തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഇന്നവളെ കണ്ടത്.. ഒരു നിമിഷം സ്- തബ്ധനായി നിന്നു പോയി ഞാൻ

രചന : ആരതി പാറു

പ്രണയിനി

************

തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഇന്നവളെ കണ്ടത്.. ചെന്നൈയിലേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട് ആഴ്ച രണ്ടു കഴിഞ്ഞെങ്കിലും ഒറ്റയ്ക്ക് ഫ്ലാറ്റിലേക്ക് താമസം മാറ്റിയത് ഇന്നാണ്.. ഇതുവരെ കൂടെ താമസിപ്പിച്ച ഉറ്റസുഹൃത്തുമായി തന്റെ സാധനങ്ങളെല്ലാം എടുത്ത് വെയ്ക്കുമ്പോഴാണ് ആ ശബ്ദം തന്റെ ഹൃദയത്തെ പിടിച്ചു കുലുക്കി കടന്നുപോയത്..

” മോളെ ഓടല്ലേ വീഴും… നില്ക്കു മോളെ.. അമ്മയ്ക്ക് ദേഷ്യം വരും കേട്ടോ.. ”

ഒരു നിമിഷം സ്തബ്ധനായി നിന്നു പോയി..

കണ്ണുകളിറുക്കിയടച്ചു നിന്നു.. വീണ്ടും വീണ്ടും ആ സ്വരം കാതിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു…

അതെ ഇതവൾ തന്നെ.. എത്ര കാലങ്ങൾക്കപ്പുറവും മറക്കാൻ കഴിയാത്ത അവളുടെ സ്വരം.. ഹൃദയം അല്പം ശാന്തമായപ്പോൾ കാലുകൾ അറിയാതെ പാഞ്ഞു.. നിമിഷങ്ങൾക്ക് മുൻപ് ആ സ്വരം നിറഞ്ഞ ഇടനാഴി ഇപ്പോൾ ശൂന്യമാണ്..

പെട്ടെന്നാണ് തൊട്ടടുത്ത ഫ്ലാറ്റിന്റെ ഡോറിൽ കണ്ണുടക്കിയത്..

അവളവിടെ ഉണ്ടാകുമോ.. രണ്ടും കല്പിച്ചു ഡോർ ബെല്ലടിച്ചു.. വാതിൽ തുറന്നതും മുന്നിൽ ആ മുഖം…

ഞരമ്പുകൾ വലിഞ്ഞു മുറുകും പോലെ തൊണ്ടവരളും പോലെ.. ഒരു നിമിഷം നോക്കി നിന്ന ശേഷം ഒന്നും മിണ്ടാതെ അവളകത്തേക്ക് പോയി..

പിന്നീടുള്ള ദിവസങ്ങളിൽ ഇടയ്ക്കിടെ ഞാനവളെ കണ്ടു.. അവൾ എന്നെ കാണുന്നുണ്ടോ..

ഉണ്ടെങ്കിലും ഇല്ലെങ്കിലും അവളത് ഒഴിവാക്കാൻ ശ്രമിക്കുമ്പോലെ തോന്നി.. ബാൽക്കണിയിൽ തുണികൾ വിരിച്ചിടുന്നതും ചെടി നനയ്ക്കുന്നതും അവളുടെ കുഞ്ഞു മോളോടൊപ്പം കളിക്കുന്നതുമെല്ലാം ഞാൻ കൊതിയോടെ നോക്കിക്കണ്ടു.. പക്ഷേ അവൾ കണ്ണിൽ നിന്നും മറയുമ്പോൾ ഹൃദയം വല്ലാതെ നോവുംപോലെ..

ഒത്തിരി മാറിപോയിരിക്കുന്നു അവൾ.. വേഷത്തിലും ഭാവത്തിലുമെല്ലാം പക്വത വന്നിരിക്കുന്നു..

