എനിക്ക് പേടിയാ ദേവു… എന്റെ ഉണ്ണിയെ പോലെ നീയും എന്നെ വിട്ട് പോകുവോ എന്ന് പേടിയാ..

രചന : ദേവ സൂര്യ

“ഇങ്ങനെ വലിച്ചു കേറ്റിയാൽ ഉള്ളിലുള്ളത് മുഴുവൻ പുകഞ്ഞു പോവും ന്റെ അച്ചുവേട്ടാ…”

ഉമ്മറത്തിണ്ണയിൽ ഇരുന്ന് പുക ആഞ്ഞു വലിക്കുമ്പോൾ ആണ് പിന്നിൽ നിന്ന് ഇത്തിരി ഗൗരവത്തോടെയുള്ള ശബ്‌ദം കേട്ടത്…മഞ്ഞ ദാവണി തുമ്പ് ഇടുപ്പിൽ തിരുകി കൈകൾ മാറിൽ പിണച്ചു കെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്നവളെ കണ്ടപ്പോൾ പുരികം ഒന്ന് ചുളിഞ്ഞു…

“”ഞാൻ എന്റെ ചങ്ക് പുകക്കുവോ കരിക്കുവോ ചെയ്യും അതിനെന്താടി നിനക്ക്??..കള്ളും കഞ്ചാവും വലിച്ചു നടക്കുന്നവരുടെ അടുത്തൊന്നും ഇങ്ങനെ വന്നു നിക്കരുത് എന്നറിയില്ലേ നിനക്ക്…??

“”ഓഹ് പിന്നെ ന്റെ വീട്ടിൽ ഞാൻ വരും പോവും..വാടകക്കാരൻ വാടകക്കാരന്റെ സ്ഥാനത്ത് നിന്നാൽ മതി…ന്നെ പഠിപ്പിക്കാൻ വരണ്ട…വല്യ കള്ളുകുടിയൻ വന്നേക്കുന്നു…””

ചുണ്ട് കോട്ടി അഴിച്ചിട്ട മുടി മാടിക്കെട്ടി ഉള്ളിലേക്ക് പോകുന്നവളെ അത്ഭുതത്തോടെ നോക്കി…

“”ഹൈസ്…ഇതെന്താ വല്ല ആക്രിക്കടയോ??..നാട്ടിലുള്ള സിഗ്രെറ്റ് പാക്കറ്റും കള്ളും കുപ്പിയും മൊത്തം ഉണ്ടല്ലോ ഇവിടെ…””

ഉള്ളിൽ നിന്ന് അടിച്ചു വാരുന്ന ശബ്‌ദത്തോടൊപ്പം ചീവീടിനെ പോലെ ചിലക്കുന്നത് കേൾക്കുമ്പോൾ മറ്റെവിടേക്കോ നോക്കി ഇരുന്നു….അൽപനേരം കഴിഞ്ഞതും കണ്ടു എല്ലാം അടിച്ചു വൃത്തിയാക്കി വരുന്നവളെ..ആകെ ക്ഷീണിച്ചിട്ടുണ്ട്…

വിയർപ്പ് തുള്ളികൾ മുഖത്ത് അങ്ങിങ്ങായി പറ്റി പിടിച്ചിരിക്കുന്നു…കണ്ണുകൾ തമ്മിൽ ഇടഞ്ഞതും നോട്ടം മാറ്റി പുറത്തേക്ക് നോക്കിയിരുന്നു…

“”അച്ചുവേട്ടാ….””

ആർദ്രമായ ആ സ്വരം കേട്ടതും നോക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല…ഗൗരവത്തോടെ ആ മുഖത്തേക്ക് ഒന്ന് നോക്കി…വന്നപ്പോൾ ഉള്ള ആ പ്രസരിപ്പ് മുഖത്തില്ല..കണ്ണുകൾ നിറഞ്ഞിരിക്കുന്നു…

“”കുടിക്കാതെ ഇരുന്നൂടെ അച്ചുവേട്ടാ…ഇങ്ങനെ സ്വയം നശിക്കാതെ ഇരുന്നൂടെ??…””

തന്റെ സംശയത്തോടുള്ള നോട്ടം കണ്ടിട്ടാണ് എന്ന് തോന്നുന്നു വിറയാർന്ന ശബ്ദത്തോടെ തന്നെ നോക്കി പറഞ്ഞു…

