ഞാനെന്റെ വീട്ടിലേക്ക് പോകുവാ ഇനി ഒരു നിമിഷം പോലും ഈ വീട്ടിൽ നി- ൽക്കില്ല…..

രചന : Sindhu Kizhakkey Veettil

വല്യേച്ചി

************

വിനു ഓഫീസിൽ നിന്നും വീട്ടിലെത്തുമ്പോഴേക്കും ശിൽപ അവളുടെ വീട്ടിലേക്ക് പോകാൻ

ബേഗും തയ്യാറാക്കിവെച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു.

നീ ഇത്…. എവിടേക്കാ….

ഞാനെന്റെ വീട്ടിലേക്ക് പോകുവാ

ഇനി ഒരു നിമിഷം പോലും ഞാൻ ഈ വീട്ടിൽ നിൽക്കില്ല.

നിനക്കിവർ അമ്മയും ചേച്ചിയും ഒക്കെ ആയിരിക്കും .പക്ഷെ എനിക്ക് ആരെയും സഹിക്കേണ്ട കാര്യമില്ല.

ശിൽപ നീ എന്ത് സഹിച്ചെന്നാ പറയണത്.

ഈ സ്ത്രീയോട് തന്നെ ചോദിച്ചു നോക്കൂ ഇവിടെ ഉച്ചയ്ക്ക് എന്താ ഉണ്ടായതെന്ന്…..

എന്താ …. എന്താ വല്യേച്ചി…. ഉണ്ടായേ.

വല്യേച്ചി കരച്ചിലടക്കാൻ പാടുപെടുന്നത് കണ്ടു.

ഈ ഏർപ്പാട് തുടങ്ങീട്ട് എത്ര കാലായീന്ന് ആർക്കറിയാം ഇന്ന് ഉച്ചയ്ക്ക് ഞാൻ ഉറങ്ങാതെ കിടന്നത് കൊണ്ട് കള്ളി വെളിച്ചത്തായി. കള്ളി പൂച്ച പാല് കുടിക്കുന്നത് ആർക്കുമറിയില്ലെന്നാ വിചാരം.

ഒന്നുമില്ലെങ്കിലും ഇത്രയും വയസ്സായില്ലേ….ഛെ………. എന്റെ ഡാഡിയെങ്ങാനും അറിഞ്ഞിരുന്നെങ്കിൽ എന്നെ ഒരു നിമിഷം പോലും ഇവിടെ നിർത്തില്ല.

നീ തെളിച്ച് പറ ശിൽപാ……

ഞാൻ ഉച്ചയ്ക്ക് ഉറങ്ങാൻ കിടക്കുന്ന സമയത്ത് നിങ്ങളുടെ പുന്നാര ചേച്ചി ഒരുത്തനുമായി….

മതി നിർത്ത്….. എനിക്ക് കേൾക്കണ്ട..

നീ ഇങ്ങനേ പറയൂന്ന് എനിക്കറിയാം.

അത് കൊണ്ട് മൊബൈലിൽ ഫോട്ടോസ് എടുക്കാൻ തോന്നിയത് നന്നായി .

അങ്ങനെയാണെങ്കിലും ചേച്ചിയുടെ സ്വഭാവം നിനക്ക് മനസ്സിലാക്കുമല്ലോ.

ശിൽപ മൊബൈൽ ഫോൺ ഫോൺ വിനുവിന്റെ കയ്യിൽ കൊടുത്തു .

ഇത്….. ഹരിയേട്ടൻ അല്ലേ………

ഹരിയേട്ടൻ എപ്പോ വന്നു…….

അടുത്തമാസം നാട്ടിലെത്തൂന്നല്ലേ….

ഹരിയേട്ടൻ പറഞ്ഞത് ഇതെന്താ ഇത്ര നേരത്തെ….

ഹരിയേട്ടനോ…. അതാരാ……..

ഇത് ഞങ്ങളുടെ ഹരിയേട്ടനാ….

അമ്മാവന്റെ.. മോനാ…. ഞാൻ പറഞ്ഞിട്ടില്ലേ … ഗൾഫിലുള്ള…..

ഹരിയേട്ടനെ കണ്ടിട്ടാണോ നീ ഇത്രേം ഒച്ചപ്പാടുണ്ടാക്കിയത്.

വല്യേച്ചി…. ഹരിയേട്ടൻ എപ്പോ വന്നു.

ഉച്ചയ്ക്ക്….നിന്നെ വിളിച്ചിട്ട് കിട്ടിയില്ലാന്ന് പറഞ്ഞു.

