തേൻനിലാവ്, നോവൽ, ഭാഗം 7 വായിച്ചു നോക്കൂ….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

ഫസ്റ്റ് ഇയേഴ്സ് എല്ലാം പേടിയോടെയും സീനീയേഴ്സെല്ലാം ആകാംശയോടെയും കാത്തിരുന്ന ഫ്രഷേർസ് ഡെ വന്നെത്തി.

“അപ്പു പേടിയുണ്ടോ നിനക്ക്…. ”

“എന്തിന്….. ”

“ഇന്ന് ഫ്രഷേർസ് ഡെ അല്ലേ….. ”

“അതിനെന്താ നല്ല രസല്ലേ….. ”

അപ്പുവിൻെറ കണ്ണുകൾ വിടർന്നു.

“നിനക്ക് ഒരു പേടിയും ഇല്ലേ അപ്പു…. ”

ദേവമ്മക്ക് അത്ഭുതമായി.

“പേടിക്കേണ്ട ദേവമ്മ… ചിൽ… ചിൽ…. ”

“പിന്നേ…. അവൾടെ ഒരു ചിൽ…. മനുഷ്യനിവിടെ കയ്യും കാലും വിറച്ചിട്ടൊരു രക്ഷയില്ല….

എന്തൊക്കെ ആണാവോ അവര് പ്ലാൻ ചെയ്തു വച്ചേക്കണെ…. ”

രണ്ടു പേരും കൂടി ക്ലാസ്സിലേക്ക് കയറിയപ്പോൾ ക്ലാസ്സിൽ മുഴുവനും സീനിയേഴ്സായിരുന്നു.

ദേവമ്മക്ക് ആകെ പേടിയായി തുടങ്ങി. അവൾ അപ്പുവിൻെറ കയ്യിൽ മുറുകെ പിടിച്ചു.

സീനീയേഴ്സിനെയെല്ലാം ഒരുമിച്ചു കണ്ട സന്തോഷത്തിലായിരുന്നു നമ്മുടെ അപ്പുക്കുട്ടൻ.

“എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ… ഇന്നത്തെ പ്രത്യേകത എല്ലാവർക്കും അറിയാമല്ലോ… എല്ലാവരും ടെൻഷൻ അടിച്ച് ഇരിക്കായിരിക്കൂലെ… അതിൻെറ ഒരു ആവശ്യവുമില്ല… നിങ്ങളെ വ്യക്തിപരമായി ബുദ്ധിമുട്ടിക്കുന്ന ഒന്നും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവില്ല….. ”

കൂട്ടത്തിലെ ഒരു പെൺകുട്ടിയാണ് തുടക്കമിട്ടത്.

“നല്ല ടോപ്.. അല്ലേടി…… ”

അപ്പുവിൻെറ ശ്രദ്ധ മുഴുവനും അവളുടെ ഡ്രസ്സിൽ ആയിരുന്നു.

“മണ്ണാങ്കട്ട…നീ അതും നോക്കിക്കൊണ്ടിരിക്കാണോ…

ദേവമ്മ കണ്ണുരുട്ടി.

“അയിനിപ്പോ എന്നാ…. ”

“കുന്തം… മിണ്ടാതെ ഇരിക്കവിടെ…. ”

“പോടി…… ”

അപ്പു ചുണ്ടു കോട്ടി നേരെ നോക്കി ഇരുന്നു.

“നമ്മളിൽ കുറച്ചു പേർ തമ്മിൽ പരിചയപ്പെട്ടതാണ്… ബാക്കി ഉള്ളവരെ കൂടി പരിചയപ്പെടാനും…

നിങ്ങളുടെ പേടിയൊക്കെ മാറ്റി എടുക്കാനും വേണ്ടി കുറച്ചു സമയം… അത്രയേ ഞങ്ങൾ ഉദ്ദേശിക്കുന്നൊള്ളു… എല്ലാവർക്കും കൂടി അത് മാക്സിമം എൻജോയ് ചെയ്യാം…. ഓക്കെ….. ”

“ഓക്കെ…… ”

നിശബ്ദമായ ക്ലാസ്സിൽ നിന്നും അപ്പുവിൻെറ ശബ്ദം മാത്രം ഉറക്കെ കേട്ടു.