“”ദേവു നീയിപ്പോ ചെല്ലാൻ നോക്ക്…എല്ലാമറിയുന്ന നീ തന്നെ ഇത് പറയണം…എനിക്കിനി ഓർമകളിൽ നിന്നൊരു മോചനം ഉണ്ടാവില്ലായിരിക്കാം അതാവും ചിലപ്പോൾ…””

പാതിയിൽ നിർത്തി വേദനകലർന്ന പുഞ്ചിരി അവൾക്കായി നൽകി…വലിച്ചു തീർത്ത ബീഡി കുറ്റി പുറത്തേക്ക് കളഞ്ഞു എഴുന്നേൽക്കുമ്പോൾ അവളുടെ നിറഞ്ഞ കണ്ണുകളെ കണ്ടില്ലെന്ന് നടിച്ചു വീടിനുള്ളിലേക്ക് പോയി…വൃത്തിയായി വിരിച്ചിട്ട കിടക്കയിലേക്ക് ചുരുണ്ടു കൂടുമ്പോൾ പെയ്യാൻ വെമ്പിയ മിഴികൾ വർഷങ്ങൾക്ക് മുൻപുള്ള ഒരു സായാഹ്നത്തെ മുന്നിൽ കാണിച്ചു തന്നിരുന്നു…

“”അച്ചുവേട്ടാ….””

തിരക്ക് പിടിച്ച പന്ത് കളിക്കിടയിൽ മൈതാനത്തിനിപ്പുറത്തേക്ക് ഓടി കിതച്ചു വന്നു കൊലുസ്സ് കിലുങ്ങും പോലെ പുഞ്ചിരിയോടെ വിളിക്കുന്ന ശബ്‌ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്…ഇടതൂർന്ന മുടി ഒതുക്കി വെച്ച്..കണ്ണിൽ കരിമഷി എഴുതി..നെറ്റിയിൽ ചന്ദനക്കുറി തൊട്ട് ചുണ്ടിൽ എപ്പോളും ഉണ്ടാവുന്ന പുഞ്ചിരിയുമായി ഉണ്ണിമായ.. കയ്യിൽ ഒരു പത്രവും പിടിച്ചു കൈകൾ എളിയിൽ കുത്തി തന്നെയും കാത്തുള്ള നിൽപ്പാണ്…

“”ചെല്ലടാ…നിന്റെ പെണ്ണ് വിളിക്കുന്നു…””

ഒപ്പം ഉള്ളവർ കളിയാക്കി പറയുമ്പോൾ ചുണ്ടിൽ ഒരു കുസൃതി ചിരിയോടെ അവളുടെ അരികിലേക്ക് ചെല്ലുമ്പോൾ..എന്നും കാണാറുള്ള ചുവപ്പ് ആ കവിളിൽ ഉണ്ടായിരുന്നു…കണ്ണുകൾ പിടച്ചിരുന്നു….

“”ന്തിനാ ഉണ്ണി നീയിപ്പോ ഇങ്ങോട്ട് വന്നേ??…ഞാൻ അമ്മാത്തേക്ക് തന്നെയല്ലേ വരുന്നേ…അവിടെന്ന് കാണാല്ലോ…ദിപ്പോ അവരെല്ലാം കളിയാക്കും ഇനി…””

“”ഓഹ് പിന്നേയ്…അതിനിപ്പോ ആർക്കാ അറിയാത്തെ ഈ ഉണ്ണിമായ അച്ചുന്റെ ആണ് ന്നുള്ളത്…ഒരു താലി കെട്ടിയില്ല എന്നല്ലേ ഉള്ളു.. അച്ചുന്റെ തന്നെയല്ലേ ഈ ഉണ്ണി…””

“”ഉവ്വ്…ആട്ടെ എന്തിനാ ഇപ്പൊ എന്റെ പെണ്ണ് ഓടി കിതച്ചു വന്നേ…ഏഹ്ഹ്?? “”..

“”ദേ നോക്ക് നിക്ക് മെഡിക്കൽ എൻട്രൻസിന് റാങ്ക് ഉണ്ടല്ലോ…ഫോട്ടോയും വന്നിട്ടുണ്ട്…””

ആവേശത്തോടെ തന്നെ കാണിച്ചു പറയുമ്പോൾ..

