തേൻനിലാവ് നോവലിൻ്റെ പതിനാറാം ഭാഗം വായിക്കൂ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

ഓടി ഓടി ജിത്തു അപ്പുവിനെ കൈ എത്തിച്ചു പിടിച്ചു.

അവളുടെ വലതു കൈ പിടിച്ചു ചുഴറ്റി അവൻ അവളെ അരയിലൂടെ എടുത്തുയർത്തി വട്ടം കറക്കി. സന്തോഷവും അത്ഭുതവും കൊണ്ട് അപ്പുവിൻെറ കണ്ണുകൾ വിടർന്നു.

അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. ആ കൈപ്പിടിക്കുള്ളിൽ അവൾ അനുഭവിക്കുന്ന സംതൃപ്തി വർണനാതീതമായിരുന്നു.

അവൻ അവളെ പതിയെ താഴെ ഇറക്കി. തൻെറ അരയിലൂടെ ചുറ്റിപ്പിടിച്ച കൈകളെ വേർപ്പെടുത്താതെ തന്നെ അപ്പു അവന് അഭിമുഖമായി നിന്നു. വലതു കൈ ഉയർത്തി അവൻെറ ഇടം കവിളിൽ പതിയെ തലോടി.

ഇരു മിഴികളും കെട്ടുപിണഞ്ഞു. അപ്പുവിൻെറ കണ്ണുകൾ അവനോട് എന്തെല്ലാമോ മൊഴിഞ്ഞു കൊണ്ടിരുന്നു. അല്പ നേരത്തെ എന്നാൽ യുഗങ്ങളുടെ ദൈർഘ്യമേറിയ മൗനം. സൗഹൃദത്തിനും പ്രണയത്തിനുമപ്പുറം.. ശരീരത്തിനും മനസ്സിനുമപ്പുറം… ആത്മാക്കൾ വാചാലമായി.

“സമയം ഒരുപാടായി പോകണ്ടേ……”

അവൻ അവളിൽ നിന്നും വിട്ടു മാറി ഒരു തരം ഒളിച്ചോട്ടം എന്ന പോൽ.

മുഖം കൊടുക്കാതെയുള്ള ആ ചോദ്യം അപ്പുവിലൊരു ചെറു നോവുണർത്തി. എന്നാൽ അടുത്ത നിമിഷം അതൊരു പുഞ്ചിരിയായി പരിണമിച്ചു.

“പോവാലോ… നിക്ക് നാളെ പരീക്ഷയാ….. ”

ഒട്ടും അമാന്തിക്കാതെ അവൾ അവൻെറ കയ്യിൽ പിടിച്ച് നടന്നു.

“എതാ എക്സാം….. ”

“ഇംഗ്ലീഷ്…… ഈസ്…. വാസ്.. എന്നൊക്കെ ഫുൾ ഗ്രാമറാ….. മിക്കവാറും ഞാൻ കിടന്നുറങ്ങേ ഒള്ളു……. ”

അപ്പു അവൻെറ മുഖത്തു തന്നെ നോക്കി നടന്നു.

“ജാനുവിൻെറ വിഷയം ഇംഗ്ലീഷാണ് എന്തെങ്കിലും സംശയമുണ്ടെങ്കിൽ വിളിച്ചോ അവൾ പറഞ്ഞു തരും….. ”

“എന്നാ ഞാനിന്ന് വിളിക്കാവേ… നിക്ക് ഒന്നും അറിയില്ല…. ”

കണ്ണു വിടർത്തിക്കൊണ്ടവൾ തലയാട്ടി.

“മ്…….. ”

“ദേ…. ഐസ്ക്രീം…… ”

കയ്യിൽ ഐസ്ക്രീമുമായി നിൽക്കുന്ന മനുവിനെ കണ്ടപാടെ അപ്പു ജിത്തുവിൻെറ കൈ വിട്ട് മുന്നോട്ടോടി.

കരയിൽ അത്രയും സ്ഥലമുണ്ടായിട്ടും കടൽവെള്ളത്തിലൂടെ വേയ്ച്ചു വേയ്ച്ചു പാടുപെട്ട് ഓടുന്ന അപ്പുവിനെ കണ്ട് ജിത്തുവിന് ചിരിക്കാതിരിക്കാനായില്ല.

“മനുവേട്ടാ… നിക്ക് ചോക്ലേറ്റ്…… ”

അവൾ കഷ്ടപ്പെട്ട് ഓടി പിടഞ്ഞ് എത്തി.

