നീ നിന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കൂ അതിനു ഞാൻ ശല്യമാവില്ല…

രചന : Latheesh Kaitheri

മനൂ നീ എവിടെയാണ് എന്താ എന്റെ കോളുകൾ നീ അറ്റൻഡ് ചെയ്യാത്തത് ?

ഒന്നുമില്ല ഓഫീസിൽ നല്ല തിരക്കാണ് അശ്വതി

ഒരു കിലോമീറ്റർ ദൂരമുള്ള എന്റടുത്തേക്കു ബൈക്കെടുത്തു ഒന്നു വന്നു കണ്ടു പോകാൻ എത്ര സമയം വേണം മനു ?

തനിക്കതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല , നൂറുകണക്കിന് തിരക്കിൽ ഓടി നടക്കുകയാണ് ഞാൻ

അതെ ശരിയാണ് എനിക്കൊന്നും മനസ്സിലാകുന്നില്ല

നമ്മുടെ ബന്ധത്തിൽ നിന്നും എന്നിൽ നിന്നുമുള്ള നിന്റെ ഈ ഒളിച്ചോട്ടം അത് എന്നെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ട് എന്ന് നിനക്ക് മനസ്സിലാകില്ല ,

ദിവസം രണ്ട് തവണയെങ്കിലും സമയം ഉണ്ടാക്കി എന്നെ കാണാൻ വന്നിരുന്ന നീ ഇപ്പോൾ എന്റെ മുൻപിൽ ഒന്ന് വന്നിട്ട് മാസം രണ്ടായി , അങ്ങോട്ട് വന്നു നിന്നെ ഒന്ന് കാണാം എന്നുവെച്ചാൽ ഓരോരോ കാരണം പറഞ്ഞു താൻ ഒഴിയും ,

മൊബൈലിൽ വിളിച്ചാൽ കോൾ എടുക്കില്ല ,

വല്ലപ്പോഴും എടുത്താൽ തന്നെ തിരിച്ചു വിളിക്കാം എന്നു പറഞ്ഞു ഫോൺ കട്ടു ചെയ്യും ,

എങ്കിലും ഞാനും എന്റെ ഇന്നിന്റെ കാത്തിരിപ്പും അവസാനിക്കുന്നതല്ലാതെ നീ തിരിച്ചു വിളിക്കാറില്ല

ഇങ്ങനെയൊക്കെ നീ കാട്ടാൻ മാത്രം ഞാൻ എന്ത് തെറ്റാണു നിന്നോട് ചെയ്തത് ?

നീ തെറ്റ് ചെയ്‌തെന്ന് ഞാൻ പറഞ്ഞോ ? പക്ഷെ എല്ലായപ്പോഴും പ്രേമിച്ചു കറങ്ങി നടക്കാൻ എനിക്ക് പറ്റില്ല , എനിക്ക് എന്റേതായ കുറെ കാര്യങ്ങൾ ഉണ്ട് , അതിനിടയിൽ ചിലപ്പോൾ നിന്നിൽ നിന്നും മാറി നിൽക്കുന്നുണ്ടാകാം അതൊക്കെ മനസ്സിലാക്കി പെരുമാറാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ നമുക്ക് പിരിയാം

എത്ര നിസ്സാരമായി നീ ഇതു പറഞ്ഞൊഴിഞ്ഞു മനു

ഇതു തികച്ചും ആത്മാർത്ഥമായിട്ടാണ് നീ പറഞ്ഞിരുന്നതെങ്കിൽ തമ്മിൽ കാണാതെ നിനക്കുവേണ്ടി എത്ര വർഷം വേണമെങ്കിലും ഞാൻ കാത്തിരുന്നേനെ

പക്ഷെ നീ ഇപ്പോൾ പറഞ്ഞതിൻറെ സത്യാവസ്ഥ മറ്റൊന്നാണ് എന്നുള്ളത് നിന്നെ പോലെ തന്നെ ഇപ്പോൾ എനിക്കും അറിയാം കാരണം നിന്റെ ഓഫീസിൽ എനിക്ക് പരിചയം ഉള്ളവരും ഉണ്ട് എന്നുള്ളത് നീ മറക്കരുത് , പക്ഷെ ആ കാര്യങ്ങളൊന്നും നിന്നോട് ഞാൻ ഒരിക്കലും ചോദിക്കില്ല

