അവളിനി അങ്ങോട്ട്‌ പോകുന്നില്ലെന്ന്. ഡി- വോഴ്സ് പെ- റ്റീഷൻ കൊ- ടുക്കാൻ പോവാണെന്ന്….

രചന : ലിൻസി ലാസർ

അയൽ വീട്ടിലെ ചേച്ചി (ചെറുകഥ)

*********************

” ആരാ അമ്മേ അപ്പുറത്ത് വന്നത്?ഓട്ടോയുടെ സൗണ്ട് കേട്ടല്ലോ…”

“ആതിര വന്നിട്ടുണ്ട്.”

“ചേച്ചി വന്നോ? ഞാൻ ഒന്ന് പോയി നോക്കട്ടെ..”

“ടീ.. ടീ പറഞ്ഞപ്പോഴേ ചാടിത്തുള്ളി എങ്ങോട്ട് പോവാ? ഇപ്പൊ അങ്ങോട്ട് പോവണ്ട അവിടെ എല്ലാരും ആകെ വിഷമിച്ചിരിക്കുവാ.”

“എന്താമ്മേ.. എന്താ പ്രശ്നം?”

“കിരണിന്റെ വീട്ടിൽ ആകെ വഴക്കാണെന്ന്.. സ്ത്രീധന തുകയുടെ കാര്യം ചോദിച്ച് എന്നും പ്രശ്നമാണത്രേ.. സഹിക്കാൻ പറ്റാതായപ്പോൾ അവൾ രാവിലെ ഇങ്ങു പോന്നു..”

“എന്നിട്ട് കിരൺ ചേട്ടൻ ഒന്നും പറഞ്ഞില്ലേ?”

“കിരണിനും അവളെ വേണ്ടന്നാ തോന്നുന്നത്.. പാവം കുട്ടി അവിടെ ഒരു മനസ്സമാധാനവുമില്ല അതിന്..”

“ചേച്ചി ജോലിക്ക് പോകുന്നില്ലേ ഇപ്പൊ?”

“ജോലി അവർ എന്നേ രാജി വെപ്പിച്ചു..കഷ്ടം തന്നെ.”

അത്രയും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.

ഇതൊക്കെ കേട്ട് ഇരിപ്പുറക്കാതെ ഞാൻ തെക്കേ തുണ്ടിലൂടെ, ചെടിക്ക് വെള്ളം ഒഴിക്കാനെന്ന വ്യാജേന ചേച്ചിയുടെ വീട്ടിലേക്ക് നോക്കി നടന്നു..

അല്പസമയത്തിനകം ചേച്ചി അവരുടെ അടുക്കള വാതിൽക്കലേക്ക് വന്നു..

ചേച്ചിയുടെ മുഖം ആകെ മാറി പോയിരുന്നു..

ക്ഷീണിച്ച്,മുഖം ഒക്കെ കറുത്ത് കരുവാളിച്ച്,ഒരു മാറാരോഗിയെ പോലെ.. ആ അവസ്ഥയിൽ അങ്ങോട്ട് പോകാൻ തോന്നിയില്ല. ഞാൻ അകത്തേക്ക് കയറി പോന്നു.

അന്നത്തെ ദിവസത്തെ ചിന്തകളിൽ മുഴുവൻ ചേച്ചി നിറഞ്ഞുനിന്നു..

കുറെ വർഷങ്ങൾക്ക് മുൻപ്,ഒരു വൈകുന്നേരം സ്കൂൾ വിട്ട് വന്നപ്പോഴാണ് ഞാൻ ആദ്യമായി ആതിര ചേച്ചിയെ കാണുന്നത്.. ചന്ദ്രൻ മാഷിന്റെയും സുമംഗല അമ്മയുടെയും ഒരേ ഒരു മകൾ.. ചന്ദ്രൻ മാഷ് തൻറെ പേരിലുള്ള കുടുംബസ്വത്ത് വിറ്റാണ് ഈ വീടും സ്ഥലവും വാങ്ങിയത്..

