പല വിവാഹാലോചനകളും വീടുപോലും എത്താതെ വഴിയരികിൽ തന്നെ മുടങ്ങിപ്പോയിരുന്നു പലരുടേയും വാക്കുകളാൽ..

രചന : ഗൗരി നന്ദന

താലിചാർത്ത്‌

*************

” നോക്കെടാ ….. എന്താ അവള്ടെ ഭംഗി …”

“കല്ല്യാണം കഴിക്കുവാണെങ്കിൽ ഇവളെപ്പോലൊരുത്തിയെ തന്നെ കെട്ടണം …. ആ കണ്ണ് കണ്ടില്ലേ . ”

അവർ പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാതെ അനഘ പുസ്തകത്താളുകൾ മറിച്ചുകൊണ്ടിരുന്നു . ഇതെല്ലാം കേട്ടു ശീലമായ വാക്കുകളാണവൾക്ക് , പുറമേ സന്തോഷമൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും ഉള്ളാലെ ഒന്നു പുളകം കൊണ്ടു

‘ അതെ താൻ സുന്ദരിയാണ് … തന്നെപ്പോലൊരുവൾ ഇന്നീ പ്രദേശത്തുണ്ടോ … ഇല്ലാ …. ‘

” അനൂ…. അനു…. നീയെന്താലോചിച്ചു നിൽക്കുവാ ….. ദേ ബസ് വന്നു… വേഗം കേറ് ….”

ധൃതിയിൽ പുസ്തകം മടക്കി ബാഗിലാക്കി അവൾ ഓടി ബസിൽ കയറി . ബസിലുള്ള കണ്ണുകൾ തന്നെ നോക്കുന്നത് അവൾ ശ്രദ്ധിക്കാതിരുന്നില്ല .

അനഘ അവസാനവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് . അച്ഛൻ പവിത്രനും അമ്മ സിന്ധുവിനുമായുള്ള ഏക പ്രതീക്ഷ.

” തോട്ടുവക്കം …. തോട്ടുവക്കം … ഇറങ്ങാനുള്ളവർ ഇറങ്ങിക്കോ …”

” അനൂ… വാ … ദേ … സ്റ്റോപ്പെത്തി ..”

ബസിൽ നിന്നിറങ്ങി പൊതുനിരത്തിൽനിന്നും തിരിഞ്ഞ്‌ ഏഴടി മാത്രം വീതിയുള്ള പൂഴിവിരിച്ച പാതയിലൂടെ അവർ മുന്നോട്ടുനീങ്ങി . കോളേജിലേക്ക് 1km വരുന്ന പാതയ്ക്കൊരുവശത്തായ് പച്ചപുതച്ച പാടങ്ങൾ നിരന്നു കിടന്നു , മറുവശത്തായ് വിളവെടുപ്പിനു തയാറായി നിൽക്കുന്ന പച്ചക്കറി തോട്ടങ്ങളും .

ബിടെക് കാരനായ രാജുവിന്റേതാണീ കൃഷിയെല്ലാം .

കിട്ടിയ ജോലി ഉപേക്ഷിച്ചു മണ്ണിലേക്കിറങ്ങി , ആറേഴു വർഷം മുൻപ് തന്നെ . മികച്ച കർഷകനുള്ള പുരസ്‌ക്കാരങ്ങൾ പലപ്പോഴായി രാജുവിനെ തേടിയെത്തിയിരുന്നു .

അനഘ തന്റെ പഠനത്തിനായി ആ കോളേജിൽ ചേർന്നകാലം തൊട്ടേ രാജു അവളെ ശ്രദ്ധിച്ചിരുന്നു .

മണ്ണറിഞ്ഞു വിളയിറക്കിയിരുന്ന തന്റെ മനസിൽ ഒരു പുതുനാമ്പ് മുളപൊന്തിയിരുന്നു പ്രണയത്തിന്റെ .

അതിരാവിലെ തന്നെ കൃഷിയിടത്തിലേക്കിറങ്ങി മണ്ണിനോട് മല്ലിട്ട് ഇടയ്ക്കൊരു എത്തിനോട്ടം പതിവാണ് അവൾ വരുന്നുണ്ടോ ..! എന്ന് .

അവളെ കണ്ട മാത്രയിൽ ദേഹത്തെ പൊടി തു ടച്ചു കൈക്കോട്ട് മാറ്റിവെച്ച് തനിക്ക് നേരെയടുക്കുന്ന ആ കണ്ണുകൾക്കായ് പുഞ്ചിരി തൂകി നിൽക്കും .

ഇന്നും അവളെ നോക്കി നില്ക്കാൻ അയാൾ മറന്നില്ല , പക്ഷെ ചെളിപുരണ്ട ഒറ്റ മുണ്ടിനുപകരം വളരെ നേർത്ത ഒരു കസവുമുണ്ടും നിറം മങ്ങിത്തുടങ്ങിയ ഒരു ചോന്ന ഷർട്ടുമായിരുന്നു.

” നോക്കെടീ …. ഇന്നും ആ നോക്കു കുത്തിയവിടുണ്ട് ……”

ഇതും പറഞ്ഞ് അനഘയും കൂട്ടുകാരും അടക്കി ചിരിച്ചു .

” മ് …. വരട്ടെ ഇതേവിടം വരെ പോകൂന്ന് കാണാം …”

അല്പം ഘനപ്പിച്ചു ശബ്ദം താഴ്ത്തിയവൾ പറഞ്ഞു .

തന്നെ ശ്രദ്ധിക്കാതെ പോവുന്ന അനഘയെ കണ്ട രാജു അവൾക്ക് മുന്നിലായി ചെന്നു നിന്നു .

” മ് … എന്താ ..!? വഴിമാറ്‍ ഞങ്ങൾക്ക് പോണം

” അനു …, കുറെ കാലായി പറയണോന്ന് വിചാരിച്ചിട്ട് …”

” മ് …??”

“എനിക്ക് അനുനെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് . ഞാൻ വീട്ടിൽ വന്ന് സംസാരിക്കട്ടെ ….!!”

നിറഞ്ഞ നിശബ്ദത ….

പരസ്പരം നോക്കി അനുവും കൂട്ടുകാരും പൊട്ടിച്ചിരിച്ച ശേഷം അവൾ നിർദാക്ഷണ്യം അയാളോട് പറഞ്ഞു

” കല്യാണമോ ..?? നിങ്ങൾ എനിക്ക് വേണ്ടിയോ ..?? ഇതു പറയുന്നതിനു മുൻപ് ഒരുവട്ടം നിങ്ങളുടെ യോഗ്യതയെക്കുറിച്ച് ചിന്തിക്കണമായിരുന്നു ..”

