ഡോക്ടറേ എനിക്കിഷ്ടായിട്ടോ.. ഒത്തിരി ഇഷ്ടമായത് ഡോക്ടറിന്റെ ഈ മനസ്സിനേയാട്ടോ

രചന : സ്നേഹ ശിവൻ

പ്രിയപ്പെട്ട മനോമിക്ക്

****************

എത്ര ദിവസമായി ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്..

ഇത്ര നാളും കണ്ടും കേട്ടും അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ഇപ്പൊ ദേ അനുഭവിച്ചറിയുകയാണ് ഓരോ നിമിഷവും…

കുറെ ദിവസമായി തുടങ്ങിയ പനിയും ശരീര വേദനയ്ക്കുമൊടുവിൽ പോയി ടെസ്റ്റ്‌ ചെയ്തതാണ് കോവിഡ് പോസിറ്റീവ്..

കണ്ണടച്ച് വെറുതെയിങ്ങനെ ബെഡിൽ കിടക്കുമ്പോൾ ചിന്തകൾ മാത്രമേ കൂട്ടിനുണ്ടാവൂ..

ചിലപ്പോഴൊക്കെ ചിന്തകൾ പോലും കാട് കയറി പോകുന്നു. തനിക്ക് പോലും പിടിക്കാൻ പറ്റാത്തത്ര ദൂരത്തിൽ..

മടുപ്പ് തോന്നുമ്പോൾ വെറുതെ ആ ജനലോരം ചേർന്ന് ഏറെ നേരം പുറത്തേക്ക് നോക്കി നിൽക്കും..

അപ്പൊ മാത്രം മാസ്ക്കിട്ട കുറെ മുഖങ്ങളെ കാണാം..

ഇവിടിങ്ങനെ കിടക്കുമ്പോൾ തീർത്തും ഒറ്റപ്പെട്ടു പോയൊരു അവസ്ഥയാണ്..

ആരോരുമില്ലാത്തൊരു അവസ്ഥ..

“മനോമി..” ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് ഒരു സ്വരം കാതിൽ വന്ന് വീണു. തനിക്ക് അപരിചിതമായ ശബ്ദം.. ആരാണത്??

പതിയെ കണ്ണുകൾ തുറന്നു.

നോക്കുമ്പോൾ മുന്നിൽ പി. പി. റ്റി കിറ്റിട്ട ആരോ ഒരാൾ!!

മനുഷ്യരുടെ മുഖം പോലും നേരെ ചുവ്വെ കണ്ടിട്ട് എത്ര ദിവസങ്ങളായി..

“ഇപ്പൊ എങ്ങനെ ഉണ്ട് മനോമി??”

കേസ് ഷീറ്റ് മറിക്കുന്നതിനിടയിലാണ് ചോദ്യമെത്തിയത്. കൂട്ടത്തിൽ ഇനി മുതൽ എന്നെ ചെക്ക് ചെയ്യുന്നതും ഡോക്ടർ ആണെന്ന് പറഞ്ഞു.

“”Feeling better Doctor.. “”

ഡോക്ടർ പുതിയതാണോ??

വെറുതെ ഒന്നറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചു.

“അല്ലടോ ഞാൻ അപ്പുറത്തെ വാർഡിൽ ഉണ്ടായിരുന്നു.. ഇപ്പൊ ഇങ്ങോട്ടേക്ക് ഷിഫ്റ്റ്‌ ചെയ്തു. ”

ഡോക്ടറിന്റെ പതിഞ്ഞ ശബ്ദം കാതിലെത്തി.

“”മ്മ്.. “” വെറുതെ ഒന്ന് മൂളി കൊടുത്തു.

“തരുന്ന മരുന്നൊക്കെ കഴിക്കണം പിന്നെ നന്നായി ഭക്ഷണം കഴിക്കണം കേട്ടോ..”

ഡോക്ടർ എന്റെ ആരോഗ്യം ശ്രദ്ധിക്കാനുള്ള ഓരോന്നും വളരെ കൃത്യമായി പറഞ്ഞു തരുന്നുണ്ട്.

