അയാളുടെ ഏതോ അകന്ന ബന്ധുവിന് തന്നെ കച്ചവടം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.. വിവാഹമെന്ന പേരിട്ട്…

രചന : രഘു കുന്നുമക്കര പുതുക്കാട്

ദേവിക

****************

അകമുറിയിലെ വിളക്കുകളണച്ച് ഹരിദേവ്, ഒറ്റപ്പാളി തുറന്നിട്ട ജാലകത്തിനരികിൽ വന്നു നിന്നു.

ജാലകത്തിലൂടെ നേർത്ത നിലാവു കടന്നുകയറുന്നു…

ഒരീറൻ കാറ്റ് പാർവണത്തിനു അനുയാത്ര പോരുന്നു.

താഴെ മുറ്റത്തു നിന്ന പറങ്കിമാവിന്റെ ശാഖകളിലൊരെണ്ണം ആകാശക്കാഴ്ച്ചകളെ മറയ്ക്കാൻ ശ്രമിക്കുന്നു

വൃക്ഷത്തലപ്പിനിടയിലൂടെ നീലം പുരണ്ട വാനം സ്പഷ്ടമാണ്.

വരവർണ്ണം പേറിയ നക്ഷത്രക്കതിരുകൾ മിന്നിമിനുങ്ങുന്നു.

ആളൊഴിഞ്ഞ നാട്ടുവഴി വളവു തിരിഞ്ഞു മറയുന്നു.

പാതയുടെ മറുവശം നിറയെ കാട്ടുപുല്ലുകൾ തഴച്ചു നിന്നു.

ഒരു പന്നിയെലിയുടെ പുളച്ചിൽ കേൾക്കാം.

വിളിപ്പാടകലെയുള്ള മനപ്പറമ്പിലെ നാട്ടരയാലിൽ പകൽ വിശ്രാന്തി തേടിയ കടവാതിലുകൾ വീതിയേറിയ പക്ഷങ്ങൾ വിരിച്ചു പറക്കുന്നു.

അവയുടെ ചീറലുകളിൽ, ആരോചകമായൊരു ഭീതിസന്ദേശം ഉരുവപ്പെടുന്നു.

അരയാലിന്നപ്പുറത്തേ മുളങ്കാട്ടിൽ നിന്നാകാം, മൂങ്ങയോ കാലൻകോഴിയോയെന്നു വേർത്തിരിച്ചറിയാനാകാത്തൊരു മുരളൽ പൊന്തിവരുന്നു…

അവസാന ആളും വീടണഞ്ഞ രാത്രിയിൽ വഴിയിലും പാർശ്വങ്ങളിലും അസ്വസ്ഥത പെരുക്കുന്നൊരു ശൂന്യത ഉറഞ്ഞു നിന്നു.

ശനിയാഴ്ച്ചകൾ, എന്നും ഏകാന്തതയുടെ തുരുത്തു സമ്മാനിച്ചാണ് കടന്നുവരിക.

അതുകൊണ്ടാണ് ഇന്നീ രാത്രിയിൽ ഇവിടെ തനിച്ചായത്.

ഈ മരവിപ്പു പേറിയ ഭൂമികയിൽ ഇങ്ങനെയൊരു വീടൊരുക്കിയത് ആശ്ചര്യകരം തന്നെയാണ്.

കീഴെ രണ്ടു മുറികളും, ഒരടുക്കളയും, മുകൾ നിലയിൽ ഒരൊറ്റ മുറിയും അതിനു പുറകിലായി തകര ഷീറ്റു കൊണ്ടു നിർമ്മിച്ച ഒരു ചെറിയ ചായ്പ്പുമുണ്ട്.

മുറി ബാത്ത് അറ്റാച്ച്‌ഡ് ആണ്.

താഴെ താമസിക്കുന്ന പോലീസുകാരൻ രാമകൃഷ്ണനും,

കളക്ട്രേറ്റിലെ ഗുമസ്തനായ ബാഹുലേയനും ഇന്ന് സ്വന്തം വീടുകൾ തേടി പോയിരിക്കുന്നു.

തിങ്കളാഴ്ച്ച ഗാന്ധിജയന്തിയുടെ അവധി കൂടി കഴിഞ്ഞേ അവർ തിരികേ വരികയുള്ളൂ.

