ഊമക്കുയിൽ, തുടർക്കഥ, ഭാഗം 8 വായിക്കൂ….

രചന : ലക്ഷ്മി ലച്ചൂസ്

അന്ന് ആദ്യമായി അവന്റെ മനസിലും ചിന്തകളിലും അവന്റെ ഊമക്കുയിൽ മാത്രം നിറഞ്ഞ് നിന്നു…

അരികിൽ ആരുടെയോ സാന്നിധ്യം അറിഞ്ഞാണ് സിദ്ധു ചിന്തകളിൽ നിന്ന് ഉണർന്നത്…. മാറിൽ കൈകൾ പിണച്ചു തൊട്ട് മുന്നിൽ കിടക്കുന്ന ചെയറിൽ അവനെ തന്നെ നോക്കി ഇരിക്കുന്ന അവന്റെ അച്ഛനെ കണ്ട് സിദ്ധു ചാടി എണീക്കാൻ ഒരുങ്ങി…..

അയാൾ വേണ്ട എന്നുള്ള രീതിയിൽ കൈകൾ ഉയർത്തി തടഞ്ഞു…….

തന്റെ അച്ഛനെ അഭിമുഖികരിക്കാൻ ആവാതെ അവൻ തല താഴ്ത്തി തന്നെ ഇരുന്നു…

തല കുമ്പിട്ടു ഇരിക്കുമ്പോഴും ഇടക്ക് ഇടക്ക് അവൻ പുറംകയ്യാൽ ഇരു കണ്ണുകളും തുടച്ചു കൊണ്ടിരുന്നു….

ഒന്ന് രണ്ട് നിമിഷം ആ അച്ഛന്റെയും മകന്റെയും ഇടയിൽ മൗനം തന്നെ സ്ഥാനം പിടിച്ചു……

“””കരഞ്ഞു കഴിഞ്ഞപ്പോൾ മനസിന്‌ ആശ്വാസം കിട്ടിയെങ്കിൽ…. വാ…. വീട്ടിലേക്ക് പോവാം…..”””

മൗനത്തെ ഭേദിച്ചു ഗിരി തന്നെ തുടക്കം ഇട്ടു…

സിദ്ധു നിറഞ്ഞ കണ്ണുകളോടെ അയാളെ തല ഉയർത്തി നോക്കി…..

“”ഞാൻ…. ഞാൻ വരുന്നില്ല അച്ഛാ…….”””

“”മ്മ്മ്മ്…. എന്താ കാര്യം…….””

ചോദിക്കുമ്പോൾ അയാളുടെ വാക്കുകളിൽ ഒട്ടും തന്നെ മയം ചേർന്നില്ല……

“””ഞാൻ ദേച്ചുവിനോട് വലിയൊരു തെറ്റാ ചെയ്തേ… പൊറുക്കാൻ കഴിയാത്ത തെറ്റ്….അമ്മക്ക് ഒരിക്കലും എന്നോട് ക്ഷമിക്കാൻ കഴിയില്ല…..അമ്മക്ക് മാത്രമല്ല…. ആർക്കും….”””

അവൻ പറയുന്നത് കേട്ട് ഗിരി ഒന്ന് പുഞ്ചിരിച്ചു….

“””മക്കൾ ചെയ്ത തെറ്റ് ക്ഷമിക്കാൻ ഈ പ്രപഞ്ചത്തിൽ അവരുടെ അച്ഛനമ്മമാർക്ക് മാത്രേ സാധിക്കു……”””

സിദ്ധു അത് കേട്ടിട്ടും ഒന്നും മിണ്ടാതെ തല താഴ്ത്തി തന്നെ ഇരുന്നു…..

“”ചെയ്തത് തെറ്റായിരുന്നു എന്ന തിരിച്ചറിവ് നിനക്ക് ഉണ്ടായല്ലോ … അത് മതി…. ഇനി നിനക്ക് വീട്ടിലേക്ക് വരാം……”””

“”അച്ഛാ…. ഞാൻ…….”””

“”ഇനി വിശദീകരണവും ചോദ്യവും പറച്ചിലും ഒന്നുമില്ല…. ഞാൻ വന്നത് നിന്നെ വീട്ടിലേക്ക് കൊണ്ടുപോവാനാ……. കൊണ്ടു പോവുകയും ചെയ്യും……”””

അവനെ പറയാൻ അനുവദിക്കാതെ ഗിരി പറഞ്ഞു…. അത് പറയുമ്പോൾ തന്റെ മകൻ തന്നെ അനുസരിക്കും എന്നൊരു ആത്മവിശ്വാസം ആ അച്ഛന്റെ കണ്ണുകളിൽ നിറഞ്ഞ് നിന്നിരുന്നു…..

പറഞ്ഞു കഴിഞ്ഞു അവനെ ഒന്ന് നോക്കിയിട്ട് അദ്ദേഹം പുറത്തേക് നടന്നു….