“എന്താ ആർക്കും ഒരു interest ഇല്ലാത്തത്… പേടിക്കണ്ടടോ…. Let’s enjoy…. നമുക്ക് ഒരുപാട് പരിമിതികളുണ്ട്… സോ ഉച്ചക്കു ശേഷമാണ് program fix ചെയ്തിരിക്കുന്നത്… എല്ലാവരും കൃത്യം 2 മണിക്ക് സെമിനാർ ഹാളിൽ വരണം….. 4 മണി വരെയാണ് നമുക്ക് സമയമൊള്ളു… സോ എല്ലാവരും സമയത്തിന് എത്തണം… ”

“ഉച്ച വരെ റെഗുലർ ക്ലാസ്സ് ഉണ്ടാകും.. ടീച്ചർ ദേ പുറത്തു വെയ്റ്റിങ് ആണ്… അപ്പോ എല്ലാരും കൃത്യം 2 മണിക്ക്… സെമിനാർ ഹാൾ….. ”

ഒരിക്കൽ കൂടി പരിപാടിയെ കുറിച്ച് ഓർമ്മപ്പെടുത്തിയിട്ട് അവരെല്ലാം ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി.

അവരുടെ പുറകെ ടീച്ചർ കയറി വന്ന് ക്ലാസ്സ് എടുത്ത് തുടങ്ങി അപ്പു ഉറക്കം തൂങ്ങലും.

********************

“കൂയ്….. മനുവേട്ടാ….. നിക്ക്… ശിവേട്ടാ….”

ചോറു പൊതിയും കയ്യിൽ പിടിച്ചുകൊണ്ട് അപ്പു അവരുടെ പുറകെ ഓടി.

“ഹ… അപ്പുക്കൂട്ടോയ്… ഞാൻ ദേ ഇപ്പോ നിൻെറ കാര്യം പറഞ്ഞതേ ഒള്ളു…. ”

ശിവ അവളുടെ തോളിൽ കൈ കുത്തി നിന്നു.

ഈ സമയം ജിത്തു അവളുടെ മുഖത്തേക്കും കയ്യിലെ പൊതിയിലേക്കും നോക്കുകയായിരുന്നു.

“ആണോ… എന്താ പറഞ്ഞേ എന്നെപ്പറ്റി….. ”

“അതോ…. ആ അരവട്ട് കുരിശിനെ ഇന്ന് കണ്ടില്ലാലോന്നാ അവൻ പറഞ്ഞത്…. ”

മറുപടി പറഞ്ഞത് മനു ആയിരുന്നു.

“ബ്ലാ… ബ്ലാ…. നല്ല ലോ ക്ലാസ്സ് തമാശ…. ”

അപ്പു ശിവയുടെ കൈ തട്ടി മാറ്റി.

“നിൻെറ standard അനുസരിച്ചല്ലേ പറയാൻ പറ്റൊള്ളു…. “ശിവയും മനുവും കൂടി അവളെ കളിയാക്കി ചിരിച്ചു.

“എനിക്ക് വല്യേ ചിരി ഒന്നും വന്നില്ലാട്ടോ…. ”

അപ്പു ചുണ്ടു കറുപ്പിച്ചു .

“എന്നാ ചിരിക്കണ്ടാ… ദേ…. ആരാ നിന്നോട് ചിരിക്കാൻ പറഞ്ഞത്….. ”

“ങ്ഹും… എന്ത് സാധനാ……. ”

അവൾ മുഖം കയറ്റിപ്പിടിച്ച് നിന്നു.

“അല്ല… നീ എന്തിനാ വന്നേ…. ”

“ഞാൻ നിങ്ങളുടെ കൂടെ ചോറുണ്ണാൻ വന്നതാ… അച്ചു നിങ്ങൾക്ക് വേണ്ടി സ്പെഷ്യൽ ആയിട്ട് എരിശ്ശേരിയും പാവക്കാ കൊണ്ടാട്ടവുമൊക്കെ തന്ന് വിട്ടിട്ടുണ്ട്… അവരെവിടെ ശിൽപ്പേച്ചിയും മേഘേച്ചിയും….. ”

അപ്പു ക്ലാസ്സിലേക്ക് എത്തി നോക്കി.

ശിൽപ്പയും മേഘയും ഭക്ഷണം എടുത്ത് വയ്ക്കുകയായിരുന്നു.

