നമ്മുടെ ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകുന്നില്ല.. പിന്നേ എന്തിനാണ് ഈ ബന്ധം

രചന : ഡേവിഡ് ജോൺ

എന്റെ പെണ്ണ്

******************

അത്തായം കഴിഞ്ഞ് ബെഡിലോട്ട് വീണു മയങ്ങാൻ ശരീരവും മനസ്സും സജ്ജമായിരിക്കുകയാണ്.

പക്ഷേ അതിനു മുൻപ് ഒരു ചടങ്ങു കൂടി ബാക്കിയുണ്ട്.

പാറുവിനോട്‌ അല്പ സമയം ഫോണിൽ സൊള്ളണം അല്ലെങ്കിൽ പിന്നേ അത് മതി നാളെ അതും പറഞ്ഞു മുഖം വീർപ്പിച്ചിരിക്കാൻ. പിന്നേ ഒട്ടും താമസിപ്പിച്ചില്ല കമ്പ്യൂട്ടർ പോലും തോറ്റു പോകുന്ന വേഗത്തിൽ ഫോണിൽ പാറുവിന്റെ നമ്പർ ഡയൽ ചെയ്യ്തു.

പതിവു ദിനചര്യ കണക്കെ ആ ദിവസത്തെ വിശേഷങ്ങൾ ഓരോന്നായി ചോദിച്ചു കൊണ്ടിരിക്കെ പാറുവിന്റെ മറുപടികൾ മൂളലിൽ ഒതുങ്ങിയതും കാര്യം വളരെ വേഗത്തിൽ തന്നെ മനസ്സിലായി.

അതിന്റെ ആദ്യ ഘട്ടമായി ഞാനെന്റെ മനസ്സ് കാഠിന്യമുള്ളതാക്കി മാറ്റി . ജന്മസിദ്ധമായി കിട്ടിയ മുൻകോപം അടക്കി പിടിച്ച ശേഷം വായിലെ വികട സരസ്വതിയെ കൂച്ചി വിലങ്ങിട്ട് നിർത്തി.

അടുത്ത ഘട്ടം…..

ഒന്നുമറിയാത്ത ഭാവത്തിൽ നിഷ്കളങ്കത നിറഞ്ഞ ശബ്ദത്തോടെ ഞാൻ സംസാരിച്ചു തുടങ്ങി.

“പാറു എന്താ നിന്റെ ശബ്ദത്തിന് ഒരു വ്യത്യാസം?”

ഓപ്പോസിറ്റ് സൈഡിൽ നിന്നും പ്രതീക്ഷിച്ച അതെ മറുപടി എന്നെ തേടി വന്നു.

“”നിങ്ങൾക്കിപ്പോഴും എന്റെ ശബ്ദത്തിലെ വ്യത്യാസങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ടല്ലേ അത് തന്നെ മഹാഭാഗ്യം..! ”

“നീയെന്താ പെണ്ണെ ഇങ്ങനെ സംസാരിക്കുന്നത്?

എന്നോട് എന്തെങ്കിലും തുറന്ന് പറയാനുണ്ടെങ്കിൽ ഈ വളച്ചുക്കെട്ടലിന്റെ ആവശ്യമുണ്ടോ? ”

“എനിക്ക് ഒന്നും പറയാനില്ല നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞോ ഞാൻ കേട്ടോളാം ”

പാറുവിന്റെ സംസാരത്തിൽ നിന്നും വലിയ വിപത്ത് എന്തോ തേടി വരാൻ പോകുന്നു എന്ന് ഞാൻ മനസ്സിലാക്കി

” നീ കാര്യം പറ. നിന്റെ ശബ്ദത്തിലെ നേരിയ വ്യത്യാസം പോലും എനിക്കു മനസ്സിലാവും. വർഷം ഒരുപാട് ആയില്ലേ നിന്നെ സ്നേഹിക്കാൻ തുടങ്ങിയിട്ട്. ”

(സ്നേഹം ചാലിച്ച മറുപടികൾ വേണം ആ സമയത്തു നമ്മൾ പറയാൻ. അല്ലെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യപ്പെട്ടു വിലപ്പെട്ട ദിവസങ്ങൾ പോകും)

“എല്ലാ കാര്യങ്ങളും നിങ്ങളോടു തുറന്നു സംസാരിക്കാൻ എനിക്ക് സാധിക്കില്ല.”