സിദ്ധു ഒരു നിമിഷം അച്ഛൻ പോയ വഴിയേ നോക്കി ഇരുന്നു…..

മനസില്ല മനസോടെയെങ്കിലും സിദ്ധു എഴുന്നേറ്റ് പതിയെ പുറത്തേക്ക് നടന്നു…..

പുറത്തേക്ക് വന്ന അവനെ കണ്ടതും ഗിരി കാർ സ്റ്റാർട്ട്‌ ആക്കി…..പലപ്പോഴായി നിറയുന്ന കണ്ണുനീരിനെ പുറംകൈ വെച്ച് തുടച്ചു നീക്കി അവൻ കോഡ്രൈവിംഗ് സീറ്റിലേക്ക് കയറി…..

ഗിരി അവനെ ഒന്ന് നോക്കിയിട്ട് കാർ മെല്ലെ മുന്നോട്ടേക്ക് എടുത്തു…….

നെറ്റിയിൽ കൈ ഊന്നി ഡൈനിംഗ് ടേബിളിലെ ചെയറിൽ ഇരിക്കുകയാണ് ദേവകി……

“””ദേവു…..”””

ഗിരിയുടെ വിളി കേട്ട് അവർ ശബ്ദം കേട്ടിടത്തേക്ക് തല ഉയർത്തി നോക്കി…..

ഗിരിയെയും അയാൾക്ക് പിന്നിലായി തല താഴ്ത്തി നിൽക്കുന്ന സിദ്ധുവിനെയും കണ്ട് അവർ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു……

സിദ്ധു….

ശബ്ദമില്ലാതെ അവർ മൊഴിഞ്ഞു…. അപ്പോഴത്തെ ദേഷ്യത്തിന് തല്ലി ഇറക്കി വിട്ട മകനെ മണിക്കൂറുകൾക്ക് ശേഷം കണ്ടപ്പോൾ ആ അമ്മയുടെ കണ്ണുകൾ തിളങ്ങി..

ചൊടികളിൽ ചെറുതായി പുഞ്ചിരി വിരിഞ്ഞു…

എന്നാൽ പെട്ടെന്ന് തന്നെ അവർ ആ ചിരിയെ ഒളിപ്പിച്ചു ഗൗരവത്തിന്റെ മുഖപടം അണിഞ്ഞു

സിദ്ധു ആണെങ്കിലും തന്റെ അമ്മയെ നേരിടാൻ ആവാതെ തല കുമ്പിട്ടു നിൽക്കയാണ്….

“””മാഷേ…. കഴിക്കാൻ ഉള്ളത് എല്ലാം ദാ എടുത്ത് വെച്ചിട്ടുണ്ട്… ബാക്കി വരുന്നത് ഇവിടെ തന്നെ അടച്ചു വെച്ചേക്ക്….എനിക്ക് നല്ല തലവേദന.. ഞാൻ കിടക്കയാണെ….”””

പറയുന്നതിന് ഒപ്പം തന്നെ അവർ മുറിയിലേക്ക് നടന്നു കഴിഞ്ഞിരുന്നു….. സിദ്ധു അവന്റെ അമ്മ പോയ വഴിയേ നോക്കി നിന്നു…..ഗിരി അവന്റെ തോളിൽ കൈ ചേർത്തു…

“””ഞാൻ പറഞ്ഞില്ലേ അച്ഛാ…. അമ്മക്ക് എന്നോട് ക്ഷമിക്കാൻ ആവില്ല……””””

അവൻ ഇടർച്ചയോടെ പറയുന്നത് കേട്ട് ആശ്വസിപ്പിക്കാൻ എന്നോണം അയാൾ അവന്റെ തോളിൽ ചെറുതായി തട്ടി….

“”നീ വാ…. വല്ലതും കഴിക്കാം……”””

“”എനിക്ക് വിശപ്പില്ല അച്ഛാ…. അച്ഛൻ കഴിച്ചോളൂ…..”””

സിദ്ധു അതും പറഞ്ഞു അവന്റെ റൂമിലേക്ക് നടക്കാൻ ഒരുങ്ങി…..

“””സിദ്ധു….. നീ ഇവിടെ ഇരിക്ക്…എനിക്ക് സംസാരിക്കാൻ ഉണ്ട്……”””

മുന്നോട്ട് നടക്കാൻ തുടങ്ങിയ അവൻ ആ ഒരു വിളിയിൽ നിന്നു….. അവൻ അച്ഛനെ ഒന്ന് നോക്കിയിട്ട് ഡൈനിംഗ് ടേബിളിലെ ചെയറിലേക്ക് ഇരുന്നു…..ഗിരി കൈ കഴുകി അവന്റെ അരികിലെ ചെയറിൽ വന്നിരുന്നു ടേബിളിൽ കമഴ്ത്തി വെച്ചിരുന്ന പ്ലേറ്റ് നേരെ വെച്ചു…. അതിലേക്ക് ആവശ്യമായ ചോറും കറികളും എല്ലാം വിളമ്പി…..