“ശിൽപ്പേച്ചി…. കൂയ്…. മേഘേച്ചി…. ഇങ്ങോട്ടു വന്നേ….. ”

അപ്പു അവരെ കൈ മാടി വിളിച്ചു.

“നിങ്ങളുടെ ചോറെവിടെ…. ”

വെറും കയ്യാലെ നിൽക്കുന്ന അവരെ അപ്പു ആകെ ഒന്നു നോക്കി.

“ഞങ്ങൾ ക്യാൻറ്റീനിൽ നിന്നാടി കഴിക്കുന്നത്… നീ അവരുടെ കൂടെ പേയിരുന്നോ… ”

“അത് പറ്റില്ല എല്ലാവർക്കും കൂടി കഴിക്കാം… ”

“എന്താ അപ്പുക്കുട്ടാ… ”

ശിൽപ്പയും മേഘയും അവിടേക്ക് വന്നു.

“നിങ്ങൾ പോയി ചോറെടുത്തിട്ട് വാ… നമുക്ക് എല്ലാവർക്കും കൂടി ക്യാൻറ്റീനിൽ പോയി ഇരുന്നു കഴിക്കാം…. ”

അപ്പു അവരേയും വലിച്ചു കൊണ്ട് നടന്നു.

“ദേവമ്മ എവിടെ അപ്പുക്കുട്ടാ….”

ശിവയായിരുന്നു അത് ചോദിച്ചത്.

“അവൾ ഹോസ്റ്റലിൽ അല്ലേ… അവരുടെ ഫുഡ് ഒക്കെ അവിടെന്നാ… കഴിക്കുന്നില്ലെങ്കിൽ നേരത്തെ പറയണം… ഞാൻ അവളോട് പോയ്ക്കോളാൻ പറഞ്ഞു വെറുതെ എന്തിനാ അവളെ ചീത്ത കേൾപ്പിക്കണേ….”

“ഗേൾസ് ഹോസ്റ്റൽ നല്ല സ്രിക്ടാ…. ഞങ്ങളും യു ജി സമയത്ത് ഇടക്കൊക്കെ നിക്കാറുണ്ടായിരുന്നു… ആ വാർഡൻ… ഒരു രക്ഷയില്ല….. ”

ശിൽപ അതെല്ലാം ഓർത്തെടുത്ത് പറയാൻ തുടങ്ങി.

ക്യാൻറ്റീനിലെത്തി ഒരു മേശക്കു ചുറ്റുമായി അവർ ആറുപേരും ഇരുന്നു മനുവും ശിവയും കൂടി അപ്പുവിൻെറയും ശിൽപ്പയുടേയും മേഘയുടേയും ഭക്ഷണം കയ്യിട്ടു വാരി കഴിക്കുമ്പോൾ ജിത്തു മാത്രം ഒരു ഊണ് വാങ്ങി കഴിച്ചു.

“ഒന്ന് പതുക്കെ തിന്നെടി… ചത്ത് പോവും… ”

അപ്പുവിൻെറ കഴിപ്പ് കണ്ട് മനുവിൻെറ കണ്ണു തള്ളി.

“നരുന്ത് പോലെ ഇരുന്നിട്ട് ഈ മാതിരി തീറ്റ….. ”

ശിവ തലയിൽ കൈ വച്ചു പോയി.

“ഭക്ഷണം ഒരാളുടെ ഇഷ്ടമാണ്…. എന്ത് കഴിക്കണം.. എങ്ങനെ കഴിക്കണമെന്നുള്ള കാര്യത്തിൽ ഇടപെടാൻ നമുക്ക് ഒരു അവകാശവുമില്ല….. ”

ജിത്തു വളരെ ശാന്തമായി പറഞ്ഞു.

“അതെന്നെ… നോട്ട് ദ പോയിൻെറ്…. ”

അപ്പു ഒരു പാവക്കാ കൊണ്ടാട്ടം കൂടി എടുത്ത് വായിലേക്കിട്ടു.

“അന്നം ദൈവമാണ്… ഭക്ഷണത്തിനോടും ബഹുമാനം കാണിക്കണം….. ”

ആ പറഞ്ഞത് അപ്പുവിനെ ഉദ്ദേശിച്ചാണെന്ന് എല്ലാവർക്കും മനസ്സിലായെങ്കിലും പാവം അപ്പുവിന് മാത്രം മനസ്സിലായില്ല. പവർ കട്ട് പവർ കട്ടേ…

അപ്പു ഓരോ പാവക്കാ കൊണ്ടാട്ടം എടുത്ത് ഓരോരുത്തരുടേയും വായിലേക്ക് വച്ചു കൊടുത്തു.

