ഞാൻ എത്ര ഒക്കെ വേദനിപ്പിച്ചിട്ടും അവൾ അതിനേക്കാൾ ഇരട്ടിയായി എന്നെ സ്നേഹിച്ചിട്ടേയുള്ളു

രചന : Vidya Gopinath

പെങ്ങളൂട്ടി

***************

ഓർമ വെച്ച നാൾ മുതൽ എനിക്ക് അവളെ ഇഷ്ടമല്ലായിരുന്നു… എന്റെ പെങ്ങൾ…

അഭിരാമിയെ…

എന്നെക്കാൾ അഞ്ച് വയസിന് ഇളയവൾ ആയിരുന്നു… എന്തുകൊണ്ടോ അവളോട് എനിക്ക് ഇഷ്ടമോ സ്നേഹമോ വാത്സല്യമോ ഒന്നും തന്നെ തോന്നിയിട്ടില്ലായിരുന്നു…

തരം കിട്ടുമ്പോൾ ഒക്കെ ഞാൻ അവളെ പിച്ചിയും അടിച്ചും ആവശ്യം ഇല്ലാതെ വഴക്ക് പറഞ്ഞും വേദനിപ്പിച്ചിട്ടെ ഉള്ളു… പക്ഷെ ഒരിക്കൽ പോലും അവൾ തിരിച്ചെന്നെ അടിക്കാനോ വഴക്കിടാനോ വരാത്തത് അത്ഭുതത്തേക്കാളേറെ സന്തോഷം ആയിരുന്നു എനിക്ക്….. അത് ഞാൻ മുതലെടുക്കുകയും ചെയ്തു…

ഞങ്ങൾ രണ്ടുപേരും സ്കൂളിൽ പോകുന്നത് ഒരുമിച്ചാണെങ്കിലും ഞാൻ അവളെ അധികം മൈൻഡ് ചെയ്യാറില്ലായിരുന്നു…

ഏട്ടാ ഏട്ടാ എന്ന് പുറകെ വിളിച്ചു കുഞ്ഞിക്കാലുകൾ കൊണ്ട് ഓടി വരുമ്പോൾ ഞാൻ എന്റെ നടത്തത്തിനു വേഗത കൂട്ടും… എന്റെ ഒപ്പം എത്താൻ അവളേക്കാൾ വലിയ ബായ്ഗും കൈയിൽ പിടിച്ചുകൊണ്ട് പുറകെ ഓടി വരും…

അവൾ എന്റെ ഒപ്പം എത്താതിരിക്കാൻ അതിനേക്കാൾ വേഗതയിൽ ഞാൻ ഓടും..

അവളുടെ വിചാരം ഞാൻ അവളെ കളിപ്പിക്കുന്നതാണെന്നാണ്… പക്ഷെ അവൾക്കറിയില്ലല്ലോ എനിക്ക് അവളിൽ നിന്ന് അകന്നു മാറാൻ ആണ് ഇങ്ങനെ ചെയ്യുന്നതെന്ന്…

ഞാൻ അവളെ തിരിഞ്ഞു നോക്കി ഒരു പുച്ഛചിരി ചിരിക്കും…

മലയാളം പാഠപുസ്തകത്തിൽ ഒരു കഥ ഉണ്ടായിരുന്നു എനിക്ക് പഠിക്കാൻ… വിദേശ വാസം കഴിഞ്ഞെത്തിയ അച്ഛന്റെ കൂടെ ഒരു അഞ്ചാറ് വയസ് പ്രായം വരുന്ന ഒരു സിംഹള പെൺകുട്ടി കൂടി ഉണ്ടായിരുന്നു.. വീട്ടിൽ ഉള്ളവരും നാട്ടുകാരും എല്ലാവരും അത് അദേഹത്തിന്റെ മകൾ തന്നെ ആണെന്ന് വിശ്വസിച്ചു..

ഈ കഥ ടീച്ചർ പഠിപ്പിച്ചു കഴിഞ്ഞപ്പോൾ ഞാനും വിശ്വസിച്ചു… എന്റെ പെങ്ങളെ എവിടെ നിന്നോ വാങ്ങിയതാണെന്ന്… എനിക്ക് അങ്ങനെ വിശ്വസിക്കാൻ ആയിരുന്നു ഇഷ്ടവും….