“”ചെറുപ്പത്തിൽ എന്നും രാത്രിയിൽ ഞാൻ വാരി തന്നായിരുന്നു നീ ആഹാരം കഴിച്ചിരുന്നത്…..

അന്നൊക്കെ ഞാൻ തരാതെ നീ കഴിക്കാറേ ഇല്ല…. ചില ദിവസങ്ങളിൽ ദെച്ചുവും നമ്മുടെ ഒപ്പം കാണും……””

കറികൾ ഒഴിച്ചു ചോറ് കുഴച്ചുകൊണ്ട് ഗിരി പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു സിദ്ധു…..

“”നിനക്ക് അന്ന് എഴോ എട്ടോ വയസേ ഉള്ളു…

ദേച്ചുവിന് മൂന്നോ നാലോ.. നിന്നെ ഇതേപോലെ എന്റെ തൊട്ട് അരികിൽ ഉള്ള ചെയറിൽ ഇരുത്തും…

ദച്ചുനെ എന്റെ മടിയിലും…..അവൾ കുഞ്ഞല്ലേ…. അതുകൊണ്ട് തന്നെ അദ്യം ഒരു കുഞ്ഞുരുള ഉരുട്ടി അവൾക്ക് നേരെ ആവും ഞാൻ നീട്ടുക…. പക്ഷെ ആ കുറുമ്പി അത് കഴിക്കില്ലായിരുന്നു…..അവൾ എന്റെ കൈ പിടിച്ചു നിനക്ക് നേരെ നീട്ടും….”””

അത് പറയുമ്പോൾ തന്നെ ഒരുരുള ചോറുമായി ഗിരിയുടെ കൈ സിദ്ധുവിന് നേരെ ഉയർന്നിരുന്നു…

അറിയാതെ തന്നെ സിദ്ധു വായ തുറന്ന് അത് സ്വീകരിച്ചു….അവന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞിരുന്നു….

“”അദ്യം സിദ്ധുവേട്ടന് കൊടുത്തിട്ട് പിന്നെ ദേച്ചുവിന് മതി ഗിരിയച്ചേ എന്ന് അവൾ പറയും…..നിനക്ക് ഇതൊന്നും ഓർമ കാണാൻ വഴി ഇല്ല……”””

അടുത്ത ഉരുള ഉരുട്ടി കൊടുത്തുകൊണ്ട് ഗിരി പറയുമ്പോഴും സിദ്ധു ഒന്നും മിണ്ടാതെ അയാളെ തന്നെ നോക്കി ഇരുന്നു…..

“”മറ്റാരോടും ഇല്ലാത്ത ഒരു അകൽച്ച പണ്ട് മുതലേ നിനക്ക് ദേച്ചുവിനോട് ഉണ്ടായിരുന്നു… കുഞ്ഞിലേ ഒരുപാട് തവണ അവൾ നിന്നോട് കൂട്ട് കൂടാൻ ശ്രമിച്ചിരുന്നു … പക്ഷെ അപ്പോഴൊക്കെയും നീ അവളെ അകറ്റി നിർത്തിയിട്ടേ ഉള്ളു…. ചെറുപ്പത്തിൽ നിങ്ങൾ ഒരുപാട് അടി ഉണ്ടാക്കുമ്പോഴും അതൊക്കെ നിങ്ങളുടെ പ്രായത്തിന്റെ ചാപല്യങ്ങൾ ആണെന്നെ ഞങ്ങൾ കരുതിയിരുന്നുള്ളു…… പക്ഷെ നിന്റെ മനസ്സിൽ ദേച്ചൂട്ടിയോട് ഇത്രെയും ദേഷ്യം ഉണ്ടാവും എന്ന് ഈ അച്ഛൻ കരുതിയില്ല മോനെ…….”””

“””അച്ഛാ…. പ്ലീസ്‌…..ഇനിയും അങ്ങനെ പറയല്ലേ…. എനിക്ക് ധ്രുവ്……എനിക്ക് ദേച്ചുവിനോട് ഒരു ദേഷ്യോം ഇല്ല അച്ഛാ …. ദച്ചുനോട് എനിക്ക് പക ആണ് വെറുപ്പ് ആണ് എന്നൊക്കെ അമ്മയും അച്ഛനും പറയുന്നത് കേൾക്കുമ്പോൾ ചങ്ക് പൊട്ടുവാ എന്റെ ……ഇനിയും അങ്ങനെ പറയല്ലേ അച്ഛാ.. എനിക്ക് സഹിക്കാൻ കഴിയില്ല……”””

തന്റെ ഇടം കൈ പൊതിഞ്ഞു പിടിച്ചു നിറക്കണ്ണുകളോടെ അപേക്ഷിക്കുന്നവനെ കണ്ട് ആ അച്ഛന്റെ കണ്ണ് നിറഞ്ഞപ്പോൾ കുറച്ചു മാറി ചുവരിന് പിന്നിലായി മറഞ്ഞു നിന്ന് എല്ലാം കേട്ട് കഴിഞ്ഞപ്പോൾ കരച്ചിൽ അടക്കി പിടിക്കാൻ ആ അമ്മയും പാട്പെടുകയായിരുന്നു……

