എന്നെ കാണാനായി അമ്മ ഇനി വ- രരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ ആ കണ്ണുകൾ നി- റഞ്ഞു….

രചന : Jewelq Joseph

എനിക്ക്‌ അച്ഛന്റെ കൂടെ പോയാൽ മതി…

ഒരു മടിയും കൂടാതെ പറയുമ്പോൾ അമ്മയുടെ നിറകണ്ണുകളിലേക്ക് ഞാൻ മനഃപൂർവം നോക്കിയില്ല.

അച്ഛന്റെ മുഖത്തു വിജയച്ചിരി വിരിഞ്ഞു. മുറ്റത്ത് ഞങ്ങളെ കാത്തു നിന്ന കവിതയാന്റി എന്നെ ചേർത്തു പിടിച്ചു. ഒരു സിനിമാ നടിയെപ്പോലെ സുന്ദരിയായ ആന്റിയെ ഞാൻ അത്ഭുതത്തോടെയാണ് നോക്കിയത്.

പിഞ്ഞി തുടങ്ങിയ നരച്ച സാരിയുടുത്തു അമ്മ വാതിൽക്കൽ നിന്ന് ഞങ്ങളെ നോക്കുന്നത് കണ്ടില്ലെന്ന് നടിച്ചു അച്ഛന്റെ വിലയേറിയ കാറിൽ കയറി. ഒരു മണിക്കൂറിനുള്ളിൽ പുതിയ വീട്ടിലെത്തിയ ഞാൻ അമ്പരപ്പോടെ ചുറ്റും നോക്കി.

എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനില വീട്. ഇത്രയും നാളും കഴിഞ്ഞ അമ്മയുടെ ചെറിയ വീട് ഓർമയിലെത്തി. രണ്ട് ചെറിയ മുറികളും അടുക്കളയും മാത്രമുള്ള ഓടിട്ട വീട്. മഴ പെയ്താൽ വെള്ളം മുഴുവൻ അകത്തുണ്ടാകും.

പതിനഞ്ചാം പിറന്നാളായിരുന്നു അടുത്ത ദിവസം.

അന്ന് അച്ഛനും കവിതയാന്റിയും വലിയൊരു കേക്ക് വാങ്ങി. ആന്റി എനിക്കിഷ്ടപ്പെട്ട ചിക്കൻ ബിരിയാണി ഉണ്ടാക്കി.

വൈകുന്നേരം ഞങ്ങൾ ബീച്ചിൽ പോയി. ആദ്യമായി ഞാൻ ഫലൂഡയുടെ രുചി അറിഞ്ഞു.

കഴിഞ്ഞ വർഷം വരെ ഒരു പായസത്തിൽ ഒതുങ്ങിയിരുന്നു എന്റെ പിറന്നാളുകൾ.

അച്ഛനും അമ്മയും തമ്മിലുള്ള വിവാഹം അച്ഛമ്മയുടെ നിർബന്ധം ആയിരുന്നു. അമ്മ അച്ഛമ്മയുടെ വീടിനടുത്തു താമസിച്ചിരുന്ന ഒരു സാധാരണ നാട്ടിൻപുറത്തുകാരി. അച്ഛന് അന്നേ കൂടെ വർക്ക്‌ ചെയ്യുന്ന കവിതയെ ആയിരുന്നു ഇഷ്ടം.

കവിതയാന്റി ഭർത്താവുമായി പിരിയുന്നത് വരെ അച്ഛനും അമ്മയും തമ്മിൽ പ്രശ്നങ്ങളൊന്നും ഇല്ലാതെ പോയി.എനിക്ക് പത്തു വയസുള്ളപ്പോഴാണ് അച്ഛൻ ഞങ്ങളെ വിട്ട് കവിതയാന്റിയുമായി ജീവിക്കാൻ തുടങ്ങുന്നത്.

അച്ഛനെ കുറ്റം പറയാൻ എനിക്ക് തോന്നിയില്ല.

അമ്മ അത്ര സുന്ദരിയല്ല. ഇരുനിറമേയുള്ളൂ.

