ഇനി നിങ്ങളെ എനിക്ക് ഭർത്താവായി വേ- ണ്ട.. പിന്നെ മോ- ളുടെ കാര്യം അതവളോട് തീരുമാനം ചോദിക്കാം

പൂക്കാലം വരവായി

രചന : Jils lincy kannur

*****************

“മോഹൻ മറ്റാരുമായിട്ടെങ്കിലും റിലേഷനിൽ ആണോ”??

അപ്രതീക്ഷിതമായ ആ ചോദ്യം കേൾക്കവേ മോഹന്റെ കയ്യിലിരുന്ന ചായ ഗ്ലാസ്‌ തുളുമ്പി അല്പം ചായ അടുക്കളയുടെ ഗ്രാനൈറ്റ് ഫ്ലോറിൽ പരന്നു…

ഉള്ളിലെ ഞെട്ടൽ പുറത്തു കാണിക്കാതെ അയാൾ ഭാര്യയുടെ മുഖത്തേക്ക് നോക്കി.. യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ആ ചോദ്യവും ചോദിച്ചിട്ടവൾ രാവിലത്തെ പ്രാതലിനുള്ള പച്ചക്കറി നുറുക്കുകയാണ്…

ഉള്ളിലെ പതർച്ച മറച്ചു പിടിച്ചയാൾ ഭാര്യക്ക് മുൻപിൽ അഭിമുഖമായി നിന്ന് ചോദിച്ചു എന്തേ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം…

ഒന്നുമില്ല ആണോ എന്നറിയാൻ ചോദിച്ചതാണ്!!!

ഞാനെന്തിന് മറ്റൊരാളെ തേടണം നീ ഉള്ളപ്പോൾ….

എനിക്കതിന്റെ ആവശ്യമില്ല…

അപ്പോൾ ഇതെന്താണ്??

സ്മിത ഫോണിൽ ഒരു സ്ക്രീൻ ഷോർട് എടുത്ത് എന്റെ മുൻപിൽ വെച്ചു…

താനും വീണയുമായുള്ള ചാറ്റിങ്!!

ഇതെങ്ങനെ ഇവൾക്ക് കിട്ടി!!

മിടിക്കുന്ന ഹൃദയത്തോടെ അയാൾ അവളെ നോക്കി..അവളുടെ രണ്ടു കണ്ണുകൾ തന്റെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ ഒപ്പുന്ന പോലെ തന്റെ മുഖത്തുറച്ചിരുന്നു…

ഒരു നിമിഷം വാക്കുകൾ കിട്ടാത്ത അവസ്ഥ!!

ഒന്നും പറയാനാവുന്നില്ല… അവളൊന്നു ദേഷ്യപ്പെട്ടിരുന്നെങ്കിലോ അല്ലെങ്കിൽ കരഞ്ഞിരുന്നെങ്കിലോ തനിക്ക് അല്പം കൂടി പറഞ്ഞു രക്ഷപെടാമായിരുന്നല്ലോ എന്നയാൾ ചിന്തിച്ചു….

പൊതുവേ തൊട്ടാവാടിയായ അവളുടെ നിശബ്ദമായ ശക്തമായ വാക്കുകൾ അയാളെ തീർത്തും പ്രതിരോധത്തിലാക്കി തീർത്തു…

ഞാൻ… അയാൾ എന്തോ പറയാനാഞ്ഞു….

മോഹൻ…. ഞാൻ ആ മെസ്സേജ് മൊത്തം വായിച്ചു…

നിങ്ങളുടെ റിലേഷൻ ഷിപ്പിന്റെ ആഴം മനസ്സിലാക്കാനൊന്നും ഞാൻ നോക്കുന്നില്ല.. പക്ഷേ വർഷങ്ങൾക്ക് ശേഷം മോഹനിൽ ഒരു പ്രണയിതാവിന്റെ മാറ്റം ഞാൻ കണ്ടു…. വീണ ഡിവോഴ്സ്ഡ് ആയത് കൊണ്ട് ഒരു സെക്കന്റ്‌ മാര്യേജ് അവൾക്ക് ആലോചിക്കാവുന്ന ഓപ്ഷൻ ആണ്…

പക്ഷേ അവളുടെ ആഗ്രഹത്തിന് മോഹൻ കൊടുത്ത മറുപടിയാണ് എന്നെ ചിന്തിപ്പിച്ചത്…

സ്മിതയും മോളും എങ്ങനെ ജീവിക്കും..

