അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണല്ലോ.. ഈശ്വരാ.. അവൾക്കെന്തെങ്കിലും സംഭവിച്ചു കാണോ…

രചന : Praveen Chandran

ഒരിക്കൽ ഞാനും ഭാര്യയും കൂടെ ഒരു പന്തയം വയ്ക്കാൻ തീരുമാനിച്ചു…”എത്രദിവസം നമുക്ക് പരസ്പരം ശബ്ദം കേൾക്കാനാവാതെ പിരിഞ്ഞിരിക്കാനാവും..ആദ്യം ആരു വിളിക്കുന്നുവോ അയാൾ പന്തയത്തിൽ തോൽക്കും…”

എന്നതായിരുന്നു ആ പന്തയം

വെറും ഒരു പന്തയത്തിനപ്പുറത്ത് പലതും അതിലൊളിഞ്ഞിരിപ്പുണ്ടായിരുന്നു..

ഇത് സ്നേഹം കൂടിയത് കൊണ്ടുളള പന്തയമായിരുന്നൂട്ടോ…

കഴിഞ്ഞ അഞ്ചു വർത്തോളമായി ഞങ്ങൾ ഇതുവരെ ഒരു ദിവസം പോലും സംസാരിക്കാതിരുന്നിട്ടില്ല..

ദിവസവും ഇങ്ങ് ദുബായിൽ നിന്ന് പൈസ മുടക്കി വിളിച്ചിരുന്നത് അവളെപ്പോഴും അടുത്തുണ്ടെന്ന തോന്നലുണ്ടാവാൻ വേണ്ടിയാണ്…

ഇത് ഒരു പരീക്ഷണമാണ് തമ്മിൽ തമ്മിൽ എത്ര മാത്രം സ്നേഹിക്കന്നുണ്ടെന്ന് മനസ്സിലാക്കാൻ ഇങ്ങനൊരു പരീക്ഷണം നല്ലതാണെന്ന് ഞങ്ങൾക്ക് തോന്നി…

“എന്നാ നമുക്ക് തുടങ്ങാം..ഞാൻ ഫോൺ വയ്ക്കട്ടെ?” ഞാനവളോട് ചോദിച്ചു..

“ഇത്ര പെട്ടന്ന് വയ്ക്കണോ? എന്തായാലും ബെറ്റ് തുടങ്ങാൻ പോകല്ലേ..കുറച്ചൂടെ കഴിയട്ടെ”

അവൾ കുറച്ച് സങ്കടത്തോടെയാണ് അത് പറഞ്ഞത്…

എനിക്കും വിഷമമുണ്ടായിരുന്നു…

അങ്ങനെ ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു…

ഫോൺ വയ്ക്കാൻ നേരം എന്റെ കണ്ണ് നിറഞ്ഞിരുന്നു…

ഫോൺ വച്ചതിന് ശേഷം എനിക്കെന്തോ വല്ലായ്മ പോലെ തോന്നി..

റൂമിലിരുന്നാൽ ശരിയാവില്ല.. ഇന്ന് തന്നെ ഞാൻ തോൽക്കാൻ സാദ്ധ്യത ഉണ്ട്..

ഉടൻ തന്നെ ഞാൻ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി…

പക്ഷെ അവരോടോപ്പം രസിച്ചിരിക്കുമ്പോഴും എന്റെ കണ്ണുകൾ ഇടയ്ക്കിടെ ഫോണിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു…

അവൾ വിളിക്കുന്നുണ്ടോ എന്നറിയാൻ…

പിന്നെ ഒന്നിനും ഒരു മൂഡ് തോന്നിയില്ല..

കൂട്ടുകാരോടൊപ്പം എത്ര ആഘോഷിക്കാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല…

“ഇവൾക്കെന്താ ഒന്നു വിളിച്ചുകൂടെ..” എന്നിലെ ഈഗോ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു…

മനസ്സിന് വല്ലാത്തൊരു ക^നം പോലെ..അല്ലെങ്കിൽ എന്നും ഉറങ്ങുന്നതിന് മുമ്പ് അവളെ വിളിച്ചു സംസാരിക്കുന്നതാണ്… ആദ്യമായി അത് മുടങ്ങിയപ്പോൾ വല്ലാത്തൊരു സങ്കടം…

അവൾക്കില്ലാത്ത സങ്കടം എനിക്കെന്തിനാ എന്ന് ഞാനാലോചിച്ചെങ്കിലും ഞാനവളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കാ ഒറ്റ രാത്രികൊണ്ട് മനസ്സിലായിരുന്നു..