കാരണം എനിക്കിനി ആ കാര്യങ്ങൾ ഒന്നും അറിയേണ്ട ,,,,

മനസ്സിൽ നിന്നും നിന്നെ എനിക്ക് പറിച്ചു മാറ്റാൻ കുറച്ചു പ്രയാസപ്പെടും എന്നെനിക്കറിയാം എങ്കിലും ഞാൻ അത് ചെയ്യും ,, നിന്നോട് ഒന്നിച്ചുള്ള ജീവിതത്തിനു വേണ്ടി മത്സരിച്ചു ആത്‍മ ഹത്യ ചെയ്യാൻ പുറപ്പെട്ട എന്നെ വിലക്കി എല്ലാം സമ്മതിച്ചു കരഞ്ഞു തളർന്ന രണ്ടു മുഖങ്ങളുണ്ട് ,,

എന്റെ അമ്മയും അച്ഛനും ,,അവരുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും എനിക്കിനിയും ജീവിക്കണം ,

ഇനി എന്റെ കോളുകൾ നിന്നെ ശല്യപ്പെടുത്തില്ല,, നീ നിന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കൂ അതിനു ഞാൻ ശല്യമാവില്ല.

ഒരു വർഷത്തിന് ശേഷം ഒരു ഞായറഴ്ച… നിർത്താതെ മൊബൈൽ അടിക്കുന്നത് കേട്ടാണ് അശ്വതി മൊബൈൽ എടുത്തത്

ഹലോ അശ്വതി അല്ലെ ?

വർഷം ഒന്ന് കഴിഞ്ഞെങ്കിലും ആ ശബ്ദത്തിനു ഉടമയെ പെട്ടെന്ന് മനസ്സിലാകുന്നു ,,,,,

എങ്കിലും തിരിച്ചു ചോദിച്ചു

അതെ അശ്വതി ആണ് ,ഇതു ആരാണ് ?

ഞാൻ മനുവാണ്, ആ പറയൂ മനൂ

എനിക്കൊന്നു കാണാൻ പറ്റുമോ ?, ഞാൻ കുറച്ചു തിരക്കിലാണ് മനു

എനിക്കൊരു അരമണിക്കൂർ മതി പ്ലീസ്സ് അശ്വതി

ശരി വീട്ടിലേക്കു വന്നോളു മനൂ,

വീട്ടിലേക്കോ ?

അതെ എന്റെ വീട്ടിലേക്ക്,

അതു വേണോ അശ്വതി ?

പുറത്തു എവിടെ വെച്ചെങ്കിലും കണ്ടാൽ പോരെ ?

സോറി , എനിക്കിപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി വരാൻ പറ്റാത്ത നല്ല തിരക്കിലാണ്

കാണണമെങ്കിൽ വീട്ടിലേക്കു വരൂ , അല്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും കാണാം

അല്ല അശ്വതി എനിക്ക് ഇന്ന് തന്നെ കാണണം ,

ഞാൻ ഇപ്പോൾ തന്നെ വീട്ടിലേക്കു വരാം.

ഇപ്പോൾ വരേണ്ട ഒരു നാലുമണി കഴിഞ്ഞു വന്നാൽ മതി ,,എനിക്ക് അല്പം തിരക്കുണ്ട് ഞാൻ ഫോൺ വെക്കുകയാണ്, പറഞ്ഞുപൂർത്തിയാക്കു മുമ്പേ മറുവശം ഫോൺ വെച്ചെന്നു മനുവിന് മനസ്സിലായി.

നാലുമണി ആകുന്നതിനു മുൻപു തന്നെ ബൈക്ക് അശ്വതിയുടെ വീടിന്റെ ഗേറ്റിനു മുൻപിൽ പാർക്കു ചെയ്തു അകത്തേക്ക് കടക്കുമ്പോൾ തന്നെ കണ്ടു വീടിനു മുൻപിൽ പൊന്തിയ വലിയ പന്തൽ

ഒരു ഭാഗത്തു സദ്യയുടെ ഒരുക്കങ്ങൾ ,കുട്ടികളുടെയും വലിയവരുടെയും ബഹളങ്ങൾ മറ്റൊരു ഭാഗത്തു

ഒരു കാലത്തു എല്ലാ സ്വാതന്ത്രത്തോടെയും കൂടെ ഈ വീടിന്റെ എല്ലാ മുറികളിലും കയറിച്ചെല്ലാനുള്ള അവകാശം തനിക്കുണ്ടായിരുന്നു,,,,, ഇപ്പോൾ ഈ ഉമ്മറത്തേക്ക് കയറി ഇരിക്കാൻ പോലും തനിക്കു അർഹതയില്ലാത്തപോലെ ,,

ഓരോന്നാലോചിച്ചു നിന്ന തന്റെ നേർക്കു അശ്വതി വരുന്നത് അല്പം അകലെ നിന്ന് തന്നെ കണ്ടു…

മനു വന്നിട്ട് സമയം അധികമായോ ? ഞാൻ കുറച്ചു നേരമായി ഉമ്മറത്തോട്ടു വന്നതേ ഇല്ലാ അതുകൊണ്ടാണ് കാണാതിരുന്നത് , മനു അകത്തോട്ടു കയറി ഇരിക്കൂ…

നമുക്ക് കുറച്ചു മാറി നില്ക്കാം അശ്വതി ,ഇവിടെ മുഴുവൻ ആൾക്കാർ ആണല്ലോ എന്താ വിശേഷം ?