സ്മിതയോടു ഒഴിവായി തരണം എന്ന് എങ്ങനെ പറയും എന്നെല്ലാം….

എന്തിനാണ് മോഹൻ ഇങ്ങനെ കഷ്ടപ്പെട്ട് എന്റെ ഭർത്താവായി ഇരിക്കുന്നത്???

ദാ!!ഞാൻ സമ്മതിച്ചിരിക്കുന്നു….

മോഹന് എന്നെ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ നഷ്ടപ്പെട്ടുവെങ്കിൽ.. എന്നെ ഒരു ബാധ്യതയായി ചുമന്നു കൊണ്ട് നടക്കേണ്ട… നിങ്ങളും വീണയുമൊന്നിച്ചുള്ള യാത്രകളും ജീവിത സ്വപ്നങ്ങളും എന്തിനേറെ പറയുന്നു വീണ ജീവിതത്തിലേക്ക് വന്നാൽ എന്റെ ജീവിതം അല്പം കൂടി സുന്ദരമാകുമെന്ന മോഹന്റെ വാക്കുകളും ഞാൻ ആ മെസ്സേജിൽ വായിച്ചു….

മതി!! നിർത്തിക്കോളൂ ഈ നാടകം…. ഞാൻ എന്തിനും തയ്യാറാണ്.

മോഹന്റെ തീരുമാനം എന്താണ്?

ഇപ്പോൾ മോഹൻ തീർത്തും പ്രതിരോധത്തിലായി..

ഈ വിവരം എന്നെങ്കിലും സ്മിത അറിഞ്ഞാൽ വലിയ ഭൂകമ്പം ഉണ്ടാകും എന്നാണ് വിചാരിച്ചിരുന്നത്….

മറ്റേതൊരു പെൺകുട്ടിയെ പോലെ അവളും കുറെ കരഞ്ഞു വഴക്കുണ്ടാക്കി

അവസാനം ഒരു വലിയ പൊട്ടിത്തെറിയിൽ ഇത് അവസാനിക്കും എന്നായിരുന്നു താൻ കരുതിയത്…

പക്ഷേ ഇപ്പോൾ ജീവിതത്തിൽ ഒരിക്കൽ പോലും കാട്ടാത്ത ഒരു നിലപാട് അവൾ എടുത്തിരിക്കുന്നു

എന്ത് പറയും??

ഞാൻ…

മോഹൻ എന്തോ പറയാൻ തുടങ്ങി….

വീണ എന്റെ ഫ്രണ്ട് ആണന്നല്ലേ.. അത് വേണ്ട…മോഹൻ…

ഇനി നിങ്ങളെ എനിക്ക് ഭർത്താവായി വേണ്ട..

പിന്നെ മോളുടെ കാര്യം അതവളോട് തീരുമാനം ചോദിക്കാം… തീരെ ചെറിയ കുട്ടിയൊന്നുമല്ലല്ലോ എട്ടാം ക്ലാസ്സിൽ ആയില്ലേ….

അത് കേൾക്കവേ എന്തോ മോഹന്റെ ഹൃദയത്തിൽ ഒരു വേദന പൊടിഞ്ഞു…

പിന്നെ കുറച്ചു നാൾ കൂടി നിങ്ങൾ എനിക്ക് വേണ്ടി ഈ ഭർത്താവ് പോസ്റ്റ്‌ ഒന്ന് തുടരണം….

നിങ്ങൾ പോയാലും ഞങ്ങൾക്ക് ജീവിക്കേണ്ടേ!!!

ഒരു ചെറിയ ജോലി കിട്ടുന്ന കോഴ്സ് എന്തെങ്കിലും ചെയ്യണം.. ജോലി കിട്ടുന്നത് വരെ എനിക്കിവിടെ നിൽക്കണം അതിന് ശേഷം ഞാനും മോളെന്റെ കൂടെ വരുമെങ്കിൽ അവളും ഇവിടെ നിന്ന് പോകും എന്നെന്നേക്കുമായി!!”