അതിനർത്ഥം, തുടർച്ചയായ മൂന്നു രാത്രികൾ താനീ വീട്ടിൽ തനിച്ചായിരിക്കും.

ഹരിദേവ് ഒന്നു നിശ്വസിച്ചു.

ഞായറും തിങ്കളും മദ്യശാലകൾ അവധിയായതിനാൽ, ബാഹുലേയൻ രണ്ടു കുപ്പി മദ്യവും വാങ്ങിയാണ് സ്വദേശത്തേക്കു പോയിട്ടുള്ളത്.

രാമകൃഷ്ണൻ വിഭാര്യനാണ്. അദ്ദേഹം ഇന്നു അതിരാവിലെ തന്നെ വീടണയാൻ പുറപ്പെട്ടു.

വസ്ത്രങ്ങളും, കുപ്പിയും ബാഗിൽ കരുതുന്നതിനിടയിൽ ബാഹുലേയൻ ചോദിക്കാതിരുന്നില്ല…

“ഹരീ, ഞങ്ങളില്ലാതെയാകുമ്പോൾ ഇവിടെ തനിച്ചിരിക്കാൻ നിനക്കു ഭയമാവുകയില്ലേ….?”

വരണ്ടൊരു പുഞ്ചിരി സമം ചേർത്ത്, ഇല്ലെന്നു തലയാട്ടി.

പക്ഷേ, ഇന്നീ ശ്യൂന്യതയിൽ ജാലകത്തിനപ്പുറത്തേക്കു നോക്കിയിരിക്കുമ്പോൾ, എന്തെന്നില്ലാത്തൊരു അസ്വസ്ഥത മനസ്സിനെ ഗ്രസിക്കുന്നു.

നേർക്കാഴ്ച്ചയിൽ എതിർദിശയിലുള്ള ആ പഴയ വീട് ഇരുളിൽ മുങ്ങി നിന്നു.

വെളുത്ത കുമ്മായം പൂശിയ, ഇരുനിലകളുള്ള ഓടു മേഞ്ഞ തറവാട്ടു വീട്.

ശ്ലഥ നിലാവിൽ പുരാണം പുണർന്ന ഭവനത്തിന്റെ വെളുത്ത മേൽച്ചാന്തു വ്യക്തമാണ്.

മരയഴികളുള്ള ജാലകങ്ങൾ തീരെ ചെറുതാണ്.

അവയ്ക്കു ചുറ്റും കാളിമ പടർന്നിരിക്കുന്നു.

ഏതോ പഴയ മാന്ത്രിക നോവലിലെ ഗൃഹം കണക്കേ വീടങ്ങനെ നിശ്ചലം നിന്നു.

ഈ വീട്ടിലെ വിളക്കുകൾ അണഞ്ഞിട്ട് ഒരു മാസത്തോളമാകുന്നു.

ആറുമാസം മുൻപ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ഈ നാട്ടിലെത്തി, ഈ വാടകസ്ഥലത്തേക്കു പറിച്ചു നടപ്പെട്ട കാലത്ത്,

എതിർ വീട്ടിൽ ബൾബുകളുടെ മഞ്ഞച്ച പ്രകാശമുണ്ടായിരുന്നു.

ചെറു ജനവാതിലുകൾ രാത്രി വൈകുവോളം തുറന്നു തന്നെ കിടന്നു.

മുറിയകത്തെ ചന്ദനവർണ്ണമുള്ള പ്രകാശം വഴിയിലേക്കു ചരിഞ്ഞു വീഴും.

അപ്പോൾ, മരയഴികളുടെ നിഴൽച്ചിത്രങ്ങൾ നാട്ടുവഴിയിൽ പതിയും.

പഞ്ചായത്തിലെ ആറു വാർഡുകളിലെ ആരോഗ്യവിഭാഗം ചുമതല, തന്നിൽ ആയിരുന്നതിനാൽ ആ വീട്ടിലെ അംഗങ്ങളേയെല്ലാം സുപരിചിതമാണ്.

ലക്ഷ്മിയമ്മ അമ്പത്തിയഞ്ചു വയസ്സ്.

ഭർത്താവ് ശ്രീധരനു അറുപതുണ്ട് പ്രായം.

ഒപ്പം, മകൾ ദേവികയും.