മൗനമായി എല്ലാരും പാഠഭാഗം വായിക്കാൻ ടീച്ചർ പറഞ്ഞപ്പോൾ ഞാൻ പ്രതികാരഭാവത്തോടെ വീണ്ടും വീണ്ടും ആ കഥ വായിച്ചു കൊണ്ടിരുന്നു…

ഒരു ദിവസം ഞാൻ അമ്മയോട് ഇവളെ എവിടെ നിന്നെങ്കിലും വാങ്ങിയതാണോ എന്ന് ചോദിച്ചപ്പോൾ അടുക്കളയിൽ നിന്ന അമ്മ തവിയും കൊണ്ട് എന്നെ തല്ലാൻ വന്നു… ഞാൻ ഭാഗ്യത്തിന് ഓടി രക്ഷപ്പെട്ടതാണ്… ഇല്ലെങ്കിൽ അമ്മയുടെ കൈയിൽ ഇരുന്ന തവി കൊണ്ട് ഒരേറ് എങ്കിലും കിട്ടുമായിരുന്നു…. അന്ന് എന്റെ സംശയം മാറി…

അവൾ എന്റെ കൂടപ്പിറപ്പ് തന്നെ എന്നെനിക്ക് ബോധ്യമായി… പക്ഷെ അവളോടുള്ള എന്റെ സമീപനത്തിൽ ഒരു മാറ്റവും വന്നില്ല….

പ്ലസ്ടുവിലെത്തിയപ്പോൾ ഞാൻ ബോയ്സ് സ്കൂളിലേക്ക് മാറി.. അവളെ എന്റെ സ്കൂളിന് തൊട്ട് അടുത്തുള്ള ഗേൾസ് സ്കൂളിലേക്കും മാറ്റി..

എന്റെ കസിൻസും അവളുടെ ഒപ്പം തന്നെ ഒരേ ക്ലാസ്സിൽ ആണ് പഠിച്ചിരുന്നത്…

പ്രൈവറ്റ് ബസിൽ ആണ് ഞങ്ങൾ എല്ലാവരും സ്കൂളിലേക്ക് പൊയ്കൊണ്ടിരുന്നത്..

ബസ് കേറാൻ നിൽക്കുമ്പോൾ അവൾ എന്നെ നോക്കിക്കൊണ്ട് കൂട്ടുകാരോട് പറയുന്നത് കേൾക്കാം എന്റെ ഏട്ടനാണ് ആ നിൽക്കുന്നതെന്ന്…

ഞാൻ അവൾ പറയുന്നത് കേട്ടെങ്കിലും മൈൻഡ് ചെയ്യാതെ ജാഡയിട്ടു നിൽക്കും…

ചിലപ്പോൾ ബസ് വരാൻ വൈകുമ്പോൾ മനപ്പൂർവം കസിൻസിനോട് മാത്രം സംസാരിച്ചു നിൽക്കും…

അവർക്കൊപ്പം കളിയും ചിരിയുമായി തകർക്കുമ്പോഴും അവളെ പാടെ അവഗണിക്കും…

അപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് കാണാം… അത് കാണുമ്പോൾ ഒരുതരം പുച്ഛ ചിരി ചിരിച്ചു കൊണ്ട് ബസ് വരുന്നതും കാത്ത് അവർക്കൊപ്പം നിൽക്കും..

അവൾ കേറുന്ന ബസിൽ പരമാവധി കേറാതിരിക്കാൻ നോക്കും… പിന്നെ സമയം ഒത്തിരി വൈകി എന്നു തോന്നുമ്പോൾ വേറെ വഴിയില്ലാതെ ആ ബസിൽ തന്നെ കേറി സ്കൂളിലേക്ക് പോകും ..

ഒരിക്കൽ അവൾ കൺസെഷൻ കാർഡ് എടുക്കാൻ മറന്നുപോയി എന്ന് തോന്നുന്നു…

എങ്കിലും ബായ്ഗ് മുഴുവൻ പരതി നോക്കുന്നുണ്ട്… അവളുടെ കൈയിൽ ആണെങ്കിൽ ഫുൾ ടിക്കറ്റ് എടുക്കാൻ ഉള്ള പൈസയും ഇല്ലായിരുന്നു ….

കണ്ടക്ടർ അടുത്തു നിന്ന് അവളെ വഴക്കു പറയുന്നുമുണ്ട്..

“രാവിലെ തന്നെ ഇറങ്ങിക്കോളും.. സ്കൂളിലേക്ക് ആണെന്നും പറഞ്ഞ്.. കൈയിൽ പൈസ ഇല്ലെങ്കിൽ എന്തിനാ കൊച്ചേ ബസിനകത്ത് വലിഞ്ഞു കേറുന്നത്…”

കണ്ടക്ടറുടെ ദേഷ്യത്തോടെയുള്ള സംസാരം കേട്ട് ബസിലിരുന്ന എല്ലാവരുടെയും നോട്ടം അവളിലേക്ക് എത്തുന്നുണ്ടായിരുന്നു… എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി എന്താ കാര്യം എന്നു ചോദിക്കുന്നുണ്ട്..

