അമ്മയ്ക്ക് കിട്ടുന്ന വിധവ പെൻഷൻ പോലും പൂ ങ്കണ്ണീരൊഴുക്കി പെങ്ങൾ മേ ടിച്ചെടുക്കുമ്പോൾ പല വട്ടം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാണ്…

രചന : ശ്രുതി സുധി

അവൾ

*********

സെറ്റ് സാരിയുടുത്തു മുല്ലപ്പൂ ചൂടി കൈയിൽ ഒരു ഗ്ലാസ്‌ പാലുമായി അവളെ മുറിയിലാക്കികൊണ്ട് പെങ്ങൾ തിരിച്ചു നടക്കവേ ഒരു പുച്ഛത്തോടെ പെങ്ങളെ പിടിച്ചു നിർത്തി മുഖത്ത് നോക്കി ചോദിച്ചു…

“ആരെ കാണിക്കാനാണെടി ഇമ്മാതിരി വേഷം കേട്ട്… ”

“അത്… ഏട്ടാ… ഞാൻ… ”

പെങ്ങൾ നിന്നു പരുങ്ങി… വര്ധിച്ചുവന്ന ദേഷ്യം കാരണം വാതിലിൽ ശക്തിയായി അടിച്ചുകൊണ്ട് ആ മുറിയ്ക്കു പുറത്തിറങ്ങി മറ്റൊരു മുറിയിൽ കയറി വാതിൽ അടച്ചു കണ്ണുകൾ കിടന്നു…

ആ സമയം അവളെ ആദ്യമായി കണ്ട ദിനം മനസ്സിൽ തെളിയവേ ഇന്നും ഒരു വിറയൽ ശരീരത്തു പടരുന്നു…

അച്ഛന്റെ ബിസിനസ് തകർന്നതും അതിനു ശേഷം വന്ന കടവും… അത് തീർക്കാൻ പാടുപെടുന്നതിനിടയിൽ ഉള്ള അച്ഛന്റെ ആ ആക്‌സിഡന്റും… അതിന്റെ ചികിത്സയുടെ വഴിയായിട്ട് വീണ്ടും കടം കയറിയതും…. അവസാനം അച്ഛന്റെ മരണവും.. ഉണ്ടായിരുന്ന വീടും പറമ്പും വിറ്റ് പെങ്ങളെ കല്യാണം കഴിപ്പിച്ചയച്ചതും എല്ലാം ഇന്നലെയെന്ന പോൽ മനസ്സിൽ തെളിഞ്ഞു…

പൊതുവെ ആര്ഭാടക്കാരിയായ പെങ്ങൾ ഭർതൃവീട്ടുകാരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ നടന്നു നടന്നു അവശേഷിച്ച സമ്പാദ്യം കൂടെ തീർന്നു….അല്ല തീർത്തു…

ഒരുവിധത്തിൽ കുടുംബം കരയ്ക്കടുപ്പിക്കാൻ പാടുപെടുന്ന സമയം ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ഒരു കരുതലെന്നവണ്ണം അമ്മയെ ഏൽപ്പിക്കുമ്പോൾ ഒരു വിശ്വാസം ഉണ്ടായിരുന്നു അമ്മയുടെ കൈയിൽ എല്ലാം ഭദ്രമായിരിക്കുമെന്നു….

പക്ഷേ ആ വിശ്വാസം കാറ്റിൽ പറത്തി പെങ്ങൾ വന്നു കണ്ണുനീർ പൊഴിക്കുമ്പോൾ എന്റെ വിയർപ്പിന്റെ വില എന്നോട് പോലും ചോദിക്കാതെ അമ്മ പെങ്ങൾക്ക് എടുത്തുകൊടുത്തു….

കടമായും അല്ലാതെയും അമ്മയിൽ നിന്നും കാശുവാങ്ങികൊണ്ട് പോകുന്നവളെ പിന്നെ കാണുന്നത് കൈയിലുള്ള കാശ് തീർന്നുകഴിയുമ്പോൾ മാത്രം….

അമ്മയ്ക്ക് കിട്ടുന്ന വിധവ പെൻഷൻ പോലും പൂങ്കണ്ണീരൊഴുക്കി പെങ്ങൾ മേടിച്ചെടുക്കുമ്പോൾ പല വട്ടം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാണ് ഇതൊന്നും ശരിയായ ഏർപ്പാടല്ലെന്നു….

അവസാനം കടം കയറി കടം കയറി ആത്മഹത്യാ മാത്രം വഴി എന്ന് ചിന്തിച്ചു നിൽക്കുന്ന വേളയിൽ ആണ് പെങ്ങൾ വന്നു അവളുടെ കാര്യം പറയുന്നത്…. മൂകയും ബധിരയും ആയ പെൺകുട്ടി…..

വിവാഹം കഴിച്ചാൽ കിട്ടുന്നത് കോടികൾ….. പെങ്ങൾക്ക് നല്ല പരിചയം ഉള്ള കുടുംബം ആണെന്നും കൂടി പറഞ്ഞപ്പോൾ അമ്മയും പെങ്ങളോടൊപ്പം ചേർന്നു…..

അവിടെയും ഇരുവരും എന്നെകുറിച്ചോ.. എന്റെ ആഗ്രഹങ്ങളെകുറിച്ചോ ഇഷ്ടങ്ങളെ കുറിച്ചോ ആലോചിചതെ ഇല്ല….. വന്നുചേരുന്ന പൊന്നിലും പണത്തിലും ആയിരുന്നു പെങ്ങളുടെ കണ്ണു….

അന്ന് അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് പെണ്ണുകാണാൻ പോയത്….വലിയ ബംഗ്ലാവ് പോലെയുള്ള ഒരു വീട്…. അവരുടെ സ്വീകരണമുറിയുടെ വലുപ്പമേ ഞങ്ങളുടെ വീടിനുള്ളു……എന്താകും എങ്ങനെയാകും എന്നറിയാതെ വല്ലാത്തൊരവസ്ഥയിൽ അവിടെ ഇരിക്കുമ്പോൾ ആണ് പെണ്ണിന്റെ അമ്മ എന്നെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ട് പോകുന്നത്…..

ആ വീടിന്റെ ഏറ്റവും അറ്റത്തുള്ള ഒരു മുറി…..

പുറത്തുനിന്നും പൂട്ടിയിട്ട വാതിൽ തുറന്ന് അകത്തുകടന്നതും ആ മുറിയുടെ മൂലയിൽ നിലത്തു ചുരുണ്ടുകൂടി ഇരിക്കുന്ന ഒരു പെണ്കുട്ടിയിൽ ആണ് എന്റെ നോട്ടം ചെന്നു പതിച്ചത്…. ഞങ്ങളെ കണ്ടതും ഭയത്തോടെ എന്നെ നോക്കിയ നോട്ടം…… അസ്വസ്ഥമായ എന്റെ മനസ്സിൽ ഒരു ചിന്ത മാത്രം ആയിരുന്നു….. പെണ്ണുകാണാൻ വന്നിട്ട് എന്നെയെന്തിന് ഇവിടേയ്ക്ക് കൊണ്ടുവന്നു….

എന്റെ മുഖത്ത് നിന്നും സംശയം വായിച്ചെടുത്ത വണ്ണം പെൺകുട്ടിയുടെ അമ്മ പറഞ്ഞു അതാണ് പെണ്ണെന്നു…… നിന്നനില്പിൽ ഇടിവെട്ടേറ്റ പോലെ തറഞ്ഞു നിന്നു……അവളുടെ അമ്മ അവൾക്കടുത്തേക്കു നടന്നടുക്കവേ അവളിൽ ഉയരുന്ന ഭയം….. ഒരലർച്ചയോടെ അവൾ ഓടി വന്നെന്റെ കാലിൽ ചുറ്റിപിടിച്ചു നോക്കിയ നോട്ടം…… പേടിയും ദയനീയതയും അപേക്ഷയും എല്ലാം ചേർന്നൊരു ഭാവം…..

എന്നിൽ നിന്നും അടർത്തി മാറ്റി ആ അമ്മ അവളെ കട്ടിലിൽ ഇരുത്തി…..എന്റെ കൈപിടിച്ച് മുറിയ്ക്ക് പുറത്തു കടന്നു… വാതിൽ പഴയപടി പുറത്തുനിന്നും പൂട്ടി…..

“അവളുടെ അച്ഛൻ മരിച്ചതിൽ പിന്നെ ഇങ്ങനെയാ….. ആക്‌സിഡന്റ് ആയിരുന്നു…. അവളുടെ കണ്മുന്നിൽ വച്ചുതന്നെ…. അച്ഛനെ വലിയ ഇഷ്ടമായിരുന്നു…. ”

സാരിത്തലപ്പ് കൊണ്ട് കണ്ണുതുടച്ചു അവർ പറഞ്ഞു എന്നെ നോക്കി…

‘ഹോ….. ചെവിയും കേൾക്കില്ല…. സംസാരിക്കുകയുമില്ല…. ഒപ്പം ഭ്രാന്തും… ‘

മനസ്സിൽ ഓർത്തുകൊണ്ട് അമ്മയുടെയും പെങ്ങളുടെയും അടുത്തേക്ക് നടന്നു…. അവൾക്കു ഭ്രാന്ത്‌ ആണെന്നറിഞ്ഞാൽ അവർ ഈ കല്യാണം നടത്തില്ലെന്ന് കരുതി…. തിരികെ വീട്ടിലെത്തി കാര്യം അവതരിപ്പിച്ചു കല്യാണത്തിന് സമ്മതമല്ല എന്നറിയിച്ചു….

പക്ഷേ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചു കൊണ്ട് അവർ ഈ കല്യാണത്തിന് തന്നെ നിർബന്ധിച്ചു….

വന്നുചേരുന്ന പൊന്നും പണവും മാത്രമായിരുന്നു അവരുടെ ചിന്ത… അമ്മയ്ക്കുണ്ടായിരുന്ന താല്പര്യക്കേട്‌ പോലും പെങ്ങളുടെ നാക്കിന്റെ ഫലം കൊണ്ട് ഇല്ലാതായി…. കടം തന്നവരുടെ ഭീക്ഷണിയും ബാങ്കിൽ നിന്നും വന്ന നോട്ടീസും പെങ്ങളുടെ ആത്മഹത്യ ഭീക്ഷണിയും എന്നെ ഈ വിവാഹത്തിന് പ്രേരിപ്പിച്ചു…

വേറെ നിവൃത്തി ഇല്ലാതെ അങ്ങനെ അവളെ താലിചാർത്തി കൊണ്ടുവന്നതാണ്..

വാതിലിൽ തുടരെ തുടരെ അമ്മ തട്ടിവിളിച്ചപ്പോൾ ആണ് ഓർമകളിൽ നിന്നും ഉണർന്നത്…. കുറച്ചു നേരം കഴിഞ്ഞിട്ടും അമ്മയുടെ വിളി നില്കാത്തത് കൊണ്ടാണ് എഴുന്നേറ്റ് വാതിൽ തുറന്നത്..

“മോനെ… നീ…. നീയെന്താ ഇവിടെ വന്ന് കിടക്കുന്നതു…. നിന്റെ മുറിയിൽ പോയി…. ”

എന്റെ മുഖത്ത് വിരിഞ്ഞു നിന്ന ദേഷ്യം കണ്ടു പറയാൻ വന്നത് പൂർത്തിയാകാതെ അമ്മ നിന്നു….

“ആ ഭ്രാന്തിയോടൊപ്പം പോയി ഞാൻ കിടക്കണമെന്നാണോ അമ്മ പറയുന്നത്…. ഓ…. നിങ്ങളുടെ ആവശ്യങ്ങൾ എല്ലാം കഴിഞ്ഞല്ലോ അല്ലെ…. ഇനി ഭ്രാന്ത് മൂത്തു ഉറങ്ങിക്കിടക്കുന്ന എന്നെ അവൾ കൊന്നുകളഞ്ഞാലും നിങ്ങള്ക്ക് യാതൊരു പ്രശ്നവും ഇല്ലല്ലോ അല്ലെ…. ”

എന്റെ ശബ്ദം ഉയരുന്നത് കണ്ടു അമ്മ വേഗം കൈയിൽ പിടിച്ചു മുറിയിൽ കയറി വാതിൽ ചാരി…

“മോനെ…. അത്…. അവൾക്കു…. അവൾക്കിപ്പോ കുഴപ്പം ഒന്നുമില്ലല്ലോ….. മാത്രമല്ല അവൾക്കു കഴിക്കാനുള്ള മരുന്നും ഞാൻ കൊടുത്തു….. ”

അമ്മയെ ഒരു പുച്ഛത്തോടെ നോക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു… ആ സമയം വല്ലതും പറഞ്ഞുപോയാൽ തന്നെ അത് കൂടിപോകും എന്നുറപ്പുള്ളതു കൊണ്ട് ഒന്നും മിണ്ടാതെ നിന്നു…..

