ഉമ്മ തരാമോ എന്ന് ചോദിച്ച് നിനക്ക് മെസ്സേജ് അയച്ചവൻ ആരാടീ.. ഇപ്പോ അറിയണം.. പറയെടീ

രചന : അബ്രാമിന്റെ പെണ്ണ്

കെട്ടിയോൻ ജോലി കഴിഞ്ഞു വന്നപ്പോൾ കൊണ്ടുവന്ന നെത്തോലിയെയും തോൽപ്പിക്കും വലിപ്പമുള്ള മത്തി കഴുകാൻ തുടങ്ങുകയാണ് ഞാൻ… ഇങ്ങേര് ഈ എട്ട് മണിക്ക് ഇമ്മാതിരി മീൻ വാങ്ങിക്കൊണ്ട് വന്നത് എനിക്കുള്ള മുട്ടൻ പണിയ്ക്ക് തന്നെയാണെന്നറിയാം.

മീൻ ചട്ടിയിലേക്ക് തട്ടിയിട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു… എന്റെ മക്കളുടെ പ്രായം പോലുമില്ലാത്ത മീൻ കുഞ്ഞുങ്ങൾ..

വാ തുറന്ന് കിടക്കുന്നതങ്ങനെ..

കണ്ണ് തള്ളിയിരിക്കുന്നതങ്ങനെ..

ഇവരുടെ അച്ഛനുമമ്മയും ഇവരെ കാണാതെ എന്തോരം സങ്കടപ്പെടുന്നുണ്ടാകും.. ഒരമ്മയായ എനിക്കു മനസിലാകും ആ പ്രാണസങ്കടം..

“അച്ഛനുമമ്മയും പറയുന്നത് കേൾക്കാതെ നീയൊക്കെ കണ്ട മുക്കുവന്മാരുടെ വലയിൽ വന്നു കേറിയോണ്ടല്ലേ നിനക്കൊക്കെ ഈ ഗതി വന്നതെന്ന് ” പലതവണ മീനുകളോട് ചോദിച്ചു….

പിന്നെ വലുതായി മുറ്റിയ മീനല്ലാത്തോണ്ട് വറുത്താൽ അന്യായ രുചിയായിരിക്കുമെന്നുള്ള സമാധാനത്തിൽ മീൻ കഴുകൽ വേ_ഗത്തിലാക്കി..

അങ്ങേരും കൊച്ചുങ്ങളും അകത്തെ മുറിയിലിരുന്ന് കൊച്ചിന് പരിസ്ഥിതി സംരക്ഷണ പോസ്റ്റർ തയ്യാറാക്കുകയാണ്…

പഞ്ചായത്ത്‌ പൈപ്പിൽ വെള്ളമെടുക്കാൻ മത്സരിച്ചു തള്ളുന്ന പെണ്ണുങ്ങളെപ്പോലെ കാലിൽ വന്നു കടിയ്ക്കുകയാണ് കൊതുകുകൾ.. പോലീസുകാർ സല്യൂട്ടടിക്കുന്നപോലെ വലത്തേ കാലു വെച്ച് ഇടത്തെ കാലിന്റെ മടക്കിലും ഇടത്തെ കാല് വെച്ച് വലത്തേ കാലിന്റെ മടക്കിലും അടിച്ചു കൊതുകിന്റെ തന്തയ്ക്കും തള്ളയ്ക്കുമൊക്കെ വി^ളിച്ചു മീൻ കഴുകിക്കൊണ്ട് നിൽക്കുമ്പോൾ അതാ കേൾക്കുന്നു അകത്തു നിന്നൊരു ശബ്ദം..

“അമ്മാ… അമ്മയ്ക്ക് ദാണ്ടൊരു മാമൻ ഉമ്മ തന്നേക്കുന്നു.. തിരിച്ചൊരെണ്ണം കൊടുക്കാൻ പറയുന്നമ്മച്യേ… അമ്മയ്ക്കും ആ മാമനും കൂടി എങ്ങോട്ടേലും ഒളിച്ചോടിപ്പോവാമെന്ന് പറയുന്നു..

” ങ്‌ഹേ.ഞാനറിയാത്ത ഏതു മാമൻ…?