എന്റെ കൂട്ടുകാരിൽ ഒരാൾ എന്നോട് പറഞ്ഞു…

“ഡാ.. അർജുൻ നിന്റെ പെങ്ങളെ അല്ലെ ആ കണ്ടക്ടർ വഴക്ക് പറയുന്നത്… എന്താണെന്ന് ചെന്ന് ചോദിക്കെടാ… ”

“നിനക്ക് വേറെ പണിയില്ലേ… നീ ഒന്ന് മിണ്ടാതിരിക്ക് രാഹുൽ… അവൾ എന്താണെന്ന് വെച്ചാൽ ചെയ്തോളും…” ഞാൻ വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു….

“ഡാ.. നീ ഒരു ബ്രദർ ആണോടാ… ”

അവനിലെ സഹോദരൻ ഉണർന്നു…

“എന്നാൽ നിനക്ക് അത്ര വിഷമം തോന്നുന്നെങ്കിൽ നീ ചെന്ന് അന്വേഷിക്കുകയോ അവളെ സഹായിക്കുകയോ ചെയ്യടാ…”

ഞാൻ ദേഷ്യത്തോടെ പറഞ്ഞു…

“ഞാൻ ചെന്ന് സഹായിക്കുമെടാ… ഒരു പെങ്ങൾ ഇല്ലാത്തതിന്റെ വിഷമം നിനക്ക് അറിയില്ല..”

എന്നും പറഞ്ഞ് അവൻ അവളുടെ അടുത്തേക്ക് പതിയെ നടന്നു…

അവൻ ചെന്ന് അവളോട് കാര്യം തിരക്കിയപ്പോൾ പോയതിനെക്കാൾ സ്പീഡിൽ അവൻ തിരിച്ചെത്തി…

കാരണം അവൻ തന്നെ ഞങ്ങളെ മണിയടിച്ചാണ് ബസിൽ എസ്.ടി. എടുക്കുന്നത്… അവൾക്ക് ഫുൾ ടിക്കറ്റ് കൊടുക്കാൻ ഉള്ള പൈസയൊന്നും അവന്റെ കയ്യിൽ ഇല്ലായിരുന്നു…

പക്ഷെ ഞങ്ങൾ ആരും കാണാതെ എന്റെ ചങ്ക് ഫ്രണ്ട് പ്രണവ് അവൾക്ക് വേണ്ടി ഫുൾ ടിക്കറ്റ് എടുത്തത് ഞാനോ അവളോ ആരും തന്നെ അറിഞ്ഞില്ല….. കൂടാതെ വൈകിട്ട് തിരിച്ചു വരാൻ വേണ്ടി ഫുൾ ടിക്കറ്റിനുള്ള പൈസയും അവളുടെ ബായ്ഗിൽ എങ്ങനെയോ അവൻ വെച്ചു കൊടുക്കുകയും ചെയ്തു…

ഏട്ടാ താങ്ക് യൂ… എന്നും പറഞ്ഞു വൈകുന്നേരം ബസ് ഇറങ്ങിയപ്പോൾ എന്നോട് വന്ന് അവൾ പറഞ്ഞു…

എനിക്കൊന്നും മനസിലായില്ല…

എങ്കിലും അത്യാവശ്യം ദേഷ്യത്തോടെ ഞാൻ പറഞ്ഞു.. ”

“പോടി… നിന്റെ ഒരു താങ്ക് യൂ… അവിടെയും ഇവിടെയും വായിനോക്കി നിൽക്കാതെ വീട്ടിൽ പോകാൻ നോക്കെടി….” എന്നും പറഞ്ഞു ഞാൻ മുൻപോട്ട് നടന്നു…

ഞാൻ കാണാതെ പ്രണവ് അവളെ നോക്കി കണ്ണു ചിമ്മി കാണിച്ചത് ഞാൻ അറിഞ്ഞില്ല…

ഒരിക്കൽ സന്ധ്യാസമയം കൊയ്ത്തു കഴിഞ്ഞ പാടത്ത് നിന്ന് ക്രിക്കറ്റ് കളിയും കഴിഞ്ഞു ച്യുയിങ്ഗവും വായിലിട്ട് രസിച്ചു കഴിച്ചുകൊണ്ടു വരുന്ന എന്നെ കണ്ടപ്പോൾ അവൾ ചോദിച്ചു

“ഏട്ടൻ എന്താ കഴിക്കുന്നെ… ”

ച്യൂയിങ്ഗം വായിൽ ഇട്ട് ചവച്ചു കൊണ്ടിരുന്ന ഞാൻ ജാഡയിട്ടു പറഞ്ഞു

“അത്…. ഞങ്ങൾ ക്രിക്കറ്റ് പ്ലെയേഴ്‌സ് കളിക്കിടയിൽ ഒരു രസത്തിന് കഴിക്കുന്ന ഒരു സാധനം ആണ്… ”

“എന്ത് സാധനം….”