“ഓ അലറണ്ടാ….നീ എടുത്ത് കഴിഞ്ഞിട്ടേ ബാക്കി ഉള്ളവർക്ക് കൊടുക്കുന്നൊള്ളു….. ”

മനു കൈ നിറയെ കോൺ ഐസ്ക്രീം അവൾക്കു നേരെ നീട്ടി.

ഐസ്ക്രീം കണ്ടപ്പോൾ തന്നെ പെണ്ണിൻെറ മുഖം നിലാവുദിച്ചപോലെ പ്രകാശിച്ചു. എല്ലാം ഒന്ന് ഇരുത്തി നോക്കിയിട്ട് അവൾ അതിൽ നിന്നും ചോക്ലേറ്റ് ഫ്ലേവർ എടുത്ത് നുണഞ്ഞു.

എല്ലാവരും എടുത്ത് കഴിഞ്ഞപ്പോൾ മനു ജാനുവിനു നേരെ തിരിഞ്ഞു. അവൾ എന്തോ ആലോചിച്ച് നിൽക്കുകയാണ്.

“ജാനു……. ”

ആർദ്രമായ അവൻെറ ശബ്ദം കേട്ടവൾ ഞെട്ടി പിണഞ്ഞു നോക്കി.

നിറഞ്ഞ പുഞ്ചിരിയോടെ ഐസ്ക്രീം നീട്ടിപ്പിടിച്ച് നിൽക്കുകയാണവൻ. അവൾ അവനേയും അവൻെറ കയ്യിലേക്കും നോക്കി. അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാംഗോ ഐസ്ക്രീം.

“എടുക്ക് ജാനു….. ഒരു ഐസ്ക്രീം ഷെയർ ചെയ്തെന്ന് വച്ച് ഭൂമി ഇടിഞ്ഞു വീഴുകയൊന്നുമില്ല……. ”

ചിരിച്ചുകൊണ്ടവൻ പറഞ്ഞതും ധൃതി പിടിച്ചവൾ ഐസ്ക്രീം വാങ്ങി ജിത്തുവിൻെറ അടുത്തേക്കു പോയി.

ഒന്നു തിരിഞ്ഞു നോക്കിയപ്പോഴും അവൻ അതേ നിൽപ്പാണ് ചുണ്ടുകളിൽ ചെറിയൊരു കള്ളച്ചിരി ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അല്പം മുൻപ് കണ്ട ഗൗരവമൊന്നും ആ മുഖത്തപ്പോൾ ഉണ്ടായിരുന്നില്ല.

കയ്യിലുള്ള ഐസ്ക്രീം കഴിക്കുന്നതിൻെറ ഇടയിൽ അപ്പു ശിവയുടെ കൈ പിടിച്ചു താഴ്ത്തി അവൻേറതുകൂടി അകത്താക്കി.

“തീറ്റപ്പണ്ടാരം….. കയ്യിലൊരെണ്ണം ഉണ്ടല്ലോ എന്നിട്ടാ എൻെറ എടുക്കാൻ വരുന്നത്…… ”

ശിവ വേഗം ഐസ്ക്രീം നീക്കി പിടിച്ചു.

“ബ്ലാ…. ബ്ലാ…. ഞാൻ അതിൻെറ രുചി അറിയാൻ നോക്കിയതാട്ടോ….. ”

അപ്പു അവനെ നോക്കി കൊഞ്ഞനം കുത്തി.

“പിന്നെ നീ ആദ്യായിട്ടല്ലേ വാനില ഐസ്ക്രീം കാണുന്നത്… നിന്നെ കണ്ടാ അറിയാലോ ഒറ്റയിരുപ്പിന് ഒരു ഐസ്ക്രീം പാർലർ മുഴുവൻ അകത്താക്കുമെന്ന്….. അല്ലേ ദേവമ്മേ…. ”

അപ്പുവിനെ കളിയാക്കിയവൻ ദേവമ്മയോട് ചേർന്നു നിന്നു.

“എനിക്ക് തോന്നിയില്ല…… ”

ദേവമ്മ കൂളായി പറഞ്ഞു.

അലസമായുള്ള അവളുടെ ആ മറുപടി കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി. ശിവ മാത്രം ഇഞ്ചി കടിച്ച കുരങ്ങിൻെറ പോലെ അവിഞ്ഞൊരു ചിരി ചിരിച്ചു. ദേവമ്മ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിൽ കയ്യിൽ പറ്റിപ്പിടിച്ച ഐസ്ക്രീം നുണയുകയാണ്.