അവസാനം അത് ജിത്തുവിൽ ചെന്നെത്തി.

തൻെറ മുന്നിലേക്ക് ഭക്ഷണവും നീട്ടി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന അപ്പുവിനേയും അവളുടെ കയ്യിലേക്കും അവൻ മാറി മാറി നോക്കി.

ബാക്കി നാലെണ്ണവും എന്ത് സംഭവിക്കുമെന്നറിയാൻ കണ്ണും കാതും കൂർപ്പിച്ചിരുന്നു. ജിത്തു അവരെ കൂടി ഒന്ന് നോക്കിയ ശേഷം അപ്പുവിൻെറ കയ്യിൽ നിന്നും അത് വാങ്ങി കഴിച്ചു. അതോടെ നാലും നോട്ടം നിർത്തി വീണ്ടും ഭക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

********************

ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് ഫസ്റ്റ് ഇയേഴ്സ് എല്ലാം സെമിനാർ ഹാളിൽ വന്നെത്തി.

ഹാളിൽ ചുറ്റും കസേരകൾ വൃത്താകൃതിയിൽ അറേയ്ഞ്ച് ചെയ്തിട്ടുണ്ട്. നടുക്കായി ഒരു വലിയ വൃത്തം പരിപാടികൾക്കായി ശൂന്യമാക്കി ഇട്ടിരുന്നു.

യു ജി, പി ജി ഫസ്റ്റ് ഇയേഴ്സും ഡിപ്പാർട്മെൻറിലെ സകല ടീച്ചഴ്സും ചെയറുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

സീനീയേഴ്സെല്ലാം ഓടിപ്പാഞ്ഞ് നടക്കുന്നുണ്ട്.

അപ്പുവും ദേവമ്മയും കൂടി ഒഴിഞ്ഞ രണ്ടു കസേരകളിലേക്കിരുന്നു. സൈഡിൽ മാറി നിൽക്കുന്ന മനുവിനേയും ശിവയേയും കണ്ട് അപ്പു കൈ വീശി കാണിച്ചു. അവർ അവളോട് അടങ്ങി ഇരിക്കാൻ ആംഗ്യം കാണിച്ചു.

അവർക്കു നേരെ കൂർത്തൊരു നോട്ടമേകി അപ്പു ചുറ്റും ആരെയോ തിരഞ്ഞുകൊണ്ടിരുന്നു.

കസേരയിൽ ഇരുന്നുകൊണ്ട് തന്നെ അപ്പു തല ഉയർത്തി ചുറ്റും നോക്കി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ അവൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും അവനെ കണ്ടു പിടിച്ചു.

ആരോടോ സംസാരിച്ചുകൊണ്ടിരുന്ന ജിത്തുവിൻെറ മിഴികൾ അവിചാരിതമായി അപ്പുവിൻെറ കണ്ണുകളുമായി കൊരുത്തു.

മിഴികൾ ഉടക്കിയ നേരം ഇരുവരുടേയും ഹൃദയമിടിപ്പേറി.. ജന്മാന്തരങ്ങൾക്കുമപ്പുറും ഇഴ ചേർത്തു വയ്ക്കപ്പെട്ട എന്തോ മനോബന്ധമുള്ളതുപോലെ മിഴി ചിമ്മാനാവാതെ അവർ പരസ്പരം നോക്കി നിന്നു.

“”എന്തിനെൻ ഹൃദയം ഇത്രമേൽ പെരുമ്പറ കൊട്ടുന്നു… എന്തിനെൻ മിഴികൾ ഇത്രമേൽ പരതുന്നു…. എന്തിനായ് ഞാനിങ്ങനെ വിവശയായ് അലയുന്നു…..””

അപ്പുവിൻെറ മനസ്സ് അവളോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.

“എളുപ്പമുള്ള വല്ലതും തന്നാ മതിയായിരുന്നു….. ”

ദേവമ്മയുടെ ശബ്ദമാണ് അപ്പുവിനെ ബോധമണ്ഡലത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.