“”ഒന്നും കഴിക്കാൻ തോന്നണില്ല ഡോക്ടറെ.. വായിൽ അപ്പടി കയ്പ്പാ..നാവിന് രുചി പോലും അറിയാൻ കഴിയുന്നില്ല.. “”

ചെറിയൊരു വിഷമത്തോടെയാണ് ഞാനത് പറഞ്ഞത്..

“സാരമില്ലടോ സുഖമായി വരുമ്പോൾ അതൊക്കെ പതിയെ മാറിക്കോളും.. ”

ഡോക്ടർ എന്നേ ആശ്വസിപ്പിക്കാൻ ശ്രമിക്കണുണ്ട്.

“”അമ്മയെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ഡോക്ടറേ.. അമ്മ വെയ്ക്കുന്ന കറികളൊക്കെ കൂട്ടാൻ കൊതിയാവുന്നു..

ഡോക്ടർക്കറിയുവോ.. അമ്മയ്ക്ക്ങ്ങനെ നന്നായി പാചകം ചെയ്യാനൊന്നും അറിയില്ല. അമ്മ വെയ്ക്കുന്ന കറികൾ കൂട്ടിയിട്ട് അച്ഛനും, ഏട്ടന്മാരുമൊക്കെ എപ്പോഴും കുറ്റം പറയും കറിയ്ക്ക് ഉപ്പില്ല, പുളിയില്ല എന്നൊക്കെ പറഞ്ഞ്.

ഞാനും പറയും ഈ അമ്മയ്ക്ക് ഒരു കറിയും വെയ്ക്കാൻ അറിയില്ലെന്ന്..

പക്ഷെ ഒരു കറി മാത്രം അമ്മ നന്നായി വെയ്ക്കും.

ഉള്ളിയും തുവരപരിപ്പും വെച്ച് അതിൽ മസാലകളൊക്കെ ചേർത്ത് അവസാനം കടുക് കൂടി താളിച്ചെടുത്ത് വെയ്ക്കണ ഒരു ഒഴിച്ച് കറിയുണ്ട്.

എന്തൊരു സ്വാദാണെന്ന് അറിയുവോ ഡോക്ടർക്ക്..

പറയുമ്പോൾ അറിയാതെ വായിൽ വെള്ളമൂറി..

ഏതോ ഓർമ്മകളിൽ താനൊന്ന് പുഞ്ചിരിച്ചു.

ആ സമയമൊക്കെ നല്ലൊരു ശ്രോതാവായി ഡോക്ടർ എന്നെ കേട്ടിരിക്കയാണ്..

“”ഡോക്ടറെ ഞാൻ ബുദ്ധിമുട്ടിച്ചോ?? ഞാൻ വാ തുറന്നാൽ ഇങ്ങനെയാ വാ തോരാതെ സംസാരിച്ചോണ്ടിരിക്കും. എല്ലാവരും പറയും ഞാനൊരു വായാടി പെണ്ണാ കുറച്ച് നേരമെങ്കിലും ആ വായൊന്ന് അടച്ചു വെച്ചൂടെ എന്നൊക്കെ..””

ഒരു പുഞ്ചിരിയോടെ ഞാനാ മുഖത്തേക്കൊന്ന് നോക്കി.

എന്തായിരിക്കും ആ മുഖത്തെ ഭാവം?? അല്ലെങ്കിലും താനെങ്ങനെ അറിയാനാണ്..

പുഞ്ചിരിയാകും വെറുതെ സങ്കൽപ്പിച്ചു നോക്കി..

അതുമതി !!

“ഇല്ലെടോ.. താൻ പറഞ്ഞോ തന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്..”

ഡോക്ടർ പറയുന്നത് കേൾക്കേ ചുണ്ടിൽ വന്ന പുഞ്ചിരിയെ താൻ എവിടെയോ ഒളിപ്പിച്ചു വെച്ചു.

ആദ്യമായിട്ടാണ് ഒരാൾ തന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ടെന്ന് പറയുന്നത്..

