എൻ്റെ കൂടെ വന്നാൽ നിന്നെ റാണിയെ പോലെ ഞാൻ വാഴിക്കും…നീ ഇനിയെങ്കിലും ഒന്ന് മനസ്സിലാക്ക്

രചന : ദിവ്യ കശ്യപ്

കവലയിൽ ബസ്സിറങ്ങി വാച്ചിൽ നോക്കിയപ്പോൾ മണി എട്ട് കഴിഞ്ഞിരുന്നു…ഇനി ഒരു ഒരു കിലോമീറ്റർ കൂടി നടക്കണം വീടെത്താൻ…വീട്ടിൽ ഇറയത്ത് തന്നെ കാത്തിരിക്കുന്ന ഏട്ടനെയും ഒന്നര വയസുകാരി കുഞ്ഞിമോളെയും ഓർത്തപ്പോൾ അവള് ആഞ്ഞ് വലിച്ചു നടന്നു…

നാട്ടു റോഡാണ്…അധികം ആൾക്കാരോന്നും ഇല്ല റോഡിൽ..ഇടക്കിടക്ക് ചെറിയ വെളിച്ചം മിന്നിച്ച് കൊണ്ട് പോകുന്ന ബൈക്കുകൾ ഒഴിച്ചാൽ…

ഒരു വളവ് തിരിയുന്നിടത്ത് എത്തിയപ്പോൾ ഒരു കാർ നിർത്തിയിട്ടിരിക്കുന്നു…

ഒരു നീല കാർ…പരിചയമുള്ളത് പോലെയല്ലോ എന്നോർത്തപ്പോഴേക്കും കാർ തുറന്നു ഒരാള് വേഗം മുന്നിൽ കയറി നിന്നു…

അവളുടെ കണ്ണ് മിഴിഞ്ഞ് പോയി…

“ഈശ്വരാ….ചന്ദ്രമോഹൻ സർ….”

അയാളെ കടന്ന് വേഗം പോകാനാഞ്ഞതും കയ്യിലൊരു പിടുത്തം വീണു…

“നീലിമ…പ്ലീസ്…”

“എന്താ സാറിന് വേണ്ടത്…എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞതാണ്…എന്നെ ഉപദ്രവിക്കരുത്..”

അവള് കൈകൾ വിടുവിക്കാൻ ഒരു ശ്രമം നടത്തിക്കൊണ്ട് പറഞ്ഞു…

പക്ഷേ അയാൾ കൈ വിട്ടില്ല…

“നീയെന്തിന് ഈ നരകത്തിൽ കിടന്ന് ബുദ്ധിമുട്ടണം…ഒരു പെയിൻ്റ് പണിക്കാരന് ഇന്നത്തെ കാലത്ത് എന്ത് കിട്ടാനാണ്…എൻ്റെ കൂടെ വന്നാൽ നിന്നെ റാണിയെ പോലെ ഞാൻ വാഴിക്കും…നീ ഇനിയെങ്കിലും ഒന്ന് മനസ്സിലാക്ക് നീലിമ…”

“കൈ വിടെടോ…”

ഇത്തവണ അവളുടെ സ്വരം മുറുകിയിരുന്നു..

“താനെന്താ വിചാരിച്ചത്….തൻ്റെ പത്രാസും കാറും പണവും തൊലി വെളുപ്പും ഒക്കെ കണ്ടാൽ നീലിമ വീഴുമെന്നോ…താൻ വേറെ ആളെ നോക്കെടോ…ഇത്രയും നാളും ഞാൻ മിണ്ടാതിരുന്നത് താനെൻ്റെ മേലുദ്യോഗസ്ഥനായി പോയത് കൊണ്ട് മാത്രമാ…താൻ പറഞ്ഞ പെയിൻ്റ് പണിക്കാരൻ പണിയെടുത്ത് പഠിപ്പിച്ചിട്ടാടോ ഞാനിന്ന് സർക്കാർ ഉദ്യോഗസ്ഥയായി തൻ്റെ ഓഫീസിൽ ഇരിക്കുന്നത്…”

അവൾ കിതച്ചു പോയിരുന്നു അത്രയും പറഞ്ഞപ്പോഴേക്കും…

വേറെയും എന്തൊക്കെയോ പറയാനാഞ്ഞപ്പോൾ ഒച്ച കേട്ട് ആരൊക്കെയോ നടന്നടുക്കുന്നുണ്ടായിരുന്നു….

“എന്താ… എന്താ മോളെ പ്രശ്നം…”?