പലതവണ ഫോൺ ലക്ഷ്യമാക്കി എന്റെ കൈകൾ പോയെങ്കിലും അപ്പോഴൊക്കെ എന്നിലെ ഈഗോ അതിനെ പിടിച്ചു നിർത്തി…

“വാശിയെങ്കിൽ വാശി..അങ്ങനെ വിട്ടാ പറ്റില്ലല്ലോ. ”

അന്ന് ഉറക്കം എന്നതിന് മനസ്സുമായി വലിയ ബന്ധമുണ്ടെന്ന് എനിക്ക് ബോധ്യമായി..

രാവിലെ കുളിച്ച് ജോലിക്ക് പോകാൻ തയ്യാറായി വരുന്ന നേരം ഞാൻ വീണ്ടും മൊബൈലെടുത്ത് നോക്കി…എവിടെ ഒരു മിസ്സ്ഡ് കോൾ പോലുമില്ല…

“ദുഷ്ട ഇവൾക്കിത്രേ ഉണ്ടായിരുന്നല്ലേ!..അല്ലേലും ഈ പെണ്ണുങ്ങളുടെ മനസ്സ് കല്ലുകൊണ്ടുണ്ടാക്കിയതാന്ന് പറയുന്നത് വെറുതെയല്ല!..”

ഞാൻ മനസ്സിലോർത്തു

എന്നാപ്പിന്നെ അവിടരിക്കട്ടെ! എന്റെ പട്ടി വിളിക്കും..

പക്ഷെ ഓഫീസിൽ വന്നിട്ടും എനിക്കിരിക്ക പൊറുതി കിട്ടിയില്ല.. വല്ലാത്തൊരു ടെൻഷൻ..

കല്ല്യാണം കഴിഞ്ഞ അന്ന് രാത്രി മുതൽ ഞങ്ങളെടുത്ത തീരുമാനമാണ് എത്ര വഴക്കുണ്ടായാലും എത്ര ദൂരെയാണെങ്കിലും ദിവസത്തിൽ ഒരു തവണയെങ്കിലും സംസാരിക്കണം എന്നുളളത്…

ഇത്രയും നാളും ഞങ്ങളുടെ ബന്ധം ദൃഢമായിരിക്കാൻ കാരണവും അതു തന്നെയാണ്..

വഴക്കുണ്ടാവുമ്പോൾ രണ്ടു പേരിലും ഉണ്ടാവുന്ന ഈഗോ അല്ലെങ്കിൽ ദേഷ്യം എന്നത് ആ ഒരു വിളിയോടെ തീരുമായിരുന്നു…

ആദ്യായിട്ടാ ഇപ്പോ ഇങ്ങനെ ഒരു പരീക്ഷണം..

വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി..ഭാരൃ ഭർത്തൃ ബന്ധത്തിനെ ഏറ്റവും ദൃഢമാക്കുന്നത് പരസ്പരമുളള വിശ്വാസവും അന്യോനൃം വിട്ടുകൊടുക്കാനുമുളള മനസ്സുമാണെന്ന് ഞങ്ങളുടെ ആ തീരുമാനത്തിലൂടെ ഞങ്ങൾ മനസ്സിലാക്കിയതാണ്..

അങ്ങനെ ഓഫീസ് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ആകാംക്ഷയോടെ ഞാൻ ഫോണിലേക്ക് നോക്കി..

“ഇല്ല! അവൾ വാശിയിലാണ്!എന്തായാലും തോറ്റേക്കാം.. ഇനി എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല..അവളോട് എനിക്ക് ചെറിയ ദേഷ്യം തോന്നി

വിളിച്ച് നാല് ചീത്ത പറയണം…

അങ്ങനെ ധൃതിയിൽ ഞാൻ അവളുടെ ഫോണിലേക്ക് വിളിച്ചു.. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു..

