തേൻനിലാവ്, നോവലിൻ്റെ പതിനെട്ടാം ഭാഗം വായിച്ചു നോക്കൂ….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

പരീക്ഷകൾ ഓരോന്നായി കഴിഞ്ഞു പോയിക്കൊണ്ടിരുന്നു. ജിത്തുവിൻെറയും മനുവിൻെറയും ശിവയുടേയും സഹായത്തോടെ അപ്പുവും ദേവമ്മയും നന്നായി പഠിച്ചു പരീക്ഷ എഴുതി. എന്തിനും ഏതിനും കൂടെ ശിൽപ്പയും മേഘയും ഉണ്ടായിരുന്നു.

ദിവസങ്ങൾ കൊഴിഞ്ഞു വീഴുന്നതിനോടൊപ്പം അവരുടെ സൗഹൃദം ചില്ലകളായി പടർന്നു പന്തലിച്ചു.

ശിവയുടെ കണ്ണുകൾ ഫുൾ ടൈം ദേവമ്മയിൽ ആണെങ്കിലും അവളുടെ കണ്ണുകൾ ഫുൾ ടൈം പുസ്തകത്തിലാണ്.

പുസ്തകത്തേയും ദേവമ്മയേയും തമ്മിൽ ബ്രേക്ക് അപ്പ് ആക്കിയിട്ട് വേണം ശിവക്ക് ആ സ്ഥാനത്തേക്കു ചേക്കേറാൻ… പക്ഷെ ആ മോഹം വെറും വ്യാമോഹമായി നിലനിന്നു.

ജിത്തുവും അപ്പുവും കണ്ണുകൾ കൊണ്ടുള്ള കഥകളി അവസാനിപ്പിച്ചിട്ടില്ല. അത് ഇപ്പോഴും അതിൻെറ മുറക്കു തന്നെ മുന്നോട്ടു പോകുന്നു.

“അച്ചു….. നിക്ക് പേവാൻ നേരായി…. കഴിക്കാൻ എടുത്തു താ….. ”

ഡൈനിങ്ങ് ടേബിളിൻെറ മുന്നിലിരുന്ന് അപ്പു നീട്ടി വിളിച്ചു.

“നിനക്ക് ഇത് എടുത്തിട്ട് ഇരുന്നൂടെ പെണ്ണേ…

അടുക്കള വരെ വന്ന് എത്തി നോക്കിയിട്ട് ഇവിടെ വന്നിരുന്ന് കൂവുന്നു… ”

അവർ ദേഷ്യത്തിൽ പ്ലേറ്റ് ഒരൂക്കോടെ അവളുടെ മുന്നിലേക്ക് വച്ചു.

“ൻെറ പൊന്നോ…. മേശ പൊളിക്കോ കിളബി….. ചുള്ളിക്കമ്പ് പോലെ ഇരുന്നാ എന്താ….

ഒടുക്കത്തെ ശക്തിയാ…. സത്യം പറഞ്ഞോ നിക്ക് തരാണ്ട് അച്ചു വല്ല ബൂസ്റ്റും വാങ്ങി കലക്കി കുടിക്കണിണ്ടോ….. നിക്കിപ്പോ നല്ല സംശയമുണ്ട്…..”

അപ്പു മുത്തശ്ശിയെ ചൂഴ്ന്നു നോക്കി.

“ഇരുന്നു വാചകമടിക്കാതെ കഴിച്ചിട്ട് പേവാൻ നോക്ക്…… ”

അപ്പുവിൻെറ കവിളിലൊരു കുത്തും വച്ചുകൊടുത്തിട്ട് അവർ അടുക്കളയിലേക്ക് പോയി.

“ഇന്നും ദോശയാണോ… ശ്ശോ…. ”

അപ്പുവിൻെറ മുഖം മങ്ങി

“തിന്ന് തിന്ന് ഞാൻ മടുത്തു….. ”

ഭക്ഷണം കഴിക്കാതവൾ താടക്ക് കയ്യും കൊടുത്ത് ഇരുന്നു.

“ചന്തുവേ….ഇങ്ങ് വന്നേ…. നിനക്ക് ഞാൻ ദോശ തരാം… ബാ…. അച്ചുനോട് പറയല്ലേ.. ”

നായക്കുട്ടിയെ മടിയിൽ ഇരുത്തി ദോശ ഓരോ കഷ്ണങ്ങളാക്കി മുറിച്ച് അതിൻെറ വായിൽ വച്ചു കൊടുത്തു. ഇടക്കിടെ മുത്തശ്ശി വരുന്നുണ്ടോന്ന് അടുക്കള വാതിലിലേക്ക് എത്തി നോക്കും.