കുറച്ചു നേരം സംസാരിച്ചിരുന്നു ശിൽപ ഉറങ്ങുവാണെന്ന് പറഞ്ഞപ്പോൾ പിന്നെ വരാമെന്ന് പറഞ്ഞു പോയി.

ഹരിയേട്ടനുമായി സംസാരിച്ചുകൊണ്ടിരിക്കണ സമയത്ത്എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി. ഞാൻ വീഴാൻ പോകുന്നത് കണ്ടു ഹരിയേട്ടനെന്നെ പിടിച്ച് ഈ സോഫയിലിരുത്തുന്നത് ശില്പ കണ്ടിട്ടുണ്ടാവും അതാ ഇങ്ങനെയൊക്കെ പറയുന്നെ…..

കണ്ണ് തുടച്ചുകൊണ്ട് വല്യേച്ചി പറയുന്നത് കേട്ടപ്പോൾ വിനൂന്റെ ഉള്ള് പിടഞ്ഞുപോയി.

കാര്യമറിയാതെ നീ എന്തൊക്കെയോ വല്യേച്ചിയെ കുറിച്ച് പറഞ്ഞത്.

വിനു കുട്ടാ…. നീ അവളെ വഴക്ക് പറയണ്ട

സീത ശില്പ നോക്കി പറഞ്ഞു മോള് അകത്ത് പൊയ്ക്കോ….

ശില്പ റുമിലേക്ക് പോയ ഉടനെ വിനു സീതയോടായി പറഞ്ഞു .

ആരെന്തു പറഞ്ഞാലും എനിക്കറിയാം എന്റെ വല്യേച്ചിയെ .

വല്യേച്ചിയോട് ഞാൻ…….

അതുപോട്ടെ… സാരമില്ല അവളറിയാതെ പറഞ്ഞതല്ലേ……

അവൾക്ക് നിന്നോട് ഒത്തിരി സ്നേഹാ

അതാ ഇങ്ങനെയൊക്കെ…

അവള്….. ഡാഡിടേം മമ്മിടേം ഒറ്റ മോളല്ലേ….

ഒരുപാട് … സ്നേഹം കിട്ടി വളർന്നതല്ലേ ഇവിടെ വന്നപ്പോൾ നീ എന്നോട് കാണിക്കുന്ന സ്നേഹം അവൾക്ക് ഉൾക്കൊള്ളാൻ പറ്റീട്ടില്ല.

എനിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ലാട്ടോ എൻ്റെ കുഞ്ഞനുജത്തിയായേ ഞാൻ അവളെ കണ്ടിട്ടുള്ളൂ.

എന്നാലും അവൾ വല്യേച്ചിയെക്കുറിച്ച്…

നീ അതൊന്നും കാര്യാക്കണ്ട രണ്ടുപേരും കൂടി ടൗണിലൊക്കെ ഒന്ന് കറങ്ങി ഒരു സിനിമ ഒക്കെ കണ്ടിട്ട് വാ….

ങ്ഹാ രാത്രിയിലേക്ക് ഞാൻ ഇവിടെ ഒന്നും ഉണ്ടാക്കിയിട്ടില്ല നിങ്ങള് പുറത്തൂന്ന് ഭക്ഷണം കഴിച്ചിട്ട് വന്നാൽ മതി. എനിക്ക് അമ്പലത്തിൽ ഒന്നു പോയി വരണം.

നീ ചെല്ല് വിനൂ..

വിനു ശിൽപയും കുട്ടി നേരെ ബീച്ചിലേക്കാണ് ചെന്നത്.

ന്നാലും…….. നിൻെറ ഉള്ളില് ഇത്രയും വിഷമുണ്ടെന്ന് ഞാൻ അറിഞ്ഞില്ലെടീ.

സോറി വിനു അവരെ രണ്ടുപേരെയും ഞാൻ ഒന്നിച്ചു കണ്ടപ്പോൾ…….

നിനക്കറിയോ….. ഞാനെന്റമ്മയെ കണ്ടിട്ട് കൂടി ഇല്ല എൻ്റെ പ്രസവത്തോടെ അമ്മ മരിച്ചത്.

അന്ന് വല്യേച്ചിക്ക് 15 വയസ്സേയുള്ളൂ ഉള്ളൂ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ സമയം ഞങ്ങളുടെ നാട്ടിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പത്താം ക്ലാസ് പാസായത് എൻ്റെ വല്യേച്ചിയാ.

എന്നിട്ടു കൂടി ചേച്ചി തുടർന്ന് പഠിച്ചില്ല…..