അവസാനത്തെ വാക്കുകൾ പറയുമ്പോൾ സ്മിതയുടെ സ്വരം ഇടറിയിരുന്നു…

സ്മിത റൂമിലേക്ക് കയറി പോകവേ മോഹൻ ഒരു വല്ലാത്ത അസ്വസ്ഥതയോട് കൂടി അവിടെ നിന്നു..

ഒരു നിമിഷം വല്ലാത്തൊരു ശൂന്യതയും കുറ്റബോധവും തന്നിൽ വന്ന് നിറയുന്നത് അയാളറിഞ്ഞു…

വീണ അവളെത്തുന്നത് വരെ . സന്തോഷമായിരുന്നു തങ്ങളുടെ ജീവിതം… പക്ഷേ പിന്നീട് മനസ്സെപ്പോഴോ വീണയിലേക്ക് ചാഞ്ഞിരുന്നു…

ആദ്യമൊക്കെ ആദ്യ വിവാഹം തകർന്ന ഒരാളോടുള്ള സഹതാപം ആയിരുന്നു എങ്കിൽ പിന്നീടത് പ്രണയമായി മാറുകയായിരുന്നു…..

പക്ഷേ ഇപ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന് മനസ്സ് പറയുന്നത് പോലെ തോന്നി….. പക്ഷേ ഇനി വീണയെ ഉപേക്ഷിക്കാൻ ആവില്ല…

റൂമിൽ കയറി കട്ടിലിൽ കിടന്നതും സ്മിതക്ക് തന്റെ ഹൃദയം പൊട്ടുന്നത് പോലെ തോന്നി….

മരണം വരെ കൂടെ ഉണ്ടാകുമെന്ന് വിചാരിച്ച ആളാണ് ഒരക്ഷരം മിണ്ടാതെ തെറ്റുകാരനെ പോലെ മുൻപിൽ നിന്നത്…

മനസ്സിലെ സങ്കൽപ്പങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നിരിക്കുന്നു….

വീണയെ കുറിച്ചാലോചിച്ചു… അവൾക്ക് തന്നെക്കാൾ ഭംഗിയുണ്ടോ?? ഒരിക്കലുമില്ല….

അവൾ അല്പം മോഡേൺ ആയി നടക്കുന്നത് കൊണ്ട് എന്തോ ഒരു ആകർഷണീയത ഉണ്ട്! അത്ര തന്നെ..കഴിഞ്ഞ തവണത്തെ ഫാമിലി മീറ്റിനാണ് അവസാനമായി അവളെ കണ്ടത്… അന്ന് തന്നെ കാണവേ ഒരു വല്ലാത്ത അസ്വസ്ഥത അവളിൽ വന്നതിന്റെ കാരണം ഇപ്പോളാണ് മനസ്സിലാകുന്നത്….

ബെഡ്റൂമിലെ നീളൻ കണ്ണാടിയിൽ തന്നെ കാണവേ സ്മിതയുടെ കണ്ണുകൾ നിറഞ്ഞു വന്നു…. മാളു ഇവിടെ ഇല്ലാത്തത് നന്നായി അല്ലെങ്കിൽ അവളോട് എന്ത്‌ പറയും… അച്ഛനും അമ്മയും പിരിയുന്നത് അവൾക്ക് സഹിക്കാൻ കഴിയുമോ???

കണ്ണാടിയിൽ കാണുന്ന സ്മിത മോഹന്റെ ആഗ്രഹത്തിലുള്ള സ്മിതയായിരുന്നു… മോഹന് തന്റെ നീളൻ മുടി ഇഷ്ടമായിരുന്നു അതു കൊണ്ട് താൻ മുടി നീട്ടി വളർത്തി… മോഹന് മോഡേൺ വസ്ത്രങ്ങൾ ഇഷ്ടമായിരുന്നില്ല അതു കൊണ്ട് തന്റെ ഇഷ്ടങ്ങൾ സാരിയിലും വല്ലപ്പോഴും ചുരിദാറിലും ഒതുങ്ങി….

