ദേ.. ചിന്നു മോള് താഴെ കിടപ്പുണ്ട്, അവളൊന്ന് ഉറങ്ങട്ടെ.. എന്നിട്ട് മതി ബാക്കിയൊക്കെ

രചന : സജിമോൻ തൈപറമ്പ്.

“ദേ .. ചിന്നു മോള് താഴെ കിടപ്പുണ്ട്, അവളൊന്ന് ഉറങ്ങട്ടെ ,എന്നിട്ട് മതി ബാക്കിയൊക്കെ”

എളേമ്മാടെ, അടക്കിപ്പിടിച്ച വർത്തമാനം കേട്ട്, അവരുടെ കട്ടിലിന് അരികിലായ്, നിലത്ത് പുൽപായ വിരിച്ച് കിടന്നിരുന്ന ഞാൻ, ജിജ്ഞാസയോടെ ചെവിയോർത്തു.

ങ്ഹേ, എന്തിനായിരിക്കും എളേമ്മാ ,അങ്ങനെ പറഞ്ഞത് .

തന്നെ, ഉറക്കി കിടത്തിയിട്ട്, അവരെങ്ങോട്ടെങ്കിലും പോകാനാണോ?

എന്റെ കുഞ്ഞ് മനസ്സിൽ പേടി തോന്നി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു എളേമ്മായുടെയും എളേപ്പയുടെയും കല്യാണം.

അന്ന് മുതൽ ഇന്ന് വൈകുന്നേരം വരെ, രണ്ടാളും ഞങ്ങടെ തറവാട്ടിൽ ഉണ്ടായിരുന്നു.

മൂന്നാം ദിവസമായ ഇന്നാണ്, പെണ്ണ് വിളി, എന്ന ചടങ്ങിനായി, എളേപ്പേടെ, വീട്ട്കാര് വന്ന് ഞാനുൾപ്പെടെയുള്ള മൂന്ന് പേരെയും കൂട്ടി എളേപ്പേടെ വീട്ടിലേക്ക് വന്നത്.

പെണ്ണിനെ കല്യാണം കഴിച്ചയക്കുന്ന വീട്ടിലേക്ക് ,അവൾക്ക് കൂട്ടായി കുടുംബത്തിലുള്ള ഒരു ചെറിയ പെൺകുട്ടിയെ, കുറച്ച് ദിവസത്തേക്ക് കൂട്ട് വിടുന്നത് പതിവുള്ളതാ .

അങ്ങനെയാണ് ഏഴ് വയസ്സുകാരിയായ, എനിക്ക് നറുക്ക് വീണത്.

എളേപ്പേടെ വീട്ടിൽ എത്തിയപ്പോൾ എല്ലാവരും എന്നെ, നിറഞ്ഞ വാത്സല്യത്തോടെയാണ് സ്വീകരിച്ചത്.

അവിടുള്ളവരുടെയൊക്കെ ,സ്നേഹ പരിലാളനകളേറ്റപ്പോൾ ഞാനൊരു സ്വപ്ന ലോകത്തിലായത് പോലെ എനിക്ക് തോന്നി.

ആ വീട്ടിൽ ,ഒരു ബ്ലാക്ക് ആൻറ് വൈറ്റ് ടെലിവിഷൻ ഉണ്ടായിരുന്നു.

രാത്രിയിൽ ഞാനതിൽ, ചിത്രഗീതം കണ്ട് കൊണ്ടിരിക്കുമ്പോൾ ,അറിയാതെ അവിടിരുന്ന് ഉറങ്ങിപ്പോയി .

ആ സമയത്താണെന്ന് തോന്നുന്നു ,എളേമ്മ എന്നെയെടുത്ത് അവരുടെ മുറിയിൽ നിലത്ത് പായ വിരിച്ച് കിടത്തിയത്.

കാതോർത്ത് കിടന്ന ഞാൻ, കട്ടിലിന്റെ മുകളിൽ നിന്ന് ,പിന്നെയും എളേമ്മേടെ അടക്കിപ്പിടിച്ച ചിരി കേട്ടു

ജനാലയുടെ നേരെ ചരിഞ്ഞ് കിടന്ന ഞാൻ ,പുറത്ത് ആകാശത്ത് ,കൊള്ളിയാൻ മിന്നുന്നത്, ജനാല വിരിക്കിടയിലൂടെ കണ്ടു.