ആ ചുണ്ടിലെ പുഞ്ചിരിക്ക് വല്ലാത്ത ഭംഗിയുള്ള പോലെ…

പ്ലസ് ടു കഴിഞ്ഞ പാടെ തങ്ങളുടെ കല്യാണം നടത്താൻ ഇരുന്നതായിരുന്നു അമ്മാവൻ…ഡോക്ടർ എന്നത് അവളുടെ സ്വപ്നം ആണെന്ന് ആരെക്കാളും നന്നായി തനിക്കറിയാവുന്നത് കൊണ്ട് എൻട്രൻസ് എഴുതാൻ താനാണ് പറഞ്ഞത്…നാട്ടിലെ തന്നെ സ്കൂളിൽ മാഷ് ആയി കിട്ടിയപ്പോൾ തൊട്ട് ഉള്ള ആഗ്രഹം ആണ് അവളെ പഠിപ്പിച്ചു ഒരു ഡോക്ടർ ആക്കണമെന്ന്….

“”അച്ചുവേട്ടാ…ഞാൻ പോയാൽ ഒറ്റക്കാകുവോ എന്റെ അച്ചുവേട്ടൻ…?? “”

കുളപ്പടവിൽ അവന്റെ നെഞ്ചോരം ചേർന്നിരിക്കുമ്പോൾ നിറകണ്ണുകളോടെ ചോദിക്കുന്നവളെ കാൺകെ അവന്റെ നെഞ്ചിലും വല്ലാത്ത ഭാരം പോലെ…നാളെയാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ തൊട്ട് ചിണുങ്ങിയും വിതുമ്പിയും തന്റെ ഒപ്പം കൂടിയവളാണ്…താനാണ് ആശ്വസിപ്പിക്കേണ്ടത്..ആ തനിക്ക് പറയാൻ ഒന്നുമില്ലാത്ത പോലെ…വാക്കുകൾ പിശുക്കുന്ന പോലെ…തൊണ്ടക്കുഴിയിൽ വീണടിഞ്ഞ പോലെ…

“”എന്റെ ഉണ്ണിക്ക് ഡോക്ടർ ആവണ്ടേ ടാ…പോണം പഠിച്ച് വല്യ ആളായിട്ട് വേണം മനക്കലെക്ക് നിന്നേം കൊണ്ട് പോവാൻ…””

അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ അധരങ്ങൾ പതിപ്പിച്ചു പറയുമ്പോൾ തന്റെ കണ്ണിൽ നിന്നും അവളുടെ സീമന്തരേഖയിലേക്ക് ഒരു തുള്ളി വീണലിഞ്ഞിരുന്നു…

“”അച്ചു…അച്ചു….””

അമ്മാവൻ പതിവില്ലാതെ പുലർച്ചെ വരുന്നത് കണ്ടപ്പോൾ കണ്ണുകൾ ഒന്ന് ചുളിഞ്ഞു….

“”ഉണ്ണീടെ കോളേജിൽ നിന്ന് വിളിച്ചിരുന്നു…അവൾക്കെന്തോ വയ്യ…പെട്ടെന്ന് ചെല്ലണം ത്രെ..ഇന്നലെ ഇങ്ങടേക്ക് വരാൻ ഇരുന്ന കുട്ടിയാണ്…അപ്പോഴേ ഞാൻ പറഞ്ഞതാ ഇതൊന്നും വേണ്ട ന്ന്…വെറുതെ മനുഷ്യനെ തീ തീറ്റിക്കാനായിട്ട്….””

അമ്മാവന്റെ ആദി ഒറ്റനോട്ടത്തിൽ തന്നെ വായിച്ചെടുക്കാമായിരുന്നു…മെഡിക്കൽ കോളേജിന്റെ വരാന്തയിലെ ആൾക്കൂട്ടം വകഞ്ഞു മാറ്റി ചെന്നപ്പോൾ കണ്ട കാഴ്ച ഹൃദയം തകർക്കാൻ പാകത്തിനായിരുന്നു…

വെള്ളപുതച്ച ശരീരം തന്റെ കണ്മുന്നിൽ കിടക്കുന്നത് കണ്ടപ്പോൾ കൈകൾ നിശ്ചലമായി….

