രണ്ട് ദിവസമായി അമ്മയുടെ സ്വഭാവത്തിൽ ആകെ ഒരു മാറ്റം കാണുന്നു.. ഇതെന്തു പറ്റി ആവോ…

രചന : ഗിരീഷ് കാവാലം

“ദേ…എല്ലാവർക്കും എന്റെ വക ഓണക്കോടി”

“അമ്മുവിന്റെ കൈയ്യിലേക്ക് ടെക്സ്റ്റയിൽ ഷോപ്പിന്റെ വലിയ ഒരു കവർ കൊടുത്തുകൊണ്ട് ഗീതമ്മ അകത്തേക്ക് പോയി”

നടന്നു പോകുന്ന ഗീതമ്മയെ,അമ്മു ആശ്ചര്യത്തോടെ നോക്കി നിന്നു പോയി

‘അല്ല തന്റെ അമ്മായിയമ്മക്ക് ഇതെന്തു പറ്റി”

“രണ്ട് ദിവസമായി അമ്മയുടെ സ്വഭാവത്തിൽ ആകെ ഒരു മാറ്റം കാണുന്നു”

“തന്നോട് വളരെ സൗമ്യമായി ഇടപെടുന്നു”

“എന്തിനും ഏതിനും കുറ്റം പറച്ചിലും ശകാരവും മാത്രം ഒഴുകി വന്ന ആ നാവിൽ ഇപ്പോൾ സ്നേഹത്തിന്റെ നാമ്പ് മുളച്ചു തുടങ്ങിയിരിക്കുന്നു”

“ഇങ്ങനെ ഒരു മാറ്റത്തിന് കാരണം എന്താ?

“ആളെന്താ തീരാൻ പോകുവാണോ.. ഉള്ളിൽ എന്തെങ്കിലും അസുഖം ഉള്ളതായി സ്വയം തോന്നി തുടങ്ങിയോ ?

“ഏയ്‌..അങ്ങനെ വരാൻ വഴിയില്ല”

“അങ്ങനെ ആണെങ്കിൽ മുഖത്ത് ലേശം നൈരാശ്യം എങ്കിലും കാണേണ്ടതാണ് ഇതിപ്പോൾ മുൻപത്തേതിലും പ്രസന്നവതിയാണ് പുള്ളിക്കാരി”

“ഇനി ഇപ്പൊ സ്നേഹം നടിച്ചു എന്നെ അപായപ്പെടുത്താൻ വല്ലതും ആണോ വാർത്തകളിൽ ഒക്കെ കേൾക്കുന്നമാതിരി ?

“അങ്ങനയുള്ള ആളൊന്നും അല്ല പിന്നെ എന്തിനും തൻപോരിമ ഉണ്ടെന്നല്ലാതെ അങ്ങനെ ഒന്നും ഏയ്‌

“എന്നാലും ഒരാൾ പെട്ടന്ന് മാറണം എങ്കിൽ ഒരു കാരണം ഇല്ലാതില്ല”

“അതല്ലെങ്കിൽ എന്തിന് ഞാൻ ചെയ്യുന്ന ഒരു പ്രവൃത്തിയും അംഗീകരിക്കാത്ത അമ്മ തന്നെ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു”

“എന്തിന് പറയണം കഴിഞ്ഞ തിരുവോണത്തിന് വരെ ആള് ഊണ് കഴിക്കാതെ മാറി കിടന്നതാ”

“അതും നിസ്സാര കാര്യത്തിന്”

“അമ്മ ഉണ്ടാക്കിയ പായസം ടേസ്റ്റ് ചെയ്തു നോക്കിയ വിനു വേട്ടന്റെ നാവിൽ ഒരു നീളൻ മുടി ഉടക്കിയതേ കാരണം ഉള്ളൂ”

“പായസം ആരാ ഉണ്ടാക്കിയത് എന്ന് ചോദിച്ചതും എനിക്ക് പൊട്ടിച്ചിരി അറിയാതെ വന്നു പോയി”

“അത് കണ്ടതും മക്കൾ രണ്ട് പേരും കൂട്ട ചിരി”

“അയ്യേ അച്ഛമ്മ ഉണ്ടാക്കിയ പായസം ഞങ്ങൾ കുടിക്കില്ലേ ഞങ്ങൾക്ക് അറപ്പാ എന്ന് രണ്ട് പേരും ഉറക്കെ പറഞ്ഞു ”

“അത് ഗീതമ്മക്ക് ഷോക്ക് ആയി. നേരെ കട്ടിലിൽ പോയി കിടന്നു ഓണം ഉണ്ണില്ലെന്ന് നിർബന്ധം പിടിച്ചെങ്കിലും വിനുവേട്ടന്റെ നിർബന്ധം കൊണ്ട് വന്ന് ഒറ്റക്ക് ഇരുന്നു ഊണ് കഴിച്ച ആൾ വിനുവേട്ടന്റെ കാതിൽ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു”