അവളുടെ മറുപടികൾ സ്പഷ്ടവും ഉറച്ചതുമായിരുന്നു

“പാറു, നിന്റെ പ്രശ്നം എനിക്ക് സ്ഥിരമായി ഒരു ജോലിയില്ലെന്നുള്ളതാണ് .പക്ഷേ അധികം വൈകാതെ ഞാൻ അത്‌ നേടും നിനക്ക് ഞാനത് ഉറപ്പ് തരാം. നിന്നെ പൊന്നു പോലെ ഞാൻ നോക്കും.ആ വിശ്വാസം എനിക്കുണ്ട്.”

“വർഷം ഒത്തിരിയായി നിങ്ങൾ ഇതു തന്നെ പറയാൻ തുടങ്ങിയിട്ട്. എന്നിട്ട് ഇതുവരെ നിങ്ങൾക്ക് വല്ല മാറ്റവും സംഭവിച്ചോ? കൂടെ പഠിച്ച കൂട്ടുകാരികളൊക്കെ വിവാഹം കഴിഞ്ഞു ഭർത്താക്കന്മാരോടൊപ്പം സന്തോഷത്തോടെ ജീവിക്കുമ്പോൾ ഞാൻ ഇവിടെ വീട്ടുകാരുടേയും നാട്ടുകാരുടെയും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്. ”

“അറിയാം പാറു. എനിക്ക് വേണ്ടിയാണ് നീയിതൊക്കെ കേട്ടും സഹിച്ചും അവിടെ നിൽക്കുന്നതെന്ന്.

പക്ഷേ നീ പറയുന്നത് പോലെ സ്ഥിരമായ ഒരു ജോലി എനിക്ക് കണ്ടെത്താൻ സാധിക്കുന്നില്ല.കിട്ടുന്ന ജോലിക്കാണെങ്കിൽ മാസം പത്തായിരം രൂപ ശ^മ്പളവും. നമ്മുടെ നാട്ടിൽ തൊട്ടതിനും പിടിച്ചതിനും വില റോക്കറ്റ് പോലെയാണ് ദിവസവും കൂടുന്നത് അതിനനുസരിച്ചു കൂലി കൂടുന്നുണ്ടോ..?അവർ തരുന്ന കൂലി കൊണ്ട് ഒരു സാധാരണക്കാരൻ ഇന്നത്തെ കാലത്ത് എങ്ങനെ ജീവിക്കും?”

“നിങ്ങളെന്തെങ്കിലും ചെയ്യ്‌. ഞാനിനി ഒന്നും പറയുന്നില്ല.

“പാറു വെറുതെ നീ എന്റെ സ്വഭാവം മാറ്റരുത്.

പെൺപിള്ളേർക്കുള്ളത് പോലെ പ്രശ്നങ്ങൾ ആൺകുട്ടികൾക്കുമുണ്ട്.

നിനക്കു ദേഷ്യം വരുമ്പോൾ അതു പ്രകടിപ്പിക്കാൻ ഞാനുണ്ട് പക്ഷേ എന്റെ പ്രശ്നങ്ങൾ ഞാനാരോട് പറയും? വേദനകളെ സ്വയം മനസ്സിൽ അടക്കി പിടിച്ചു പുറമെ ഗൗരവം കാണിക്കുന്നവരാണ് ഞങ്ങളിൽ ഭൂരിഭാഗം പേരും. ഞങ്ങൾക്കു സ്നേഹം പ്രകടിപ്പിക്കാൻ സാധിക്കാറില്ല എന്ന് കരുതി ഞങ്ങൾക്ക് സ്നേഹിക്കനറിയില്ലെന്ന് പറയാൻ പാടില്ല.”

“ശരി ഇനി നിങ്ങളെന്തെങ്കിലും ചെയ്യ്തോ.

“അങ്ങനെയാണോ..?എങ്കിൽ ശരി. ഇനി എന്റെ കാര്യങ്ങളും നിന്നോട് പറയുന്നില്ല പോരെ.? നീ അധികം ഡയലോഗ് അടിക്കാതെ ഉറങ്ങാൻ നോക്കു . അല്ലെങ്കിൽ പിന്നേ എന്റെ ശബ്ദത്തിന്റെ വ്യത്യാസം നിനക്ക് മനസ്സിലാവും.”