മോഹന് ഇളം നിറങ്ങളായിരുന്നു ഇഷ്ടം അതു കൊണ്ട് തന്റെ വസ്ത്രങ്ങൾക്കെല്ലാം ഒരു മങ്ങൽ ഉണ്ടായിരുന്നു…. മോഹന്റെ സ്മിത അതായിരുന്നു ഇക്കഴിഞ്ഞ പതിമൂന്ന് വർഷങ്ങൾ തന്റെ മേൽവിലാസം… ഇനി അതു മാറാൻ പോകുന്നു….

വീണയെ കുറിച്ചാലോചിച്ചു മോഹൻ അവൾക്കൊരു നല്ല ഭർത്താവ് ആയിരിക്കും അങ്ങനെ ആവട്ടെ…

ഒരു യാചകിയെ പോലെ സ്നേഹത്തിനായി ഇരന്ന് ജീവിക്കുന്നതിലും നല്ലത് വിട്ട് കൊടുക്കുന്നതാണ്….

എത്ര ഒക്കെ ധൈര്യം കാണിച്ചിട്ടും മനസ്സ് കൈവിട്ട് പോകുന്നു… തെറ്റ് പറ്റിപ്പോയി നിന്നെയും മോളെയും എനിക്ക് വേ^ണമെന്ന് മോഹൻ പറഞ്ഞിരുന്നെങ്കിൽ!!!

വെറുതെ മനസ്സ് ആശിച്ചു പോയി….

*******************

പിറ്റേന്ന് രാവിലെ മോഹൻ എഴുന്നേറ്റ് വന്നപ്പോൾ മാളു ഹാളിലിരുന്ന് പഠിക്കുന്നുണ്ട്… മോളെപ്പോൾ എത്തി??

ഞാൻ രാവിലെ വന്നു അച്ഛാ ഇന്ന് ക്ലാസ്സില്ലേ.. അതു കൊണ്ട് മാമൻ എന്നെ രാവിലെ കൊണ്ട് വിട്ടു…

അവൾ രണ്ടു ദിവസമായി സ്മിതയുടെ ആങ്ങളയുടെ വീട്ടിലായിരുന്നു…

അവൻ ഇവിടെ തന്നെ ഒരു MNC യിൽ വർക്ക്‌ ചെയ്യുകയാണ്…

അടുക്കളയിൽ ചെന്നപ്പോൾ സ്മിതയെ കണ്ടില്ല!!

അമ്മയെവിടെ??

ആഹാ.. അച്ഛനോട് അമ്മ പറഞ്ഞില്ലേ അമ്മ എന്തോ കോഴ്സ് ചെയ്യുന്ന കാര്യം.. അച്ഛന് തിരക്കായത് കൊണ്ട് മാമനെ കൂട്ടിയാണ് അമ്മ ഇന്ന് ജോയിൻ ചെയ്യാൻ പോയത്….

അപ്പോൾ അവൾ രണ്ടും കൽപ്പിച്ചാണ്……

അന്ന് ഓഫീസിൽ ചെന്നപ്പോൾ തന്റെ മുഖം കണ്ടിട്ടാവണം വീണ ചോദിച്ചു എന്ത് പറ്റി മോഹൻ??

ഓഫീസിന്റെ കാന്റീനിൽ ഇരുന്ന് കാര്യങ്ങൾ പറയവേ വീണ പറഞ്ഞു… നമ്മുടെ തടസ്സങ്ങൾ ദൈവമായി മാറ്റി തരികയാണല്ലോ!!”

എന്തോ എന്റെ മനസ്സിൽ ഒരു സന്തോഷവും തോന്നിയില്ല!! പക്ഷേ പാവം വീണ…. ഈ പാവത്തിനെ ചതിക്കാൻ മനസ്സ് വരുന്നില്ല!!

ഏതോ ഒരു നിമിഷത്തിൽ പ്രതീക്ഷ കൊടുത്തു പോയി വിവാഹം കഴിക്കാമെന്ന്…..

പക്ഷേ മറുവശത്തു സ്മിതയും മോളും…

അന്ന് വൈകുന്നേരം വീട്ടിൽ ചെന്നപ്പോഴും അവൾ വീട്ടിലില്ല… എന്താണ് വൈകുന്നത്..