ഇരുപത്തിനാലു വയസ്സുള്ള ദേവിക ബിയെഡ് ബിരുദധാരിണിയാണ്.

ലക്ഷങ്ങൾ പേശിക്കൊടുക്കാനില്ലാഞ്ഞതിനാലും,

പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ റാങ്കുലിസ്റ്റുകളിൽ പുറകിലായിപ്പോയതിനാലുമാകാം, അവൾ രേഖകളിൽ തൊഴിൽരഹിതയായിരുന്നു.

പക്ഷേ,

അന്നാട്ടിലെ പത്താംക്ലാസ്സുകാരായ ഒത്തിരിയധികം വിദ്യാർത്ഥികൾക്ക് അവൾ ട്യൂഷനെടുത്തിരുന്നു.

അതു തന്നെയായിരുന്നു ആ വീട്ടിലെ ഏക വരുമാനവും.

ഏതയൽവക്കവും നെടുനാൾ പുലരുമ്പോൾ കൂടുതൽ അടുപ്പമാകും.

അതേ കണക്കു തന്നേ എതിർ വീട്ടിലെ വാടകക്കാരോടു ലക്ഷ്മിയമ്മ അടുത്തിടപഴകി.

അവരുടെ മൊഴികളിൽ നിന്ന്, ഭൂതകാലം പുനർജ്ജനിച്ചു.

ലക്ഷ്മിയമ്മയുടെ രണ്ടാം ഭർത്താവാണ് ശ്രീധരൻ.

ദേവികയ്ക്കു പന്ത്രണ്ടു വയസ്സുള്ളപ്പോളാണ് ഹൃദയാഘാതം അവളുടെ അച്ഛന്റെ പ്രാണനെടുത്തത്.

പിന്നീട്, അദ്ദേഹത്തിന്റെ ബന്ധുക്കൾ ഇരുവരേയും തഴഞ്ഞു.

വളർന്നുവരുന്ന പെൺകുട്ടിയുമായി ഒറ്റയ്ക്കു ജീവിക്കേണ്ട എന്നു നിനച്ചാണ്, മുൻപു പ്രവാസിയായ ശ്രീധരനേക്കൊണ്ട് ലക്ഷ്മിയമ്മയുടെ അടുത്ത ബന്ധുക്കൾ അവരേ വിവാഹം ചെയ്യിച്ചത്.

ശ്രീധരനും അന്നു വിഭാര്യനായിരുന്നു. ആ ബന്ധത്തിൽ മക്കളുമില്ലായിരുന്നു.

ഏതോ, പാതിരാത്രിയിൽ ശ്രീധരന്റെ ഭാര്യ പൊള്ളലേറ്റു മരണപ്പെടുകയായിരുന്നു.

ആത്മഹത്യയായിരുന്നുവത്രേ.

ദേവികയുടെ വരുമാനം വന്നതോടെ, ശ്രീധരൻ സ്വന്തം തൊഴിലിലെ ആദായം മദ്യശാലകൾക്കായി നീക്കിവച്ചു.

നാട്ടിൽ നിന്നും തെല്ലുമാറി ഏതോ ഹോട്ടലിലായിരുന്നു അയാൾക്കു ജോലി.

പാതിരാക്കാലങ്ങളിൽ ഉറയ്ക്കാത്ത ചുവടുകളുമായി നാട്ടിടവഴി താണ്ടി അയാൾ വീട്ടിലെത്തും.

ചിലപ്പോൾ വരാതെയുമിരുന്നു.

ശ്രീധരന്റെ ആഗമം അറിയിച്ച്, ആ വീട്ടിൽ നിന്നും പുലഭ്യങ്ങളും പുലയാട്ടുകളുമുയർന്നു കേൾക്കാമായിരുന്നു.

ശ്രീധരനില്ലാത്ത ദിനങ്ങളിൽ, പഴമയുടെ പ്രൗഢിയും പേറി ലക്ഷ്മിയമ്മയുടെ പേരിലുള്ള വീടങ്ങനെ സ്വച്ഛം നിന്നു.

താൻ, ജോലി കഴിഞ്ഞെത്തുന്ന സന്ധ്യാവേളകളിൽ ആ വീട് ശബ്ദമുഖരിതമായിരിക്കും.