ആന്റിയുടെ അത്രയും പഠിത്തമില്ല. ഇംഗ്ലീഷ് അറിയില്ല. എപ്പോഴും സാരിയും വാരി ചുറ്റി തലയിൽ എണ്ണയും തേച്ചു പഴഞ്ചനായ അമ്മയേക്കാൾ കവിതാന്റിയെ ഇഷ്ടപ്പെട്ടതിൽ അത്ഭുതമൊന്നുമില്ല.

അച്ഛൻ പോയപ്പോൾ അമ്മയും ഞാനും അമ്മയുടെ ചെറിയ വീട്ടിലേക്ക് പോയി. അമ്മ അടുത്തുള്ള വീടുകളിൽ ജോലിക്ക് പോയാണ് ഞങ്ങൾ കഴിഞ്ഞത്. ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതിരുന്ന അച്ഛൻ നാല് വർഷങ്ങൾക്ക് ശേഷം വന്നു. കവിതയ്ക്ക് കുട്ടികൾ ഉണ്ടാകില്ല.

അതിനാൽ എന്നെ ആവശ്യപ്പെട്ടുകൊണ്ട്.

എന്ത് മറുപടി പറയണം എന്നറിയാതെ അമ്മ എന്നെ നോക്കുമ്പോൾ ഞാൻ അച്ഛൻ കൊണ്ടു വന്ന വില കൂടിയ ഡ്രെസ്സുകളും ബേക്കറി പലഹാരങ്ങളും കണ്ടു കണ്ണ് തള്ളി നിക്കുകയായിരുന്നു.

എന്റെ മോളെ ഞാൻ വിട്ടു തരില്ല എന്ന് അമ്മ തീർത്തു പറയുമ്പോൾ എനിക്ക് നിരാശ തോന്നി.

അച്ഛൻ പിന്നെയും വന്നു. ഇക്കുറി ഒരു ഓഫർ കൂടി വച്ചു എനിക്കൊപ്പം അമ്മയ്ക്കും അവിടെ താമസിക്കാം.

നമുക്ക് പോകാം അമ്മേ..

ഞാൻ പറഞ്ഞപ്പോൾ അമ്മ എന്റെ മുഖത്തേക്ക് നോക്കി.

അമ്മ വരില്ല… മോൾക്ക്‌ വേണമെങ്കിൽ പൊയ്ക്കോ…

ഞാൻ പോകില്ല എന്ന് അമ്മ പ്രതീക്ഷിച്ചു കാണും.

പക്ഷെ ഞാൻ ചെയ്തതാണ് ശരി.

എന്റെ അച്ഛന്റെ കൂടെയല്ലേ ഞാൻ പോകുന്നത്.

ഇത്രയും നാളും ഞാൻ അമ്മയുടെ ഒപ്പമല്ലേ നിന്നത്.

******************

പാർവ‌തീ….

പാതിയുറക്കത്തിൽ നിന്ന് ഞാൻ കണ്ണ് തുറക്കുമ്പോൾ അരികിൽ ഇളം നീല നിറമുള്ള യൂണിഫോം അണിഞ്ഞ ഒരു നേഴ്സ് ആണ്.

ഇൻജക്ഷൻ എടുക്കാനുണ്ട്….

അരികിൽ കിടന്ന കുഞ്ഞിനെ ഞാൻ നോക്കി.

നല്ല ഉറക്കത്തിലാണ്. അടുത്ത ബെഡിൽ അമ്മ എന്നെയും നോക്കി ഇരിപ്പുണ്ട്.

ശ്രീയേട്ടൻ വീട്ടിലേക്ക് പോയോ…

ഇന്നലെയായിരുന്നു ഡെലിവറി. ഉച്ചക്ക് ആഹാരം കഴിച്ച ശേഷം കിടക്കുമ്പോഴാണ് വേദന തുടങ്ങിയത്.

അച്ഛനും കവിതാന്റിയും കൂടി ആന്റിയുടെ അനിയത്തിയുടെ പുതിയ വീടിന്റെ ഹൌസ് വാമിങ്ങിനു പോയിരിക്കുകയാണ്.

ആദ്യം വിളിച്ചത് കവിതാന്റിയെ ആയിരുന്നു. പക്ഷെ ഫോൺ സ്വിച്ച് ഓഫ്‌.