ഫോൺ കട്ട്‌ ചെയ്യ്ത് തിരിഞ്ഞു കിടന്നിട്ടും മനസ്സിൽ ഒരേയൊരു ചിന്ത മാത്രം

നട്ടപാതിരായ്ക്ക് ഇവൾക്ക് ഭ്രാന്തായോ എങ്കിൽ അടുത്ത സെക്കൻഡിൽ മെസ്സേജ് വരും

ചിന്തിച്ചു തീർന്നില്ല ഫോണിൽ ഒരു മെസ്സേജ് അലെർട്ട്.

ഈ റിലേഷൻ മുന്നോട്ടു കൊണ്ട് പോകണോ ???

നമ്മുടെ ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകുന്നില്ല,പിന്നേ എന്തിനാണ് ഈ ബന്ധം ?വെറുതെ മൂന്ന് വർഷം കാത്തിരുന്നു. ഇനി നിങ്ങൾ തന്നെ പറ ഞാനെന്താ ചെയ്യേണ്ടത് ???

ചാറ്റ് കണ്ടിട്ടും കാണാത്തതു പോലെ അഭിനയിക്കരുത് മറുപടി തരാൻ താല്പര്യം ഇല്ലെങ്കിൽ ബൈ ഞാൻ ശല്യം ചെയുന്നില്ല.

മെസ്സേജിന് എന്ത് മറുപടിയാണ് കൊടുക്കുക എന്നാലോചിച്ചു കൊണ്ട് ഞാൻ അല്പ സമയം നിശബ്ദത പാലിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇന്ത്യ പാക്ക് യുദ്ധം പോലെ ഇതുപോലുള്ള മെസ്സേജ് ഒരുപാട് കണ്ടിട്ടുണ്ട്. ആ സമയത്തൊക്കെ നയതന്ത്ര ചർച്ചയിലൂടെ ഞാനതു പരിഹരിച്ചിട്ടുണ്ട്.

വീട്ടിൽ കല്യാണാലോചനകളുടെ എണ്ണം കൂടുമ്പോൾ അതിർത്തിയിൽ നിന്നും ഇങ്ങനെയുള്ള ബോംബ് മെസ്സേജ് അയക്കുക അവളുടെ പതിവാണ്

മനസ്സിൽ ആത്മാർത്ഥ സ്നേഹമില്ലെങ്കിൽ ഡിഗ്രിയും കഴിഞ്ഞു തേരാപാരയായി നടന്നിരുന്ന എന്നെ അവൾ ഇഷ്ട്ടമാണെന്ന് പറയില്ലായിരുന്നല്ലോ.

പലതവണ ഞാൻ ആലോചിട്ടുണ്ട്. എന്ത് കഷ്ട്ടപ്പാട് സഹിച്ചിട്ടാണെങ്കിലും പാറുവിനെ പൊന്നു പോലെ നോക്കണം എന്നൊക്കെ.

പക്ഷേ മുന്നോട്ടുള്ള ജീവിതം ചില തമിഴ് സിനിമകളിലെപ്പോലെ പാവപ്പെട്ടവന് പാട്ട് കഴിയുമ്പോൾ പണക്കാരനാവുന്നതു പോലെ അതത്ര സിമ്പിളല്ലെന്ന് എനിക്ക് അലെർട്ട് വരും .

അപ്പോയൊക്കെ എന്റെ അത്യാഗ്രത്തെ ഉദാഹരണമായിട്ട്…

നമുക്ക് കിളിച്ചുണ്ടൻ മാമ്പഴം സിനിമയിൽ ശ്രീനിവാസൻ ജഗതി ചേട്ടനോട് പറയുന്ന ഒരു ഡയലോഗ്.

പിടയ്ക്കണ മത്തിയും മുന്നിൽ വച്ച് എത്ര കാലമെന്ന് കരുതിയ പൂച്ച ഇങ്ങനെ നോക്കിയിരിക്കുക?

അടക്കി പിടിച്ച മീൻ കൊതി, പാറുവിന്റ പ്രായമായ അമ്മയുടെ വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ ഓർത്തുമാത്രം ഒതുക്കി വച്ചു.