കുട്ടികൾ പഠിയ്ക്കുകയും, ദേവികയുടെ നിർദ്ദേശങ്ങളും ശാസനകളും സമന്വയിക്കുകയും ചെയ്യുമ്പോൾ അതൊരു വിദ്യാലായാന്തരീക്ഷമാകും.

രാവു നീണ്ടു ഇരുളു പടരുമ്പോൾ, ശ്രീധരന്റെ അശ്ലീലങ്ങളിൽ തല കുനിച്ച് ഭവനം നിന്നു.

ഒരവധി ദിനത്തിൽ, മുകൾ നിലയിലെ ജാലകക്കാഴ്ച്ചയിലാണ് ദേവിക ആദ്യമായി പ്രത്യക്ഷപ്പെട്ടത്…

വടക്കിനിയിലെ രാമത്തുളസിക്കാടുകൾക്ക് തെളിനീരു പകരുകയായിരുന്നു അവൾ.

ആഭിജാത്യം കുടിയേറിയ വദനം.

മാക്സിയുടെ പിൻപുറം ആവൃതമാക്കുന്ന കേശസമൃദ്ധി.

മുടിയിൽ കൊരുക്കപ്പെട്ട ലാങ്കിലാങ്കിപ്പൂക്കൾ.

സുന്ദരിയല്ലെയെങ്കിലും, അവളൊരിക്കലും വൈരൂപിയായിരുന്നില്ല.

അങ്ങനെ പതിവു വീക്ഷണങ്ങൾക്കിടയിലാണു അവളുടെ മിഴികളുടെ കാന്തശക്തി തന്റെ കണ്ണുകളെ തേടിയെത്തിയത്.

പിന്നീടുള്ള കാഴ്ച്ചകളിലേക്ക്, അനുരാഗം അനുവാദമില്ലാതെ കടന്നുവരികയായിരുന്നു.

നാട്ടിൽ, ഏട്ടനും ഏട്ടത്തിയുമാണ് ഉറ്റബന്ധുക്കളായി അവശേഷിച്ചിരുന്നത്.

മാതാപിതാക്കൾ, തന്റെ കൗമാരവും യൗവ്വനവും കൺപാർക്കാൻ നിൽക്കാതെ ഇഹം വെടിഞ്ഞിരുന്നു.

ഒരിയ്ക്കൽ, നാട്ടിൽ പോയപ്പോൾ ഏട്ടനോടും ഭാര്യയോടും ദേവികയേപ്പറ്റി സൂചിപ്പിച്ചിരുന്നു.

ഇരുവരും കേട്ടിരുന്നു എന്നല്ലാതെ, വ്യക്തമായൊരു മറുപടി തന്നില്ല.

ഏട്ടൻ, ഒരു മൂളലിൽ ഉത്തരം അവ്യക്‌തമാക്കി.

ഏട്ടത്തിയുടെ നുള്ളലിൽ, ഏട്ടനു അത്രയേ സാധിച്ചിരിക്കൂ.

അനുജന്റെ വരുമാനം പൊടുന്നനേ നിലയ്ക്കുമെന്നതോ, ഏട്ടത്തിയുടെ വകയിലൊരു ബന്ധുവായ പണക്കാരിപ്പെൺകൊടിയുടെ രണ്ടാം ഭർത്താവാകാനുള്ള അവരുടെ ഇംഗിതമാണോ ഈ താൽപ്പര്യക്കുറവിനു നിദാനമെന്നു തീർച്ചപ്പെടുത്താനായില്ല

എങ്കിലും, ഒന്നു നിശ്ചയിച്ചിരുന്നു.

ദേവിക തന്നെയാണ്, തന്റെ ജീവിതപങ്കാളിയെന്നുള്ള കാര്യം.

പ്രണയം അതിന്റെ മൂർത്തഭാവങ്ങളിലേക്കു പ്രവേശിച്ച നാളുകളിലാണ്, മുകൾ നിലയിൽ നിന്നും പുറത്തേ ഗോവണിപ്പടവുകളിറങ്ങി, നാട്ടുവഴി കുറുകേക്കടന്ന് അവളുടെ ജനലരികിലെത്താൻ തുടങ്ങിയത്.

അവൾ ജനലഴികളിൽ കൈ ചേർത്തു നിൽക്കും.

അവളുടെ വിരലുകളിൽ തെരുപ്പിടിച്ച് താനും.