ശ്രീയേട്ടനെ വിളിച്ച ഉടനെ അമ്മയുമായി ഓടിയെത്തി. മാസം തികഞ്ഞു നിക്കുന്ന പെണ്ണിനെ ആരെങ്കിലും വീട്ടിൽ തനിച്ചു നിർത്തുമോ… നിന്റെ പെറ്റമ്മ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യുമോ എന്ന് ശ്രീയേട്ടന്റെ അമ്മ ചോദിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി. അമ്മയെ ഓർമ വന്നു.

കവിതാന്റി ആദ്യമൊക്കെ സ്നേഹത്തോടെയാണ് പെരുമാറിയത്. പക്ഷെ അച്ഛൻ എന്നെ സ്നേഹിക്കുന്നതോ എന്നോട് സംസാരിക്കുന്നതോ ഇഷ്ടമല്ല. അതൊന്നും ഞാൻ കാര്യമാക്കിയില്ല.

ആഡംബര ജീവിതം ഞാൻ അത്രയും ഇഷ്ടപ്പെട്ടിരുന്നു.

അമ്മ ഇടക്ക് വല്ലപ്പോഴും അച്ഛന്റെ ഫോണിലേക്ക് വിളിക്കും. അതിനെച്ചൊല്ലിയും അച്ഛനും ആന്റിയും തമ്മിൽ വഴക്ക് പതിവായപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു ഇനി വിളിക്കരുതെന്ന്. അന്ന് അമ്മയുടെ എങ്ങൽ കേട്ടു. പിന്നീട് ഒരിക്കലും അമ്മ വിളിച്ചിട്ടില്ല.

ഡിഗ്രിയും പി. ജി യും ചെയ്യുമ്പോൾ ഹോസ്റ്റലിലാണ് നിന്നത്.കൂട്ടുകാരുടെ മുന്നിൽ അഭിമാനത്തോടെയാണ് അച്ഛനെയും ആന്റിയെയും പരിചയപ്പെടുത്താറുള്ളത്. ഒരിക്കൽ അമ്മ ഹോസ്റ്റലിൽ കാണാനെത്തി. ആരാണെന്ന കൂട്ടുകാരുടെ ചോദ്യത്തിന് അകന്ന ബന്ധു എന്നാണ് പറഞ്ഞത്. കുനിഞ്ഞ മുഖത്തോടെ അമ്മ നടന്നു പോകുമ്പോൾ പിന്നാലെ ചെന്ന് ഇനി ഇവിടെ വരരുതെന്ന് പറയാനും മറന്നില്ല. അന്നാണ് അവസാനമായി അമ്മയെ കണ്ടത്.

ലേബർ റൂമിനുള്ളിൽ വേദന കൊണ്ട് പുളയുമ്പോൾ അമ്മ മാത്രമായിരുന്നു മനസ്സിൽ.

വർഷങ്ങൾക്ക് മുൻപ് എനിക്ക് ജന്മം നൽകുമ്പോൾ അമ്മയും ഇതേ വേദന അനുഭവിച്ചു കാണില്ലേ…. എനിക്ക് അമ്മയെ കാണാൻ തോന്നി.

ഇടക്ക് ലേബർ റൂമിലേക്ക് വന്ന ശ്രീയേട്ടനോട് ഞാൻ കരഞ്ഞു പറഞ്ഞു എനിക്ക് അമ്മയെ കാണണം…

ശ്രീയേട്ടൻ ആശ്ചര്യത്തോടെ എന്നെ നോക്കി.

ഇതിനു മുൻപ് ഏട്ടന്റെ അമ്മ എന്നോട് പല തവണ അമ്മയെക്കുറിച്ചു ചോദിച്ചിട്ടുണ്ട്.

അപ്പോഴൊക്കെ ഞാൻ ഒഴിഞ്ഞു മാറുകയാണ് പതിവ്.

അടുത്ത ദിവസം റൂമിലെത്തുമ്പോൾ ശ്രീയേട്ടന്റെ കൂടെ എന്റെ മോളെ എടുത്തു അമ്മയുമുണ്ട്.

എന്നെ കണ്ടപ്പോൾ കുഞ്ഞിനെ ശ്രീയേട്ടന്റെ കയ്യിൽ കൊടുത്തിട്ട് എന്നെ താങ്ങിപ്പിടിച്ചു ബെഡിലേക്ക് കിടത്തി.

