തേൻനിലാവ് നോവലിൻ്റെ പത്താം ഭാഗം വായിക്കൂ….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

“ഓണം സെലിബ്രേഷൻ തകർത്ത് നടന്നുകൊണ്ടിരുന്ന സമയം…. പൂക്കള മത്സരവും വടം വലിയും ചെണ്ടമേളവും….. ”

“ഹ… പറഞ്ഞ് കൊതിപ്പിക്കാതെ കം ടു ദി പോയിൻെറ്….. ”

അപ്പു ഇടയിൽ കയറി.

“നീയൊന്ന് മിണ്ടാതിരിക്ക് അപ്പു അവൻ പറയട്ടെ….. ”

“ഒക്കെ… ഒക്കെ….. ”

അപ്പു ചുണ്ടിൽ സിബ് ഇടുന്നതുപോലെ കാണിച്ചു.

“അങ്ങനെ… ഓണസദ്യ കഴിക്കാൻ ഇരിക്കുമ്പോഴാണ് ജിത്തു ആദ്യമായിട്ട് ശീതളിനെ കാണുന്നത്….

അവളും കൂട്ടുകാരും ഞങ്ങളുടെ നേരെ എതിർവശത്താണ് ഇരുന്നിരുന്നത്…. ”

__________________________

“ദരിദ്രവാസികളേ… എന്നെ ആ കാലമാടന് എറിഞ്ഞു കൊടുത്തിട്ട് നീയൊക്കെ ആദ്യം തന്നെ ഞണ്ണാൻ ഇരുന്നൂലേ….. ”

ചോറുപാത്രവും കയ്യിൽ പിടിച്ച് ശിവ ഉറഞ്ഞു തുള്ളി.

“നിന്നോട് ആരാ അയാളുടെ വായിലേക്ക് ചെന്ന് കയറി കൊടുക്കാൻ പറഞ്ഞത്… വിളമ്പിക്കോ…

വിളമ്പിക്കോ…. എല്ലാർക്കും കൊടുത്തിട്ട് മോൻ ഉണ്ടാ മതി…. ”

ജിത്തു അവനെ കളിയാക്കി.

“ചേട്ടാ… കുറച്ചു ചോറ്….. ”

“ഓ…. അപ്പുറത്ത് ഇരിക്കുന്നവൻെറ ഇലയിൽ നിന്ന് എടുത്ത് തിന്നെടാ….. ”

ശിവ കലിപ്പിൽ വിളിച്ചു കൂവുന്നത് കേട്ട് ആദ്യം ഉയർന്നത് ശീതളിൻെറ ചിരിയായിരുന്നു. കുപ്പിവള കിലുങ്ങും പോലെയുള്ള ചിരി കേട്ട് ജിത്തു തല ചെരിച്ചു നോക്കി.

പട്ടു പാവടയണിഞ്ഞൊരു പെൺകുട്ടി. ചിരിക്കുമ്പോൾ തെളിയുന്ന വലതു വശത്തെ കട്ടപ്പല്ലും വിടർന്ന കരിമഷി കണ്ണുകളും അവളുടെ ഭംഗി ഒന്നുകൂടി എടുത്തു കാണിച്ചു.

ജിത്തു ഒരു നിമിഷം സ്വയം മറന്ന് അവളെ തന്നെ നോക്കി ഇരുന്നു. അവൻ നോക്കുന്നത് കണ്ടപ്പോൾ അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരി വന്നു പതിച്ചത് അവൻെറ ഹൃദയത്തിലായിരുന്നു.

കഴിക്കുന്നതിനിടയിൽ ജിത്തുവിൻെറ മിഴികൾ ഇടക്കിടെ അവളിലേക്ക് നീളുന്നുണ്ടായിരുന്നു. സ്വതവേ ഉരുണ്ട കണ്ണുകൾ സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ഒന്നു കൂടി വികസിക്കും. അവൻ അതെല്ലാം കൗതുകത്തോടെ നോക്കി ഇരുന്നു.