എന്റെ മനസ്സാകെ ആ ഒരു വാക്കിന് ചുറ്റും ചിറകടിച്ചു കൊണ്ടിരുന്നു.

“ഓക്കേ മനോമി എനിക്ക് ഡ്യൂട്ടി ഉണ്ട്. പിന്നെ കാണാട്ടോ..”

ടേക്ക് കെയർ !!

എന്റെ കേസ് ഷീറ്റ് കയ്യിൽ തന്നിട്ട് സ്റ്റെത്തുമെടുത്ത് ഡോക്ടർ പോകാൻ തയ്യാറായി.

“”ഡോക്ടർ.. “”എന്റെ വിളികേട്ട് വാതിക്കലെത്തിയ ആളൊന്ന് തിരിഞ്ഞു നോക്കി.

“”ഡോക്ടറിന്റെ പേര്?? “”

ഹർഷൻ.. അത്രമേൽ ആർദ്രമായ ഡോക്ടറിന്റെ ശബ്ദം.

ഹർഷൻ ഒരു മന്ത്രണം പോലെ ഞാനാ പേര് ഉരുവിട്ട് കൊണ്ടിരുന്നു.

ഡോർ അടയും വരെ ഡോക്ടർ പോയ വഴിയേ എന്റെ കണ്ണുകളും പിന്തുടർന്നു.

പോകുന്ന പോക്കിൽ അവന്റെ ചുണ്ടിലും അവളറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.

വായാടി പെണ്ണ്!!

ഹർഷന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു.

അടുത്ത ദിവസം എന്നെ കാണാൻ വന്ന ഡോക്ടറിന്റെ കയ്യിൽ ഒരു കൂട്ടം കൂടി എനിക്കായി കരുതിയിട്ടുണ്ടായിരുന്നു.

എനിക്ക് നേരെ അത് നീട്ടുമ്പോൾ എന്റെ കണ്ണുകളിൽ അതെന്താന്നറിയാനുള്ള കൗതുകമായിരുന്നു.

“ഉള്ളിയും പരിപ്പും കറിയാ..തന്റെ അമ്മ വെയ്ക്കുന്ന അത്ര രുചി ഒന്നും ഉണ്ടാവില്ല..എങ്കിലും കഴിച്ചു നോക്ക്.. ”

പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി..വെറും ഒരു ദിവസത്തെ പരിചയം മാത്രമേ ഞങ്ങൾ തമ്മിലുള്ളൂ… എന്നിട്ടും താനൊരു ആഗ്രഹം പറഞ്ഞപ്പോൾ സാധിച്ച് തന്ന ഡോക്ടറോട് വല്ലാത്തൊരിഷ്ടവും സ്നേഹവും ബഹുമാനവുമൊക്കെ തോന്നി.

“”ഡോക്ടറെ.. Am orphan..””

പെട്ടെന്നാണ് ഞാനത് പറഞ്ഞത്.

പറയുമ്പോൾ ഒരുവേള വാക്കുകൾ ഒന്ന് ഇടറിയോ..

എന്തോ ഡോക്ടറിൽ നിന്നത് ഒളിപ്പിച്ചു വെയ്ക്കാൻ തോന്നിയില്ല.

“അപ്പൊ താൻ ഇന്നലെ പറഞ്ഞതൊക്കെ.. ”

ഡോക്ടറിന്റെ ചോദ്യത്തിൽ ഒരു ഞെട്ടൽ പ്രകടമാണ്.

ഇത്തരത്തിൽ ഒരു മറുപടി ഡോക്ടർ എന്നിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല എന്നാ വാക്കുകളിൽ നിന്ന് മനസ്സിലായി.

“”ആരോരുമില്ലാത്തവളുടെ വെറും സ്വപ്നങ്ങൾ.. ആഗ്രഹങ്ങൾ.. പക്ഷെ ഇത് ഓർഫനേജിലെ ഏലിയാമ്മ ചേട്ടത്തി വെയ്ക്കണ കറിയാട്ടോ..””