“എടാ മുടുക്കാ… നിനക്ക് ദോശ ഇത്രക്കിഷ്ടാർന്നോ…. നീ ചന്തുവല്ലാടാ… മുത്താ മുത്ത്….. ”

അതിനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും കൊടുത്ത് അവൾ പാത്രവുമായി അടുക്കളയിലേക്ക് പോയി.

“ഇത്ര പെട്ടെന്ന് കഴിഞ്ഞോ…. ”

അവർ അവളെ സംശയത്തോടെ നോക്കി.

“പിന്നല്ലാതെ അപ്പു ആരാന്നാ…. ”

മാസു കാണിച്ച് ലാലേട്ടനെ പോലെ തോളൊക്കെ ചരിച്ചവൾ ബാഗുമെടത്ത് പുറത്തേക്കൊരു പോക്കായിരുന്നു.

വീടിൻെറ പടി കടന്നില്ല വയറ്റിൽ നിന്ന് കുടുകുട ശബ്ദം വന്നു.

“വിശന്നിട്ടൊരു രക്ഷയുമില്ലാലോ… വല്ലോടത്തും തല കറങ്ങി വീഴാതിരുന്നാ മതിയായിരുന്നു…..

കോളേജ് എത്തിയിട്ട് വേണം ശിവേട്ടൻെറ പൈസക്ക് വല്ലതും വാങ്ങി കഴിക്കാൻ….. ”

അപ്പു തുള്ളിച്ചാടി ബസ് സ്റ്റോപ്പിലേക്ക് പോയി.

നീലാകാശം പീലിവിരിക്കും പച്ച തെങ്ങോല….

കരിഞ്ഞ മഞ്ഞപ്പൂങ്കുലയാകെ ചുവന്ന റോസാപ്പൂ…..

കറുത്ത പശുവിൻ വെളുത്ത പാൽ കുടിച്ചതിൽ പിന്നെ…..

കറുത്ത രാത്രിയിൽ ഈ നിറമെല്ലാം ഓർത്തു കിടന്നു ഞാൻ….

ലാ… ലാ… ലാ….

പാട്ടും പാടി തു_ള്ളിച്ചാടി തേൻമിഠായിയും നുണഞ്ഞു കൊണ്ട് കോളേജ് ഗൈറ്റിൽ എത്തിയതും കുട്ടികളെല്ലാം പുറത്തേക്കിറങ്ങി വരുന്നത് കണ്ടു. ആ കൂട്ടത്തിൽ ദേവമ്മയെ കണ്ടപ്പോൾ അപ്പു അവളുടെ അടുത്തേക്കു പോയി.

“എന്താ ദേവമ്മേ എല്ലാവരും തിരിച്ചു പോണത്…. ഇന്ന് ക്ലാസ്സില്ലേ……”

കയ്യിലിരുന്ന മിഠായിയിൽ നിന്ന് ഒരെണ്ണം ദേവമ്മയുടെ വായിലേക്ക് വച്ചവൾ ചുറ്റും നോക്കി.

“ഇല്ലാടി…. എന്തോ രാഷ്ട്രീയ വഴക്ക്…. സ്റ്റ്രൈക്കാണ്…… ”

“ഹൈ…. കോളേജിൽ വന്നിട്ടുള്ള ആദ്യത്തെ സ്റ്റ്രൈക്ക്… ”

അപ്പുവിൻെറ മുഖം വിടർന്നു.

“നിനക്ക് വീട്ടിലേക്കു പേവാലോ… ഞാനിനി ഹോസ്റ്റലിൽ പോയി ചടഞ്ഞിരിക്കണ്ടേ…… ”

“എന്നാലേ നമുക്ക് എൻെറ വീട്ടിലേക്കു പോവാം നല്ല രസാ… എന്നിട്ട് തോട്ടിലേക്കൊക്കെ പോവാം…”

“ആഹ്മം…. ”

ദേവമ്മക്ക് സന്തോഷമായി.