വളരെ പ്രയാസപ്പെട്ടവൾ അവനിൽ നിന്നും മിഴികൾ പിൻവലിച്ച് നേരെ നോക്കി ഇരുന്നു.

ജിത്തുവും നോട്ടം അവളിൽ നിന്നും മാറ്റി.

ഓരോത്തരെയായി വിളിച്ചു തുടങ്ങിയിരിന്നു.

മൂന്നു സീനിയേഴ്സ് നടുക്ക് നിൽക്കുന്നുണ്ട്. അതിൽ രണ്ടു പേരുടെ കയ്യിലും ഓരോ ബോക്സ് വീതം ഉണ്ട്. നടുക്ക് നിൽക്കുന്ന പെൺകുട്ടി ഒരു ബോക്സിൽ നിന്നും ഒരു ലോട്ട് എടുത്ത് അതിലെ പേര് വിളിക്കും. പേരു വിളിച്ച ആൾ വന്ന് അടുത്ത ബോക്സിലെ ലോട്ട് എടുത്ത് അതിൽ എഴുതിയിരിക്കുന്ന ടാസ്ക് ചെയ്യണം.

ആദ്യത്തെ ആൾക്ക് കിട്ടിയത് സീനിയറെ പ്രൊപോസ് ചെയ്യാനായിരുന്നു. ആ കുട്ടി അല്പം മടിയോടെ ആണെങ്കിലും മുന്നോട്ടു വന്ന് പ്രപോസ് ചെയ്തത് ശിവയെ ആയിരുന്നു.

ശിവ നെഞ്ചിൽ അമ്പ് കൊണ്ട എക്സ്പ്രഷനൊക്കെ ഇട്ടപ്പോഴേക്കും അവിടെ കൂട്ടച്ചിരിയായി.

സാങ്കൽപ്പിക കസേരയിൽ ഇരിക്കുക ചായ ഉണ്ടാക്കും വെസ്റ്റേൺ പാട്ടിന് ക്ലാസിക്കൽ ഡാൻസ് കളിക്കുക തുടങ്ങി പലവിധ ടാസ്കുകളോടെ പരിപാടി നല്ല രസകരമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

അങ്ങനെ നമ്മുടെ അപ്പുവിൻെറ അവസരമായി.

ചാടി തുള്ളി പോയി അവൾ ബോക്സിൽ കയ്യിട്ടൊരു ലോട്ട് എടുത്ത് അവിടെ നിന്നിരുന്ന പെൺകുട്ടിയുടെ കയ്യിൽ കൊടുത്തു.

“ഒരു പഴയ മലയാള ഗാനം ആലപിക്കുക…… ”

കൂട്ടത്തിലെ ഏറ്റവും എളുപ്പമുള്ള ടാസ്ക് ആയിരുന്നു അത്.

“ബ്ലാക്ക് ആൻെറ് വൈറ്റ് കാലത്തിലെ പാട്ടായിക്കോട്ടേ…. ”

അപ്പുവിൻെറ തോളിൽ ഒന്നു തട്ടി അവൾക്ക് മൈക്ക് കൈമാറി അവരെല്ലാം മാറി നിന്നു.

അപ്പു എല്ലാവരേയും ഒന്നു നോക്കി. ദേവമ്മ പെരുവിരൽ ഉയർത്തി കാണിച്ച് ആൾ ദ ബെസ്റ്റ് ഒക്കെ കൊടുത്തപ്പോൾ അപ്പുവിന് ഒന്നുകൂടി ധൈര്യമായി. അവൾ പാട്ട് തുടങ്ങി.

ചക്കര പന്തലിൽ തേൻ മഴ ചൊരിയും ചക്രവർത്തി കുമാരാ…

നിന്മനോ രാജ്യത്തെ രാജകുമാരിയായ്

വന്നു നിൽക്കാനൊരു മോ..ഹം …

സെമിനാർ ഹാളിൻെറ നാലു ചുവരുകളിലും തട്ടി അപ്പുവിൻെറ പാട്ട് പ്രതിധ്വനിച്ചു കൊണ്ടിരുന്നു.

അവളുടെ പാട്ട് കേട്ട് ആദ്യം കണ്ണു തള്ളി വാ തുറന്നു പോയത് ദേവമ്മയുടെ ആയിരുന്നു.

തുടരും…..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)