ചെറുതായി ഇടറി പോകുന്ന മനസ്സിനെ വരുതിയിലാക്കി മുഖത്തൊരു പുഞ്ചിരി വരുത്തി.

ഹർഷന്റെ കണ്ണുകളിൽ അവളറിയാതെ ചെറുതായി നീര് പൊടിഞ്ഞു.

എന്താകും ഡോക്ടറിന്റെ ഉള്ളിൽ വേദനയോ സഹതാപമൊ അതോ ആരോരുമില്ലാത്ത പെണ്ണിനോട് തോന്നുന്ന വെറും അനുകമ്പയോ??

ഉള്ളിന്റെ ഉള്ളിൽ ഹൃദയം മൗനമായി കേണു.

“”എനിക്ക് വേണ്ടി ഡോക്ടർ ആദ്യമായി ഉണ്ടാക്കിക്കൊണ്ട് വന്നിട്ട് ഇതിന്റെ രുചി പോലും ഒന്നറിയാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം മാത്രമേ എനിക്കുള്ളൂ.. “”

നിശബ്ദനായി നിൽക്കുന്ന ഡോക്ടറെ കണ്ടപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.

“താൻ പെട്ടന്ന് സുഖമായി വാ.. അപ്പോ വീണ്ടും വെച്ച് തരാട്ടോ.. ”

എനിക്ക് വേണ്ടി മാത്രം ഡോക്ടറിന്റെ വായിൽ നിന്ന് ഉതിർന്ന വീണ സ്വാന്തന വാക്കുകൾ.

ഒരു പുഞ്ചിരിയോടെ ഡോക്ടറെ നോക്കി.

ഗ്ലൗസിട്ട കൈകൾ കൊണ്ട് ഡോക്ടർ എന്റെ കവിളിലൊന്ന് തട്ടി.

ആദ്യമായിട്ടാണ് വാത്സല്യത്തോടെ ഒരു തലോടൽ.

ഉള്ളിൽ വന്ന ഗദ്ഗദത്തെ കടിച്ചമർത്തി.

അല്ലെങ്കിലും മറ്റുള്ളവർക്ക് മുൻപിൽ കരയുന്നത് തനിക്ക് പണ്ടേ ഇഷ്ടമുള്ള കാര്യമല്ല..

“”ഡോട്ടറേ..””

എന്റെ വിളിയും മുഖത്തെ ഭാവവും കണ്ടിട്ടാണെന്ന് തോന്നുന്നു ഡോക്ടർ പൊട്ടിച്ചിരിക്കുന്നത് കേട്ടു.

അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു.

ഡോക്ടറിന്റെ ചുണ്ടിൽ എപ്പോഴും ഈ പുഞ്ചിരി വേണം അതാണ് എനിക്കും ഇഷ്ടം.

വലിയ വായിൽ പൊട്ടിച്ചിരിക്കുന്നവരൊക്കെ നിഷ്കളങ്കരാണെന്ന് കേട്ടിട്ടുണ്ട്. ഹർഷൻ ഡോക്ടറും എത്ര നിഷ്കളങ്കനാണ്!!

“”ഡോക്ടറേ എനിക്കിഷ്ടായിട്ടോ.. ഒത്തിരി ഇഷ്ടമായത് ഡോക്ടറിന്റെ ഈ മനസ്സിനേയാട്ടോ

വാതിക്കലെത്തിയ ഡോക്ടറോട് ഉറക്കെ വിളിച്ചു പറഞ്ഞു..

“”ഡോക്ടർ പുഞ്ചിരിച്ചല്ലേ.. കണ്ടോ ഞാനത് കണ്ടുപിടിച്ചത്..””

കൊച്ചു കുട്ടികളെ പോലെ വിജയി ഭാവത്തിൽ ഇട്ടിരുന്ന ടോപ്പിന്റെ കോളർ പൊക്കി കാണിക്കുന്ന അവളെ കാണെ ഹർഷൻ അറിയാതെ ചിരിച്ചു പോയി.

“വായാടി പെണ്ണ്..”