മോളോടെങ്ങനെ ചോദിക്കും തങ്ങൾ തമ്മിൽ പ്രശ്നത്തിലാണോ എന്നവൾ സംശയിക്കില്ലേ…

വസ്ത്രം മാറി പത്രമെടുത്തു മുൻവശത്തിരിക്കവേ മാളു വന്ന് കെട്ടിപിടിച്ചു പറഞ്ഞു.. ഞാൻ കല്യാണം കഴിക്കുകയാണെങ്കിൽ എന്റെ അച്ഛയെ പോലെ ഒരാളെയെ കെട്ടു!!

അത് കേട്ടതും കുറ്റബോധം കൊണ്ട് നെഞ്ച് വിങ്ങി തന്നെ പോലൊരാൾ തന്റെ മകൾക്ക്!!!

മം.. എന്തേ താൻ ചോദിച്ചു…

അല്ല ഈ പ്രായത്തിൽ അമ്മയെ ഡാൻസ് പഠിക്കാൻ സമ്മതിക്കണമെങ്കിൽ എല്ലാവർക്കും പറ്റില്ല…

ഓഹോ അവൾ ഡാൻസ് ക്ലാസ്സിന് ചേർന്നോ??

കോളേജിൽ പഠിക്കുമ്പോൾ കലാതിലകം ആയിരുന്നു.

വിവാഹംശേഷം എനിക്കതിഷ്ടമായിരുന്നില്ല

അവളതിന് എതിരും പറഞ്ഞില്ല..

ദാ വന്നല്ലോ നർത്തകി…

മുൻവശത്തെ ഗേറ്റ് തുറന്ന് അപ്പോഴേക്കും സ്മിത കയറി വന്നു…..

പിന്നീടങ്ങോട്ട് പരസ്പരം കാണാതെ മിണ്ടാതെ

ഒരു വീട്ടിൽ മാളുവിനും എന്തൊക്കെയോ മനസ്സിലായി തുടങ്ങിയപോലെ….

സ്മിത പാടെ മാറിപ്പോയി.. തനിക്കിഷ്ടമുള്ള നീളൻ മുടി അവൾ തോളൊപ്പം വെച്ച് മുറിച്ചു കളഞ്ഞു…

സാരിയിൽ നിന്ന് ചുരിദാറിലേക്കും ഇപ്പോൾ ജീൻസും ടോപ്പിലേക്കും വസ്ത്രങ്ങൾ മാറി… ഒരു പാട് ഫ്രണ്ട്‌സ് ഉണ്ടായി ഒരിടക്ക് മോൾ തന്നെ പറഞ്ഞു..

അച്ഛാ അമ്മയെ നോക്കിക്കോ കേട്ടോ അല്ലെങ്കിൽ വല്ല പയ്യന്മാരും കൊണ്ട് പോകും എന്ന്…

അതേറെക്കുറെ ശരിയുമായിരുന്നു.. നൃത്തം ചെയ്ത് മെലിഞ്ഞ ശരീരത്തിലും മുറിച്ചിട്ട മുടിയിലും പിന്നെ സ്വതവേ ഉള്ള ഭംഗിയിലും നിറമുള്ള വസ്ത്രങ്ങളിലും അവളൊരു ഇരുപതു കാരിയെ പോലെ തോന്നിച്ചു…

മോളുടെ സ്കൂളിലെ ഒഴിവാക്കാനാവാത്ത ഒരു പ്രോഗ്രാമിൽ അവളുമൊന്നിച്ചു പോകവേ ചുറ്റുമുള്ള ആണുങ്ങളുടെ നോട്ടങ്ങൾ അവളിലേക്ക് പാറി വീഴുന്നത് മോഹൻ കണ്ടു…

ഈ കുറച്ചു നാളുകൾ കൊണ്ട് താൻ വൃദ്ധനായപോലെ അയാൾക്ക് തോന്നി…

തന്നെയുള്ള അലക്ക് കൊണ്ട് വസ്ത്രങ്ങൾ നരച്ചിരിക്കുന്നു.. എത്ര തേച്ചാലും നിവരാത്ത പോലെ ഷർട്ടിൽ അവിടിവിടായി ചുളുക്കുകൾ വീണ് കിടക്കുന്നു.. പുറമെ നിന്നുള്ള ഭക്ഷണം കൊണ്ട് ശരീരം ക്ഷീണിച്ചിരുന്നു….