വളരെ നീരസത്തോടെ ഒന്നു പുഞ്ചിരിച്ച ശേഷം അവൾ തുടർന്നു .

” നിങ്ങൾക്ക് ഒരു ജോലിയുണ്ടോ ..?? വിദ്യാഭ്യാസമുണ്ടോ ..?? പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നതല്ലാതെ നിങ്ങൾക്ക് സ്വന്തമായ്‌ ഭൂമിയുണ്ടോ ..??..”

നിശബ്ദനായി അയാൾ കേട്ടുകൊണ്ടിരുന്നു .

” അല്ലെങ്കിൽ തന്നെ 34 കാരനായ നിങ്ങളെ ഞാനെന്തിന് വിവാഹം ചെയ്‌യണം … ഞാനെന്താ വിവാഹം ഉറക്കാതെ നിൽക്കുവാണോ …!? ”

പരിഹസിച്ചു മുന്നോട്ട് നടന്നകലുമ്പോൾ കൂട്ടുകാരിലൊരാൾ പറഞ്ഞു ..

” മ് .. കിളവന് കൊച്ചു പെണ്ണിനെയേ പിടിക്കു

അവൾ നടന്നകലുന്നതും നോക്കി അയാൾ വീർപ്പുമുട്ടലോടെ നോക്കിനിന്നു . ഉള്ളിലായി പൊട്ടിമുളച്ച ആ കുളിർനാമ്പ് ഒരു പാഴ്ച്ചെടിയാണെന്ന സത്യത്തിൽ . പിന്നീടൊരിക്കൽ പോലും രാജു അവർ കടന്നുപോവുന്ന സമയങ്ങളിൽ അവളെയും കാത്തു നിന്നിരുന്നില്ല . എന്നിരുന്നാലും ദൂരെ മാറിനിന്ന് തോട്ടത്തിലെ വള്ളിപ്പടർപ്പുകൾക്കിടയിലൂടെ അവളെ നോക്കാനും അയാൾ മറന്നില്ല .

അന്നൊരു അവധി ദിവസം , അടുക്കളയിൽ അമ്മയോടൊപ്പം സമയം ചിലവഴിക്കുന്നതിനിടയിൽ എന്തോ ഓർത്തു ചിരിച്ചുകൊണ്ടവൾ പറഞ്ഞു .

” അമ്മേ … കഴിഞ്ഞദിവസം ഒരു സംഭവ്ണ്ടായി

നടന്നതെല്ലാം അനഘ അമ്മ സിന്ധുവിനോട് പറഞ്ഞു

” ഹമ് … അയാൾ വന്നിരിക്കുന്നു …. കല്യാണം കഴിക്കണോത്രെ ….. ”

” മോളെ … ഇത്രക്കൊക്കെ വേണ്ടിയിരുന്നില്ല

സങ്കോചത്തോടെ അമ്മ പറഞ്ഞു .

” അമ്മ എന്താ ഈ പറഞ്ഞു വരുന്നേ ….!! എന്നെ കല്ല്യാണം കഴിക്കാൻ ആരും വരാത്ത പോലുണ്ടല്ലോ

” അങ്ങനല്ല മോളെ …. ഇത്രെയും ഘനത്ത്‌ പറയേണ്ടിയിരുന്നില്ല .. നിന്നെ പറ്റി നീ ചിന്തിക്കേണ്ടതായിരുന്നു ….”

” ചിന്തിക്കാനോ …!? ഞാൻ എന്തിനു ചിന്തിക്കണം

” അത്‌ മോളേ …….”

” അത് ..!? … എന്താ … എന്താമ്മേ ..??? ”

ഉള്ളിലെവിടെയോ മിന്നി മാഞ്ഞ ഭയത്തോടും ആകാംഷയോടും അവൾ ചോദിച്ചു .

” നീയൊരു ചൊവ്വാദോഷക്കാരിയല്ലേ … അമ്മയ്ക്ക് പേടിയാണ് മോളെ …. എടുത്തു ചാടിയുള്ള നിന്റെ ഓരോ പ്രവർത്തി കാണുമ്പോ

പതിഞ്ഞ സ്വരത്താലെ അമ്മ പറഞ്ഞു . ഇതുകേട്ട് ഒരു നിമിഷം അമ്മ സിന്ധുവിന്റെ മുഖത്ത് ഉറ്റുനോക്കിയ ശേഷം പൊട്ടിചിരിച്ചുകൊണ്ടവൾ പറഞ്ഞു .

” ഹാ …. നല്ല കഥാ… അമ്മ ഇതേത് ലോകത്താ …! ഇത്‍ 21 ആം നൂറ്റാണ്ടാണ് . അമ്മ ഈ ജാതകോം ചൊവ്വാദോഷോം കെട്ടിപിടിച്ചോണ്ട് ഇരുന്നോ ….”

നെഞ്ചിലൂടെ അരിച്ചിറങ്ങിയ വിയർപ്പുത്തുള്ളികളെ തോർത്തുകൊണ്ട് ഒപ്പിയെടുത്തു അച്ഛൻ പവിത്രൻ അടുക്കളയിലേക്ക് കയറി വന്നു . തന്റെ മകളെ ചേർത്തു പിടിച്ചുകൊണ്ട് ആ അച്ഛൻ പറഞ്ഞു തുടങ്ങി .

” സിന്ധൂ ….. ”

” മ് … ”

” നീ എന്തിനാ ഇത്രക്ക് പേടിക്കുന്നേ ..!? അവൾക്ക് ഒരു കുഴപ്പോംല്ല … നീ അവൾടെ മുഖത്തേക്കൊന്ന് നോക്കിയേ .. സുന്ദരിയല്ലേടീ അവള് … അവൾക്കാണോ ഒരു ചെറുക്കനെ കിട്ടാൻ പാട് …!! ”

” അങ്ങനെയല്ല … നോക്കു , നമുക്കാകെയുള്ള പ്രതീക്ഷ അവളല്ലേ ..! എന്റമ്മ പറഞ്ഞിരുന്നു അവിടെയുള്ള ക്ഷേത്രത്തിൽ പോയ് കുറച്ചു വഴിപാട് നടത്തിയാൽ ജാതകദോഷത്തിനു …. ”

സംസാരിക്കുന്നതിനിടയിൽ നീരസത്തോടെ ഇടിച്ചു കയറി കൊണ്ട് അച്ഛൻ പറഞ്ഞു .

” നിന്റമ്മക്ക് ഇതുവരെ ചാക്കാലയടുത്തില്ലെടീ … ”

ഗൗരവകരമായ ഒരുവിഷയത്തെ വളരെ ലാഘവത്തോടെ കണ്ട് സംസാരിച്ചതിൽ വിഷാദിച്ചിരുന്ന അമ്മയേ അനുനയിപ്പിക്കാൻ അച്ഛൻ ശ്രമിച്ചു .