അകത്തെ മുറിയിൽ നിന്നും കേട്ട നാലാം ക്ലാസുകാരിയായ മോളുടെ ചോദ്യത്തിൽ കയ്യിലിരുന്ന മീൻ ചട്ടിയിൽ വീണു.. വിരലിനെ മുറിച്ചുകൊണ്ട് കത്തിയിൽ വീണ ചോര വെള്ളത്തിലേക്കിറ്റു… അടിവയറ്റിൽ നിന്ന് ആളിപ്പടർന്ന തീയിൽ കുടലും കരളും കൂമ്പുമെല്ലാം കത്തിപ്പോയി. ഏത് മഹാപാപിയാടാ ഈ എട്ടര മണിക്ക് ഉമ്മ ചോദിച്ചോണ്ട് വിളിച്ചത്… മീൻ കഴുകുന്ന എന്നെ ഒളിച്ചോടാൻ വിളിച്ച കുടുംബം കലക്കി ആരാടാ …??

“ആരാടീ പാറുവേ അമ്മച്ചിക്കുമ്മ കൊടുത്തത്…

അഞ്ചു വയസുകാരൻ പ്രായത്തിൽ കവിഞ്ഞ ആകാംക്ഷയോടെ കട്ടിലിൽ നിന്നും എടുത്തു ചാടി ചേച്ചിയ്ക്കടുത്തേക്ക് പാഞ്ഞു..

കൊച്ചുങ്ങൾക്ക് രണ്ട് പേർക്കും ഓൺലൈൻ ക്ലാസുണ്ടായതുകൊണ്ട് ഫോൺ മിക്കവാറും അവരുടെ കയ്യിലായിരിക്കും..

അതുകൊണ്ട് തന്നെ വരുന്ന മെസേജുകൾ മിക്കതും അവർ കാണാറുമുണ്ട്.. മെസ്സഞ്ചർ അധികമൊന്നും നോക്കാൻ നേരം കിട്ടാത്തത് കൊണ്ട് മിക്ക മെസേജിന്റെയും ഉള്ളടക്കമെന്തെന്ന് അറിയാറില്ല..

ഇതിപ്പോ ആരാണ് ഈ കൊലച്ചതി ചെയ്തതെന്നറിയാൻ മീനും കളഞ്ഞിട്ട് കൈപോലും കഴുകാതെ ഞാൻ കൊച്ചിനടുത്തേയ്ക്ക് പാഞ്ഞു..

കേട്ടത് വിശ്വസിക്കാനാവാതെ വായും തുറന്നിരിക്കുകയാണ് കെട്ടിയോൻ.. ശ്വാസം കിട്ടാതെ വായും തുറന്നിരിക്കുന്ന വലിവ് രോഗിയെപ്പോലെ കണ്ണ് തള്ളിയിട്ടുണ്ട്..

ഇളയ കുരിപ്പ് അങ്ങേര്ടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി.

“അമ്മേ.. ഞാൻ താഴെ പോയി അച്ചാച്ചന്റെ വായിലടിക്കുന്ന ഫ്രേ വാങ്ങിച്ചോണ്ട് വരട്ടെ…

അവൻ താഴേക്ക് ഓടാൻ തയ്യാറായി.

“മിണ്ടാതിരി ചെറുക്കാ..

മോളവന്റെ വാ പൊത്തി…

ഞാൻ അങ്ങേര്ടെ മുഖത്തേയ്ക്ക് നോക്കി…

ഇതൊക്കെ കേട്ടിട്ടും ഇങ്ങേര് ഒരക്ഷരം മിണ്ടുന്നില്ല…

ഏകദേശം അഞ്ചു മിനിറ്റോളം അതിയാൻ ഒരേയിരുപ്പിരുന്നു..

ഇടയ്ക്ക് എതിലേക്കൂടൊക്കെയോ ഓരോ ദീർഘനിശ്വാസം വിടുന്നുണ്ട്.. ഇന്ത്യ വിട്ട റോക്കറ്റ് താഴെ വീഴുന്നോന്ന് നോക്കി നിൽക്കുന്ന ശാസ്ത്രജ്ഞരെപ്പോലെ ഞങ്ങൾ മൂന്നും അങ്ങേര്ടെ മോത്തോട്ട് നോക്കി നിൽക്കുകയാണ്.. ഇതിയാൻ എന്തേലും മിണ്ടീരുന്നേൽ ഒരു സമാധാനമുണ്ടാരുന്നു.