“ചെലോർക്ക് റെഡിയാവും ചെലോർക്ക് റെഡിയാവൂല…. ൻെറ ശിവേട്ടന് റെഡിയായില്ലന്ന് കരുതിയ മതി….. ”

അപ്പു അവൻെറ കവിളിൽ പിടിച്ചു വലിച്ചു.

ശിവ കണ്ണീര് തുടക്കുന്നപോലെ കാണിച്ചിട്ട് അവളുടെ തോളിൽ കയ്യിട്ടു നിന്നു.

കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ചവർ തിരിച്ചു പോയി.

എല്ലാവർക്കും മറക്കാനാവാത്തൊരു വൈകുന്നേമായിരുന്നു അത്.

*****************

ജാനുവിൻെറ മനസ്സാകെ അസ്വസ്ഥമായിരുന്നു.

മനു പറഞ്ഞ ഓരോ വാക്കുകളും അവളുടെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു.

അവനോട് ഒരു തരത്തിലും ഇഷ്ടക്കേടില്ല…

പക്ഷെ പ്രണയം…..

അതൊരു ചോദ്യ ചിഹ്നമായി അവളെ വേട്ടയാടിക്കൊണ്ടിരുന്നു. മനസ്സാകെ ഇളകി മറിയുകയാണ്.

അവൻെറ ചോദ്യങ്ങളിൽ ഒന്നിനു പോലും വ്യക്തമായൊരു മറുപടി കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല.

മേശയിൽ തല ചായ്ചു കിടന്നു. മുന്നിൽ കത്തി നിൽക്കുന്ന ടേബിൾ ലാമ്പിലേക്കും അതിലേക്ക് പറന്നടുക്കുന്ന ചെറു പ്രാണികളേയും വെറുതെ നോക്കിയിരുന്നു.

ലൈറ്റ് അണക്കുമ്പോൾ പറന്നകലുകയും ലൈറ്റ് തെളിക്കുമ്പോൾ പറന്നടുക്കുകയും ചെയ്യുന്ന അവയെ അവൾ കൗതുകത്തോടെ വീക്ഷിച്ചു.

അതുപോലെ തന്നെയാണ് അവളുടെ മനസ്സും അവനിൽ നിന്നുമകലാൻ ശ്രമിക്കുമ്പോഴും അവനിലേക്ക് തന്നെ വീണ്ടും അടുത്തു കൊണ്ടിരുന്നു.

ഇതേ സമയം കയ്യിൽ കിട്ടിയ ഏതോ മാഗസീൻെറ പേജുകൾ മറച്ചിരിക്കുകാണ് ജിത്തു.

അനുവാദം ചോദിക്കാതെ അവൻെറ മനസ്സിലേക്ക് ഓടിക്കയറുന്നത് ഒരേ ഒരു മുഖമാണ്.. അർപ്പിത…

എന്തിനേക്കുറിച്ച് ആലോചിച്ചാലും ഒടുക്കം ചെന്നെത്തുന്നത് അവളിലാണ്. അവൻ അവളെ കുറച്ചു തന്നെ ചിന്തിച്ചു. വന്ന് മാസങ്ങൾക്കുള്ളിൽ തന്നെ കോളേജിലെ എല്ലാവർക്കും പ്രീയപ്പെട്ടവളായി അവൾ മാറിക്കഴിഞ്ഞു.

ഓർത്തു വിഷമിക്കാൻ കടലോളം സങ്കടങ്ങൾ ഉണ്ടായിട്ടും ആ ചൊടികളിൽ സദാ പുഞ്ചിരിയാണ്.

ആ കണ്ണുകളിൽ എപ്പോഴും സന്തോഷമാണ്.

കേവലമൊരു പുൽക്കൊടിയിൽ പോലും സന്തോഷം കണ്ടെത്താൻ കഴിയുന്നവൾ… അത്ഭുതം തന്നെ…

അവളെ കുറിച്ച് ഓർത്തപ്പോൾ തന്നെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു.

ബെഡിൽ കിടന്നിരുന്ന ഫോൺ ശബ്ദിച്ചു.

അപ്പുവിൻെറ വീഡിയോ കോളാണ്. വേഗം തന്നെ അറ്റൻെറ് ചെയ്തു.

കയ്യിലൊരു പുസ്തകവും പിടിച്ചവൾ തറയിൽ ഇരിക്കുകയാണ്. കസേരയിൽ ഇരുന്നുകൊണ്ട് മുത്തശ്ശി അവളുടെ തലമുടി പിന്നിക്കെട്ടുന്ന തിരക്കിലാണ്.

