരുമ്പോഴും നിനക്ക് അവനെ വേണ്ടാന്ന് എന്താ നീ പറയാത്തത്?

അണഞ്ഞ അടുപ്പിലെ തീ …

ജ്യോതി ഊതിക്കത്തിച്ചു. അണയാറായ കനലിൽ നിന്നു പോലും ഊതി ഊതി തീ കത്തിക്കാം യേടത്തീ

പക്ഷെ വിശപ്പ് എന്ന അഗ്നി കെടണമെങ്കിൽ ആഹാരം തന്നെ ചെല്ലണം.

മൂക്കിന്റെ തുമ്പിലാരുന്നു എന്റെ അപ്പന് ദേഷ്യം

പലപ്പോഴും അപ്പന്റെ അടിയേറ്റ് എന്റെ അമ്മ ചുരുണ്ടുകൂടി കിടക്കുമ്പോൾ അപ്പനെ നമുക്ക് വേണ്ടാമ്മേന്ന് ഞാൻ പറഞ്ഞാൽ അമ്മ പറയും.

മക്കളെ …താങ്ങോര് ഉണ്ടെങ്കിലെ.. തണലുണ്ടാകൂന്ന്.

ഉപേക്ഷിക്കാൻ എളുപ്പമാ… പക്ഷെ ഈ ലോകത്ത് കപടത അറിയാത്ത സ്ത്രീകൾക്ക് ഒറ്റയ്ക്ക് ജീവിക്കാൻ വലിയ പ്രയാസമാ ഏടത്തീ..

കൊത്തിപ്പറിക്കാൻ മാംസ ദാഹികളായ കഴുകൻമാർ വട്ടമിട്ട് പറക്കും.

എനിക്കിവിടെ വയറ് നിറച്ച് ആഹാരം കിട്ടുന്നുണ്ടല്ലോ.

പിന്നെ തല്ലും കൊള്ളണ്ടാല്ലോ.

ന്റെ മ്മ മരിച്ചതിന്റെ ആറാം ദിവസം അപ്പൻ വേറെ കെട്ടി എനിക്കന്ന് പത്ത് വയസ്

രണ്ടാനമ്മ എന്റെ അനുജത്തിയെ പ്രസവിച്ചതോടെ ഞാനൊരധികപ്പറ്റായി.

കഴിക്കാൻ തരുന്ന പഴയ ചോറിൽ ചിലപ്പം വിട്ടിലും പാറ്റയും ഒക്കെ കാണും.

ആർത്തി പിടിച്ച് കഴിക്കുമ്പോളാകും അവയൊക്കെ വായിൽ വന്നു പെടുക .. വെറുപ്പു കൊണ്ട് തുപ്പാൻ തോന്നിയാലും വിശപ്പു കൊണ്ട് പലപ്പോഴും ഞാനാ ചൊറ് ഇറക്കിയിട്ടുണ്ട്.

തുപ്പിയാൽ കഴിക്കാൻ തരാൻ വേറെ ആരും ഇല്ലല്ലോ യേടത്തീ ..

ജ്യോതി .. മോളേ..

ലീല അവളെ ചേർത്തു പിടിച്ചു.

നീ എന്താ ഇത്ര നാളായിട്ടും എന്നോട് ഇതൊന്നും പറയാതിരുന്നത്.?’

യേടത്തിയോട് പറഞ്ഞാൽ ഏടത്തിയെക്കൂടെ വിഷമിപ്പിക്കാന്നല്ലെ ഉള്ളൂ.

കല്യാണം കഴിച്ച് വിടുന്ന കാലം വരെ അപ്പന് തല്ലാന്നുള്ള ചെണ്ടയിരുന്നു ഞാൻ

കിട്ടുന്നതെന്തും വെച്ച് അപ്പൻ തല്ലും മടലും തൂമ്പാക്കാലും ഒക്കെ അപ്പന് തല്ലാനുള്ള ആയുധങ്ങളാരുന്നു.

ഇവിടെ എനിക്ക് സുഖാ.

എനിക്ക് ജീവിക്കാനായിട്ട് വേശ്യാവൃത്തിക്ക് പോകണ്ടാ..

വിശപ്പ് തീരെ ആഹാരമുണ്ട് പിന്നെ വസ്ത്രം കിട്ടുന്നുണ്ട്.

ഉറങ്ങാൻ കട്ടിലുണ്ട്..

