തേൻനിലാവ്, നോവൽ, ഭാഗം 19 വായിക്കുക….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

സ്കൂളിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ റോഡിന് എതിർവശം നിൽക്കുന്ന മനുവിനെ കണ്ട് ജാനുവിൻെറ കണ്ണുകൾ വിടർന്നു എങ്കിലും അവളത് മറച്ചു പിടിച്ചു.

മനു ആരോടോ കാര്യമായി ഫോണിൽ സംസാരിക്കുകയാണ്. ചിരിച്ചു കളിച്ചുള്ള അവൻെറ സംസാരം കണ്ടപ്പോൾ ജാനുവിൻെറ ഉള്ളിൽ ചെറുതായി കുശുമ്പും അസൂയയുമൊക്കെ ഉടലെടുക്കുന്നത് അവൾ മനസ്സിലാക്കുന്നുണ്ടായിരുന്നു.

ജാനുവിനെ കണ്ടപ്പോൾ മനു ഫോൺ കട്ട് ചെയ്യാതെ തന്നെ അവളുടെ അടുത്തേക്കു നടന്നു.

അവളെ തന്നെ നോക്കി നടക്കുന്നതിനിടെയിൽ ചീറിപ്പാഞ്ഞു വന്നൊരു ലോറി അവനെ ഇടിക്കാൻ പാകത്തിന് അടുത്തെത്തിയിരുന്നു.

“മനു………… ”

ചെവി രണ്ടും പൊത്തിപ്പിടിച്ച് ജാനു കണ്ണടച്ച് അലറി വിളിച്ചു.

എന്താണ് സംഭവിച്ചതെന്ന് പോലും അവൾക്ക് വ്യക്തമായിരുന്നില്ല. പ്രീയപ്പെട്ടതെന്തോ നഷ്ടപ്പെട്ട വേദനയിൽ അവൾ അലറി കരഞ്ഞു പോയി.

“ജാനു…….”

അവൻെറ ശബ്ദം കാതിൽ പതിച്ചപ്പോഴാണ് അവൾ കണ്ണു തുറക്കുന്നത്.

തൻെറ മുന്നിൽ ഒരു പോറൽ പോലും ഏൽക്കാതെ നിൽക്കുന്ന മനുവിനെ കണ്ടപ്പോഴാണ് അവളുടെ ശ്വാസം നേരെ വീണത്.

സ്വയം മറന്ന് അവൾ അവനെ വാരിപ്പുണർന്നു.

“ഏയ്… ജാനു… എന്താ ഇത്….. വിട്… റോഡാണ്…. എനിക്ക് കുഴപ്പമൊന്നുമില്ല…. ദേ ആൾക്കാരൊക്കെ നോക്കുന്നു….. ”

അവൻ ജാനുവിനെ പിടിച്ചു മാറ്റി.

അപ്പോൾ മാത്രമാണ് ജാനുവിന് അവൾ ചെയ്തതിനെ കുറിച്ച് ബോധമുണ്ടായത്.

മനുവിനെ മുഖമുയർത്തി നോക്കാൻ അവൾക്കൽപ്പം ജാള്യത തോന്നി.

മനസ്സിൽ ഒളിപ്പിച്ചു വച്ചിരുന്ന പ്രണയം നഷ്ടപ്പെടലിൻെറ ഭയത്തിൽ പുറത്തു ചാടിയതാണ്.

അവളിൽ നിന്നും ആ ഒരു സൂചന കിട്ടിയ സന്തോഷത്തിലായിരുന്നു മനു.

“പോവാം……. ”

ഒരു കള്ളച്ചിരിയോടെയാണ് മനു ചോദിച്ചത്.

“മ്……. ”

ചമ്മൽ മറച്ചു പിടിക്കാൻ പാടുപെടുകയായിരുന്നു ജാനു.

ഇതിനു മുൻപ് പല പ്രാവശ്യം ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ടെങ്കിലും. അന്നൊന്നും തോന്നാത്തൊരു പ്രത്യേക അനുഭൂതി അനുഭവിച്ചറിയുകായായിരുന്നു മനു. ജാനുവിൻെറ കാര്യവും മറിച്ചായിരുന്നില്ല.