എന്റെ ആധി കൂടി ..”ഈശ്വരാ! അവൾക്കെന്തെങ്കിലും സംഭവിച്ചു കാണോ?” എന്നുളള ഭയം എന്നെ അലട്ടാൻ തുടങ്ങിയിരുന്നു..

ഞാൻ ഉടൻ തന്നെ വീട്ടിലെ നമ്പറിലേക്ക് വിളിച്ചു…

അമ്മയാണ് ഫോൺ എടുത്തത്..

“ഹലോ അമ്മേ ചിന്നു എവിടെ?”

“ആഹാ.. നിനക്കിപ്പോഴെങ്കിലും വിളിക്കാൻ തോന്നിയല്ലോ? ആ പാവം ഇത്ര നേരം ഫോണിന്റെ കീഴെയായിരുന്നു നീ വിളിക്കുന്നതും കാത്ത്.. ഇന്നലെ രാത്രി മോളൂട്ടി ഫോൺ നിലത്തെറിഞ്ഞുടച്ചു..

അത് നന്നാക്കാൻ കൊടുത്തിരിക്കുവാ.. ഇന്നലെ മുതൽ നീ വിളിക്കുമെന്ന് പറഞ്ഞിരിക്കുകയാ അവൾ.. ഒരു പോള കണ്ണടച്ചിട്ടില്ല.. ഇപ്പോ അങ്ങോട്ട് കുളിക്കാൻ പോയതേ ഉളളൂ.. കുറച്ച് കഴിഞ്ഞ് വിളിക്ക്”

ഫോൺ വച്ചതും എന്റെ കണ്ണുകളിൽ നനവു പടർന്നു… ഇങ്ങനെയൊരു ഭാര്യയെ കിട്ടിയതിന് ദൈവത്തിനോട് ഞാൻ നന്ദി പറഞ്ഞു..

“ഛെ! എനിക്കൊന്നു വിളിക്കായിരുന്നു..”

അല്പസമയത്തിനുശേഷം ഞാൻ വീണ്ടും വിളിച്ചു..

അവളുടെ ശബ്ദം കേൾക്കാനായി എന്റെ മനസ്സു കൊതിച്ചു…

“ഹലോ.. എന്തേ ഇത്ര നേരായിട്ടും വിളിക്കാഞ്ഞ ത്.. ദുഷ്ടൻ..ഞാനിന്നലെ മുഴുവൻ കാത്തിരിക്കു കയാ.. ഇവിടത്തെ ലാന്റ് ഫോണിൽ അവിടേക്ക് വിളിക്കാൻ പറ്റില്ലല്ലോ? പിന്നെ ഞാൻ തോറ്റുട്ടോ ബെറ്റിൽ ഇന്നലെ ഫോണുണ്ടേൽ ഞാൻ വിളിക്കുമായിരുന്നു.. ഇനി ഇങ്ങനെ ഒന്നും വേണ്ടാട്ടോ”

എനിക്കെന്തോ വല്ലാത്തൊരു വിഷമം തോന്നി..

“തോറ്റത് ഞാനാട്ടോ മോളൂ.. നിന്റെ സ്നേഹത്തിനു മുന്നിൽ..”

അങ്ങനെ ആ വിളി തുടർന്നുകൊണ്ടിരുന്നു. അഞ്ചല്ല അമ്പത് വർഷമായിട്ടും ആ പതിവ് മുടങ്ങിയിട്ടില്ല..

ഇനിയും ഞങ്ങൾക്ക് കൊതി തീർന്നില്ല സംസാരിച്ച്..

പരസ്പരം സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ പല കുടുംബത്തിലും ഉളളൂ..

ഇന്നത്തെ ചുറ്റുപാടിൽ പലരും അതിനുളള സമയം കണ്ടെത്തുന്നില്ല എന്നതാണ് പ്രശ്നം..

നിങ്ങളുടെ ഈഗോ മാറ്റിവച്ച് എത്ര വലിയ പ്രശ്നമായാലും ദിവസത്തിൽ ഒരു തവണയെങ്കിലും സംസാരിച്ചു നോക്കൂ.. ഒരിക്കലും നിങ്ങളുടെ ദാമ്പത്യം തകരില്ല….

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : Praveen Chandran

Scroll to Top