സദ്യ കഴിഞ്ഞ് ശിവ വരാനായി കാത്തു നിന്നതുകൊണ്ട് അവൾ എവിടേക്കാണ് പോയതെന്ന് കാണാൻ പറ്റില്ല. എങ്കിലും അവളുടെ ചിരിച്ച മുഖം അവൻെറ മനസ്സിൻെറ തോളിൽ വരച്ചു ചേർത്തിരുന്നു.

ആർത്തിരമ്പുന്ന വടം വലി മത്സരം എല്ലാവരുടേയും ഉത്സാഹം കവരുമ്പോഴും കൈകൊട്ടി ചിരിക്കുന്ന ശീതളിൻെറ കരിമിഴികളിൽ കുരുങ്ങി കിടക്കുകയായിരുന്നു ജിത്തുവിൻെറ ഹൃദയം.

അവൻെറ കൺമുന്നിൽ വടം വലി മത്സരമോ കാണികളോ കോളേജോ ഒന്നുമുണ്ടായിരുന്നില്ല അവനും അവളും മാത്രം..

അന്ന് രാത്രി ജിത്തുവിനെ നിദ്രാദേവി കനിഞ്ഞില്ല. കണ്ണടച്ചാലും തുറന്നാലും അവളുടെ കണ്ണുകൾ മാത്രമായിരുന്നു അവൻെറ കൺമുന്നിൽ.

……………………….

വാതിലിൽ തുടരെ തുടരെയുള്ള മുട്ട് കേട്ടാണ് മനു ഉറക്കമുണരുന്നത്. ഉറക്കം തൂങ്ങി എഴുന്നേറ്റവൻ മുറിയുടെ കതക് തുറന്നു.

“ങേ…. ആരുമില്ലാലോ… ഇനി എനിക്ക് തോന്നിയതാണോ… ആ… എന്തേലുമാവട്ടേ…. ”

വാതിൽ തുറന്നപ്പോൾ ആരെയും കാണാതെ വന്നപ്പോൾ മനു തലയും ചൊറിഞ്ഞ് പോയി കിടന്നു.

വീണ്ടും കതകിൽ മുട്ടുന്ന ശബ്ദം.

“ശ്ശെടാ… ഇതെന്ത് കൂത്ത്….. ”

മനു ദേഷ്യത്തിൽ എഴുന്നേറ്റപ്പോഴാണ് മുട്ട് കേൾക്കുന്നത് ബാൽക്കണിയുടെ കതകിലാണെന്ന് അവന് മനസ്സിലായത്.

അവൻ അല്പം ഭയത്തോടെ അത് പോയി തുറന്നു.

“കോപ്പ്…. നീ ആയിരുന്നോ… മനുഷ്യൻെറ നല്ല ജീവനങ്ങ് പോയി…. ”

ജിത്തുവിനെ കണ്ടവൻ നെഞ്ചിൽ കൈ വച്ച് ആശ്വസിച്ചു.

“എടാ… നമ്മൾ ഇന്ന് സദ്യക്ക് ഇരുന്നപ്പോൾ നമ്മുടെ ഓപ്പോസിറ്റ് ഇരുന്ന പെണ്ണിൻെറ പേരെന്താ….. ”

“എന്താന്ന്…… ”

അവൻെറ ചോദ്യം കേട്ട് അന്തം വിട്ടു നിൽക്കുകയാണ് മനു.

“എടാ… ഇന്നത്തെ ഓണസദ്യക്ക് നമ്മുടെ ഓപ്പോസിറ്റ് ഒരു പെണ്ണ് ഇരുന്നില്ലെ അവളുടെ പേരെന്താന്ന്…… ”

“അവൾടെ പേര്…. അല്ലേ…… ”

മനു അവനെ നോക്കി കണ്ണുരുട്ടി.

“ആഹ്മം…. പറ… എന്താ…. ”

“പ്ലാച്ചിമട ദാക്ഷായണി…. എന്തേ….. ഇത് ചോദിക്കാനാണോടാ പുല്ലേ പാതിരാത്രി നീ മതിലും ചാടി വലിഞ്ഞു കയറി വന്നത്….. ”

മനു അവൻെറ കരണം നോക്കി ഒന്ന് പൊട്ടിച്ചു.