എന്റെ മൗനത്തിൽ നിന്നു തന്നെ എന്റെ ദേഷ്യം മനസ്സിലാക്കിയതുകൊണ്ട് അമ്മ പിന്നീടൊന്നും സംസാരിക്കാതെ മുറിയ്ക്കു പുറത്തുപോയി….

വാതിൽ അടച്ചു കൂറ്റിയിട്ട് ഞാൻ കിടന്നു..

ദിവസ്സങ്ങൾ പലതുകഴിഞ്ഞെങ്കിലും എന്റെ അവളോടുള്ള പെരുമാറ്റത്തിൽ മാറ്റമൊന്നും സംഭവിച്ചില്ല…..

കാതുകേൾക്കില്ല സംസാരിക്കില്ല…. ഇത് രണ്ടും മാത്രമാണെങ്കിൽ പോലും നമുക്ക് ഉൾകൊള്ളാൻ കഴിയും…..പക്ഷേ ഭ്രാന്ത്….. കാര്യം എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് അവളെ സ്വീകരിച്ചത്……

പക്ഷേ…. അത് സാഹചര്യം മോശമായത് കൊണ്ട് മാത്രം….. ഇല്ല… അവളെ ഒരിക്കലും സ്നേഹിക്കാനോ അംഗീകരിക്കാനോ എനിക്ക് കഴിയില്ല….

ഒരുപക്ഷെ എന്നേക്കാൾ ഭയം അമ്മയ്ക്കു ഉണ്ടായിരുന്നു… അതുകൊണ്ട് തന്നെ അവളെ ഒരു മുറിയിൽ ആക്കി പുറത്തു നിന്നും പൂട്ടിയിടുമായിരുന്നു അമ്മ…. മരുന്നു കഴിക്കാൻ പൊതുവെ മടിയാണെന്നാണ് അവളുടെ അമ്മ പറഞ്ഞത്… അത് മുടക്കാനും പാടില്ല പോലും…

അതുകൊണ്ട് തന്നെ മൂന്നുനേരവും അവൾക്കു കഴിക്കാനുള്ള ഭക്ഷണത്തിൽ ചേർതാണ് അമ്മ മരുന്ന് കൊടുക്കുന്നത്…. അതുകഴിച്ചാൽ പിന്നെ നല്ല മയക്കം ആയിരിക്കും….

നാളുകൾ കഴിയവേ ഒരു അവധിദിവസം മുറിയിൽ പാതിമയക്കത്തിൽ കിടക്കവേ ആണ് എവിടെനിന്നോ ഒരു പെൺകുട്ടിയുടെ മധുരശബ്ദത്തിൽ ഒരു പാട്ടു കേട്ടത്… കുറച്ചു നേരം കാതോർത്തിരുന്നു….

അത്രയും മധുരമായ ശബ്ദം…. കട്ടിലിൽ നിന്നും എഴുന്നേറ്റു പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി..

എവിടെനിന്നാണ് പാട്ടുകേൾകുന്നത് എന്നറിയാൻ….

ഞാൻ നോക്കുമ്പോൾ അമ്മയും അടുക്കളയിൽ നിന്നും ഇറങ്ങി വരുന്നു…. ശബ്ദം കേട്ട ദിക്കിലേക്ക് ഞാനും അമ്മയും ഒരു ഞെട്ടലോടെ നടന്നടുത്തു….

അവളുടെ മുറിയിൽ നിന്നുമാണ് ആ പാട്ടുകേൾകുന്നത് എന്ന് മനസ്സിലായതും മനസ്സിൽ ഉടലെടുത്ത ഭയം പുറത്തു കാണിക്കാതെ പതിയെ ആ മുറിയുടെ വാതിൽ തുറക്കവേ കുളികഴിഞ്ഞു ഈറൻ മുടി കോതികൊണ്ട് കണ്ണാടിയിൽ നോക്കി മധുരശബ്ദത്തിൽ അവൾ പാടുന്നു….

ഒരു ഞെട്ടലോടെ അമ്മയും ഞാനും പരസ്പരം നോക്കി…. കാതു കേൾകാത്തവൾ….

സംസാരശേഷിയില്ലാത്തവൾ…… പാട്ടു പാടുന്നതെങ്ങനെ…..

അവൾ മെല്ലെ തിരിഞ്ഞതും വാതിൽക്കൽ നിൽക്കുന്ന എന്നെയും അമ്മയെയും കണ്ടു ആദ്യം ഒന്ന് പകച്ചുവെങ്കിലും പിന്നീട് ആ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു….

അമ്മ പതിയെ പേടിച്ചു എന്റെ പിന്നിലൊളിച്ചു….

അമ്മയുടെ പേടിച്ചരണ്ട മുഖം കണ്ടു അവളുടെ മുഖം വിളറി….

പതിയെ അവളുടെ അടുത്തേക്ക് നടന്നടുക്കവേ അമ്മ എന്നെ തടഞ്ഞുവെങ്കിലും അമ്മയുടെ കൈ വിടുവിച്ചു ഞാൻ അവളുടെ അടുത്തു ചെന്നു നിന്നു…

കല്യാണത്തിന് ശേഷം അന്നാണ് അവളെ ശരിക്കും ഒന്ന് കാണുന്നത് തന്നെ… ഞാൻ അടുത്തേക്ക് ചെല്ലവെ അവൾ തല കുനിച്ചു താഴേക്ക് നോക്കി നിന്നു…. അവളുടെ അടുത്തു ചെന്നു അവളെ വിളിച്ചെങ്കിലും അവളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല…. അവളുടെ കണ്മുന്നിൽ വിരൽ ഞൊടിച്ചപ്പോൾ മെല്ലെ മുഖം ഉയർത്തി അവൾ നോക്കി….

“നീ…. നീയാണോ പാട്ടു പാടിയത്… ”

ഞാൻ പറയുന്നത് അവൾ കണ്ണുകൂർപ്പിച്ചു ശ്രദ്ധിച്ചു നിന്നു… ശേഷം ഒരു ചിരിയോടെ അതേ എന്ന് പറയവേ ഞാനും അമ്മയും ഒരുപോലെ ഞെട്ടി….

“നിനക്ക്… നിനക്ക് അതിനു സംസാരിക്കാൻ കഴിയുമോ…. . ”

ഒരു ഞെട്ടലോടെ ഞാൻ അവളോട് ചോദിച്ചു…

“സംസാരിക്കാൻ… എനിക്ക്… പറ്റും… ബട്ട്‌… കേൾക്കാൻ… കഴിയില്ല.. പക്ഷേ… നിങ്ങൾ..

പറയുന്നത്… എനിക്ക്…മനസ്സിലാകും… സ്പീഡ് കുറച്ചു…. കുറച്ചു… പറഞ്ഞാൽ.. വാക്കുകൾ…

മനസ്സിലാകും… ”

അവൾ പതിയെ പതിയെ പറഞ്ഞു നിർത്തവെ ഞാനും അമ്മയും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി….

അമ്മ മെല്ലെ അടുത്തു വന്ന് അവളുടെ കൈപിടിച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു…

“പിന്നെന്താ മോളുടെ അമ്മ ഇതൊന്നും ഞങ്ങളോട് പറയാതിരുന്നത്…. എന്തിനാ എല്ലാവരും കള്ളം പറഞ്ഞത്… ”

“അത്….അവർ… അവർ എന്റെ അമ്മയല്ല…

എന്റെ അമ്മ… എന്റെ അമ്മ… ചെറുപ്പത്തിലേ മരിച്ചതാ…. അച്ഛൻ രണ്ടാമത്… വിവാഹം കഴിച്ചതാ… അവരെ…ആദ്യം ഒന്നും… കുഴപ്പം ഉണ്ടായിരുന്നില്ല….. പിന്നെ… പിന്നെ… അവർ ആകെ മാറി….. അതിന്റെ പേരിൽ… അച്ഛൻ… വഴക്കുണ്ടാകുമായിരുന്നു…. എന്റെ.. എന്റെ അച്ഛനെ അവർ… അവർ കൊന്നതാ…. ഞാൻ കേട്ടതാ… അവർ പറയുന്നത്…. ”

അവൾ കണ്ണുനീരോടെ പറയുന്നത് ഞങ്ങൾ ഞെട്ടലോടെ കേട്ടുനിന്നു..

“മോൾ…. മോളെന്തൊക്കെയാ പറയുന്നത്… മോൾ എങ്ങനെ കേട്ടുവെന്നാ…. മോൾക്കതിനു കേൾക്കാൻ കഴിയുമോ… ”

“കഴിയുമായിരുന്നു….. അച്ഛൻ മരിച്ചതിന് ശേഷം…. ഒരിക്കൽ അവർ…. പറയുന്നത് ഞാൻ കേട്ടതാ…. അത്… അതുചോദിക്കാൻ ചെന്ന എന്നെ….. ആ സ്ത്രീയും അയാളും…. കൂടി ചേർന്നു ഒരുപാട് തല്ലി….. എപ്പോഴോ… തല്ലുകൊണ്ട് ബോധം പോയി….. പിന്നെ ബോധം തെളിഞ്ഞപ്പോൾ ആണ്…. എനിക്ക് എന്റെ കേൾവി നഷ്ടമായി എന്ന്…. ഞാൻ മനസ്സിലാക്കിയത്…..

അപ്പോഴേക്കും അവർ ചേർന്നു എനിക്ക് ഭ്രാന്താണെന്ന് എല്ലാവരോടും പറഞ്ഞു പരത്തി….

അവർ എന്നെ ഉപദ്രവിക്കുമ്പോൾ വേദനയെടുത്തു ഞാൻ അലറി കരയുമ്പോൾ അവർ എല്ലാവരോടും പറഞ്ഞത് ഭ്രാന്ത്‌ മൂത്തു ഞാൻ അലറുന്നതാണെന്നാണ്….

എനിക്ക് സംസാരിക്കാൻ കഴിയാത്തതു പോലെ ഞാൻ അഭിനയിച്ചതാണ് എല്ലാവരുടെയും മുന്നിൽ…

അല്ലെങ്കിൽ എന്നെയും അവർ കൊന്നുകളയുമായിരുന്നു… ”

മുഖം പൊത്തി അവൾ പൊട്ടിക്കരയുന്നതും നോക്കി ഞെട്ടലോടെ ഞങ്ങൾ ഇരുന്നു…

“ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല…. എന്തൊക്കെയാ ഈ കേൾക്കുന്നത് ഈശ്വരാ.. … മോൾക്കിതൊക്കെ ആരോടെങ്കിലും പറയാമായിരുന്നില്ലേ…. ”

“പറയാൻ ആയിട്ട്…. ആരും അടുത്തേക് പോലും വരാറില്ലായിരുന്നു….. എല്ലാവരോടും എനിക്ക്…..

ഭ്രാന്ത് കൂടുതൽ ആണെന്ന പറഞ്ഞിരുന്നത്…. അവരെ കാണാൻ വന്നിരുന്ന ആൾ….. ഒരു ഡോക്ടർ ആണ്…. അയാളുമായിട് ആ സ്ത്രീക്ക്… അരുതാത്ത ബന്ധം ആണുള്ളത്…. ആ ഡോക്ടർ എല്ലാവരോടും പറഞ്ഞു…. എനിക്ക് ഭ്രാന്ത്‌ ആണെന്ന്….. ഡോക്ടർ പറയുന്നതല്ലേ…. എല്ലാവരും വിശ്വസിച്ചു….

പക്ഷെ…. ഒരാൾക്കു…. ഒരാൾക്ക് എല്ലാ സത്യവും അറിയാം….. ഞങ്ങളുടെ വീട്ടിൽ… ജോലിക് നിന്ന ജാനകിയമ്മക്ക്….. പക്ഷെ…

ജാനകിയമ്മയും ഒന്നും അറിയാത്തതു പോലെ അവരുടെ മുന്നിൽ അഭിനയിക്കും….

ജാനകിയമ്മയാ പറഞ്ഞത് എനിക്ക് സംസാരിക്കാനും കഴിയാത്തത് പോലെ അഭിനയിക്കാൻ…. ”

“അപ്പോൾ…. അപ്പോൾ മോൾക്ക്‌ ഭ്രാന്തില്ലെന്നാണോ പറയുന്നത്…. അപ്പോൾ മോൾക്ക് കഴിക്കാൻ തരുന്ന മരുന്നോ…. ”

“ഭ്രാന്തില്ല….. ഇതിന് മുൻപ് എനിക്ക് മരുന്നൊന്നും തന്നിട്ടില്ല…. പക്ഷേ… ഇവിടെ വന്നതിനു ശേഷമാണ് എനിക്ക് പതിവില്ലാത്ത എന്തോ ക്ഷീണം ഒക്കെ തോന്നിയത്…. എപ്പോഴും ഉറക്കം വരും…. ഒരു സംശയം തോന്നിയിരുന്നു… ഞാൻ കഴിക്കുന്ന ഭക്ഷണത്തിൽ…. നിങ്ങൾ മരുന്ന് എന്തെങ്കിലും ചേർത്തിട്ടുണ്ടോ എന്ന്…..