ഈ…. ഞാനാ അതിന് കാരണം എന്നെ പോറ്റി വലുതാക്കാനാ ചേച്ചി പഠിത്തം പോലും വേണ്ടെന്നുവെച്ചത്.

എന്നെ പ്രസവിച്ചില്ലാന്നേയുള്ളൂ ആ നെഞ്ചിലെ ചൂട് പറ്റിയാ ഞാൻ ഉറങ്ങിയിട്ടുള്ളത്.

എനിക്ക് അ 5 വയസ്സുള്ളപ്പോഴാണ് അച്ഛൻ നാടു വിട്ടു പോയത്.

അച്ഛൻ പോയതിനുശേഷം ഹരിയേട്ടനും അമ്മാവനും കൂടി അവരുടെ വീട്ടിലേക്ക് ഞങ്ങളെ കൊണ്ടുപോകാൻ വന്നിരുന്നു പക്ഷേ ചേച്ചി പോകാൻ കൂട്ടാക്കിയില്ല കാരണം അമ്മാവനും ആറുമക്കളാ അതിന്റെ കൂടെ ഞങ്ങളും കൂടി ആകുമ്പോൾ.

ഞങ്ങൾ ഒറ്റക്കായതു കൊണ്ട് അമ്മയുടെ അമ്മ ഞങ്ങളുടെ കൂടെയായിരുന്നു . അവർക്ക് അമ്മയെക്കുറിച്ച് ഓർത്ത് എപ്പോഴും സങ്കടാ….

എന്നെ അമ്മൂമ്മയ്ക്ക് അത്ര ഇഷ്ടല്ല എന്നെ പ്രസവിച്ചത് കൊണ്ടല്ലേ അമ്മ മരിച്ചത് ആ ചിന്തയാ അവർക്ക്.

എന്റെ മോൾടെ ജീവനെടുക്കാനായിട്ട് പിറന്ന ചെക്കൻ ആണെന്ന് പറയും എന്നെ കാണുമ്പോൾ.

ഒരു തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളെ നോക്കുന്നത് കണ്ടിട്ടുണ്ടോ ശിൽപ അതുപോലെയാ വല്യേച്ചി ഞങ്ങളെ നാലുപേരെയും നോക്കിയിട്ടുഉള്ളത്.

വല്യേച്ചിയുടെ കഴുത്തിലെ മാല വിറ്റിട്ടാ ഒരു തയ്യൽ മെഷീൻ വാങ്ങിച്ചത്

നാട്ടുകാർക്ക് തുണി തയ്ച്ചു കൊടുത്താൽ കിട്ടുന്ന കാശുകൊണ്ടാ ചേച്ചി ഞങ്ങളെ പോറ്റിയത്.പിന്നെ പറമ്പിന് കിട്ടുന്ന തേങ്ങ വിറ്റും പശുവിന്റെ പാല് വിറ്റുമൊക്കയാ ഞങ്ങൾ ആറ് പേരും കഴിഞ്ഞിരുന്നത്.

ഓണോം വിഷോം വരുമ്പോഴോ ഞങ്ങൾ നല്ല ഭക്ഷണം കഴിക്കുന്നത് ആ സമയത്ത് ചേച്ചിക്ക് ഇഷ്ടം പോലെ തുണി തയ്ക്കാൻ കിട്ടും.

ചെറുപ്പത്തിൽ ഞങ്ങൾ കൂടപ്പിറപ്പുകൾക്ക് വയറു നിറയെ കഞ്ഞി കോരി തന്നിട്ട് വല്യേച്ചി വെറും കഞ്ഞി വെള്ളം മാത്രം കുടിക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട്.

ഒരമ്മയില്ലാത്തതിന്റെ വിഷമം ഈ പ്രായം വരെ വല്യച്ചി ഞങ്ങളെ ആരെയും അറിയിച്ചിട്ടില്ല.

ഞങ്ങളിൽ ആർക്കെങ്കിലും ഒരു പനി വന്നാൽ പോലും ഊണും ഉറക്കമില്ലാതെയാ ചേച്ചി നോക്കിയിട്ടുള്ളത്.

ശില്പയ്ക്കറിയോ…… ചേച്ചിയുടെയും ഹരിയേട്ടന്റെയും കല്യാണം നിശ്ചയിച്ചതാ

അന്ന് ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു.

എന്റെ കൂട്ടുകാരും ചേച്ചി മാരൊക്കെ പറഞ്ഞു വല്യേച്ചി കല്യാണം കഴിഞ്ഞ് ഹരിയേട്ടന്റെ കൂടെ അവരുടെ വീട്ടിലേക്ക് പോകൂന്ന് .