“”മൂന്നു പേര് ചേർന്ന് പീഡിപ്പിച്ചു വഴിയിൽ ഉപേക്ഷിച്ചതാണ്…വീട്ടിലേക്ക് പോവാൻ ഇറങ്ങിയതായിരുന്നു ന്ന്…ഓരോ വിധിയെ…””

തന്റെ അടുത്ത് നിന്ന് താടിക്ക് കൈ കൊടുത്ത് പറഞ്ഞവർക്ക് അറിയുമോ…തന്റെ ജീവനാണ് മുൻപിൽ കിടക്കുന്നതെന്ന്…

“”കൊന്നില്ലേ ടാ എന്റെ കുഞ്ഞിനെ നീ…നിനക്കായിരുന്നല്ലോ അവളെ പഠിപ്പിക്കാഞ്ഞിട്ടു ദണ്ണം…കൊന്നില്ലേ അവളെ നീ…””

തന്റെ മുൻപിൽ പൊട്ടി കരയുന്ന മനുഷ്യന്റെ മുൻപിൽ പകച്ചു നിൽക്കാനേ കഴിഞ്ഞുള്ളു…

കണ്മുൻപിൽ അവളുടെ മുഖം മാത്രം…എന്റെ ഉണ്ണിയുടെ….

“”അച്ചുവേട്ടാ…..””

പൊട്ടിച്ചിരിച്ചു തന്നെ വിളിക്കുന്ന അവൾ പിന്നെയും ഒത്തിരി നാൾ തന്റെ കൂടെ ഉണ്ടായിരുന്നു..

“”ദേവൻ മാമേ…ദാ നമ്മുടെ ഉണ്ണി…ന്റെ ഉണ്ണി എങ്ങോട്ടും പോയിട്ടില്ല…ന്റെ കൂടെ തന്നെ ഉണ്ടല്ലോ….ദാ ന്റെ മുടി പിടിച്ചു വലിക്ക്യാ കള്ളിപെണ്ണ്…””

ചങ്ങല കണികകൾ എണ്ണി നുള്ളി പെറുക്കി പറയുന്നവനെ വേദനയോടെ എല്ലാവരും നോക്കി നിന്നു…

പിന്നീട് ഒരു ദിവസം…എങ്ങോട്ടെന്നില്ലാതെ ആരോടും പറയാതെ വീട് വിട്ട് ഇറങ്ങി പോന്നതാണ്…

ചങ്ങല കണികകളെ മടുത്തു തുടങ്ങിയിരുന്നു…

മനസ്സ് എപ്പോളോ ഉണ്ണി മരിച്ചതാണ് എന്ന് പറഞ്ഞു തന്ന പോലെ…

അലച്ചിലിനു ഒടുവിൽ എപ്പോളോ ബോധം മറയുന്നതറിഞ്ഞു…ബോധം തെളിയുമ്പോൾ ഏതോ ഒരു മുറിയിൽ ആയിരുന്നു..ചുറ്റും നോക്കുമ്പോൾ പുഞ്ചിരിയോടെ ഒരാൾ…കണ്ടാൽ അൻപതിനോട് അടുത്ത് പ്രായം ഉണ്ട്…അയാൾക്കൊപ്പം ദാവണി ഉടുത്തൊരു പെൺകുട്ടി…ചെമ്പക പൂവിനെ പോലെ സുഗന്ധമുള്ളവൾ…നന്ദ്യാർ വട്ടത്തതിന്റെ നിറമുള്ളവൾ…വാടാമല്ലി പോലെ പുഞ്ചിരിക്കുന്നവൾ…ദേവിക…

ആരെന്നോ… എവിടെ നിന്നാണ് എന്നോ ആ മനുഷ്യൻ തിരക്കിയില്ല…ചെറുപുഞ്ചിരിയോടെ ഭക്ഷണം തന്നു..താമസിക്കാൻ ഒരിടം തന്നു…അയാളുടെ കടയിൽ തന്നെ ഒരു ജോലിയും തന്നു…അയാളുടെ തന്നെ മറ്റൊരു വീട്ടിൽ വാടകക്ക് താമസം തുടങ്ങി…എല്ലാം മറക്കാൻ ഒരു ഒളിച്ചോട്ടം എന്നപോലെ…മറന്നു എന്ന് സ്വയം ആശ്വസിപ്പിക്കാൻ മദ്യത്തിനും സിഗരെറ്റിനും കീഴ്പെട്ടു…

തന്നെ അധികാരത്തോടെ ശാസിക്കുന്ന ദേവിക പലപ്പോഴും ഉണ്ണിയെ ഓർമപ്പെടുത്തുന്നത് വല്ലാത്ത വീർപ്പു മുട്ടൽ പോലെ തോന്നിയപ്പോൾ ആണ് അവളോട് തന്റെയും ഉണ്ണിയുടെയും കഥ പറഞ്ഞത്…

പിന്നീടും അതേ അധികാരത്തിൽ തന്നോട് കുടിക്കരുത് എന്ന് പറയുമ്പോൾ ദേഷ്യത്തോടെ മുഖം തിരിക്കും…

അവളെ കാണുംതോറും ഉള്ളിൽ എവിടെയോ ഒരു നോവ് പടരുന്നതറിയുന്നു…

താൻ പഴയ അച്ചുവായി മാറി പോകുവോ എന്ന് ഭയപ്പെട്ടു പോകുന്നു…

“”അച്ചൂ….””