ശ്രീധരന്റെ വരവുകളില്ലാത്ത രാത്രികൾക്കായി പിന്നീടു പ്രാർത്ഥന.

അത്തരം രാത്രികളിൽ, തൊട്ടപ്പുറത്തെ മുറിയിൽ നിന്നും ലക്ഷിമിയമ്മയുടെ താളനിബദ്ധമായ ഉച്ഛാസസ്വനങ്ങൾ കേൾക്കാമായിരുന്നു.

അവളുടെ സങ്കടങ്ങളായിരുന്നു മിക്ക ദിവസങ്ങളിലും കൂടുതൽ സംസാരിച്ചത്.

ശ്രീധരന്റെ മൃഗതൃഷ്ണകൾ,

അയാളുടെ ഏതോ അകന്ന ബന്ധുവിന് തന്നെ കച്ചവടം ചെയ്യാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.

വിവാഹമെന്ന പേരിട്ട്.

അതോടെ, എവിടെയോ ഒത്തുകൂടി മദ്യപിക്കുന്ന ഇരുവർക്കും ഇടത്താവളങ്ങൾ ഉപേക്ഷിക്കാം.

മരുമകൻ എന്ന പദവിയിൽ, സുരപാന സദസ്സുകൾ തുടരാം.

ആശ്വാസവാക്കുകൾക്ക് അവളുടെ സങ്കടങ്ങൾ ശമിപ്പിക്കാൻ തക്ക ശക്തിയുണ്ടായിരുന്നില്ല.

ഒരു മാസം മുൻപൊരു നിറകൊണ്ട രാത്രിയിൽ ദേവികയോട് സംസാരിച്ചതു മുഴുവൻ വിവാഹക്കാര്യമായിരുന്നു.

വരാനിരിക്കുന്ന ഞായറിൽ, ഏട്ടനും ഏട്ടത്തിയും ലക്ഷ്മിയമ്മയെ കാണാൻ വരാമെന്നു സമ്മതിച്ചിട്ടുണ്ട്

ലളിതമായ തുടർനടർപടികളിലൂടെ വിവാഹമെന്ന പൂർണ്ണതയിലേക്കുള്ള ആദ്യചുവട്.

ദേവികയും അത്യാനന്ദത്തിലായിരുന്നു.

വിരലുകൾ കോർത്ത്, അന്യോന്യം വീക്ഷിച്ചങ്ങനേ സ്വയം മറന്നു നിൽക്കുന്ന വേളയിലാണ്, ടോർച്ചുവെട്ടം മുഖത്തേക്കു വന്നത്.

ഇരുട്ടിന്റെ മറയിലും, ആ മുഖം വ്യക്തമായി കണ്ടു.

ശ്രീധരൻ.

അയാളുടെ മിഴികളിൽ ക്രൗര്യം സ്ഫുരിയ്ക്കുന്നു.

നെറ്റിയിലെ മുറിവുണങ്ങിയ പാടു തുടിയ്ക്കുന്നു.

തിരികേ നടന്നു.

ശ്രീധരനിൽ നിന്നും രൂക്ഷമായ പ്രതികരണങ്ങളുണ്ടാകാഞ്ഞത് തീർത്തും അത്ഭുതപ്പെടുത്തി.

ഗോവണി കയറുമ്പോൾ, ദേവികയുടെ വീടിന്റെ ഉമ്മറവാതിൽ തുറന്നടയുന്ന ശബ്ദം കേട്ടു.

അകമുറിയിലെത്തുമ്പോളും വല്ലാത്തൊരാധി ഹൃദയത്തിൽ സന്നിവേശിച്ചിരുന്നു.

ജാലകം തുറന്നിട്ട് ഏറെ നേരം നോക്കി നിന്നു.

ദേവികയുടെ കിടപ്പുമുറിയുടെ ജാലകങ്ങൾ അടച്ചിരുന്നില്ല.

അതിൽ നിന്നും, പ്രകാശവും നിഴലുകളും ഇടകലർന്നു പുറത്തുവന്നു.

എപ്പോളാണ് കിടന്നതെന്നും, ഉറക്കത്തിലേക്കു സഞ്ചരിച്ചതെന്നും തീർച്ചയില്ലായിരുന്നു.