“”ഇന്നലെ അച്ഛൻ വഴക്ക് പറഞ്ഞപ്പോൾ അതിനു കാരണക്കാരിയാണെന്ന് കരുതിയവളോട് ആ സമയം ദേഷ്യം തോന്നി എന്നുള്ളത് സത്യമാ… അതിനു അവളെ ഒന്ന് പേടിപ്പിക്കണം എന്ന് മാത്രേ ഞാൻ കരുതിയുള്ളു…. അത് ഇങ്ങനെ ഒക്കെ ആയി തീരും എന്ന് ഒരിക്കലും ഞാൻ നിരീച്ചില്ല…. ആ അറയുടെ മുന്നിൽ തന്നെ ഞാൻ നിന്നിരുന്നതാ… പക്ഷെ ആ സമയം എനിക്ക് വന്നൊരു ഫോൺ കാളിൽ ആ പാവത്തിനെ ഞാൻ മറന്നു പോയി…. അല്ലാതെ ഞാൻ മനഃപൂർവം…….”””

ബാക്കി പറയാൻ ആവാതെ അവൻ തേങ്ങി കൊണ്ട് അയാളുടെ തോളിലേക്ക് ചാഞ്ഞു.. ആയാളും അവനെ ചേർത്തു പിടിച്ചു പതിയെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു….

“”പോട്ടെ… സാരമില്ല…ആ കുട്ടിക്ക് ഒന്നും പറ്റിയില്ലല്ലോ… അത് തന്നെ മഹാഭാഗ്യം…..”””

“”ഈ നാട്ടിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ഗിരിധരൻ മാഷിനേം അയാളുടെ മകനേം അറിയാത്ത നാട്ടുകാർ ചുരുക്കം ആവും…..”””

ആഹാരം കഴിച്ചു കഴിഞ്ഞു റൂമിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ ആണ് ഗിരിയുടെ ശബ്ദം സിദ്ധുവിനെ വീണ്ടും പിടിച്ചു നിർത്തിയത്…..

“””എന്റെ മകൻ നാട്ടിൽ എന്തെങ്കിലും കുഴപ്പങ്ങളിൽ ചെന്ന് ചാടിയാൽ അത് എന്റെ ചെവിയിൽ എത്തിക്കാൻ ഒരുപാട് പേര് കാണും ഇവിടെ …..””

ഒരു പ്ലേറ്റിലേക്ക് ചോറും കറികളും വിളമ്പുന്ന അച്ഛനെ തന്നെ നോക്കി നിന്നു അവൻ…..

“””നിന്നെ ഒറ്റുന്നത് ദച്ചു ആണെന്ന് നീ അടി ഉറച്ചു വിശ്വസിക്കുന്ന കൂട്ടത്തിൽ ഈ ഒരു സാധ്യത നീ മനഃപൂർവം മറന്നത് ആണെങ്കിൽ അത് ഞാൻ ഒന്ന് ഓർമ്മിപ്പിച്ചു എന്നെ ഉള്ളു…….”””

അയാൾ അത്രയും പറഞ്ഞു ചോറും കറികളും അടങ്ങിയ പ്ലേറ്റുമായി റൂമിലേക്ക് നടന്നു……സിദ്ധു ഒരു വിങ്ങലോടെ അയാളെ നോക്കി നിന്നു…..

“”ഇന്ന് അത്താഴ പട്ടിണി കിടക്കാൻ ആണോ എന്റെ ശ്രീമതിയുടെ ഉദ്ദേശം…..”””

മറു വശം ചരിഞ്ഞു കിടക്കുന്ന ദേവകിയുടെ അരികിൽ ആയി ഇരുന്നു കൊണ്ട് ഗിരി ചോദിച്ചു……

ശബ്ദം കേട്ട് ദേവകി അയാളെ തല ചരിച്ചു നോക്കി…..

കൈയിൽ ആഹാരവുമായി അരികിൽ ഇരിക്കുന്ന തന്റെ ഭർത്താവിനെ കണ്ടപ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ഇരുന്നു…..

“””നമ്മുടെ മോൻ എന്തെങ്കിലും കഴിച്ചോ മാഷേ…..”””

“””അവൻ കഴിച്ചെടോ… ദേ ഇപ്പോൾ ഉറങ്ങൻ ആയി റൂമിലേക്കും പോയി…. ഇനി താൻ കഴിക്ക്..””