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെയവൻ പുറത്തേക്കിറങ്ങി.

ഒരു തുള്ളി കണ്ണുനീർ ഹർഷന്റെ കവിളിലൂടെ ഒലിച്ചിറങ്ങി ഇത്ര നേരം പിടിച്ചു വെച്ചിരുന്നവയെ സ്വതന്ത്രമായി വിട്ടു.

എന്റെ മാത്രം ഡോട്ടർ!!

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ഡോക്ടർ സ്പർശിച്ച കവിളിൽ അതിയായ ഇഷ്ടത്തോടെയൊന്ന് തലോടി.

ദിവസങ്ങൾ കടന്നു പോകവേ ഞാനും ഡോക്ടറും തമ്മിൽ ഒരുപാടടുത്തു. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ആരോരുമില്ലാത്ത തനിക്ക് ഡോക്ടർ ആരൊക്കെയോ ആയി മാറി.

ഒരു തരം പുതിയ അനുഭവം അതെന്നെ വല്ലാതെ ഹരം കൊള്ളിച്ചു.

അപ്പോഴൊക്കെ മനസ്സ് മുറവിളി കൂട്ടി മനോമി തന്റെ ഹർഷൻ ഡോട്ടറേ പ്രണയിച്ചു തുടങ്ങി എന്ന്.

മുഖം കാണാതെ ഒരാളെ പ്രണയിക്കാൻ കഴിയുമോ??

അതിശയം തോന്നി.

പക്ഷെ ഞാൻ പ്രണയിച്ചത് ആ മുഖത്തെ അല്ലല്ലോ ആ മനസ്സിനെ അല്ലേ…

മനസ്സ് ശക്തമായി വാദിച്ചു.

നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്പിറ്റൽ റൂമിൽ ഇരിക്കുകയാണ് ഹർഷൻ.

ഫോണിലെ ഗാലറി ഓപ്പൺ ചെയ്തു.

മനോമിയുടെ ചിത്രം.

ഉറങ്ങി കിടന്നപ്പോൾ അവളറിയാതെ എടുത്തതാണ്.

അതിലൂടെ വിരലോടിച്ചു ശേഷം ചുണ്ടോട് ചേർത്തു..

ചുവരിലുള്ള കണ്ണാടിയിൽ ഒന്ന് നോക്കി.ഒരു ചെറു പുഞ്ചിരിയോടെ താടിയിൽ ചെറുതായി ഉഴിഞ്ഞു.

കഴിഞ്ഞ ദിവസം മനോമി പറഞ്ഞത് അവനോർമ്മ വന്നു.

ഡോക്ടർക്ക് കുഞ്ഞി കണ്ണുകളാകും, നീണ്ട മൂക്ക് പിന്നെ നല്ല കട്ടി മീശയാകും..

ഇതിനേക്കാളൊക്കെ ഭംഗി ഡോക്ടറിന്റെ മനസ്സിനാട്ടോ..

പറഞ്ഞിട്ടവൾ കുലുങ്ങി ചിരിച്ചു.

ഹർഷന്റെ കണ്ണുകളിൽ മനോമിയോടുള്ള പ്രണയം അലയടിച്ചുയർന്നു.

മുഖം പോലും കണ്ടാൽ നൂറ് കുറ്റങ്ങൾ പറയുന്ന പെൺകുട്ടികൾ ഉള്ള കാലത്താണ് തന്റെ മനസ്സിനെ ഇഷ്ടമാണെന്ന് പറഞ്ഞ ഒരു പെൺക്കുട്ടി.

ചിന്തകൾക്കൊടുവിൽ മേശമേൽ ഇരിക്കുന്ന ഡയറിയിൽ അവൻ എന്തൊക്കെയോ കുത്തി കുറിക്കാൻ തുടങ്ങി.

ഡോക്ടർ മനോമിക്ക് ചെറിയ ബ്രീത്തിങ് പ്രോബ്ലം!!

മനോമിയെ നോക്കുന്ന നേഴ്സാണ്‌..