വൈകിട്ട് ഞങ്ങൾ അവരെ പരിചയപ്പെടാൻ പോയി.

വളരെ നല്ല ആൾക്കാർ… ഒരു സാധാരണ പെൺകുട്ടിക്ക് വേണ്ട എല്ലാ അച്ചടക്കവും ഒതുക്കവും, ഒത്ത നീളവും വണ്ണവും, അത്യാവശ്യം ഭംഗിയുള്ള മുടി,ഐശ്വര്യമുള്ള മുഖം, ഒപ്പം എല്ലാരോടും ഇടപെടാനും മിടുക്കിയായിരുന്നു ചേച്ചി..

എന്നെക്കാൾ നാലു വയസ്സ് മൂത്തത്..

വൈകാതെ ചേച്ചിയെ ഞങ്ങളുടെ സ്കൂളിൽ തന്നെ ചേർത്തു..എന്നും ചേച്ചിയെ കണ്ടു പഠിക്കാൻ പറയലായിരുന്നു അമ്മയുടെ സ്ഥിരം പരിപാടി.. ഞാൻ പൊതുവേ തല്ലുകൊള്ളിയായതിനാൽ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..

ചേച്ചി പത്താംക്ലാസും,പ്ലസ്ടുവും, ഡിഗ്രിയും നല്ല മാർക്കോടെ പാസ്സായി..ബിഎഡ് പൂർത്തിയാക്കി..

ഞാനും തട്ടിയും മുട്ടിയും ജയിച്ചു ജയിച്ച് ഡിഗ്രി എങ്ങനെയോ പാസായി..

നാട്ടിൽ തന്നെയുള്ള ഒരു പ്രൈവറ്റ് സ്കൂളിൽ ജോലി കിട്ടിയപ്പോഴേക്കും ചേച്ചിക്ക് കല്യാണാലോചന തുടങ്ങിയിരുന്നു..ആദ്യം വന്ന ആലോചന തന്നെ എല്ലാവരും തീരുമാനിച്ചുറപ്പിച്ചു. മാഷും സുമംഗലമ്മയും പറയുന്നതിനെതിരായി ഒരു തീരുമാനവും ചേച്ചിക്ക് ഇല്ലായിരുന്നു..

അടുത്ത ശുഭ മുഹൂർത്തത്തിൽ തന്നെ കിരൺ ചേട്ടൻ ചേച്ചിയുടെ കഴുത്തിൽ താലിചാർത്തി..

അന്ന് കല്യാണത്തിന് കൂടിയിരുന്നവരുടെ സ്വരങ്ങളിൽ നിറഞ്ഞു നിന്നത് അസൂയയായിരുന്നു.. ഒരു സിനിമാ നടനെ പോലെ സുന്ദരനായിരുന്നു കിരൺ ചേട്ടൻ.. ഉയർന്ന ജോലി, ഒറ്റമകൻ, ബാധ്യതകൾ ഒന്നും ഇല്ല.. വലിയ വീടും സൗകര്യങ്ങളും…അന്ന് ചേച്ചിയെ മാത്രം മതി സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞെങ്കിലും കഴിയുന്നിടത്തോളം സ്വർണ്ണവും മറ്റും കൊടുത്താണ് അയച്ചത്..

വല്ലപ്പോഴുമൊക്കെ എന്നെ ഫോൺ ചെയ്യുമായിരുന്നു.. പിന്നെ പിന്നെ അതും കുറഞ്ഞു..

ചിലപ്പോൾ ഞാൻ വിളിക്കുമ്പോൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞു വെക്കും,പക്ഷേ പിന്നീട് വിളിക്കാറില്ല..

കൂടുതൽ സൗകര്യങ്ങൾ ആയപ്പോൾ എന്നെ മറന്നു എന്ന് കരുതി.. എങ്കിലും ദേഷ്യം ഒന്നും തോന്നിയിരുന്നില്ല..

