തേൻനിലാവ് നോവലിൻ്റെ പന്ത്രണ്ടാം ഭാഗം വായിക്കൂ…

രചന : അഞ്ജു(നക്ഷത്രപ്പെണ്ണ്)

“നമുക്കിടയിൽ വളച്ചുകെട്ടിൻെറ ആവശ്യമില്ലാലോ… സ്ട്രെയിട്ട് ആയിട്ട് പറയാം I love you….. ”

ജിത്തു അവളുടെ മറുപടിക്കായി കാത്തിരുന്നു.

എന്നാൽ അതുവരെ പുഞ്ചിരിച്ചുകൊണ്ടിരുന്ന ശീതളിൻെറ മുഖം പെട്ടെന്നു മാറി.

“ജിത്തുവേട്ടാ…. എൻെറ കല്യാണം ഉറപ്പിച്ചു….. ”

അവൾ ബാഗിൽ നിന്നൊരു ഇൻവിറ്റേഷൻ എടുത്ത് അവനു നേരെ നീട്ടി.

കേട്ടത് വിശ്വസിക്കാനാവാതെ ജിത്തു തറഞ്ഞിരുന്നു പോയി. ഹൃദയം രണ്ടായി പിളർന്ന് അതിൽ നിന്നും രക്തം കിനിയുന്ന പോലെ. കൈകാലുകൾ സ്തബ്മായ പോലെ.

ശരീരത്തെ തളർച്ച ബാധിച്ചതു പോലെ അവൻെറ നാവു പോലും ചലനമറ്റു പോയിരുന്നു.

കൺപോളകളെ ഭേദിച്ച് അണപൊട്ടി ഒഴുകാൻ കണ്ണുനീർ വെമ്പി നിന്നു.

“ആദ്യത്തെ ഇൻവിറ്റേഷൻ ജിത്തുവേട്ടനാണ്… ഇതായിരുന്നു ഞാൻ പറഞ്ഞ സർപ്രൈസ്….. ”

ശീതളിൻെറ ശബ്ദമിടറി.

പ്രതികരണമില്ലാതെ ഇരിക്കുന്ന ജിത്തുവിനെ ഒന്നു നോക്കിയിട്ട് ശീതൾ എഴുന്നേറ്റു നടന്നു.

“ഒന്നും നാളേക്ക് മാറ്റിവക്കരുത് ജിത്തുവേട്ടാ….. നാളെ എന്നത് ശാശ്വതമല്ല വെറും പ്രതീക്ഷ മാത്രമാണ്……. ”

തിരിഞ്ഞു നോക്കാതെ അത്ര മാത്രം പറഞ്ഞ് നടന്നു നീങ്ങുമ്പോൾ ശീതളിൻെറ കൺകോണിൽ എന്തുകൊണ്ടോ നീർക്കണങ്ങൾ ഉരുണ്ടു കൂടി.

അന്ന് ആ കോഫി ഹൗസിൽ നിന്നും ഇറങ്ങി പോയത് ശീതൾ മാത്രമായിരുന്നില്ല അവളോടൊപ്പം ജിത്തുവിൻെറ ആത്മാവ് കൂടിയായിരുന്നു.

പിന്നീട് സമനില തെറ്റിയ അവസ്ഥയിലായിരുന്നു അവൻ. ആരോടും മിണ്ടാതെ ഭക്ഷണം പോലും കഴിക്കാതെ മുറിയിൽ തന്നെ ഒതുങ്ങി കൂടിയ നാളുകൾ.

“മോനേ…… ”

കണ്ണടച്ചു കിടക്കുന്ന ജിത്തുവിനരികിൽ കണ്ണീർ വാർത്തിരിക്കുകയാണ് സീത.

“എന്തെങ്കിലും കഴിക്ക് ജിത്തൂട്ടാ…. കുളിച്ച് ഈ വേഷമൊക്കെ മാറ്റ്… ദിവസം എത്രയായി നീയീ കിടപ്പ് തുടങ്ങിയിട്ട്….. ”

അവർ വാത്സല്യപൂർവ്വം അവൻെറ തലയിൽ തലോടി.

“വേണ്ട…… ”

“അങ്ങനെ പറയല്ലേ മോനേ…..

“വേണ്ടാന്ന് പറഞ്ഞാൽ മനസ്സിലാവില്ലേ….. ”

ജിത്തു അമ്മയോട് ദേഷ്യപ്പെട്ടു.