ദാവണിയുടുത്തു കണ്ണിൽ നീട്ടിയെഴുതിയ കരിമഷിയും കൈ നിറയെ കുപ്പിവളകളും കാലിൽ അവളുടെ ചിരിപോലെ കിലുങ്ങുന്ന കൊലുസ്സുമിട്ട് തന്റെ പിന്നാലേ ഓടി നടന്ന സുന്ദരിയായ ആ കുസൃതിക്കാരി പെൺകുട്ടിയിൽ നിന്നും ഇത്രയും പക്വതയാർന്ന ഒരു ഭാര്യയും അമ്മയുമായി മാറാൻ അവൾക്കെങ്ങനെ കഴിഞ്ഞു..

അത്രമാത്രം കാലം കടന്നുപോയിരിക്കുന്നുവോ..

ഇല്ല അവസാനമായി കണ്ടിട്ട് 5 വർഷങ്ങൾ കഴിഞ്ഞതേയുള്ളു..

ഒരു രാത്രി ഹൃദയത്തിന് ഭാരം കൂടി വന്നപ്പോൾ ആശ്വാസത്തിനെന്ന വണ്ണം മദ്യത്തെ കൂട്ടുപിടിച്ചു..

അല്പം ക്ഷീണത്തോടെ സോഫയിലേക്ക് ചാഞ്ഞപ്പോൾ പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴയും കണ്ണിൽ നിന്നും അനുവാദമില്ലാതെ ഒഴുകിയ കണ്ണീരും ചേർന്ന് വീണ്ടും ഓർമകളുടെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി…

പത്താം തരം കഴിഞ്ഞ് അവധി കിട്ടിയപ്പോഴാണ് പാലക്കാടുള്ള അച്ഛന്റെ തറവാട്ടിൽ അച്ഛമ്മയോടൊപ്പം കുറച്ചു ദിവസം താമസിക്കാൻ പോയത്..

തിരുവനന്തപുരത്തെ ഞങ്ങളുടെ വീട്ടിൽ നിന്നും തനി നാട്ടിൻപുറമായ തറവാട്ടിലേക്ക് പോകാൻ എനിക്ക് തീരെ താല്പര്യമില്ലായിരുന്നു.. അച്ഛമ്മയുടെ നിർബന്ധത്തിന് വഴങ്ങി അച്ഛനെന്നെ അവിടെ കൊണ്ടാക്കി മടങ്ങുമ്പോൾ എത്രയും വേഗം എന്നെ കൊണ്ടുപോകാൻ വരണമെന്നു ഞാൻ പറയുന്നത് കേട്ട് അച്ഛമ്മയുടെ മുഖം വാടി..

തറവാടിനടുത്തു തന്നെ അച്ഛന്റെ ബന്ധുക്കളെല്ലാമുണ്ട്.. കളിക്കൂട്ടുകാർ ഒരുപാടുണ്ടായിരുന്നു..

ഒരു സന്ധ്യയ്ക്ക് കുടുംബ ക്ഷേത്രത്തിലെ ഉത്സവം കൂടാൻ പോയപ്പോഴാണ് അവളെ ഞാൻ ആദ്യമായ് കാണുന്നത്.. ദേവയാനി എന്ന എന്റെ ദേവു..

താലപ്പൊലിക്ക് നിരയായി വരുന്ന പെണ്ണുങ്ങൾക്കിടയിൽ നിന്നും പെട്ടെന്നാണ് ആ മുഖം ശ്രദ്ധയിൽ പെട്ടത്.. പട്ടുപാവാടയുടുത്തു മുല്ലപ്പൂവും ചൂടി വിടർന്ന കണ്ണുകൾ നീട്ടിയെഴുതി നെറ്റിയിൽ പൊട്ടിനു മീതെ ചന്ദനക്കുറിയുമണിഞ്ഞു കയ്യിലെ താലത്തിൽ കൊളുത്തിവെച്ച തിരിയുടെ വെളിച്ചത്തിൽ ആ മുഖം വല്ലാതെ പ്രകാശിച്ചു..