ആവലാതിയോടെ ചോദിക്കുന്ന ആ അമ്മയെ നോക്കി അയാൾ ചിരിയോടെ മറുപടി പറഞ്ഞു…

“”അവനെ ഞാൻ ഇന്ന് ഒരുപാട് തല്ലി….. അവൻ മനഃപൂർവം അങ്ങനെ ഒന്നും ചെയ്യില്ല എന്നറിയാരുന്നു…. പക്ഷെ അപ്പോഴത്തെ ദേഷ്യത്തിന്….. അവന് ഒരുപാട് നൊന്ത് കാണും അല്ലെ മാഷേ…. അത്രേം തല്ലേണ്ടിയിരുന്നില്ല… അല്ലെ….””

തന്റെ മുന്നിൽ ഇരുന്നു വിങ്ങി പൊട്ടുന്ന തന്റെ ഭാര്യെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അയാൾക്ക് അറിയാതെ പോയി…..

“””തല്ലിയാലും അവനെ ഇറക്കി വിടേണ്ടായിരുന്നു അല്ലെ…”””

“””സാരമില്ലെടോ…. അറിയാതെ ആണെങ്കിലും അവൻ ഇന്ന് ചെയ്തത് വലിയൊരു തെറ്റ് തന്നെയാ…..മാതാപിതാക്കൾക്ക് മക്കളെ സ്നേഹിക്കാൻ അവകാശം ഉള്ളത് പോലെ തന്നെ അവരെ ശാസിക്കാനുള്ള അധികാരവും ഉണ്ട്… ഇന്നത്തെ അവന്റെ പ്രവർത്തിയിൽ അവൻ അത് അർഹിക്കുന്നത് തന്നെ ആയിരുന്നു… അവനെ തല്ലിയതിൽ ഉള്ള വിഷമം എന്തായലും തനിക്ക് വേണ്ട… ഇപ്പോൾ താൻ ഇത് കഴിക്ക്……”””

ഗിരി പറയുന്നത് കേട്ട് അയാളെ തന്നെ നോക്കി ഇരുന്നു ദേവകി…..

💓💓💓💓💓💓

റൂമിൽ വന്ന് കിടന്നപ്പോഴും ദച്ചു തന്നെയായിരുന്നു സിദ്ധുവിന്റെ ചിന്തകളിൽ നിറഞ്ഞു നിന്നത്…..

ആഹാരം കഴിച്ചപ്പോൾ അച്ഛൻ പറഞ്ഞ കാര്യങ്ങളിൽ തന്നെ അവന്റെ മനസുടക്കി നിന്നു……

അച്ഛൻ പറഞ്ഞത് എല്ലാം ശെരിയായ കാര്യം തന്നെ ആണ്….. കുഞ്ഞിലേ തന്നോട് കൂട്ട് കൂടാൻ വന്നിരുന്ന ദച്ചുവിനെ താനായിരുന്നു അകറ്റി നിർത്തിയത്… അവഗണിച്ചിരുന്നത്….. എന്തിനായിരുന്നു അതെല്ലാം…. തനിക്ക് എന്തുകൊണ്ട് ആയിരുന്നു അവളെ ഉൾക്കൊള്ളാൻ ആവാഞ്ഞത്… ഇഷ്ടമല്ലാതെ ഇരുന്നത്…..

തനിക്ക് മാത്രം അവകാശപ്പെട്ടിരുന്ന തന്റെ അമ്മയുടെ സ്നേഹം പകുത്തു കിട്ടിയവളോട് തോന്നിയ അസൂയ ആയിരുന്നില്ലേ കാരണം…

ആ അസൂയയെ താൻ ഇഷ്ടക്കേട് ആക്കി മാറ്റിയതല്ലേ…..

അന്നാദ്യമായി അവൾ തന്റെ വീട്ടിൽ വന്ന ദിവസം,

അന്ന് തന്റെ അമ്മ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ…. അത് കണ്ട് നിന്ന ആ ആറ് വയസുകാരന്റെ ഉള്ളിൽ ചെറുതായി മുളച്ചത് അവളോട് ഉള്ള അസൂയ ആയിരുന്നില്ലേ…

അമ്മ അവളെ കൊഞ്ചിക്കുന്നത് കാണുമ്പോഴൊക്കെയും അവന്റെ ഉള്ളിൽ ആ അസൂയ വളർന്നിട്ടല്ലേ ഉള്ളു….

ടീച്ചറമ്മയും മാധ്വച്ഛനും സ്കൂളിൽ പോകുന്നത് കൊണ്ട് ചെറുപ്പത്തിൽ അവൾ എപ്പോഴും അമ്മേടെ അരികിൽ ആവും…. അവധി ദിവസം ആണെങ്കിലും അമ്മ അവളെ എടുത്തിട്ട് വരും…. പെണ്ണിന്റെ കുളിയും തേവാരവും എല്ലാം ഇവിടെ തന്നെ ആവും… അവളെ കഴിപ്പിക്കാനും ഒരുക്കാനും എല്ലാം അമ്മക്ക് വല്ലാത്ത ആവേശം ആണ്….