ഉമ്മറത്ത് നിന്ന് ആദിയോടെ ശങ്കരേട്ടൻ വിളിക്കുന്നത് കേട്ടപ്പോൾ ഞെട്ടലോടെ ഓർമകളെ വിടുവിച്ചു…

ചുറ്റും നോക്കുമ്പോൾ നേരം ഇരുട്ടിയിരുന്നു…

ഓർമ്മകൾ തന്നെ എത്ര ദൂരത്തേക്കാണ് കൊണ്ട് പോയത്…

“”അച്ചു ഒന്ന് വേഗം വന്നേ ടാ…ദേവു ന് തീരെ വയ്യ…നല്ല ചുട്ട് പൊള്ളുന്ന പനിയാണ്…””

കേട്ടതും മനസ്സ് വല്ലാതെ പിടച്ചു…ആ മുഖം ഒന്ന് കാണാൻ ഉള്ളിൽ ആഗ്രഹം നിറയുന്നത് താൻ കൗതുകത്തോടെ അറിഞ്ഞു…പിടച്ചിലോടെ ശങ്കരേട്ടനൊപ്പം വീട്ടിലേക്ക് ഓടി…

ദേവുവിന്റെ അമ്മ മരിച്ചതിനു ശേഷം നാട്ടിൽ നിന്ന് മാറി വന്നതാണ് ശങ്കരേട്ടനും ദേവുവും…

അത് കൊണ്ട് തന്നെ പറയത്തക്ക ആരും അവർക്ക് ഇവിടില്ല എന്ന് തനിക്കറിയാമായിരുന്നു…

നുരയും പതയും വായിലൂടെ വന്നു പിടയുന്നവളെ കണ്ടതും ഒരു നിമിഷം സ്വയം മറന്നെന്ന പോലെ അവൾക്കരികിലേക്ക് ഓടിയണച്ചു…

“”ദേവൂ…””

ആദ്യമായി എന്നപോലെ ആ കണ്ണുകൾ പിടച്ചിലിനിടയിലും തന്നെ നോക്കുന്നതറിഞ്ഞു…

അവളെ വാരിയെടുത്ത് ഓടുമ്പോൾ മുൻപ് നഷ്ട്ടപെട്ടത് പോലെ ഇനിയും വയ്യ എന്ന് മനസ്സ് നൂറാവർത്തി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു…

അത്രമേൽ അവൾ മൗനമായി തന്നിൽ വേരുറച്ചിരുന്നു…

“”ഷീ ഈസ്‌ ഓൾ റൈറ്റ് അശ്വിൻ…കു+ട്ടിക്ക് ഫിക്സ് ആദ്യമേ ഉണ്ടാവാറുണ്ടല്ലേ…പനി കൂടിയായപ്പോൾ ആൾക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല അതാണ്…ഇപ്പൊ ഓക്കേ ആയി പോയ്‌ കണ്ടോളു…””

ഡോക്ടർ വന്നു പറഞ്ഞപ്പോൾ നിറകണ്ണുകളോടെ മുറിക്കുള്ളിലേക്ക് നോക്കി..ഒന്നും മിണ്ടാതെ ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്കിറങ്ങി…

“”എന്താണ് മാഷേ…വല്യ ജാഡ ഇട്ട് ഇവിടെ വന്നു ഇരിക്കുന്നെ…എത്ര ദിവസം ആയി ന്നെ കാണാതെ ഇങ്ങനെ…ഒന്ന് വന്നു കാണാൻ തോന്നിയില്ലല്ലോ…””