ഒരു അതിശയം കണ്ടതുപോലെ ഞാൻ നോക്കി നിന്നു പോയി…

അതിനു മുൻപ് അത്രയും സുന്ദരമായൊരു കാഴ്ചയും കണ്ടിട്ടില്ലെന്ന് തോന്നിപ്പോയി..

വീട്ടിലെത്തിയിട്ടും ആ കാഴ്ച കണ്ണിൽനിന്നും മറയാത്ത പോലെ… ദിവസങ്ങൾ പലതു കഴിഞ്ഞു..

അവളെ ഒരിക്കൽകൂടി കാണാനുള്ള ആഗ്രഹവുമായി ഓരോ കാരണങ്ങൾ പറഞ്ഞു കൂട്ടുകാരോടൊപ്പം സൈക്കിളിൽ ആ നാടുമുഴുവൻ ഞാൻ ചുറ്റിക്കറങ്ങി.. ഓരോ ദിവസവും നിരാശനായി തിരിച്ചെത്തുമ്പോഴും ആ മുഖം കൂടുതൽ ആഴത്തിൽ മനസ്സിൽ പതിഞ്ഞു.. കറക്കം കഴിഞ്ഞു മടങ്ങിയെത്തിയ ഒരു വൈകുന്നേരം മുറ്റത്തെ കാഴ്ച കണ്ടു ഞാൻ അമ്പരന്നുപോയി..

അച്ഛമ്മയോട് കിന്നാരം പറഞ്ഞുകൊണ്ട് മുറ്റത്തെ തെച്ചിയും തുളസിയുമെല്ലാം നുള്ളുന്ന അവളെ കണ്ടതും സന്തോഷം കൊണ്ട് തുള്ളി ചാടിയ മനസ്സ് പുറത്തു കാട്ടാതെ ഒരു വിധം വീടിനകത്തേക്കോടി..

“ഹരിക്കുട്ടാ നിക്കെടാ.. ഈ ആളെ അറിയുമോ നീ.. ”

അച്ഛമ്മയുടെ ചോദ്യം കേട്ട് അമ്പരന്ന ഞാൻ അവിടേക്കു ചെന്നു.. എന്നെ നോക്കി പരിചയ ഭാവത്തിൽ ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു..

“ഹരിയേട്ടനെന്നെ ഓർമ്മയുണ്ടോ ”

“ഇല്ലല്ലോ ”

അവൾ അല്പം പരിഭവിച്ചു..

“ദേവൂട്ടിയെ മറന്നോ കുട്ടീ നീയ്, കൊള്ളാലോ.. അതെങ്ങനാ.. പട്ടണത്തിലേക്ക് പോയേപ്പിന്നെ നിനക്ക് അച്ഛമ്മയേക്കൂടെ ഓർമയില്ലല്ലോ..”

പിന്നീടങ്ങോട്ട് അവളും അച്ഛമ്മയും ചേർന്ന് പറഞ്ഞതെല്ലാം എന്നെ അമ്പരപ്പിച്ചു..

കുഞ്ഞുനാളിൽ ഒന്നിച്ചു കളിച്ചു വളർന്നതും തോളിലെടുത്തു നടന്നതും കൈപിടിച്ച് എഴുത്തു കളരിയിൽ പോയതുമെല്ലാം അവൾ എണ്ണിയെണ്ണി പറഞ്ഞു.. ഇത്രയും വളർന്നിട്ടും അവളൊന്നും മറന്നിട്ടില്ലത്രേ..

അച്ഛമ്മയോട് എന്നെ അന്വേഷിക്കാറുമുണ്ടത്രേ..

ഇപ്പൊ ഞാൻ വന്നപ്പോൾ അവൾ അമ്മ വീട്ടിൽ അവധിയ്ക്ക് തങ്ങാൻ പോയതാണ്.. അതാണ് ഇത്ര ദിവസം കാണാതിരുന്നത്.. എനിക്ക് വല്ലാത്തൊരു ആഹ്ലാദവും ആവേശവുമൊക്കെ തോന്നി..