“മ്…. ജാനു എന്നാ മോനെ വരാ… അവളുടെ ട്രൈനിങ്ങ് കഴിഞ്ഞില്ലേ… ഒന്ന് വിളിച്ചു തരോ… എത്ര നാളായി അവളോടൊന്ന് മിണ്ടിയിട്ട്…. ”

സീതയുടെ വാക്കുകളിൽ ഒരമ്മയുടെ കരുതലും ഒപ്പം ഒറ്റപ്പെടലിൻെറ വേദനയുമുണ്ടായിരുന്നു.

“ഇപ്പോ എനിക്ക് ഒന്നിനും വയ്യ…. ”

ജിത്തു സീതക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു കിടന്നു.

“അച്ഛനോ അങ്ങനെയാ നിങ്ങൾ മക്കളും കൂടി എന്നോട് ഇങ്ങനെ പെരുമാറുന്നത് കഷ്മാട്ടോ… ഒന്നുമില്ലെങ്കിലും ഞാൻ നിങ്ങളുടെ അമ്മ….. ”

“ഓ…. ഒന്നു പോയി തരാമോ.

സീത പറഞ്ഞവസാനിപ്പിക്കുന്നതിനു മുന്നേ ഉള്ളിലുള്ള ദേഷ്യം മുഴുവനും അവൻ അമ്മയോട് തീർത്തു.

ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ ആ അമ്മ മുറിവിട്ടു പോയി. ഇതിനിടെ പല തവണ മനുവും ശിവയും മറ്റും മാറി മാറി വന്നിട്ടും ജിത്തു അവരോടൊപ്പം പോവാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല.

തികച്ചും ഏകാന്ത വാസത്തിലായിരുന്നു അവൻ.

നിത്യേന അവനെ ഓർത്ത് കണ്ണീരൊഴുക്കാനെ സീതക്ക് കഴിഞ്ഞൊള്ളു. ബിസിനസ് മാത്രം തലയ്ക്കു പിടിച്ചു നടക്കുന്ന ഹരിദാസ് കുത്തുവാക്കു പറയാൻ മാത്രം ആ വീട്ടിലേക്കു ഇടക്കിടെ വന്നുകൊണ്ടിരുന്നു.

ട്രൈനിങ്ങ് കഴിഞ്ഞ് നാട്ടിലെ സ്കൂളിൽ ജോയിൻ ചെയ്ത ജനനിയും ജിത്തുവിനെ തിരിച്ചു കൊണ്ടുവരുന്നതിനു വേണ്ടി പരിശ്രമിച്ചെങ്കിലും അതെല്ലാം പരാചയപ്പെട്ടു.

❤❤❤❤❤❤❤❤❤❤

“ജിത്തു….. നീ… നിയെന്താ ഈ നേരത്ത്…. ”

രാത്രിയിൽ കോരിച്ചൊരിയുന്ന മഴയിൽ നനഞ്ഞു കുതിർന്നു നിൽക്കുന്ന ജിത്തുവിനെ മനു അമ്പരപ്പോടെ നോക്കി നിന്നു.

“എന്താടാ ഇത്….. എന്തൊക്കെയാ നീയീ കാട്ടിക്കൂട്ടുന്നത്…… ”

മനു അവനെ അകത്തേക്കു കയറ്റി തല തുവർത്തിക്കൊടുത്തു. മാറാൻ ഉള്ള വസ്ത്രവും നൽകി.

“എടാ… അവൾക്കെന്നെ ഇഷ്ട്ടാടാ…. അന്ന് അവൾടെ കണ്ണിൽ ഞാനത് കണ്ടതാ….. വാ….

ഞാൻ അവളെ വിളിച്ചിറക്കി കൊണ്ടുവരാൻ പോവാ….. ”

“എന്താ ജിത്തു നീ പറയുന്നത്…. നാളെ അവളുടെ കല്യാണമാണ്…. ഇതുവരെ നിനക്ക് ഇതൊന്നും തോന്നിയില്ലേ….. ഒരു പതിനായിരം തവണ എങ്കിലും അവൾ നിന്നെ ഇതിനിടെ വിളിച്ചു കാണും..

അപ്പോഴൊന്നും സംസാരിക്കാൻ കൂട്ടാക്കാതെ ഇരുന്നത് നീയല്ലേ….. ”

“ഇല്ലാടാ അവൾ… അവൾ എൻെറ പെണ്ണാ…. ഞാൻ വിളിച്ചാൽ അവള് വരും… എനിക്ക് ഉറപ്പാ….. ”

ജിത്തു ഒരു ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു.