പുറത്തു നിന്ന് നോക്കി കാണുന്നവർക്ക് ചിലപ്പോൾ വിഢിത്തമായി തോന്നാവുന്ന പ്രവർത്തിയാണിത്

പക്ഷേ അകത്തു നിന്ന് നോക്കുന്നവർക്ക് നമ്മളെ സ്നേഹിച്ചതിന്റെ പേരിൽ വീട്ടുകാരാലും നാട്ടുകാരാലും വെറുക്കപ്പെട്ടവളായി എന്റെ വീടിന്റെ അകത്തളത്തിൽ മനസ്സിലെ സങ്കടങ്ങളെ അടക്കി പിടിച്ചു ജീവിക്കുന്ന ഒരു പെണ്ണായി അവളെ കാണാൻ ഇഷ്ട്ടമില്ലാത്തതു കൊണ്ടാവാം.

അതിരാവിലെ അടുക്കളയിൽ നിന്നും അമ്മയുടെ വലിയ വായിലുള്ള ശകാരം കേട്ട് കൊണ്ടാണ് ഞാൻ കണ്ണ് തുറന്നത്. കാര്യം വളരെ പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി കുടുംബത്തിലെ പ്രായം തികയാത്ത വിവര ദോഷികൾ കല്ല് മാല കാതിൽ കമ്മൽ എന്ന പാട്ടിന്റെ അകമ്പടിയോടെ ഓരോ പെണ്ണിനെയും കെട്ടി കുടുംബത്തേക്ക് കൊണ്ടു വരാൻ തുടങ്ങി

(ഒളിച്ചോട്ടം തന്നെ )

ഓണമായാലും ക്രിസ്മസയാലും നാട്ടിലെ കോഴികൾക്ക് കിടക്കപ്പൊറുതിയില്ലെന്ന് പറയുന്നതു പോലെയായി എന്റെ അവസ്ഥ.

വീട്ടുകാരുടെ വക ഉടനെ ക്ലാസ് തുടങ്ങും

“മുലകുടി മാറാത്ത പിള്ളേര് വരെ ഓരോ പെണ്ണിനേയും കെട്ടി കുടുംബത്ത് വരാൻ തുടങ്ങി ദേണ്ടേ ഇവിടെരുത്തൻ കാലം കുറെയായി ഒരു പെണ്ണിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്.”

അമ്മയുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ വേണ്ടി അല്പം ചപ്പാത്തി പരത്തി കൊടുക്കാമെന്നു കരുതി. ചപ്പാത്തി കോലിൽ കൈ വച്ചതും അമ്മയുടെ വകയൊരു ചോദ്യം.

“നീ എന്ത് ചെയ്യാൻ പോകുന്നു .? സംശയത്തോടെ എന്റെ പ്രവർത്തികൾ നോക്കി കൊണ്ട് അമ്മ ചോദിച്ചു.

“അമ്മയ്ക്ക് ചപ്പാത്തി പരത്തി തന്ന് സഹായിക്കാൻ

ചപ്പാത്തി കോല് താടിക്ക് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു

” അയ്യോ വേണ്ട…. എന്റെ മോൻ ഇന്നലെ പരത്തിയതു ഞാൻ കണ്ടു.

വെളിച്ചെണ്ണ ലവലേശം ഇല്ലാത്ത ഉണക്ക ചപ്പാത്തി. എന്റെ പൊന്ന് മോൻ ഒന്നും ചെയ്യേണ്ട വച്ചുണ്ടാക്കി തരുമ്പോൾ അത് കഴിക്കാനായി കൈകഴുകി വന്നാൽ മാത്രം മതി.”

ഒരുണക്ക ചപ്പാത്തി പരത്തിയതിന്റെ പേരിൽ അപമാനിതനും നിസ്സഹായനായ ഞാൻ അടുക്കളയെന്ന യുദ്ധ ഭൂമിയിൽ ആയുധം വച്ചു കീഴടങ്ങി വരുമ്പോഴാണ് അടുക്കള വാതിൽക്കൽ പട്ടി പോലും തിരിഞ്ഞു നോക്കാതെ വച്ചിരിക്കുന്ന ചപ്പാത്തിയെ നോക്കി നെടുവീർപ്പിട്ട് കൊണ്ട് വരാന്തയിലെ ചാരു കസേരയിൽ ആകാശം നോക്കി ഇരുപ്പായി ഞാൻ

വികാര നൗകയുമായി തിരമാല……

സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ഫോണിന്റെ റിങ്ങ് ടോൺ മുഴങ്ങി.

