എന്നാലും അവളെന്നെ ഇട്ടിട്ടു പോയില്ലേ ജോസഫേട്ടാ. പൊന്നു പോലല്ലേ ഞാനവളെ സ്നേഹിച്ചേ

രചന : Akhil krishna

എന്നാലും അവളെന്നെ ഇട്ടിട്ടു പോയില്ലേ ജോസഫേട്ടാ….. പൊന്നു പോലല്ലേ ഞാനവളെ സ്നേഹിച്ചേ

പട്ടി മോങ്ങുന്ന പോലുള്ള എന്റെ കരച്ചിൽ ആ പാടവരമ്പത്തെ കലുങ്കിനു പുറത്തേക്കും പ്രതിധ്വനിച്ചുകൊണ്ടിരുന്നു. പൊന്നുപോലെ ഞാൻ സ്നേഹിച്ച ആനി എന്നെ വേണ്ടാന്നു വെച്ചതിന്റെ വിഷമം തീർക്കാൻ നാട്ടിലെ ആസ്ഥാന പാമ്പായ ജോസഫേട്ടന്റെ കൂടെ വീടിന്റെ തൊട്ടടുത്തുള്ള കലുങ്കിലിരുന്നു ആദ്യമായി കള്ളു കുടിക്കുകയായിരുന്നു ഞാൻ.

” എന്നാത്തിനാ ജോമോനെ നീ വിഷമിക്കുന്നേ അവള് പോട്ടെ ടാ….. കടുക്കനിട്ടത് പോയാ കമ്മലിട്ടത് വരും , നീയിത് പിടിപ്പിക്കെടാ കൊച്ചനേ ”

“താൻ പോടോ കിളവാ … അല്ല ജോസഫേട്ടാ….. എനിക്ക് സങ്കടം സഹിക്കാൻ മേലാ…”

ജോസഫേട്ടൻ നീട്ടിയ അന്തി കള്ള് വായിലോട്ട് കമത്തികൊണ്ട് എന്റെ കരച്ചിലിന്റെ ശബ്ദം ഞാൻ ഒന്നു കൂടി കൂട്ടി.

“സാരമില്ലെടാ കൊച്ചനേ…. നീ വിഷമിക്കുന്നത് കാണാൻ മേലാ …. ഞാൻ പോകുവാ ”

എളിയിൽ കയ്യും കുത്തി എഴുന്നേക്കാൻ പെടാപാടുപെടുന്ന ജോസഫേട്ടനെ ഞാൻ നോക്കിയിരുന്നു. അപ്പോഴേക്കും ആനിയുടെ ഓർമ്മ വീണ്ടും വന്നു.

“ആനി കൊച്ചേ…. ” ഒന്നൂടെ ഉച്ചത്തിൽ കരയാൻ തുടങ്ങിയതും: “ജോമോനെ” എന്ന വിളി കേട്ടതും ഒരുമിച്ചായിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ ദാണ്ടേ നിക്കുന്നു അമ്മച്ചി .

” അമ്മച്ചി …… ആനി കൊച്ചിന്റെ കല്യാണമുറപ്പിച്ചു അമ്മച്ചീ .ഒരു മാസം കഴിഞ്ഞാ അവളുടെ കല്യാണാ… അവളെന്നെ വേണ്ടാന്നു പറഞ്ഞമ്മച്ചീ…….” കരച്ചിലിന്റെ ശബ്ദം കൂട്ടി അമ്മച്ചിയുടെ അടുത്തേക്ക് ഓടി വന്നതും ഒറ്റയടിയായിരുന്നു. ചെവിയിൽ നിന്നെന്തോ തെറിച്ചു പോയ പോലെ.

” എന്റെ കർത്താവേ ചെവി അവിടെ തന്നെയുണ്ടോ ” ഞാൻ തൊട്ടു നോക്കി.

“എടാ നാണംകെട്ടവനെ ഒരുത്തി ഇട്ടേച്ചു പോയപ്പോഴേക്കും തൊടങ്ങിയൊ കള്ളുകുടി. വെച്ചുണ്ടാക്കി തരാൻ മാത്രമല്ല ആവശ്യം വന്നാ നിന്റെ കാലു തല്ലിയൊടിക്കാനും ഈ അന്നാമ്മയക്ക് അറിയാം കേട്ടോ ടാ”

മുയൽ കുഞ്ഞിനെപ്പോലെ എന്റെ ചെവിക്ക് പിടിച്ച് അമ്മച്ചി എന്നെ നേരെ കിണറ്റിൻ കരയിലേക്കാ കൊണ്ടുപോയത്. രണ്ട് ബക്കറ്റ് വെള്ളം കോരി എന്റെ തലയിലൊഴിച്ചു.

” എന്നാലും അമ്മച്ചി അവളെന്നെ വേണ്ടാന്നു വെച്ചില്ലേ ….”

“നിർത്തെടാ … ഇനി വാ തുറന്നാ വായിൽ ഞാൻ വല്ലോം കുത്തി കേറ്റും കെട്ടോ ടാ”

തല തുടച്ചു കൊണ്ട് അമ്മച്ചി എന്ന കൊണ്ടുപോയതു കർത്താവിന്റെ രൂപത്തിന്റെ മുന്നിലേക്കായിരുന്നു.

കർത്താവിനു മുന്നിൽ വെച്ച് അമ്മച്ചിയുടെ തലേ തൊട്ട് എനിയൊരിക്കും കള്ളു കുടിക്കുകേലന്ന് ഞാനങ്ങ് സത്യം ചെയ്തു കൊടുത്തു.

