ഊമക്കുയിൽ, തുടർക്കഥയുടെ അഞ്ചാം ഭാഗം വായിക്കൂ….

രചന : ലക്ഷ്മി ലച്ചൂസ്

ഉമ്മറത്തു നിന്നും അകത്തളത്തിലേക്ക് കയറിയ ദച്ചു അവിടുത്തെ കാഴ്ച കണ്ട് തറഞ്ഞു നിന്നു……

അകത്തളത്തിന്റെ ഒരു ഭാഗത്തായി ബോധമറ്റു കിടക്കുന്ന ലക്ഷ്മി…… രക്തം തലക്ക് ചുറ്റും തറയിൽ ആകെ പടർന്ന് ഒഴുകുന്നു……

എട്ട് വർഷങ്ങൾക്ക് മുൻപ് നടുറോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അച്ഛനെ മരവിച്ച മനസുമായി നോക്കി നിന്ന ആ പതിനഞ്ചു വയസുകാരി ആയി ദച്ചു ഒരു നിമിഷം നിന്ന് പോയി……

സ്വബോധം വീണ്ടെടുത്ത് അലറി കരഞ്ഞു കൊണ്ട് അവൾ അമ്മയുടെ അരികിലേക്ക് ഓടി……

കാൽമുട്ടിൽ ഇ_രുന്നു മയങ്ങി കിടന്ന ലക്ഷ്മിയുടെ കവിളിൽ കൈ ചേർത്ത് അവളുടെ ഭാഷയിൽ അമ്മേ എന്ന് കരഞ്ഞു വിളിച്ചു…….പക്ഷെ അവളുടെ ശബ്ദം ആ അമ്മയുടെ കാതുകൾ ശ്രവിച്ചില്ല….

ഉള്ളാലെ അവൾ അമ്മേ എന്ന് ഉറക്കെ വിളിച്ചു കരഞ്ഞെങ്കിലും അവളുടെ കരച്ചിൽ ചീളുകൾക്ക് ഒപ്പം അവ്യക്തമായ കുറച്ചു ശബ്ദങ്ങൾ മാത്രം ആണ് പുറത്തേക്ക് ഒഴുകിയത്…….

അവൾ ഒരു ആശ്രയത്തിനായി അവിടെ ഇരുന്നു അലമുറ ഇട്ടു നിലവിളിക്കാൻ ശ്രമിച്ചു…

പക്ഷെ അതിലും ആ പാവം പെണ്ണ് തോറ്റു പോയിരുന്നു….. അവളുടെ ശബ്ദം ആ നാല് ചുവരുകൾക്ക് അപ്പുറത്തേക്ക് മുഴങ്ങിയതേ ഇ_ല്ല……

അവൾ എങ്ങൽ അടിച്ചു കരഞ്ഞു കൊണ്ട് അമ്മേ എന്ന് വിളിക്കാൻ ഓരോ നിമിഷവും ശ്രമിച്ചു കൊണ്ടിരുന്നു……..

പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ കരച്ചിൽ ഒന്ന് നിർത്തി ദച്ചു ലക്ഷ്മിയെ നോക്കിയിട്ട് വേഗം പുറത്തേക്ക് ഇറങ്ങി ഓടി…..

മനസ് നിയന്ത്രണത്തിൽ അല്ലാത്തത് കൊണ്ട് ആവും ആ പെണ്ണിന്റെ കാലും നിലത്ത് ഉറയ്ക്കാതെ പോയത്…..

ഓടിയപ്പോൾ നനഞ്ഞ സ്‌കർട്ടിൽ അവളുടെ കാലുകൾ ഉടക്കി ഉമ്മറത്തെ പടിക്കെട്ടിൽ ഉരുണ്ട് അടിച്ചു മുറ്റത്തേക്ക് നെഞ്ച് തല്ലി അവൾ വീണു…..

വീഴ്ചയിൽ അവളുടെ നെറ്റി എവിടെയോ തട്ടി ചെറുതായി ചോര പൊടിഞ്ഞു… ഒപ്പം തന്നെ മുറ്റത്തേക്ക് വീണപ്പോൾ അവളുടെ വലത്തേ കൈവെള്ളയിലേക്ക് ഒരു കൂർത്ത കല്ലും കൊണ്ട് കയറി….

വേദന കൊണ്ട് അവൾ നിലവിളിച്ചു പോയെങ്കിലും അവളുടെ അമ്മയുടെ ഓർമയിൽ അവൾ വേഗം എഴുന്നേൽക്കാൻ ശ്രമിച്ചു….പക്ഷെ അവൾ വീണ്ടും വേദനയോടെ അവിടെ തന്നെ ഇരുന്നു പോയിരുന്നു…… അവൾക്ക് വല്ലാതെ കരച്ചിൽ വന്നു…. അകത്തു മയങ്ങി കിടക്കുന്ന അമ്മയെ ഓർത്തപ്പോൾ അവൾക്ക് എവിടെ നിന്നോ ധൈര്യ കയറി…. അവൾ വേദനയെ പാടെ മറന്ന് നിലത്ത് നിന്ന് ബുദ്ധിമുട്ടി ആണേലും എഴുന്നേറ്റ് പുറത്തേക്ക് ഓടി….

തുടരെ ഉള്ള കാളിങ് ബെൽ കേട്ടാണ് സിദ്ധു ഉറക്കത്തിൽ നിന്ന് ഉണർന്നത്…

“””ഹോ….. ഇവര് കല്യാണത്തിന് പോയിട്ട് സന്ധ്യ കഴിഞ്ഞേ വരു എന്ന് പറഞ്ഞിട്ട് ഇത്ര നേരത്തെ വന്നോ….ശോ…..ഉറക്കവും പോയി……”””

അവൻ ഉറക്കം നഷ്ടപ്പെട്ടതിന്റെ മുഷിച്ചിലിൽ പിറുപിറുത്ത് കൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റു…..

ബാങ്കിൽ നിന്ന് വന്ന വഴിക്ക് ദച്ചുന് പണിയും കൊടുത്ത് വന്ന പാടെ കിടന്ന് ഉറങ്ങിയതാണ് അവൻ…. ദേവകിയും ഗിരിയും ആരുടെയോ കല്യാണത്തിന് പോയിരുന്നു….