“ആയിരുന്നിരിക്കാം… പക്ഷെ ഇതൊക്കെ ഇപ്പോഴാണോ നിനക്ക് ചിന്തിക്കാൻ തോന്നിയത്…. നാളെ മുതൽ അവൾ മറ്റൊരുത്തൻെറ ഭാര്യയാണ്….. ”

“ഏയ്….. അവൾ എൻെറയാ….. എൻെറ….. ഇനി ഒരക്ഷരം മിണ്ടിയാൽ കൊന്നു കളയും ഞാൻ….. ”

ജിത്തു മനുവിൻെറ കഴുത്തിനു പിടിച്ചു.

“are you mad jithu……. ”

ജിത്തുവിനെ തള്ളി മാറ്റി അവൻെറ ഇരു കവിളിലും മാറി മാറി അടിച്ചു മനു.

“yes….. I’m mad….. എന്നെ മുഴു ഭ്രാന്തനാക്കരുത്….. നിനക്ക് എൻെറ കൂടെ വരാൻ പറ്റോ…

അത് മാത്രം പറഞ്ഞാൽ മതി…. ”

ജിത്തുവിൻെറ ആ ഭാവം മനുവിനെ ഭയപ്പെടുത്തി.

“മ്….. വരാം…. പക്ഷെ നീ ഒരു പ്രശ്നവും ഉണ്ടാക്കില്ലായെന്ന് എനിക്ക് വാക്കു തരണം….. ”

“മ്……. ”

മനസ്സില്ലാമനസ്സോടെ മനു അവനോടൊപ്പം ശീതളിൻെറ വീട്ടിലേക്കു പോയി. അവളുടെ വീടും പരിസരവും വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. എല്ലാ മുഖങ്ങളിലും സന്തോഷമായിരുന്നു.

അവരെ കണ്ടപാടെ അവളുടെ പപ്പ സ്നേഹത്തോടെ ഓടി വന്നു. അയാളുടെ മുഖത്തെ സന്തോഷം കാണുംതോറും മനുവിൻെറ ചങ്കു പിടക്കുകയായിരുന്നു.

“വന്ന കാലിൽ നിൽക്കാതെ മക്കള് കയറി വാ…..”

“ശീതൾ…… ”

ജിത്തു ആദ്യം തിരക്കിയത് അവളെ ആയിരുന്നു.

“അവള് മുകളിലെ മുറിയിലുണ്ട്…. ”

“ഞങ്ങൾ അവളെ ഒന്നു കാണാൻ വന്നതാ അങ്കിൾ… ”

“നിങ്ങൾ പോയി കണ്ടോ…. അവിടെ കസിൻസ് എല്ലാരും കൂടി അവളെ വളഞ്ഞിരിക്കുകയാണ്…. ”

ചിരിച്ചു കൊണ്ടയാൾ ജിത്തുവിൻെറ പുറത്തു തട്ടി.

മുകളിലേക്കുള്ള സ്റ്റെപ്പു കയറവെ മനു ജിത്തുവിൻെറ കൈ പിടിച്ചു നിർത്തി.

“ഇത് വേണോ ജിത്തു….. ഒന്നുകൂടി ആലോചിച്ചു നോക്ക്…… ഇവരുടെ ഈ സന്തോഷം നമ്മളായിട്ട് കളയണോ….. ”

മനു ഒരിക്കൽ കൂടി അവനെ പിൻതിരിപ്പിക്കാൻ ഒരു ശ്രമം നടത്തി.

ജിത്തു ദേഷ്യത്തിൽ അവൻെറ കൈ വിടുവിച്ച് ശീതളിൻെറ മുറിയിലേക്കു കയറി. കസിൻസുമായി ചിരിച്ചു കളിച്ചിരിക്കുന്ന ശീതളിനെ ജിത്തു കുറച്ചു നേരം നോക്കി നിന്നു.

“ജിത്തുവേട്ടൻ……. ”

അപ്രതീക്ഷിതമായി ജിത്തുവിനെ കണ്ട് ശീതൾ അവൻെറ അടുത്തേക്കു ചെന്നു.