“ഞാനേ മനുവേട്ടനെ വിളിക്കട്ടേട്ടോ…… ”

അപ്പു ഫോണെടുത്തു മനുവിനെ വിളിച്ചു കാര്യം പറഞ്ഞു. കുറച്ചു നേരത്തിനുള്ളിൽ അഞ്ചാൾ സംഘം അവിടെ ഹാജരായി.

ഈ തവണ ശിവക്ക് ദേവമ്മയെ ബൈക്കിൽ കയറ്റാൻ പറ്റിയില്ല. ദേവമ്മ ആദ്യമെ ശിൽപ്പയുടെ പുറകിൽ കയറി.

അപ്പു നേരെ ജിത്തുവിൻെറ ബൈക്കിൽ കയറി ഇരുന്ന് അവൻെറ തോളിൽ കയ്യും വച്ച് ഞെളിഞ്ഞിരുന്നു.

എല്ലാവരും കൂടി അപ്പുവിൻെറ സ്വർഗ്ഗത്തിലേക്ക് യാത്ര തിരിച്ചു.

ജിത്തുവിൻെറ ബൈക്കാണ് മുന്നിൽ പോയത്. അവനെ അനുനയിച്ചുകൊണ്ട് ബാക്കിയുള്ളവർ പുറകെ വന്നു.

“ജാനുവേച്ചിയെ കൂടി കൊണ്ടുവരാമായിരുന്നു….”

അപ്പു ജിത്തുവിൻെറ കാതോരം ചേർന്നിരുന്നു.

“അവളൊരു ടീച്ചറല്ലേ തോന്നിയപോലെ ലീവെടുക്കാൻ പറ്റില്ലാലോ…. ”

അവൻ മുന്നോട്ടു നോക്കി പറഞ്ഞു.

“എന്നാലും… ഞാനൊന്നു വിളിച്ചു നോക്കട്ടേ…. പത്തു മണിക്കല്ലേ ക്ലാസ്സ് തുടങ്ങൊള്ളു സമയം ഒൻപതേകാൽ ആയിട്ടേ ഒള്ളു… ഇറങ്ങി കാണോ…. ”

“അവൾ ഒൻപതു മണിക്ക് ഇറങ്ങും ഇപ്പോ വഴിയിലായിരിക്കും….. ”

“ഞാനൊന്ന് വിളിച്ചു നോക്കട്ടേ…. ”

ഒരു കൈകൊണ്ട് അവൻെറ തോളിൽ പിടിച്ച് മറ്റേ കൈകൊണ്ട് അവൾ ഫോണെടുത്ത് ജാനുവിനെ വിളിച്ചു. രണ്ടു മൂന്നു റിങ്ങിൽ തന്നെ ഫോണെടുത്തു.

“എന്താ അപ്പുക്കുട്ടാ…… ”

ജാനു വാത്സല്യത്തോടെ വിളിച്ചു.

“ചേച്ചി സ്കൂളിൽ എത്തിയോ….. ”

“ഇല്ലാ എത്താറായി…… ”

“ഇന്ന് ലീവെടുക്കാമോ…… ”

“എന്തിനാടാ….. ”

“ഞങ്ങൾക്കിന്ന് സ്റ്റ്രൈക്കാ.. അപ്പോ എല്ലാരും എൻെറ വീട്ടിലേക്കു പോവാ… ചേച്ചീം വാ….. ”

“ലീവെടുക്കാൻ പറ്റില്ലാടാ… ഇന്ന് ഉച്ച കഴിഞ്ഞ് ഞാൻ ഫ്രീയാ ജിത്തുവിനെ ഇങ്ങ് വിട്ടാൽ മതി.. ”

“ആഹ്മം… റാറ്റാ…… ”

അപ്പു സന്തോഷത്തോടെ ഫോൺ വച്ചു.

“ജാനുവേച്ചിയെ ഉച്ചക്ക് പോയി വിളിച്ചോണ്ട് വരാൻ പറഞ്ഞു…. ”

“മ്….. ”

ജിത്തു ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി. എങ്കിലും അനുവാദം കൂടാതെ അവൻെറ മിഴികൾ മിററിലൂടെ അപ്പുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

***************

വീടെത്തേണ്ട താമസം അപ്പു ബൈക്കിൽ നിന്നും ചാടിയിറങ്ങി ഗൈറ്റും തള്ളിത്തുറന്ന് വണ്ടി കയറ്റി വക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു.

വണ്ടികളുടെ ശബ്ദം കേട്ട് വാസുദേവൻ ഇറങ്ങി വന്നു.