തൊടിയിലേക്കു നടക്കുന്നതിനിടയിൽ അശ്വതി പറഞ്ഞുതുടങ്ങി,,,,,,,,,,,

ഇവിടുത്തെ വിശേഷം പറയാം ആദ്യം മനുവന്ന കാര്യം പറയൂ.

എന്ത് പറഞ്ഞു നിന്നോട് ക്ഷമ ചോദിക്കണം എന്നെനിക്കറിയില്ല അശ്വതി , ഞാൻ നിന്നോട് ചെയ്ത തെറ്റിന് എന്ത് ന്യയീകരണം നടത്തിയാലും അത് ഒരു പ്രായശ്ചിത്തവും ആകില്ല , ഓഫീസിൽ സുന്ദരിയായ ഒരു സ്റ്റാഫു വന്നു ജോയിൻ ചെയ്തപ്പോൾ മറ്റുള്ള പയ്യന്മാരൊക്കെ അവളുടെ ഒരു നോട്ടത്തിനും ഒരു ചിരിക്കും വേണ്ടി കാത്തിരുന്നപ്പോൾ അവള് താല്പര്യം കാണിച്ചത് തന്നോടു മാത്രം ,അന്ന് നമ്മുടെ സ്നേഹ ബന്ധത്തിന്റെ കാര്യം തുറന്നു പറഞ്ഞു അവളെ അതിൽ നിന്നും വിലക്കാൻ അന്നത്തെ എന്റെ സ്വാർത്ഥത സമ്മതിച്ചില്ല , എല്ലാം അതിൽ നിന്നും തുടങ്ങിയതാണ് ,,,

പക്ഷെ അന്ന് എല്ലാം അവസാനിപ്പിച്ചു നീ പോയ നിമിഷം മുതൽ സമാധാനമായി ഞാൻ ഒന്ന് ഉറങ്ങിയിട്ടില്ല , പിന്നീട് ഓരോ നിമിഷവും നീ എനിക്ക് ഒരിക്കലും പിരിയുവാൻ കഴിയാത്ത ആരൊക്കെയോ ആയിരുന്നു എന്ന ബോധം ഉടലെടുക്കുകയായിരുന്നു ,,,

തുടർന്നുള്ള ദിവസങ്ങളിൽ ഒന്നും രണ്ടും പറഞ്ഞു രേഷ്മയും ആയും തെറ്റി പക്ഷെ അപ്പോഴൊന്നും എനിക്ക് ഒരു വേദനയും തോന്നിയില്ല ,, മുൻപേ തന്നെ പലപ്പോഴും തന്നെ കാണാൻ ഞാൻ ഇറങ്ങി പുറപ്പെട്ടതാണ് പക്ഷെ നിന്റെ മുൻപിൽ ഒരു അപരാതിയെപോലെ തല കുനിഞ്ഞു നിന്ന് നിൽക്കുന്നത് ആലോചിച്ചപ്പോൾ എന്റെ ദുരഭിമാനം പലപ്പോഴും അത് തടുത്തു ,,,,,

നീ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരണം അശ്വതി

നീയില്ലാതെ നിന്റെ സ്പന്ദനങ്ങൾ ഇല്ലാതെ എനിക്ക് വയ്യ.

മനൂ നിന്റെ കൂടെ ജീവിക്കാൻ മരിക്കാൻ വരെ തയ്യാറായ ഒരാളാണ് ഞാൻ ,ഇന്നലെ പരിചയപ്പെട്ട ഒരു കുട്ടിയെ നിന്റെ മനസ്സിൽ പ്രതിഷ്ഠിച്ചപ്പോൾ നീ ഓർത്തില്ല അഞ്ചു വർഷം നിന്റെ നന്മമാത്രം ആഗ്രഹിച്ചു നിന്നെ സ്നേഹിച്ച എന്നെ പടിയടച്ചു പിണ്ഡവെക്കലായിരുന്നു അത് എന്ന്

ഡ്രസ്സ്‌ മാറ്റുന്നതുപോലെ അക്കരപ്പച്ച തേടിപോകുന്നവരുടെ ആത്മാർത്ഥതയിൽ ഞാൻ എന്നല്ല ഒരു പെണ്ണും വീണ്ടും വിശ്വസിക്കില്ല ,

എന്റെ മനസ്സിൽ നീ അന്നേ മരിച്ചു കഴിഞ്ഞു.

