നിന്നോടൊപ്പം ഉള്ള ഈ രണ്ടു ദിവസം.. ഇവിടെ നീയും ഞാനും മാത്രം…

രചന : ശ്രുതി അരുൺ

അവിഹിതം…

************

“ദീപ… ഇങ്ങ് പോരെ.. അങ്ങോട്ട്‌ അധികം പോവണ്ട. ഇഴജന്തുക്കൾ ഒരുപാട് കാണും അവിടെ.

“ഇല്ല അമൽ.. ഞാൻ സൂക്ഷിച്ചോളാം.

ആദ്യമായിട്ടല്ലേ ഞാൻ ഇങ്ങനൊരു തറവാടും കാവും കുളവുമൊക്കെ കാണുന്നേ. ”

ബാംഗ്ളൂരിലെ ഒരു മികച്ച ഐടി കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർ ആണ് അമൽ ദേവും ദീപയും.

3 വർഷത്തെ സൗഹൃദം ഇടയ്ക്ക് എപ്പോഴോ മറ്റൊരു തലത്തിലേക്ക് അവർ പോലും അറിയാതെ മാറിയിരുന്നു. ആ ബന്ധത്തിന്റെ മൂന്നാം വാർഷികം എല്ലാ രീതിയിലും ആഘോഷിക്കുന്നതിന് വേണ്ടിയാണ് അമലിന്റെ ആൾതാമസം ഇല്ലാത്ത തറവാട്ടിലേക്ക് കമ്പനി മീറ്റിംഗ് എന്ന പേരിൽ വന്നത്.

“നീ കൂടെ ഇങ്ങ് വാ അമൽ.. ചില സിനിമകളിൽ മാത്രമേ ഞാൻ ഇങ്ങനത്തെ വലിയ കോവിലകവും..

അതിനോട് ചേർന്നുള്ള കുളവും…വിശാലമായ തൊടിയും… പകലുപോലും വെളിച്ചം കയറാൻ മടിക്കുന്ന സർപ്പക്കാവുമെല്ലാം… കണ്ടിട്ടുള്ളു. എന്ത് ഭംഗിയാണ് അമൽ ഇവിടെ… ശരിക്കും നീയൊരു മണ്ടനാ..

ഈ സൗഭാഗ്യങ്ങളെല്ലാം ഇവിടെ ഉപേക്ഷിച്ചിട്ടു നഗര ജീവിതത്തെ മുറുകെ പിടിക്കാൻ ശ്രെമിക്കുന്ന മണ്ടൻ.. ”

“ശരിയാണ് ദീപാ.. എടുത്ത തീരുമാനങ്ങൾ എല്ലാം മണ്ടത്തരം ആയിപോയി. എല്ലാമുണ്ടായിട്ടും ഒന്നുമില്ലത്തവനെ പോലെ ചവറു പോലെ ഒരു ജീവിതം.

“ഫ്ലാറ്റിലും ഓഫീസിലുമായി പന്ത് തട്ടുന്ന ജീവിതവും നഗരവീഥികളിലെ തിരക്കും മനം മടുപ്പിക്കുന്ന മാലിന്യവും ദുർഗന്ധവും ഫാക്ടറികളിൽ നിന്നുള്ള സൈറൺ മുഴക്കവും അങ്ങനെ എല്ലാം എന്നെ പോലെ തന്നെ നീയും മടുത്തില്ലേ അമൽ. ”

“യെസ് ദീപാ.. തീർച്ചയായും ആ നഗരവും അവിടുത്തെ ജീവിതവും ഞാൻ മടുത്തു.

ഒരാശ്വാസം നീയാണ്. എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒരു മോചനം അതാണ് നിന്നോടൊപ്പം ഉള്ള ഈ രണ്ടുദിവസം. ഇവിടെ നീയും ഞാനും മാത്രം.

ബാക്കി എല്ലാം മറന്നേക്കൂ. രണ്ടു ദിവസം നീ എനിക്കു തരുന്ന പ്രിയനിമിഷങ്ങൾ എന്റെ ഇത്രയും നാളത്തെ വരണ്ടുണങ്ങിയ ജീവിതത്തിനു കിട്ടുന്ന വേനൽ മഴയാണ്. നിസ്സാഹമായ ന്റെ കാത്തിരിപ്പിനെ അവസാനിപ്പിച്ചു കൊണ്ടു മനസ്സിൽ പൊൻ വെയിലും പേമാരിയും തൂമഞ്ഞും പൂക്കാലവും വർഷിച്ചുകൊണ്ടു എന്നിലേക്ക്‌ പറന്നു വന്ന പൊൻതൂവൽ ആണ് നീ. വിട്ടു കളയില്ല ഇനി ഒരിക്കലും. ”

“നിർത്തൂ അമൽ.. ഞാനൊരു ഭാര്യ ആണ്.നീയൊരു ഭർത്താവ് ആണ് രണ്ടു മക്കളുടെ അച്ഛനാണ്.