“അലോ……. ”

അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.

“എന്തെടുക്കുവായിരുന്നു….. ”

“വെറുതെ ഓരോന്നു വായിച്ചിരിക്കുകയായിരുന്നു….

അവനൊന്ന് പുഞ്ചിരിച്ചു.

“കണ്ട് പഠിക്കെടി… അങ്ങനെയാ പഠിക്കുന്ന കുട്ട്യോള്… ഇവിടെ ഒരുത്തി പരീക്ഷ ആയിട്ട് പോലും പുസ്തകം തുറന്നട്ടില്യാ…. ”

മുത്തശ്ശി അവളുടെ തലക്കിട്ടൊരു കൊട്ടു കൊടുത്തു.

“ഊ… പോയേ… പോയേ….. എണീറ്റ് പോയേ… പരട്ട കിളബി……. ”

അപ്പു കെറുവിച്ച് മുത്തശ്ശിയെ പിടിച്ചു തള്ളി മാറ്റാൻ നോക്കി. അവളുടെ കവിളിനൊരു കുത്തും വച്ചു കൊടുത്തിട്ട് അവർ എഴുന്നേറ്റു പോയി.

“വെറുതെ പറയണതാ… ഞാൻ പഠിക്കുവായിരുന്നു… ദേ പുസ്തകം കണ്ടോ….. ”

അവൾ കയ്യിലെ പുസ്തകം ഉയർത്തി കാണിച്ചു.

അവൻ ഒന്നു ചിരിച്ചതേ ഒള്ളു.

“ജാനുവേച്ചി എവിടെ… നിക്ക് കുറച്ചു ഡൗട്ട് ക്ലീയർ ചെയ്യാനുണ്ട്….. ”

അവളിത്തിരി ഗമയിൽ പറഞ്ഞു.

“മുറിയിലുണ്ട് കൊടുക്കാം….. ”

“ആഹ്മം……. ”

ക്യമറ ഓഫാക്കി ജാനുവിൻെറ മുറിയിലേക്കു പോകുമ്പോൾ രണ്ടു വശത്തും മെടഞ്ഞിട്ട മുടി പിടിച്ചു കളിക്കുന്ന അപ്പുവിനെ കണ്ടവൻ ചിരിക്കുകയായിരുന്നു.

“ജാനു….. ദേ അപ്പു വിളിക്കുന്നു….. അവൾക്കെന്തോ ഡൗട്ട് ചോദിക്കാനുണ്ടെന്ന്…… ”

ജാനുവിന് മൊബൈൽ കൈമാറി അവൻ മുറിവിട്ടിറങ്ങി.

“ജാനുവേച്ചി……… ”

ജാനുവിനെ കണ്ടപ്പോൾ തന്നെ അപ്പു നീട്ടിയൊന്ന് വിളിച്ചു.

“എന്തോ…….”

അവളും അതേ ടോണിൽ വിളി കേട്ടു.

“എനിക്ക് ഈ ടെൻസ് ഒന്നു പറഞ്ഞു തരോ…. ഇത് വായിച്ചിട്ട് ഒന്നും മനസ്സിലാവണില്ല…… ”

“ഹമ്മ്….. നീ ആ ടെക്സ്സിൻെറ പിക് എടുത്ത് എൻെറ ഫോണിലേക്ക് അയക്ക്…. ഞാൻ കോണ്ടാക്ട് സെൻെറ ചെയ്യാം…..”

“ആഹ്മം…….. ”

ജാനു അയച്ച നമ്പറിലേക്ക് അപ്പു ടെക്സ്റ്റിൻെറ പിക് അയച്ചു. അതു നോക്കി ജാനു അവളെ പഠിപ്പിക്കാൻ തുടങ്ങി. അവൾക്ക് എളുപ്പം മനസ്സിലാക്കാവുന്ന രീതിയിൽ തന്നെ ഓരോന്നും വ്യക്തമായി തന്നെ ജാനു പറഞ്ഞു കൊടുത്തു.

ഇടക്കിടെ അപ്പു വിളിച്ചു പറയുന്ന മണ്ടത്തരങ്ങൾക്ക് പൊട്ടിച്ചിരിക്കുന്ന ജാനുവിനെ ചാരിയിട്ട വാതിലിലൂടെ നോക്കി കണ്ടു ജിത്തു.