“”ദാ… വരുന്നു……”””

വീണ്ടും ബെൽ മുഴങ്ങിയപ്പോൾ അവൻ വിളിച്ചു പറഞ്ഞു കൊണ്ട് ഹാളിലേക്ക് നടന്നു…..

“”നീയായിരുന്നോ….. എന്താടി ഊമക്കുയിലെ…. അച്ഛനും അമ്മയും ഇവിടെ ഇല്ല… നീ പോയിട്ട്.. പി…ന്നെ വാ……””

ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ദച്ചുവിനെ കണ്ട് അവൻ കണ്ണ് തിരുമി ഒരു കോട്ട് വായ ഒക്കെ ഇട്ട് പറഞ്ഞു…. ഉറക്ക പിച്ചിൽ ആയിരുന്നത് കൊണ്ട് അവൻ ദച്ചുവിന്റെ കോലം ശ്രദ്ധിച്ചില്ലായിരുന്നു….

ദച്ചു കരഞ്ഞു കൊണ്ട് വേഗം അവന്റെ അരികിലേക്ക് നിന്ന് അവന്റെ കൈയിൽ പിടിച്ചു എന്തോ ആംഗ്യത്തിൽ പറഞ്ഞു……

അപ്പോഴാണ് സിദ്ധുവും അവളെ ശ്രദ്ധിച്ചത്…. കരഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്ന് വീങ്ങിയ മുഖവുമായി നിന്ന് എന്തോ പറയാൻ ശ്രമിക്കുന്ന ദച്ചു….. നെറ്റിയിൽ നിന്ന് ചോര ചെറുതായി പൊടിയുന്നുണ്ട്….. ദാവണിയിൽ അങ്ങ് ഇങ്ങായി അഴുക്കും മണ്ണും എല്ലാം പറ്റിയിരിക്കുന്നു…..

“”എന്താ പറ്റിയെ…. എന്തിനാ നീ കരയുന്നെ…

ഹേ… എന്താ…..””

അവൻ പരിഭ്രമത്തോടെ അവളോട് ചോദിക്കുമ്പോഴും അവളുടെ വീട്ടിലേക്ക് കൈ ചൂണ്ടി എന്തൊക്കെയോ അവൾ പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു….സിദ്ധു ഒന്നും മനസിലാവാതെ അവളെയും അവളുടെ കൈ പോകുന്നിടത്തേക്കും എല്ലാം നോക്കി നിന്നു….

അന്നാദ്യമായി അവളുടേ കുറവുകളെ ഓർത്ത് അവൾക്ക് അവളോട് തന്നെ ദേഷ്യവും വെറുപ്പും എല്ലാം തോന്നി…. അവളുടെ അമ്മയുടെ അവസ്ഥ അവനെ പറഞ്ഞു മനസിലാക്കാൻ കഴിയാതെ അവൾ സ്വയം തലക്ക് അടിച്ചു കരഞ്ഞു…

അപ്പോഴും അവളുടെ വലത്തേ കൈവെള്ളയിൽ നിന്ന് ചോര ഒലിച്ചു കൊണ്ടിരുന്നു……

അവൾ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ കണ്ണുകൾ രണ്ടും അമർത്തി തുടച്ചു സിദ്ധുവിന്റെ കൈ പിടിച്ചു പുറത്തേക്ക് വാ എന്ന് അവളുടെ ഭാഷയിൽ പറഞു കൊണ്ട് പിടിച്ച് വലിച്ചു……

സിദ്ധുവിന് കാര്യം ഒന്നും മനസിലായില്ലെങ്കിലും എന്തോ പന്തികേട് ഉണ്ടെന്ന് തോന്നി അവൾക്ക് ഒപ്പം അവൻ ഓടി…..അവൻ അവൾക്ക് ഒപ്പം ഓടുമ്പോഴും അവളോട് കാര്യം തിരക്കുന്നുണ്ട്…

പക്ഷെ അവൾ വേഗം വാ എന്ന പോലെ കരഞ്ഞു കൊണ്ട് അവനെ നോക്കി തലയാട്ടി സിദ്ധുവിനേം വലിച്ചു കൊണ്ട് ഓടി…..

വീടിനുള്ളിലേക്ക് ഓടി കയറുമ്പോഴേക്കും ദച്ചു സിദ്ധുവിന്റെ കൈ വിട്ട് അവളുടെ അമ്മയുടെ അരികിലേക്ക് ഓടിയിരുന്നു …. തറയിൽ ഇരുന്നു മയങ്ങി കിടന്ന ലക്ഷ്മിയുടെ തല എടുത്ത് മടിയിൽ വെച്ച് അവൾ വീണ്ടും വീണ്ടും കരഞ്ഞു കൊണ്ട് അവരെ വിളിച്ചിട്ട് സിദ്ധുവിനെ നോക്കി….

സിദ്ധു ഒരു നിമിഷം കണ്ട കാഴ്ചയിൽ തറഞ്ഞു നിന്ന് പോയി…. ബോധം തിരികെ കിട്ടിയത് പോലെ അവൻ ഒന്ന് ഞെട്ടി ലക്ഷ്മിയുടെ അരികിലേക്ക് പാഞ്ഞു…

“”ടീച്ചറമ്മേ…… ടീച്ചറമ്മേ….. കണ്ണ് തുറക്ക് ടീച്ചറമ്മേ….””

അവൻ ഇരു കവിളിലും തട്ടി വിളിച്ചെങ്കിലും പ്രതികരണം ഒന്നുമുണ്ടായില്ല…. ദച്ചു ആ സമയം എല്ലാം അമ്മേ എന്ന് വീളിച്ചു അവരെ ഉണർത്താനായി ശ്രമിച്ചുകൊണ്ടിരുന്നു…..

ഈശ്വര…..

സിദ്ധു എന്ത് ചെയ്യണം എന്നറിയാതെ മുടിയിൽ കൈ കൊരുത്തു……

“”ദ്… ധ്രുവി…. നീ പേടിക്കണ്ടട്ടോ… അമ്മക്ക് ഒന്നുല്ല… പേടിക്കല്ലേ… നമുക്ക് ഇപ്പോൾ അമ്മേ ഹോസ്പിറ്റലിൽ കൊണ്ടുപോവാം….””