” ഏട്ടാ…

എന്തും വരട്ടെയെന്ന് കരുതി ഞാൻ അതിയാന്റെ മസിലിൽ ഒന്ന് തൊട്ടു… മുതുകിൽ തോളിനോട് ചേർന്ന് ഇടതുഭാഗത്തായി കാണുന്ന മസിലില്ലേ..

നിങ്ങൾക്കവിടെ മസിലുണ്ടോന്നറിയില്ല.. എന്റെ ചേട്ടനുണ്ട്. അവിടെ ആ മസിലിലാണ് തൊട്ടത് ..

അങ്ങേരെന്നെ രൂക്ഷമായൊരു നോട്ടം..

” തൊടരുതെന്നെ..ആരാടീ ആ തൊലിയാർ മണിയൻ… നിനക്ക് എന്റെ ഉമ്മയൊന്നും പോരെ…

മീൻ പോലും കഴുകാതെ നീ ഒളിച്ചോടാൻ പോകുവാന്നോ വഞ്ചകീ… ചതിച്ചീ… ഞാനിപ്പോ ചാവും… ഇപ്പോ ചാവും.. വിളിക്ക് മക്കളെ പോലീസിനെ…

ലൈൻ കമ്പിയിൽ നിന്നും ഷോക്കടിച്ച വവ്വാലിനെ പോലെ അങ്ങേരു വെട്ടിവിറച്ചു..

” നോക്കടീ പാറുവേ.. നമ്മടച്ഛൻ ഡാൻസ് കളിക്കുന്നു…

ഇളയ ആൾക്ക് അച്ഛന്റെ പുതിയ സ്റ്റെപ്പ് കണ്ടപ്പോ ഹരം കേറി..

” മിണ്ടായിരിയെടാ.. അച്ഛൻ ദേഷ്യപ്പെടുവാ…

മൂത്തയാൾ അവന്റെ കാതിൽ ഞങ്ങളെല്ലാം കേൾക്കുന്ന വിധത്തിൽ രഹസ്യമായി പറഞ്ഞു.

” എനിക്കറിഞ്ഞൂടാ മനുഷ്യാ.. നീയാ ഫോണിങ്ങു തന്നേ.. ഞാനൊന്ന് നോക്കട്ടെ..

കൊച്ചിന്റെ കയ്യിലിരുന്ന ഫോൺ വാങ്ങി നോക്കി..

സ്വപ്നങ്ങളുടെ കാമുകനെന്ന പേരിലൊരു ഐഡി. വേട്ടാവളിയന്റെ കാതിൽ കമ്മലിട്ട പോലെ ഒറ്റക്കാതിൽ കമ്മലിട്ടൊരു കൊച്ചു പയ്യൻ..

എന്റെ കഞ്ഞിയിൽ വീണ പാറ്റയ്ക്ക് ഈ രൂപമായിരുന്നോ ദൈവമേ.. ഇവൻ മെസേജ് ചെയ്യാൻ തുടങ്ങീട്ട് കൊല്ലം ഒന്ന് കഴിഞ്ഞു.. ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ ഒരൊറ്റ മെസേജ് പോലും ഞാൻ സീൻ ചെയ്തിട്ടുണ്ടാരുന്നില്ല..

അതിന്റെ പരിഭവങ്ങളാണ് അവന്റെ ഓരോ മെസേജിലും..

“:നോക്ക് മനുഷ്യാ… ഞാനിതുവരെ അവന്റെ ഒറ്റ മെസേജ്നും മറുപടി കൊടുത്തിട്ടില്ല..

നോക്ക്.. നോക്കാൻ..

പിടിവള്ളി കിട്ടിയ ആശ്വാസത്തിൽ ഫോൺ അതിയാന് നേരെ നീട്ടി ഞാൻ കിതച്ചു..

” ഞാൻ വിശ്വസിക്കില്ല… ഞാനിപ്പോ ചാവും..

