ഏട്ടാ.. ഇന്ന് ജോലി കഴിഞ്ഞ് വരുമ്പോൾ, എനിക്ക് കുറച്ച് മദ്യം വാങ്ങി കൊണ്ട് വരുമോ…

രചന : സജി തൈപ്പറമ്പ്.

ഏട്ടാ.. ഇന്ന് ജോലി കഴിഞ്ഞ് വരുമ്പോൾ, എനിക്ക് കുറച്ച് മദ്യം വാങ്ങി കൊണ്ട് വരുമോ?

രാവിലെ ഓഫീസിലേക്കിറങ്ങുമ്പോൾ ഭാര്യയുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി.

മദ്യമോ? അതെന്തിനാടീ…

അത് കൊള്ളാം, എല്ലാവരും മദ്യം വാങ്ങിക്കുന്നതെന്തിനാ? കുടിക്കാൻ, എനിക്കും കുറച്ച് ദിവസമായിട്ട് ഒരാഗ്രഹം, ഒന്ന് മദ്യപിച്ചാലോ എന്ന് ,നിങ്ങളാണുങ്ങൾ , സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും മദ്യപിക്കുമല്ലോ?രണ്ട് വികാരങ്ങൾക്കും ഒരേ ഫോർമുലയാണ് നിങ്ങൾ യൂസ് ചെയ്യുന്നത്

അതിൻ്റെ ഗുട്ടൻസ് എന്താണെന്ന് ഒന്നറിയാമല്ലോ?

ഓഹ് എന്ന് ,ശരി ഞാൻ വരുമ്പോൾ കൊണ്ട് വരാം

ഭാര്യയുടെ ആഗ്രഹപൂർത്തീകരണത്തിനായി വൈകുന്നേരം ഞാനൊരു ബക്കാഡിയുടെ പൈൻഡ് തന്നെയാണ് വാങ്ങി കൊണ്ട് വന്നത്

അത്താഴം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ഗ്ളാസ്സും വെള്ളവും എടുത്തോണ്ട് മുറിയിലേക്ക് വരാൻ ഞാനവളോട് പറഞ്ഞു

ബക്കാഡിയുടെ പൊതി അഴിച്ച് മേശമേൽ താളം പിടിച്ച് ഞാനിരിക്കുമ്പോൾ ഗ്ളാസ്സും വെള്ളവുമായി അവൾ വന്നു.

ഇതെന്താ ഒരു ഗ്ളാസ്സ്? നീ കുടിക്കുന്നില്ലേ ?

ഞാനേ കുടിക്കുന്നുള്ളു , നിങ്ങളെന്നും കുടിക്കുന്നതല്ലേ?

അതെങ്ങനെ ശരിയാവും ,എടീ.. ഇവിടെ വന്ന് നിന്നോടൊപ്പം കമ്പനിക്ക് കഴിക്കാമെന്ന് കരുതി

ഞാനിന്ന് പുറത്തുന്ന് ഒരു തുള്ളി പോലും തൊട്ടിട്ടില്ല

അത് പറയാൻ ഇന്നലെ വരെ നിങ്ങള് എന്നെയും കൂട്ടിപ്പോയാണോ മദ്യപിച്ചിട്ടുള്ളത്? അല്ലല്ലോ?

എടീ…അത് പിന്നെ ,ബാറിലൊക്കെ ആരെങ്കിലും ഭാര്യയെയും കൂട്ടി പോകുമോ?

അതെന്താ പോയാല് ?നിങ്ങളെന്നെയും കൊണ്ട് സിനിമയ്ക്ക് പോകാറില്ലേ? ഷോപ്പിങ്ങിന് പോകാറില്ലേ ?

പിന്നെന്താ ബാറില് പോയാൽ?

അത് ശരിയാണല്ലോ?

എനിക്ക് ഉത്തരം മുട്ടി .

ഞാൻ നോക്കിയിരിക്കുമ്പോൾ അവൾ പൈൻഡ് കുപ്പി നിഷ്പ്രയാസം തുറന്ന്, ഗ്ളാസ്സിലേക്ക് ഒരു ലാർജ്ജ് ഒഴിച്ച് ബാക്കി വെള്ളവും കൂടി ഒഴിച്ച് വായിലേക്ക് ഒറ്റക്കമത്ത്

ആദ്യമായി തൊണ്ടയിലൂടെ ആൾക്കഹോൾ കത്തിയിറങ്ങിയതിൻ്റെ ഫീല് അവളുടെ മുഖത്ത് പ്രകടമായി.