“എടാ അവളുടെ പൊട്ടിച്ചിരി ഒന്ന്കൊണ്ട് മാത്രം ആണെടാ എനിക്ക് ദേക്ഷ്യം വന്നത്”

“ഇങ്ങനെ ഒക്കെ ഉള്ള ആൾ അങ്ങനെ ഒറ്റ അടിക്കു മാറാൻ വഴിയില്ലല്ലോ”

“എന്താടോ അമ്മു താൻ നിന്ന് പകൽ കിനാവ് കാണുവാണോ”

പുറകിൽ നിന്നുള്ള വിനുവേട്ടന്റെ ശബ്ദം കേട്ടുകൊണ്ടാണ് അമ്മുവിന് സ്ഥലകാലബോധം വന്നത്

“ങാ അത് അത്… വിനുവേട്ടാ അമ്മ ആദ്യമായിട്ട് ഓണക്കോടി എടുത്തു കൊണ്ട് വന്നു”

“ങേ.. അങ്ങനെയും സംഭവിച്ചോ”

ആശ്ചര്യത്തോടെ വിനു അത് തുറന്ന് നോക്കി

അവന്റെ മുഖത്തും പുഞ്ചിരി വിടർന്നു

എല്ലാവർക്കും ഓരോ ജോഡി ഡ്രസ്സ്‌

“കണ്ടോടോ അമ്മയുടെ മനസ്സ് അങ്ങനെ ക്രൂരത നിറഞ്ഞതൊന്നും അല്ലെന്ന് ഇപ്പൊ മനസ്സിലായില്ലേ

“ഈശ്വര ഇനി ഒരു പൊല്ലാപ്പും ഇല്ലാതെ ഇങ്ങനെ അങ്ങ് പോയാൽ മതിയാരുന്നു”

അമ്മു മനസ്സിൽ പറഞ്ഞു

ഉത്രാട ദിവസം വിനുവേട്ടനും മക്കളുമായി മാർക്കറ്റിങ്ങിനു സൂപ്പർ മാർക്കറ്റിൽ എത്തിയപ്പോൾ ആണ് റെജി ചേച്ചിയെ കണ്ടു മുട്ടിയത്

റെജിയും , അമ്മുവും പരസ്പരം അവരവരുടെ ഭർത്താക്കന്മാരെ പരിചയപ്പെടുത്തി

കോളേജിൽ തന്റെ സീനിയർ ആയി പഠിച്ചിരുന്ന റെജി ചേച്ചിയോട് , അമ്മയുടെ സ്റ്റുഡന്റ് എന്നതിലുപരി സ്വന്തം ചേച്ചിയോടെന്നപോലെയുള്ള ഒരു ആത്മ ബന്ധം ആയിരുന്നു ഉള്ളത്

“അമ്മു ഒരു പേർസണൽ മാറ്റർ പറയാനുണ്ട്”

“സുമതി ടീച്ചറുടെ ആരോഗ്യം എല്ലാം ഒക്കെ അല്ലെ”

അമ്മുവിനെ മാറ്റി നിർത്തി റെജി ചോദിച്ചു

“എന്താ ചേച്ചി അങ്ങനെ ചോദിക്കാൻ എന്റെ അമ്മക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ”

ആകാംഷയോടെ അമ്മു ചോദിച്ചു

“ങാ ഞാൻ അത് ചോദിക്കണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു”

“കഴിഞ്ഞ ദിവസം അമ്മുവിന്റെ അമ്മ സുമതി ടീച്ചർ എന്നെ വിളിച്ചിരുന്നു”

“അതിന് ചേച്ചിയുടെ നമ്പർ അമ്മയുടെ കൈയ്യിൽ ഇല്ലല്ലോ”

“ഞാൻ കഴിഞ്ഞ ആഴ്ച സുമതി ടീച്ചർക്ക് ഷഷ്ടി പൂർത്തിക്കു നൽകുവാൻ അമ്മുവിന്റെ കൈയ്യിൽ ഒരു ഗിഫ്റ്റ് പാക്കറ്റ് തന്നില്ലായിരുന്നോ ”

“അതിൽ ഞങ്ങളുടെ പുതിയതായി തുടങ്ങുന്ന കമ്പനിയുടെ വിസിറ്റിംഗ് കാർഡ് ഇട്ടിട്ടുണ്ടായിരുന്നു ”