അരികിൽ കരഞ്ഞിരിക്കുന്ന ദച്ചുവിന്റെ കവിളിലും തോളിലും മാറി മാറി തട്ടി ആശ്വസിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു….

“”ഞാൻ ഇപ്പോൾ കാർ എടുത്തിട്ട് വരാം… പേടിക്കല്ലേ ധ്രുവി… അമ്മക്ക് ഒന്നുമില്ല….””

അവൻ അവളോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് പുറത്തേക്ക് പാഞ്ഞു……

അകത്തു നിന്നും ഉമ്മറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് ദച്ചുവിന്റെ നാവിൽ നിന്ന് അവ്യക്തമെങ്കിലും അമ്മ എന്ന പദം അവന്റെ കാതിൽ വീണത്… പിടിച്ചു നിർത്തിയ പോലെ അവൻ നിന്നിട്ട് വെട്ടി തിരിഞ്ഞു അവളെ നോക്കി…..

“”അ…. അ…. മ….. അ… മ്…. മ്മ…””

കേട്ടത് വിശ്വസിക്കാൻ ആയില്ലെങ്കിലും ഇപ്പോൾ അത് ആലോചിക്കാൻ ഉള്ള സമയം അല്ല എന്ന് അവന് ബോധ്യം ഉള്ളത് കൊണ്ട് അവൻ വേഗം വീട്ടിലേക്ക് ഓടി……

ദച്ചുവിന്റെ വീട്ടിലേക്ക് കാർ വേഗത്തിൽ ഓടിച്ചു കയറ്റി കാറിൽ നിന്ന് ഇറങ്ങി കാറ്റ് പോലെ അവൻ അകത്തേക്ക് ഓടി…..

അവൻ ലക്ഷ്മിയെ കൈകളിൽ കോരി എടുത്ത് പുറത്തേക്ക് പാഞ്ഞു…. വീണതിന്റെ വേദനയെ പാടെ അവഗണിച്ചു ദച്ചു കരഞ്ഞു കൊണ്ട് ഓടി പോയി പിൻസീറ്റിലെ ഡോർ തുറന്ന് അകത്ത് കയറി.. അപ്പോഴേക്കും സിദ്ധു അവരെ ദച്ചുവിന്റെ മടിയിൽ ആയി കിടത്തിയിരുന്നു….

ഒഴുകി ഇറങ്ങിയ കണ്ണുനീരിനെ പുറംകൈയാൽ തുടച്ചു കൊണ്ട് സിദ്ധു വേഗം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി….

ദച്ചുവിനെ എത്രയൊക്കെ കളിയാക്കിയാലും വഴക്ക് പറഞ്ഞാലും അവന്റെ ടീച്ചറമ്മേ അവന് ജീവൻ ആണ്…

സിദ്ധുവിന്റെ കാർ അതിശീഘ്രം തന്നെ ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് പാഞ്ഞു…..

💓💓💓💓💓

ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ കലുഷിതമായ മനസോടെ ദച്ചു നിന്നു…..

അവളുടെ കണ്ണുകൾ ധാര ധാര ആയി പെയ്തു കൊണ്ടിരുന്നു….

തകർന്ന മനസുമായി ഐ സി യൂവിന്റെ മുന്നിൽ നിൽക്കുമ്പോഴും ആരോടും ഒന്നും ചോദിക്കാനോ പറയാനോ കഴിയാത്ത അവളുടെ ജന്മത്തെ ഓർത്ത് അവൾ സ്വയം പഴിച്ചു……

നഴ്സ് പറഞ്ഞ മരുന്ന് ഫാർമസിയിൽ നിന്ന് വാങ്ങി തിരികെ വന്നപ്പോൾ ആണ് ഒരു മധ്യവയസ്ക ആയ നഴ്സ് ദേച്ചുവിനോട് ശബ്ദം അല്പം ഉയർത്തി സംസാരിക്കുന്നത് അവൻ കേട്ടത്…. അവൻ വേഗം അവരുടെ അടുത്തേക്ക് നടന്നു….

“”സിസ്റ്റർ…. എന്താ പ്രശനം……””

അവൻ അടുത്തേക്ക് വന്നതും അവർ രണ്ടുപേരെയും മാറി മാറി നോക്കി…..

ദച്ചു അപ്പോഴും എങ്ങൽ അടിച്ചു കരഞ്ഞു കൊണ്ടിരുന്നു…..

“””എന്റെ പൊന്ന് സാറേ… നിങ്ങൾ ഈ കൊച്ചിന്റെ കൂടെ വന്നത് ആണോ… ഈ മിണ്ടാൻ കഴിയാത്തതിനെ ഒക്കെ പേഷ്യന്റിന്റെ കൂടെ നിർത്തിയാൽ ഞങ്ങൾ നഴ്സുമാർ ചുറ്റി പോവുകേ ഉള്ളു….നൂറു കണക്കിന് പേഷ്യൻസിന്റെ കാര്യം നോക്കണം ഞങ്ങൾ നഴ്സുമാർക്ക്…. അതിനിടക്ക് ഇതുപോലെ ഉള്ളവർ ചോദിക്കുന്നതും പറയുന്നതും മനസിലാക്കി എടുക്കാൻ ഉള്ള സമയം ഒന്നും ഞങ്ങൾക്ക് ഇല്ല…. ഇപ്പോൾ തന്നെ എന്നെ അങ്ങോട്ടും ഇങ്ങോട്ടും വിടാതെ എന്തൊക്കെയോ കഥകളി കാണിച്ചുകൊണ്ട് നിൽക്കയായിരുന്നു ഈ കൊച്ച് ……”””

അവർ ദച്ചുവിനെ പറയുന്നത് കേട്ട് സിദ്ധുവിന് എവിടുന്നെല്ലാമോ തരിച്ചു കയറി… അവരെ രണ്ട് പറയണം എന്നുണ്ടെങ്കിലും അതൊരു ഹോസ്പിറ്റൽ ആയത് കൊണ്ട് അവൻ ഒന്ന് ദീർഘമായി ശ്വസിച്ചു സ്വയം നിയന്ത്രിച്ചു……