“എന്തുപറ്റി മക്കളെ….ഇന്ന് ക്ലാസ്സില്ലേ……”

“ഇല്ല മുത്തശ്ശാ… സ്റ്റ്രൈക്കാ…. നിങ്ങൾ കേറി വാ….. ”

അപ്പു അവരെ അകത്തേക്കു ക്ഷണിച്ചു.

“മുത്തശ്ശാ… ഇത് ദേവമ്മ… ഇത് ശിൽപ്പേച്ചി… ഇത് മേഘേച്ചി…. ഇത് ശിവേട്ടൻ…. ”

അപ്പു എല്ലാവരേയും പരിചയപ്പെടുത്തി കൊടുത്തു.

“മക്കള് കയറി ഇരിക്ക്….. ”

“അച്ചു എവിടെ മുത്തശ്ശാ…….”

അപ്പു ചുറ്റും കണ്ണോടിച്ചു.

“അവൾ ആ ഷീലയുടെ അടുത്ത് പോയിരിക്കുകയാണ്… തയ്ക്കാൻ കൊടുത്ത നിൻെറ ഉടുപ്പ് വാങ്ങാൻ… ”

മുത്തശ്ശൻ അവളെ ചേ_ർത്തു പിടിച്ചു.

എല്ലാവരും കൂടി ഹാളിലിരുന്നു സംസാരമായി. അപ്പു അടുക്കളയിൽ പലഹാരം ഇട്ടുവച്ചിരുന്ന ടിൻ അങ്ങനെ തന്നെ എടുത്തുകൊണ്ട് വന്ന് കയ്യിട്ടു വാരി കഴിച്ചു.  

“എൻെറ അപ്പു…. ഒന്നു പതുക്കെ കഴിക്കെടി…… ”

ശിവ അവളുടെ തലക്കിട്ടൊരു കൊട്ടു കൊടുത്തു.

“ഒന്നു പോയേ… നിങ്ങളൊക്കെ വന്നോണ്ടാ എനിക്കിത് തിന്നാൻ കിട്ടിയത്… അല്ലെങ്കിൽ അച്ചു നിക്ക് തരേ ഇല്ലാ…… ”

അപ്പു പ^രാതി പറഞ്ഞുകൊണ്ട് കഴിപ്പു തുടർന്നു.

“എടാ മനുവേ… ഇവളിത് തിന്നാൻ വേണ്ടിയാ നമ്മളെ വിളിച്ചു വരുത്തിയത്….. ”

“ശരിയാ അളിയാ… അല്ലാതെ നമ്മളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല….. ”

ശിവയും മനുവും സെൻെറി എക്സ്പ്രഷനിട്ട് പരസ്പരം നോക്കി കണ്ണു ചി^മ്മി തുറന്നുകൊണ്ടിരുന്നു. അപ്പു ആ സമയം ഒരു കയ്യിൽ അച്ചപ്പവും മറ്റേ കയ്യിൽ കുഴലപ്പവും പിടിച്ച് രണ്ടും കൂടി ഒരുമിച്ചു കഴിക്കുകയാണ്… രാവിലത്തെ വിശപ്പേ…

അപ്പോഴാണ് നമ്മുടെ മുത്തശ്ശിയുടെ വരവ്. വന്ന് കയറിയപ്പോൾ തന്നെ പലഹാരം വാരിവലിച്ചു കഴിക്കുന്ന അപ്പുവിനെ ആണ് കാണുന്നത്.

അവളെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് അവർ ബാക്കിയുള്ളവരെ നോക്കി പുഞ്ചിരിച്ചു.

“മക്കളെപ്പോ വന്നു….. ”

“കുറച്ചു നേരമായി മുത്തശ്ശി… ”

മറുപടി കൊടുത്തത് ജിത്തുവായിരുന്നു.

“അപ്പോ ഇന്ന് ക്ലാസ്സില്ലേ….. ”

“കോളേജ് സ്റ്റ്രൈക്കാ മുത്തശ്ശി….. ”

“ആഹ്മം….. എടി പെണ്ണേ…. എല്ലാം നീ തന്നെ കഴിക്കാതെ ആ പിള്ളാർക്കും കൂടി കൊടുത്തേ.. ”

അവർ അപ്പുവിൻെറ കയ്യിൽ നിന്നും പലഹാരപ്പാത്രം പിടിച്ചു വാങ്ങി.