അതിനേക്കാൾ ആവേശത്തിൽ ആണ് പെണ്ണ് ഒരുങ്ങാൻ ഇരുന്നു കൊടുക്കുന്നത്…..ഇത്തിരി പോന്ന അവളുടെ മുഖത്ത് ക്രിക്കറ്റ്‌ ബോൾ പോലത്തെ രണ്ട് ഉണ്ട കണ്ണ് ആണ് അദ്യം എടുത്ത് കാണിക്കുന്നത് ….സ്വധവേ അവളുടെ വിടർന്ന കണ്ണുകളിൽ അമ്മ കുറച്ച് കരി കൂടി വാരി എഴുതി കഴിയുമ്പോൾ അവ ഒന്നുകൂടി വിടരും …

പോരാത്തതിന് ഒരു കിലോമീറ്റർ നീളത്തിൽ രണ്ട് വാലും…..

ഓർമകളിൽ എവിടെ നിന്നെല്ലമോ കുഞ്ഞ് ദച്ചുവിന്റെ മുഖം പൊടി തട്ടി എടുത്തപ്പോൾ സിദ്ധുവിന്റെ അധരങ്ങളിൽ ചെറുതായി പുഞ്ചിരി മൊട്ടിട്ടു……..

ഒരു അവധി ദിവസം കൊച്ചു സിദ്ധു ഹാളിലെ സോഫയിൽ ഇരുന്നു ടീവി കാണുകയായിരുന്നു….

ദേവകി അപ്പോഴാണ് ദേച്ചുവിനേം ഒക്കത് ഇരുത്തി അവിടേക്ക് വന്നത്… അവർ അവളെ അവനരികിലായി ഇരുത്തിയിട്ട് അവള് വീഴാതെ നോക്കണേ എന്ന് അവനോട് പറഞ്ഞു എന്തോ ആവശ്യത്തിന് അകത്തേക്ക് പോയി…. സിദ്ധു അരികിൽ ഇരിക്കുന്നവളെ ഒന്ന് നോക്കി പുച്ഛിച്ചിട്ട് വീണ്ടും ടീവിയിലേക്ക് നോട്ടം എറിഞ്ഞു…. അവൾ ആണെങ്കിൽ ടീവിയെയും സിദ്ധുവിനെയും മാറി മാറി നോക്കിയിട്ട് അവനരികിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു അവന്റെ കൈയിൽ ഇരിക്കുന്ന റിമോട്ടിൽ പിടിത്തം ഇടാൻ ഒരു ശ്രമം നടത്തി… സിദ്ധു പെട്ടെന്ന് മറു കൈയിലേക്ക് റിമോട്ട് മാറ്റി അല്പം നീങ്ങി ഇരുന്നു…

കുഞ്ഞ് ദച്ചു പിന്നെയും അവനോട് ചേർന്നിരുന്നു അവന്റെ കൈയിൽ തൊട്ടു…

അവൻ മുഖം ചുളിച്ചു അവളെ നോക്കി വീണ്ടും നീങ്ങി ഇരുന്നു…. കുഞ്ഞ് ദേച്ചുവിന് സത്യത്തിൽ അത് ഒരു കളിയായി രസം പിടിച്ചിരുന്നു..

അവൾ പിന്നേം ആ പല്ലവി തന്നെ ആവർത്തിച്ചു…..

“””അമ്മേ….. അമ്മേ……..അമ്മോ……”””

“”എന്താ… എന്താ സിദ്ധു….””

സിദ്ധുവിന്റെ വിളി കേട്ട് ദേവകി പെട്ടെന്ന് അവിടേക്ക് വന്ന്……

“””അമ്മേ… ഈ പെണ്ണിനെ എടുത്തിട്ട് പോ.. ഇവൾ എന്നെ തൊടുവാ….”””

“””അവള് കുഞ്ഞല്ലേ സിദ്ധുട്ട …. അവള് തൊട്ടാൽ എന്താ കുഴപ്പം……””

ദേവകി അത് ചോദിച്ചു കൊണ്ട് ദച്ചുവിനെ എടുത്തു സിദ്ധുവിന് അരികിലായി ഇരുന്നു അവളെ മടിയിൽ വെച്ചു……ദച്ചു അവരെ രണ്ട് പേരെയും മാറി മാറി നോക്കുവാണ്…..

“””എനിക്കിഷ്ടല്ല ഇവളെ… ഇവൾ അടുത്ത് വരുമ്പോൾ വല്ലാത്ത നാറ്റാ……”””

“””ഇവളെയോ….. പോടാ കള്ള…. നല്ല മണല്ലേ ദേച്ചൂട്ടിയെ…. പയറുപൊടിയുടെയും ബേബി പൌഡറിന്റെയും ഒക്കെ മണമല്ലേ അവൾക്ക് …..അല്ലേടി കുറുമ്പി…..””””

ദേവകി അത് പറഞ്ഞു കൊണ്ട് തന്നെ ദച്ചുവിനെ അവനടുത്തേക്ക് ഒന്ന് ചായിച്ചു….