വീണയുടെ മകന് സുഖമില്ലാത്തതിനാൽ കുറച്ചു ദിവസമായി അവൾ ലീവിലാണ്…

വല്ലാത്ത ഒറ്റപ്പെടൽ…

അങ്ങനെ ഇരിക്കെ ഒരു ദിവസമാണ് മാളു പറഞ്ഞത് അച്ഛാ ഇന്ന് വൈകിട്ട് നമുക്ക് ഒരു സ്ഥലം വരെ പോകാമെന്ന്.. താല്പര്യം ഉണ്ടായിട്ടല്ല പിന്നെ അവളുടെ സന്തോഷത്തിന് സമ്മതിച്ചു…

കുറച്ചധികം ഡ്രൈവ് ചെയ്യാനുണ്ടായിരുന്നു…

ഇതെങ്ങോട്ടാ മാളു!!അമ്മ നിന്നെ അന്വേഷിക്കില്ലേ??

ഒരു മ്യൂസിക് പ്രോഗ്രാം ആണെന്റെ അച്ഛാ ഞാൻ അമ്മയോട് വൈകും എന്ന് പറഞ്ഞിട്ടുണ്ട്…..

ഹാളിൽ കയറി വീണക്ക് മെസ്സേജ് ഇട്ടു…

തിരക്കിലാണോ…

“മോഹൻ ഞാൻ മോനെയും കൊണ്ട് ഹോസ്പിറ്റലിൽ ആണുള്ളത് ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം..”..കുഞ്ഞിന് കുറച്ചു നാളായി പനി ആണെന്നാണ് അവൾ പറഞ്ഞത്…

പ്രോഗ്രാം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആണ് അന്നൗൺസ്‌മെന്റ് കേട്ടത് നെക്സ്റ്റ് പ്രോഗ്രാം മോഹിനിയാട്ടം വേദിയിൽ സ്മിത മോഹൻ…

വർഷങ്ങൾക്ക് ശേഷം സ്മിത സ്റ്റേജിൽ…

ആ വേഷത്തിൽ അവൾ അതി സുന്ദരിയായിരിക്കുന്നു…

മനോഹരമായ നൃത്തം!!

കാണികൾ ആർപ്പ് വിളിച്ചു…

സുന്ദരം !!സമ്മോഹനം!!

പരിപാടി കഴിഞ്ഞവൾ ഇറങ്ങി വന്നപ്പോഴേക്കും ആളുകൾ ചുറ്റിനും കൂടി അനുമോദനങ്ങൾ കൊണ്ട് മൂടി…

പ്രോഗ്രാമിന്റെ സംഘാടകൻ lucky man! എന്ന് പറഞ്ഞു കൊണ്ട് തന്റെ തോളത്തു തട്ടി…

അപ്പോഴാണ് താൻ കണ്ടത് ഗേറ്റ് കടന്ന് പോകുന്ന തന്റെ G M ന്റെ കാർ അതിന്റെ ഫ്രണ്ട് സീറ്റിൽ ഇരിക്കുന്ന വീണ!! തന്നെ കണ്ട മാത്രയിൽ അവൾ തല കുനിച്ചു കളഞ്ഞു…

ചതി!!!

അവൾക്ക് പല ആളുകളിൽ ഒരാൾ മാത്രം താൻ

വഞ്ചകി…

തന്നെ പറഞ്ഞാൽ മതി മറ്റൊരുവളുടെ വാക്ക് കേട്ട് സ്വന്തം ഭാര്യയെ ഒഴിവാക്കാൻ ശ്രമിച്ചവൻ!!!

തന്റെ പണമായിരുന്നു അവൾക്ക് വേണ്ടത്….

തന്നെക്കാൾ വലിയ ആളെ കിട്ടിയപ്പോൾ അവൾ തന്നെ വിട്ടു…

അന്ന് വീടെത്തിയത് എങ്ങനെ എന്നറിയില്ല….

പിറ്റേന്ന് രാവിലെ സ്മിത വീടിന്റെ താക്കോലുമായി തന്റെ റൂമിലേക്ക് വന്നു.. നാലുമാസത്തിന് ശേഷം ആദ്യമായി….