പക്ഷെ അവൾ അത് പ്രകടപ്പിച്ചില്ല എന്നു മാത്രം.

“ഇനിയും ഈ ബലം പിടുത്തം വേണോ ജാനു….. ”

മനു ഒരു കുസൃതി ചിരിയാലെ അവളെ പാളി നോക്കി.

ജാനു ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.

“നിനക്കെന്നെ ഇഷ്ടമാണെന്നൊക്കെ എനിക്കറിയാം…. മനസ്സിൽ പ്രണയമുള്ളതുകൊണ്ടാ അവസരം വരുമ്പോൾ നീ പോലുമറിയാതെ അത് പുറത്തു വരുന്നത്….. ”

അവൾ അപ്പോഴും മൗനമായിരുന്നു.

“ദേ പെണ്ണേ വല്യേ ജാഡ ഇട്ട് നടന്നാൽ നിൻെറ തന്തപ്പിടി വല്ല അഞ്ചാം കെട്ടുകാരനേയും കൊണ്ട് വരൂട്ടോ….. ”

കുറുമ്പു നിറഞ്ഞ അവൻെറ സംസാരം കേട്ട് ജാനു അറിയാതെ ചിരിച്ചു പോയി.

മനു ശ്രദ്ധിക്കുന്നുണ്ടെന്ന ബോധ്യം വന്നപ്പോൾ തന്നെ അവളത് മറച്ചു പിടിച്ചു.

“അപ്പോ പെണ്ണിന് ഇഷ്ടമൊക്കെ ഉണ്ട് അല്ലേ… ”

“ഹ.. ഹലോ… അപ്പു…. ഹാ… ദേ വരുവാ.. ”

മനുവിൻെറ ചോദ്യത്തിൽ നിന്നും രക്ഷപ്പെടാൻ അവൾ വേഗം ഫോണെടുത്ത് ചെവിയിൽ വച്ചു.

“ജാനു….. ഇപ്പോ ഫോൺ റിങ്ങ് ചെയ്തായിരുന്നോ…. ”

അവളുടെ വെപ്രാളം കണ്ടവൻ ചിരി അടക്കി പിടിച്ചു.

“അത്….വൈ…. വൈബ്രേഷനിലായിരുന്നു…”

ചുണ്ടിനു മുകളിൽ പൊടിഞ്ഞ വിയർപ്പു കണങ്ങളെ പുറം കയ്യാലവൾ തുടച്ചു മാറ്റി.

“ഹമ്മ്…..എനിക്കും ചില വൈബ്രേഷനൊക്കെ കിട്ടുന്നുണ്ട്ട്ടോ…..”

ചുണ്ടിലൂറിയ കള്ളച്ചിരിയോടെവൻ നേരെ നോക്കി ഇരുന്നു.

******************

“ആഹാ….. ശ്യാമസുന്ദരമായ ഭൂമി…. പക്ഷികളുടെ കളകളാരവം….കളകളം ഒഴുകുന്ന കൊച്ചരുവി…. ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്… ഇവിടെയാണ്…..

ഇവിടെയാണ്…… ”

തോട്ടിലേക്ക് കാലും നീട്ടിയിരുന്നാണ് ശിവയുടെ സാഹിത്യം.

“അരേ വ്വാ…. വ്വാ… വ്വാ……”

അവൻെറ സാഹിത്യത്തിനു കോറസ്സിടാൻ ബാക്കിയുള്ളവരും.

“അമ്പട കള്ള…. ശിവക്കുട്ടാ…. ഇതെവിടെ ആയിരുന്നു ഈ കൊലാകാരൻ ഇത്രയും നാളും….. ”

മേഘ താടക്ക് കയ്യും കൊടുത്ത് അവനെ ഒന്ന് അടിമുടി നോക്കി.