“ജിത്തുവേട്ടൻ എപ്പോഴാ വന്നത്….. ഞാൻ എത്ര വിളിച്ചുവെന്നറിയോ… വരില്ലെന്ന് കരുതി…. ”

അവൾ അവൻെറ കയ്യിൽ മുറുകെ പിടിച്ചു.

ഈ സമയം ജിത്തു അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

വയലറ്റ് സ്റ്റോൺ വർക്കുള്ള ലാച്ചയും വയറു വരെ ഇറക്കമുള്ള സ്ലീവ് ലെസ്സ് ബ്ലൗസും നെറ്റിൻെറ ഒരു ഷാളുമായിരുന്നു അവളുടെ വേഷം. ഷാൾ ഒരു വശത്തായി വിടർത്തി ഇട്ടിട്ടുണ്ട്.

കുറച്ചു ഹെവിയായ നെക്ലേസും മാച്ചിങ്ങ് ഇയറിങ്ങും ലൈറ്റ് ആയ മേയ്കപ്പും. അവളുടെ സൗന്ദ്യരം പതിന്മടങ്ങ് വർദ്ധിച്ചതുപോലെ തോന്നി ജിത്തുവിന്.

“എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്….. ”

പുറകിലെ ആൾക്കൂട്ടത്തിലേക്കു നേക്കിയാണ് ജിത്തു അത് പറഞ്ഞത്.

“ജിത്തുവേട്ടൻ ടെറസ്സിലേക്ക് പോയ്ക്കോ ഞാനിപ്പോ വരാം… ”

“മ്…… ”

അവളെ ഒന്നുകൂടി നോക്കിയിട്ട് ജിത്തു ടെറസ്സിലേക്ക് കയറി.

മഴ പെയ്തു തോർന്നതുകൊണ്ട് അന്തരീക്ഷത്തിൽ ഈർപ്പം തങ്ങി നിന്നിരുന്നു. തണുത്ത കാറ്റ് അവനെ തലോടി കടന്നുപോയിക്കൊണ്ടിരുന്നു.

“ജിത്തുവേട്ടാ……. ”

ശീതളിൻെറ ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി.

“എന്താ സംസാരിക്കാനുണ്ടെന്നു പറഞ്ഞത്….. ”

നിറകണ്ണുകളോടെ അവൻ അവൾക്കരികിലേക്ക് ഓടിയടുത്തു. അവളുടെ കുഞ്ഞു മുഖം കോരിയെടുത്ത് ചുംബനങ്ങളാൽ മൂടി. ഒടുവിൽ അവൻെറ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ അമരവെ സർവ്വശക്തിയുമെടുത്തവൾ അവനെ തള്ളി മാറ്റി.

“ജിത്തുവേട്ടനെന്താ ഭ്രാന്തു പിടിച്ചോ… എന്താ…. എന്താ ഈ കാണിക്കുന്നത്…. ”

അവൾ നിന്ന് കിതയ്ക്കുകയായിരുന്നു.

“എനിക്ക് നിയില്ലാതെ ജീവിക്കാൻ വയ്യ ശീതൾ…. ഓരോ നിമിഷവും ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്…. നിൻെറ ശബ്ദം കേൾകാതെ ഒരു നോക്ക് കാണാതെ…. പറ്റുന്നില്ല എനിക്ക്…. നിനക്കും എന്നെ ഇഷ്ടമല്ലേ…. എനിക്കറിയാം….. എൻെറ കൂടെ വന്നൂടെ….. ”

അവൻ വീണ്ടും അവളുടെ മുഖം കോരിയെടുത്തു.

“അരുത് ജിത്തുവേട്ടാ…. പാടില്ല….. ഒരുപാട് വൈകി കഴിഞ്ഞു…. ”

അവൾ തല കുനിച്ചു നിന്നു.

“ഞാൻ…. ഞാൻ സംസാരിക്കാം നിൻെറ പപ്പയോട്…. ”

“വേണ്ട…. ഒരു അറ്റാക്ക് കഴിഞ്ഞിരിക്കുന്ന മനുഷ്യനാ… ഇതൊന്നും താങ്ങാൻ പറ്റില്ല പപ്പക്ക്….

ധൃതിപിടിച്ച് ഈ കല്യാണം നടത്തുന്നതു തന്നെ അതുകൊണ്ടാ…. ”

അവളുടെ കണ്ണുകളും നിറഞ്ഞു.