” സിന്ധൂ ….. അനു നമ്മുടെ മോളാണ് … അവള്ടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് നമ്മളാണ് .

മറ്റാരുടെയും ഉപദേശം തേടാൻ പോവേണ്ടതില്ല …

നീ പേടിക്കാതിരിക്ക് … അവൾ പഠിക്കട്ടെ ..

സമയാവുമ്പോൾ അനുയോജ്യനായൊരാളെ അവൾക്ക് കിട്ടും ..

മ് … അതൊക്കെ പോട്ടെ ഞാൻ പറമ്പീന്ന് വന്നത്‌ നീ കണ്ടില്ലേ … പതിവ് സംഭാരെടുക്കാൻ മറന്നോ

” ഓഹ് … ഇതിനിടയിൽ അത് ഞാൻ മറന്നു …

ഇപ്പോ എടുത്ത് തരാം … ”

ഉരുണ്ട മൺകലത്തിൽ നിന്നും ചിരട്ടകൊണ്ട് നിർമ്മിതമായ തവികൊണ്ട് സംഭാരം കോരിയെടുക്കുമ്പോഴും ആ അമ്മയുടെ ചിന്തകൾ കലങ്ങി മറിഞ്ഞു … മകളുടെ ഭാവി ഒരു ചോദ്യ ചിഹ്നമായി അലഞ്ഞു നടന്നു

*********

വർഷങ്ങൾക്കിപ്പുറം അനഘ അതേ കോളേജിൽ അധ്യാപികയായി ജോലി നോക്കി . അന്നൊരു പ്രവർത്തി ദിവസം നന്നേ നേരത്തേ തന്നെ ഇറങ്ങിയതുകണ്ട സഹാധ്യാപികയായ രേണുക ചോദിച്ചു

” എന്താ അനു ഇന്നിത്ര നേര്ത്തേ …?! ”

മിന്നി മറഞ്ഞ നാണത്താൽ ഒന്നു പുഞ്ചിരിച്ചുകൊണ്ടവൾ പറഞ്ഞു .

” ആവോ … ആർക്കോ എന്നെ കണ്ട് തൃപ്ത്തിപ്പെടണോന്ന് … ”

” മ് .. അല്ലാണ്ട് നിനക്ക് കാണാനല്ല …”

” ഒന്നു പോ …. രേണു … ”

” വൈകിക്കണ്ടാ … ഇറങ്ങിക്കോ … നാളെ വന്ന് വിശദായിട്ട് പറഞ്ഞ് തന്നാൽ മതി … ”

ഒന്നു പൊട്ടിചിരിച്ച ശേഷം പൂഴിവിരിച്ച പാതയിലൂടവൾ മുന്നോട്ട് നീങ്ങി . നിശബ്ദമായ അന്തരീക്ഷത്തിൽ നടന്നു നീങ്ങുന്ന തന്റെ കാലൊച്ചയുടെ താളം അവൾ ശ്രവിച്ചുകൊണ്ടിരുന്നു .

‘ നല്ല മഴക്കാറുണ്ട് ..!’ അവൾ മനസാലെ പറഞ്ഞു

എങ്ങോ പെയ്തൊഴിയുന്ന മഴയിൽ , പുതുമഴയുടെ നനവിനെ ഏറ്റുവാങ്ങിയ മണ്ണിൽ നിന്നുയരുന്ന ഗന്ധവുമായെത്തിയ കാറ്റ് അവളെ തഴുകി അകന്നു . മണ്ണിന്റെ ഗന്ധം ശ്വസിച്ചു മുന്നോട്ട് പോകുന്ന വേളയിൽ ഇരുവശങ്ങളിലായി പച്ചപുതച്ച ഇടങ്ങളിലെവിടെയോ അവളുടെ കണ്ണുകൾ തങ്ങിനിന്നു .

” എത്രവർഷം കടന്നുപോയി …. ഇന്നും ഇവയ്ക്ക് എന്ത് ഭംഗിയാണ് …”

അറിയാതൊരു ആത്മഗതം അവളിൽ നിന്നും ഉയർന്നു . കുറച്ചു മണിക്കൂറുകൾക്ക് ശേഷം .

” എന്താ നീ വൈകിയേ …?!”

” നല്ല മഴയാര്ന്നമ്മേ … അവര് പോയോ …!! ”

കുടച്ചുരുക്കികൊണ്ട് അവൾ പറഞ്ഞു . പതിവില്ലാതെ അമ്മയുടെ മുഖത്തുണ്ടായ ഭാവവ്യത്യാസം അവൾ ശ്രദ്ധിക്കാതിരുന്നില്ല .

മറുപടി പറഞ്ഞത് അച്ഛനായിരുന്നു .

” എന്റെ മോള് വിഷമിക്കരുത് …., അവരുടെ വാഹനം വരുന്നവഴിക്ക് അപകടപ്പെട്ടു …

വണ്ടിയ്ലുണ്ടായിരുന്ന എല്ലാരും ……. ”

പാതിവഴിക്ക് ആ വാക്കുകൾ കൂട്ടിച്ചേർക്കാൻ അച്ഛൻ നന്നേ പ്രയാസപ്പെട്ടു . ദീർഘമായൊരു നെടുവീർപ്പിട്ടുകൊണ്ട് അവൾ അച്ഛനെ നോക്കി .

താൻ കരഞ്ഞുവോ ..! ഇല്ലെന്നുള്ള നുണക്കഥ തന്റെ മനസിനോടവൾ പറഞ്ഞുകൊണ്ടിരുന്നു .

രണ്ടു ദിവസത്തെ അവധിക്കു ശേഷം കോളേജിലേക്ക് തിരികെ പോവാൻ തുടങ്ങുന്ന തയ്യാറെടുപ്പിനിടയിൽ പുറകിൽ നിന്നൊരു ശബ്‍ദം .

” അനു … ഇന്ന് പോവ്ണ്ട മോളേ … ”

” എന്താ …അമ്മേ … ”

” മോളെ കാണാൻ രാവിലെ തന്നെ ഒരു കൂട്ടര് വരൂന്ന് പറഞ്ഞിട്ടുണ്ട് … ”

” മ് .. ശരിയമ്മേ … ”

ബാഗിലാക്കിയ പുസ്തകമെല്ലാം തിരികെയെടുത്തുകൊണ്ട് അവൾ പറഞ്ഞു .

അമ്മ സിന്ധു അടുക്കളയിൽ വിരുന്നുകാരെ സൽക്കരിക്കുന്നതിനായുള്ള തിരക്കിലേർപ്പെട്ടു .