“”സിസ്റ്റർ…. അകത്തു കിടക്കുന്നത് ഇവളുടെ അമ്മ ആണ്… ഐ സി യൂവിന് പുറത്ത് നിൽക്കുന്ന ഞങ്ങളെ പോലുള്ളവരുടെ വേണ്ടപ്പെട്ടവർ ആണ് അകത്തു കിടക്കുന്നത് എന്നും അവരുടെ ഇപ്പോഴത്തെ അവസ്ഥ അറിയാനുമായിരിക്കും ഞങ്ങൾ നിൽക്കുന്നത് എന്നും മനസിലാക്കാൻ ഉള്ള മിനിമം കോമൺ സെൻസ് നിങ്ങൾക്കില്ലേ…. അറിയാം… നിങ്ങൾ ഇതുപോലെ 100 കണക്കിന് കേസ് ദിവസവും കാണുന്നത് ആണ്… അത് കൊണ്ട് നിങ്ങൾക്ക് ഇതൊന്നും ഒരു വിഷയവുമല്ലെന്ന് ….. പക്ഷെ ഞങ്ങൾ ബൈസ്റ്റാൻഡേഴ്സ്…. നിങ്ങളുടെ നാവിൽ നിന്ന് നല്ലൊരു വാർത്ത കേൾക്കുന്നത് വരെ തീയിൽ ചവിട്ടി ആവും നിൽക്കുന്നത്….അതുകൊണ്ട് ഞങ്ങളെ പോലെ ഉള്ളവരുടെ മാനസികാവസ്ഥ നിങ്ങളും മനസിലാക്കിയാൽ നന്നായിരുന്നു….പ്ലീസ്…ദാ… പറഞ്ഞ മരുന്ന്…..”””

അവൻ അത്രയും പറഞ്ഞിട്ട് കൈയിൽ ഇരുന്ന മരുന്ന് അവരുടെ കൈകളിലേക്ക് കൊടുത്തു..

ആ നേഴ്സ് ഒരു വല്ലായിമയോടെ രണ്ടുപേരെയും മാറി മാറി നോക്കിയിട്ട് ഒരു സോറി പറഞ്ഞു അകത്തേക്ക് പോയി….

ദച്ചുവും ഒരു നിമിഷം അവൻ പറഞ്ഞത് കേട്ട് വിശ്വാസം വരാത്ത പോലെ അവനെ തന്നെ നോക്കി നിന്നു…..

ആദ്യമായാണ് സിദ്ധു അവൾക്ക് വേണ്ടി ഒരാളോട് സംസാരിക്കുന്നത് തന്നെ …..

അതും തനിക്ക് വേണ്ടി ഒരാളോട് കയർത്തു സംസാരിച്ചിരിക്കുന്നു…

സിദ്ധു നോക്കിയപ്പോൾ ദച്ചു പെട്ടെന്ന് മിഴികൾ താഴ്ത്തി…. അവളുടെ എങ്ങൽ അടികൾ പതിയെ ഉയരുന്നുണ്ടായിരുന്നു…..

സിദ്ധു അപ്പോഴാണ് ദച്ചുവിന്റെ മുറിവുകളുടെ കാര്യം ഓർത്തത്.. നെറ്റിയിൽ ഇപ്പോഴും രക്തം ചെറുതായി പൊടിയുന്നുണ്ട്….

“””ഡീ… വാ…. ഈ മുറിവ് എല്ലാം ഡ്രസ്സ്‌ ചെയ്യാം….”””

അവൻ പറഞ്ഞത് കേട്ട് അവൾ വേണ്ട എന്നുള്ള രീതിയിൽ തലയാട്ടി ഐ സി യൂ വിലേക്ക് മിഴികൾ നാട്ടി……

“”ദേ….. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ നീ…ഈ ചോരയും ഒലിപ്പിച്ചു എത്ര നേരം നിൽക്കും നീ ഇവിടെ…..””

കൈയിലെ മുറിവിൽ നോക്കിയിട്ട് വളരെ പതിയെ എങ്കിലും ദേഷ്യത്തോടെ അവളോട് ചോദിച്ചു….

അവൾ കണ്ണ് നിറച്ചു അവനെ നോക്കി…..

അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ദേഷ്യപ്പെടേണ്ടിയിരുന്നില്ല എന്ന് അവന് തോന്നി പോയി….

അതും ഇപ്പോഴത്തെ അവസ്ഥയിൽ….

“”നീ പറയുന്നത് കേൾക്ക് ദച്ചു….. വാ എന്റെ കൂടെ… ടീച്ചറമ്മ കണ്ണ് തുറക്കുമ്പോൾ നിന്നെ ഇങ്ങനെ കണ്ടാൽ സഹിക്കുവോ നിന്റെ അമ്മ… ആ അമ്മേ വിഷമിപ്പിക്കണോ നിനക്ക്..””

അങ്ങനെ പറഞ്ഞപ്പോൾ കൊള്ളേണ്ടിടത് കൊണ്ടു എന്ന് അവളുടെ മുഖം കണ്ടപ്പോൾ അവന് മനസിലായി…. അവൾ മുറിവ് ഡ്രസ്സ്‌ ചെയ്യാൻ പോവാം എന്ന് സമ്മതിച്ചു… അവൾ ഒന്നുകൂടി ഐ സി യൂവിലേക്ക് നോക്കി മുന്നോട്ട് നടക്കാൻ ഒരുങ്ങി…..

എന്നാൽ മുന്നോട്ടേക്ക് കാല് എടുത്ത് വെച്ചതും അത് നിലത്ത് ഉറയ്ക്കാതെ അവൾ വീഴാൻ പോയി..

പക്ഷെ അവൾ വീഴുന്നതിനു മുൻപേ സിദ്ധു അവളെ നെഞ്ചോരം ചേർത്ത് പിടിച്ചു താങ്ങിയിരുന്നു..

വീണപ്പോൾ കാലിൽ ഉളുക്ക് വീണതാണ്.. ആാാ സമയം ഒക്കെ അമ്മയെ രക്ഷിക്കണം എന്നുള്ള ഒറ്റ ചിന്തയിൽ കാലിന്റെ വേദനയെ പാടെ അവഗണിച്ചിരുന്നു … വേദനയെ മറന്നു എന്ന് തന്നെ പറയാം ….പക്ഷെ ഇപ്പോൾ….