അതുകൊണ്ടു ഇന്നലെ മുതൽ…. അമ്മ തന്ന ഭക്ഷണം ഒന്നും…. ഒന്നും ഞാൻ കഴിച്ചില്ല….

അതുകൊണ്ട് ഇന്ന് എനിക്ക് ഉറക്കം ഒന്നും വന്നില്ല….

“അയ്യോ…. മോളപ്പോൾ ഭക്ഷണം ഒന്നും കഴിച്ചിട്ടില്ലേ….. ”

“ഇല്ല… ”

അതുകേട്ടതും അമ്മ വേഗം അടുക്കളയിലേക്കു പോയി…..

അമ്മ പോയതും ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു….

“തനിക്കിതൊക്കെ ഞങ്ങളോടെങ്കിലും പറയാമായിരുന്നില്ലേ…..ഇത്രനാളായിട്ടും ഒരു വാക്കുപോലും പറയാതിരുന്നത് എന്താ….. ”

“പറയാൻ ഇരുന്നതാ….. കല്യാണം കഴിഞ്ഞ അന്നുതന്നെ… പക്ഷേ അന്ന്…. ”

അവൾ പറഞ്ഞു നിർത്തവെ എന്റെ മനസ്സിൽ കുറ്റബോധം നിറഞ്ഞു….

“പിന്നെ ഞാൻ പറഞ്ഞില്ലേ ഭക്ഷണം കഴിച്ചു കഴിയുമ്പോളേക്കും ഞാൻ ഉറങ്ങിപോകും…. ഭയങ്കര തലവേദന ആയിരിക്കും അന്നേരം…. ഉണർന്നിരിക്കുമ്പോൾ ആരെയും കാണാറും ഇല്ല…”

“തനിക്കു… ദേഷ്യമുണ്ടോ ഞങ്ങളോട്…. ”

“ഒരിക്കലും ഇല്ല….. ഒന്നുമില്ലെങ്കിലും വയറുനിറയെ ഭക്ഷണം കിട്ടുമായിരുന്നല്ലോ എനിക്ക്….

മാത്രമല്ല.. ആരുടെയും ഉപദ്രവം ഇല്ലാതെ ഉറങ്ങാനും കഴിയുമായിരുന്നു… അതുതന്നെ വലിയ ഭാഗ്യം..”

“തന്നെ അവർ ഉപദ്രവികുമായിരുന്നോ…… ”

“മ്മ്….. ഒരുപാട്…. ”

അതുപറഞ്ഞപ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞൊഴുകി….. അവളെ ഒന്ന് ചേർത്തു പിടിക്കാൻ മനസ്സ് വല്ലാതെ കൊതിച്ചു…. പക്ഷേ അപ്പോഴേക്കും അമ്മ അവൾക്കു കഴിക്കാൻ ഉള്ള ഭക്ഷണവും ആയി വന്നു…. ഭക്ഷണം മുന്നിൽ വയ്ക്കവേ അവൾ മുഖമുയർത്തി ഞങ്ങളെ ഒന്ന് നോക്കി….

അവളുടെ നോട്ടത്തിൽ ഞങ്ങൾ ഒരുപോലെ വല്ലാതായി….. പതിയെ അമ്മ അവളുടെ അടുത്തു ചെന്നു ഭക്ഷണം വാരി നൽകി….

“മോൾ പേടിക്കേണ്ട…. ഇതിൽ അമ്മ മരുന്നൊന്നും ചേർത്തിട്ടില്ലട്ടോ…. ”

ഒരു പുഞ്ചിരിയോടെ അമ്മയത് പറഞ്ഞുകൊണ്ട് അവൾക്കു ഭക്ഷണം വാരി നല്കവേ അനുസരണയുള്ള കൊച്ചുകുഞ്ഞിനെ പോലെ അവൾ അത് മുഴുവൻ കഴിക്കുന്നതും നോക്കി ഞാൻ ഇരുന്നു…..

അവൾ ഭക്ഷണം മുഴുവൻ കഴിച്ചതും അമ്മ പാത്രവുമായി അടുക്കളയിലേക്കു പോയി…. അവൾ മുഖം കഴുകാനായി ബാത്ത്റൂമിലേക്കും പോയ നേരം ഞാനും മെല്ലെ അമ്മയുടെ പുറകെ ചെന്നു….

പാത്രം കഴുകുന്ന സിങ്കിലേക്കു അവൾ കഴിച്ചാ പാത്രം ഇട്ടുകൊണ്ട് അമ്മ പൈപ്പിൽ നിന്നും വെള്ളമെടുത്തു മുഖം കഴുകി….

അമ്മയുടെ അടുത്തായി സ്ലാബിൽ ചാരി ഞാൻ നിന്നു…

“എന്തൊക്കെയാ മോനെ ഇത്…. ആകെ പെട്ടിരിക്കുക ആണല്ലോ…. ”

“പെട്ടതല്ലല്ലോ…. പെടുത്തിയതല്ലേ…. നിങ്ങളൊക്കെ ചേർന്നു… ”

“അത്… പിന്നെ… അന്നത്തെ സാഹചര്യം…. പക്ഷെ സ്വപ്നത്തിൽ പോലും ഇങ്ങനെയൊക്കെ ആകുമെന്ന് കരുതിയില്ല…

ഇനി…. ഇനിയെന്ത് ചെയ്യും…. അവളീ പറഞ്ഞതൊക്കെ സത്യം തന്നെ ആണോ… നമുക്ക് അവളുടെ ആ അമ്മയെ ഒന്ന് വിളിച്ചുചോദിച്ചാലോ…. ”

“മ്മ്…. നന്നായി…. ചോദിച്ചിട്…. അവർ സത്യം പറയുമോ… ഒരുപക്ഷെ അവൾ പറഞ്ഞത് മുഴുവൻ സത്യമാണെങ്കിൽ അവർ അത് സമ്മതിച്ചു തരുമെന്ന് തോന്നുന്നുണ്ടോ…. അവൾ പറഞ്ഞത് മുഴുവൻ സത്യമാണ് എന്നതിന് തെളിവല്ലേ അവൾ സംസാരിച്ചത്….അവർ പറഞ്ഞത് അവൾക്കു സംസാരിക്കാനും കഴിവില്ല എന്നല്ലേ…. ”

“ഹോ…. എന്നാലും അവർ എന്ത് സ്ത്രീയാണ്…. ഇങ്ങനെയൊക്കെ ഉണ്ടോ ആളുകൾ… ”

അമ്മ താടിക്കും കൈ കൊടുത്തു ആലോചനയോടെ നിന്ന നേരം വെറുതെ അവളുടെ മുറിയിലേക്ക് എത്തിനോക്കി…. കട്ടിലിൽ ഇരുന്നുകൊണ്ട് പുറത്തേക്കു ജനലവഴി നോക്കിയിരിക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിൽ ഒരു സംശയം ഉദിച്ചു….

ഇനി അവൾക്കു കേൾക്കാനും കഴിയുമോ….

അടുക്കളയിൽ നിന്നും സ്റ്റീലിന്റെ ഒരു പാത്രം എടുത്തു അവളുടെ മുറിയിലേക്ക് ചെന്നു…. അകത്തുകയറി ആ പാത്രം തറയിലേക്ക് വലിച്ചെറിഞ്ഞു…..

കാതുപൊട്ടുമാറു ഉച്ചത്തിൽ ആ പാത്രം താഴെ വീണെങ്കിലും അതൊന്നും അറിയാതെ അവൾ അതേ ഇരുപ്പ് തുടർന്നപ്പോൾ മനസ്സിലായി അവൾക്കു കാതു കേൾക്കാൻ കഴിയില്ലെന്ന്….

എന്റെ പ്രവൃത്തി വീക്ഷിച്ചുകൊണ്ട് അമ്മ അടുക്കളയിൽ നില്പുണ്ടായിരുന്നു…. പതിയെ അവളുടെ അടുത്തു ചെന്നു തോളിൽ തട്ടി വിളിച്ചു .. ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി….

അവളോട് ഒപ്പം വരാൻ പറഞ്ഞുകൊണ്ട് മുറിയ്ക് പുറത്തു കടന്നു…….ആദ്യം ഒന്ന് മടിച്ചു മടിച്ചു നിന്നെങ്കിലും വീണ്ടും വിളിച്ചപ്പോൾ അവൾ വന്നു…….. . കല്യാണം കഴിഞ്ഞു വന്നതിനു ശേഷം ആദ്യമായി ആണ് അവൾ ആ മുറിയിൽ നിന്നും പുറത്തു കടക്കുന്നത് … അതുകൊണ്ട് തന്നെ അവളുടെ മിഴികൾ നിറഞ്ഞിരുന്നു…

അമ്മ അവളുടെ നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് ചേർത്തു പിടിച്ചു….

“മോൾ വിഷമിക്കേണ്ട….. കഴിഞ്ഞതെല്ലാം കഴിഞ്ഞു….. ഇനി അതൊന്നും ഓർക്കാൻ നിൽക്കേണ്ട കേട്ടോ…. ”

“മ്മ്….. പിന്നെ… എനിക്ക് ഒരു ഉപകാരം ചെയ്യുമോ… ഞാൻ ഒരു നമ്പർ തരാം…

അതിലേക്കൊന്നു വിളിക്കുമോ… ഞാൻ പറഞ്ഞിട്ട് വിളിക്കുന്നതാണെന്നു പറഞ്ഞാൽ മതി…. ”

അതുകേട്ടതും അമ്മ എന്നോട് വിളിക്കാൻ പറഞ്ഞു…. അവൾ പറഞ്ഞുതന്ന നമ്പറിലേക്ക് വിളിച്ചു…….ഫോൺ ബെൽ അടിക്കുന്നുണ്ട് എങ്കിലും ആരും എടുക്കുന്നില്ല….. ഫോൺ ചെവിയോട് ചേർത്തു പിടിച്ചു കൊണ്ട് അവളോട് ആരാ എന്ന് ചോദിച്ചു….

“ഞാൻ പറഞ്ഞില്ലേ… വീട്ടിൽ ജോലിക്ക് നിൽക്കുന്ന ജാനകിയമ്മയെ പറ്റി…അവരാ…”

ബെൽ അടിച്ചു കഴിയാറായതും കട്ട്‌ ചെയ്യാൻ തുടങ്ങിയപ്പോളേക്കും മറുവശത്തു ഫോൺ എടുത്തു….

വിളിച്ച കാര്യം പറഞ്ഞതും അവളുടെ പേരുകേട്ടപ്പോൾ അവർക്കുണ്ടായ സന്തോഷം ആ വാക്കുകളിൽ പ്രകടമായിരുന്നു….. ഈ ഒരു ഫോൺ കോളിനായി അവർ കാത്തിരിക്കുക ആയിരുന്നു പോലും….

അവളുടെ എന്തൊക്കെയോ സാധനങ്ങൾ അവരുടെ പക്കൽ ഉണ്ട്…. അത് തിരികെ ഏൽപ്പിക്കണം….. നാളെ രാവിലെ അവർ ഇവിടെ എത്താം എന്നും പറഞ്ഞു….വീട്ടിലേക്കുള്ള വഴിയും മറ്റും പറഞ്ഞു കൊടുത്തു ഫോൺ വച്ചു…. അവർ പറഞ്ഞ കാര്യങ്ങൾ അവളോട് വിവരിച്ചു….

അമ്മയോട് പ്രത്യേകം പറഞ്ഞിരുന്നു ഇവിടെ നടന്ന കാര്യങ്ങൾ മറ്റാരോടും പറയണ്ട എന്ന്….

പ്രത്യേകിച്ച് പെങ്ങളോട്….. അമ്മ അത് സമ്മതിക്കുകയും ചെയ്തു…. എന്റെ കല്യാണം കഴിഞ്ഞു പെങ്ങൾക്കാവശ്യം ഉള്ളതെല്ലാം മേടിച്ചു കൊണ്ടുപോയതിൽ പിന്നെ വരവോ വിളിയോ ഇല്ലാത്തതിനാൽ അമ്മയ്ക്കിപ്പോൾ പെങ്ങളോട് ദേഷ്യമാണ്….. അതുകൊണ്ട് തന്നെ ഈ കാര്യങ്ങൾ ഒന്നും അമ്മ പറയാനും സാധ്യത ഇല്ല….

ആ ഒരു വിശ്വാസത്തിൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ മനസ്സിൽ ഒരേ ഒരു ചിന്തയായിരുന്നു…. ഇനി എന്ത്…..