എന്നെ വിട്.. എന്നെ വിടാൻ…

കെട്ടിയോൻ ബാധ കേറിയപോലെ അലറി..

“അതിന് അച്ഛനെ ആരും പിടിച്ചിട്ടില്ലല്ലോ.

അച്ഛന്റെ പരാക്രമം കണ്ട കൊച്ചിന് സംശയം..

” എന്തുവാ മോനെ അവിടെ ബഹളം..

ആഹ് ഹാ.. ഈയൊരു ചോദ്യത്തിന്റെ കുറവേയുണ്ടാരുന്നുള്ളു.. അകത്തെ മുറിയിൽ നിന്നും അമ്മയാണ്.. കിടപ്പിലായോണ്ട് പുറത്തു നടക്കുന്ന ബഹളം എന്താണെന്നറിയാത്ത വെപ്രാളത്തിലാണ്..

” അമ്മയ്‌ക്കൊരു മാമൻ ഉമ്മ കൊടുത്തമ്മൂമ്മേ..

എന്നിട്ട് ഒളിച്ചോടാനും വിളിച്ചു.. അതിന് ഈ അച്ഛൻ വെറുതെ ദേശ്യപ്പെടുവാ..

കെട്ട്യോൻ മോനെയൊന്ന് നോക്കി. ന്റെ ദൈവമേ .കൊച്ചു ചെറുക്കൻ എന്റെ ചിതയ്ക്ക് തീകൊളുത്താൻ വേണ്ടി മണ്ണെണ്ണ എടുത്ത് വെയ്ക്കാനുള്ള പുറപ്പാടാണെന്ന് തോന്നുന്നു. അടുത്ത വാവിന് കൈകൊട്ടി കാക്കയെ വിളിക്കാൻ അവനെന്തോ പ്രത്യേക താല്പര്യമുള്ള പോലെ. ഒരു കുഞ്ഞു മതിയെന്ന് നിർബന്ധം പറഞ്ഞു നിന്ന കെട്ടിയോന്റെ കയ്യും കാലും പിടിച്ചു സൃഷ്ടിച്ചെടുത്തതാണ് ഈ സാധനത്തിനെ..

അതിന്റൊരു നന്ദി കാണിച്ചില്ലെങ്കിലും വേണ്ടില്ല…ഊദ്രിക്കാതിരുന്നൂടെ.. ഞാനവനെ ദയനീയമായി നോക്കി..

അപ്പോളാണ് സ്വപ്നങ്ങളുടെ കാമുകന്റെ അടുത്ത മെസേജ്…

” മുത്തേ… നിന്നെ കാണാൻ തോന്നുന്നു..ഒന്ന് വീഡിയോ കാളെടുക്കുവോ…

“എടുക്കെടീ.. എടുക്ക്… അവൻ കണ്ട് തൃപ്തിയാവട്ട്…

“എന്റെ പൊന്ന് മനുഷ്യാ.. ഇവനേതാണെന്നു പോലും എനിക്കറിഞ്ഞൂടാ.. നിങ്ങളെന്നെ സംശയിക്കല്ലേ…ഈ പിള്ളേർക്കൊപ്പം ക്ലാസിൽ കൂടെയിരിക്കുന്നതുകൊണ്ട് നേരാംവണ്ണം ഒന്ന് കുളിക്കാൻ പോലും എനിക്കു സമയം കിട്ടുന്നില്ല.

എന്റെ തൊണ്ടയിടറി..

” നീയൊന്നും പണയണ്ട.. എനിക്കു മനസിലായി എല്ലാം..

അതിനു മറുപടിയായി ഞാൻ എന്തേലും പറയുന്നതിന് മുന്നേ അവന്റെ വീഡിയോ കാൾ വന്നു..

കാൾ അറ്റൻഡ് ചെയ്തു കെട്ടിയോൻ എന്റെ നേരെ പിടിച്ചു…

അങ്ങേ തലയ്ക്കൽ ആകാംക്ഷയോടെ തെളിഞ്ഞു വന്നു ഒരു പയ്യന്റെ മുഖം..

ഞാൻ എന്റെ മുഖം അങ്ങോട്ട് കാണിച്ച അതേ സെക്കന്റിൽ അവൻ കാൾ കട്ട്‌ ചെയ്തു..