വല്യേച്ചി എന്നെ വിട്ടു പോകുമെന്ന് കരുതി ആധിപിടിച്ച് വല്യേച്ചിയുടെ കല്യാണത്തിന് ഒരാഴ്ച മുൻപ് എനിക്ക് നല്ല പനി വന്നു മൂന്നു നാല് ദിവസം ഹോസ്പിറ്റലിൽ ബോധമില്ലാതെ കിടന്നു.

ചേച്ചി.. എന്നെ ഒറ്റയ്ക്കാക്കീട്ട് പോകല്ലേന്ന് പറഞ്ഞു ഞാൻ കരഞ്ഞിട്ടുണ്ട് പോലും.

എന്റെ സങ്കടം കണ്ടിട്ടാ ചേച്ചി കല്യാണം പോലും കഴിക്കാഞ്ഞത്.

പിന്നെ …. കൊച്ചേച്ചിക്ക് ടി.ടി.സി കഴിഞ്ഞ് സ്കൂളില് ജോലി കിട്ടിയതിനു ശേഷാ വല്യേച്ചി നല്ലൊരു സാരി ഉടുത്ത് കണ്ടത്.

അതിനുശേഷം ഭാമേച്ചിക്ക് ബാങ്കിൽ ജോലി കിട്ടി .

കൊച്ചേച്ചിയുടെയും ഭാമേച്ചിയുടെയും ശ്യാമ ചേച്ചിയുടെയും കല്യാണം ചിട്ടി പിടിച്ചും ലോണെടുത്തുമൊക്കെയാ വല്യേച്ചിയാ നടത്തിയത് .

ഇപ്പോഴും അതിന്റെ ലോൺ അടയ്ക്കുന്നുണ്ട് വല്യേച്ചി അറിയോ തനിക്ക്….

ഞാൻ ബിടെകിന് പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ വെച്ച് എനിക്ക് മഞ്ഞപ്പിത്തം വന്നു.

അസുഖം കൂടി എന്നെ ഐസിയുവിൽ ആക്കി.

ദിവസം കഴിയുന്തോറും എൻ്റെ ശരീരം വീർത്തു വന്നു ഡോക്ടർമാക്കെ കൈയ്യൊഴിഞ്ഞു അവിടുന്ന് വല്യേച്ചി എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു ഒരു നാട്ടുവൈദ്യനെ കാണിച്ചു.

കുന്നിൻ മുകളിലായിരുന്നു വൈദ്യന്റെ വീട്.

എന്നും രാവിലെ വല്യേച്ചി അവരുടെ വീട്ടിലേക്ക് അഞ്ചാറു കിലോമീറ്ററുണ്ട് അവിടെ നടന്ന് ചെന്ന് വൈദ്യൻ അരച്ചു തരുന്ന പച്ചമരുന്ന് വാങ്ങി പാലിൽ കലക്കിയാ എനിക്ക് തന്നത്.

ഒരു മാസത്തോളം ആ മരുന്ന് കഴിച്ചതിനു ശേഷാ എന്റസുഖം മാറിയത്.

വല്യേച്ചി അങ്ങനെ നോക്കിയത് കൊണ്ടാ ഞാനിന്നും ജീവനോടെ ഇരിക്കുന്നെ.

മൂന്ന് ചേച്ചിമാരുടെ കല്യാണം കഴിഞ്ഞ സമയത്ത് ഹരിയേട്ടൻ നാട്ടിൽ വന്നിട്ടുണ്ടായിരുന്നു ചേച്ചിയെ വന്നു വിളിച്ചതായിരുന്നു ഹരിയേട്ടൻ.

പക്ഷേ .. ചേച്ചിയെ കാത്തിരുന്നു ജീവിതം കളയണ്ടാന്നും വിനു കുട്ടന് ഒരു ജീവിതം ഉണ്ടാകുന്നത് വരെ ഞാൻ എൻ്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ലാന്നും ഹരിയേട്ടനോട് കാത്തിരിക്കാതെ വേറെ കല്യാണം കഴിക്കാനാ വല്യേച്ചി പറഞ്ഞത്.

വല്യേച്ചിയോടുള്ള ഇഷ്ടം കൊണ്ടാ ഹരിയേട്ടൻ ഇപ്പോഴും കല്യാണം കഴിക്കാതിരിക്കുന്നത്

ശില്പയ്ക്കറിയോ… നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്നറിഞ്ഞപ്പോൾ ചേച്ചിക്കായിരുന്നു കൂടുതൽ സന്തോഷം.

സോറി ഹരി….. ഞാൻ ചേച്ചിയോട് മാപ്പ് പറഞ്ഞോളാം.