“ഈ അച്ചു….. എന്നെ ഒന്നും തിന്നാൻ സമ്മതിക്കില്ല…… ”

അപ്പു മുഖം വീർപ്പിച്ചു.

“നീ ഇത്തിരി കുറച്ചു തിന്നാ മതി…. ”

“ബ്ലേ…….ൻെറ ബ്ലൗസെവിടെ… കാണിച്ചേ…… ”

അപ്പു മുത്തശ്ശിയുടെ കയ്യിലിരുന്ന കവർ തട്ടിപ്പറിച്ചെടുത്തു.

“ഓണം സെലിബ്രേഷന് സാരി ഉടുക്കാൻ ഉള്ളതാ…. ”

അവൾ കവറിൽ നിന്നും ചുവപ്പു നിറത്തിലുള്ള സ്ലീവ് ലെസ്സ് ബ്ലൗസ് പുറത്തെടുത്തു. അതോടെ ബാക്കി പെൺപടയുടെ ശ്രദ്ധ ആ ബ്ലൗസിലേക്കായി.

“എന്തൊക്കെ ആയാലും പൊട്ടും പാവാടയും കണ്ട തനി കുടുംബശ്രീ ചേച്ചിയാ എല്ലാ പെണ്ണുങ്ങളും…. ”

ശിവ അടക്കം പറഞ്ഞു ചിരിച്ചു.

ഫുൾ കോൺസൻട്രേഷൻ ബ്ലൗസിലായതുകൊണ്ട് അവരാരും അത് കേട്ടിരുന്നില്ല.

“നമുക്ക് തോട്ടിലേക്ക് പോവാം…. ”

അപ്പു ചാടി എഴുന്നേറ്റ് എല്ലാത്തിനേയും പെറുക്കി കൂട്ടി പുറത്തേക്കിറങ്ങി.

“ഊണിന് മുൻപ് ഇങ്ങ് പോന്നേക്കണോട്ടോ…. ”

മുത്തശ്ശൻ സ്നേഹത്തോടെ പറഞ്ഞിട്ട് അടുക്കളയിൽ ഭാര്യയെ സഹായിക്കാൻ പോയി.

ശ്യാമസുന്ദരമായ പാടവരമ്പിലൂടെ അവൾ അവരോപ്പം നടന്നു. പോകുന്ന വഴിയിലിലുള്ള ഓരോ പുൽക്കൊടിയോടു പോലും കിന്നാരം പറഞ്ഞു കൊണ്ടാണ് അപ്പുവിൻെറ നടത്തം.

“ഡീ ഉണ്ടമുളകേ….. വീഴെണ്ടെങ്കിൽ എൻെറ കയ്യിൽ പിടിച്ചോ…. ”

ശിവ ദേവമ്മക്കു നേരെ കൈ നീട്ടി.

“വീഴാതെ നടക്കാൻ എനിക്കറിയാം….. ”

അവൾ മുഖവും വീർപ്പിച്ചു മുന്നിലേക്ക് കയറി നടന്നു.

“ഈ പെണ്ണ് ഒരു രീതിയിലും അടുക്കുന്നില്ലാലോ ദൈവമേ…. ”

ശിവ അവളെ തന്നെ നോക്കി നടന്നു.

“വായ നോക്കി നടന്ന് പാടത്തൂന്ന് പെറുക്കി എടുക്കേണ്ടി വരെരുത്ട്ടോ…..”

മേഘ ശിവയെ ഒന്നു ഇരുത്തി നോക്കിയിട്ട് ദേവമ്മയുടെ കയ്യും പിടിച്ച് നടന്നു.

“ഇവളെന്താ ഒരുമാതിരി അർത്ഥം വച്ച് സംസാരിക്കുന്നത്…. വല്ലതും മനസ്സിലായി കാണോ….. ”

ശിവ നഖം കടിച്ചു നിന്നു.

“എല്ലാം എല്ലാവർക്കും മനസ്സിലാവുന്നുണ്ട് കുട്ടാ…. കാള വാലു പൊക്കുമ്പോഴെ അറിഞ്ഞൂടെ ചാണകമിടാൻ ആണെന്ന്…. ”

ശിൽപ ശിവയുടെ തോ^ളിൽ കയ്യിട്ടു.

“പിന്നെ ചാണകമിടാൻ മാത്രമൊന്നുമല്ല മൂത്രമൊഴിക്കാനും കാ_ള വാലു പൊക്കും…. ”

ശിവ വല്യേ പത്രാസിൽ പറഞ്ഞു.