ഉണ്ണിയപ്പവും അച്ചപ്പവും ഉണ്ടാക്കുന്നതിനിടയിൽ ഒന്ന് എടുത്തതിന്റെ പേരിൽ അനുവിനെ ശകാരിക്കാനും അമ്മ മറന്നില്ല

” ഹാ …. എടുക്കാതെ …, അവര് വന്നിട്ട് പോട്ടെ എന്നിട്ട് തരാം . കെട്ടിക്കാറായ പെണ്ണാ ഇപ്പോഴും കുട്ടിക്കളി മാറീട്ടില്ല … ”

അനു അമ്മയേ നോക്കി ചിരിച്ചു . നേരം നിർത്താതെ ഓടിപ്പോകുന്നതും നോക്കി ക്ലോക്കിൽ കണ്ണും നട്ട് അവർ ഇരുന്നു .

” നേരം ഇത്രയായിട്ടും എന്താപ്പോ അവര് വരാത്തെ

ആശങ്കയോടെ അമ്മ പറഞ്ഞു തീർന്നതും മുറ്റത്ത് വാഹനം വന്ന് നിർത്തുന്ന ശബ്ദം അവർ കേട്ടു .

” അനു … നീപോയ് റെഡിയാവ് , ഞാൻ ചായ എടുക്കട്ടേ …”

അമ്മ അടുക്കളയിലേക്ക് നീങ്ങി .

” സിന്ധു … ചായെടുക്ക് … ദേ വര്ങ്ങെത്തി

ഓട്ടു ഗ്ലാസ്സിലായ് പകർത്തിയ ചായ അമ്മ സിന്ധു അനുവിനെ ഏൽപ്പിച്ചു . കസവ് സാരിയുടുത്ത് ഗോപീ ചന്ദനക്കുറിയണിഞ്ഞ് ചായയുമായി വിരുന്നുകാർക്ക് മുന്നിലെത്തുമ്പോൾ അവൾ മനസിലോർത്ത് ചിരിച്ചു ,

‘ കുലീനയായ സ്ത്രീയുടെ വേഷപ്പകർച്ച ഇന്നെന്നിലേക്ക് വന്നത് എന്തുകൊണ്ടാണ് ..! എന്തുകൊണ്ടാണ് ഇദ്ദേഹത്തെ ഒന്ന് നോക്കാൻ പോലും എനിക്ക് സാധിക്കാത്തത് ..! ‘

പണ്ടെപ്പോഴോ ഉറ്റസുഹൃത്തായ രേണുക അവളുടെ മനസിൽ തെളിഞ്ഞു .

” ഒന്നും നടക്കില്ല മോളെ …, പെണ്ണ്കാണാൻ വരുമ്പോ നിന്റെയീ വീറും വാശിയൊന്നും നടക്കില്ല .

എന്തിനു പറയുന്നു , നിനക്കൊന്ന് നേരെ നോക്കാൻ പോലും സാധിക്കില്ല … ”

” ഉവ്വ് .. ഉവ്വ് … എന്നെ പെണ്ണുകാണാൻ വരുന്നവനോട് ഞാൻ ചോദിക്കും , എന്താ തന്റെ പേരെന്ന്

” ഓഹ് …. നിന്റെയീ വീമ്പുപറച്ചില് ഒന്ന് നിർത്താവോ അനു .., ഹമ് … നമുക്ക് കാണാം എന്താ നടക്കാൻ പോവുന്നതെന്ന് …. ”

പതിയെ നടന്ന് വാതിലിനു മറവിലായ് അമ്മയുടെ പുറകിലൊളിച്ച് ഒളികണ്ണാലോന്നു നോക്കി തന്റെ ഭാവി വരനെ ..!

” അപ്പൊ എങ്ങനാ പവിത്രാ … കാര്യങ്ങൾ .., ഉറപ്പിക്കുവല്ലേ …!! ”

” ആയിക്കോട്ടെ ..”

നിറഞ്ഞ മനസോടെ പുഞ്ചിരിച്ചുകൊണ്ട് അച്ഛൻ പവിത്രൻ പറഞ്ഞു .

*********

ചുവന്ന പട്ടുസാരിയുടുത്ത് പ്രതീക്ഷയുടെ താലവും കൈയിലേന്തി അവൾ , അടിവെച്ച് അടിവെച്ച് മണ്ഡപത്തിലേക്ക് പ്രവേശിച്ചു .

ഇരിപ്പിടത്തിലിരിക്കുമ്പോഴും കൺകോണിലൂടെ തന്റെ വലതുഭാഗത്തായി ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടത്തിലേക്കവൾ നോക്കിയിരുന്നു

” ഓം ……. ചെറുക്കനെ വിളിക്ക്യാ മൂഹൂർത്താവാറായി … ”

ധൃതിയിൽ പൂജചെയ്യുന്നതിനിടയിൽ പൂജാരി പറഞ്ഞു

” അത് … ശാന്തികളെ , അവിടുന്ന് ഇത്രെയും ദൂരം എത്താൻ കുറച്ചു താമസോണ്ട് . അൽപ സമയത്തിനകം അവര്ങ്ങെത്തും … ”

തൃപ്തിയാവാത്ത എന്തോ ഒന്ന് പറയും പോലെ അച്ഛൻ പൂജാരിക്ക് മറുപടി കൊടുത്തു .

” നോക്കു …, അവരെന്താ വൈകുന്നേ ..? നിങ്ങളൊന്ന് പോയ്‌ നോക്കു … എനിക്കെന്തോ വല്ലാത്തൊരു പേടി .. ”

ആദി കലർന്ന അമ്മ സിന്ധുവിന്റെ വാക്കുകളെവിടെയോ അച്ഛന്റെയുള്ളിലും ചെന്ന് പതിച്ചു

” നീ .. ഭയപ്പെടാതെ സിന്ധു .., ഞാൻ ഒന്ന് പോയി നോക്കീട്ട് വരാം … നീ മോള്ടെ അടുത്ത് തന്നെ ഉണ്ടാവണം .. ”

ഇത്രയും പറഞ്ഞ് പുറത്തിറങ്ങാൻ തുടങ്ങുന്നതിനു മുൻപ് തന്നെ എതിരെ വരന്റെ അച്ഛൻ വരുന്നത് അവർ കണ്ടു

വിങ്ങിക്കരഞ്ഞുകൊണ്ട് അയാൾ അച്ഛൻ പവിത്രന്റെ കാലുകളിൽ വീണു . വിറങ്ങലിച്ച സ്വരത്താൽ അയാൾ പറഞ്ഞു .

” എന്നോട് ക്ഷമിക്കണം …, എന്റെ മകൻ ഞങ്ങളെയെല്ലാവരേയും ചതിച്ചു , താങ്കളുടെ മകളെയും അവൻ ചതിച്ചു …. ”

കാര്യമെന്തെന്നറിയാതെ ചുറ്റുകൂടിയവർ കുഴങ്ങി .

അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു അച്ഛൻ കാര്യം തിരക്കി

” എന്താ …? എന്തുപറ്റി …!? ”

തന്റെ മകൻ തനിക്കായി എഴുതിയ കത്ത് അയാൾ അനുവിന്റെ അച്ഛനെ ഏൽപ്പിച്ചു .

” എന്റെ മകൻ പാപിയാണ് , ദുഷ്ടനാണ് ഞങ്ങളെയെല്ലാം വഞ്ചിച്ചതിനു ഒരർത്ഥമുണ്ട് , പക്ഷേ ഒരു തെറ്റും ചെയാത്ത ആ കുട്ടിയെ അവനെന്തിനു ചതിച്ചു …!! ”

താൻ തനിക്കിഷ്ടപ്പെട്ട പെൺകുട്ടിയോടൊപ്പം പോവുന്നു എന്ന കത്തിലെ സാരാംശം ഉൾക്കൊണ്ട് നിസ്സഹായനായി നിൽക്കുന്ന ആ അച്ഛനെ ദയനീയമായ് നോക്കി എന്തുപറയണമെന്നറിയാതെ അച്ഛൻ പവിത്രൻ നിന്നു .

ഒഴിഞ്ഞു കിടന്ന തന്റെ വലതു വശത്തേക്ക് നിസ്സംഗയായ്‌ അവൾ നോക്കിയിരുന്നു

പ്രതീക്ഷയായിരുന്ന താലത്തിലെരിഞ്ഞടങ്ങിയ തീനാളത്തിലവൾ കണ്ടത് എരിഞ്ഞു തീർന്ന തന്റെ സ്വപ്‌നങ്ങൾ വെറുമൊരു ധൂളിയായ് പറന്നകലുന്നതായിരുന്നു.

തന്റെ ഗതിയോർത്ത് അവൾ വിധിയെ പഴിചാരിയില്ല , പൊരുത്തപ്പെടാൻ കഴിയാത്ത ജീവിതത്തിൽ നിന്നും , തന്നെ അതിൽ വലിച്ചിഴക്കുന്നതിനു മുൻപേ ഒഴിഞ്ഞുമാറിയ ഒരു നല്ല വ്യക്‌തിയെന്ന നിലയിലാണ് തന്റെ വരനാകേണ്ടിയിരുന്ന മനുഷ്യനെ അവൾ കണ്ടത് .

” മ് … കണ്ടില്ലേ …!! ഇതിപ്പോ എത്രാമത്തെ ആലോചനയാ ….!!! ”

” അതെയതെ … ഒക്കെ ഇവള്ടെ ചൊവ്വാദോഷം കൊണ്ട് തന്ന …., അല്ലെങ്കിൽ പിന്നെ ഈ മുഹൂർത്ത സമയത്തു തന്നെ കല്ല്യാണം പോകുവോ

” ഹമ് .. എന്തുനല്ല പെൺകൊച്ചാ …, കാണാനും മിടുക്കി , നല്ല പഠിപ്പും വിവരോണ്ട് , എന്നിട്ടും അതിനു തന്നെ ഈ ഗതി വന്നല്ലോ ഈശ്വരാ

വിവാഹ വേദിയിൽ നിന്നുയർന്ന അപ്രിയമേറുന്ന അഭിപ്രായങ്ങൾ ‘അമ്മ സിന്ധുവിന്റെ നെഞ്ചിലെ തീയാളിക്കത്തിച്ചു .

” അനു …, എഴുന്നേൽക്ക് മോളെ നമുക്ക് പോവാം

ഉള്ളിലുണ്ടായ വിഷമത്തെ കടിച്ചമർത്തി തന്റെ മകൾക്ക് ധൈര്യമേകി കൊണ്ട് ആ അമ്മ പതറിത്തുടങ്ങിയിരുന്ന സ്വരത്താൽ പറഞ്ഞു .

തന്റെ മുറിയിൽ കണ്ണാടിയുടെ മുൻപിലായി നിന്ന് സ്വന്തം പ്രതിച്ഛായയിലേക്ക് , വിണ്ടുകീറിയ പാടുകളിലൂടെ അവളുറ്റുനോക്കി . സ്വന്തം മുഖത്തിനു പകരം തന്റെ ജീവിതത്തിലുണ്ടായി തുടങ്ങുന്ന വിള്ളലായ് അത് അവൾക്ക് അനുഭവപ്പെട്ടു .

കണ്ണുകളടച്ച് ദീർഘമായി നിശ്വസിച്ചുകൊണ്ട് അൽപ്പനേരം അവളിരുന്നു .

പതിയെ മിഴിതുറന്ന് ആടയാഭരണങ്ങൾ അഴിച്ചുവെച്ച് സമചിത്തതയോടെ അവൾ വീടിനു പുറത്തിറങ്ങി നടക്കാൻ ആരംഭിച്ചു .

പാടവരമ്പത്തുകൂടി ചൂടുള്ള കാറ്റേറ്റ് നടക്കുമ്പോൾ വെന്തുരുകി അലറിയ ചിന്തകളെ സംയമനത്തിന്റെ ചരടിനാൽ കെട്ടിയിട്ടു .

നടന്നെത്തിയത് വഴികൾ പല ദിക്കുകളിലേക്കായ് പിന്തിരിഞ്ഞു പോവുന്നതിനോട് ചേർന്നുള്ള അരയാലിൻ ചുവട്ടിലായിരുന്നു . അല്പസമയം അവിടെ ചിലവഴിച്ച് ശാന്തമായ മനസോടെ തിരികെ നടന്നു

” എവിടെ പോയതാ മോളെ ….? അമ്മ പേടിച്ചു പോയി …. ”

അവളെ കെട്ടിപ്പുണർന്നു കൊണ്ട് അമ്മ സിന്ധു ചോദിച്ചു .

” എന്തിനാ അമ്മേ പേടിക്കുന്നെ …! ഞാനിങ്ങെത്തിയില്ലെ …! ഒന്ന് നടക്കാനിറങ്ങിയതാ

” അനു …! ”

പരിചയമുള്ള ശബ്ദത്തിനുടമയെ തേടി ആ കണ്ണുകൾ പാഞ്ഞു . രേണുകയായിരുന്നത് .