സിദ്ധു അത് കേട്ട് ദച്ചുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി…. അവന്റെ നോട്ടം കണ്ടതും കുഞ്ഞ് ദച്ചു കളി ചിരിയോടെ ദേവകിയുടെ മാറിലേക്ക് മുഖം ഒളിപ്പിച്ചു…

“”അമ്മ എന്തിനാ എപ്പോഴും ഇവളെ എടുത്ത് നടക്കണേ…. ഇവളെ എടുക്കാൻ തീച്ചരമ്മ ഇല്ലേ…..”””

“””എടാ…. കുശുമ്പാ…. നീ ആള് കൊള്ളാല്ലോ… ഹേ…”””

ദേവകി അത് കേട്ട് ചിരിച്ചു കൊണ്ട് സിദ്ധുവിനെ ചേർത്തു പിടിച്ചു പറഞ്ഞു കൊണ്ട് നെറുകയിൽ ചുംബിച്ചു ……ദച്ചു അത് കാൺകേ ചുണ്ട് പിളർത്തി….

“”ന്റെ… അമ്മയാ… ന്റെ.. അമ്മയാ…..”””

ദച്ചു അവളുടെ കുഞ്ഞി കൈകളാൽ അവളാൽ കഴിയും വിധം ദേവകിയെ പൊതിഞ്ഞു പിടിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു… സിദ്ധുവിന് അത് കേൾക്കെ ഒന്നുകൂടി ദേഷ്യായി…..

“””നീ പോടി… ഇത് ന്റെ അമ്മയാ….നിന്റെ അല്ല…..’””

“””സിദ്ധുട്ട…. അവള് കുഞ്ഞല്ലേ… കുഞ്ഞുങ്ങളോട് അങ്ങനെ ഒന്നും പറയാൻ പാടില്ലാട്ടോ

സിദ്ധു പരിഭവത്തോടെ അവന്റെ അമ്മയെ നോക്കി…. അവന്റെ പരിഭവം മനസിലാക്കിയത് പോൽ ദേവകി അവനെ ഒന്നുകൂടെ ചേർത്ത് പിടിച്ചു….. ഇതിനിടയിൽ നമ്മടെ കുശുമ്പി പാറു ആണെങ്കിൽ അവളുടെ ദേവുമ്മയോട് ചേർന്ന് ഇരിക്കുന്ന സിദ്ധുവിനെ അവളുടെ കുഞ്ഞിപാദം വെച്ചു അവന്റെ തുടയിൽ തൊഴിച്ചു നീക്കാൻ ശ്രമിക്കുന്നുണ്ട്….

“”ഇത് കണ്ടോ അമ്മേ… ഈ പന്ന പെണ്ണ് എന്നെ ചവുട്ടുന്നെ കണ്ടോ……”””

“””എടി കുറുമ്പി…. നീ സിദ്ധുവേട്ടനെ ചവുട്ടുവാന്നോ… ഹേ…..””

അവർ ചിരിയോടെ അവളുടെ മൂക്കിൽ മൂക്ക് വെച്ചുരസി…….

പഴയതത് ഓരോന്ന് ഓർക്കുമ്പോഴും സിദ്ധുവിന്റെ ചുണ്ടിൽ ആ ചിരി മായാതെ നിന്നു……

അന്നെല്ലാം തനിക്ക് അവളോട് അസൂയ തന്നെ ആയിരുന്നില്ലേ…. തന്റെ അമ്മേം അച്ഛനും അവളെ കൊഞ്ചിക്കുന്നത് കാണുമ്പോഴെല്ലാം അവളോട് ഉള്ള ഇഷ്ടക്കേട് കൂടി കൂടി വന്നിട്ടല്ലേ ഉള്ളു…

വളരും തോറും ആ ഇഷ്ടക്കേടും തന്റെ മനസിൽ കിടന്നു വളർന്നു…. മനഃപൂർവം അവളെ കളിയാക്കിയും വഴക്ക് ഉണ്ടാക്കിയും രസിച്ചു…

ഓർമ വെച്ചു തുടങ്ങിയപ്പോൾ മുതൽ പെണ്ണും തിരിച്ചു പറയാൻ തുടങ്ങി…..അപ്പോൾ അതിന്റെ ഇരട്ടി പറയാൻ തനിക്കും വാശി ആവും……

വളരും തോറും പരസ്പരം പാര വെയ്ക്കാൻ കിട്ടുന്ന ഒരു അവസരവും ഞങ്ങൾ പാഴാക്കാതെ ആയി….

സ്കൂളിൽ താൻ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ എങ്ങനെ ആണെന്ന് അറിയില്ല.. പെണ്ണ് അത് മണത്തു അറിഞ്ഞിരിക്കും… ചൂട് ആറുന്നതിനു മുൻപേ അത് അമ്മയുടെ ചെവിയിൽ എത്തിക്കയും ചെയ്യും…കുരുത്തക്കേട് ഒപ്പിക്കാൻ താൻ മോശം അല്ലാത്തത് കൊണ്ട് തന്നെ അമ്മേടെ കൈയിൽ നിന്ന് എന്നെ വഴക്ക് കേൾപ്പിക്കാൻ അവൾക്ക് ദിവസവും കാരണങ്ങൾ കിട്ടുമായിരുന്നു….