ദാരുണമായൊരു നിലവിളിയും, അനുരോദനങ്ങളുമാണ് ഞെട്ടിയുണർത്തിയത്.

ദേവികയുടെ വീട്ടിൽ നിന്നാണ്.

ജാലകത്തിനരികിലേക്കു കുതിച്ചെത്തുകയായിരുന്നു

ദേവികയുടെ മുറിയുടെ ജാലകങ്ങൾ തുറന്നു കിടപ്പുണ്ട്.

പക്ഷേ, അതിലൂടെ തീയും പുകയും വമിയ്ക്കുന്നു

പ്രാണൻ പറിഞ്ഞകന്ന ആക്രന്ദനം നേർത്തടങ്ങുന്നു

പാഞ്ഞടുക്കുന്ന അനേകം ആളുകൾ.

അവരിലൊരാളായി താനും.

അകമുറിയുടെ കോണിലായി ദേവികയുടെ ഉടൽ കത്തിക്കരിഞ്ഞു കിടന്നു.

മണ്ണെണ്ണയുടെ രൂക്ഷഗന്ധം.

വെളുത്ത ചുവരുകളിലെല്ലാം കരി വീണിരിക്കുന്നു.

വെന്ത പച്ചമാംസത്തിന്റെ ഗന്ധം.

ലക്ഷ്മിയമ്മ ബോധമറ്റു കിടപ്പുണ്ട്.

അരികിൽ, ശ്രീധരൻ.

അയാളുടെ ഉടലിലും ഒത്തിരി പൊള്ളലേറ്റിട്ടുണ്ട്.

ആൾക്കൂട്ടത്തിനിടയിലെ തന്നെ ശ്രീധരൻ വ്യക്തമായി കണ്ടു.

കുടിലത മുറ്റിയ മിഴികൾ വല്ലാതെ കുറുകിയിരിക്കുന്നു..

നെറ്റിയിലെ വടു വിറകൊള്ളുന്നു.

ആരോ പറയുന്നത് അർദ്ധബോധത്തിൽ കേട്ടു.

ദേവികയുടെ അലർച്ച കേട്ട്, വാതിൽ തള്ളിത്തുറന്ന് ശ്രീധരൻ എത്തിയപ്പോഴേക്കും വൈകിയത്രേ.

രക്ഷിക്കാനുള്ള ശ്രമത്തിൽ, അയാൾക്കും പൊളളലേറ്റുവെന്നും.

ഒരിയ്ക്കൽ കൂടി ശ്രീധരനെ നോക്കി.

അയാളുടെ മിഴികളിലെ ഉന്മാദം വ്യക്തമാണ്.

തീ കൊളുത്തി കൊന്നു ശീലമുള്ളവന്റെ ഉന്മാദം.

താൻ, പിന്തിരിഞ്ഞു നടന്നതു എങ്ങോട്ടായിരുന്നു…?

ഒരു കാറ്റുവീശി.

തുറന്നിട്ട ജനൽക്കതകുകൾ ഉലഞ്ഞു.

ഹരിദേവ്, ഇന്നലേകളിൽ നിന്നും മടങ്ങിയെത്തി.

അയാൾ ഒരാവർത്തി കൂടി ആ വീട്ടിലേക്കു നോക്കി.

ലക്ഷ്മിക്കുട്ടിയമ്മയെ ബന്ധുക്കൾ കൊണ്ടുപോയിരുന്നു

ശ്രീധരൻ എവിടേയോ ഉണ്ടാകാം.

നോക്കി നിൽക്കേ, ഇരുൾ വിഴുങ്ങിയ വീടിന്റെ ജാലകങ്ങൾ തുറന്നിരിക്കുന്നതായി ഹരിയ്ക്കു തോന്നി

അതിലൂടെ നിഴലും വെളിച്ചവും നിറനിലാവിൽ പതിയ്ക്കുന്നു.

ലാങ്കിലാങ്കിപ്പൂ ഗന്ധം നാസികയിലേക്കു വിരുന്നെത്തുന്നു.

കൈവിരലുകളിൽ, നീണ്ടു മെലിഞ്ഞ വിരലുകൾ കൊരുക്കുന്നു.

അയാൾ ജഢശിലയായി ഉറഞ്ഞു നിന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : രഘു കുന്നുമക്കര പുതുക്കാട്

Scroll to Top