ഉടൻ അടുത്ത മെസേജും..

” വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടോ പ്രൊഫൈൽ പിക്ചർ ഇട്ടിട്ട് ആളെ പറ്റിക്കാൻ നടക്കുന്നോ കള്ളക്കെളവീ.. നിങ്ങളോടൊക്കെ ദൈവം ചോയ്ച്ചോളും..

അടുത്ത നിമിഷം അവനെന്നെ ബ്ലോക്കും ചെയ്തു..

അവന്റെ മെസേജ് കണ്ട കെട്ടിയോന്റെ ചുണ്ടിലൊരു ചിരി വിടർന്നു.. എന്റെ ഉള്ളിലൊരു തണുപ്പ് വീണു പടർന്നു…

ഇന്നലത്തെ മത്തി വറുത്തതിന് ഒരു പ്രത്യേക സ്വാദ്ണ്ടായിരുന്നു… രാത്രി ഇടമുറിഞ്ഞു വീഴുന്ന മഴത്തുള്ളികളുടെ തണുപ്പിൽ അങ്ങേര്ടെ നെഞ്ചിൽ തലവെച്ചു കിടക്കുമ്പോൾ എന്റെ വരണ്ടുണങ്ങിയ മുടിയിൽ തലോടി ചോദിക്കുവാ…

“നിനക്ക് വിഷമമായോടീ.. നിന്നെ ഞാനൊരിക്കലും സംശയിക്കുകേല..

അതു കേട്ട എനിക്കു മേലാസകാലം പെരുത്ത് വന്നു..

“പോ മനുഷ്യാ.. നിങ്ങളെന്തൊക്കെയാ വിളിച്ചു കൂവിയത്.. വേറെ ഏത് രോഗത്തിനും മരുന്നുണ്ട്..

സംശയം വന്നാൽ മാറാൻ പാടാ.

“അതല്ലെടീ.. സംശയം കൊണ്ടൊന്നുമല്ല..

സോഷ്യൽ മീഡിയ വലിയൊരു ചതിക്കുഴിയാണ് പെണ്ണേ.. ഒന്ന് വീണു പോയാൽ കയറിപ്പോരാൻ വലിയ പാടാ.. അതിൽ നിന്ന് രക്ഷപ്പെടാൻ ഒറ്റ വഴിയേയുള്ളു..

അങ്ങേരു പകുതിയ്ക്ക് വെച്ച് നിർത്തി.

“ന്താദ്..

ഈർക്കിലിൽ കരിയോയിലടിച്ചപോലെ തെറിച്ചു നിൽക്കുന്ന അങ്ങേര്ടെ മീശയിൽ നോക്കി ഞാൻ ചോദിച്ചു..

” പ്രൊഫൈൽ പിക്ചറിൽ ഫിൽറ്റർ ഇടാതിരിക്കുക.. അല്ലെങ്കിൽ ഈ ചാറ്റിനു വരുന്നവന്മാരെ ഒരു തവണ വീഡിയോ കാളിൽ വിളിച്ചു നിന്റെ മുഖമൊന്നു കാണിക്കുക.. പിന്നെ ഈ ജന്മം ഒരുത്തനും ഈ വഴി വരില്ല..

പറഞ്ഞതും പൊട്ടിച്ചിരിച്ചുകൊണ്ട് അങ്ങേരു ബെഡ്ഷീറ്റ് തലവഴി മൂടി…

അതിനെന്തു മറുപടി പറയണമെന്നറിയാതെ അന്തം വിട്ടിരിക്കുമ്പോൾ ആകാശം പൊട്ടിത്തെറിച്ചപോലൊരു ഇടിയുടെ ശബ്ദം താഴെ വന്നു വീണു… കൂടെ ചരല് വാരിയെറിഞ്ഞപോലെ മഴയും..

നാണംകെട്ട് ഞാനും കൂടെ അങ്ങേര്ടെ പുതപ്പിനിടയിലേക്ക് നുഴഞ്ഞു കയറി..

പുറത്തെ മഴയ്ക്കപ്പോൾ നിശാഗന്ധി പൂത്ത മണമായിരുന്നു..

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : അബ്രാമിന്റെ പെണ്ണ്