“മര്യാദയ്ക്ക് പറയെടാ കോപ്പേ…… ”

ജിത്തു ആ അടി അതുപോലെ തന്നെ തിരിച്ചു കൊടുത്തു.

“എനിക്കെങ്ങനെ അറിയാനാടാ നാറി… ”

മനു ജിത്തുവിനെ പിടിച്ചു തള്ളി.

“അതെന്താടാ തെണ്ടി നിനക്ക് അറിയാത്തത്…. ”

രണ്ടും കൂടി ഉന്തും തള്ളും അടിയും ഇടിയുമായി. അവസാനം അടി നിർത്തി രണ്ടാളും ബെഡിലേക്കിരുന്നു.

“നീ ശരിക്കും ഒന്ന് ആലോചിച്ചു നോക്ക് അളിയാ… മെലിഞ്ഞ് ഉണ്ടക്കണ്ണൊക്കെ ഉള്ള…. കട്ടപ്പല്ലൊക്കെ ഉള്ള…. ഇന്ന് ഒരു പച്ച…. അല്ല….. നീല…. പച്ചയും നീലയും കലർന്നിരുന്നു പട്ടുപാവടയാണ് ഇട്ടിരിന്നത്….”

ജിത്തു വിശദീകരണം തുടങ്ങി.

“ആടാ…. ഞാൻ കോളേജിൽ വരുന്ന പെൺപിള്ളാരുടെ എല്ലാം പാവാട നോക്കി നടക്കാണല്ലോ.. ”

ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിലാണ് മനു.

“ശ്ശെ… ഇനിയിപ്പോ എങ്ങനെയാ ഒന്നു കണ്ടു പിടിക്കാ….”

“ശിൽപ്പയോടോ മേഘയോടോ ചോദിച്ചു നോക്കാർന്നില്ലേ…. ”

“എന്നാ വാ… ശിൽപ്പയുടെ വീട് അടുത്തല്ലേ പോയി ചോദിക്കാം…. ”

“ആ… നല്ലതാ വേഗം ചെല്ല്… സമയം ഒരു മണി അല്ലേ ആയിട്ടൊള്ളു… ”

“വേണ്ടാലേ…. ”

“ഒരൊറ്റ കുത്ത് വച്ച് തന്നാലുണ്ടല്ലോ… ഹോ… ഇവനെയൊക്കെ…. അത് വിട്… അവൾ ഏത് ഡിപ്പാർട്മെൻറാ….. ”

“അറിയില്ലാടാ….. ”

“ഞഞ്ഞായി… ഏത് ഇയറാ. ”

“ഫസ്റ്റ് ഇയർ ആണെന്ന് തോന്നുന്നു….. ”

“തോന്നുന്നു അല്ലേ….. ഉറപ്പില്ല…. ”

“അല്ല ഫസ്സ് ഇയർ ആണ്…. ഉറപ്പാ…. സെക്കൻെറ് ഇയേഴ്സിനേയും ഫൈനൽ ഈയേഴ്സിനേയും നമുക്ക് അറിയാലോ… ”

“ഹമ്… പി ജി ആണോ യു ജി ആണോന്ന് വല്ല പിടിയുമുണ്ടോ….. ”

“അതൊന്നും എനിക്കറിയില്ല… പക്ഷെ അവളെൻെറ നെഞ്ചിൽ കയറി കൂടു കൂട്ടി ആളിയാ….. ”

ജിത്തു നെഞ്ചിൽ കൈ വച്ച് ബെഡിലേക്ക് കിടന്നു.

“കൂട് കൂട്ടാൻ വരട്ടേ.. അവൾ കമ്മിറ്റഡ് ആണെങ്കിലോ….. ”

“കൊല്ലും ഞാൻ…… ”

ജിത്തു ചാടി എഴുന്നേറ്റു.

“ആരെ അവളെയോ….. ”

“എൻെറ പൊന്നളിയ തുടക്കം തന്നെ കലമുടക്കല്ലേ…. പ്ലീസ്….. ”

ജിത്തു മനുവിൻെറ കാൽചുവട്ടിൽ ഇരുന്നു.