“ച്യൂയിങ്ഗം.. “ഞാൻ വലിയ ജാഡയിട്ടു പറഞ്ഞു…

“ഏട്ടാ എനിക്കും തരുവോ… ച്യൂയിങ്ഗം”

“പോടി… ഇത് കൊച്ചുപിള്ളേർ ഒന്നും കഴിക്കാൻ പാടില്ല… ഞങ്ങളെ പോലെ ക്രിക്കറ്റ് പ്ലെയേഴ്‌സ് മാത്രേ ഇത് കഴിക്കാൻ പാടുള്ളൂ….”

ഞാൻ ജാഡ മോഡിൽ തന്നെ പറഞ്ഞു…

“പ്ളീസ് ഏട്ടാ…” എന്നും പറഞ്ഞു അവൾ എന്റെ പുറകെ കൂടി…

അന്നെന്തോ എനിക്ക് അവളോട് അധികം ദേഷ്യപ്പെടാൻ ഒന്നും തോന്നിയില്ല… കാരണം അന്നത്തെ മാച്ചിൽ ഞങ്ങളുടെ ടീം ആയിരുന്നു ജയിച്ചത്..

ആ ഒരു സന്തോഷം മനസിൽ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഉടനെ മണിക്കൂറുകളോളം വായിൽ ഇട്ട് ചവച്ചു കൊണ്ടിരുന്ന ച്യുയിങ്ഗം എടുത്ത് അവൾക്ക് നേരെ നീട്ടി..

പെട്ടെന്ന് തന്നെ ഞാൻ കൈ പിൻവലിച്ചുകൊണ്ട് ഇപ്പോൾ വരാം എന്നും പറഞ്ഞ് നേരെ അടുക്കളയിലേക്ക് ഓടി…

അവൾ കാണാതെ കുറച്ചു പഞ്ചസാര എടുത്തു അതിൽ വെച്ചു ചെറിയ ബോൾ ആക്കി നേരെ അവൾക്ക് കൊണ്ടുപോയി കൊടുത്തു..

ഇപ്പോൾ കണ്ടാൽ വെളുത്ത ച്യുയിങ്ഗം ആണെന്നെ തോന്നു… അവൾ വേഗം അത് വായിൽ ഇട്ടു…

അവൾ എന്നെ നോക്കി സന്തോഷത്തോടെ പറഞ്ഞു..

“ഏട്ടാ… ഇതിന് നല്ല ടേസ്റ്റ് ഉണ്ട്… ”

അതിന് മറുപടിയായി ഞാൻ ഒരുതരം പുച്ഛത്തോടെ അവളെ നോക്കിയിട്ട് കൈ മലർത്തിക്കൊണ്ട് മനസിൽ പറഞ്ഞു…

“എന്തോന്നെടെ ഇത്….” എന്നും പറഞ്ഞ് അകത്തേക്ക് കേറി…

തേൻ മിഠായിയും ഐസ്ക്രീമും ഒക്കെ അവളുടെ മുൻപിൽ വെച്ചു തന്നെ വാങ്ങി കഴിച്ചു അവളെ കൊതി പിടിപ്പിക്കാറുണ്ട്… അവൾ അന്നേരം ഒരു കുറുമ്പോടെ നോക്കിനിൽക്കും… ചിലപ്പോൾ ദയനീയതയോടെ…. ഞാൻ പക്ഷെ അതൊന്നും മൈൻഡ് ചെയ്യാതെ നിൽക്കും…

ഒരിക്കൽ സ്കൂൾ ബസ് സ്റ്റോപ്പിൽ വെച്ച് അവളേയും കൂട്ടുകാരേയും ഞങ്ങളുടെ സ്കൂളിലെ കുറച്ചു പയ്യന്മാർ ശല്യം ചെയ്യു‌ന്നുണ്ടായിരുന്നു…

ഞാൻ അത് കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ നിന്നു…

അവളുടെ നോട്ടം പലപ്പോഴായി എന്നിലേക്ക് വീഴുന്നതറിഞ്ഞിട്ടും ഞാൻ അത് ശ്രദ്ധിക്കാതെ നിന്നു…

അവസാനം അവൾ ആ പയ്യനെ അടിക്കുന്നതാണ് കണ്ടത്…

ഞാൻ അതിനെ കുറിച്ചൊന്നും ചോദിക്കാൻ പോയില്ല…

ആ പ്രശ്നം അവിടെ കൊണ്ട് തീർന്നു എന്നാണ് കരുതിയത്.. പക്ഷെ ഒരിക്കൽ ആ പയ്യനും കൂട്ടുകാരും അവളെ വളയുന്നത് കണ്ടപ്പോൾ പ്രണവ് അവരുടെ അടുത്തേക്ക് പോകാൻ ഒരുങ്ങി…

ഞാൻ വേഗം അവനെ തടഞ്ഞുകൊണ്ട് നേരെ അവരുടെ അടുത്തേക്ക് ചെന്നു. ..