“അതിലെ റെജി മാത്യു എന്നുള്ളത് വല്ല ആണുങ്ങളുടെയും നമ്പർ ആണെന്ന് തെറ്റി ധരിച്ചത് കൊണ്ടാണോ എന്നറിയില്ല എന്നെ വിളിച്ചു. ഞാൻ ചോദിച്ചപ്പോൾ അമ്മുവിന്റെ അമ്മ ആണെന്ന് പറഞ്ഞു”

“സുമതി ടീച്ചർ ആണെന്ന് അറിഞ്ഞ ഞാൻ സന്തോഷത്തോടെ ഷഷ്‌ടിപൂർത്തി ആശംസകൾ ഒക്കെ പറഞ്ഞു ഞാൻ കൊടുത്തു വിട്ട ഗിഫ്റ്റിന്റെ കാര്യം ഒക്കെ പറഞ്ഞെങ്കിലും ആൾക്ക് മൗനം ആയിരുന്നു”

“ടീച്ചർക്ക് എന്നെ മനസ്സിലായില്ലേ എന്റെ മാത്‍സ് ടീച്ചർ ആയിരുന്നു.. എന്നെ കണക്കിന്റെ ലോകത്ത് നിന്ന് പിച്ച വെക്കാൻ പഠിപ്പിച്ച് ഇന്ന് ഈ നിലയിൽ എത്താൻ എന്നെ സഹായിച്ചത് എന്റെ സുമതി ടീച്ചർ ആണെന്ന് പറഞ്ഞെങ്കിലും ടീച്ചർക്ക് മൗനം ആയിരുന്നു ”

“എനിക്ക് സംശയം ആയി ഇനി വല്ല ആരോഗ്യ പ്രശ്നമാണോ അതോ ഓർമ്മക്കുറവ് വല്ലതും …

ങാ പിന്നെ അമ്മുവിനെ വിളിച്ചു സംസാരിക്കാം എന്ന് വിചാരിച്ചെങ്കിലും തിരക്ക് മൂലം നടന്നില്ല”

അമ്മു ഒരു നിമിഷം ആലോചിച്ചു നിന്നുപോയി

“അപ്പോൾ അമ്മായിയമ്മയുടെ സ്വഭാവമാറ്റത്തിന്റെ കാരണം ഇതായിരുന്നു”

അമ്മു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു

“ചേച്ചി അത് എന്റെ അമ്മക്കല്ല കൊടുത്തത്..

വരുന്ന വഴി എന്റെ വീട്ടിൽ കയറിയെങ്കിലും ചേച്ചി തന്ന ഗിഫ്റ്റ് വണ്ടിയുടെ ഡിക്കിയിൽ തന്നെ ഇരുന്നു.. മറന്നു പോയതുകൊണ്ടല്ല, എന്റെ അമ്മക്ക് ഇഷ്ടം പോലെ ആളുകൾ ഇതുപോലെ ഗിഫ്റ്റ് കൊടുക്കുവാൻ ഉണ്ട് പക്ഷേ പാവം അമ്മായിയമ്മ മുൻശുണ്ഠിക്കാരിയാണെങ്കിലും അവർക്ക് ആരും ഒരു ഗിഫ്റ്റ് കൊടുക്കുവാൻ ഒന്നും ഇല്ല.. അപ്പൊ ഞാൻ വിചാരിച്ചു നാളത്തെ അമ്മായിയമ്മയുടെ ജന്മദിനത്തിന് എന്റെ വക ഗിഫ്റ്റ് ചേച്ചി തന്ന ഈ വിലപിടിപ്പുള്ള ഗിഫ്റ്റ് തന്നെ ആയിക്കോട്ടെ എന്ന് ”

“ഉം ഉം..ജീവിക്കാൻ പഠിച്ചവൾ തന്നെ അമ്മായിയമ്മയെ സോപ്പിട്ടു നിന്നോ അതാണ്‌ ബുദ്ധിയുള്ള പെണ്ണുങ്ങൾ ചെയ്യുന്നത്”

അപ്പോഴേക്കും അവർക്കിടയിൽ ഒരു പൊട്ടിച്ചിരി ഉയർന്നിരുന്നു

“ഹാപ്പി ഓണം മോളെ…”

തിരുവോണ ദിവസം രാവിലെ എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു വന്ന അമ്മുവിനെ നോക്കി ഗീതമ്മ പറഞ്ഞതും അമ്മുവിന്റെ മുഖം വിടർന്നു

എന്നത്തേക്കാളും ഈ തിരുവോണ പ്രഭാതത്തിന് ചന്തം ഉണ്ടെന്ന് അവൾക്ക് തോന്നിപോയ നിമിഷം..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഗിരീഷ് കാവാലം

Scroll to Top