കെട്ടഴിഞ്ഞതാണേലും നമുക്ക് ഓരോ കുടുംബം ഉണ്ട്. Just 2 days… അത്രയും ആയുസ്സ് മതി ഈ ബന്ധത്തിന്. ഇത് കഴിഞ്ഞു നീ നിന്റെ വഴിക്കും ഞാൻ ന്റെ വഴിക്കും.. നമ്മൾ നമ്മുടേത്‌ ആയ തിരക്കുകളിലേക്കും. അത് മതി അമൽ.. for our family… ”

“ബട്ട്‌ ദീപാ… നീയില്ലാതെ ഞാൻ എങ്ങിനെ…

ആഹ് അത് പിന്നത്തെ കാര്യം. ഇപ്പോ ഇത് സംസാരിക്കാൻ പറ്റിയ സമയം അല്ല..

താൻ വാ കുളിച്ചു ഫ്രഷ് ആയി എന്തെങ്കിലും കഴിക്കാം. യാത്ര ചെയ്തു ക്ഷീണിച്ചില്ലേ.. ”

“നോ.. അമൽ. എനിക്ക് ഒരു ക്ഷീണവും ഇല്ല.

ഇവിടെ കാലുകുത്തിയപ്പോൾ തന്നെ നല്ലൊരു ഉന്മേഷം. നീ വാ…

നമുക്ക് കുറച്ചു നടക്കാം ഈ പച്ചമണ്ണിലുടെ ജീവവായു ശ്വസിച്ച്‌. കൈയിൽ തൂങ്ങി കഥകൾ പറഞ്ഞു നടക്കുന്ന ദീപയെ ഒന്നുകൂടി തന്നിലെക്ക് ചേർത്തു പിടിച്ചു ഇരുളടഞ്ഞ കാവിലുടെ നടന്നു അവർ.

ബാത്ത് ടബ്ബിലും ഷവറിലും മാത്രം കുളിച്ചു ശീലിച്ച ദീപയ്ക്കും അമലിനും ഒരു നവ്യ അനുഭൂതി ആയിരുന്നു കുളത്തിലെ കുളിയും നീന്തലും .

ഓരോ തവണ മുങ്ങി നിവരുംപോഴും ആ വെള്ളത്തിന്റെ തണുപ്പ് ആ മനസുകളിലെ കത്തുന്ന ചൂടിനെ തണുപ്പിക്കുകയും ഒപ്പം തന്നെ പ്രണയത്തിന്റെ ചൂട് സിരകളിൽ നിറക്കുകയും ചെയ്തു. കൽപടവുകൾ ഓരോന്നായി കയറുന്ന ദീപയെ, മുങ്ങി നിവരുന്നതിനിടയിലും ആ ഉടലിന്റെ അഴകളവുകൾ എണ്ണി തിട്ടപെടുത്തുന്ന തിരക്കിൽ ആയിരുന്നു അമൽ.

മുറിയിലെത്തിയ ദീപ ബാഗിൽ നിന്നും ഒരു സെറ്റും മുണ്ടും എടുത്തു ധരിച്ചു. കുങ്കുമ ചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമവും നെറ്റിയിൽ തൊട്ടു.

“ആഹാ ഇത് കൊള്ളാല്ലോ.. എവിടുന്നു ഒപ്പിച്ചു ഇതൊക്കെ

“ഞാൻ ഇന്നലെ വാങ്ങിയതാ ഇതെല്ലാം. നിനക്കും ഉണ്ട് ഒരു ഷർട്ടും മുണ്ടും.

നമുക്ക് കാവിൽ പോയി വിളക്ക് വയ്ക്കാം.

ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ ഈശ്വരൻമാരോട് ഒ^രേറ്റു പറച്ചിൽ… ഇനിയൊരിക്കലും ഇങ്ങനെ ഒരു പാതയിൽ വന്നു ചേരാതിരിക്കാൻ വേണ്ടി നമുക്കൊരുമിച്ചു പോയി പ്രാർത്ഥിക്കാം…

“കാവിലെക്ക് പോണോ? നല്ല ഇരുട്ടുണ്ട് പാമ്പും പഴുതാരയും ഒക്കെ കാണും അവിടെ.. ”

“എന്താ നിനക്ക് പേടിയാണോ അമൽ..

നമ്മളെന്തിനാ അവയെ പേടിക്കുന്നെ. മനുഷ്യരെയാ നാം ഭയക്കേണ്ടതുള്ളു. മനുഷ്യന്റെ അത്രയും വിഷമോന്നും ആ ജന്തുക്കളിൽ ഇല്ല അമൽ. നിനക്ക് വരാൻ വയ്യങ്കിൽ വേണ്ട ഞാൻ പോയിട്ട് വരാം.