അവളോട് അപമര്യാദയായി പെരുമാറാൻ പോകുന്നത് കണ്ടപ്പോൾ ആണ് ഞാൻ ആദ്യമായി അവരുടെ ഇടയിലേക്ക് ഇടപെട്ടത്..

“നീ ആരാ ചോദിക്കാൻ..” എന്നും പറഞ്ഞു എന്റെ അടുത്തേക്ക് ഒരുത്തൻ നീങ്ങിയപ്പോൾ ഞാൻ അവളെ ചൂണ്ടിക്കൊണ്ട് പറഞ്ഞു ഞാൻ ആ നിൽക്കുന്നവളുടെ ആങ്ങള ആണെന്ന്…

പിന്നെ പൊരിഞ്ഞ അടി ആയിരുന്നു…

അവളെയും ചേർത്തു പിടിച്ചുകൊണ്ട് നടന്നപ്പോൾ അവളുടെ കണ്ണിൽ നിന്നും ആനന്ദ കണ്ണീർ പൊഴിയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

ഭാഗ്യം കൊണ്ട് സ്കൂളിൽ ഈ ‘അടിപിടി’ പ്രശ്‌നം അത്ര വലിയ വിഷയം ആയില്ല…

അവൾ പിന്നീട് എന്റെ അടുത്തു കൊഞ്ചിക്കൊണ്ട് കൂടാൻ നോക്കുമ്പോൾ ഒക്കെ ഞാൻ പഴയത് പോലെ കണ്ണുരുട്ടി ദേഷ്യപ്പെടും….

എന്നിട്ടും അവൾ പിന്മാറിയില്ല… ഏട്ടാ ഏട്ടാ എന്നും വിളിച്ചു പുറകെ തന്നെ കൂടി…

എന്താണെന്ന് അറിയില്ല പിന്നീട് അവളോടുള്ള എന്റെ സമീപനത്തിൽ എന്നിൽ ചെറുതായി മാറ്റങ്ങൾ വരുന്നത് ഞാൻ അറിഞ്ഞു.. അവളോട് ചെറിയ ഇഷ്ട്ടം ഒക്കെ തോന്നി തുടങ്ങി …. അവളെ മറ്റാരും നോക്കുന്നത് പോലും എനിക്ക് ഇഷ്ടം അല്ലായിരുന്നു…

അവളെ ഞാൻ എത്ര മാത്രം സ്നേഹിക്കുണ്ടെന്ന് അവൾ ബാംഗ്ലൂർ എൻജിനീയറിങ് പഠിക്കാൻ പോയപ്പോൾ ആണ് എനിക്ക് മനസിലായത്…

അവളുടെ കുറുമ്പുകളും കുസൃതികളും ഒക്കെ എല്ലാർക്കും ഇഷ്ടമായിരുന്നു… ഞാൻ ഒഴികെ…

പക്ഷെ പിന്നീട് ഞാൻ അതൊക്കെ കൂടുതൽ മിസ് ചെയ്യാൻ തുടങ്ങി…

അവളെ ട്രെയിൻ കയറ്റി വിടുമ്പോൾ അറിയാതെ മിഴികൾ നിറയുന്നുണ്ടായിരുന്നു…

ട്രെയിൻ വിടുന്നതിനു മുൻപ് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് കരഞ്ഞുകൊണ്ട് പറഞ്ഞു മിസ് യു ഏട്ടാ എന്ന്….

ഞാൻ എത്ര ഒക്കെ വേദനിപ്പിച്ചിട്ടും അവൾ അതിനേക്കാൾ ഇരട്ടിയായി എന്നെ സ്നേഹിച്ചിട്ടെ ഉള്ളു… ഞാൻ അത് മനസിലാക്കാൻ വൈകി…

പിന്നീട് അവളുടെ ഫോൺ കോളുകൾക്ക് വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു… എല്ലാ ആഴ്ചാവസാനവും ഹോസ്റ്റലിലേക്ക് വിളിക്കാൻ തിടുക്കം കൂട്ടുന്നത് ഞാൻ തന്നെ ആയിരിക്കും…

പലപ്പോഴും ഫോൺ ഞാൻ അമ്മയുടെ കൈയിൽ നിന്ന് തട്ടി പറിച്ചു വാങ്ങുമ്പോൾ എന്നെ നോക്കിയിട്ട് അമ്മ പറയും ഈ ചെക്കനിതെന്ത് പറ്റി എന്ന്..

ഞാൻ അവളോട് നാട്ടിലെ വിശേഷങ്ങൾ വാ തോരാതെ സംസാരിക്കുമ്പോൾ അവൾ കോളേജിലെയും ഹോസ്റ്റലിലെയും കാര്യങ്ങൾ വാ തോരാതെ പറയും… അവസാനം അമ്മയോ അല്ലെങ്കിൽ അവളുടെ ഹോസ്റ്റലിൽ നിന്നോ വഴക്ക് പറയുമ്പോൾ ആയിരിക്കും ഞങ്ങൾ ഫോൺ വെക്കാറ്‌….