വീട്ടിൽ നിന്നും നേരെ പോയത് സുഹൃത്തായ അജിത്തിന്റെ വീട്ടിലേക്കായിരുന്നു……ഞങ്ങളുടെ കൂട്ടത്തിലെ സിഐഡി ആണവൻ……

പോലീസിൽ ചേരണം എന്നൊക്കെ ആയിരുന്നു ആഗ്രഹം എങ്കിലും വീട്ടിലെ പ്രാരാബ്ധം അവനെ ഒരു വർക്ക്‌ഷോപ്പ് ജോലിയിൽ കൊണ്ടെത്തിച്ചു……

അവന്റെ അടുത്തു ചെല്ലുമ്പോഴും മനസ്സിൽ ഒരായിരം സംശയങ്ങളും ഭയവും ഉടലെടുത്തിരുന്നു……

അമ്പലത്തിൽ വച്ചു താലി കെട്ടി കൊണ്ടുവെന്നല്ലാതെ വലിയ ആർഭാടത്തോടെ ഒന്നുമായിരുന്നില്ല കല്യാണം നടത്തിയത്….

മൂകയും ബധിരയുമായ കുട്ടിയെ വിവാഹം ചെയ്ത നല്ല മനസ്സുള്ളവൻ എന്നാണ് എല്ലാവരും എന്നെപ്പറ്റി ധരിച്ചിരിക്കുന്നത്…..

അതിന്റെ പിന്നിലുള്ള സംഭവങ്ങൾ പോലും ആർക്കും അറിയില്ല…..അവൾക്കു മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന കാര്യം പോലും……

ആരോടെങ്കിലും ഒന്ന് മനസ്സ് തുറക്കണം എന്നു കരുതി തന്നെയാണ് അജിത്തിന്റെ അടുത്തേക്ക് ചെന്നത്….. എല്ലാം കേട്ടു കഴിയുമ്പോൾ അവൻ പൊട്ടിത്തെറിക്കുമായിരിക്കും എന്ന് കരുതിയെങ്കിലും അതിനു പകരം അവനു എന്നോട് തോന്നിയത് വെറും പുച്ഛം മാത്രമായിരുന്നു….. എല്ലാം കേട്ടുകൊണ്ട് നിന്ന അവന്റെ മൗനമാണ് എന്നെ അധികം വേദനിപ്പിച്ചത്….. ഒരുപക്ഷെ പൊട്ടിത്തെറിച്ചിരുന്നു എങ്കിൽ ഇത്രയും വേദന തോന്നില്ല….

ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന അജിത്തിന്റെ അടുത്തു ചെന്നിരുന്നു…

“ഡാ… അജി…. നീയെന്തെങ്കിലും ഒന്ന് പറയെടാ….. ”

“നിന്നോടൊരു ബഹുമാനം ഉണ്ടായിരുന്നു…. അതിപ്പോൾ തീർന്നു….. കാശിനു വേണ്ടി എന്തും ചെയ്യുന്ന പലരെയും പറ്റി കേട്ടിട്ടുണ്ട്…. പക്ഷെ…..കാശുണ്ടാക്കാൻ ആയിരുന്നെങ്കിൽ വേറെ എന്തൊക്കെ വഴികൾ ഉണ്ടാകുമായിരുന്നു…”

“അറിയാം….. കാശുണ്ടാക്കാൻ വേറെ പല വഴികളും ഉണ്ട്….. പക്ഷേ… അങ്ങനെ മോശം രീതിയിൽ കാശുണ്ടാക്കിയിട് എന്തിനാ….. ഇതിപ്പോൾ ഞാൻ കാരണം ഒരു പെൺകുട്ടിക്ക് ഒരു ജീവിതം കിട്ടിയില്ലേ… ”

“മ്മ്….. കിട്ടിയോ…. അവൾക്കു നല്ല ജീവിതം കിട്ടിയോ…. നീ സത്യം പറ….. നീ അവളെ ഒന്ന് നേരാവണ്ണം കണ്ടിട്ടുണ്ടോ…. അവളോടൊന്ന് സംസാരിച്ചിട്ടുണ്ടോ…. അവളുടെ അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ…. അവളെ പറ്റി നിനക്ക് എന്തറിയാമായിരുന്നു….

അവൾക്കു എല്ലാ സത്യവും നിന്നോട് പറയാൻ ഇത്രയും നാൾ കഴിയേണ്ടി വന്നില്ലേ…. എന്ത് കൊണ്ടാ അത്….. എന്തുകൊണ്ട് നിനക്ക് ഇതൊന്നും നേരത്തെ അറിയാൻ കഴിഞ്ഞില്ല….”

അവന്റെ ചോദ്യങ്ങൾക്കു മറുപടി കൊടുക്കാൻ കഴിയാതെ മൗനമായി നിന്നു…. ശരിയാണ്… അവളെ കെട്ടിയാൽ കിട്ടുന്ന പണം മാത്രമായിരുന്നു ലക്ഷ്യം…. അത് കിട്ടിയതോടെ അവളെ വെറുക്കാനും തുടങ്ങിയിരുന്നു….. അവളിൽ നിന്നും സത്യങ്ങൾ അറിയുന്നത് വരെ ആ വെറുപ്പ് മാത്രമായിരുന്നു…

“എങ്കിലും നീ മുന്നും പിന്നും നോക്കാതെ ഇങ്ങനെ ഒരു എടുത്തുചാട്ടം വേണ്ടിയിരുന്നോ….. ഇതിപ്പോൾ നീ ശരിക്കും പെട്ടിരിക്കുകയല്ലേ…. അവർ നിന്നെ പെടുത്തിയിരിക്കുകയാണ്….

കാര്യങ്ങൾ തിരിച്ചറിയാനും മനസ്സിലാക്കാനും ഉള്ള വിവേകം നിനക്ക് ഉണ്ടായിരുന്നില്ലേ…..

അവൾ പറഞ്ഞത് വച്ചു നോക്കുമ്പോൾ അവളുടെ രണ്ടാനമ്മ അവളുടെ അച്ഛനെ വിവാഹം ചെയത് അയാളുടെ സ്വത്തുവകകൾ കൈക്കലാക്കാൻ അയാളെ കൊന്നു….. അതോടെ അയാളുടെ ഒരു ഭാഗം സ്വത്തുക്കൾ അവരിലേക്ക്‌ വന്ന് ചേരും…. അത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം…. ”

“ഡാ…. അങ്ങനെയെങ്കിൽ അവളെയും അവർ ജീവനോടെ വച്ചതെന്തിനാ…. അവൾക്കു ഭ്രാന്താണെന്ന് വരുത്തി തീർത്തത് എന്തിനാ…. ”

“അവൾക്കു ജീവൻ ഉണ്ടായിരുന്നു എന്ന് മാത്രമല്ലെ ഉള്ളൂ…. അവൾ പറഞ്ഞതനുസരിച്ചു വലിയ പീഡനങ്ങൾ അല്ലെ അവൾ അനുഭവിച്ചത്‌….. അവളെയും കൂടെ ഇല്ലാതാക്കിയാൽ ഒരുപക്ഷേ ആരെങ്കിലും ഒക്കെ സംശയിച്ചു പിന്നീടതൊരു കേസ് ഒക്കെ ആകും…. അതിനു പകരം അവൾക്കു ഭ്രാന്താണെന്ന് വരുത്തി തീർത്താൽ സമൂഹത്തിന്റെ മുന്നിൽ ഭ്രാന്തിയായ മകളെ പൊന്നുപോലെ നോക്കുന്ന അമ്മ എന്ന സഹതാപവും ബഹുമാനവും അവർക്കു കിട്ടും…. അവളിൽ നിന്നും നീ സത്യങ്ങൾ അറിയുന്നത് വരെ നിന്റെ മനസ്സിലും ഇതേ ബഹുമാനം തന്നെ ആയിരുന്നില്ലേ അവരോട്….”

അവൻ പറഞ്ഞത് ഓർത്തപ്പോൾ ശരിയാണ്….

അവരോട് ഒരു ബഹുമാനം ആയിരുന്നു തോന്നിയിരുന്നത്…. അത്രയേറെ അവർ ഞങ്ങളുടെ മുന്നിൽ അഭിനയിച്ചു…. പറഞ്ഞു ഫലിപ്പിച്ചു…..

അതെല്ലാം കേട്ടു മണ്ടന്മാരെ പോലെ ഞങ്ങൾ വിശ്വസിച്ചു….

“ഇതിന്റെ പിന്നിൽ വേറെ എന്തൊക്കെയോ ചതി കൂടെ ബാക്കിയുണ്ടെടാ…..

കാതുകേൾകാത്ത സംസാരിക്കാത്ത ഭ്രാന്തിയായ പെണ്ണിനെ ആരു കേൾക്കാൻ…. അവൾ പറയുന്നതെന്തെങ്കിലും ആരെങ്കിലും വിശ്വസിക്കുമോ….. വിശ്വസിപ്പിക്കാതിരിക്കാൻ അവർക്കു കഴിയുകയും ചെയ്യും….

പക്ഷേ…. അവർക്കു പറ്റിയ ഒരു വീഴ്ചയാണ് അവൾക്കു സംസാരിക്കാൻ കഴിയും എന്ന സത്യം അവർക്കു അറിയാൻ കഴിയാതെ ഇരുന്നത്….

ഒരുപക്ഷെ അത് അറിഞ്ഞിരുന്നെങ്കിൽ അവൾ ഭയപെട്ടതുപോലെ അവളെയും ഇല്ലാതാക്കാൻ അവർ ശ്രമിച്ചേനെ….

എല്ലാം വിശദമായി അന്വേഷിക്കേണ്ടിയിരിക്കുന്നു….

അവൾക്കു കൊടുക്കാനായി തന്ന മരുന്നുകൾ നിന്റെ കൈവശം ഇല്ലേ….. അതൊന്നു കൊണ്ടുപോയി നോക്കാം…. എന്ത് മരുന്നാണെന്നു അറിയാമല്ലോ…. എടുത്തു ചാടി ഒന്നും ചെയ്യാൻ നിൽക്കേണ്ട……

അവൻ പറയുന്ന ഓരോ കാര്യങ്ങൾ കേട്ട് മനസ്സിൽ ഉടലെടുക്കുന്ന ഭയം പുറത്തു കാണിക്കാതെ തിരികെ വീട്ടിലേക് നടക്കവേ മനസ്സിൽ നിറയെ പൊട്ടിക്കരയുന്ന അവളുടെ മുഖം ആയിരുന്നു……

ഒരുപാട് അനുഭവിച്ചിട്ടുണ്ട്…. അറിഞ്ഞുകൊണ്ടും അല്ലാതെയും ഞങ്ങളും വേദനിപ്പിച്ചിട്ടുണ്ട്……അവളോട് ചെയ്ത എല്ലാ തെറ്റുകൾക്കും പരിഹാരം കാണണം….. അവൾക്കു വേണ്ട നീതി വാങ്ങിച്ചു കൊടുക്കണം……

സൂപ്പർ ഹീറോ ഒന്നും അല്ല ഞാൻ …വെറുമൊരു സാദാരണക്കാരൻ……. എങ്കിലും കഴിവിന്റെ പരമാവധി അതിന് വേണ്ടി ശ്രമിക്കണം……

അതിനു ബുദ്ധിപരമായി നീങ്ങിയെങ്കിൽ മാത്രമേ കാര്യം ഉള്ളൂ…….

മനസ്സിൽ ചില കണക്കുകൂട്ടലുകളോടെ ഞാൻ നടന്നു……

***************

വീട്ടിലേക്കു കയറി ചെല്ലുമ്പോൾ കാണുന്ന കാഴ്ച്ച ടീവി കണ്ടുകൊണ്ടിരിക്കുന്ന അമ്മയുടെ മടിയിൽ തല ചായ്ച്ചു അവൾ കണ്ണുകൾ അടച്ചു കിടക്കുന്നതാണ്. വാതിൽക്കൽ നിന്നുകൊണ്ട് കുറച്ചു നേരം ആ കാഴ്ച ആസ്വദിച്ചു.

ഞാനോ പെങ്ങളോ മുതിർന്നതിൽ പിന്നെ ഇതുവരെ അമ്മയുടെ മടിയിൽ ഇതുപോലെ കിടന്നിട്ടില്ല.അമ്മയിതുവരെ അങ്ങനെ ചേർത്തു പിടിച്ചിട്ടുമില്ല..മനസ്സിനും കണ്ണിനും പുതുമയേകുന്ന ആ കാഴ്ച്ച നോക്കി നിന്നു അല്പ നേരം. ഞാൻ വന്നത് രണ്ടുപേരും അറിഞ്ഞിട്ടില്ല.പതിയെ അകത്തു കയറി ഒന്ന് മുരടനക്കി. അപ്പോളാണ് അമ്മയെന്നെ കണ്ടത്.അമ്മ മെല്ലേ എഴുന്നേൽക്കവേ ആണ് അവൾ മുഖം ഉയർത്തി നോക്കിയത്..മുന്നിൽ എന്നെ കണ്ടപ്പോൾ വേഗം ചാടി എഴുന്നേറ്റു മാറി നിന്നു.