“ഹ….. ഹ…. ഹ…. ഇതൊക്കെ എന്ത്…. പഴശ്ശിയുടെ കളികൾ കമ്പനി കാണാൻ കിടക്കുന്നതേ ഒള്ളു….. ”

അവൻ ദേവമ്മയെ നോക്കി ഒന്ന് ഞെളിഞ്ഞു.

“നല്ല അടിപൊളി സ്ഥലം നമുക്ക് ഇടക്കൊക്കെ ഇങ്ങോട്ട് വരാം…..അല്ലേ ജിത്തു….. ”

ശിൽപ തണുത്ത വെള്ളം കൈകുമ്പിളിൽ എടുത്ത് മുഖത്തേക്കൊഴിച്ചു.

“വല്ലാത്തൊരു പോസിറ്റിവിറ്റിയുള്ള സ്ഥലം… എനിക്കും ഒരുപാട് ഇഷ്ടമായി….. ”

അവൻ അപ്പുവിനെ നോക്കി പുഞ്ചിരിച്ചു.

“എൻെറ സ്ഥലമല്ലേ…. അതാ….. ”

അപ്പു വല്യേ ഗമയിൽ പറഞ്ഞു.

“ആ ഒരു കുറവ് മാത്രേ ഈ സ്ഥലത്തിനൊള്ളു…….ബാക്കി എല്ലാം പക്ക…. ”

ദേവമ്മ അപ്പുവിനെ കളിയാക്കി ചിരിച്ചു.

“ബ്ലേ…… അതാ ഈ സ്ഥലത്തിൻെറ ഏറ്റവും വലിയ പ്രത്യേകത എന്ന് പറ… ങ്ഹും….. ”

അപ്പു ചുണ്ടു ചുളുക്കി.

“പിന്നേ….. ബല്ലാത്ത പ്രത്യേകതയാ…. എന്നാലും എൻെറ അപ്പുക്കുട്ടാ ഇത്ര നല്ല സ്ഥലത്തു നിന്ന് വന്നിട്ട് നിനക്കെന്താ ചന്ത ചാളമേരിയുടെ സ്വഭാവം….. ”

ശിവ അപ്പുവിൻെറ തോളിൽ കയ്യിട്ടു.

“ശിവേട്ടനല്ലേ കൂട്ട് അതോണ്ടാ…… ”

അപ്പു നന്നായിട്ടങ് ഇളിച്ചു.

“ആ പറഞ്ഞത് സത്യം…… ”

മേഘ അത് ശരിവെച്ചു.

“പോടി മരപ്പട്ടി…… ”

“നീ പോടാ തെണ്ടി….. ”

“നീ പോടി പട്ടി….. ”

“പോടാ നാറി…….”

“ഓ… രണ്ടു തെണ്ടികളും ഒന്നു നിർത്തോ…. ”

അവരുടെ വാക്വാദം നീണ്ടപ്പോൾ ശിൽപ ഇടയിൽ കയറി.

“അത് പറയാൻ നീയേതാ… ”

ശിവ ശിൽപ്പയുടെ നേർക്കു തിരിഞ്ഞു.

“അത് തന്നെ നീ ഏതാ…… ”

മേഘയുടെ മുഖത്തും പുച്ഛം.

“അയ്ശരി…. ഇപ്പോ ബോബനും മോളിയും ഒറ്റക്കെട്ട് ഞാൻ വെറും സ്പേഡ് എഴാം കൂലി….

നടക്കട്ടേ നടക്കട്ടേ…. നമ്മളില്ലേ…… ”

ശിൽപ കൈ കൂപ്പി.

“ബ്ലഡി എരപ്പ്സ്….. ബൈ ദ ബൈ അപ്പുക്കുട്ട്സ്…. നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…… ”

ശിവ വീണ്ടും അപ്പുവിന് നേരെ തിരിഞ്ഞു.

“നിക്ക് വിശക്കുന്നു……. ”

കീഴ്ചുണ്ടും തള്ളി വയറും തടവി അപ്പു അത് പറഞ്ഞതും എല്ലാവരും കണ്ണും മിഴിച്ച് അവളെ നോക്കി ഇരുന്നു.