പഠിത്തമൊക്കെ കഴിഞ്ഞു അവൾ നാട്ടിലെത്തി…

അച്ഛനും അമ്മയും അവൾക്ക് വിവാഹാലോചന നടത്തി തുടങ്ങി… എനിക്ക് അവളെ ദൂരെ നാട്ടിലേക്ക് വിവാഹം കഴിപ്പിച്ചയക്കാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു…

ഒരിക്കൽ എന്റെ ചങ്ക് ഫ്രണ്ട് പ്രണവിനോട് എന്റെ മനസ്സിലെ കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു…

“ഡാ അഭിരാമിയെ ഞാൻ വിവാഹം ചെയ്തോട്ടെ.. ”

ഞാൻ അവനെ സംശയത്തോടെ നോക്കി…

അവൻ തുടർന്നു…

“ഡാ… അർജുൻ….അവൾക്കും എന്നെ ഇഷ്ട്ടമാണ്..”

“നീ എന്താടാ ഈ പറയുന്നേ…”

“അതേടാ സത്യം ആണ് ഞാൻ പറഞ്ഞത്.. നിന്റെ മനസിൽ എന്താണെന്ന് അറിയാത്തത് കൊണ്ടാ ഞാൻ എല്ലാം നിന്നിൽ നിന്നും ഒളിച്ചു വെച്ചത്…

ഇന്നോ ഇന്നലെയോ തുടങ്ങിയ ഇഷ്ട്ടം അല്ലെടാ…

സ്കൂൾ കാലം തൊട്ട് തുടങ്ങിയ ഇഷ്ടം ആണ്…

എന്റെ ഇഷ്ട്ടം അവളോട് ഞാൻ തുറന്നു പറഞ്ഞപ്പോൾ അവൾ എന്താ പറഞ്ഞതെന്ന് നിനക്ക് അറിയുമോ അവളുടെ ഏട്ടൻ ഇഷ്ട്ടപ്പെടുന്ന ആളെയെ അവൾ വിവാഹം ചെയ്യുള്ളു എന്ന്…

ഈ ഒരു കാരണം പറഞ്ഞ് നമ്മുടെ ഫ്രണ്ട്ഷിപ്പ് തകരരുത് എന്ന്…

അവൾക്ക് പണ്ടേ നിന്നെ കുറിച്ചു പറയുമ്പോൾ നൂറു നാവാണ് ..

അവളുടെ അഭിമാനം ആണ് നീ എന്നാണ് അവൾ എല്ലാരോടും പറയാറ്… അവൾക്ക് എല്ലാത്തിനും വലുത് അവളുടെ ഏട്ടൻ ആണെന്ന്..”

അവൻ പറയുന്നതൊക്കെ കേട്ടപ്പോൾ മൗനമായി നിന്ന് കണ്ണുനീർ പൊഴിച്ചതല്ലാതെ ഒന്നും എനിക്ക് പറയാൻ കഴിഞ്ഞില്ല… ഞാൻ വേഗം അവനെ കെട്ടിപിടിച്ചു കൊണ്ട് എന്തൊക്കെയോ സ്ഥലകാലബോധം ഇല്ലാതെ പിറുപിറുത്തു….

“എന്റെ പെങ്ങളെ നിനക്ക് തന്നെ ഞാൻ വിവാഹം ചെയ്തു തരും..” എന്ന് അവന് ഞാൻ വാക്കും കൊടുത്തു കൊണ്ടാണ് നേരെ വീട്ടിലേക്ക് തിരിച്ചത്…

നേരെ അച്ഛനോടും അമ്മയോടും ചെന്നു കാര്യങ്ങൾ അവതരിപ്പിച്ചു… ആർക്കും എതിർപ്പ് ഇല്ലായിരുന്നു എന്നത് എന്റെ സന്തോഷം ഇരട്ടിയാക്കി….

വിവാഹദിവസം അവളെ പ്രണവിന്റെ ഒപ്പം പറഞ്ഞയക്കുമ്പോൾ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകുന്നുണ്ടായിരുന്നു …

ഞാൻ അവയെ തടഞ്ഞില്ല….

കാരണം അത് അവളോടുള്ള എന്റെ സ്നേഹം ആയിരുന്നു കണ്ണുനീർ ആയി പുറത്തേക്ക് വന്നത്…

ഏട്ടാ എന്നും പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞവളെ ഒരുവിധത്തിൽ കാറിലേക്ക് ഇരുത്തിയിട്ട് പറഞ്ഞു..