അവൾക്കായൊരു പുഞ്ചിരി നൽകികൊണ്ട് ഞാൻ മുറിയിലേക്ക് പോയി.

കുറച്ചു കഴിഞ്ഞതും കൈയിൽ ഒരു ഗ്ലാസ്‌ ചായയും ആയി അമ്മ മുറിയിലേക്ക് വന്നു.

തല ചെരിച്ചു പുറത്തേക്കു നോക്കികൊണ്ട് അമ്മ മെല്ലെ അടുത്ത് വന്നിരുന്നു.

“അവൾ ഒരു പാവം ആണെന്ന് തോന്നുന്നെടാ. എന്നോട് കുറേ വർത്തമാനം പറഞ്ഞു.. പഴയ കാര്യങ്ങളും മറ്റും..ഞാൻ തിരിച്ചു പറയുന്നതൊക്കെ ശ്രദ്ധയോടെ നോക്കിയിരുന്നു.. കാതു കേൾക്കാൻ കഴിയില്ലെങ്കിലും നമ്മൾ പറയുന്നതെല്ലാം അവൾക്കു മനസ്സിലാകും കേട്ടോ..

മ്മ്.എങ്ങനെ കഴിയേണ്ട പെങ്കൊച്ചാ. കണ്ടില്ലേ വിധി.. കഷ്ടം തന്നെയാ അവളുടെ കാര്യം പറഞ്ഞാൽ…ആ തള്ള അവളെ ഒരുപാട് ഉപദ്രവിക്കാറുണ്ടായിരുന്നു പോലും..പക്ഷേ എത്ര ഉപദ്രവിച്ചാലും അവൾ വാ തുറന്നു ഒരക്ഷരം പോലും മിണ്ടാതെ നില്കും..അതുകൊണ്ടാ അവൾക്കു കേൾവിയോടൊപ്പം സംസാരശേഷിയും നഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ അവർ വിശ്വസിച്ചത്. ”

അമ്മ പറയുന്നതെല്ലാം കേട്ടു മിണ്ടാതെ നിന്നതല്ലാതെ വേറൊരു പ്രതികരണത്തിനും നിന്നില്ല.

അമ്മയുടെ പുറകെ പറ്റിച്ചേർന്നു അമ്മയുടെ കൂടെ ഓരോ ജോലികളിൽ സഹായിച്ചുകൊണ്ട് അവൾ നിൽക്കുന്നതും നോക്കി നിന്നു. കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ അവൾ അമ്മയ്ക്കു വളരെ പ്രിയപ്പെട്ടവൾ ആയി മാറി..അവൾക്കു തിരിച്ചും….

അന്നാദ്യമായി എല്ലാവരും ഒത്തൊരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു എല്ലാം കലങ്ങിത്തെളിയും എന്ന ശുഭപ്രതീക്ഷയോടെ മുറിയിലേക്ക് കയറി.. കണ്ണുകൾ അടച്ചു കിടക്കുമ്പോൾ മുഴുവൻ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന അവളുടെ മുഖം മാത്രമായിരുന്നു മനസ്സിൽ തെളിഞ്ഞു വരുന്നത്..

അസ്വസ്ഥമായ മനസ്സോടെ കുറച്ചു നേരം എഴുന്നേറ്റിരുന്നു.. പതിയെ എഴുന്നേറ്റു മുറിയുടെ വാതിൽ തുറക്കവേ അവളുടെ മുറി പതിവുപോലെ പുറത്തുനിന്നു പൂട്ടുന്ന അമ്മയെ കണ്ടു ഒരു നിമിഷം അങ്ങനെ നിന്നു.. അമ്മ വാതിൽ പൂട്ടി തിരിഞ്ഞപ്പോൾ അപ്രതീക്ഷിതമായി എന്നെക്കണ്ടു ഒന്ന് പരുങ്ങിയെങ്കിലും പതിയെ നടന്നു എന്റെ അടുത്തു വന്ന് പുഞ്ചിരിച്ചു നിന്നു..

“വെറുതെ ഒരു മുൻകരുതൽ എടുത്തുവെന്നു മാത്രം. അല്ലാതെ.. ”

അമ്മ എന്നോട് പറയവേ വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു.

“അല്ല മോനെ. ഇനിയിപ്പോൾ എന്താ ചെയ്യുക…. അവൾക്കൊരു കുഴപ്പവും ഇല്ല എന്ന് നമുക്ക് തോന്നുന്നു എങ്കിലും. നമുക്ക് അവളെ വേറെ ഒരു ഡോക്ടറെ ഒന്ന് കാണിച്ചാലോ…. എല്ലാം ഒന്ന് ഉറപ്പുവരുത്താൻ…. മാത്രമല്ല അവളെ ചികിൽസിച്ചാൽ ഒരുപക്ഷെ അവൾക്കു കേൾവി ശക്തി തിരികെ കിട്ടിയാലോ…. അവളുടെ കാശു കൊണ്ടല്ലേ നമ്മൾ ഇപ്പോൾ മരണത്തിൽ നിന്നും കരകയറി തലയുയർത്തി നില്കുന്നത് തന്നെ…. തിരിച്ചു അതിനു പകരം നമ്മളും എന്തെങ്കിലും അവൾക്കായി ചെയ്യേണ്ടേ… ”

“മ്മ്…. ശരിയാണ്…. ഞാനും അതോർത്തു. ഒരു ഡോക്ടറെ ചെന്നു കാണണം. പറ്റുന്നത് പോലെ അവളെ ചികിൽസിക്കണം. ഒപ്പം അവരെ..ആ സ്ത്രീയെ ഒരു പാഠം പഠിപ്പിക്കണം… ”

“നീ ആരെയും പഠിപ്പിക്കാൻ ഒന്നും നടക്കേണ്ട…. അവരൊക്കെ വല്യ വല്യ ആളുകളാണ്..കേട്ടില്ലേ അവൾ പറഞ്ഞത്…. അവളുടെ അച്ഛനെ കൊന്നത് ആ സ്ത്രീ ആണെന്ന്…. അങ്ങനെ ഉള്ളവൾക്കാണോ നമ്മളെ ഒക്കെ നശിപ്പിക്കാൻ പ്രയാസം…. നീയൊന്നിനും പോകണ്ട…..

ഉള്ളതുപോലെ ഇവിടെ ഒതുങ്ങി കൂടിയങ്ങു കഴിഞ്ഞാൽ മതി… “.

“മ്മ്…. അമ്മ അതാലോചിച്ചു തല പുകയ്‌ക്കാൻ നിൽക്കേണ്ട…. പോയി കിടന്നുറങ്ങാൻ നോക്ക്. ”

അമ്മയോട് അത്രയും പറഞ്ഞു കൊണ്ട് മുറിയിൽ കയറി വാതിലടച്ചു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പറഞ്ഞതിലും ഒരുപാട് നേരത്തെ ജാനകിയമ്മ മകനോടൊപ്പം എത്തി…. അവരെ സ്നേഹപൂർവ്വം സ്വീകരിച്ചു അകത്തേക്കിരുത്തി.. അവരെ കണ്ട സന്തോഷത്തിൽ മതിമറന്നു അവൾ ജാനകിയമ്മയെ കെട്ടിപിടിച്ചു നിന്നു കരഞ്ഞു..

ഒരു വീട്ടുജോലിക്കാരിയായിരുന്നു ജാനകിയമ്മ എങ്കിലും അവൾക്കു അവർ മറ്റാരൊക്കെയോ ആയിരുന്നെന്നു ആ സ്നേഹപ്രകടനത്തിൽ നിന്നും വ്യക്തം..

ഇരുവരുടെയും പൊട്ടിക്കരച്ചിലിലൂടെയുള്ള സ്നേഹപ്രകടനം കണ്ടു നില്കുന്നവരിലും മിഴിനീർ പടർത്തി..ഇത്ര നാളായിട്ടും വിളിക്കാത്തതിന്റെ പരിഭവം ജാനകിയമ്മ പറയവേ അവൾ ദയനീയമായി എന്നെനോക്കിയ നേരം കുറ്റബോധമോ മറ്റെന്തോ കൊണ്ട് എന്റെ തലതാഴ്ന്നുപോയ്..

“എന്തായാലും ഒരുപാട് സന്തോഷം ഉണ്ട് എനിക്ക്…ഒപ്പം സമാധാനവും.. സുരക്ഷിതമായ ഒരിടത്താണല്ലോ എന്റെ മോൾ എത്തിപ്പെട്ടത്..ഓരോ ദിവസവും മോളുടെ ഒരു വിളിക്കായി കാത്തിരിക്കുമായിരുന്നു.. വൈകുന്തോറും ഭയമായിരുന്നു.. അന്വേഷിച്ചു പിടിച്ചു നിങ്ങൾ നേരത്തെ താമസിച്ച വീട്ടിൽ ചെന്നിരുന്നു. പക്ഷേ കല്യാണത്തിന് മുൻപ് തന്നെ നിങ്ങൾ അവിടെ നിന്നും മാറി എന്നാണ് അറിഞ്ഞത്.. ഈ അഡ്രെസ്സ് എനിക്ക് അറിയില്ലായിരുന്നു..”

അവർ പറഞ്ഞു നിർത്തിക്കൊണ്ട് കൂടെ കൊണ്ടുവന്ന ഒരു വലിയ ബാഗ് എന്റെ കൈകളിൽ വച്ചു തന്നു…

“പലപ്പോഴായി ആ സ്ത്രീ കത്തിച്ചു കളയാനായി എന്നെ ഏല്പിച്ച മോളുടെ സർട്ടിഫിക്കറ്റുകളും പിന്നെ എന്തൊക്കെയോ പേപ്പറുകളും ഒപ്പം മോളുടെ കുറേ പഴയ സാധനങ്ങളും ആണ്…. അവരുടെ മുന്നിൽ അവരുടെ വിശ്വസ്തയായി നിന്നതുകൊണ്ട് ഇതെല്ലാം സൂക്ഷിച്ചു വയ്ക്കാൻ കഴിഞ്ഞു എനിക്ക്..

പഠിക്കാനൊക്കെ വല്യ മിടുക്കിയായിരുന്നു. നന്നായി പാട്ടും പാടുമായിരുന്നു.. എല്ലാറ്റിലും ഒന്നാം സമ്മാനം വാങ്ങി കൂട്ടുമായിരുന്നു.. പഠിത്തത്തിലും പാട്ടിലും എല്ലാം… പ്ലസ്‌ടു വിന് പഠിച്ചു പരീക്ഷയെഴുതി നില്കുമ്പോളാ സാർ മരിച്ചത്….പിന്നെ എല്ലാം….പിന്നെയെല്ലാം ആ സ്ത്രീയുടെ നിയന്ത്രണത്തിൽ ആയി.. അവരാ എന്റെ മോളെ ഇങ്ങനെ ആക്കിയത്… ”

സാരിത്തലപ്പ് കൊണ്ട് നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു തേങ്ങലോടെ അവർ പറഞ്ഞു….

“ഒരിക്കൽ ഞാൻ ജോലിക്ക് ചെല്ലുമ്പോൾ അവർ എന്നെ അന്ന് തിരികെ പറഞ്ഞു വിട്ടു.. എല്ലാവരും കൂടെ എവിടേക്കോ പോവുകയാണെന്ന അന്ന് പറഞ്ഞത്.. രണ്ടു ദിവസം കഴിഞ്ഞു അവർ എന്നെ വിളിച്ചു ജോലിക്കു ചെല്ലുമ്പോളാ ഞാൻ കാര്യങ്ങൾ അറിയുന്നത്… അവരുടെ ഉപദ്രവത്തിൽ മോളുടെ കേൾവി നഷ്ടമായി എന്ന്.. തലയടിച്ചു വീണതാണ് എന്നാണ് അവർ എന്നോട് പറഞ്ഞിരുന്നത്..പക്ഷെ എല്ലാ സത്യവും മോൾ എന്നോട് പറഞ്ഞപ്പോൾ പൊട്ടിക്കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു..

എനിക്കെന്റെ സ്വന്തം കുഞ്ഞിനെ പോലെ ആയിരുന്നു ഇവൾ.. പക്ഷേ…എന്ത് ചെയ്യാൻ…അപ്പോഴേക്കും ആ സ്ത്രീ മോൾക്ക് ഭ്രാന്താണെന്ന് പറഞ്ഞു പരത്തിയിരുന്നല്ലോ..

എല്ലാവരും അത് വിശ്വസിക്കുകയും ചെയ്തു..

അന്ന് തോന്നിയ തോന്നലാ ഇവൾക്ക് സംസാരിക്കാൻ ഉള്ള കഴിവും നഷ്ടമായെന്ന് പറയാൻ. ഇവളെ ചികിൽസിക്കാൻ ഒന്നും അവർ മുതിരാത്തതു കൊണ്ട് കാര്യങ്ങൾ കൂടുതൽ എളുപ്പമായി…

അവർ പറഞ്ഞു നിർത്തി… മനസ്സിൽ ഉദിച്ച പല സംശയങ്ങളും ചോദ്യങ്ങളായി അവരോട് ചോദിക്കവേ ആത്മാർത്ഥതയോടെ അവർ എല്ലാറ്റിനും ഉത്തരം നൽകി..അവളുടെ നീതിക്കായി അവർ എവിടെ വേണമെങ്കിലും ഈ സത്യങ്ങൾ എല്ലാം വിളിച്ചു പറയാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ അവരോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി….