“നിൻെറ വയറ്റിൽ വല്ല കൊക്കോപ്പുഴുവുമുണ്ടോ… ഈ മാതിരി തീറ്റ തിന്നിട്ട് അവൾക്ക് വിശക്കുന്നുവെന്ന്…… ”

ദേവമ്മ തലയിൽ കൈ വച്ചു പോയി.

“ഇത് പുഴുവല്ല കൊക്കോപ്പാമ്പാ… പാമ്പ്….. ”

ശിവ കൈ കുടഞ്ഞ് അവളെ പിടിച്ചു തള്ളി.

“അമ്മേ…… ”

അപ്പു ദേ കിടക്കുന്നു തോട്ടിൽ.

“പണി പാളീന്നാ തോന്നണേ….. ”

ശിവ എഴുന്നേറ്റൊരു ഓട്ടമായിരുന്നു.

“പിടിക്ക്….പിടിക്ക്…. പിടിക്ക്…. മേഘേ പിടിക്കവനേ…… ”

ശിൽപ്പയും മേഘയും അവൻെറ പുറകെ ഓടി.

“വല്ലതും പറ്റിയോ….. ”

ജിത്തു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

“ദുഷ്ടൻ….. ഇങ്ങോട്ട് വരട്ടേ… ഞാൻ വച്ചിട്ടുണ്ട്……. ”

അപ്പു പിറുപിറുത്തുകൊണ്ട് ജിത്തുവിൻെറ തോളിൽ പിടിച്ച് എഴുന്നേറ്റു.

ദേവമ്മയും ജിത്തുവും കൂടി അവളെ പിടിച്ചിരുത്തി ദേഹത്തു പറ്റിപ്പിടിച്ച മണ്ണും ചെളിയുമെല്ലാം തട്ടിക്കളഞ്ഞു.

“മുറിഞ്ഞിട്ടൊന്നുമില്ല…… ”

ദേവമ്മ അവളുടെ കാലു പിടിച്ച് തിരിച്ചും മറിച്ചും നോക്കി.

അപ്പോഴേക്കും ശിൽപ്പയും മേഘയും കൂടി ശിവയെ പിടിച്ചു കെട്ടി കൊണ്ടുവന്നിരുന്നു.

അവൻെറ കൈ രണ്ടും പുറകിലേക്ക് വളച്ചു പിടിച്ചു വച്ചിരിക്കുകയാണ്.

“വിടെടി…. വിട്…. ”

ശിവ കിടന്ന് കുതറി.

“അപ്പു പ്രതികാരം ചെയ്യെടി…. ചെയ്യ്…..”

അവര് രണ്ടും കൂടി ശിവയെ അപ്പുവിന് മുന്നിൽ ഇട്ടു കൊടുത്തു.

അപ്പു അവനെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് തോട്ടിൽ നിന്നും ചെളി വാരിയെടുത്തു.

“ദേ.. വിട്ടേ…. അവൾക്ക് ബുദ്ധി ഇല്ലാത്തതാട്ടോ… ഡാ… അളിയാ… ജിത്തു പറയെടാ…. ”

“സോറിടാ…. ഇത് നീ ചോദിച്ചു വാങ്ങിയതാ…….. ”

ജിത്തു കയ്യൊഴിഞ്ഞു.

“ജിത്തു.. യു.. ടു….. ബട്ട് വൈ…. ദേവമ്മേ ഒന്നു പറയെടി…… ”

“അപ്പു കൊടുക്കുമ്പോൾ രണ്ടെണ്ണം കൂടുതൽ കൊടുത്തോ….. ”

ദേവമ്മ അവനെ നോക്കി കൊഞ്ഞനം കുത്തി.

“അപ്പു… ഡീ…. വേണ്ടെടി നിൻെറ ശിവേട്ടനല്ലേ… ഡോണ്ടു…… ”

“ബുഹഹഹ…….”

അപ്പു വിജയി ഭാവത്തിൽ അവൻെറ മുഖത്താകെ ചെളി വച്ചു തേച്ചു.