” രേണു ….!! ”

വാടിത്തുടങ്ങിയ പനിനീർപ്പൂവിൽ നിന്നുതിർന്ന ഇതളുപോലെ വിളറി ഒന്ന് പുഞ്ചിരിച്ചുകൊണ്ടവൾ വിളിച്ചു

” നീ വരണം കോളേജിലേക്ക് … നാളെ മുതൽ തന്നെ …., ഈയൊരു മാനസികാവസ്ഥയിൽ നിന്നൊക്കെ ഒരു മാറ്റം ഉണ്ടാവും , ഉണ്ടാവണം

” ഹമ് …. ഞാൻ വരാം രേണു …. ”

ഇന്നിന്റെയെല്ലാം വിട്ടൊഴിഞ്ഞ് നാളയുടേതിനെ സ്വീകരിക്കുവാനായ് അസ്തമിച്ചകലുന്ന സൂര്യനെ നോക്കിയവൾ പറഞ്ഞു.

വർഷങ്ങൾ പിന്നെയും നടന്നകന്നു . അനഘയുടെ സുഹൃത്തുക്കളായിരുന്നവർ കുടുംബിനിയുടെ വേഷമണിഞ്ഞു . മുപ്പതുകാരിയായ മകളുടെ വിവാഹകാര്യമോർത്ത് അച്ഛൻ പവിത്രന്റെയും ‘അമ്മ സിന്ധുവിന്റെയും മനസ് നീറിപുകഞ്ഞ് കൊണ്ടിരുന്നു . വരുന്ന വിവാഹാലോചനകൾ ഒക്കെ തന്നെയും എങ്ങോ കിടക്കുന്ന ഗ്രഹത്തിന്റെ പേരിൽ ഒഴിഞ്ഞു മാറി .

പല വിവാഹാലോചനകളും വീടുപോലും എത്താതെ വഴിയരികിൽ തന്നെ മുടങ്ങിപ്പോയിരുന്നു പലരുടേയും വാക്കുകളാൽ .

” ഏത് ..! ആ പവിത്രന്റെ മോളോ …!? ആ ചൊവ്വാദോഷക്കാരിയോ …!!! ”

” ആ വലിയേടത്തെ കുട്ടിയല്ലേ … അവൾക്ക് ചൊവ്വാദോഷ്ണ്ട് ….”

” ആഹാ ….. പെണ്ണ്കാണാൻ പോണൊരാല്ലേ …!! എല്ലാം അറിഞ്ഞിട്ട് തന്നാണോ വന്നേ …? ഹാ … അവള്ടെ ചൊവ്വാദോഷം കൊണ്ട് എത്രയെത്ര വിവാഹാലോചനകളാ മുടങ്ങിപ്പോയേ … ഹമ് …

ഞാൻ പറഞ്ഞുന്നെള്ളു നിങ്ങള് പൊയ്ക്കോ …”

തന്റെ വിധിയോർത്തവൾ സഹതപിച്ചു .

വർഷങ്ങൾക്കപ്പുറം ആ പഴയ കൃഷിക്കാരനോട് പറഞ്ഞ തന്റെ വാക്കുകൾ അവൾ ഓർത്തെടുത്തു .

അപക്വമായ പ്രായത്തിന്റെ ചാപല്യത്താൽ എത്ര ക്രൂരമായാണ് താൻ അയാളോട് സംസാരിച്ചത് .

മുന്നോട്ടുപോവുന്ന ഈ ജീവിതയാത്രയിൽ കടന്നുപോവുന്ന മുഖങ്ങളിൽ എവിടെയെങ്കിലും അദ്ദേഹത്തെ കാണാൻ സാധിച്ചാൽ തന്റെ വാക്കുകളാവുന്ന ശരമേറ്റ് മുറിപ്പെട്ട ഹൃദയത്തോട് മാപ്പ് അപേക്ഷിക്കണം

ഉണങ്ങാത്ത മുറിവായി ഇന്നും ആ ഹൃദയത്തിൽ അത് ഉണ്ടെങ്കിൽ തന്റെ കണ്ണുനീര് കൊണ്ട് കഴുകി ആ മുറിവിന് ആശ്വാസമേകണമെന്ന് അവൾ ആശിച്ചു .

രണ്ട് വർഷങ്ങൾ പിന്നെയും നടന്നകന്നു.

അനഘയുടെ കണ്ണുകൾക്കിന്ന് വശ്യതയേറുന്ന തിളക്കമില്ല .

പ്രതീക്ഷ വറ്റിയ സരസിലെ , മരണത്തെ മുന്നിൽ കണ്ട് കഴിയുന്ന സ്വർണ്ണമത്സ്യം പോലെയാണ് ഇന്നവളുടെ മിഴികൾ . അവൾ എന്തിനോടും നിസ്സംഗത വെച്ചുപുലർത്തി .

അന്ന് കോളേജിലെ മുഖ്യപരിപാടി നടക്കുന്ന വേദി , കൂടെ പഴയകൂട്ടുകാരുടെ ഒരു ഒത്തുചേരലും .

സുഹൃത്തുക്കൾ തന്റെ പാതിയേയും കുട്ടികളേയും ഓരോരുത്തരായി വന്ന് പരിചയപ്പെടുത്തിക്കൊണ്ടിരുന്നു .

തന്റെ അവസ്ഥയിൽ സഹതപിച്ച് ദയനീയമായ കണ്ണുകൾ തന്നിലേക്ക് ആഴിന്നിറങ്ങുന്നത് വല്ലാത്തൊരു വീർപ്പുമുട്ടലായി അവൾക്കനുഭവപ്പെട്ടു . മനസാലെ അവൾ കേണപേക്ഷിച്ചു കൊണ്ടിരുന്നു

‘ ഇനിയും എന്നെ വേട്ടയാടാതിരുന്നൂടെ …. നിങ്ങളുടേതു പോലൊരു ജീവിതം എനിക്ക് വിധിച്ചിട്ടില്ലായിരിക്കാം … പക്ഷേ ഞാൻ എന്റെ ഈ ജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു ..,

സന്തോഷവതി തന്നെയാണ് … എനിക്കൊന്നും തന്നെ സംഭവിച്ചിട്ടില്ല … ദയവ് ചെയ്ത നിങ്ങളിൽ ഒരാളായി എന്തു കൊണ്ട് എന്നെ നിങ്ങൾ കാണുന്നില്ല

ചിന്തകളുടെ ചോദ്യങ്ങൾക്ക് കടിഞ്ഞാൺ ഇട്ടുകൊണ്ട് കൂട്ടുകാരിൽ ആരോ ഒരാൾ പറയുന്നത് അവൾ ശ്രദ്ധിച്ചു .

” അനു … ദേ നോക്ക്യേ ആരാ മുഖ്യതിഥിയെന്ന്

വെട്ടിത്തിരിഞ്ഞ് സ്റ്റേജിലെ മുൻനിര കസേരയിലേക്ക് അവൾ കണ്ണുകൾ പായിച്ചു . ഉള്ളിലെവിടെയോ ഒരു കൊള്ളിയാൻ മിന്നിമാഞ്ഞു .