തിരികെ മകനോടൊപ്പം പോകാൻ നേരം അവർ എന്റെ കൈകളിൽ കൂട്ടിപിടിച്ചുകൊണ്ട് നിറകണ്ണുകളോടെ അപേക്ഷാസ്വരത്തിൽ അവൾക്കുവേണ്ടി യാചിച്ചു……

അവളൊരു പാവമാണെന്നും…. അവളെ കൈവിടരുതെന്നും ഒക്കെ പറഞ്ഞപ്പോൾ അവരെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു മരണം വരെ അവളുടെ കൂടെയുണ്ടാകുമെന്നും കൈവിടില്ലെന്നും പൊന്നുപോലെ നോക്കുമെന്നും വാക്കുകൊടുത്തു യാത്രയാക്കി….

അവർ പോയതിനു ശേഷം അവരെന്നെ ഏൽപിച്ച ബാഗ് മുറിയിൽ വച്ചു തുറന്നു നോക്കി…..

അവളുടെ പ്ലസ്‌ടു വരെയുള്ള സർട്ടിഫിക്കറ്റുകളും മത്സരങ്ങൾക്കെല്ലാം സമ്മാനം കിട്ടിയ ട്രോഫികളും കുറേ പഴയ ആൽബങ്ങളും കണ്ടു…..

അവർ പറഞ്ഞത് ശരിയാണ്….

മിടുക്കിയായിരുന്നു…. സുന്ദരിയും ആയിരുന്നു….

ആൽബങ്ങൾ എല്ലാം ഓരോന്നായി മറിച്ചു നോക്കവെ മനസ്സിലായി….

ഇരുവശത്തും മുടിപിന്നിയിട്ടു സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന അവളുടെ ഫോട്ടോയിലേക്കു നോക്കി നിൽക്കവേ കണ്ണെടുക്കാനേ തോന്നിയില്ല….

കുഞ്ഞുനാൾ മുതലുള്ള ഫോട്ടോകൾ ഉണ്ടായിരുന്നു…. അവളുടെ അമ്മയോടൊപ്പം ഉള്ളതും അച്ഛനോടൊപ്പം ഉള്ളതും എല്ലാം….

മത്സരങ്ങൾക്ക് സമ്മാനം വാങ്ങുന്ന ഫോട്ടോ പത്രത്തിൽ വന്നത് വെട്ടിയൊട്ടിച്ചതും എല്ലാം കുറേ ഉണ്ടായിരുന്നു….ഓരോ ഫോട്ടോയിലൂടെയും മിഴികൾ പായിക്കവേ മനസ്സിൽ ഒരു കുളിരനുഭവപ്പെടുന്നതറിഞ്ഞു….

മിഴികൾ ഉയർത്തി ഹാളിൽ അമ്മയോടൊപ്പം ഇരിക്കുന്ന അവളെ നോക്കവേ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു….

അവിടെയിരുന്നുകൊണ്ട് അമ്മയെ വിളിച്ചപ്പോൾ അമ്മ അവളെയും കൂട്ടി അടുത്തേക്ക് വന്നു…. ഓരോ സർട്ടിഫിക്കറ്റുകളും എടുത്തു നോക്കുമ്പോൾ അമ്മയുടെ മനസ്സിൽ നിറയുന്ന അഭിമാനം ആ മുഖത്തും പ്രതിഫലിച്ചു…..

ഇത്ര മിടുക്കിയായിട്ടും ഭ്രാന്തിയെന്നു കള്ളം പറഞ്ഞു മുറിയിൽ പൂട്ടിയിട്ട് അവളെ ദ്രോഹിച്ച ആ സ്ത്രീയോട് ആ സമയം പകയും വെറുപ്പും തോന്നി….. അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി കരയുന്ന അവളെ ചേർത്തു പിടിച്ചു കൊണ്ട് അമ്മ ആശ്വസിപ്പിക്കുന്നതും കണ്ടുകൊണ്ട് നേരെ അജിത്തിനെ കാണുവാനായി പോയി…..

ജാനകിയമ്മയിൽ നിന്നും അറിഞ്ഞ വിവരങ്ങൾ എല്ലാം അവനോട് പറയവേ അവൻ അന്വേഷണത്തിൽ നിന്നും അറിഞ്ഞ വിവരങ്ങൾ എന്നോടും പങ്കുവച്ചു……

അവൾക്കു കഴിക്കാനായി കൊടുത്തുകൊണ്ടിരുന്നത് വെറും ഉറക്കഗുളികകൾ ആയിരുന്നു….. സീൽ പൊട്ടിച്ച കുപ്പിയിൽ പകുതിയോളം ഗുളികകളെ ഉണ്ടായിരുന്നു…. അത് തീരുമ്പോൾ അവരോട് പറഞ്ഞാൽ മതി ബാക്കി എത്തിച്ചു തന്നേക്കാം എന്നാണ് അന്ന് പറഞ്ഞതു….. ആ സമയത്തു ഉണ്ടായിരുന്ന ബഹുമാനവും വിശ്വാസവും മൂലം അവർ പറഞ്ഞത് വിശ്വസിച്ചു….

അമിതമായാൽ അമൃതും വിഷമാണെന്ന് പറയുന്നത് പോലെ ദിവസവും മൂന്നുനേരം ഉറക്കഗുളിക കഴിച്ചാൽ സംഭവിക്കാവുന്ന ദൂഷ്യവശങ്ങൾ ഒരു വശത്തു….. അതിലുപരി മരുന്ന് തീർന്നാൽ രണ്ടാമത് അവർ തരുന്നത് മരുന്നിനു പകരം മറ്റെന്തെങ്കിലും ആണെങ്കിൽ…….

അതറിയാതെ അവൾക്കു മരുന്നുകൊടുത്തു എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ…….

ഓർക്കവേ തലയ്ക്കകത്ത് വല്ലാത്ത ഭാരം നിറയുന്നപോൽ തോന്നി…..പണത്തിന്റെ പുറകെ പാഞ്ഞപ്പോൾ അതുമൂലം സംഭവിക്കാവുന്ന വിപത്തുകളെ പറ്റി ചിന്തിച്ചതേ ഇല്ല……..

രണ്ടു ദിവസങ്ങളോളം അജിത്തിന്റെ കൂടെ കാര്യങ്ങൾ കൂടുതൽ അന്വേഷിക്കാൻ നടന്നു…. അത് പ്രകാരം മനസ്സിലാക്കിയതെന്തെന്നാൽ..

അച്ഛന്റെ മരണ ശേഷം സ്വാഭാവികമായും സ്വത്തുവകകൾ മുഴുവൻ മറ്റു അവകാശികൾ ഇല്ലാത്തതിന്റെ പേരിൽ അവളുടെയും ആ സ്ത്രീയുടെയും പേരിലാകും…. അതിൽ അവൾക്കവകാശപെട്ടതിന്റെ ഇരുപത് ശതമാനത്തിൽ താഴെ മാത്രമേ അവളുടേതെന്ന പേരിൽ ഞങ്ങൾക്ക് നൽകിയിട്ടുള്ളൂ…. ബാക്കി എൺപതു ശതമാനത്തിനു മുകളിൽ സ്വത്തു വകകൾ അവരുടെ കൈവശം ആണ്….. വേണ്ടത്ര ബന്ധുബലമോ സുഹൃത്തുക്കളോ ഇല്ലാത്തതിനാൽ ആരുടെ ഭാഗത്തു നിന്നും ഒരന്വേഷണമോ സംശയമോ ഉണ്ടാകില്ല….

അവളുടെ ചികിത്സക്കെന്നപേരിൽ കുറേ പണം ചിലവായിട്ടുണ്ട് എന്നും അതിനായി സ്വന്തിന്റെ ഒരുപങ്ക്‌ വിൽക്കുകയും ചെയ്തു എന്ന് എല്ലാവരോടും കള്ളം പറഞ്ഞു വിശ്വസിപ്പിച്ചു അത് അവർ സ്വന്തം പേരിലാക്കി…..ആ വീട്ടിൽ വച്ചു അവൾക്കു എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം മുഴുവൻ അവരുടെ തലയിലാകും എന്നുള്ളതും കൂടാതെ ചിലപ്പോൾ അച്ഛന്റെ മരണത്തിലും ആരെങ്കിലും സംശയം പ്രകടിപ്പിക്കുകയും ചെയ്താൽ കാര്യങ്ങൾ കൈവിട്ടുപോകും എന്നുള്ളതുകൊണ്ടും ബുദ്ധിപൂർവം അവർ അവളെ വിവാഹം കഴിപ്പിച്ചത് ആണ്….

അങ്ങനെ ആലോചന നടക്കുന്ന സമയത്താകും പെങ്ങളെ പരിചയപ്പെട്ടത്…. പെങ്ങളോട് കൂടുതൽ അടുത്തു സംസാരിച്ചു അവർ അവളെപ്പറ്റി പറഞ്ഞപ്പോൾ പൊതുവെ ആർത്തികരിയായ പെങ്ങൾ എനിക്ക് വേണ്ടി കല്യാണം ആലോചിച്ചത്….

ആ സമയം കടം കയറി നില്കുന്നതിനാൽ പണം മാത്രം ആയിരുന്നു ലക്ഷ്യം…

ഇത്ര വേഗം ആവശ്യമുള്ള പണം കിട്ടാൻ മറ്റൊന്നുമാലോചിക്കാതെ അവരുടെ മുന്നിൽ തല വച്ചു കൊടുത്തു….

ഞങ്ങളുടെ വീട്ടിൽ വച്ചു അവൾക്കു എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഞങ്ങളുടെ മേൽ വരികയും ഒപ്പം അവർ കേസ് കൊടുത്താൽ അവർ ഞങ്ങൾക്ക് നൽകിയ പണവും സ്വർണവും ഒപ്പം നഷ്ടപരിഹാരവും കൂടെ അവർക്കു ലഭിക്കും…..

ബുദ്ധിപൂർവം അവർ കളിച്ച കളിയിൽ ഞങ്ങൾ പെട്ടുപോയിരിക്കുകയാണ്…..

അവളെ ചികിൽസിക്കാൻ എന്നപേരിൽ അവിടെ വന്നിരുന്ന ആ ഡോക്ടർ ഒരു മനഃശാസ്ത്രജ്ഞനും ആ സ്ത്രീയുടെ രഹസ്യകാരനും ആണ്..നാട്ടുകാരും കരുതിയിരുന്നത് അവളെ ചികിൽസിക്കാൻ വരുന്നതാണെന്നാണ്…. പക്ഷെ… അവളെ വിവാഹം കഴിപ്പിച്ചു വിട്ടതിനു ശേഷവും അയാളുടെ വരവ് തുടർന്നപ്പോൾ നാട്ടുകാർ ചിലർക്ക് ചില സംശയങ്ങൾ തോന്നിയെങ്കിലും ആരും പുറത്തു പറയാൻ ധൈര്യപ്പെട്ടില്ല….

അജിത്തിനോടൊപ്പം ഉള്ള അന്വേഷണങ്ങളിൽ പലരും ഇതേപ്പറ്റി സൂചിപ്പിക്കുകയുണ്ടായി…. അവർ പറയുന്നതൊക്കെയും അവർ അറിയാതെ എല്ലാം റെക്കോർഡ് ചെയ്തു വച്ചു…. കാരണം ഇതൊക്കെയല്ലാതെ മറ്റൊരു തെളിവും ഞങ്ങളുടെ പക്കൽ ഇല്ല എന്നത് തന്നെ….

അന്വേഷണം നടക്കുന്നതോടൊപ്പം അവളെക്കൂട്ടി രഹസ്യമായി ഒരു ഡോക്ടറെ ചെന്നു കണ്ടു….

കാര്യങ്ങൾ വിശദമാക്കിയപ്പോൾ അദ്ദേഹം അത് കേസ് ആക്കാൻ നിർദ്ദേശിച്ചെങ്കിലും അത്യാവശ്യം വേണ്ട തെളിവുകൾ കഴിയുന്നതും വേഗം സംഘടിപ്പിച്ചതിനു ശേഷം കേസ് കൊടുക്കാം എന്ന് പറഞ്ഞു….

ചികിത്സ നൽകിയാലും കേൾവിശക്തി തിരികെ ലഭിക്കില്ല എന്നുള്ളത് കുറച്ചു വിഷമം നൽകിയെങ്കിലും ഹിയറിങ് എയ്ഡ് വച്ചുകഴിഞ്ഞാൽ അവൾക്കു അത് സാധ്യമാകും എന്നറിഞ്ഞതും എത്രയും വേഗം അത് ലഭിക്കുന്നതിനായി പരിശ്രമിച്ചു…..