മുഖത്താകെ ചെളി പിടിച്ച അവൻെറ കോലം കണ്ട് എല്ലാവരും കൂടി ചിരിയോടു ചിരിയായിരുന്നു.

പിന്നെ അടിയും ഇടിയുമൊക്കെ അവസാനിപ്പിച്ച് മുഖമൊക്കെ കഴുകി എല്ലാവരും കൂടി തിരിച്ചു വീട്ടിലേക്കു നടന്നു.

നടക്കുന്നതിൻെറ ഇടയിൽ അപ്പു ജിത്തുവിൻെറ കൈ കോർത്തു പിടിച്ചു. ഏറ്റവും പുറകിലായി നടക്കുന്നതു കൊണ്ട് ബാക്കി ആരും അത് ശ്രദ്ധിച്ചില്ല.

“മ്……. ”

ജിത്തു പുരികം ഉയർത്തി ചോദ്യഭാവത്തിൽ നോക്കി.

“മ്ച്ചും…. വീണതല്ലേ നടക്കാനൊരു ബുദ്ധിമുട്ട്…… ”

അപ്പു വെളുക്കെ ചിരിച്ചു.

“ഹമ്മ്……. ”

ജിത്തു തലയാട്ടി ചിരിച്ചു.

****************

അവർ വീട്ടിൽ എത്തിയതിൻെറ പുറകെ മനുവും ജാനുവും എത്തി.

“ജാനുവേച്ചി…….”

ജാനുവിനെ കണ്ടപാടെ അപ്പു ജിത്തുവിൻെറ കൈ വിട്ട് അവളുടെ കയ്യിലേക്ക് തൂങ്ങി.

“രാവിലെ വരായിരുന്നില്ലേ… ഞങ്ങൾ കുറേ സ്ഥലത്ത് പോയി…. സാരമില്ല നമുക്ക് കഴിച്ചിട്ട് പോകാവേ… വാ…. ”

ജാനുവിൻെറ കയ്യും പിടിച്ചവൾ അകത്തേക്കു കയറി.

“എന്താ അളിയാ നിൻെറ കഴുത്തിൽ…. ”

ശിവയുടെ കഴുത്തിൽ പറ്റിപ്പിടിച്ച മണ്ണ് മനു നഖം വച്ച് ഇളക്കിയെടുത്തു.

“അത് ഞാനൊന്ന് ഫേഷ്യൽ ചെയ്തതാ….. ”

അവൻ വേഗം മണ്ണ് തട്ടിക്കളഞ്ഞു.

“അതെ അതെ…. തലയ്ക്കകത്തെ കളിമണ്ണ് വച്ച്….. ”

ദേവമ്മ അടക്കം പറഞ്ഞു ചിരിച്ചു കൊണ്ട് അവരുടെ പുറകെ പോയി.

“വന്ന് വന്ന് ഇവളും ട്രോളി തുടങ്ങിയല്ലോ കർത്താവേ…. കലികാലം….. കലികാലം… ”

ശിവ കണ്ണീര് തുടക്കും പോലെ കാണിച്ച് അകത്തു കയറി.

ദേവമ്മയും ശിവയും പറഞ്ഞതൊന്നും മനസ്സിലാവാതെ മനു അപ്പോഴും വാ തുറന്നു നിൽക്കുകയായിരുന്നു.

അടുത്ത അങ്കം ഭക്ഷത്തിനു മുന്നിലായിരുന്നു.

ജാനുവിൻെറ മിഴികൾ പലതവണ ആയി മനുവിലേക്ക് നീളുന്നുണ്ടായിരുന്നു. അവൾ ശാസനയോടെ തടഞ്ഞു നിർത്താൻ ശ്രമിക്കുന്തോറും അത് പരാചയപ്പെട്ടുകൊണ്ടേ ഇരുന്നു.

“മുത്തശ്ശി….ഈ കറിയിൽ ഉണ്ടമുളകാണോ ഇട്ടത് നല്ല എരി….. ”

ചുണ്ടു നുണഞ്ഞ് ശിവ ദേവമ്മയെ നോക്കി ഇളിച്ചു.