ആരേയും പേടിക്കാതെ കിടക്കാൻ വീടുണ്ട്.

രാത്രിയിൽ ഞാൻ ജോലി ചെയ്യുന്ന ദിവസങ്ങളിൽ എന്റെ ഭർത്താവ് പ്രതിഭലവും തരുന്നുണ്ട്.

എന്ത് പ്രതിഭലം.

അവൾ അകത്തെ മുറിയിൽ നിന്നും ഒരു പൗഡർ ടിന്ന് എടുത്തു കൊണ്ടു വന്നു.

അതിൽ നിറയെ ചില്ലറത്തുട്ടുകൾ ആയിരുന്നു.

എന്റെ ആദ്യരാത്രി മുതൽ ഇന്നലെ വരെ എനിക്കു തന്ന ഒരു രൂപാ നാണയങ്ങളാ ഇത് രണ്ടു വർഷത്തെ പണം.

വിവാഹ ദിവസം രാത്രിയിൽ എനിക്കൊരു രൂപാ നാണയം തന്നിട്ട് സുരേഷേട്ടൻ പറഞ്ഞ വാചകം ഞാൻ മരിക്കും വരെ മറക്കില്ല ഏടത്തീ.

നിനക്ക് ഈ നാണയത്തിന്റെ വിലയെ ഞാൻ കൽപ്പിക്കുന്നുള്ളൂന്ന്.

അന്നെന്റെക്കണ്ണു നിറഞ്ഞു.

പിന്നീടുള്ള ഒരു രാത്രിയിലും ഞാൻ കരഞ്ഞിട്ടില്ല.

സുരേഷ് ഇങ്ങനെ വൃത്തികെട്ടവനാണെന്ന് ഞാൻ അറിഞ്ഞില്ല മോളെ.

എന്റെ രാജേഷേട്ടനെ പൂവിട്ട് പൂജാക്കണം.

രണ്ടിനെയും ഒരമ്മപ്പെറ്റതാണെ.. കഷ്ടം.

അടുക്കളയിൽ കളിക്കുന്ന ലീലയുടെ ഇളയ മകളെ ജ്യോതി എടുത്ത് ഏണിൽ വെച്ചു.

നിനക്ക് ഒരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കിൽ….

കുറെ വിഷമം മാറുമാരുന്നു.

കുഞ്ഞുണ്ടാകാഞ്ഞിട്ടല്ലല്ലോ ഏടത്തീ…

ങേ എന്താ നീ പറഞ്ഞത്?

സത്യം തന്നെയാ..

ഉണ്ടായതാ.. എന്നെക്കൊണ്ട് മരുന്നു കഴിപ്പിച്ച് കളയിച്ചതാ

എന്തിന്?

ശ്രേയക്കുട്ടിയെപ്പോലെ പെൺകുട്ടിയാ ഉണ്ടാവണതെങ്കിൽ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ ഏട്ടന് പ്പറ്റില്ലാന്ന് പെൺകുട്ടികളെ ഏട്ടന് ഇഷ്ടമല്ലാന്ന്.

എന്തിനാ എന്റെ ജ്യോതി?

നീ ഇങ്ങനെ……

ജീവിക്കുന്നത് എന്നല്ലെ ഏടത്തി പറയാൻ ഉദ്ദേശിച്ചത്?

അതെ അതു തന്നെയാ…

മക്കളും ഭർത്താവും ജീവിതസുഖങ്ങളും ഒന്നും വിശപ്പിന് മുൻപിൽ ഒന്നുമല്ല ഏടത്തീ ഒന്നുമല്ല.

ലീല ജ്യോതിയെ ചേർത്തു പിടിച്ചു.

മോളെ… നിന്നൊട് എനിക്കൊന്നും പറയാനില്ല.

ഞാനും എന്റെ മക്കളും ഉണ്ടാവും നിനക്ക് കൂട്ടിന്.

ഇന്നു മുതൽ നീ എനിക്കനുജത്തി മാത്രമല്ല മകൾ തന്നെയാ..

ഇങ്ങനെയും ഉണ്ടാവും ഈ ലോകത്ത് എവിടെയെങ്കിലും ഒക്കെ ചില ഭാര്യമാർ അല്ലെ.

മ്… അതെ..

ജ്യോതി ലീലയുടെ നെഞ്ചിലേയ്ക്ക് മുഖമണച്ചു.

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Vidya Venu

Scroll to Top