അതോടൊപ്പം തന്നെ അവളെ ഒരു മാനസികരോഗ വിദഗ്ദ്ധന്റെ അടുത്തു കൊണ്ടുപോവുകയും അദ്ദേഹത്തോടും കാര്യങ്ങൾ വിശദീകരിക്കുകയും അദ്ദേഹം പരിഹാരമായി അവൾക് കൗൺസിലിംഗ് നിർദ്ദേശിക്കുകയും അതിന്റെ ഫലമായി അവളുടെ മനസ്സിൽ അടിഞ്ഞുകൂടിയിരുന്ന ഭയത്തെയും മറ്റും ചെറിയ രീതിയിലുള്ള മെഡിറ്റേഷനുകളിലൂടെ അവർ നിയന്ത്രിക്കുകയും ചെയ്തു….

ഈ ഡോക്ടർമാരിൽ നിന്നെല്ലാം വിശദമായ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങുകയും അതിൻ പ്രകാരം അവൾക്കു ഭ്രാന്ത് എന്ന അവസ്ഥയില്ലെന്നു പൂർണമായും ബോധ്യപ്പെടുത്തുകയും ചെയ്തു..

ഹിയറിങ് എയ്ഡ് കൂടെ വച്ചതോടെ ഇപ്പോൾ അവൾ ഭ്രാന്തില്ലാത്ത…. കേൾക്കാൻ കഴിയുന്ന… സംസാരിക്കാൻ കഴിയുന്ന ഒരു സാധാരണ പെൺകുട്ടി തന്നെയായി…..അവളോടൊപ്പം ഇരിക്കുന്ന സമയങ്ങൾ അത്രയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു…..

എന്റെ സ്വന്തം എന്ന അവകാശത്തോടെ അവളെയൊന്നു നെഞ്ചോടു ചേർക്കാൻ മനസ്സ് വല്ലാതെ കൊതിച്ചിരുന്നു…..എങ്കിലും എല്ലാ ആഗ്രഹങ്ങളും ഉള്ളിലൊതുക്കി വീണ്ടും പലതും ചെയ്തു തീർക്കാൻ ഉള്ളതിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു

എങ്കിലും എന്നും എന്തിനും ഏതിനും കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞിരുന്നു അവളോട്….

അജിത്തിന്റെ നിർദ്ദേശപ്രകാരം ആണ് അവനു പരിചയമുള്ള ഒരു ആശ്രമത്തിൽ അവളെ കൊണ്ട് ചെന്നു നിർത്തിയത്….. വളരെ ശാന്തമായ അന്തരീക്ഷം…. ചെറിയ ചെറിയ യോഗ മുറകളും പ്രാർത്ഥനയും ധ്യാനവും ആയി ശാന്തമായി പോകുന്ന ആശ്രമം…. രണ്ടാഴ്ചയോളം അവളെ അവിടെ നിർത്തി….

കൂട്ടിനു അമ്മയും ഉണ്ടായിരുന്നു…..

ഈ ആഴ്ചകൊണ്ട് പറ്റുന്നത്ര തെളിവുകൾ അവളുടെ അമ്മയ്‌ക്കെതിരെ ശേഖരിച്ചു…. ഒപ്പം അവരുടെ രഹസ്യക്കാരൻ ആയ ഡോക്ടറിനെതിരെയും ….. അതിൻ പ്രകാരം ശേഖരിച്ച തെളിവുകളുമായി പോലീസിൽ പരാതി നൽകുകയും അജിത്തിന്റെ സുഹൃത്തായ രാഷ്ട്രീയ നേതാവിന്റെ പിന്തുണയോടെ ആദ്യം രഹസ്യമായിത്തന്നെ പോലീസും അന്വേഷണം നടത്തുകയും.. ഞങ്ങൾ ഏല്പിച്ച തെളിവുകൾ സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു….

ഈ സമയം ആ സ്ത്രീ വീടുവിൽക്കാനും കിട്ടുന്ന പണം കൊണ്ട് ഡോക്ടറോടൊപ്പം വിദേശത്തേക്ക് കടക്കാനും ആയിരുന്നു പദ്ധതി…പക്ഷേ അതിനു മുൻപ് തന്നെ ഞങ്ങൾ കൊടുത്ത കേസ് മൂലം അവരെ പോലീസ് തടഞ്ഞുവയ്ക്കുകയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തു….

ഈ നാളുകൾ കൊണ്ട് അവളുടെ ആശ്രമത്തിലെ വാസം അവസാനിച്ചു അമ്മയോടൊപ്പം അവൾ തിരികെ വീട്ടിലെത്തിയിരുന്നു…. പോലീസ് സ്റ്റേഷനിൽ അവളെയും കൂട്ടി ചെല്ലുമ്പോൾ ഞങ്ങൾക്ക് മുന്നേ തന്നെ അവളുടെ അമ്മയും ആ ഡോക്ടറും എത്തിയിരുന്നു…..

അവർ കാണാതെ ഞങ്ങൾ മാറിയിരുന്നു….

അവസാനം ഉദ്യോഗസ്ഥർ അവരെ അകത്തേക്ക് വിളിപ്പിക്കുകയും കേസിന്റെ കാര്യങ്ങൾ പറയുകയും ചെയ്തപ്പോൾ അവർ ആദ്യം ശക്തമായി എല്ലാം നിഷേധിക്കുകയും എതിർക്കുകയും ചെയ്തു…..

അപ്പോളാണ് ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചത്….. ഞങ്ങളുടെ മുന്നിൽ വച്ചുതന്നെ ഉദ്യോഗസ്ഥർ അവരോട് വീണ്ടും ചോദ്യങ്ങൾ ചോദിക്കവേ അവർ പരിഹാസത്തോടെയും അമിതാത്മവിശ്വാസത്തോടെയും പറഞ്ഞത് എന്തെന്നാൽ……

“സാർ….. ഇവരുടെ വാക്ക് കേട്ടുകൊണ്ടാണോ നിങ്ങൾ ഞങ്ങൾക്കെതിരെ കേസ് എടുത്തത്…..

കഷ്ടം….

സാർ….. ഈ നിൽക്കുന്നവൻ അവളെ കല്യാണം കഴിച്ചത് പ്രേമം കൊണ്ടൊന്നുമല്ല…. അവളിലൂടെ വന്നുചേരുന്ന പണത്തെ കണ്ടുകൊണ്ട് മാത്രം ആണ്…. ഇപ്പോൾ ഈ കേസിന്റെ പിന്നിലെ ലക്ഷ്യം പോലും പണം മാത്രമാണ്…..

എന്റെ മോനെ…. നിനക്ക് കാശിനു ഇത്ര ആവശ്യം ഉണ്ടെങ്കിൽ എന്നോടൊരുവാക്കു പറഞ്ഞാൽ മതിയായിരുന്നല്ലോ…. അതിനു ഇങ്ങനെ ഒക്കെ കള്ളക്കേസ് കൊടുക്കേണ്ട കാര്യം ഉണ്ടോ….

അത്രയും പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു ആ സ്ത്രീ…

“മ്മ്….. കഴിഞ്ഞോ….. പിന്നെ…. കേസ് കൊടുത്തത് അയാളല്ല …… ഈ നിൽക്കുന്ന നിങ്ങളുടെ മകളാണ്… ”

അതുകേട്ടതും അവർ ഒരു ഞെട്ടലോടെ ഞങ്ങളെ തിരിഞ്ഞു നോക്കി….

“സാർ എന്താണീ പറയുന്നത്… ഈ മിണ്ടാനും കേൾക്കാനും കഴിയാത്തവൾ ഞങ്ങൾക്കെതിരെ കേസ് കൊടുത്തെന്നോ….. അതിനേക്കാൾ വലിയകാര്യം എന്തെന്നാൽ…. ഇവൾ…. അവളൊരു മാനസിക രോഗിയാണ് സാർ…. ചില സമയത്തു ഓർമക്കുറവ് പോലും ഉണ്ട്…. അതൊക്കെ മു_തലാക്കി അവൻ കളിക്കുന്ന കളിയാണിതെല്ലാം…. ”

അവർ വെപ്രാളത്തോടെ പറഞ്ഞു നിർത്തി….

“അത് ശരി…. അപ്പോൾ ഈ കുട്ടിക്ക് കാതു കേൾക്കാനും സംസാരിക്കാനും കഴിയില്ല….

അല്ലെ…….

ശരിയാണോടോ ഇവർ പറയുന്നത്….. തനിക്കു കാതു കേൾക്കാനും സംസാരിക്കാനും കഴിയില്ലേ….

അവളോടായി ഉദ്യോഗസ്ഥൻ ചോദിക്കവേ എന്നെനോക്കികൊണ്ട് അവൾ മുന്നോട്ടു നീങ്ങിനിന്നു….

തലയുയർത്തി പിടിച്ചുകൊണ്ട് തന്നെ അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു…

“കഴിയും സാർ…. എനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയും… ”

മുന്നിൽ നടക്കുന്നത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ ഒരു ഞെട്ടലോടെ ആ സ്ത്രീയും ഡോക്ടറും ഇരുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നു പോയി….

“കേട്ടല്ലോ… ആ കുട്ടി പറഞ്ഞത്…. അവൾക്കു സംസാരിക്കാനും കേൾക്കാനും കഴിയുമെന്ന്….ഇനി എന്താ നിങ്ങള്ക്ക് പറയാൻ ഉള്ളത്…. ”

പക്ഷെ അവർക്കൊന്നും പറയാൻ കഴിയാത്ത വിധം ഉള്ള ഞെട്ടലിൽ ആയിരുന്നു അവർ…

“എന്താ… ഒന്നും പറയാൻ ഇല്ലേ…. ശരി…. നിങ്ങൾക്കൊന്നും പറയാൻ ഇല്ലെങ്കിലും ഞങ്ങൾക്ക് ചിലത് പറയാൻ ഉണ്ട്… ”

ശേഷം അന്വേഷണത്തിലൂടെ അറിഞ്ഞ കാര്യങ്ങൾ ഓരോന്നും എണ്ണിയെണ്ണി തെളിവുകൾ സഹിതം അവരുടെ മുന്നിൽ നിരത്തവെ കുറ്റം കണ്ടുപിടിച്ച വെപ്രാളത്തോടെ ഇരുവരും നിന്ന് വിറ കൊണ്ടു…..

പോലീസ് ഉദ്യോഗസ്ഥരുടെ വിശദമായ ചോദ്യം ചെയ്യലിൽ ഇരുവർക്കും കുറ്റം സമ്മതിക്കുകയല്ലാതെ മറ്റു വഴികൾ ഉണ്ടായില്ല……

ശേഷം നിയമപരമായി തന്നെ കാര്യങ്ങൾ അതിന്റെ വഴിക്കു നടന്നു… സമൂഹമാധ്യമങ്ങളും ചാനലുകാരും ഈ വാർത്ത ഏറ്റെടുത്തതുകൂടി കേസിനു കൂടുതൽ ജനപിന്തുണയും ലഭിച്ചു….

പക്ഷേ…. അപ്പോഴും ചിലർ പണത്തിനു വേണ്ടി പെണ്ണിനെ കെട്ടിയവൻ എന്നാക്ഷേപിച്ചു സമൂഹ മാധ്യമങ്ങളിലൂടെ എനിക്കെതിരെ പോസ്റ്റുകളും വിഡിയോകളും എടുത്തു പ്രചരിപ്പിച്ചിരുന്നു എങ്കിലും ആ സമയം എനിക്ക് താങ്ങായി തണലായി എന്നും എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു അവൾ….

പരസ്യമായി എന്നെ ആക്ഷേപിച്ചവരുടെ മുന്നിൽ നിന്നുകൊണ്ട് ശക്തമായി എനിക്കുവേണ്ടി അവൾ വാദിച്ചു നിന്നു….

മറ്റൊരു ചൂടുള്ള വാർത്ത ലഭിച്ചപ്പോൾ ഈ ചാനലുകാരും സമൂഹമാധ്യമങ്ങളും ഞങ്ങളെ വിട്ടു അതിന്റെ പുറകെ പോയെങ്കിലും കേസിൽ ഉറച്ചു തന്നെ ഞങ്ങൾ നിന്നതുകൊണ്ട് ആ സ്ത്രീയ്ക്കും ഡോക്ടറിനും തക്കതായ ശിക്ഷ ലഭിക്കുകയും അവൾക്കവകാശപെട്ട സ്വത്തുവകകൾ അവളിലേക്ക്‌ തന്നെ വന്ന് ചേരുകയും ചെയ്തു…..കേസിൽ ജയിച്ചതോടെ എല്ലാവരിലും സന്തോഷം നിറഞ്ഞുവെങ്കിലും എന്റെ മനസ്സിന്റെ ഒരു കോണിൽ ഉടലെടുത്തത് മറ്റൊരു ചിന്തയായിരുന്നു…..