*****************

ഫുൾ കോൺഫിഡൻസോടെയാണ് അപ്പു അടുത്ത ദിവസം കോളേജിലേക്ക് വന്നത്. പരീക്ഷയുടെ ഒരു ടെൻഷനും അവളുടെ മുഖത്തുണ്ടായിരുന്നില്ല.

നേരെ തിരിച്ചായിരുന്നു ദേവമ്മയുടെ കാര്യം. കൂട്ടിലടച്ച വെരുകിനെ പോലെ അവൾക്ക് ഇരുപ്പുറക്കുന്നുണ്ടായിരുന്നില്ല. നോട്ടുബുക്കും ടെക്സ്റ്റു ബുക്കും ഗൈഡും തുറന്നു പിടിച്ചു വായിക്കുന്ന അവളെ വാ തുറന്നു നോക്കി ഇരുന്നു അപ്പു.

“തലകുത്തി മറിഞ്ഞു പഠിക്കുന്നുണ്ടല്ലോ… ജയിക്കോ…. ”

അതുവഴി ക്ലാസ്സിലേക്ക് നടന്നു നീങ്ങുമ്പോൾ ശിവ ദേവമ്മയോട് അടക്കം പറഞ്ഞു.

“ഒന്നു പോവാമോ….. ”

ചീറിക്കൊട്ടിയവൾ പുസ്തകത്തിലേക്ക് കമഴ്ന്നു.

“നിനക്ക് ഇതൊക്കെ കൂടി മിക്സിയിലിട്ട് അടിച്ച് കുടിക്കായിരുന്നില്ലേ അതാ ഇതിലും എളുപ്പം…. ”

അവൻ നന്നായിട്ടങ് ഇളിച്ചു കാണിച്ചു.

പരീക്ഷയുടെ ടെൻഷൻെറ കൂടെ ശിവയുടെ പറച്ചിൽ കൂടി ആയപ്പോൾ ദേഷ്യം കയറി ദേവമ്മ അവൻെറ കാലിലേക്ക് ആഞ്ഞൊരു ചവിട്ടു വച്ചു കൊടുത്തു.

“ൻെറുമ്മോ…….”

ശിവ വേദനകൊണ്ട് അലറി.

“എന്താ ശിവേട്ടാ……. ”

“അ…. അത്…. ഒരു ഉറുമ്പ് കടിച്ചതാ…….”

കാലു തടവിക്കൊണ്ടവൻ ദേവമ്മയെ കണ്ണുരുട്ടി നോക്കി. അവളുടെ കണ്ണുകൾ പുസ്തകത്തിലാണ്.

“ഉറുമ്പിൻ കൂട്ടിൽ പോയി ഡിസ്കോ ഡാൻസ് കളിച്ചാൽ കടി കിട്ടാതിരിക്കില്ല….. ”

ആ കമൻെറിൻെറ ഉറവിടം അറിയാൻ അവൻ തിരിഞ്ഞു നോക്കിയപ്പോൾ ഇളിച്ചുകൊണ്ട് നടന്നു വരുന്ന മേഘയെ കണ്ടു.

അവൾക്ക് നേരത്തെ തന്നെ ദേവമ്മയുടെ കാര്യത്തിലൊരു ഡൗട്ട് ഉള്ളതുകൊണ്ട് ശിവ പതിയെ ക്ലാസ്സിലേക്ക് വലിഞ്ഞു. പോകുന്ന പോക്കിൽ അവർക്കൊരു ആൾ ദ ബെസ്റ്റു പറയാനും അവൻ മറന്നില്ല.

“ടെൻഷനൊന്നും വേണ്ട… രണ്ടാളും നന്നായിട്ട് എക്സാമെഴുത്…. ആൾ ദ ബെസ്റ്റ്….. ”

അവരെ നോക്കി പുഞ്ചിരിച്ച് മേഘയും ക്ലാസ്സിലേക്കു പോയി.

ബെല്ലടിച്ചതും മറ്റു കുട്ടികളോടൊപ്പം അവരും ക്ലാസ്സിലേക്ക് കയറി. ഫസ്റ്റ് ഇയേഴ്സ്, സെകൻറ് ഇയേഴ്സ്, തേർഡ് ഇയേഴ്സ്… അങ്ങനെ മുന്നു ക്ലാസ്സിൽ നിന്നും ഓരോരുത്തരാണ് ഓരോ ബെഞ്ചിലുമിരിക്കുന്നത്.