അവൾ വേദന സഹിക്ക വയ്യാതെ കണ്ണുകൾ ഇറുക്കി അടച്ചു….

“”പതിയെ നടക്ക്…. ഞാൻ പിടിക്കാം….”””

അവൻ പറഞ്ഞത് കേട്ട് അവൾ വേണ്ട എന്നുള്ള അർഥത്തിൽ അവനിൽ നിന്ന് അകന്നു മാറാൻ തുടങ്ങി… അത് മനസിലാക്കി സിദ്ധു ഉടനെ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു….

“”എന്താടി…. ഞാൻ തൊട്ടാൽ നീ ഉരുകി പോകുമോ… മര്യാദക്ക് നടക്കെടി….””

വയ്യെങ്കിലും അവളുടെ നെഗളിപ്പ്….

അവൻ പിറുപിറുത്തുകൊണ്ട് അവളേം പിടിച്ചു പതിയെ നടക്കാൻ തുടങ്ങി….സിദ്ധു അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ ഇനിയും എതിർത്താൽ അവളെ അവിടെ ഇട്ടേച്ച് അവന്റെ പാട്ടിന് പോവും എന്നുള്ളത് കൊണ്ട് എതിർക്കാതെ അവന്റെ കൈയിൽ പിടിച്ചു പതിയെ നടന്നു…..

മരുന്നിൽ കുതിർത്ത കോട്ടൺ പഞ്ഞി ദച്ചുവിന്റെ നെറ്റിയിലെ മുറിവിലേക്ക് നേഴ്സ് വെച്ചതും അവൾ എരിവ് വലിച്ചു അടുത്ത് നിന്ന സിദ്ധുവിന്റെ കൈയിൽ മുറുക്കെ പിടിച്ചു…. വേദന കടിച്ചു പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചിരിക്കുന്ന ദച്ചുവിനെ കണ്ടപ്പോൾ സിദ്ധുവിന് അവൾ പിടിച്ചിരിക്കുന്ന അവന്റെ കൈ മാറ്റാൻ തോന്നിയില്ല….. അവൻ മെല്ലെ അവളുടെ കൈക്ക് മേലെ തട്ടി കൊടുത്തുകൊണ്ടിരുന്നു….. നെറ്റിയിൽ ഒരു പ്ലാസ്റ്ററും ഒട്ടിച്ചു വലത്തേ കൈ വെള്ളയും ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞപ്പോൾ ആണ് നേഴ്സ് കാലിനു ഭാഗത്തെ സ്കെർട്ട് അല്പം കീറി ഇരിക്കുന്നത് കണ്ടത്….

“”കാൽമുട്ടും മുറിഞ്ഞിട്ടുണ്ടോ….ആ സ്കെർട്ട് ഒന്ന് ഉയർത്തിയെ…. നോക്കട്ടെ…..””

നേഴ്സ് പറയുന്നത് കേട്ടപ്പോൾ ആണ് ദച്ചു അത് ശ്രദ്ധിച്ചത്…… സിദ്ധു നിൽക്കുമ്പോൾ സ്കെർട്ട് ഉയർത്താൻ അവൾക്ക് അല്പം ജാള്യത തോന്നി…..

അവൻ അത് മനസിലാക്കി പെട്ടെന്ന് തിരിഞ്ഞു നിന്നു….

ദച്ചു സ്കെർട്ട് മുട്ടിനു മേലെ ആയി ഉയർത്തി വെച്ചു….. അവിടേം നന്നായിട്ട് തന്നെ ഉരഞ്ഞിട്ടുണ്ടായിരുന്നു… നേഴ്സ് ആ മുറിവിലും മരുന്ന് വെച്ച് മുറിവിന് മീതെ ഡ്രസ്സ്‌ ചെയ്തു….

മരുന്ന് വെയ്ക്കുമ്പോൾ ഒക്കെയും നീറ്റലും വേദനയും കാരണം സിദ്ധുവിനെ അവൾ മുറുക്കെ പിടിച്ചിരുന്നു…. അക്കാരണത്താൽ ആണ് അവൻ അവിടെ തന്നെ നിന്നത്….

ഐ സി യൂവിന് അരികിലേക്ക് പതിയെ പിച്ച വെച്ച് നടക്കാൻ സിദ്ധു അവളെ സഹായിച്ചു….സിദ്ധു വിളിച്ചു പറഞ്ഞതനുസരിച്ചു ഗിരിയും ദേവകിയും അപ്പോഴൊക്കും അവിടെ എത്തിയിരുന്നു…

ദേവകിയെ കണ്ടപ്പോഴേക്കും ദച്ചുവിന്റെ സങ്കടം ഒന്നുകൂടി വർദ്ധിച്ചു…. അവൾ ഏങ്ങി കരഞ്ഞു കൊണ്ട് ദേവകിയുടെ നെഞ്ചിലേക്ക് ചാരി…….

“”ഇഹ്ഹ്…. ഹ്ഹ….അ…. മ് ….””

(ദേവുമ്മേ….. എന്റെ അമ്മ……)

അവൾ കരഞ്ഞു കൊണ്ട് ഐ സി യൂ വിനകത്തേക്ക് ചൂണ്ടി പറഞ്ഞു….

“”ഇല്ലടാ… ഒന്നുല്ല… എന്റെ ദച്ചുട്ടി കരയല്ലേ….

അമ്മക്ക് ഒന്നുമില്ല……””

പൊട്ടി വന്ന കരച്ചിലിനെ പിടിച്ചു വെച്ചു കൊണ്ട് ദേവകി അവളെ സമാധാനിപ്പിച്ചു…

“”ഇതെന്താ….. ദച്ചു… ഇതെങ്ങനെയാ നിന്റെ നെറ്റി ഒക്കെ മുറിഞ്ഞേ……”””

അവർ ആവലാതിയോടെ അവളുടെ കവിളിൽ എല്ലാം തഴുകി ചോദിച്ചപ്പോൾ അവൾ വീണ കാര്യം ആ അമ്മയോട് പറഞ്ഞു…..

“”എന്താ….. സിദ്ധു.. എന്താ ശെരിക്കും സംഭവിച്ചേ…..”””