ടെച്ച് ഫോണിന്റെ വലിയ സ്ക്രീനിൽ എഴുതി കാണിച്ചു.

പാറു കോളിംഗ്…….

യു_ദ്ധ ഭൂമിയിൽ തോറ്റു തുന്നം പാടി വന്നിരിക്കുന്ന എന്നെ വീണ്ടും അപമാനിക്കാൻ വേണ്ടിയാണോ ഈശ്വര ഇവൾ വിളിക്കുന്നതെന്ന ആശങ്കയോടെ ഫോണിന്റെ സ്പീക്കർ ഞാൻ ചെവിയോടു അടുപ്പിച്ചു വച്ചു.

“കുട്ടേട്ടനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. എന്റെ കാര്യം ഓർത്ത് നോക്ക് എത്ര കാലമായി നമ്മൾ ഇങ്ങനെ കാത്തിരിക്കാൻ തുടങ്ങിയിട്ട്?”

“എന്റെ പാറു. രണ്ട് മിനിറ്റ്. ഞാൻ പുറത്തു ഇറങ്ങിയിട്ട് അച്ഛൻ നട്ടു നനച്ചു വളർത്തിയ വാഴ കുലുക്കി നോക്കട്ടെ.

“അച്ഛൻ നിങ്ങളെ കൂടാതെ വീട്ടിൽ വേറെ വാഴയും വളർത്തുന്നുണ്ടോ? അതൊക്കെ പോട്ടെ നിങ്ങളിപ്പോൾ എന്തിനാ വാഴ കുലുക്കാൻ പോകുന്നത്?

ഫോണിന് മറു തലയ്ക്കൽ നിന്നും സംശയത്തോടെ പാറു ചോദിച്ചു.

“നീ പറയുന്നതു പോലെ കൊമ്പത്തെ ജോലി വല്ലതും വാഴയുടെ മുകളിൽ ഉണ്ടെങ്കിൽ.?”

” ഈ നാക്ക്‌ കൂടി ഇല്ലെങ്കിൽ വല്ല കാക്കയും നിങ്ങളെ കൊത്തി കൊണ്ടു പോയേനെ.

എത്ര വെറുപ്പിച്ചാലും ഇട്ടേച്ചു പോവത്തില്ല അല്ലേ?

“കൊച്ചേ പാറു… ! തേച്ചിട്ട് പോവാനാണെങ്കിൽ നിന്നെ ഇത്ര കാലം എനിക്ക് കാത്തിരിക്കേണ്ട ആവശ്യമില്ലായിരുന്നു. നീ പ്ലസ്‌ടുവിന് കോൺമെൻറ് സ്കൂളിൽ പഠിക്കുമ്പോൾ നിന്നെ ഒരു നോക്കു കാണാൻ വേണ്ടി മാത്രം പതിനാല് രൂപ വണ്ടി കാശും കൊടുത്ത് സ്റ്റാന്റിൽ വന്നതും. ബസിൽ കയറി നീ മടങ്ങുമ്പോൾ അടുത്ത ബസിന് തിരിച്ചു വീട്ടിലേക്ക് ഇളിഭ്യനായി വരാറുള്ള എന്റെ മുഖം നീ ഓർക്കാൻ ശ്രമിച്ച് നോക്ക്.

എന്തിനേറെ പറയുന്നു ഈ മൂന്ന് വർഷത്തിനിടയിൽ എന്റെ കൂടെ പാർക്കിലോ ബീച്ചിലോ വരാനോ എന്തിന് എന്റെ ബൈ_ക്കിന്റെ പിറകിലെങ്കിലും കയറാൻ നിന്നോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ടോ??