വല്ലപ്പോഴും വരും, അധിക ദിവസം നിൽക്കില്ല പെട്ടെന്ന് തന്നെ തിരിച്ചു പോകും…

********

രാത്രി കഴിക്കാൻ ഇരുന്നപ്പോഴാണ് വീണ്ടും അമ്മ ചേച്ചിയുടെ വിഷയം എടുത്തിട്ടത്..

ചേച്ചിയുടെ ദുരവസ്ഥയെക്കുറിച്ചും,ചന്ദ്രൻ മാഷിന്റെയും സുമംഗലമ്മയുടെയും സങ്കടത്തെക്കുറിച്ചും പറഞ്ഞു ചർച്ച പുരോഗമിച്ചു..

ഇപ്പോഴത്തെ പെൺകുട്ടികൾ കുറച്ചുകൂടെ ധൈര്യം കാണിക്കണമെന്നും കടിച്ചു തൂങ്ങി കിടക്കാതെ വേണ്ടെന്നുവച്ച് പോരണം എന്നൊക്കെ അമ്മ ആവർത്തിച്ചു പ്രസ്താവിച്ചു…അച്ഛൻ അതിനൊക്കെ ശരിവെച്ചു.

പക്ഷേ പിറ്റേദിവസം തന്നെ കിരൺ ചേട്ടന്റെ വീട്ടുകാരുമായി അനുരഞ്ജന ചർച്ച നടത്തി ചേച്ചിയെ തിരികെ പറഞ്ഞു വിട്ടു..

പിന്നെയും ഒരാഴ്ച കഴിഞ്ഞു ചേച്ചി പോയതുപോലെ തിരിച്ചു വന്നു..

കാര്യം തിരക്കാൻ അങ്ങോട്ട്‌ പോയി വന്ന അമ്മയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നിരുന്നു..

“അവളിനി അങ്ങോട്ട്‌ പോകുന്നില്ലെന്ന്. ഡിവോഴ്സ് പെറ്റീഷൻ കൊടുക്കാൻ പോവാണെന്ന്.. ആരു പറഞ്ഞിട്ടും അവൾ കേൾക്കുന്നില്ല ”

അത് കേട്ടതും എനിക്ക് സന്തോഷം തോന്നി..

“അത് നന്നായില്ലേ. ചേച്ചി ആ നരകത്തിന്ന് രക്ഷപെടുമല്ലോ.”

“എന്ത് നന്നായിന്ന്.?? ആ മാഷും സുമേച്ചിയും ഇനി ഈ നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും? ”

“അതിന് നാട്ടുകാരാണോ അവർക്ക് ചിലവിനു കൊടുക്കുന്നത്?”

“ടീ… പെൺപിള്ളേരായാൽ കുറച്ചു അടക്കവും ഒതുക്കവുമൊക്ക വേണം.. കെട്ടിച്ചു വിട്ട വീട്ടിൽ എന്തു പ്രശ്നമുണ്ടായാലും സഹിച്ചും ക്ഷെമിച്ചും ജീവിക്കാൻ പഠിക്കണം..അല്ലാതെ.. ഈ വിവാഹമോചനമൊക്കെ കുടുംബത്തിൽ പിറന്നവർക്ക് ചേരുന്നതാണോ?”

“അല്ല… അമ്മ തന്നെയല്ലേ അന്ന്… ധൈര്യം കാണിക്കണമെന്നും ഇട്ടിട്ടു പോരണമെന്നുമൊക്കെ പറഞ്ഞത്..”

“ഞാൻ അങ്ങനെ പറഞ്ഞുന്ന് വച്ച്.. എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ഇട്ടിട്ട് പോയാൽ എന്തായിരിക്കും ഈ ലോകത്തിന്റെ അവസ്ഥ..?”

ശ്ശെടാ…ഓന്ത് നിറം മാറുവോ ഇതുപോലെന്ന് ആലോചിച്ച് ഞാൻ വായും തുറന്ന് നിന്നുപോയി..

അപ്പൊ ദാ വരുന്നു അടുത്ത ബോംബ്..