അന്നൊക്കെ മിക്കപ്പോഴും ടീച്ചറമ്മയും മാധവച്ഛനും ആവും തന്റെ രക്ഷക്ക് എത്തുക….

അങ്ങനെ താൻ പ്ലസ് വണ്ണിൽ പഠിക്കുന്ന കാലം…

ആ കുരിപ്പ് ഏഴാം ക്ലാസ്സിലും….അന്ന് താൻ കാണിച്ചത് അല്പം അതിര് കടന്നത് തന്നെ ആയിരുന്നുട്ടോ… സ്കൂളിന്റെ പിന്നിൽ ഉള്ള ഒരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ ഇരുന്നു കൂട്ടുകാരുമൊത്തു സിഗററ്റ് വലിച്ചു..

ഗ്രൗണ്ടിനു അടുത്ത് പുളിനെല്ലിയുടെ ഒരു മരം ഉണ്ട്… എന്റെ കഷ്ടകാലത്തിനു ആ കു_രിപ്പും അതിന്റെ രണ്ട് വാലുകളും കൂടി നെല്ലിക്ക പറക്കാൻ ആ സമയത്ത് തന്നെ എഴുന്നള്ളത്ത് അവിടെ വന്ന്……

പിന്നെ പറയണോ…. വീട്ടിൽ എനിക്ക് തൃശൂർ പൂരം തന്നെ ആയിരുന്നു… വീട്ടിൽ വന്ന എനിക്ക് ചൂരൽ വെച്ച് അച്ഛന്റെ കൈയിൽ നിന്ന് തലങ്ങും വിലങ്ങും അടി കിട്ടി… മാധവച്ഛൻ അത് തടയാൻ ശ്രമിച്ചെങ്കിലും അന്ന് ഒരുപാട് അടി ഞാൻ വാങ്ങി കൂട്ടി…..

ചെയ്തു പോയ തെറ്റിന്റെ ആഴം മനസിലായെങ്കിലും തനിക്ക് അടി കിട്ടാൻ കാരണക്കാരി ആയവളോട് വല്ലാത്ത ഒരു ദേഷ്യോം വാശിയും ആയിരുന്നു ആ സമയം ഒക്കെയും…..

എനിക്ക് വേദനിച്ച പോലെ അവളും വേദനിക്കണം എന്നൊക്കെ അന്ന് ചിന്തിച്ചിരുന്നു….. പക്ഷെ ദിവസങ്ങൾ മുന്നോട്ട് ഓടും തോറും അവളെ വേദനിപ്പിക്കണം എന്നുള്ള ചിന്ത ഒകെ എന്നെ വിട്ട് പോയിരുന്നു… എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവളോട് ഉള്ള വാശി അങ്ങനെ തന്നെ കിടന്നു….

അവൾക്ക് സംസാരശേഷി നഷ്ടമായി കഴിഞ്ഞപ്പോഴും കളിയാക്കിയത് ഒക്കെ ആ വാശി പുറത്ത് ആയിരുന്നു…. പക്ഷെ ഇന്ന് അമ്മ പറഞ്ഞത് കേട്ടപ്പോൾ…. അന്ന് തന്നെക്കാൾ ഏറെ അവൾ കരഞ്ഞിരുന്നു എന്ന് അമ്മ പറഞ്ഞത് ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല…

എന്തിനായിരിക്കും അവൾ കരഞ്ഞിട്ട് ഉണ്ടാവുക..

അറിയില്ല…. പക്ഷെ ഇത് അറിഞ്ഞു കഴിഞ്ഞപ്പോൾ മുതൽ അവളോട് പറഞ്ഞതും പ്രവർത്തിച്ചതും ആയ കാര്യങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് ഇപ്പോൾ ബോധ്യമാവുന്നുണ്ട്…..

സോറി ധ്രുവി…..എല്ലാം എന്റെ തെറ്റ് തന്നെ ആയിരുന്നു…. നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിയുമോ…..ഇനി ഒരിക്കലും നിന്നെ ഞാൻ വേദനിപ്പിക്കില്ല… നിന്റെ കുറവുകൾ പറഞ്ഞു നിന്നെ പരിഹസിക്കില്ല…. വാക്കുകൾ കൊണ്ട് കുത്തി നോവിക്കില്ല….ഇനി എന്നും ഞാൻ നിന്റെ നല്ലൊരു സുഹൃത്തായിരിക്കും… സത്യം……

ഓരോന്ന് ഓർത്ത് ആ രാത്രീയിൽ എപ്പേഴോ ദച്ചുവിന്റെ ഓർമയിൽ തന്നെ അവൻ നിദ്രയെ പുൽകി…..

(തുടരും……..)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

രചന : ലക്ഷ്മി ലച്ചൂസ്