ദുഃഖങ്ങൾ കുമിഞ്ഞുകൂടി രൂപാന്തരപ്പെട്ടിരുന്ന അഗ്നിപർവ്വതത്തിൽ നിന്നും കാലങ്ങൾക്കപ്പുറം താൻ ചെയ്ത ചെയ്തികളും അതിനുശേഷം താൻ ഇന്നീ കാലമത്രതന്നെയും അനുഭവിച്ച വേദനകളും ഒരു പുകച്ചുരുളായ് , ധൂളിയായ് അതിൽ നിന്നും വമിച്ചു കൊണ്ടിരുന്നു . വിങ്ങിവീർത്ത ഹൃദയമിടിക്കാൻ പ്രയാസപ്പെടുന്നതു പോലെ .

” രാജുവേട്ടൻ …. ”

വിറകൊണ്ട ചുണ്ടുകളാൽ നിറകണ്ണുകളോടെ അവൾ പറഞ്ഞു .

” നിനക്കറിയോ അനു , രാജുവേട്ടൻ ബിടെക് കാരനായിരുന്നു . ജോലി രാജിവെച്ച് കൃഷിപ്പണിയിലേക്ക് ഇറങ്ങിയതാത്രേ . അന്ന് പാട്ടത്തിനെടുത്ത കൃഷിയിടം ഇന്ന് സ്വന്തമാണെന്ന കേൾവി . നൂതനമായ കൃഷിരീതിയെക്കുറിച്ചുള്ള പഠനം, അതേപ്പറ്റി കോളേജുകളിൽ ചെന്ന് പഠിപ്പിക്കും .. അങ്ങനെ എന്തൊക്കെയാ … നിനക്ക് ഇതൊന്നും അറീല്ലര്ന്നോ …! ”

” ഇല്ല…. ”

വളരെ പ്രയാസപ്പെട്ട് ഉള്ളിൽ പൊട്ടിയൊഴുകി കൊണ്ടിരുന്ന സങ്കട പ്രവാഹത്തെ കടിച്ചമർത്തികൊണ്ട് അവൾ പറഞ്ഞു . പരിപാടിയിൽ നടന്ന മുഖ്യപ്രഭാഷണമോ കലാപരിപാടികളിലോ ഒന്നിലും തന്നെ അവൾ ശ്രദ്ധ ചെലുത്തിയില്ല .

അദ്ദേഹത്തോട് ഒരു വട്ടമെങ്കിലും മാപ്പപേക്ഷിക്കണമെന്ന ചിന്ത മനസു നിറയെ ആർത്തിരമ്പിക്കൊണ്ടിരുന്നു .

പരിപാടികൾ കഴിയാൻ കാത്തു നിൽക്കാതെ നിന്റെ തിരക്കുകൾ അവരെ ബോധ്യപ്പെടുത്തി സമാപന ചടങ്ങിനു മുൻപ് തന്നെ രാജു പുറപ്പെടാൻ ഇറങ്ങി .

സ്വന്തം വാഹനത്തിൽ കയറി മടങ്ങാൻ തയാറെടുക്കുന്ന രാജുവിനെയാണ് കോളേജിന്റെ മൂന്നാം നിലയിൽ നിന്നും അനഘ കണ്ടത് .

ഉള്ളൊന്നു പിടിച്ചു കൊണ്ട് ആർക്കും തന്നെ മുഖം കൊടുക്കാതെ പടികൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത വിധം അവൾ ഓടിയിറങ്ങി . കണ്ണൊന്നു പിഴച്ചു കാലിടറി , തെന്നി വീണ് കൈപൊട്ടി രക്തമൊഴുകിയെങ്കിലും അതൊന്നും വകവെയ്ക്കാതെ തന്റെ ലക്ഷ്യത്തിലേക്കവൾ ഓടിക്കോണ്ടിരുന്നു .

” രാജുവേട്ടാ …… ”

ദയനീയവും ദുഖവും കലർന്ന പതറിയ സ്വരത്താൽ അയാളെ വിളിച്ച് ഓടിയലച്ച് എത്തിയെങ്കിലും തന്നെയാണോ വിളിച്ചതെന്ന് കേട്ടതായി പോലും ഭവിക്കാതെ , അവൾക്ക് മുഖം കൊടുക്കാതെ തന്നെ അയാൾ മുന്നോട്ട് പാഞ്ഞു .

” രാജുവേട്ടാ …. ഒന്നു നിൽക്കു രാജുവേട്ടാ ….

അയാൾക്ക് പിന്നാലെ കുറച്ചു ദൂരം ചെന്നെങ്കിലും അവൾ വൈകിപ്പോയിരുന്നു . ദൂരെ ഒരു പൊട്ടുപോലെ അയാൾ കണ്മുന്നിൽ നിന്നും മറയുന്നതുവരെ അവൾ നോക്കി നിന്നു . തന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ അവൾക്ക് തോന്നി . മൂകം അങ്ങിങ്ങായി തളം കെട്ടിയ നിരത്തിലൂടെ ശൂന്യമായ മനസുമായി അവൾ നടന്നു .

ജീവിതം അർത്ഥശൂന്യമായ് തോന്നിത്തുടങ്ങിയ നിമിഷം .

‘ തെറ്റുപറ്റിപ്പോയി തനിക്ക് , എന്തിനു വേണ്ടിയായിരുന്നു ഇതെല്ലാം ആർക്കു വേണ്ടിയായിരുന്നു …

അറിഞ്ഞു കൊണ്ട് താൻ ചെയ്ത തെറ്റ് അത് തിരുത്താൻ കിട്ടിയ അവസരം … പക്ഷെ ഇന്നദ്ദേഹം എന്നെ കൈവെടിഞ്ഞ് കഴിഞ്ഞ് …’

അഴിച്ചുവിട്ട നായപോലെ കുരച്ചുകൊണ്ട് ചിന്തകൾ പാഞ്ഞു നടന്നു . ശൂന്യമായ ഇടവേളകളെ ഭേദിച്ചതുകൊണ്ട് പല വാഹനങ്ങളും അതുവഴി കടന്നുപോയ് .

” മോളെ … എന്താ നീ വൈകിയേ …!!! എന്താ നിന്റെ മുഖം വാടിയിരിക്കുന്നേ …!? നിന്നെക്കാണാൻ ഒരാള് വന്നിട്ടുണ്ട് … ”

സന്തോഷത്തോടെ സിന്ധുവമ്മ പറഞ്ഞു .

കരഞ്ഞു കലങ്ങിയ തന്റെ മുഖഭാവത്തെ തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞ് അമ്മയുടെ തോളിൽ കിടന്ന തോർത്തെടുത്ത് മുഖം തുടച്ച് മറുത്തൊന്നും പറയാതെ അവൾ ഉമ്മറത്തേക്ക് ചെന്നു .