“ദൂരേക്ക് ഒന്നും അല്ലല്ലോടി കുഞ്ഞി നീ പോവുന്നെ… ഉറക്കെ വിളിച്ചാൽ വിളി കേൾക്കുന്ന അത്ര ദൂരമല്ലേ ഉള്ളു പ്രണവിന്റെയും നമ്മുടെയും വീടും തമ്മിൽ…

പിന്നെ… നീ മറ്റൊരു വീട്ടിലേക്ക് പോകുവാണെന്ന് വെച്ച് ഈ മനസിൽ നിന്നും ഒരിക്കലും നീ പോവില്ലെടി പെണ്ണേ….” എന്നും പറഞ്ഞ് നിറഞ്ഞ മിഴികളാൽ പുഞ്ചിരിക്കുന്ന എന്റെ മുഖം കണ്ടപ്പോൾ അവളും കണ്ണുകൾ നിറച്ചുകൊണ്ട് ആ ചിരിയിൽ പങ്കുചേർന്നു ..

അവളുടെ വിവാഹം കഴിഞ്ഞ അന്ന് രാത്രി ഞാനും അച്ഛനും അമ്മയും ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു.. ഇന്നലെ അവൾക്ക് ഞാൻ ഫുഡ് വാരികൊടുത്തത് ഓർത്തപ്പോൾ മിഴിനീർകണങ്ങളെ പിടിച്ചു വെക്കാൻ ആയില്ല…

ഞാൻ പെട്ടെന്ന് തന്നെ ബൈക്കിന്റെ കീയും എടുത്ത് കൊണ്ട് ഇറങ്ങി നേരെ അവളുടെ അടുത്തേക്ക് പോകാൻ ആയി ഒരുങ്ങി വാതിൽ തുറന്നപ്പോൾ കണ്ണും നിറച്ചുകൊണ്ട് നിൽക്കുന്നു അവളും ഒപ്പം പ്രണവും..

“ഒരു സ്വര്യവും തരുന്നില്ലെടാ… നിന്നെ കാണണമെന്നും പറഞ്ഞു ഭയങ്കര കരച്ചിൽ ആയിരുന്നു ഇത് വരെ… അതാ ഞാൻ പെട്ടെന്ന് ഇവളെയും കൊണ്ട് ഇങ്ങോട്ട് വന്നത്…”

പ്രണവ് പറഞ്ഞത് കേട്ടപ്പോൾ ഞാൻ അവളെ ചേർത്തു പിടിച്ചു നെറുകയിൽ മുത്തം കൊടുത്തു…

പെണ്ണിന്റെ കണ്ണുകളിൽ ഇതു വരെ കാണാത്ത തിളക്കം ഞാൻ അന്ന് കണ്ടു..

“കല്യാണം കഴിഞ്ഞിട്ട് ഇത്ര നാളായെങ്കിലും അവൾക്ക് നീ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു…”

എന്ന് പ്രണവ് എന്നോട് പറയുമ്പോൾ അഭിമാനം ആയിരുന്നു എനിക്ക്…

അവളെ പോലൊരു അനിയത്തിയുടെ ഏട്ടൻ ആയി പിറന്നതിൽ…

എന്റെ സ്വാർത്ഥത തന്നെ ആയിരുന്നു പ്രണവ് ആയുള്ള അവളുടെ വിവാഹം..

ഒന്ന് അവൾ വിവാഹം കഴിഞ്ഞ് തൊട്ട് അടുത്ത് ഉണ്ടാകുമല്ലോ എന്നൊരു സന്തോഷം…

രണ്ട്.. പ്രണവിന് എന്റെയും അവളുടെയും മനസ് നന്നായി അറിയാം… അതുകൊണ്ട് ഞങ്ങളുടെ ഈ സ്നേഹത്തിനിടയിൽ അവനൊരിക്കലും കുശുമ്പോ അസൂയയോ ഒന്നും കാണിക്കില്ല എന്നത്…

അറിവില്ലാത്ത എന്റെ ബാല്യ കൗമാരങ്ങളിൽ ഞാൻ അവൾക്ക് ഒരിക്കലും ഒരു ഏട്ടന്റേതായ സ്നേഹമോ വാത്സല്യമോ ഒന്നുംതന്നെ നൽകിയിട്ടില്ല…

പക്ഷെ അതിന് പകരമായി അന്ന് കൊടുക്കാൻ പറ്റാത്തതിനേക്കാൾ നൂറിരട്ടി ആയി ഞാൻ ഇപ്പോൾ അവളെ സ്നേഹിക്കുന്നുണ്ട്… തിരിച്ച് അവൾ എന്നെയും…

അവൾ പ്രെഗ്നൻറ് ആണെന്ന് ആദ്യം വിളിച്ചു പറയുന്നത് എന്നോടാണ്..