അത്രയും നേരം എല്ലാം കണ്ട് നിന്ന ഗിരി അടുത്ത് നിന്ന സിദ്ധുവിനോട് ചോദിച്ചു… അവൻ ഉണ്ടായ കാര്യം എല്ലാം പറഞ്ഞു…. അവൻ പറഞ്ഞത് എല്ലാം കേട്ടപ്പോൾ ദച്ചു പിന്നെയും കരഞ്ഞു……

“”എന്നിട്ട് നീ ഡോക്ടറിനെ കണ്ടോ… ഡോക്ടർ എന്താ പറഞ്ഞെ…..””

ഗിരി അത് ചോദിച്ചപ്പോൾ ആണ് ഐ സി യൂവിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നത്…

എല്ലാവരും അയാളുടെ അരികിലേക്ക് ഓടി കാര്യം തിരക്കി….

“”ഹേയ്യ്…. ഇപ്പോൾ പേടിക്കാൻ ഒന്നുമില്ല…. പ്രഷർ ഹൈ ആയപ്പോൾ തല കറങ്ങി വീണതാ…. വീഴ്ചയിൽ പറ്റിയതാവാം തലയിലെ ആ മുറിവ്…അധികം ആഴത്തിൽ അല്ലാത്തത് കൊണ്ട് അതും പേടിക്കാൻ ഇല്ല…. എങ്കിലും തലക്ക് അല്ലെ പരിക്ക്…. ഒരു രണ്ട് മണിക്കൂർ കൂടി ഒബ്സെർവഷനിൽ കിടക്കട്ടെ…. അത് കഴിയുമ്പോൾ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം….””

ഡോക്ടർ എല്ലാവരെയും നോക്കി പറഞ്ഞിട്ട് ഒന്ന് പുഞ്ചിരിച്ചു നടന്നകന്നു…..

ഡോക്ടറുടെ വാക്കുകൾ കത്തി അമരുന്ന അവരുടെ മനസിനെ കുറച്ചൊന്നുമല്ല തണുപ്പിച്ചത്

ആപത്ത് ഒന്നും കൂടാതെ അമ്മയെ തിരികെ തന്ന ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് ദച്ചു ഒഴുകി ഇറങ്ങിയ കണ്ണീർ തുടച്ചു ഐ സി യൂവിലേക്ക് നോക്കി നിന്നു…

💓💓💓💓💓

ലക്ഷ്മിയെ മുറിയിലേക്ക് ഷിഫ്റ്റ്‌ ചെയ്ത് കഴിഞ്ഞും മരുന്നിന്റെ ഇഫക്റ്റ് മൂലം മയക്കം തെളിഞ്ഞിട്ടില്ലായിരുന്നു…..

ബൈസ്റ്റാൻഡേർക്ക് ഉള്ള ബെഡിൽ ഇരിക്കയാണ് ദേവകി…. അവരുടെ മടിയിൽ തല വെച്ച് അരികിൽ തന്നെ ദച്ചു അവളുടെ അമ്മയെ നോക്കി കിടപ്പുണ്ട്….. ദേവകി അവളുടെ തലയിൽ മെല്ലെ തഴുകുന്നുണ്ട്…..

കുറച്ചു മണിക്കൂറുകൾക്ക് മുൻപ് നടന്ന കാര്യങ്ങൾ എല്ലാം ഓർത്തെന്ന പോൽ ദച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു……സിദ്ധു ഇല്ലായിരുന്നെങ്കിൽ തന്റെ അമ്മയുടെ അവസ്ഥ എന്തായേനെ എന്നോർത്തപ്പോൾ അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ കടന്ന് പോയി……

ഇന്ന് അവിടെ കിടക്കാൻ പറഞ്ഞത് കൊണ്ട് ദേച്ചുവിന് കൂട്ടായി ദേവകിയും ഒരു ആൺ തുണക്കായി സിദ്ധുവും നിൽക്കാം എന്ന് തീരുമാനിച്ചു..

ലക്ഷ്മി മെല്ലെ കണ്ണുകൾ തുറക്കുന്നത് കണ്ടതും ദച്ചു ചാടി എഴുന്നേറ്റു അവരുടെ അരികിലേക്ക് നടന്നു…

കാലിലെ മുറിവിന് വലിച്ചിൽ അനുഭവപ്പെട്ടെങ്കിലും അവൾ അത് കാര്യമാക്കിയില്ല..

ലക്ഷ്മിക്ക് കണ്ണ് തുറന്നപ്പോൾ എവിടെ ആണെന്ന് ഉള്ളത് പെട്ടെന്ന് മനസിലായില്ല…. തലക്ക് നല്ല ഭാരവും അനുഭവപ്പെട്ടു….. തലയുടെ ഇടത് വശത്തു ആയിരുന്നു ലക്ഷ്മിക്ക് മുറിവ്…..

ദച്ചു അപ്പഴേക്കും അവളുടെ അമ്മയുടെ കൈ പൊതിഞ്ഞു പിടിച്ചിരുന്നു…… നെറ്റിയിൽ പാസ്റ്ററും ആയി കരഞ്ഞു കൊണ്ട് നിൽക്കുന്ന ദച്ചുവിനെ കണ്ട് ലക്ഷ്മി അന്തിച്ചു…. അരികിൽ തന്നെ കണ്ണ് നിറച്ച് ദേവകിയും ഉണ്ട്…..

“”ദച്ചുട്ടി …. ഇതെങ്ങനെയാ നിനക്ക് മുറിവ് പറ്റിയെ…..””

വേദനക്ക് ഇടയിലും തന്റെ മകളുടെ മുറിവ് കണ്ട് ആ അമ്മമനം പിടഞ്ഞു… ശരീരത്തിന്റെ അവശത ആ വാക്കുകളിലും പ്രകടം ആയിരുന്നു….

“”അവൾക്ക് കുഴപ്പം ഒന്നുമില്ല ലെച്ചു…. നീ വീണ്ടും ഓരോന്ന് ഓർത്ത് ടെൻഷൻ ആവേണ്ട…..”””

ദേവകി പറഞ്ഞപ്പോൾ ലക്ഷ്മി അവരെ നോക്കി ഒന്ന് ചിരിച്ചു….