“പ്ലീസ് ശീതൾ… നിയില്ലാതെ വയ്യെടി… ഒന്നു മനസ്സിലാക്ക്…. എത്രയൊക്കെ മറച്ചു പിടിക്കാൻ ശ്രമിച്ചാലും നിൻെറ കണ്ണുകൾ എന്നോട് സത്യം പറയുന്നുണ്ട്….. എൻെറ കൂടെ വാ ശീതൾ… ”

“ജിത്തുവേട്ടൻ എന്തൊക്കെയാ ഈ പറയുന്നത്… നാളെ എൻെറ കല്യാണമാണ്…. നാടെങ്ങും വിളിച്ച് മകളുടെ മിന്നുകെട്ട് കാണാൻ കൊതിച്ചിരിക്കുന്ന വീട്ടുകാരുടെ… ഒരായിരം സ്വപ്നങ്ങളും കൊണ്ട് ജീവിതം പങ്കിടാൻ കാത്തിരിക്കുന്ന ആ മനുഷ്യൻെറ ആ വീട്ടുകാരുടെ എല്ലാം കണ്ണീരു വീഴ്തിയിട്ടു വേണോ നമുക്ക് ഒരുമിക്കാൻ…. പറ്റില്ല ജിത്തുവേട്ടാ….. മനസ്സുകൊണ്ടും ശരീരം കൊണ്ടും എലൻ വർഗീസിൻെറ ഭാര്യയാവാൻ ഞാൻ തയ്യാറെടുത്തു കഴിഞ്ഞു… ഇനി ഒന്നിനും എന്നെ നിർബന്ധിക്കരുത്…. ഒരപേക്ഷ മാത്രമേ ഒള്ളു… നാളെ പള്ളിയിൽ വച്ച് എലൻ എൻെറ കഴുത്തിൽ മിന്നുകെട്ടുമ്പോൾ ജിത്തുവേട്ടനുമുണ്ടാവണം… എൻെറ ഇച്ചായൻെറ സ്ഥാനത്ത്…… ”

കരഞ്ഞുകൊണ്ടവൾ പടിയിറങ്ങി പോകുമ്പോൾ മനു അവർക്കായ് കാത്തു നിൽപ്പുണ്ടായിരുന്നു.

“മനുവേട്ടാ….. നാളെ ജിത്തുവേട്ടനേയും കൊണ്ട് പള്ളിയിൽ വരണം….. ഇപ്പോ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം… അല്ലെങ്കിൽ ഇത്രയും നേരം ഞാൻ കെട്ടിയാടിയ വേഷം ചിലപ്പോൾ അഴിഞ്ഞു വീണുവെന്ന് വരും…… ”

കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് മുഖത്തൊരു പുഞ്ചിരി വച്ചു പിടിപ്പിച്ച് അവൾ മുറിയിലേക്കു കയറി.

മനു ജിത്തുവിനെ അന്വേഷണിച്ച് ടെറസ്സിലേക്ക് ചെല്ലുമ്പോൾ തറയിൽ മുട്ടു കുത്തിയിരുന്നു കരയുകയായിരുന്നു അവൻ. ഒട്ടും അമാന്തിക്കാതെ മനു അവനേയും കൊണ്ട് ആ വീടു വിട്ടിറങ്ങി.

മനുവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു ജിത്തു. അവന് സ്വയം നിയന്ത്രിക്കാനായില്ല. അത്രമേൽ ആഴത്തിൽ… അടർത്തി മാറ്റിയാൽ നുറുങ്ങി പോകും വിധം ശീതൾ അവൻെറ ഹൃദയത്തിൽ വേരുകളാഴ്ത്തി കഴിഞ്ഞിരുന്നു.

“നിൻെറ മനസ്സ് ശാന്തമാകുന്നതുവരെ ക_രഞ്ഞോ… അവളുടെ ഓർമ്മകളെല്ലാം കണ്ണീരിലൂടെ ഒഴുക്കി കളഞ്ഞ്… നാളെ നീ പള്ളിയിലുണ്ടാകണം…. അവളുടെ നല്ലൊരു സുഹൃത്തായി….. ”

മനു അവൻെറ പുറത്തു തടവി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

“പറ്റില്ലാടാ…. അവൾ മറ്റൊരുത്തൻെറ ആകുന്നത് കാണാനുള്ള ത്രാണിയില്ല എനിക്ക്… ”

“കാണണം….. ഒരിക്കലും സ്വന്തമാക്കാനാവാത്ത ദൂരത്തിലാണ് അവളെന്ന യാഥാർധ്യം നിൻെറ മനസ്സ് ഉൾക്കൊണ്ടേ പറ്റു….. അതിന് നീ ആ കല്യാണം കാണണം…..