“ആഹ്… ശരി ശരി…. നിനക്ക് ആ കോളേജ് ഗ്രൂപ്പിലങ്ങാനും നോക്കാർന്നില്ലേ……”

“അതൊരു ഐഡിയ ആണല്ലോ…. ”

ജിത്തു വേഗം പോക്കറ്റിൽ പരതി.

“ഓ….. കോപ്പ്…. ഞാൻ ഫോണെടുത്തിട്ടില്ല… നിൻെറ ഫോൺ എന്തേ….. ”

“ദേ ഇരിക്കുന്നു…… ”

മനു ടേബിളിലേക്ക് ചൂണ്ടി. ജിത്തു മനുവിൻെറ മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്ത് വാട്സാപ്പ് തുറന്നു. അതിലെ കോളേജ് ഗ്രൂപ് എടുത്ത് തിരയാൻ തുടങ്ങി.

തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ അവൻെറ മുഖം പ്രകാശിച്ചു.

“ശീതൾ…… ”

അവളുടെ പേര് വായിച്ച മാത്രയിൽ അവൻെറ അധരങ്ങളിൽ പുഞ്ചിരി വിരിഞ്ഞു.

“നിനക്ക് ഇവളെ അറിയോ…. ”

മനുവിൻെറ ഫോണിൽ അവളുടെ നമ്പർ സേവ് ചെയ്ത് വച്ചിരിക്കുന്നത് കണ്ട് ജിത്തുവിന് അത്ഭുതമായി.

“ഇവളുടെ കാര്യമായിരുന്നോ നീ ഇത്രയും നേരം പറഞ്ഞോണ്ടിരുന്നേ… ഇത് നമ്മുടെ ജൂനിയാടാ ശീതൾ…. ഫസ്റ്റ് ഇയർ റെപ്പ്…. നമ്മുടെ പാർടിയ…. ”

മനു ഇത്തിരി ഗമയിൽ പറഞ്ഞു.

“ഇവളെ നീ ഇതുവരെ കണ്ടിട്ടില്ലേ…. എത്ര തവണ ഇവൾ എൻെറ കൂടെ നമ്മുടെ ക്ലാസ്സിൽ വന്നിട്ടുണ്ട്… എല്ലാ പാർടി മീറ്റിങ്ങിനും മുന്നിൽ തന്നെ ഉണ്ടാവും….. അതെങ്ങനെയാ സാറിന് പാർടിയിലൊന്നും താത്പര്യമില്ലാലോ… പുച്ഛമല്ലേ പുച്ഛം…… ”

“പോടാ….. ഇവൾക്ക് ലൈൻ വല്ലതും ഉണ്ടോടാ….. ”

“എൻെറ അറിവിൽ ഇല്ല….. ”

“ദൈവമേ…. ഉണ്ടാവല്ലേ….. ഇവൾ എഫ് ബിയിൽ ഉണ്ടോ….. ”

“ആവോ….എനിക്കറിയോ…. ഇൻസ്റ്റയിൽ ഉണ്ട്…. ”

മനു അലസമായി പറഞ്ഞു.

“മതി….. അതുമതി…… ”

ജിത്തു ഉടനടി മനുവിൻെറ ഫോണിൽ നിന്നും അവൻെറ ഇൻസ്റ്റാ അകൗണ്ടിൽ കയറി അവളുടെ അകൗണ്ട് തിരഞ്ഞു കണ്ടുപിടിച്ചു.

“ശ്ശെടാ…. ദേ ഇവൾ എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ…. എന്നിട്ട് ഞാൻ ഇതുവരെ നോക്കിയില്ലാലോ…..”

അവൻ ഫോൺ നെറ്റിയിലേക്ക് അടിച്ചുകൊണ്ടിരുന്നു.

“പ്രൈവറ്റ് അകൗണ്ടാ… 10 ഫോട്ടോ ഇട്ടിട്ടുണ്ട് 1360 ഫോളോവേഴ്സ്….. ഞാൻ എന്തായാലും റിക്വസ്റ്റ് അയച്ചിട്ടുണ്ട്…… ”

ജിത്തു തിരിഞ്ഞു നോക്കിയപ്പോൾ മനു നല്ല ഉറക്കമായിരുന്നു. അവൻ ഫോൺ എടുത്ത് വച്ച് മനുവിനേയും കെട്ടിപ്പിടിച്ച് കിടന്നു.