എന്റെ നിർബന്ധപ്രകാരം അവളെ മൂന്നാം മാസത്തിൽ തന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നു…

അവളെ പരിചരിക്കേണ്ട ഉത്തരവാദിത്തം മുഴുവൻ ഞാൻ ഏറ്റെടുത്തു…

ഒൻപതാം മാസത്തിൽ അവളെ ചെക്കപ്പിന് കൊണ്ട് പോയത് ഞാൻ ആയിരുന്നു… അവിടെ വെച്ച് പെട്ടെന്ന് അവൾക്ക് പെയിൻ വന്നു ലേബർ റൂമിലേക്ക് കയറ്റി…

കുറച്ചു സമയം കഴിഞ്ഞ് ലേബർ റൂമിൽ നിന്നും ഒരു നഴ്‌സ് അവളെ പോലെ തന്നെ ഒരു കുട്ടിക്കുറുമ്പിയെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ഏറ്റു വാങ്ങിയതും എന്റെ ഈ കൈകൾ തന്നെ ആയിരുന്നു…

കുഞ്ഞിന് പേര് സെലക്ട് ചെയ്യാൻ എന്നോട് പറഞ്ഞതും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് പേര് കുഞ്ഞിന്റെ ചെവിയിൽ ചെല്ലാൻ പറഞ്ഞതും അവൾ തന്നെ….

അതേ… അവൾ എന്റെ കുഞ്ഞിപെങ്ങൾ…

വഴക്കും അടിയും കൂടുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ അവളോടുള്ള സ്നേഹവും കരുതലും മാത്രം…

പെങ്ങളൂട്ടി അവൾ ഒരു സംഭവം തന്നെയാ…

സ്നേഹം കൊണ്ട് മാത്രം തോല്പിക്കുന്നവൾ….

അവളുടെ സ്നേഹത്തിന് മുൻപിൽ ഞാൻ എന്നും തോറ്റ് പോയിട്ടെ ഉള്ളു…

എന്റെ സ്വകാര്യ അഹങ്കാരം ത‌ന്നെയാണ് എന്റെ പെങ്ങളൂട്ടി എന്ന് ഞാൻ വാട്‌സ് ആപ്പിലും എഫ്.ബി.യിലും സ്റ്റാറ്റസ് ഇട്ടപ്പോൾ അവളുടെ കുഞ്ഞ് എന്റെ കൈയിൽ ഇരുന്ന് കുഞ്ഞി പല്ലുകൾ കാണിച്ചു ചിരിക്കുന്നുണ്ടായിരുന്നു…

“നീ ചിരിക്കണ്ടടി കള്ളിപ്പെണ്ണേ… നിന്റെ അമ്മക്കിളി ആ…. കുട്ടിക്കുറുമ്പിടെ കാര്യം തന്നെയാ ഞാൻ മനസ്സിൽ ഉദ്ദേശിച്ചത്….”

എന്ന് പറയുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു…

അപ്പോഴേക്കും അവളും പ്രണവും വീട്ടിൽ എത്തിയിരുന്നു…

കാറിൽ നിന്ന് ഇറങ്ങിയ ഉടനെ “ഹാപ്പി ബർത്ഡേ ഏട്ടാ..” എന്നും പറഞ്ഞ് ഒരു കേക്കും കൈയിൽ പിടിച്ചു കൊണ്ട് ഓടി എന്റെ അടുത്തേക്ക് വന്ന് കവിളിൽ കുറെ മുത്തം തരുന്നവളെ കണ്ണിമ ചിമ്മാതെ ഞാൻ നോക്കി നിന്നു….

”’അതേ… ഇത് പോലെ ഒരു പെങ്ങളൂട്ടി ഉണ്ടെങ്കിൽ ഒരാങ്ങളയുടെ സ്വകാര്യ അഹങ്കാരം തന്നെ ആണ് അവൾ… പെങ്ങൾ ഇഷ്ട്ടം….”’

ഞാൻ എഫ്.ബി യിൽ ഈ വരികൾ അപ്‌ലോഡ് ചെയ്തു.. ഒപ്പം അവളും ഞാനും കൂടെ നിൽക്കുന്ന ഒരു ഫോട്ടോയും….

ആ ഫോട്ടോക്ക് താഴെ നിറയെ ലൈക്കും കമന്റും വരുമ്പോൾ എന്റെ പെങ്ങളൂട്ടി എന്നെ സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു….

NB: ഇടക്കിടക്ക് പരസ്പരം അടിയിട്ടും വഴക്കുണ്ടാക്കിയും അതിനേക്കാൾ നൂറു മടങ്ങ് സ്നേഹിക്കുകയും ചെയ്യുന്ന എല്ലാ സഹോദരങ്ങൾക്ക് വേണ്ടിയും ഞാൻ ഈ കഥ സമർപ്പിക്കുന്നു…

ചേട്ടായി ഇഷ്ട്ടം…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Vidya Gopinath