“ടീ….പിന്നേ നിന്റെ കല്യാണം കഴിഞ്ഞ് ഇതുപോലെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ..ഓടി ഇവിടെ വന്ന് നിൽക്കാമെന്ന വിചാരമുണ്ടെങ്കിൽ മാറ്റി വച്ചേരെ.. ഭൂമിയോളം ക്ഷമിക്കുന്നവളാവണം പെണ്ണ്..കേട്ടല്ലോ?”

അമ്മയുടെ പറച്ചിൽ കേട്ട് നിന്ന് തലയാട്ടാനെ അപ്പോൾ കഴിഞ്ഞുള്ളൂ.. കല്യാണം എന്ന ഏർപ്പാടിനോട് മനസ്സിൽ ഒരു കരട് വീണു..

എന്തോ ഒരു അന്താരാഷ്ട്ര കുറ്റം ചെയ്തതുപോലെ ചേച്ചിയെ എല്ലാവരും വെറുത്തു,അയൽക്കാർ എല്ലാം ഒളിഞ്ഞും തെളിഞ്ഞു നിന്ന് കുറ്റം പറഞ്ഞു തുടങ്ങി.. എന്നെ അങ്ങോട്ട് പോകാൻ പോലും അമ്മ സമ്മതിക്കാറില്ലായിരുന്നു…

പിന്നെ വല്ലപ്പോഴും കാണുമ്പോൾ നിറം മങ്ങിയ ഒരു പുഞ്ചിരി മാത്രം തന്ന് പെട്ടന്ന് നടന്നു പോകും..

അധികം വൈകാതെ എന്റെ ജീവിതത്തിലും കല്യാണം കടന്നുവന്നു… ജീവിതത്തിലെ നല്ല നിമിഷങ്ങൾ എല്ലാം കഴിഞ്ഞെന്ന് എന്റെ മനസ്സ് പറഞ്ഞു…

കഴുത്തിൽ വീണ താലി എന്നേക്കും എന്നെ പൂട്ടാനുള്ള ചങ്ങലയാണെന്നോർത്ത് ഞാൻ എന്റെ വീടിന്റെ പടിയിറങ്ങി..

പക്ഷേ എന്റെ എല്ലാ നിഗമനങ്ങളെയും പേടിയേയും തള്ളിക്കളഞ്ഞ് ആ വീട് എനിക്കൊരു സ്വർഗ്ഗം ഒരുക്കി.. പെൺമക്കളില്ലാതിരുന്ന വീട്ടിൽ ഒരു പെണ്ണിനെ കിട്ടാൻ കാത്തിരുന്നതുപോലെ എല്ലാവരും എന്നെ സ്നേഹിച്ചു.. എന്റെ സ്വന്തം വീടിനേക്കാൾ സന്തോഷം ഞാൻ ചെന്ന് കയറിയ വീട് എനിക്ക് തന്നു..

പക്ഷേ നാട്ടുകാരെ പേടിച്ചാവണം വല്ലപ്പോഴും വീട്ടിൽ വരുന്ന എന്നെ അധിക ദിവസം അവിടെ നിൽക്കാൻ അമ്മ സമ്മതിക്കാറില്ലായിരുന്നു..

എനിക്ക് കിട്ടിയ സന്തോഷം നിറഞ്ഞ ജീവിതത്തിനിടയിലും ചേച്ചിയെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ വേദനിപ്പിക്കുന്നുണ്ടായിരുന്നു..

എല്ലാവരെയും വെറുപ്പിച്ചാണെങ്കിലും അവസാനം ചേച്ചി ഡിവോഴ്സ് നേടി,ദൂരെയുള്ള ഒരു സ്കൂളിൽ ജോലിക്കു ചേർന്നുവെന്ന് അറിഞ്ഞു..ഫോൺ നമ്പർ വരെ മാറ്റിയിരുന്നു, എല്ലാവരിൽ നിന്നുമുള്ള ഒളിച്ചോട്ടം പോലെ..