……………….

രാവിലെ എഴുന്നേറ്റ പാടെ ജിത്തു ഫോണെടുത്തു നോക്കി. ശീതൾ അവൻെറ ഫോളോ റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തിട്ടുണ്ട്. അവൻ ആകാംഷയോടെ അവളുടെ പ്രൊഫൈൽ എടുത്ത് നോക്കി.

ഒട്ടു മിക്ക ഫോട്ടോസും നൃത്ത വേഷത്തിലുള്ളവയാണ്. നൃത്തത്തെ കുറിച്ചും ചിലങ്കയെ കുറിച്ചുമുള്ള വർണകൾ ഓരോ ചിത്രത്തിനും അടിക്കുറിപ്പായി എഴുതിയിട്ടുണ്ട്.

അവൻ അതെല്ലാം സ്ക്രീൻ ഷോട്ട് എടുത്ത് വച്ചു.

കോളേജ് തുറന്ന് അവളെ കാണുവനായി അവൻ ദിനങ്ങളെണ്ണി കാത്തിരുന്നു. പത്തു ദിവസം എന്നത് പത്തു വർഷത്തിൻെറ ദൈർഘ്യമേറിയതായി തോന്നി അവന്.

…………………

കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഓണാവധി കഴിഞ്ഞ് കോളേജ് തുറന്നു. ജിത്തു രാവിലെ തന്നെ അലാറം വച്ച് എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഇറങ്ങി. അവളെ ഒന്നു കാണാനായി അവൻെറ ഹൃദയം അത്രമേൽ തുടി കൊട്ടുകയായിരുന്നു.

“കഴിക്കുന്നില്ലേ മോനെ….. ”

സ്റ്റെപ്പിറങ്ങി നേരെ പുറത്തേക്കിറങ്ങുന്ന ജിത്തുവിനെ കണ്ട് അമ്മ സീത ചോദിച്ചു.

“ഇല്ല… വൈകി…… ”

ജിത്തു തിടുക്കപ്പെട്ട് ബൈക് സ്റ്റാർട് ആക്കി പോയി.

കോളേജ് ഗൈറ്റിൽ തന്നെ അവൻ ശീതളിനായി കാത്തു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൂട്ടുകാരോടൊപ്പം ചിരിച്ചു സംസാരിച്ചുകൊണ്ട് ശീതൾ നടന്നു വന്നു.

അവളെ കണ്ട മാത്രയിൽ അവൻെറ ഹൃദയതാളം മുറുകി.. ശ്വാസഗതി ഉയർന്നു….

അവനെ കടന്നു പോകവെ അവൾ അവനെ നോക്കി മനോഹരമായൊന്ന് ചിരിച്ചു.

സൂര്യനെ പ്രണയിക്കുന്ന സൂര്യകാന്തിയെ പോലെ…..

അമ്പിളിക്കലയെ മനസ്സിൽ ഒളിപ്പിച്ചു നെയ്യാമ്പിലിനെ പോലെ…..

കരയെ പുൽകും തിരമാലയെപ്പോലെ….

ഇന്നെൻ ഹൃദയം നിനക്കായ് മാത്രം മിഡിക്കുകയാണ് പ്രീയേ……

അവൻെറ ഹൃദയം അവനോട് തന്നെ മന്ത്രിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ ഒളിഞ്ഞും മറിഞ്ഞും പലപ്പോഴായി അവൻെറ മിഴികൾ അവളെ ഭ്രമണം ചെയ്തുകൊണ്ടേ ഇരുന്നു.

അവളെ കാണാൻ വേണ്ടി മാത്രം അവൻ പാർടി പ്രവർത്തനങ്ങളിൽ സജീവമായി. അവളുമായി ഇടപെഴുകാൻ കിട്ടുന്ന ഒരു അവസരവും അവൻ പാഴാക്കിയില്ല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവളുമായി നല്ലൊരു സൗഹൃദം സ്ഥാപിക്കാൻ അവന് കഴിഞ്ഞു.