മോഹൻ ഞാനും മോളും ഇന്ന് നാട്ടിലേക്ക് പോകും… തല്ക്കാലം കുറച്ചു ദിവസം നിൽക്കാൻ എന്നാണ് അവളോട് പറഞ്ഞിരിക്കുന്നത്..

പിന്നെടെല്ലാം അവൾ അറിയുമ്പോൾ അറിയട്ടെ!!

അതവൾ പറയുബോൾ മോഹൻ വേദനയോടെ തല താഴ്ത്തി…. തന്റെ കുടുംബം തകർന്നിരിക്കുന്നു ഇനി ഒരു കൂട്ടി ചേർക്കലുകളില്ലാതെ…

അല്ല താനായിട്ട് തകർത്തിരിക്കുന്നു….

വീണ മോഹന്റെ സങ്കൽപ്പങ്ങൾ എല്ലാം പൂവണിയിക്കുന്ന ഒരു ഭാര്യയായിരിക്കട്ടെ… അതു പറഞ്ഞതും മോഹൻ അവളുടെ കയ്യിൽ പിടിച്ചു ചോദിച്ചു എന്നോട് ക്ഷമിക്കാൻ പറ്റുമോ നിനക്ക്..

പറ്റില്ല എന്നെനിക്കറിയാം എന്നാലും…

അവസാനമായി ഒരിക്കൽ കൂടി അത് ചോദിക്കവേ എന്തോ അമ്മയെ നഷ്ടപെട്ട ഒരു കുഞ്ഞിനെപോലെ അയാൾ എങ്ങി കരഞ്ഞു…

സത്യമായിട്ടും നിന്റെ അബ്സെൻസിലാണ് നീ എനിക്കാരായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്…

നീ ഇല്ലാതെ എനിക്ക് പറ്റില്ല എന്ന് മനസ്സിലായത്…

എന്നോട് ക്ഷമിക്കൂ അയാൾ പൊട്ടി കരഞ്ഞു….

തന്റെ കയ്യിൽ പിടിച്ച ആ കൈകൾ പിടിച്ചു സ്മിത പറഞ്ഞു ഞാൻ ക്ഷമിക്കാം അവസാനമായി…

കാരണം എന്റെ കുഞ്ഞിന് അച്ഛൻ വേണം..

പക്ഷേ ഇനി എന്റെ ഇഷ്ടങ്ങൾ കൂടി ഞാൻ കൂടെ കൂട്ടും.. മോഹന്റെ സ്മിതയായിട്ടല്ല.. സ്മിതയുടെ ഭർത്താവെന്ന പേരിലും നിങ്ങളുടെ അഡ്രെസ്സ് മാറും എന്നർത്ഥം!!!

അയാൾക്കെല്ലാം സമ്മതമായിരുന്നു… അത് കാമുകി ഇട്ടിട്ട് പോയത് കൊണ്ടല്ല.. ഭാര്യക്ക് പകരം വെക്കാൻ മറ്റാരും മതിയാവില്ല എന്ന തിരിച്ചറിവിൽ തന്നെയായിരുന്നു….

സ്മിതയും ചിലതെല്ലാം തിരിച്ചറിഞ്ഞിരുന്നു…

വെറുതെ ഒരു ഭാര്യയായിരുന്നിട്ട് കാര്യമില്ല എന്ന്…

നമുക്ക് നമ്മളോട് ഒരു സ്നേഹവും ബഹുമാനവും ഇല്ലെങ്കിൽ മറ്റുള്ളവർക്ക് പിന്നെങ്ങനെ ഉണ്ടാകും…….

പ്രിയപ്പെട്ട സ്ത്രീകളെ കുടുംബത്തിനും കുട്ടികൾക്കുമായി സമയവും ജീവിതവും മാറ്റി വെക്കുമ്പോൾ തനിക്ക് കൂടി അല്പം സമയം കണ്ടെത്തു.. ഇഷ്ടങ്ങളെ നെഞ്ചോട് ചേർക്കു…

ആഗ്രഹങ്ങളെ മാറ്റി വെക്കാതിരിക്കൂ…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Jils lincy kannur