മനുവിൻെറ ശബ്ദം ഉറച്ചതായിരുന്നു.

…………………

അടുത്ത ദിവസം സങ്കടങ്ങൾ എല്ലാം ഉള്ളിലൊതുക്കി അവളെ യാത്രയാക്കാൻ അവനുമുണ്ടായിരുന്നു.

അവളുടെ കഴുത്തിൽ എലൻെറ മിന്നു വീണതിൻെറ അടുത്ത നിമിഷം അവൻ പള്ളിവിട്ടിറങ്ങി.

രണ്ടു ദിവസത്തേക്ക് അവൻെറ ഒരു വിവരവും ഉണ്ടായിരുന്നില്ല. മനസ്സ് പരമാവധി ശാന്തമാക്കി തിരിച്ചു വന്ന അവനെ കാത്തിരുന്നത് മറ്റൊരു ദുരന്തവാർത്തയായിരുന്നു.

അവൻെറ അമ്മയുടെ പെട്ടന്നുള്ള തിരോധാനം. ഒളിച്ചോടി പോയെന്നും അവിഹിതമാണെന്നും പല കഥകളും അപ്പോഴേക്കും നാട്ടിൽ പരന്നിരുന്നു.

അതോടെ പഴയ ആ ജിത്തുവിനെ പൂർണ്ണമായും ഞങ്ങൾക്ക് നഷ്ടപ്പെട്ടു.

*******************

മനു പറഞ്ഞവസാനിപ്പിക്കുമ്പോൾ അപ്പു ഉൾപ്പടെ എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു.

ജീവിതം എന്ന നാടകത്തിലെ വെറും അഭിനയതാക്കൾ മാത്രമാണ് നമ്മൾ ഓരോരുത്തരും…. ചിലരുടെ കഥാപാത്രം തികച്ചും സങ്കീർണമായിരിക്കും… ചിലരോ പാതിവഴിയിൽ നമ്മോടു വിട പറയും….

എന്നാൽ തളരാതെ മുന്നോട്ടു പോകുന്നവനേ വിജയം കൈവരിക്കാനാവു…..

❤❤❤❤❤❤❤❤❤❤❤❤

ഇതേ സമയം….

“എന്താ പറയാനുള്ളത്….. ”

ശാന്തമായ മുഖത്തോടെ ജിത്തു ശീതളിനെ ഉറ്റു നോക്കി.

“ഞാൻ കോളേജ് വിടുകയാണ് ജിത്തുവേട്ടാ…. ”

അവളുടെ മുഖത്തു സങ്കടം നിഴലിച്ചു.

“വിവാഹം കഴിഞ്ഞതോടെ പഠനം ഉപേക്ഷിക്കുകയാണോ….. ”

“എലൻെറ കൂടെ ബാംഗ്ലൂർ സെറ്റിലാവുകയാണ്… ഡിഗ്രി അവിടെ കംപ്ലീറ്റ് ചെയ്യും…..”

“മ്…. പഠിത്തം മുടക്കരുത്…. എന്നെ പേടിച്ചാണോ ഈ ഒളിച്ചോട്ടം….. ”

അവൻ സൗമ്യമായി പുഞ്ചിരിച്ചു.

“മ്… ഹ്….. ഞാനിവിടെ നിന്നാൽ ശരിയാവില്ലാന്ന് തോന്നി…. പോകുന്നതാ എന്തുകൊണ്ടും നല്ലത്….. ”

“മ്…. All the best….. ”

ജിത്തു പൂർണ മനസ്സോടെ അവളെ യാത്രയാക്കി.

ഒരിക്കൽ കഴിയാതെ പോയത് ഇന്നവൻ സധൈര്യം നടപ്പിലാക്കുകയായിരുന്നു. ഇന്നവളെ ചേർത്തു പിടിക്കുമ്പോൾ അവൻെറ ഉള്ളിൽ സൗഹൃദം മാത്രമായിരുന്നു അവശേഷിച്ചിരുന്നു. സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ അവൻ പഠിച്ചു കഴിഞ്ഞിരുന്നു.

തുടരും……..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു(നക്ഷത്രപ്പെണ്ണ്)