“പേടിയോ.. എനിക്കോ… മോളെ ദീപേ.. ഇത് ഞാൻ പിറന്നു വീണ മണ്ണാണ്. ഇവിടെ എന്നെ ഭയപ്പെടുത്തുന്ന ഒന്നുമില്ല. നീ വാ…. ”

കത്തിച്ച നിലവിളക്കുമായി അവർ കാവിലെക്ക് നടന്നു. നാഗത്തറയിൽ വീണു കിടന്ന ഉണക്കകമ്പുകളും കരിയിലയും മാറ്റി അമൽ ദീപക്ക് വിളക്കുവയ്ക്കാൻ സ്ഥലം ഒരുക്കി കൊടുത്തു.

കൈകൾ കൂപ്പി കണ്ണുകൾ അടച്ചു പ്രാർത്ഥിക്കുന്ന ദീപയെ കണ്ടപ്പോൾ അറിയാതെയാണേലും അമലും ഒരു നിമിഷം പ്രാർത്ഥിച്ചു.

“ദീപാ നീ ഇങ്ങ് വന്നേ… ഇത് കണ്ടോ… ”

“എന്താ അമൽ അവിടെ.. ”

“പണ്ടൊക്കെ അത്താഴം കഴിച്ചിട്ട് ആരും കാണാതെ ഞാൻ ഇങ്ങോട്ട് വരും എന്നിട്ട് ആ കാണുന്ന ചെമ്പകചുവട്ടിൽ പോയിരിക്കും. അത് എന്റെ മാത്രം സ്ഥലമായിരുന്നു. മറ്റാരെയും അവിടിരിക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു.

പേടി ഉള്ളത് കൊണ്ട് അധികം ആരും ഇങ്ങോട്ടു വരാറുമില്ലായിരുന്നു കെട്ടോ. രാത്രിയിൽ ഒറ്റയ്ക്ക് ആ ചെമ്പക ചുവട്ടിൽ ഇരുന്ന് ഓരോ പൂവിന്റെയും ഗന്ധം ആസ്വദിക്കുന്നത് ഒരു ലഹരി ആയിരുന്നു എനിക്ക്… എന്നാൽ ഇന്ന് ആ ചെമ്പക പൂക്കളെക്കാൾ ലഹരി എന്നിൽ പടർത്തുന്നത് നീയാണ്. നിന്റെ ഗന്ധമാണ്…

”വരു അമൽ.. നമുക്ക് കുറച്ചു നേരം അവിടിരിക്കാം.. ”

കത്തുന്ന തിരിയിൽ നിന്നുമുതിരുന്ന ചെറു വെളിച്ചത്തിൽ അവൾ കണ്ടു എന്തിനോ വേണ്ടി നിറഞ്ഞോഴുകുന്ന അവന്റെ മിഴികൾ. ആ മുഖം കൈകുമ്പിളിൽ കോരി എടുത്ത് ചുണ്ടുകളാൽ കണ്ണുനീർ ഒപ്പി എടുത്തു അവൾ. രാത്രിയിലെ ഇരുളിന്റെ ഏതോ യാമങ്ങളിൽ ഒന്നായി തീർന്ന,

നാഗങ്ങൾ പോലും നാണിച്ച, പ്രകൃതിപോലും തലതാഴ്ത്തിയ ആ സുന്ദര നിമിഷങ്ങൾക്കു ശേഷം ഒരു കൈ കുഞ്ഞിനെ പോലെ അവളെയും കോരിയെടുത്തു കോവിലകത്തെയ്ക്ക് നടന്നു അമൽ.

‘പാതി മയങ്ങിയ അവളെ തെല്ലും ഉണർത്താതെ ബെഡിൽ കിടത്തി. ആ കുങ്കുമം ചിതറിയ നെറ്റിയിൽ തലോടിയും തഴുകിയും എപ്പോഴോ അവനും ഉറങ്ങി.

അമ്പലത്തിൽ നിന്നുള്ള സുപ്രഭാതം പാട്ടുകേട്ടാണ് അമൽ ഉറക്കം ഉണർന്നത്

നോക്കിയപ്പോൾ ദീപ അടുത്തില്ല. ഒരു ഞെട്ടലോടെ ആണേലും അവൻ ചുറ്റും നോക്കി.

“ദീപാ…ദീപാ…

ദീപാ… നീ ഇത് എവിടാ…

മുറികളിലും അടുക്കളയിലും മുറ്റത്തും എന്നു വേണ്ട എല്ലായിടത്തും അവളെ അന്വേഷിച്ചു നടന്നു ഒരു ഭ്രാന്തനെ പോലെ….

ഒടുവിൽ ഏതോ ഉൾവിളിയിലെന്ന പോലെ കാവിലെക്ക് ഓടി അവൻ…

അവിടെ കണ്ടു ആ ചെമ്പക മരചുവട്ടിൽ ഒരു നീലിച്ച ശരീരം… കൂടെ രണ്ടു കരിനാഗങ്ങളും ചുറ്റി പിണഞ്ഞു കിടക്കുന്നു….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ശ്രുതി അരുൺ


Comments

Leave a Reply

Your email address will not be published. Required fields are marked *