ഏതോ ഒരു ചേച്ചി ചോദിച്ചു…

മറുപടി പറയാതെ നീലിമ ചന്ദ്രമോഹനെ രൂക്ഷമായി നോക്കി…

അപ്പോഴേക്കും രംഗം പന്തിയല്ല എന്ന് മനസ്സിലാക്കി അയാള് കാറിൽ കയറി പോയിക്കഴിഞ്ഞിരുന്നു…

“”””പെണ്ണെന്നാൽ പേടിക്കേണ്ടവൾ അല്ല.. പെണ്ണെന്നാൽ പൊരുതേണ്ടവൾ ആണ്””””

മുന്നിലേക്ക് വീണ്ടും ആഞ്ഞ് നടക്കുമ്പോൾ നേരത്തെ കണ്ട ചേച്ചി അവിടെ നിന്നും പറയുന്നതവൾ കേട്ടു…

ഒരു ധൈര്യത്തിന് അങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു…കൈ കഴുത്തിൽ കിടക്കുന്ന താലിയിൽ മുറുകി…

*****************

പഠിപ്പിക്കാൻ കഴിവില്ലാത്തത് കൊണ്ടാണ് പഠിക്കുമായിരുന്നിട്ടും തുടർപഠനം നടക്കാതിരുന്നത്…

ചേച്ചിയുടെ കല്യാണത്തോടടുപ്പിച്ച് വീട് പെയിൻ്റടിക്കാൻ വന്നതായിരുന്നു സന്തോഷേട്ടൻ…

തിരിച്ച് പോകാൻ നേരം അച്ഛനോട് ഇളയകുട്ടിക്ക് കല്യാണം നോക്കുമ്പോൾ അറിയിക്കുമോ എന്ന് ചോദിച്ച് ഫോൺ നമ്പർ കൊടുത്തു…സ്ത്രീധനം ഒന്നും വേണ്ട.. കുട്ടിയെ മതി എന്നും ഏട്ടൻ പറഞ്ഞത് അച്ഛന് ആശ്വാസമായിരുന്നു…

രണ്ടു വർഷങ്ങൾക്ക് ശേഷം കല്യാണം കഴിഞ്ഞ് തുടർന്ന് പഠിപ്പിക്കാൻ ഏട്ടൻ ഒരുക്കമായിരുന്നെങ്കിലും…

ആളെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് മനസ്സിലാക്കി താൻ തന്നെയാണ് ഒരു റാങ്ക് ഫയൽ വാങ്ങി തന്നാൽ മതി വീട്ടിലിരുന്ന് ജോലിക്ക് വേണ്ടി പഠിച്ചുകൊള്ളാം എന്ന് പറഞ്ഞത്…പലപ്പോഴും പൈസക്ക് ആൾ ബുദ്ധിമുട്ടുന്നത് കണ്ട് സങ്കടം വന്നിട്ട് ഞാൻ തൊഴിലുറപ്പ് പണിക്ക് പോട്ടെ എന്ന് പോലും ചോദിച്ചിട്ടുണ്ട്… അന്നൊക്കെ നമുക്കും ഒരു നല്ല കാലം വരും എന്ന് പറഞ്ഞു ആൾ ആശ്വസിപ്പിക്കുമായിരുന്നു….

മൂന്നു കൊല്ലം തലയും കുത്തി കിടന്ന് പഠിച്ചിട്ട് കിട്ടിയ ജോലിയാണ്…കിട്ടിയപ്പോൾ കുറച്ച് ദൂരെ ആയിപോയി…താൻ പോയി വരുന്നത് വരെ കുഞ്ഞുമോളെയും നോക്കി … ചിലപ്പോഴോക്കെ മോളെ വടക്കേ വീട്ടിലെ ജാനുവമ്മയെ എൽപ്പിച്ചിട്ട് അടുത്ത് കിട്ടുന്ന പണിക്കും പോകുന്ന സന്തോഷെട്ടനെ ഓർത്ത് വീണ്ടും അവൾക്ക് കരച്ചില് വന്നു…

താലിയിൽ മുറുകി പിടിച്ച്…കുഞ്ഞി മോളുടെ പുഞ്ചിരി ഓർത്ത് സന്തോഷെട്ടൻ്റെ കണ്ണിലെ ആവലാതി ഓർത്ത് അവള് ആഞ്ഞ് വലിച്ചു നടന്നു…വീട്ടിലേക്ക്……

ലൈക്ക് കമൻ്റ് ചെയ്യണേ…..

രചന : ദിവ്യ കശ്യപ്