അവൾക്ക് മുൻപിൽ ഒന്നും പ്രകടിപ്പിക്കാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചു…

തിരികെ കൊണ്ടുപോകാൻ അച്ഛനെത്തിയെന്ന വാർത്ത അവളും ഞാനും ഒരുപോലെ ഞെട്ടലോടെയാണ് കേട്ടത്.. വരുന്നില്ലെന്ന് വാശിപിടിച്ചപ്പോൾ അച്ഛൻ എതിർത്തില്ല.. ഇനി വെക്കേഷൻ തീർന്നാലും അങ്ങോട്ടില്ല എനിക്കിവിടെ പഠിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ അച്ഛൻ അൽപം എതിർത്തു നോക്കി പക്ഷെ അച്ഛമ്മയുടെ സപ്പോർട്ടിന്റെ ബലത്തിൽ ഞാൻ വിജയിച്ചു..

അങ്ങനെ അവളുടെ സ്കൂളിൽ ഞാൻ +2 വിനു ചേർന്നു.. അവളപ്പോൾ പത്താം തരത്തിലും..

സ്കൂളിൽ പോക്കും അവധി ചിലവഴിക്കലും എല്ലാം ഒന്നിച്ചായി..

പിടിച്ചു നിൽക്കാൻ കഴിയാതെ ഒരു ദിവസം അവളോടിഷ്ടം തുറന്നു പറഞ്ഞപ്പോൾ പേടി കൊണ്ടോ നാണം കൊണ്ടോ ആ മുഖം ചുവന്നു.. പിന്നെ കുറച്ചു ദിവസം എനിക്ക് മുഖം തരാതെ നടന്നവൾ ഒടുവിലെന്റെ പ്രണയത്തിനു മുന്നിൽ അടിയറവു പറഞ്ഞു… ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഘോഷിച്ച ദിവസങ്ങളായിരുന്നു പിന്നീട്..

കൊച്ചു കാര്യങ്ങൾക്ക് പോലും വാശി കാണിക്കുകയും ചിലപ്പോൾ അടുത്ത നിമിഷം പിണക്കം മാറ്റിവെച്ചു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഒരു പാവം പെണ്ണായിരുന്നവൾ.. ഇണക്കവും പിണക്കവുമായി ഓരോ ഞരമ്പിലും കത്തിക്കയറിയ പ്രണയം ഞാൻ കോളേജ് പഠനം പൂർത്തിയാക്കും വരെ മാറ്റമില്ലാതെ തുടർന്നു..

അച്ഛന്റെ റെക്കമെന്റേഷനിൽ ജോലി കിട്ടിയപ്പോൾ ആ നാടുപേക്ഷിക്കാൻ ഞാൻ നിർബന്ധിതനായി..

അമ്പലക്കുളത്തിന്റെ പടവിലിരുന്ന് അവളുടെ കയ്യിൽ കൈ ചേർത്ത് നിന്നെ കൊണ്ടു പോകാൻ ഉടനെ തിരിച്ചു വരുമെന്ന് വാക്കു കൊടുത്തു..

ബാംഗ്ലൂർ ആയിരുന്നു ആദ്യം ജോയിൻ ചെയ്തത്..

ആ നഗരത്തിന്റെ തിരക്കുകളിൽ അലിഞ്ഞു ചേർന്ന ഞാൻ പതിയെ അവളെ പിരിഞ്ഞ ദുഃഖം മറന്നു തുടങ്ങി..

എന്റെ സന്തോഷങ്ങൾ മറ്റു പലതുമായി..