“നീയിങ്ങനെ ചാണകത്തിൻെറയും മൂത്രത്തിൻെറയും കണക്കെടുത്ത് നടന്നോ… അവസാനം ജിത്തുവിൻെറ അവസ്ഥ ആവാതിരുന്നാ മതിയായിരുന്നു…… ”

ശിൽപ അങ്ങനെ പറഞ്ഞതും ശിവയുടെ മനസ്സിലൊരു വെള്ളിടി വെട്ടി.

“ഏയ്…. അങ്ങനെ പോവോ…… ”

“പറയാൻ പറ്റില്ലാടാ അവൾക്കിപ്പോഴേ യു ജി ഫൈനൽ ഇയറിൽ ഫാൻസൊക്കെ ഉണ്ട്…… ”

ശിൽപ മനസ്സിൽ ചിരിച്ചുകൊണ്ട് അവൻെറ മനസ്സിൽ കനൽ കോരിയിട്ടു.

“ആര്… എപ്പോ…. എങ്ങനെ…. ”

ശിവ ഒന്ന് ഞെട്ടി.

“ഞാൻ ചുമ്മാ പറഞ്ഞതാ….. ”

അവൻെറ എന്തോ പോയ എക്സ്പ്രഷൻ കണ്ട് ശിൽപ വാ പൊത്തി ചിരിച്ചു.

“ഡീ…. ഡീ… ഡീ… കോപ്പേ…. എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ നിനക്ക് എന്ത് സുഖാ ഇതിൽ നിന്ന് കിട്ടുന്നത്……. ”

ശിവ അവളുടെ കഴുത്തിനു പിടിച്ചു.

“വിടെടാ തെണ്ടി….. ”

ശിൽപ അവൻെറ കൈ പിടിച്ചു മാറ്റി.

“പോടി എറപ്പാളി നേപ്പാളി……”

“നിനക്ക് ഒരു കാലത്തും അവളെ കിട്ടില്ലാടാ പട്ടീ…… ”

അവനെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ശിൽപയും മുന്നോട്ടു നടന്നു.

“ച്ഛേ… ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി…. എനിക്കെന്തിൻെറ കേടായിരുന്നു… ”

മീൻ വണ്ടിയുടെ പുറകെ പൂച്ച പോകുന്നതുപോലെ ദേവമ്മയുടെ പുറകെ അവനും പോയി.

പാടത്തിനു സമീപമുള്ള കാവിലേക്കു കയറി ചറപറാന്ന് കുറേ സെൽഫിയുമെടുത്ത് നേരെ തോട്ടിലേക്ക് പോയി.

കിട്ടുന്ന അവസരം ഒന്നുപോലും പാഴാക്കാതെ ശിവ ദേവമ്മയോട് ഒട്ടാനുള്ള പ^രിശ്രമത്തിലാണ്.

“ജാനുവേച്ചിയേ വിളിക്കാൻ പോവണ്ടേ….. ”

അപ്പു അത് ചോദിച്ചതും മനുവിൻെറ മുഖം പ്രകാശിച്ചു.

“ജാനു വരുന്നുണ്ടോ….. ”

അവൻെറ കണ്ണുകൾ വിടർന്നു.

“ഉണ്ട് മനുവേട്ടാ… 12:30 ആവുമ്പോൾ വന്ന് വിളിക്കാൻ പറഞ്ഞ് മെസേജ് ഇട്ടിട്ടുണ്ട്…..

“ഞാൻ പോയി അവളെ വിളിച്ചുകൊണ്ടു വരാം… ”

“വേണ്ടടാ നീ ഇവിടെ നിന്നോ ഞാൻ പോയി വിളിക്കാം…….”

മുന്നോട്ടു വന്ന ജിത്തുവിനെ തടഞ്ഞുകൊണ്ട് മനു ആ ദൗത്യം ഏറ്റെടുത്തു. ഇഷ്ടം പറഞ്ഞതിൽ പിന്നെ അവൾ അവനെ അവഗണിക്കുന്നതാണ്.

ഒന്നു കാണാൻ പോലും കിട്ടിയിട്ടില്ല. ഫോണിൽ അവളുടെ ഫോട്ടോയും നോക്കിയവൻ അവൾക്കായ് പുറപ്പെട്ടു.

(തുടരും …….)

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)