വായന ആയിരുന്നു അവരെ തമ്മിൽ അടുപ്പിച്ച പ്രധാന കാരണം. വായിച്ചും പരസ്പരം അറിവ് പങ്കുവച്ചും അവർ ഒരുപാട് അടുത്തു.

“ജിത്തുവേട്ടൻ കൊഴിഞ്ഞ ഇലകൾ വായിച്ചിട്ടുണ്ടോ…..ജോസഫ് മുണ്ടശ്ശേരിയുടെ….. ”

അവനോട് ചേർന്നിരുന്നുകൊണ്ട് ശീതൾ ചോദിച്ചു.

“മ്… ഹ്…… ”

“എന്നാൽ വയിക്കണം…. മലയാളിയുടെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ അനുഭവ സാക്ഷ്യമാണ് കൊഴിഞ്ഞ ഇലകൾ… എപ്പോഴും ഈ പ്രണയ കഥകൾ മാത്രം വായിച്ചാൽ എങ്ങനെയാ…..”

അവൾ ബാഗ് തുറന്ന് പുസ്തകം എടുത്ത് അവനു കൈ മാറി. നിറചിരിയാലെ അവനത് ഏറ്റു വാങ്ങി.

അവൾ നൽകുന്ന ഓരോ പുസ്തകവും അവനു പ്രീയപ്പെട്ടതായി മാറി.

……………….

“എന്തൊക്കെയായിരുന്നു… എനിക്ക് പാർടി ഇല്ല…. പാർടിയും പരിപാടിയുമായി നടന്ന കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ പറ്റില്ല…. എന്നിട്ട് അവനാ ഇപ്പോ പാർടിയുടെ എല്ലാമെല്ലാം….. ”

മേഘ ജിത്തുവിനെ ഒന്നു ഉഴിഞ്ഞു നോക്കി.

“ഈ……. ”

“അയ്യടാ… എന്താ സേട്ടൻെറ ഒരു സിരി…”

“അല്ല ഇങ്ങനെ പുസ്കവും വായിച്ച് നടന്നാ മതിയോ മോനെ അവളോട് പറയണ്ടേ

ശിൽപ ജിത്തുവിൻെറ തോളിൽ കയ്യിട്ടു.

“ഏയ്…. അതിനുള്ള സമയം ആയിട്ടില്ല… പിന്നെ തുറന്നു പറയാത്ത പ്രണയമാണ് ഏറ്റവും സുന്ദരമായ അനുഭൂതി… ”

“ഉവ്വ അവളെ വേറെ വല്ലവന്മാരും പൊക്കിക്കൊണ്ട് പോകുന്നതുവരെ ഉണ്ടാവും.. ”

ശിവ അവനെ കളിയാക്കി.

“പോടാ…. അവളെ ഞാൻ സ്നേഹിച്ചിട്ടുണ്ടെങ്കിൽ… അവൾക്കെന്നെ ഇഷ്ടമാണേൽ ഏത് കൊമ്പത്തെ ആള് എതിർത്താലും അവൾ ഈ ജിതിൻ ഹരിദാസിൻെറ പെണ്ണായിരിക്കും….. ”

ജിത്തു വീറോടെ പറഞ്ഞു.

“അവൾക്ക് നിന്നെ ഇഷ്ടമല്ലെങ്കിലോ……”

ശിവയുടെ ചോദ്യം ജിത്തുവിൻെറ മനസ്സിൽ തറഞ്ഞു കയറി. അങ്ങനെ ഒരു സാധ്യതയെ പറ്റി അവൻ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.

ആ കരിമിഴികളിൽ പലപ്പോഴായി തെളിഞ്ഞു കണ്ട ഭാവം… അത് പ്രണയമായിരുന്നോ… അതോ മറ്റുള്ളവരോടുള്ളതുപോലെ വെറും സൗഹൃദം മാത്രമായിരുന്നോ…..

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

Scroll to Top