ക്വസ്റ്റ്യൻ പേപ്പർ എത്തുന്ന സമയം കൊണ്ട് അപ്പുറവും ഇപ്പുറവും ഇരിക്കുന്നവരുമായി അപ്പു നല്ല കൂട്ടായി.

അപ്പു അവരോടു സംസാരിച്ചിരിക്കുമ്പോൾ പുറകിലെ ബെഞ്ചിൽ ഇനി വിളിക്കാൻ ഏതെങ്കിലും ദൈവങ്ങൾ ബാക്കിയുണ്ടോ എന്ന ആലോചനയിലാണ് ദേവമ്മ.

ക്വസ്റ്റ്യൻ പേപ്പർ വന്നപ്പോൾ എല്ലാം അപ്പുവിനറിയാവുന്ന ചോദ്യങ്ങൾ. ജാനു പറഞ്ഞു കൊടുത്ത എല്ലാ ചോദ്യവും ഉണ്ടായിരുന്നു അതിൽ.

കണ്ണു വിടർത്തിക്കൊണ്ടവൾ തിരിഞ്ഞു നോക്കിയപ്പോൾ ക്വസ്റ്റ്യൻ പേപ്പറിലും ആൻസർ ഷീറ്റിലും പേനയിലും ഒക്കെ തൊട്ടു തൊഴുത് ഇരിക്കുന്ന ദേവമ്മയെയാണ് കാണുന്നത്.

“ദൈ_വമേ വട്ടായോ…. ഏയ്…. ആഹ്… എന്തേലും ആവട്ടേ…… ”

ആത്മഗതിച്ചുകൊണ്ടവൾ പരീക്ഷ എഴുതി തുടങ്ങി.

ആ എക്സാം ഹോളിൽ നിന്നും ആദ്യം ഇറങ്ങി പോന്നത് അപ്പു ആയിരുന്നു. പരീക്ഷ എളുപ്പമായതിൻെറ സന്തോഷത്തിൽ അപ്പോൾ തന്നെ ജാനുവിനെ വിളിച്ചു.

ക്ലാസ്സ് ടൈം ആയതുകൊണ്ടാവണം ജാനുവിനെ കിട്ടിയില്ല.

വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് അപ്പു അവൾക്കൊരു വാട്സാപ്പ് മെസേജ് അയച്ചിട്ടു.

കൂടെ ക്വസ്റ്റ്യൻ പേപ്പറിൻെറ ഒരു ഫോട്ടോയും.

ഫോണും പിടിച്ച് ദേവമ്മയെ നോക്കി ഇരിക്കുമ്പോഴാണ് ജിത്തു നടന്നു പോകുന്നത് കാണുന്നത്.

അവനെ കണ്ടപ്പോൾ തന്നെ അവളുടെ കണ്ണുകൾ വികസിച്ചു.

തല ഉയർത്തി ദേവമ്മയെ നോക്കി.. എവിടെ വാത്മീകി രാമായണം എഴുതാൻ ഇരിക്കും പോലെ വീണ്ടും വീണ്ടും പേപ്പർ വാങ്ങി തകർത്തെഴുതുകയാണ്.

അപ്പു എഴുന്നേറ്റ് ജിത്തുവിൻെറ പിന്നാലെ പോയി.

“കൂയ്…. എവിടേക്കാ……”

അവൾ അവനോടൊപ്പം നടന്നു.

“ലൈബ്രറി……. ”

“ഓ…. ഇങ്ങേരെ പെറ്റിട്ടത് അതിൻെറ ഉള്ളിലാണെന്നാ തോന്നുന്നേ…….. ”

അപ്പു അടക്കം പറഞ്ഞു.

“എന്താ…… ”

“ഏയ്….. ഒന്നൂല…. ഞാനുമുണ്ട്….. ”

“ഹമ്മ്……. വാ…… ”

ലൈബ്രറിയിൽ ഇരുന്നു കാര്യമായി പുസ്തകം വായിക്കുന്ന ജിത്തുവിനെ നിവർത്തി പിടിച്ച പത്രത്തിനിടയിലൂടെ നോക്കിയിരുന്നു അവൾ.

പുസ്തകത്തിലെ ഓരോ വരികൾക്കുമൊപ്പം ചലിക്കുന്ന അവൻെറ നേത്ര ഗോളങ്ങളേയും കട്ടി പുരികക്കോടികളേയും നീണ്ട മൂക്കും ചുവന്ന ചൊടികളുമെല്ലാം നോക്കിയിരിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു ആ_നന്ദം അവളെ വന്നു പൊതിഞ്ഞു.

(തുടരും………)

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)