അമ്മ വന്നതറിഞ്ഞാകണം ആന്റിയും അച്ഛനും ഹോസ്പിറ്റലിൽ വന്നതേയില്ല. രാത്രി മുഴുവൻ ഉറങ്ങുന്ന കുഞ്ഞിനെ അമ്മ എടുത്തു നടക്കും.

പകൽ സമയം എന്റെയും മോളുടെയും കാര്യങ്ങൾ നോക്കും. ഒരു പരിഭവവും പറഞ്ഞില്ല.

പെറ്റമ്മക്ക് പകരം വെയ്ക്കാൻ മറ്റാരുമില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞ ദിവസങ്ങളാണ്.

ശ്രീയേട്ടൻ എങ്ങനെയാ അമ്മയെ ഇത്രയും പെട്ടെന്ന് കൊണ്ടുവന്നത്….

ഒരു ദിവസം ഞാൻ ശ്രീയേട്ടനോട് ചോദിച്ചു.

നമ്മുടെ വിവാഹം ഉറപ്പിച്ചപ്പോൾ തന്നെ മീരയുടെ അമ്മ എന്നെ വന്നു കണ്ടിരുന്നു… അമ്മ ഒരു ഓർഫനേജിലാണ് താമസിക്കുന്നത്… അവിടെയുള്ള ചെറിയ കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയാണ്…

ഇടയ്ക്കൊക്കെ നീ അറിയാതെ അമ്മ നിന്നെ വന്നു കാണുമായിരുന്നു….

ഞാൻ അമ്പരപ്പോടെ ഏട്ടനെ നോക്കി.

നിന്നെക്കാൾ സുന്ദരിയായ ഒരു പെണ്ണിനെ കണ്ടാൽ ഞാൻ നിന്നെ മറന്നു അവളുടെ പിന്നാലെ പോയാൽ നീ സഹിക്കുമോ..

നീ നൊന്ത് പ്രസവിച്ച മോൾ നിന്നെ ഉപേക്ഷിച്ചു പോയാൽ നീ സഹിക്കുമോ….

എന്റെ നെഞ്ച് വിങ്ങി. മോളെ ഞാനൊന്ന് കൂടി ചേർത്തു പിടിച്ചു.കണ്ണുകൾ കുറ്റബോധം കൊണ്ട് നിറഞ്ഞൊഴുകി.

ഹോസ്പിറ്റലിൽ നിന്ന് നേരെ പോയത് ശ്രീയേട്ടന്റെ വീട്ടിലാണ്. അമ്മയും കൂടെ വന്നു. എന്റെ എല്ലാ കാര്യങ്ങളും സന്തോഷത്തോടെ ചെയ്തു.

ഇടക്ക് രണ്ട് തവണ അച്ഛൻ കുറേ സമ്മാനങ്ങളുമായി വന്നു.

ഇത്തവണ അതൊന്നും എന്നെ ആകർഷിച്ചില്ല.

മൂന്ന് മാസം വരെ മോൾക്ക് പാല് കൊടുക്കുന്നത് മാത്രമായിരുന്നു എന്റെ ജോലി. മോൾക്ക് മൂന്ന് മാസം കഴിഞ്ഞപ്പോൾ അമ്മ ഓർഫനേജിലേക്ക് തിരികെ പോയി. പോകരുതെന്ന് പറഞ്ഞു ഞാൻ കരഞ്ഞപ്പോൾ എന്നെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു.

ഓർഫനേജിൽ അമ്മയെ കാത്ത് ഒരുപാട് കുഞ്ഞു മക്കളുണ്ട്… മോൾക്ക് എന്നെ കാണണമെന്ന് തോന്നിയാൽ അവിടെ വരാം..

കുഞ്ഞിനും ഒരു കുഞ്ഞുമ്മ കൊടുത്ത് അമ്മ നടന്നു നീങ്ങി. ഇപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞില്ല. പക്ഷെ മോളെയും നെഞ്ചോട് ചേർത്തു നിന്ന എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

(അവസാനിച്ചു )

ലൈക്ക് കമൻ്റ് ചെയ്യണേ..

രചന : Jewelq Joseph