എടീ… ഇങ്ങനെ ഒറ്റയടിക്ക് വിഴുങ്ങിയാൽ നിൻ്റെ കുടല് കരിഞ്ഞ് പോകും പറഞ്ഞേക്കാം

ങ്ഹാ അതൊക്കെ എനിക്കറിയാം

ലാഘവത്തോടെ പറഞ്ഞിട്ട് അവൾ അടുത്ത ലാർജ്ജും, ഗ്ളാസ്സിലേക്ക് പകർന്നപ്പോൾ ഞാൻ ശരിക്കും അമ്പരന്നു

എടീ… ഇനിയും കുടിച്ചാൽ നിൻ്റെ ബോധം പോകും

പോട്ടെ, എൻ്റെ ബോധം മുഴുവനും പോകട്ടെ

എന്നിട്ട് എനിക്കെൻ്റെ ദു:ഖങ്ങളെല്ലാം മറന്ന് സുഖമായൊന്നുറങ്ങണം

രണ്ടാമത്തെ ലാർജ്ജും കഴിച്ച് കഴിഞ്ഞ് അവളുടെ നാക്ക് കുഴയാൻ തുടങ്ങിയപ്പോൾ,ഞാനവളെ തടയാൻ നോക്കി.

പക്ഷേ എൻ്റെ എതിർപ്പുകളെയൊക്കെ അവഗണിച്ച് കൊണ്ട് അവൾ ആ പൈൻഡ് കുപ്പി കാലിയാക്കി.

അപ്പോഴേയ്ക്കും അവളുടെ ബോധം പോയിരുന്നു

പിറ്റേന്ന് രാവിലെ വളരെ വൈകിയാണ് ഞാനുണർന്നത്

അപ്പോഴും അവള് നല്ല ഉറക്കത്തിലായിരുന്നു

ഞാനവളെ തട്ടി ഉണർത്താൻ ശ്രമിച്ചെങ്കിലും കുറച്ച് കൂടെ ഉറങ്ങട്ടെ എന്ന് പറഞ്ഞവൾ തിരിഞ്ഞ് കിടന്നു

അന്നാദ്യമായി ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ ഓഫീസിൽ പോയി

ഉച്ചയ്ക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ അവളുടെ ഫോൺ വന്നു

ചേട്ടാ … ഇന്നും വരുമ്പോൾ പൈൻഡ് വാങ്ങാൻ മറക്കരുതേ ? ബ്രാൻഡ് അത് തന്നെ മതി ,ചേട്ടൻ പറയുന്നത് ശരിയാ ,ഇന്നലെ അത് കുടിച്ച് കഴിഞ്ഞപ്പോൾ, ഒന്നുമറിയാതെ സുഖമായി ഉറങ്ങാൻ കഴിഞ്ഞു

ഞാനത് കേട്ട് ഞെട്ടി.

എടീ നീയിതെന്ത് ഭാവിച്ചാ ,അതിന് രൂപ എത്രയാണെന്നും പറഞ്ഞാ?

നിനക്ക് ദിവസവും ഒരു പൈൻഡ് വാങ്ങാൻ പോ+യാൽ , എൻ്റെ ഒരു മാസത്തെ ശബ്ബളം തികയാതെ വരും ,മാത്രമല്ല നീ മദ്യത്തിന് അഡിക്ടായി പോകുകയും ചെയ്യും

ഓഹ് പിന്നെ, നിങ്ങള് മിക്ക ദിവസങ്ങളിലും കുടിച്ചിട്ടല്ലേ വരുന്നത്, എന്നിട്ട് നിങ്ങൾക്ക് ശബ്ബളം തികയാതെ വന്നിട്ടുണ്ടോ? നിങ്ങള് മദ്യത്തിന് അഡിക്ടായോ ഇല്ലല്ലോ ?എനിക്കൊരു ജോലി ഉണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ നിങ്ങടെ കാല് പിടിക്കില്ലായിരുന്നു

ഒടുവിൽ അവള് സെൻറി അടിച്ച് തുടങ്ങിയപ്പോൾ മനസ്സില്ലാ മനസ്സോടെ ഞാൻ അന്നും പൈൻഡ് വാങ്ങിക്കാൻ നിർബന്ധിതനായി .

ദേ ഇന്ന് ഇതിൽ നിന്ന് ഒരു പെഗ്ഗ് കുടിച്ചാൽ മതി കെട്ടോ ? ഇല്ലെങ്കിൽ ഇന്നലത്തെ പോലെ നിൻ്റെ ബോധം പോകും

ബോധം പോകട്ടെ, അതിനല്ലേ എല്ലാവരും കുടിക്കുന്നത് ?