വേഗം പി. പി. റ്റി. കിറ്റുമിട്ട് ഹർഷൻ മനോമിയുടെ റൂമിലേക്ക് ഒരോട്ടമായിരുന്നു.

മനോമി..

എന്റെ ഡോക്ടറിന്റെ ശബ്ദം..

ഇതിനു മുൻപ് ആരും എന്നേ ഇത്രയും ആർദ്രമായി വിളിച്ചിട്ടില്ല.

ആയാസപ്പെട്ട് കണ്ണുകൾ പതിയെ തുറന്നു.

“”ഒന്നുമില്ല ഡോക്ടറെ വായുദേവൻ വെറുതെ ഒന്ന് പരീക്ഷിച്ചതാ.. ഡോക്ടർനേ കൺ നിറയെ കാണാതെ അത്ര പെട്ടെന്നൊന്നും മനോമി പോവില്ലാട്ടോ..””

കുറച്ച് നേരം മുൻപ് വരെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ പെണ്ണാണ് വളരെ നിസാരമായി പറയുന്നത്.

ഡോക്ടറിന്റെ കൈകൾ എന്റെ കൈകളിൽ പിടി മുറുക്കി.

അത് മതിയായിരുന്നു തനിക്ക് ആശ്വാസം പകരാൻ..

അടുത്ത ദിവസം എന്നെ പരിശോധിക്കാൻ എത്തിയത് പുതിയൊരു ഡോക്ടറായിരുന്നു..

തിരക്കിയപ്പോൾ അറിഞ്ഞു ഹർഷൻ ഡോക്ടർ കുറച്ച് ദിവസമായി ലീവിൽ ആണത്രെ.. കൂടുതലൊന്നും ചോദിക്കാൻ കഴിഞ്ഞില്ല..

അടുത്ത ദിവസവും ഡോക്ടർകറുടെ വരവിനായി കാത്തിരുന്നു. പക്ഷെ എന്റെ ഹർഷൻ ഡോക്ടർ മാത്രം വന്നില്ല..

ഓരോ പുതിയ പുലരിയിലും ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു ഡോക്ടറിന്റെ ഒരു വരവിനായി.

വരും എന്ന പ്രതീക്ഷയോടെ ഞാൻ ഓരോ ദിവസങ്ങളേയും തള്ളി നീക്കി..

ഡോക്ടർനെ കുറിച്ച് ഒരു വിവരം പോലും എനിക്ക് ലഭിച്ചില്ല.

പതിയെ ഞാനും സുഖമായി തുടങ്ങി. വീണ്ടും ചെക്ക് ചെയ്തപ്പോൾ നെഗറ്റീവ് ആണെന്ന് അറിയാൻ കഴിഞ്ഞു.

കുറേ നാളത്തെ ആശുപത്രി വാസത്തിന് ശേഷം നാളെയാണ് ഞാൻ ഡിസ്ചാർജ് ആകുന്നത്..

ഓർഫനേജിൽ നിന്ന് സിസ്റ്ററമ്മ കൂട്ടാൻ വന്നു. നാല് പാടും ഡോക്ടർക്കായി കണ്ണുകൾ ഓടി നടന്നു.

വെള്ളക്കോട്ടും കഴുത്തിൽ സ്റ്റെത്തുമായി എതിരെ വരുന്ന ഓരോ മുഖങ്ങളേയും സൂക്ഷിച്ചു നോക്കി.

ആ ശബ്ദങ്ങളേയും കാതുകൂർപ്പിച്ച് കേട്ടു. തന്റെ ഡോക്ടർ ആണോ എന്നറിയാൻ. എന്നാൽ നിരാശ ആയിരുന്നു ഫലം.

രണ്ട് മൂന്ന് ദിവസത്തിന് ശേഷം സിസ്റ്ററമ്മയുടെ കാല് പിടിച്ചിട്ടാണെങ്കിലും ആശുപത്രിയിൽ ഓടിയെത്തി.

തന്റെ ഡോക്ടറിനെ ഒരു നോക്ക് കാണാൻ..