വൈകിട്ട് പുറത്തേക്ക് പോയ ദച്ചുവിനെ കണ്ടില്ലലോ എന്ന് കരുതി അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് നടന്നത് മാത്രേ ഓർമ ഉള്ളു….. പിന്നെ എന്താ സംഭവിച്ചേ….. ഒന്നും ഓർമ കിട്ടാതെ ലക്ഷ്മി കുഴഞ്ഞു… ലക്ഷ്മി അവരുടെ സംശയം ദേവകിയോട് ചോദിച്ചപ്പോൾ ദേവകി നടന്നത് എല്ലാം അവർക്ക് പറഞ്ഞു കൊടുത്തു…….

“”അമ്മേടെ പൊന്ന് പേടിച്ചു പോയോ…””

ദച്ചുവിനെ നോക്കുമ്പോൾ ആ ശബ്ദം ഇടറിയിരുന്നു…

“”മ്മ്….””

അവളും കരച്ചിൽ അടക്കി പിടിച്ചു ഒന്ന് മൂളി…

അപ്പോഴാണ് സിദ്ധു ഒരു വലിയ ബിഗ്ഷോപ്പറും പിടിച്ചു അകത്തേക്ക് വന്നത്….. ലക്ഷ്മിക്ക് ഉള്ള കഞ്ഞി ആയിരുന്നു അതിൽ….. ഗിരിയും സിദ്ധുവും കൂടി വീട്ടിൽ പോയി ഗിരിയെ അവിടെ ആക്കിയിട്ടു തിരികെ വന്നതാണ് സിദ്ധു…

“”എന്താ എന്റെ ടീച്ചറമ്മക്ക് ഇത്ര വലിയ ടെൻഷൻ…. ഈ ഊമക്കുയിൽ എന്റെ ടീച്ചറമ്മക്ക് വല്ല പണിയും തന്നോ…””

അവൻ തമാശരൂപേണ ചോദിച്ചപ്പോൾ തന്നെ അവന്റെ പുറത്ത് ഒരു അടിയും വീണിരുന്നു….

“”വയ്യാതെ കിടക്കുമ്പോൾ ആണോടാ നിന്റെ തമാശ…. ഞാൻ പറഞ്ഞിട്ടുള്ളതാ സിദ്ധു മോളെ അങ്ങനെ വിളിക്കരുതെന്ന്…..””

“”അവനെ വഴക്ക് പറയാതെ ദേവു…. അവൻ വെറുതെ പറയണേ അല്ലെ…..””

“”അതാണ്‌… എന്റെ ടീച്ചറമ്മക്ക് എന്നെ അറിയാം… അമ്മ അമ്മയുടെ മോളേം കെട്ടിപിടിച്ചിരിക്ക്….””

സിദ്ധു പറയുന്നത് കേട്ട് ദേവകി അവനെ രൂക്ഷം ആയി ഒന്ന് നോക്കി….

ദച്ചു അപ്പോഴും ഒന്നും മിണ്ടാതെ ലക്ഷ്മിയെ തന്നെ നോക്കി ഇരിക്കയാണ്….. അവളുടെ പേടി അപ്പോഴും വിട്ട് മാറിയിരുന്നില്ല…..ഇന്ന് തന്റെ അമ്മക്ക് കൂടി എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഈ ലോകത്തെ ഒറ്റപെടൽ ഓർത്ത് കുറച്ചൊന്നുമല്ല അവളുടെ മനസ്സിൽ പേടി തട്ടിയത്…..

ലക്ഷ്മിക്ക് ദേവകി കഞ്ഞി കൊടുക്കാം ദച്ചുവിനെ കൂട്ടി ക്യാന്റീനിൽ പോയി കഴിക്കാൻ സിദ്ധുവിനോട് അവർ പറഞ്ഞു…. അദ്യം ദച്ചു കഴിക്കാൻ പോവാൻ കൂട്ടാക്കിയില്ലെങ്കിലും ലക്ഷ്മിയും ദേവകിയും മാറി മാറി നിർബന്ധിച്ചപ്പോൾ അവൾ പാതി മനസോടെ സമ്മതിച്ചു…..

ദച്ചുവിന്റെ ഡ്രെസ്സിൽ മുഴുവൻ അഴുക്ക് പറ്റിയത് കൊണ്ട് സിദ്ധു വിളിച്ചു പറഞ്ഞിട്ട് ദേവകി വന്നപ്പോൾ അവൾക്ക് മാറിയിടാൻ വസ്ത്രം കൊണ്ട് ആണ് വന്നത്…. ദച്ചു അത് എടുത്ത് കൊണ്ട് വാഷ്‌റൂമിൽ കയറി ഉടുത്തിരുന്ന ദാവണി മാറ്റി ചുരിദാർ ഇട്ടു….. അവൾ മുഖം എല്ലാം ഒന്ന് കഴുകി ഫ്രഷ് ആയി സിദ്ധുവിന് ഒപ്പം കാന്റീനിലേക്ക് നടന്നു….

ദച്ചു റൂമിൽ നിന്ന് പോയി കഴിഞ്ഞതും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..

“”ഇന്ന് എനിക്കൂടെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്റെ ദച്ചു ഒറ്റക്ക് ആയി പോയേനെ.. അല്ലെ ദേവു.. എന്റെ കുഞ്ഞ് ഒരുപാട് പേടിച്ചു കാണും……”””

“”അരുതാത്തത് ഒന്നും പറയാതെ ലെച്ചു….ഈശ്വരൻ അങ്ങനെ ഒന്നും നിന്നേം നമ്മടെ ദേച്ചൂട്ടിയേം കൈവിടില്ല…..ഇനി ഇങ്ങനെ എന്തെങ്കിലും പറഞ്ഞാൽ നീ എന്റെ കൈയിൽ നിന്ന് വാങ്ങിക്കും….””

ഒഴുകി ഇറങ്ങിയ കണ്ണ്നീരിനെ തുടച്ചു ദേവകി അവരെ ശാസിച്ചു…..

“”ദച്ചുവിനെ ഒരാളുടെ കൈ പിടിച്ചു ഏൽപ്പിക്കുന്നിടം വരെ എനിക്ക് ഒരു സമാധാനവും കിട്ടില്ല ദേവു….””