പക്ഷേ ,സുമേ .. നീയിങ്ങനെ ദിവസവും കുടിച്ച് ബോധം കെട്ടുറങ്ങിയാൽ എങ്ങനെ ശരിയാവും

അതെന്താ ശരിയാവാത്തത് ?

നീ നേരത്തെ കിടന്നുറങ്ങിയാൽ ഞാനെന്ത് ചെയ്യും? ഇന്നലെ തന്നെ, എനിക്ക് നിന്നോട് ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടായിരുന്നു ,പക്ഷേ നടന്നില്ല ,ഇന്നും അത് തന്നെയാണ് അവസ്ഥയെങ്കിൽ ഞാൻ പിന്നെ ആരോട് പോയി പറയും

ഓഹോ അപ്പോൾ അതാണ് കാര്യം? ശരി എങ്കിൽ ഞാനൊന്ന് ചോദിച്ചോട്ടെ കഴിഞ്ഞ കുറേ നാളുകളായി ഒട്ടുമിക്ക ദിവസങ്ങളിലും നിങ്ങള് കുടിച്ച് ലക്കില്ലാതെയല്ലേ വരുന്നത്?

വന്നയുടനെ അത്താഴം പോലും കഴിക്കാതെ നിങ്ങള് കിടന്നുറങ്ങുമ്പോൾ എനിക്ക് നിങ്ങളോട് പറയാനുള്ള എത്രയെത്ര വിശേഷങ്ങളാണ് ഞാൻ ഉള്ളിലൊതുക്കി കഴിയേണ്ടിവന്നതെന്ന് നിങ്ങൾക്കറിയാമോ ?ഒടുവിൽ ആ വിശേഷങ്ങളൊക്കെ ഇപ്പോൾ വിഷമങ്ങളായി മാറിയപ്പോൾ ആ വിഷമങ്ങൾ മാറാൻ വേണ്ടിയാണ് ഞാനിപ്പോൾ കുടി തുടങ്ങിയത് അറിയാമോ?

എടീ.. അതിന് നിനക്ക് വിഷമമുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ? നമ്മുടെ വിഷമം മറ്റൊരാളോട് പറഞ്ഞാൽ അത് പകുതിയാകുമെന്നല്ലേ പഴമക്കാർ പറയുന്നത്?

അതിന് , നിങ്ങളുടെ വിഷമങ്ങൾ എന്നോടും പറയാറില്ലല്ലോ? നിങ്ങളും കുടിച്ച് തന്നെയല്ലേ വിഷമങ്ങൾ തീർക്കുന്നത്

അത് ശരിയാണല്ലോ? എൻ്റെ വിഷമങ്ങൾ അവളോട് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ അവളുടെ ഒരാശ്വാസവാക്ക് കൊണ്ടതിന് പരിഹാരമുണ്ടായേനെ

സോറി സുമേ… ഇപ്പോഴെനിക്ക് നിൻ്റെ വിഷമങ്ങളെന്താണെന്ന് മനസ്സിലായി ,നീ പറഞ്ഞത് ശരിയാ ,ഞാൻ എൻ്റെ വിഷമങ്ങൾ ഇല്ലാതാക്കാൻ മദ്യത്തെ ആശ്രയിച്ചു, പക്ഷേ അത് കാരണം നിനക്കുണ്ടായ വിഷമങ്ങളും ബുദ്ധിമുട്ടുകളും എത്രമാത്രമാണെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത് ,ഇനി ഞാൻ മദ്യപിക്കില്ലെന്ന് പറയില്ല

പക്ഷേ ,അത് നിന്നെ വിഷമിപ്പിക്കുന്ന രീതിയിലേക്ക് ഒരിക്കലും പോകില്ലെന്ന് ഞാനുറപ്പ് തരാം

മതി, അത് മതി ,ഭാര്യയ്ക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാനുള്ള ബോധവും അത് ക്ഷമയോടെ കേട്ടിരിക്കാനുമുള്ള മനസ്സും നിങ്ങൾക്കുണ്ടായാൽ മതി

ദാ ഈ കുപ്പി നിങ്ങളെടുത്തോളു പക്ഷേ ഒരു കാര്യം ,എന്നോട് പറഞ്ഞത് പോലെ ഇത് ഒരാഴ്ച കൊണ്ടേ കാലിയാക്കാവു

അത് കേട്ടയാൾ, ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : സജി തൈപ്പറമ്പ്.