അവിടുത്തെ എന്റെ പെൺസൗഹൃദങ്ങൾ അവളോട്‌ മനസ്സിൽ അകൽച്ചയുടെ വിത്തുപാകി.. അവളുടെ ഫോൺവിളികൾ എന്നെ അലോസരപ്പെടുത്താനും തുടങ്ങി.. പതിയെ അവളെ ഞാൻ പൂർണമായി ഒഴിവാക്കാൻ തുടങ്ങി.. അന്നൊക്കെ അവളൊരുപാട് സങ്കടപ്പെട്ടു കാണും..

അറിയില്ല അതൊന്നുമന്വേഷിച്ചില്ല.. പിന്നീടെപ്പോഴോ അച്ഛമ്മയുടെ ഫോൺ വിളിയിലാണ് അവളുടെ വിവാഹമുറപ്പിച്ചെന്നു ഞാൻ അറിഞ്ഞത്.. ആദ്യം നല്ലതെന്നു കരുതിയെങ്കിലും അവളയച്ച ഇൻവിറ്റേഷൻ കാർഡിൽ അവളുടെ പേരിനൊപ്പം മറ്റൊരു പേര് കണ്ടതും എന്റെ ഹൃദയമിടിപ്പിന്റെ താളം മാറുന്നത് ഞാനറിഞ്ഞു..

അന്ന് രാത്രി അവളെ വിളിച്ചെങ്കിലും മറുപടിയില്ലായിരുന്നു… പിന്നീടൊരിക്കലും..

ഇന്നുവരേയ്ക്കും…

വിവാഹദിവസം ധൈര്യം സംഭരിച്ചു ഞാൻ പോയി..

അണിഞ്ഞൊരുങ്ങി വധുവായി അവൾ എന്റെ മുന്നിൽ.. ആദ്യമായ് ആ മുഖം കണ്ടത് ഞാനോർത്തു..

ഇന്നു പക്ഷെ അതിലേറെ ചമയങ്ങൾ ഉണ്ടായിട്ടും പ്രകാശമില്ലാതെ ആ മുഖം മങ്ങിയിരിക്കുന്നു…

“വിവാഹമുറപ്പിച്ചതിനു ചാവാൻ പോയതാ ആ പെണ്ണ്.. അമ്മ കണ്ടതുകൊണ്ടാ രെക്ഷപെട്ടത്.. പിന്നെ ഇന്നലെ വരെ മുറിയിൽ പൂട്ടിയിട്ടേക്കുവാരുന്നു.. എന്തോ പ്രേമമോ മറ്റോ ആരുന്നു”

ആരുടെയൊക്കെയോ നാവിൽ നിന്ന് കേട്ടറിഞ്ഞു..

ഇടിത്തീ പോലെ ആ വാക്കുകൾ കാതിൽ മുഴങ്ങി..

എന്റേതായിരുന്നപ്പോൾ അവഗണിച്ചു കളഞ്ഞ അവളുടെ സ്നേഹം എത്ര ശ്രമിച്ചിട്ടും മറക്കാനാവാതെ എന്നെ ശ്വാസം മുട്ടിച്ചു..

താലി കെട്ടിന് മുൻപ് അച്ഛമ്മയോടൊപ്പം നിന്ന എന്നെ അവൾ കണ്ടു.. ആ നോട്ടത്തിന്റെ അർത്ഥം എനിക്കിന്നുമറിയില്ല.. അന്ന് ഫ്ലാറ്റിന്റെ ഡോർ തുറന്നു നോക്കിയപ്പോൾ കണ്ട അതേ നോട്ടം..

താലി അവളുടെ കഴുത്തിൽ വീഴുമ്പോൾ വാദ്യമേളങ്ങളേക്കാൾ ഉച്ചത്തിൽ എന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.. അവൾ പോയി..