പിന്നെ മൂന്നു വർഷം ചേട്ടനോടൊപ്പം ഞാൻ ഗൾഫിലായിരുന്നു… അപ്പോഴുള്ള ഫോൺ വിളിയിലും ചേച്ചിയെ കുറിച്ച് ഞാൻ അധികം ചോദിച്ചില്ല… വെറുതെ അമ്മയുടെ വായിലിരിക്കുന്നത് കേൾക്കണ്ട എന്ന് വിചാരിച്ചാണ് ചോദിക്കാതിരുന്നത്..

പിന്നീട് ഒരിക്കൽ ലീവിന് വീട്ടിൽ വന്നപ്പോൾ അമ്മ പറഞ്ഞു…

“ഇന്ന് വൈകിട്ട് നമുക്ക് ആതിരയുടെ വീട്ടിൽ വരെ പോകാം.. അവളും ഭർത്താവും കുഞ്ഞും വന്നിട്ടുണ്ട്..”

“ഭർത്താവോ?ചേച്ചി തിരിച്ചു കിരൺ ചേട്ടന്റെ അടുത്ത് പോയിരുന്നോ?

“അല്ല.. അവൾ പഠിപ്പിച്ചിരുന്ന സ്കൂളിലെ മാഷാ.. രണ്ടാം കെട്ടാ.. ആദ്യ ഭാര്യ മരിച്ചു പോയി. ആ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്.. രണ്ടു വർഷമായി ആലോചന വന്നിട്ട്..ആദ്യത്തെ അനുഭവം പേടിച്ച്,എല്ലാവരും തീരുമാനം അവൾക്ക് വിട്ടു. കല്യാണം വേണ്ടെന്നു പറഞ്ഞു നടന്നതാ,പക്ഷേ അതിനിടയിൽ അവൾ കുഞ്ഞുമായി ഏറെ അടുത്തു.. കുഞ്ഞിനെ പിരിയാൻ കഴിയില്ല എന്ന് തോന്നിയപ്പോഴാ കല്യാണത്തിന് സമ്മതിച്ചത്..

അത് കേട്ടതും ഉള്ളിന്റെയുള്ളിൽ വല്ലാത്ത സമാധാനം തോന്നി…

വൈകുന്നേരം പോയി ചേച്ചിയെ കണ്ടപ്പൊ സന്തോഷം കൊണ്ടാവണം എന്റെ കണ്ണു നിറഞ്ഞു…

ചേച്ചി പഴയതിനേക്കാൾ സുന്ദരിയായിരിക്കുന്നു..കണ്ണുകളിൽ തിളക്കവും, ചുണ്ടിൽ നിറഞ്ഞ ചിരിയും തിരികെ വന്നിരിക്കുന്നു..

ഒക്കത്ത് ഒരു സുന്ദരി വാവയുണ്ട്…അവളുടെ അമ്മെയെന്ന വിളി കേട്ടാൽ ചേച്ചിയുടെ സ്വന്തം കുഞ്ഞല്ലെന്ന് തോന്നുകയേയില്ല..

ചേച്ചിയെ പോലെ പക്വതയും ഒതുക്കവുമുള്ള ഒരു സാധാരണക്കാരൻ ആയിരുന്നു പ്രവീൺ ചേട്ടൻ…

ചായകുടി കഴിഞ്ഞ് സംസാരിച്ചിരിക്കുമ്പോൾ അമ്മയുടെ വക ഡയലോഗ്…

” ഞാൻ അന്നേ പറഞ്ഞതാ പെൺകുട്ടികൾ ആയാൽ കുറച്ച് ധൈര്യം വേണമെന്ന്..എന്തായാലും മോള് ചെയ്തതായിരുന്നു ശരി.. ”

സന്ദർഭത്തിനനുസരിച്ച് സംസാരിക്കാനുള്ള മനുഷ്യൻറെ കഴിവ് കണ്ട് എനിക്ക് സത്യത്തിൽ ചിരി വന്നു..

എന്തായാലും ചേച്ചിയായിരുന്നു ശരി.. അത് കാലം തെളിയിച്ചു തന്നു…

ശുഭം…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ലിൻസി ലാസർ


Comments

Leave a Reply

Your email address will not be published. Required fields are marked *