ലക്ഷ്മി അങ്ങനെ പറഞ്ഞപ്പോൾ നിന്റെ ദച്ചുവിനെ എന്റെ മോളായിട്ട് താ എന്ന് പറയാൻ ദേവകിയുടെ ഉള്ളം തുടിച്ചു…. പക്ഷെ അതിനു കഴിയാതെ അവരുടെ ആഗ്രഹത്തെ അവർ മനസിൽ തന്നെ തളച്ചിട്ടു പതിയെ ലക്ഷ്മിക്ക് കഞ്ഞി കോരി കൊടുത്തു…..

ക്യാന്റീനിൽ ഫുഡിന്റെ മുന്നിൽ ഇരിക്കയാണ് ദച്ചു…. വലം കൈയിലെ മുറിവ് കാരണം ഡ്രസ്സ്‌ ചെയ്തിരിക്കുന്നത് കൊണ്ട് കഴിക്കാൻ ഒരു നിർവഹവും ഇല്ല….. സിദ്ധു ആണെങ്കിൽ ഫോണിനകത്തു കയറി ഇരിപ്പാണ്…. അവളെ ഒന്ന് ശ്രദ്ധിക്കുന്നു പോലും ഇല്ല…

ദച്ചു ദയനീയമായി അവളുടെ കൈലേക്കും ഭക്ഷണത്തിലേക്കും നോക്കി…. ഇടക്ക് സിദ്ധുവിനേം ഏറ് കണ്ണിട്ട് നോക്കും…. അൽപനേരം കഴിഞ്ഞപ്പോൾ ആണ് കഴിക്കാതിരിക്കുന്ന ദച്ചുവിനെ സിദ്ധു ശ്രദ്ധിക്കുന്നത്…

“”നീ എന്താ ഒന്നും കഴിക്കാത്തെ…….””

ദച്ചു അത് കേട്ട് അവനേം അവളുടെ കൈയെയും മാറി മാറി നോക്കി… അവനും അപ്പോഴാണ് അവളുടെ കൈയുടെ കാര്യം ഓർത്തത്….

അവൻ ഒന്നും മിണ്ടാതെ അവിടെ നിന്ന് എഴുന്നേറ്റ് പോയി…. ദേച്ചുവിന് അതുകൂടെ കണ്ടപ്പോൾ വല്ലത്ത സങ്കടം ആയി…. അവൾ തല കുനിച്ചു അവിടെ ഇരുന്നു…..

തന്റെ മുന്നിൽ ഇരിക്കുന്ന പ്ലേറ്റ് നിരങ്ങുന്ന സൗണ്ട് കേട്ട് ആണ് ദച്ചു തല ഉയർത്തി നോക്കിയത്….

അപ്പോഴേക്കും കറിയിൽ മുക്കിയ ഒരു കഷ്ണം ചപ്പാത്തിയുമായി ഒരു കൈ അവളുടെ മുഖത്തിന് നേരെ നീണ്ടിരുന്നു …..

ദച്ചു വിശ്വാസം വരാതെ അവനെയും ആ കൈയെയും മാറി മാറി നോക്കി ഇരുന്നു…..

“”ഉണ്ടക്കണ്ണ് ഉരുട്ടി എന്നെ നോക്കാനല്ല പറഞ്ഞെ… ഇത് കഴിക്കാനാ… കഴിക്കെടി……”””

അവൻ ഒന്ന് വിരട്ടിയതും അവൾ ഒന്ന് ഞെട്ടി വായ തുറന്നു… അവൾ ഒരു മടിയും കൂടാതെ അവൻ കൊടുത്തത് മുഴുവനും കഴിച്ചു……

“”ഡീ…. നീ എനിക്ക് കുഞ്ഞിലേ തന്ന പണികളും ഇപ്പോൾ തന്നോണ്ടിരിക്കുന്ന പണികളും ഒന്നും മറന്നിട്ടല്ല നിന്നെ ഞാൻ സഹായിക്കുന്നത്…. ഇതൊക്കെ എന്റെ ടീച്ചറമ്മക്ക് വേണ്ടി ചെയ്യുന്നതാ….

കേട്ടോടി ഊമക്കുയിലെ… “”

ആഹാരം കഴിച്ചു കഴിഞ്ഞ് കൈ കഴുകുമ്പോൾ ആണ് സിദ്ധു അത് പറഞ്ഞത്.. അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി…. അവൻ അവളെ ഒന്ന് കണ്ണ് ഉരുട്ടി പേടിപ്പിച്ചിട്ട് പോകാൻ തുനിഞ്ഞതും ദച്ചു അവനെ വിളിച്ചു അവളുടെ ഭാഷയിൽ എന്തോ പറഞ്ഞു….അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നപ്പോൾ അവന് മനസിലായില്ല എന്ന് കരുതി എഴുതാനായി എന്തോ തപ്പി…..

“”ഇനി എഴുതാൻ ഒന്നും തപ്പണ്ട…. സേച്ചി നന്ദി ആണോ പറയാൻ ഉദേശിച്ചത്…..””

അവൾ അത് കേട്ട് അതേ എന്നുള്ള രീതിയിൽ തലയാട്ടി…..

“”ഓഹ്ഹ്.. വരവ് വെച്ചിരിക്കുന്നു…. ഇനി ഭവതി നടന്നാലും……”””

അവളെ ആനയിക്കുന്ന പോലെ കൈ കാണിച്ചു പറയുന്ന സിദ്ധുവിനെ കണ്ട് ദച്ചുവിന് ചിരി വന്നു….

അവൾ എങ്ങനെയോ അതടക്കി പിടിച്ചു അവനൊപ്പം റൂമിലേക്ക് പോയി…..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

(തുടരും………)

എല്ലാർക്കും സിദ്ധുവിനെ മതി…. എന്റെ സച്ചുവേട്ടൻ എവിടെ പോവും ഇങ്ങനെ ആയാൽ…..

നോക്കിക്കോ സിദ്ധുവിനെ കൊണ്ട് ഞൻ ദച്ചുവിനെ പ്രണയിപ്പിക്കും… എന്നിട്ട് ആ സമയം സച്ചുവിനെ കൊണ്ടു വരും……

സിദ്ധുവിനെ വില്ലൻ ആക്കും…..

ഇതാണ് ഞാൻ സ്വപ്നം കണ്ട കിനാശേരി..

രചന : ലക്ഷ്മി ലച്ചൂസ്