റിസെപ്ഷനിൽ തിരക്കിക്കൊണ്ടിരുന്ന അതെ സമയം അതുവഴി സ്ട്രെക്ക്ച്ചറിൽ ഒരു ബോഡി തന്റെ മുന്നിലൂടെ ഉരുട്ടി കൊണ്ട് പോയി.

പി. പി.റ്റി കിറ്റ് കാരണം മുഖം വ്യക്തമല്ല..

നെഞ്ച് അകാരണമായി മിടിക്കുന്നു. തന്റെ വേണ്ടപ്പെട്ട ആർക്കോ എന്തോ സംഭവിച്ചത് പോലൊരു തോന്നൽ..

ഇപ്പോൾ കൊണ്ട് പോയ ബോഡി ഹർഷൻ ഡോക്ടറൂടേതാണ്.

കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇന്ന് രാവിലെയാ മരിച്ചതെന്ന് കേട്ടു

എന്ത് നല്ല ഡോക്ടറായിരുന്നു..

കൂടേ നിന്നവരിൽ ആരോ പറഞ്ഞത് കേട്ട് ഒരു നിമിഷം ഹൃദയം നിശ്ചലമായി പോയി.

അവിടെ നിന്ന ഓരോ ആളുകളും ഡോക്ടറിന്റെ സ്വഭാവത്തെ വാനോളം പുകഴ്ത്തുന്നുണ്ട്.

അത്രമേൽ ഡോക്ടർ അവർക്കൊക്കെ പ്രിയപ്പെട്ടവനാകണം…

“”ഇല്ല എന്റെ ഡോക്ടർ എന്നോടൊരു വാക്ക് പോലും പറയാതെ എങ്ങും പോകില്ല..അതെന്റെ ഡോക്ടറല്ല.. “”

ഒന്നുറക്കെ പൊട്ടിക്കരായാൻ തോന്നി.

മനോമി..

ദൂരെ എവിടെ നിന്നോ എന്റെ ഡോക്ടറിന്റെ ആർദ്രമായ വിളി..

തന്നോട് യാത്ര ചോദിക്കുകയാണോ??

ആംബുലൻസിലേക്ക് കയറ്റുന്ന ഡോക്ടറിന്റെ അരികിലേക്ക് ഓ_ടി ചെല്ലണമെന്നുണ്ട്.. ആ നെഞ്ചിൽ ചേർന്ന് പൊട്ടിക്കരയണമെന്നുണ്ട്..

ആ മുഖം നിറയെ ചുംബനം കൊണ്ട് മൂടണമെന്നുണ്ട്.. എന്നേ വിട്ട് പോവല്ലേ ഡോക്ടറെ എന്ന് പറയണമെന്നുണ്ട്..

പക്ഷെ നിന്നിടത്ത് നിന്ന് ഒരടി പോലും ചലിക്കാൻ എനിക്ക് കഴിയുന്നില്ല.

തോളിലൊരു കരസ്പർശം.

ഞെട്ടലോടെയാണ് തിരിഞ്ഞു നോക്കിയത്.

ഇത്രയും നാളും എന്നേ പരിചരിച്ച നേഴ്സാണ്‌..

ഡോക്ടറിന്റെ വിയോഗം അവരേയും തളർത്തി എന്ന് ആ മുഖം വിളിച്ചോതുന്നുണ്ട്..

ഒരു ഡയറി എനിക്ക് നേരെ നീട്ടി.

“ഡോക്ടറിന്റേതാണ്..” അത്രമാത്രം പറഞ്ഞു.

വിറയ്ക്കുന്ന കൈകളോടെ ഞാനത് ഏറ്റുവാങ്ങി.

ആദ്യത്തെ പേജിൽ പ്രിയപ്പെട്ട മനോമിയ്ക്ക് എന്ന് എഴുതിയിരിക്കുന്നു.

രണ്ട് തുള്ളി കണ്ണുനീർ അതിലേക്ക് പതിച്ചു.