പണ്ടെങ്ങോ കണ്ടുമറന്നൊരു വേഷം , പുതിയതെന്ന് കണ്ടമാത്രയിൽ തോന്നിക്കുന്ന ചോന്ന ഷർട്ടും കസവ് മുണ്ടും . ദൂരേക്ക് നോക്കി അയാൾ തിരിഞ്ഞു നിൽക്കുകയാണ് . അവളുടെ മനസിൽ അത്ഭുതവും ഭയവും വർദ്ധിച്ചുവന്നു . നേർത്ത ഇടറിത്തുടങ്ങിയ സ്വരത്താൽ അവൾ ചോദിച്ചു

” അ …. ആരാ …?!! ”

വലിച്ചുകൊണ്ടിരുന്നു സിഗരറ്റ് കുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞ് അയാൾ അവളെ നോക്കി .

” സുഖം തന്നെയല്ലേ നിനക്ക് … ”

തളം കെട്ടിനിന്ന കണ്ണുനീർ പതിയെ ഒലിച്ചിറങ്ങി .

” മ് ….. രാജുവേട്ടനോ …! ”

” പിന്നെ … എനിക്കെന്താ കുഴപ്പം … നന്നായി തന്നെ പോവുന്നു … ”

” എന്തേ … ഞാൻ വിളിച്ചിട്ട് വണ്ടി നിർത്താതെ പോയത് ..? എനിക്കറിയാം മനപ്പൂർവ്വല്ലേ …!? ”

മുഖം കുനിച്ച് വാർന്നൊഴുകിയ കണ്ണുനീരിനെ തടുത്ത് മാറ്റിക്കൊണ്ട് പരിഭവത്താൽ അവൾ ചോദിച്ചു

” ഉവ്വോ …. നീ വിളിച്ചിരുന്നു … ഞാൻ അറിഞ്ഞീല്ല …. ”

ഒരു പുഞ്ചിരിയോടെ അയാൾ തുടർന്നു .

” നമുക്കൊന്ന് നടക്കാൻ ഇറങ്ങിയാലോ …. !”

സമ്മതം മൂളിയ ശേഷം അച്ഛനോടും അമ്മയോടും പറഞ്ഞ് അവർ യാത്രയായ് . പാടവരമ്പത്തുകൂടി നടക്കുമ്പോൾ ചൂടു കാറ്റ് അവരെ തഴുകി മാറിക്കൊണ്ടിരുന്നു . നടന്നെത്തിയത് വഴികൾ പല ദിക്കുകളിലേക്കായ് പിന്തിരിഞ്ഞു പോവുന്നതിനോട് ചേർന്നുള്ള അതെ അരയാലിന്റെ ചുവട്ടിൽ .

നേർത്ത നിശബ്ദത എങ്ങും നിറഞ്ഞു . കാറ്റ് അപ്പോഴും വീശിയടിച്ചുകൊണ്ടിരുന്നു . ആലിലകൾ തമ്മിൽ കിന്നാരം പറഞ്ഞു . മൂകമായ അന്തരീക്ഷത്തിനു വിരാമമിട്ടുകൊണ്ട് അവൾ സംസാരിച്ചു തുടങ്ങി .

” ഇക്കാലമത്രെയും ഒരാഗ്രഹേ മനസില്ണ്ടാര്ന്നുള്ളു … അറിഞ്ഞുകൊണ്ട് ചെയ്ത ഒരു തെറ്റ് …

അത് തിരുത്തണം … എന്നെങ്കിലും ഒരിക്കൽ രാജുവേട്ടനെ കാണാൻ സാധിച്ചാൽ മാപ്പ് ചോദിക്കണം .

” അനു … മാപ്പ് ചോദിക്കേണ്ട കാര്യമില്ല , നീ തെറ്റ് ചെയ്തതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല .

” രാജുവേട്ടാ … ”

” വേണ്ട …. അല്ലെങ്കിൽ തന്നെ ഒരു മാപ്പ് ചോദിച്ചാൽ തീരുന്നതാണോ നിന്റെ പ്രശ്നം …?

ഞാനെല്ലാം അറിഞ്ഞു അനു … ”

നിറകണ്ണുകളോടെ അവൾ അയാളെ നോക്കി .

” ഞാൻ ഇപ്പോഴും ഒരു കൃഷിക്കാരൻ തന്നെയാണ് . എന്റെ ജോലിയിൽ നീ തൃപ്തയാണെങ്കിൽ, എന്റെ പ്രായം നിനക്കൊരു പ്രശ്‌നമല്ലെങ്കിൽ , ഈ 44 കാരനെ വിവാഹം ചെയ്യാൻ നീ തയാറാണോ ..? എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടാണ് അനു ….”

അവളുടെ മുഖം തന്റെ കൈക്കുള്ളിൽ ചേർത്തുവെച്ച് അയാൾ ചോദിച്ചു .

” രാജുവേട്ടാ …..”

വിങ്ങിയ ഹൃദയത്തോടെ വിറങ്ങലിച്ച സ്വരത്തിൽ അവൾ വിളിച്ചു . ആ മിഴികൾ നിർത്താതെ കണ്ണീർ വാർത്തു .

” ഞാൻ സ്നേഹിച്ചത് നിന്നെയാണ് അനു … നിന്നെ മാത്രം … നിന്റെ ഭൂതകാലത്തേയോ ഭാവികാലത്തേയോ അങ്ങനെ മറ്റൊന്നും തന്നെ എനിക്കറിയേണ്ടതില്ല …. ”

ഇത്രയും പറഞ്ഞ് തീരും മുൻപ് പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ അയാളെ കെട്ടിപ്പുണർന്നു . ആ നെഞ്ചിൽ തലചായ്‌ച്ചു കൊണ്ടവൾ കാതോർത്തു ഇക്കാലമത്രതന്നെയും താൻ അറിയാതെ പോയ , തനിക്കു വേണ്ടി മിടിക്കുന്ന ആ ഹൃദയത്തെ . കാറ്റ് വീശിയടിച്ചുകൊണ്ടിരുന്നു

ആലിലകൾ കിന്നാരം പറയുന്നത് തങ്ങൾ ഇരുവരെയും കുറിച്ചാണെന്ന് അവൾക്ക് തോന്നി .

കണ്ണുകളടച്ചു ദീർഘമായി ശ്വസിച്ചുകൊണ്ട് അവൾ വീണ്ടും കാതോർത്തു കൈവിട്ടകന്ന ജീവിതമെന്ന് കരുതിയ ആ സ്നേഹ സ്പന്ദനത്തെ ……

ശുഭം….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ഗൗരി നന്ദന


Comments

Leave a Reply

Your email address will not be published. Required fields are marked *