ഒരുപക്ഷെ എല്ലാവരും ചിന്തിക്കുന്നതുപോലെ ഇപ്പോഴും അവളുടെ പണത്തിലാണ് എന്റെ ശ്രദ്ധ എന്ന് അവൾ വിചാരിക്കുന്നുണ്ടാകുമോ…

പണത്തിനു വേണ്ടിയാണു ഞാൻ ഇതെല്ലാം ചെയ്തതെന്ന് അവൾ കരുതുന്നുണ്ടാകുമോ….

അറിയാതെ എപ്പോഴോ മനസ്സിൽ ഉടലെടുത്ത പ്രണയം എന്ന വികാരം എന്റെ അഭിനയമായി അവൾ കണക്കാക്കുമോ…..എന്നോട് അവൾക്കു ദേഷ്യം ഉണ്ടാകുമോ…. വെറുപ്പുണ്ടാകുമോ….

തുടങ്ങിയ ചിന്തകളാൽ ആകെ അസ്വസ്ഥമായിരുന്നു ഞാൻ….

പലപ്പോഴും അവളുടെ മുന്നിൽ ചെന്നു നിൽകുമ്പോൾ ഞാനൊന്നുമല്ലാത്ത രീതിയിൽ സ്വയം ചെറുതാകുന്നതുപോലെ തോന്നും…..

എന്തുകൊണ്ടോ അതിനു ശേഷം അവളുടെ മുന്നിൽ പോലും ചെല്ലാത്ത വിധം ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി… അവൾക്കെന്നെ ഇഷ്ടമായിരിക്കില്ല എന്ന് തന്നെ വിശ്വസിച്ചു…. പക്ഷേ… ആ വിശ്വാസം തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടത് ഒരിക്കൽ അമ്മയില്ലാതെയിരുന്ന ദിവസം അവൾ എന്റെ മുന്നിൽ മനസുതുറന്നു പൊട്ടിക്കരഞ്ഞപ്പോൾ ആണ്….അന്നവൾ നിറകണ്ണുകളോടെ എന്നോട് ചോദിച്ചു…

“എന്താ… എന്താ… എന്നോട് മാത്രം മിണ്ടാത്തത്… എന്റെ മുന്നിൽ പോലും വരാത്തത്….

എന്നോട് ദേഷ്യം ആണോ…. അതൊ… വെറുപ്പാണോ…. എന്നെ ഇഷ്ടമല്ലേ…..

അതുകൊണ്ടാണോ എന്നോടിങ്ങനെ പെരുമാറുന്നത്…

മ്മ്…. ശരിയായിരിക്കും അല്ലെ…. എനിക്ക് വിദ്യാഭ്യാസം ഇല്ല…. സൗന്ദര്യം ഇല്ല…. ചെവിയും കേൾക്കില്ല…. പിന്നെ…. പിന്നെ ഞാൻ ഭ്രാന്തിയും അല്ലെ….. അതുകൊണ്ടാണോ എന്നെ ഇഷ്ടമല്ലാത്തത്…. ”

പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ അവളുടെ മനസ്സിലുള്ള ദുഃഖം എന്നോട് പരിഭവങ്ങളായി പങ്കുവയ്ക്കവേ മനസ്സിന്റെ അടിത്തട്ടിൽ ഒളിപ്പിച്ച അവളോടുള്ള എന്റെ പ്രണയം അന്നാദ്യമായി ഞാൻ അവളോട് പറഞ്ഞു….

അവളെ നെഞ്ചോടു ചേർത്തു അവളാണെനിക്കെല്ലാം എന്ന് പറയവേ പരിഭവം എല്ലാം മാറി നാണത്തോടെ അവളെന്റെ മാറിൽ മുഖം ചേർത്തു….

പരസ്പരം പ്രണയം പങ്കുവച്ചുകൊണ്ട് അവളെ ഞാനെന്റെ സ്വന്തം ആക്കി…..

വർഷങ്ങൾക്കിപ്പുറം എന്റെ മാറിൽ തലചായ്ച്ചു കിടന്നുകൊണ്ട് അവൾ അവളുടെ മറ്റൊരു പരിഭവം പങ്കുവച്ചു..

“ഏട്ടാ… ”

“മ്മ്…. ”

“ഏട്ടാ…. ”

“എന്താടി…. കാര്യം പറ നീ…. ”

“അതേ…. പിന്നെ…. ഒരു കാര്യം ഉണ്ട്… ”

“അതെനിക് മനസ്സിലായി…. അതുകൊണ്ടാ പറയാൻ പറഞ്ഞത്… ”

“അതുപിന്നെ…. നമ്മുടെ അമ്മയ്ക്ക് ഇപ്പോൾ വയസായി വരികയാണ്…. അമ്മയ്ക്കും ഉണ്ടാകില്ലേ ചില ആഗ്രഹങ്ങൾ….നമ്മുടെ ഒരു കുഞ്ഞിനെ കളിപ്പിക്കണം എന്നും സ്നേഹിക്കണം എന്നും….

അത് സാധിച്ചു കൊടുക്കേണ്ട ഉത്തരവാദിത്തം നമുക്കില്ലേ…. ഇത്ര നാൾ എന്റെ പഠിത്തം കഴിയട്ടെ എന്നു പറഞ്ഞു നടന്നു…. ഇപ്പോൾ ഡിഗ്രിയും കഴിഞ്ഞു പിജിയും കഴിഞ്ഞു….. ഇനിയെങ്കിലും ശ്രമിച്ചു കൂടെ…. നമ്മളല്ലാതെ വേറെയാരാ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഉള്ളത്… ”

അവളുടെ പരിഭവം കേട്ടു ഊറി വന്ന ചിരി അടക്കികൊണ്ട് കണ്ണുകൾ അടച്ചു കിടന്നു…..

പല പ്രാവശ്യം അവൾ ഇതേ കാര്യം പറഞ്ഞിട്ടുണ്ട്…. അന്നൊക്കെ ഞാൻ തന്നെയാണ് അവളുടെ പഠനം കഴിയട്ടെ എന്നുപറഞ്ഞു തടഞ്ഞിരുന്നത്….

കാരണം മറ്റൊന്നുമല്ല….പണ്ട് അച്ഛന്റെ ബിസിനസ്‌ തകർന്നപ്പോൾ പലപ്പോഴും അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്…. അമ്മയ്ക്കൊരു ജോലിയുണ്ടായിരുന്നു എങ്കിൽ അച്ഛനൊരു താങ്ങായേനെ എന്ന്….

അത് ശരിയാണെന്നു പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്…. അങ്ങനെയെങ്കിൽ അച്ഛന് ആത്മഹത്യയെ പറ്റി ചിന്തിക്കേണ്ടി വരികയില്ലായിരുന്നു…. അച്ഛന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ സ്വയം ഏറ്റെടുത്തപ്പോഴും ചിന്തിച്ചിരുന്നു അമ്മയ്ക്കോ പെങ്ങൾക്കോ ഒരു ജോലി ഉണ്ടായിരുന്നുവെങ്കിൽ എന്ന്…..

അതുകൊണ്ട് തന്നെ എനിക്ക് നിർബന്ധം ഉണ്ടായിരുന്നു അവളുടെ മുടങ്ങിപ്പോയ പഠനം തുടരണം എന്ന്….സ്വന്തം കാലിൽ നില്കാൻ അവൾ പ്രാപ്തയാകണം എന്ന്…. ആദ്യം ഒക്കെ കുറച്ചു മടി കാണിച്ചുവെങ്കിലും എന്റെ നിര്ബന്ധത്താൽ അവൾ തുടർപഠനം ആരംഭിച്ചു…..

എല്ലാറ്റിലും മികച്ച വിജയം കൈവരിച്ചു എന്നെന്നും അഭിമാനിക്കാൻ ഉള്ള മുഹൂർത്തങ്ങൾ ആണ് അവൾ സമ്മാനിച്ചത്…. പറഞ്ഞതുപോലെ അവളുടെ പിജി പഠനവും കഴിഞ്ഞു….. റിസൾട്ടിനായി കാത്തിരിക്കുകയാണ്…..

“ഏട്ടാ…. ഞാൻ പറഞ്ഞത് വല്ലതും കേട്ടോ… ”

അവൾ കുലുക്കി വിളിച്ചപ്പോൾ ആണ് ഓർമകളിൽ നിന്നും ഉണർന്നത്…. പ്രതീക്ഷയോടെയുള്ള അവളുടെ നോട്ടം അവഗണിക്കാൻ എന്തോ മനസ്സുവന്നില്ല….

“സത്യം പറ…. ഇത് അമ്മയുടെ ആഗ്രഹമോ…. അതൊ നിന്റെ ആഗ്രഹമോ…. ”

“രണ്ടും… ”

“ആണോ…. എങ്കിലേ… ആ ആഗ്രഹം ഇനി നിറവേറ്റിയിട്ട് തന്നെ കാര്യം…. ”

അവളെ വലിച്ചു നെഞ്ചോടു ചേർത്തുകൊണ്ട് പറഞ്ഞു….. അങ്ങനെ അവളുടെ ചെറുതും വലുതുമായ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തുകൊണ്ട് സന്തോഷകരമായ ജീവിതം തുടരുകയായി….

ഒരു വർഷത്തിന് ശേഷമുള്ള ഒരു പ്രഭാതം…..

നഗരത്തിലെ പ്രമുഖ ആശുപത്രിയുടെ ലേബർ റൂമിനു മുന്നിലൂടെ ഉത്കണ്ഠയോടെ….

ആകാംഷയോടെ…നടക്കുന്നതിനിടയിൽ ആണ് ലേബർ റൂമിന്റെ വാതിൽ തുറന്നു ഒരു നേഴ്സ് പുറത്തേക്കു വന്നത്….

വേഗം അവരുടെ അടുത്തേക്ക് നടന്നു ചെല്ലവേ എന്റെ കൈകളിലേക്ക് വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞിനെ വച്ചു തന്നുകൊണ്ട് അവർ പറഞ്ഞു….

“പെൺകുട്ടിയാണ്….. അമ്മ സുഖമായിരിക്കുന്നു… ”

സന്തോഷം കൊണ്ട് കൈയിലിരിക്കുന്ന മാലാഖക്കുഞ്ഞിന്റെ നെറുകയിൽ ഒരു മുത്തം നൽകി തൊട്ടടുത്തു നിൽക്കുന്ന അമ്മയുടെ കൈകളിലേക്ക് കുഞ്ഞിനെ വച്ചു കൊടുത്തു…..

കുഞ്ഞിനെ വാങ്ങി അമ്മ നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു…

“കുഞ്ഞ് അവളെപോലെ ഇരിക്കുന്നുവല്ലേ… ”

എന്നാൽ അമ്മയുടെ വാക്കുകൾ ഒന്നും തന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.എന്റെ ആവലാതികൾ മുഴുവൻ എനിക്കീ മാലാഖയെ സ്വന്തമാക്കാൻ അവസരം തന്ന എന്റെ നേർപാതിയെ കാണാനായി വെമ്പൽ കൊള്ളുകയായിരുന്നു.. അമ്മയുടെ കയ്യിൽ ഇരുന്ന ആ പിഞ്ചോമനയുടെ നെറുകയിൽ മെല്ലെയൊന്ന് തലോടിയ ശേഷം ലേബർ റൂമിലെ ഗ്ലാസ് ഡോറിന് അരികിലേക്ക് ചെന്ന് അകത്തേക്ക് നോക്കി,..

നിരന്നു കിടക്കുന്ന ബെഡ്കളിൽ ഒന്നിൽ ചാരിയിരുന്ന് അമ്പരപ്പോടെ അവശതയോടെ ആരെയോ തേടുന്ന അവളുടെ മിഴികളുമായി എന്റെ നിറഞ്ഞ മിഴികൾ കൂട്ടിമുട്ടി.. ഒരു നിമിഷം ഇരുവരുടെയും മിഴികൾ നിയന്ത്രണമില്ലാതെ അണ പൊട്ടി ഒഴുകാൻ തുടങ്ങി.. തനിക്കൊന്നും ഇല്ല എന്ന് ആംഗ്യഭാഷയിൽ പറഞ്ഞു കൊണ്ട് അവൾ എന്നെ നോക്കിയിരുന്നു…

നിമിഷങ്ങൾ കടന്നു പോയി… ആ നിമിഷങ്ങളിൽ എല്ലാം തന്നെ തന്റെ ഇരുൾമൂടിയ ജീവിതത്തിലേക്ക് കടന്നുവന്ന പ്രകാശം പരത്തിയ അവളുടെ ഓർമ്മകൾ നിറഞ്ഞ സ്വപ്നലോകത്ത് ഞാൻ കാത്തിരുന്നു അവൾക്കായി…..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ശ്രുതി സുധി