പതിയെ ഓരോ പേജുകളും ആവേശത്തോടെ മറിച്ചു നോക്കി അവയിലൊക്കെ നീർത്തുള്ളികൾ ഒരു മത്സരം പോലെ ചിതറി വീണുക്കൊണ്ടിരുന്നു.

മനോമിയെ കുറിച്ചുള്ള ഹർഷൻ ഡോക്ടറിന്റെ വർണ്ണനകൾ!!

അവസാന പേജിൽ കണ്ണുകൾ ഉടക്കി.

“എന്റെ മാത്രം വായാടിപെണ്ണിന്.. തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാടോ മനോമി.. ജീവിതകാലം മുഴുവൻ കൂടെ കൂട്ടാനൊരു മോഹം. ഈ അനാഥപെണ്ണിനേ ഈ അനാഥ ചെക്കന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ കൂടേ വരുമോ.. ”

എന്നേ പോലെ എന്റെ ഡോക്ടറും ഒരാനാഥൻ.

വിശ്വസിക്കാൻ കഴിഞ്ഞില്ല..

വീണ്ടും ഓരോ പേജുകൾ മറിച്ചു നോക്കി.

ഇല്ല ഒന്നും എഴുതിയിട്ടില്ല അത്രമാത്രം പറഞ്ഞു കൊണ്ട് പാതിവഴിയിൽ ആ എഴുത്ത് നിർത്തിയേക്കുന്നു.

എന്തെ താൻ ഒരിക്കൽ പോലും എന്റെ ഡോക്ടർനേ കുറിച്ച് കൂടുതലൊന്നും ചോദിച്ചറിഞ്ഞില്ല..

വല്ലാത്ത കുറ്റബോധം തോന്നി..

ആ ഡയറിയും നെഞ്ചോട് ചേർത്ത് കുറേ നേരം അനങ്ങാതെ നിന്നു.അപ്പോഴും കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

നിർവികാരതയോടെ ആമ്പുലൻസ് കടന്ന് പോകുന്നതും നോക്കി നിന്നു.

“”എന്തിനായിരുന്നു ഡോക്ടറെ ആരോരുമില്ലാത്തവളുടെ ജീവിതത്തിന് ഇത്രയും വർണ്ണം നൽകിയത്.

ഒടുവിൽ ഒരു വാക്ക് പോലും പറയാതെ എന്നെന്നേക്കുമായി യാത്രയായത്.. “”

ഹൃദയം പൊട്ടി ചോദിച്ചു പോയി.

ആമ്പുലൻസ് കടന്ന പോയ അതെ സമയം മുന്നിലുള്ള ബാനർ തനിക്ക് മുന്നിൽ വെളിവായി..

പ്രിയപ്പെട്ട ഹർഷൻ ഡോക്ടർക്ക് ആദരാഞ്ജലികൾ!!!

കുറേ നേരം ആ ചിത്രത്തിലേക്ക് തന്നെ നോക്കി ഏങ്ങി ഏങ്ങി കരഞ്ഞു.

താൻ പറഞ്ഞ അതെ കുഞ്ഞി കണ്ണുകൾ, നീണ്ട മൂക്ക്, കട്ടി മീശ നിറഞ്ഞു നിൽക്കുന്ന നിഷ്ക്കളങ്കമായ പുഞ്ചിരി.

“”ഡോട്ടറേ.. “” വെറുതെ ആ ചിത്രത്തിലേക്ക് നോക്കി വിളിച്ചു.

എവിടുന്നോ ഡോക്ടറിന്റെ പൊട്ടിച്ചിരി കാതിൽ അലയടിക്കും പോലെ..

ഒരു പൊട്ടിക്കരച്ചിലൂടെ നിലത്തേക്കൂർന്നിരുന്നു.

ഞാനെന്റെ ഡോക്ടറിനെ കൺ നിറയെ കണ്ടു

ആദ്യമായും അവസാനമായും !!!

അവസാനിച്ചു..

ലൈക്ക് കമൻ്റ് ചെയ്യണേ…..

രചന : സ്നേഹ ശിവൻ