“അല്ല മോനെ ഇവിടെ തോട്ടത്തിൽ ഉണ്ടാവുന്നതാ…

അതാ…. നല്ല എരിവും കാണും രുചിയും കാണും….”

“പക്ഷെ ഉണ്ടമുളകിൻെറ അത്ര പോരാ… അല്ലേ ദേവമ്മേ….. ”

കണ്ണു ചിമ്മി ശിവ അത് പറഞ്ഞതും കലി കയറി ദേവമ്മ അവൻെറ കാലിലേക്ക് ആഞ്ഞൊരു ചവിട്ടു വച്ചു കൊടുത്തു.

“ആഹ്…….. ”

പക്ഷെ അത് കൊണ്ടത് പാവം ജിത്തുവിനായിരുന്നു.

“കാലുമാറി……. ”

ശിവ പ്ലേറ്റിൽ ക_ളം വരച്ചിരുന്നു.

“എന്താടാ…. ”

“ഏയ്…. ഒന്നൂല……. ”

ജിത്തുവിന് സംശയം അപ്പുവിനെ ആയിരുന്നു.

പക്ഷെ അവൾ അവിടെ നടക്കുന്നതൊന്നും അറിയാതെ ഭക്ഷണമേ ശരണം എന്നവണ്ണം കനത്ത പോളിങ്ങിലാണ്.

അപ്പു അല്ലെങ്കിൽ പിന്നെ ആര് എന്നവൻ ചിന്തിച്ചിരിക്കുന്നതിനിടയിൽ ഇരുന്നു പരുങ്ങുന്ന ദേവമ്മയെ ഇട്ട് കണ്ടതുമില്ല.

ഈ സമയം മനു ജാനുവിനെ തന്നെ നോക്കി ഇരിക്കുകയാണ്. ഇടക്ക് അവളുടെ നോട്ടവും അവനിൽ എത്തിയതും മനു ഒന്ന് സൈറ്റഡിച്ചു കാണിച്ചു.

“എഹ്…. എഹ്……”

കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം തലയിൽ കയറി ജാനു ചുമയോട് ചുമ.

“സൂക്ഷിച്ചു കഴിക്ക് ജാനു…. ”

മനു മുഖത്ത് ആവുന്നത്ര നിഷ്കളങ്കത വരുത്തി ഒന്നും അറിയാത്തതുപോലെ അവൾക്ക് വെള്ളമെടുത്തു കൊടുത്തു.

ജാനു അവനെ തന്നെ കണ്ണും മിഴിച്ചു നോക്കുകയാണ്.

മേഘ അവളുടെ തലയിൽ പതിയെ തട്ടി കൊടുത്തു.

ഊണുമേശക്കടിയിലും മുകളിലും നടക്കുന്ന യാതൊന്നും അറിയാതെ അപ്പുകുട്ടൻ ചോറുരുട്ടി ഉണ്ണുകയാണ്.. അല്ലെങ്കിലും ഭക്ഷണത്തിനു മുന്നിൽ എന്ത് പ്രേമം എന്ത് സൗഹൃദം.. അവളും ഭക്ഷണവും മാത്രം..

ഭക്ഷണത്തിനു ശേഷവും അവർ ഒരുമിച്ച് കുറേ സ്ഥലങ്ങളിൽ കറങ്ങി നടന്നു.

കളിച്ചും ചിരിച്ചും സെൽഫി എടുത്തും മറക്കാനാവാത്ത ഒരു ദിവസം..

(തുടരും………)

ഒരുപാട് വലിച്ചു നീട്ടുന്നപോലെ തോന്നുന്നുണ്ടെങ്കിൽ പറയണേ…..

പ്രണയത്തിനോടൊപ്പം തന്നെ അവരുടെ സൗഹൃദത്തിനും ഈ കഥയിൽ തുല്യ പ്രാധാന്യമാണ്..

അതുകൊണ്ടാണ്….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)