പുഴയുടെ ഓരോരത്ത് ഒറ്റക്ക് ഇരിക്കുമ്പോൾ ആണ്..കൊലുസിന്റെ ശബ്‌ദം കേട്ടത്…ദാവണി തുമ്പ് ഇടുപ്പിൽ തിരുകി തന്റെ അരികിൽ വന്നു ഇരിക്കുന്നുണ്ട്…പരിഭവിച്ചു അരികിലിരുന്ന് പറയുന്നവളെ കണ്ടില്ല എന്ന് നടിച്ചു ഒരു സിഗ്രെറ്റ് എടുത്ത് ചുണ്ടോട് ചേർത്ത് കത്തിക്കാൻ ഒരുങ്ങിയതും…അതെടുത്ത് ദൂരേക്ക് എറിഞ്ഞു…

തന്റെ നോട്ടത്തിന് ഒരടിയാണ് പ്രതീക്ഷിച്ചതെങ്കിലും…

ആ കൈ വലിച്ചു തന്റെ നെഞ്ചിലേക്ക് അവളെ ഇടുമ്പോൾ…പിടപ്പോടെ തന്നെ നോക്കുന്ന കണ്ണുകളിൽ അത്ഭുതം നിറയുന്നതറിഞ്ഞു…

ആ കണ്ണുകൾ മെല്ലെ നിറയുന്നതറിഞ്ഞു…

“”നിക്ക് പേടിയാ ദേവു…ന്റെ ഉണ്ണിയെ പോലെ നീയും എന്നെ വിട്ട് പോകുവോ എന്ന് പേടിയാ..””

വലിഞ്ഞു മുറുകി പറയുമ്പോളേക്കും ആ കൈകൾ തന്റെ ചുണ്ടിനോട് ചേർത്തിരുന്നു…

“”അങ്ങനെ പോവാൻ ആണേൽ എന്തിനാ പിന്നെ എന്നും ഞാൻ അച്ചുവേട്ടന്റെ ഉണ്ണിയോട് അവളുടെ അച്ചുവേട്ടനെ ഈ ജന്മം എനിക്ക് തന്നേക്കാവോ എന്ന് ചോദിക്കണേ പറയ്…അമ്പാടി കണ്ണന് എന്നും പിന്നെ എന്തിനാ തുളസി മാല കെട്ടി കൊടുക്കണേ…പറയ്…””

തന്നെ നോക്കി മിഴിനീരോടെ പറയുന്നവളെ അത്ഭുതത്തോടെ നോക്കി…ആ നെറ്റിയിൽ ചുണ്ടുകൾ പതിക്കുമ്പോൾ മുമ്പത്തേതു പോലെ ഒരിക്കൽ കൂടെ അവളുടെ സീമന്തരേഖയിൽ തന്റെ മിഴിനീർ ഒഴുകിയലിഞ്ഞിരുന്നു…

“”അച്ചുവേട്ടാ…ഈ കാട്ട്മുല്ല പൂക്കൾക്ക് വല്ലാത്ത മണം ആണല്ലേ??…””

അവന്റെയൊപ്പം രാത്രി ആ പുഴയോരത്ത് വന്നിരുന്നപ്പോൾ അവന്റെ നെഞ്ചിലേക്ക് തലചായ്ച്ച് അവൾ പതിയെ ചോദിച്ചു…

നെറ്റിയിൽ പാതി മാഞ്ഞ സിന്ദൂരവും കഴുത്തിലെ അശ്വിൻ എന്ന് പേരെഴുതിയ താലിയും അവളെ ഒന്നൂടെ സുന്ദരിയാക്കിയിട്ടുണ്ടായിരുന്നു…

“”കാട്ട്മുല്ല പൂവിന്റെ പ്രണയമായ കുളിർ കാറ്റ് മെല്ലെ അവയെ തഴുകുമ്പോൾ…അവക്ക് വല്ലാത്ത സുഗന്ധമാണ് പെണ്ണെ…കാത്തിരിപ്പിന്റെ വല്ലാത്ത മത്ത് പിടിപ്പിക്കുന്ന സുഗന്ധം…””

അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു പ്രണയത്തോടെ പറയുമ്പോൾ…നീർത്തിളക്കമാർന്ന പുഞ്ചിരിയോടെ ഒരു കുഞ്ഞി നക്ഷത്രം മുകളിൽ നിന്ന് കണ്ണ് ചിമ്മിയിരുന്നു…

ആ നക്ഷത്രത്തിനും കാത്തിരിപ്പിന്റെ മത്ത് പിടിപ്പിക്കുന്ന തിളക്കമുണ്ടായിരുന്നു…..

അവസാനിച്ചു….

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : ദേവ സൂര്യ

Scroll to Top