ഇതേസമയം സീത അമ്പലത്തിൽ ഭഗവാന്റെ മുന്നിലായിരുന്നു. എന്ത് സങ്കടാണെങ്കിലും ഭഗവാനോടാ പറയാറ് പണ്ടുമുതലേയുള്ള ശീലാ..

അമ്പലത്തീന്ന് സീത നേരെ ചെന്നത് റെയിൽവേ സ്റ്റേഷനിലേക്കാ ഇനി വിനു കുട്ടന്റെയും ശില്പയുടെയും ജീവിതത്തിൽ ഒരു കരടായി താൻ ഉണ്ടാകരുത്. അവര് സ്വസ്ഥമായി ജീവിക്കട്ടെ.

ഇന്നലെ വന്നപ്പോൾ പറഞ്ഞിരുന്നു

ഹരിയേട്ടന്റെ കല്യാണം ഉറപ്പിച്ചൂന്ന്.

ഇനിയെങ്കിലും ഹരിയേട്ടന് നല്ലൊരു ജീവിതം കിട്ടട്ടെ…. ഒരുപാട് കാലം എനിക്ക് വേണ്ടി കാത്തിരുന്നതല്ലേ പാവം…….

ഞാനാർക്കും ഒരു ഭാരമാവില്ല… എവിടെയാ പോകേണ്ടതെന്ന് ……..

അപ്പോഴേക്കും ട്രെയിൻ വന്നു നിന്നു

സീത ട്രെയിനിൽ കയറിയിരുന്നു

ഏതെങ്കിലുമൊരു വൃദ്ധസദനത്തിലോ പാലിയേറ്റീവ് കെയർ സെൻററിലോ ചെന്ന് ഇനിയുള്ള കാലം അവിടെയുള്ളവരെ ശുശ്രൂഷിച്ച് അവിടെ കഴിയാം.

ഇത് ഞാൻ വിനു കുട്ടന്റെ കല്യാണം കഴിഞ്ഞപ്പോഴേ ചെയ്യണായിരുന്നു വെറുതേ അവരെ കൂടി വിഷമിപ്പിച്ചു.

ട്രെയിൻ വിടാൻ നേരം ഒരാൾ ഓ_ടി വന്ന് തന്റെ നേരെ മുന്നിൽ വന്നിരുന്നു.

കുറച്ചു ദൂരം ട്രെയിൻ ഓടി കഴിഞ്ഞപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിച്ചത്.

അത്……. തൻ്റെ ഹരിയേട്ടൻ ആയിരുന്നു.

ഹരിയേട്ടൻ….

വിനു കുറച്ചു മുൻപ് എന്നെ വിളിച്ചിരുന്നു.

ഹരിയേട്ടൻ…… എവിടേക്കാ…..

സീത എവിടേക്കാ…. അവിടേക്കാ ഞാനും

ഹരിയേട്ടന്റെ….. കല്യാണല്ലേ…..

കല്യാണം ഒക്കെ തന്നെയാ

പക്ഷേ…. കല്യാണ പെണ്ണ്…. നാടുവിട്ടു പോയാൽ….. എങ്ങനെയാ കല്യാണം കഴിക്കുന്നേ.

ഹരിയേട്ടാ…….

വിനുവും നിന്റെ അനിയത്തിമാരും എന്നെ ഒന്ന് രണ്ടു പ്രാവശ്യം വിളിച്ചിരുന്നു.

ഇത്തവണ നാട്ടിൽ വന്നാൽ സീതേടെ അനുവാദത്തിന് കാത്തുനിൽക്കാതെ കഴുത്തിലൊരു താലി കെട്ടണംന്ന് അവരെന്നോട് പറഞ്ഞിരുന്നു.

അതുകൊണ്ടാ ഞാൻ…. ഗൾഫീന്ന് വന്നത് തന്നെ .

എന്താടീ….. എനിക്ക് വേറെ കല്യാണം കഴിക്കണെങ്കിൽ എപ്പഴേ ആവായിരുന്നു. ഇത്രയും വർഷം കാത്തിരിക്കേണ്ടശ്യമുണ്ടായിരുന്നോ.

അന്നും ഇന്നും എന്റെ മനസ്സിൽ ഒരു പെണ്ണേ ഉണ്ടായിരുന്നുള്ളൂ……

കൂടപ്പിറപ്പുകളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്ന …….. ഈ… പാവം വല്യേച്ചി.

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : Sindhu Kizhakkey Veettil


Comments

Leave a Reply

Your email address will not be published. Required fields are marked *