പെട്ടെന്നാണ് പുറത്ത് ഇടി മുഴങ്ങുന്ന ശബ്ദം കേട്ടത്.

പേടിച്ചരണ്ട, ഞാൻ പുതപ്പെടുത്ത് തല വഴി മൂടിയിട്ട് കണ്ണുകൾ ഇറുക്കിയടച്ചു.

പെട്ടെന്ന് കറണ്ട് പോയി.

ആ പുരയുടെ മേൽക്കൂര, തകര ഷീറ്റ് മേഞ്ഞതാന്നെന്ന് മനസ്സിലായത് , മഴത്തുള്ളികൾ അതിന്റെ മേലേക്ക് ശക്തിയായി പതിച്ചപ്പോഴുള്ള, ഘോര ശബ്ദം കേട്ടപ്പോഴാണ്.

ഇടി മുഴക്കങ്ങൾ തുടർന്ന് കൊണ്ടിരുന്നു.

പേടി കാരണം ,പെട്ടെന്ന് ഉറക്കം കിട്ടാനായി ഉമ്മ ചൊല്ലിത്തരുന്ന സൂറത്ത് ഞാൻ അറിയാവുന്നത് പോലെ ഉരുവിട്ട് കൊണ്ടിരുന്നു.

എപ്പോഴോ ഉറങ്ങിപ്പോയ ഞാൻ ,രാവിലെ എളേമ്മാ തട്ടി വിളിക്കുമ്പോഴാണ് ഉണരുന്നത്.

“ചിന്നു മോളെ ,വേഗം പല്ല് തേച്ചിട്ട് വാ ,എളേമ്മാ പാലപ്പവും കടലക്കറിയും തരാം”

എന്റെ കയ്യിൽ ,ഉമിക്കരിയിട്ട് തന്നിട്ട് എളേമ്മാ പറഞ്ഞു.

എളേമ്മ രാവിലെ തന്നെ കുളിച്ച് പുതിയ ഫുൾ പാവാടയും ,നീളൻ കുപ്പായവുമൊക്കെ ഇട്ട് നില്ക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതമായി.

തറവാട്ടിൽ വച്ച് വല്ലുമ്മ എപ്പോഴും ,എളേമ്മയെ ചീത്ത പറയുന്നത്, കുളിക്കാതെ മടി പിടിച്ചിരിക്കുമ്പോഴാണല്ലോ, എന്ന് ഞാനോർത്തു.

ഞാൻ പല്ല് തേച്ച് വന്ന് പാലപ്പവും കടലക്കറിയും കഴിക്കുമ്പോൾ ,തലേ രാത്രിയിലെ സംഭവങ്ങൾ വീണ്ടും ഓർമ്മയിലേക്ക് വന്നു

എന്നാലും എന്തിനായിരിക്കും എളേമ്മാ അങ്ങനെ പറഞ്ഞത്.

എന്റെ ചിന്തകളിൽ ആ വാക്കുകൾ പുകഞ്ഞ് കൊണ്ടിരുന്നു .

അന്ന് പകല് മുഴുവനും ഞാൻ കളിച്ച് നടന്നത് ആ വീട്ടിലെ എന്റെ സമയപ്രായക്കാരിയായ അയിഷയോടൊപ്പമായിരുന്നു.

അത് കൊണ്ട്, ഞാനന്ന് രാത്രിയിൽ അവളോടൊപ്പമാണ് കിടന്നുറങ്ങിയത് .

പിറ്റേന്ന് വെള്ളിയാഴ്ച പള്ളി പിരിഞ്ഞ് തറവാട്ടീന്ന് ഞങ്ങളുടെ ബന്ധുക്കളെല്ലാം വന്ന് ഞങ്ങളെയും കൂട്ടി തറവാട്ടിലേക്ക് തിരിച്ച് പോയി.

അപ്പോഴും എന്റെ മനസ്സിൽ എളേമ്മയുടെ വാക്കുകൾ ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചു.

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : സജിമോൻ തൈപറമ്പ്.