അശ്വതിയും മനുവും സംസാരിക്കുന്നതു ലക്ഷ്യമാക്കി കയ്യിൽ ഒരു കുഞ്ഞുമായി നടന്നു വരുന്ന ആളോടായി അശ്വതി പറഞ്ഞു തുടങ്ങി. എന്തുപറ്റീ ഹരിയേട്ടാ വൈകിയല്ലോ ?

അവിടെയും കല്യാണം പ്രമാണിച്ചു കുറച്ചു ഗസ്റ്റ് ഉണ്ട്

ഇതു പിന്നെ അശ്വതി നിർബന്ധമായും വരണം എന്ന് പറഞ്ഞത് കൊണ്ട് ഇല്ലാത്ത സമയം ഉണ്ടാക്കി വന്നതാണ്

മനു അറിയുമോ ഇദ്ദേഹത്തെ ? നാളെ ഞങ്ങളുടെ വിവാഹം ആണ് , ആ കയ്യിലിരിക്കുന്നതു അദ്ദേഹത്തിന്റെ കുട്ടിയാണ് , പത്തുവർഷം പ്രണയിച്ചിട്ടു ഭാര്യയാകാൻ പോകുന്ന കുട്ടി അധികകാലം ജീവിക്കില്ല എന്നറിഞ്ഞിട്ടും വീട്ടുകാരെ എതിർത്തു ഒന്നിച്ചു ജീവിച്ചു അവർ ,അവളെ നെഞ്ചോടു ചേർത്തു സ്നേഹിച്ചു ശുസ്രൂഷിച്ചു പാതിവഴിക്ക് ഉപേക്ഷിക്കാതെ അവളുടെ അവസാനം വരെ സ്വയം തകരുമ്പോഴും ഒന്നും പുറത്തു കാണിക്കാതെ അവൾക്കു ധൈര്യം പകർന്നു കൂടെ നിന്നു

ഇങ്ങനെയുള്ള ആണുങ്ങളുടെ കൂടെ ജീവിക്കാൻ കഴിയുന്നതാണ് ഓരോ പെണ്ണിന്റെയും ഭാഗ്യം ,

അതുകൊണ്ടു തന്നെയാണ് ഒരു കുട്ടിയുണ്ട് എന്നറിഞ്ഞിട്ടും വേറൊരാള് ഇദ്ദേഹത്തിന്റെ കഥ എന്നോട് പറഞ്ഞപ്പോൾ അച്ഛനോട് പറഞ്ഞു ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് എന്റെ പ്രൊപ്പോസൽ കൊണ്ടു പോയത് ,, മനൂ നമ്മുടെ കാര്യങ്ങൾ ഒക്കെ ഞാൻ ഇദ്ദേഹത്തോട് തുറന്നു പറഞ്ഞിട്ടുണ്ട്

തന്നെ മൂപ്പർക്ക് ഒന്ന് കാണിക്കണം എന്നും ഇദ്ദേഹത്തെപോലുള്ള ആൾക്കാർ ഈ സമൂഹത്തിൽ ഒരുപാടുണ്ട് എന്ന് നിന്നെ ബോദ്യപ്പെടുത്താനും കൂടിയാണ് നേരത്ത നീ വരാൻ തുടങ്ങിയപ്പോൾ അത് തടുത്തു നാലുമണിക്ക് വന്നാൽ മതിയെന്ന് പറഞ്ഞത് ,,,, എനിക്ക് അല്പം തിരക്കുണ്ട് നാളെ കല്യാണമല്ലേ മനു പോകുമ്പോൾ വീട്ടിൽ കയറി ചായ കുടിച്ചിട്ടേ പോകാവൂ

ഹരിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി അയാളുടെ കൂടെ നടന്നു നീങ്ങുന്ന അശ്വതിയെ നോക്കി

ഒരു നിമിഷം എന്തു പറയണം എന്നറിയാതെ അവർ നടന്നു നീങ്ങുന്ന വഴികളിലേക്ക് നോക്കി നിന്നു മനു..

ലൈക്ക് കമന്റ് ചെയ്യണേ…

രചന : Latheesh Kaitheri