ദൂരേയ്ക്ക്.. എന്റെ എല്ലാമായിരുന്നവൾ.. എന്റേത് മാത്രമായിരുന്നവൾ.. മറ്റൊരുവന്റെ പാതിയായി അവൾ പോയിരിക്കുന്നു…

ജോലിയിൽ നിന്നും നീണ്ട ലീവെടുത്തു നാട്ടിൽ അച്ഛമ്മയോടൊപ്പം തങ്ങി.. അവളെ ആദ്യം കണ്ട അമ്പലത്തിലും കണ്ടുമുട്ടാറുണ്ടായിരുന്ന ഇടവഴികളിലും അവസാനം കണ്ട കൽപടവിലുമെല്ലാം അവളെ തേടി നടന്നു.. നിയന്ത്രണം വിട്ട ഒരു രാത്രിയിൽ എല്ലാം തുറന്നു പറഞ്ഞു അച്ഛമ്മയുടെ മടിയിൽ കിടന്ന് കരഞ്ഞു..

ആ നാടും അവളുടെ ഓർമകളും പ്രണയത്തെക്കാൾ തീവ്രമാണ് അത് നൽകുന്ന വേദനയെന്ന് ഓരോ നിമിഷവും ഓർമിപ്പിച്ചുകൊണ്ടിരുന്നു..

അങ്ങനെ ഞാൻ തിരികെ ജോലിയിലേക്ക് പ്രവേശിച്ചു.. കാലങ്ങൾ കടന്നുപോയി.. എന്നിട്ടും അവളെയോർക്കാതെ ഒരു ദിവസം പോലും കടന്നുപോയില്ല..

അച്ഛനുമമ്മയും മുടങ്ങാതെ അയച്ചു തരാറുള്ള പെൺകുട്ടികളുടെ ഫോട്ടോകളിൽ ഞാൻ പരതിയ മുഖം മാത്രം കണ്ടില്ല.. കാണില്ലല്ലോ..

അതെനിക്കുമറിയാം..

വീണ്ടും ഉറക്കമില്ലാത്ത രാത്രികൾ കടന്നു വരുന്നു..

അവളുടെ ഓർമകളിൽ നിന്ന് രക്ഷ നേടാൻ കിണഞ്ഞു പരിശ്രമിച്ചു പരാജിതനായെങ്കിലും പതിയെ ആ നഷ്ടമുൾക്കൊള്ളാൻ മനസിനെ പഠിപ്പിച്ചു വരികയായിരുന്നു..

ഇവിടെയിപ്പോൾ അവളെ വീണ്ടും കണ്ടപ്പോൾ…

ഉണങ്ങാൻ തുടങ്ങിയ മുറിവിൽ ആരോ ആഴത്തിൽ വീണ്ടും കത്തി കുത്തിയിറക്കും പോലെ നോവുന്നു…

ഇല്ല.. ഇനിയുമിതു തുടർന്നാൽ പഴയതിലും തളർന്നുപോകും ഞാൻ.. എങ്ങോട്ടെങ്കിലും ഓടിപ്പോയിലെങ്കിൽ ഹൃദയം പൊട്ടിപ്പോകുമെന്ന് തോന്നുന്നു..

പിറ്റേന്ന് തന്നെ ഞാൻ ഡോർ ലോക്ക് ചെയ്തു പാക്ക് ചെയ്ത സാധനങ്ങളുമായി ഇറങ്ങി.. അവളെ ഒരു നോക്കു കൂടി കാണാൻ ശക്തിയില്ലാതെ..

പോകാൻ നേരം അയാൾ അവളുടെ വീട്ടുപടിക്കൽ ഒരു നിമിഷം നിന്നു..

” എന്റേതായിരുന്നപ്പോൾ അറിയാതെ ഞാൻ മറന്നുപോയവളേ… ഇന്ന് നിന്നെ മറക്കാൻ എനിക്കറിയാതെ പോയിരിക്കുന്നു…”

അവളറിയാതെ അവളോട്‌ യാത്ര പറഞ്ഞു ഞാൻ പോയി… അവളുള്ള ഈ ഭൂമിയിൽ അവളില്ലാത്തൊരു നാടും തേടി…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ആരതി പാറു