എനിക്കും ആഗ്രഹങ്ങളുണ്ട് പക്ഷേ അതൊക്കെ ഞാൻ വേണ്ടെന്നു വയ്ക്കുന്നത് നിനക്കു വേണ്ടിയാണ് എന്നെ സ്നേഹിക്കുന്നതിന്റ പേരിൽ ആരും നിന്നെ വഴക്കു പറയാതിരിക്കാൻ വേണ്ടി.

“അയ്യടാ…! ഇനി കൂടെ കറങ്ങാൻ വരാത്തതിന്റെ കുറവു കൂടിയേ ഉള്ളൂ. ”

**********************

“അല്ല മനുഷ്യ കുഞ്ഞ് കിടന്നു നിലവിളിച്ചു കരഞ്ഞിട്ടും അതൊന്നും ശ്രദ്ധിക്കാതെ നിങ്ങളിത് ഏത് ലോകത്താണ് .

പാറുവിന്റെ ഒറ്റ പിച്ചലിൽ ഞാൻ കണ്ട സ്വപ്നങ്ങൾ ഒക്കെയും പുകയായി മറഞ്ഞു

“അച്ഛന്റെ പൊന്ന് മോള് കരഞ്ഞോ???

അച്ഛൻ അമ്മയെ പ്രണയിച്ചു നടന്ന സമയത്തെ ഓരോ കാര്യങ്ങളൊക്കെ ഓർത്ത് ഇങ്ങനെ കിടന്നതാ.

വാവയ്ക്ക് അച്ഛൻ ആ കഥ പറഞ്ഞു തരട്ടെ..?

“കുഞ്ഞിനോടു പറയാൻ പറ്റിയ കഥ.

“എന്റെ കുഞ്ഞിനല്ലേ കഥ പറഞ്ഞു കൊടുക്കുന്നത്.

എന്റെ പൊന്ന് മോള് കരയല്ലേ അമ്മയ്ക്ക് നാണമായിട്ടാ അങ്ങനെ പറയുന്നത്

അച്ഛൻ പറഞ്ഞ് തരാട്ടോ കഥ.

ഗൾഫിലായിരുന്ന നിന്റെ മാമൻ അതായത് നിന്റെ അമ്മയുടെ ചേട്ടൻ നാട്ടിൽ വരുന്ന ദിവസം വരെ കാത്തിരുന്നതും, ആങ്ങളയെ പറ്റിച്ചു രാത്രിക്ക് രാത്രി നിന്റെ അമ്മയെ കടത്തി കൊണ്ടു പോയതും പിറ്റേന്ന് കാലത്ത് രജിസ്റ്റർ മേരേജ് കഴിയുന്നത് വരെ ഞാൻ അനുഭവിച്ച ടെൻഷനും.”

“കല്യാണം കഴിഞ്ഞ് ഒരു കൊച്ചായി. നിങ്ങൾ ഇപ്പോഴും അതൊക്കെ ആലോചിച്ചു കിടപ്പാണോ.?

നിങ്ങളുടെ പുന്നാര അളിയൻ വിളിച്ചിരുന്നു,

പേരക്കുട്ടിയെ കാണാൻ അമ്മ നാളെ ഇങ്ങോട്ട് വരുന്നുണ്ടെന്ന്.”

“എന്റെ വിലപ്പെട്ട ഓർമകളെ എനിക്കു മറക്കേണ്ടി വന്നാൽ നാളെ ചിലപ്പോൾ എന്റെ പാറുവിനെയും മറന്നു പോകും.”

“നിങ്ങളുടെ ഈ ആളെ മയക്കുന്ന ഡയലോഗിലാണ് ഞാൻ വീണു പോയത്. കിടന്ന് പുന്നാരം പറയാതെ എണീറ്റ് വരാൻ നോക്ക് മനുഷ്യ.”

കൈയിൽ ചെറിയ നുള്ള് സമ്മാനിച്ച ശേഷം പുഞ്ചിരിയോടെ അടുക്കളയിലേക്ക് കയറി പോകുന്ന പാറുവിനെ നോക്കി കൊണ്ട് അല്പ സമയം കൂടി ഞാൻ ബെഡിൽ കിടന്നു.

ശുഭം…….

ലൈക്ക് കമൻ്റ് ചെയ്യണേ…..

രചന : ഡേവിഡ് ജോൺ


Comments

Leave a Reply

Your email address will not be published. Required fields are marked *