”എടാ ജോമോനെ …. പണ്ട് നിന്റപ്പൻ വർക്കി, നിനക്ക് രണ്ടു വയസ്സള്ളപ്പോൾ ഏതോ ഒരുത്തിയേയും കൂട്ടി നാടുവിട്ടു. എന്നിട്ടും ഈ അന്നാമ്മ ജീവിച്ചത് നിനക്ക് വേണ്ടിയാ ചെർക്കാ .. ആ നീ ഏതോ ഒരുത്തിയുടെ പേരും പറഞ്ഞ് കുടിച്ചു നശിച്ച നിന്റെ അമ്മച്ചിക്ക് സഹിക്കുവോടാ….

നമ്മളെ വേണ്ടാത്തൊരു പോവട്ടെടാ നമ്മളെ വേണ്ടോര് നമ്മളെ തേടി വരും”

” എന്നാലും അമ്മച്ചി ”

“എന്ത് എന്നാലും, നീ ആ കൊച്ചിന്റെ കല്യാണത്തിനു പോയി രണ്ട് പ്ലേറ്റ് ബിരിയാണി തട്ടിയേച്ചും വാടാ ചെർക്കാ…”

അമ്മച്ചിയുടെ വാക്കും കേട്ടു ഞാൻ ആനിയുടെ കല്യാണം കൂടാൻ പോയി.

ബൈക്കിന്റെ ശബ്ദം കേട്ടതും അമ്മച്ചി പുറത്തേക്കു വന്നു.

“ഇതെന്നാ അമ്മച്ചി കണ്ണ് ബുൾസൈ പോലെ വച്ചേക്കുന്നേ”

“ഏതാടാ നാറീ ഈ പെണ്ണ് “എന്റെ തൊട്ടപ്പുറത്ത് നിക്കുന്ന മേരിയെ നോക്കി അമ്മച്ചി ചോദിച്ചു.

” അമ്മച്ചി … ഇതാ മേരി. ആനിയെ കെട്ടുന്ന വിൽസൺ ഇല്ലേ. അവന്റെ പെങ്ങളാ”

“അതിനു നീ എന്നാത്തിനാ ഈ കൊച്ചിനെ ഇങ്ങോട്ടു വിളിച്ചോണ്ടു വന്നേക്കുന്നേ”

” അമ്മച്ചി അന്നു പറഞ്ഞില്ലേ നമ്മളെ വേണ്ടവർ നമ്മളെ തേടി വരുമെന്ന് .. വന്നു ”

” എന്തോന്ന് ”

” അന്ന് കള്ളും കുടിച്ചു കിടന്ന രാത്രി പെട്ടെന്ന് തലേലൊരു ബോധോദയം ആനിയെ കെട്ടാൻ പോകുന്നവനെ ഒരു ഇരുട്ടടി അടിക്കാൻ .നേരേ അങ്ങോട്ടു വെച്ചുപിടിച്ചു.ഒടിളക്കി ചെന്നത് ഇവളുടെ മുറിയിലേക്കാ .ഇവളാണെങ്കിൽ ഏതോ ഒരുത്തൻ പറ്റിച്ചെന്നും പറഞ്ഞ് ചാവാനായി വിഷം പിടിച്ചോണ്ടിരിക്കുന്നു. പിന്നെ അമ്മച്ചി പറഞ്ഞ ഡയലോഗ് ഞാനങ്ങ് കാച്ചി. അങ്ങനെ ആനി എന്നെ പറ്റിച്ചതും ഇവളെ ആ ചെക്കൻ പറ്റിച്ചതും പറഞ്ഞ് ഞങ്ങളവിടെയിരുന്നു.പിന്നെ ഇവളുടെ ആങ്ങള പറ്റിച്ച പെൺപിള്ളേരുടെ പേര് എഴുതിയ ഒരു ബുക്കിന്റെ പേജ് തികയാതെ വരുവെന്ന്.അങ്ങനെ കഥയൊക്കെ പറഞ്ഞ് വന്നപ്പോ ഞങ്ങളു നല്ല കൂട്ടായി .പിന്നെ ഞാനോർത്തു ആനിയെ കെട്ടി വിൽസനങ്ങ് കൊണ്ടു പോകുവല്ലേ എന്നാ ഇവളെന്റെ മണവാട്ടിയായിട്ട് ഇങ്ങോട്ടും വരട്ടെന്ന് ”

“എന്റെ കർത്താവേ … എടാ ഞാനത് അപ്പോഴത്തെ ആവേശത്തു പറഞ്ഞതല്ലേ എന്നാലും നീയിങ്ങനെ ചെയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. ഇനി ഇവളെ തെരക്കി പോലീസെങ്ങാനും വരുവോടാ”

” വരുന്നെങ്കിൽ വരട്ടെ അമ്മച്ചി .രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടിട്ടാ ഞങ്ങളു വരുന്നെ. ഇവളെന്റെ കെട്ട്യോള ഇപ്പോ ”

“നിനക്കിതിനും വേണ്ടി ബുദ്ധിയൊക്കെ എവിടെന്നു വന്നെന്റെ ജോമോനെ”

” ഞാൻ അമ്മച്ചിയുടെ മോനല്ലേ. ഉപ്പോളം വരില്ലെങ്കിലും ഉപ്പിലിട്ടതിനും കാണില്ലേ അമ്മച്ചി ഉപ്പ് ”

വലം കാലുവെച്ച് മേരി വീട്ടിലേക്ക് കയറുമ്പോൾ ഞാൻ അവളെ നോക്കി മീശ പിരിക്കുമ്പോൾ അമ്മച്ചി എന്നെ നോക്കി കണ്ണിറുക്കുന്നുണ്ടായിരുന്നു

” നീ എന്റെ മോൻ തന്നെയാടാ ഉവ്വേ ” എന്ന പോലെ.

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Akhil krishna

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top