എന്താ അനിയേട്ടാ ഇത്…ഇങ്ങനെയുണ്ടോ ഒരു ദേഷ്യം…മുൻകോപം കൊണ്ട് നാശമേ ഉണ്ടാവൂ…നല്ലതൊന്നും വരില്ലാട്ടോ…

രചന : രേഷ്ജ അഖിലേഷ്

“ആ ചെറുക്കന്റെ കോലം കണ്ടില്ലേ…കുളീം നനേം ഇല്ലാത്ത പോലെ.വയ്യാതെ കെടക്കണ അവന്റെ അമ്മേനേക്കാൾ പ്രായം തോന്നൂലോ ഇപ്പൊ മോനെ കണ്ടാൽ ”

“ചെർക്കനോ…പത്തു നാൽപ്പത്തഞ്ചു വയസ്സ് കഴിഞ്ഞില്ലേ അവനാ ചെറുക്കൻ?..”

“ആ ന്നാലും ഇത്രേം കോലം കെട്ട് പോകാൻ മാത്രം പ്രായം ഒന്നും ആയിട്ടില്ലാലോ…”

കുടിവെള്ളവിതരണത്തിനുള്ള വണ്ടി വന്ന് നിൽക്കുന്നതിന്റെ ബഹളത്തിനിടയിലും ആ രണ്ട് സ്ത്രീകളുടെ ശബ്ദം അനിലിന്റെ കാതിലെത്തി.

ചുറ്റും കുടങ്ങളും ബക്കറ്റുകളും കലഹിക്കുന്ന ഒച്ചപ്പാടാണ്.

തല പെരുക്കുന്ന പോലെ തോന്നി അയാൾക്ക്.

കൈയ്യിലെ കീപാഡ് ഫോൺ എടുത്ത് മുൻപ് ഡയൽ ചെയ്ത് വെച്ചിരിയ്ക്കുന്ന നമ്പറിലേക്ക് വിളിച്ചു.

“നീയിത് എവടെ പോയി കെടക്കുവാടാ…മനുഷ്യന് ക്ഷമ നശിച്ചു.വേഗം വരണുണ്ടോ നീയ്യ്…”

അങ്ങേ തലയ്ക്കൽ നിന്ന് ഒഴുക്കൻ മട്ടിലുള്ള സംസാരം കേട്ടതും അനിലിന്റെ കോപം ഇരട്ടിച്ചു.

കയ്യിലിരുന്ന ഫോൺ ഒറ്റ ഏറായിരുന്നു.

“എന്താ അനിയേട്ടാ ഇത്…ഇങ്ങനെയുണ്ടോ ഒരു ദേഷ്യം…മുൻകോപം കൊണ്ട് നാശമേ ഉണ്ടാവൂ…നല്ലതൊന്നും വരില്ലാട്ടോ…”

ഭാര്യ രേഖയുടെ ശബ്ദം! തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഇല്ലെന്ന് മനസ്സിലായി. ചിതറികിടക്കുന്ന ഫോൺ ശരിയാക്കി പോക്കറ്റിലിട്ട് കണ്ണും അടച്ച് കിടന്നു.

“ജോലിയ്ക്കും പോവില്ല,ഏത് നേരോം കവലലേല് കെടപ്പ് തന്നെ.നാട്ടിലെ ബാക്കിള്ളോരേക്കൂടി ചീത്തയാക്കാൻ ഒരു ജന്മം.”

“അതെയതെ ”

ഉറക്കം പിടിച്ചു വന്നിരുന്ന അനിലിന്റെ കണ്ണുകൾ പെട്ടന്ന് തുറന്നു.

ഉറ്റ ചങ്ങാതി രവിയുടെ അച്ഛന്റെയും അമ്മയുടെയും ആയിരുന്നു ആ പരിഹാസ വാക്കുകൾ.

പണ്ട് രവിയുടെ വീട്ടിലേയ്ക്ക് പോയിരുന്ന കാലം അനിൽ ഓർമ്മിച്ചു.

വീട്ടിലെ ബൾബ് മാറ്റിയിടാൻ വരെ ഇലക്ട്രിഷ്യനായ താൻ വേണമായിരുന്നു.

സുദേവൻ പതിവ് കുപ്പിയും വാങ്ങി വരാൻ നേരം ഇനിയും വൈകുമെന്ന് അയാൾക്ക് മനസ്സിലായി.

വീട്ടിൽ പോയി കഞ്ഞിയും വെച്ച് തിരികെ വരുന്നതാകും ഉചിതമെന്ന് ചിന്തിച്ചു.

ഉമ്മറത്തേയ്ക്ക് കാലെടുത്തു വെച്ചതും അമ്മയുടെ ചുമയാണ് വരവേറ്റത്.

“വിശന്നിട്ടു വയ്യാ.നീയിങ്ങനെ വല്ലേടത്തും പോയി കറങ്ങി തിരിഞ്ഞു വരുമ്പോഴേയ്ക്ക് തുള്ളി വെള്ളം കിട്ടാതെ എന്റെ ശ്വാസം മേലോട്ട് പോയിട്ടുണ്ടാകും.”

“അതിന് സമയം ആറുമണി കഴിഞ്ഞത് പോലും ഇല്ലല്ലോ അപ്പോഴേയ്ക്ക് മേലനങ്ങാതെ കിടക്കുന്ന അമ്മയ്ക്ക് വിശന്നു തുടങ്ങിയോ…കൊള്ളാം.”

അനിൽ തമാശരൂപേണയാണ് പറഞ്ഞതെങ്കിലും അയാളുടെ അമ്മയ്ക്ക് അതത്ര രസിച്ചില്ല.

“ആവുന്ന കാലത്ത് നല്ലോണം മേലനങ്ങിയിട്ടുള്ളതാണെടാ…ആ തടിയാ ഈ കാണുന്നത്. പണി ചെയ്യാൻ വയ്യാതായിട്ട് കൊല്ലം ഒന്ന് തികഞ്ഞില്ല നിനക്ക് ഞാനൊരു ഭാരമായി അല്ലേടാ…”

“എന്റെ അമ്മേ ഞാനൊരു തമാശ പറഞ്ഞതാണ്.

എന്താ വേണ്ടതെന്ന് വെച്ചാൽ ഞാൻ ഉണ്ടാക്കി കൊണ്ടു തരാം.ഒന്ന് മിണ്ടാതെ ഇരിക്കാമോ.”

അനിൽ അടുക്കളയിൽ കഞ്ഞിയ്ക്കുള്ള പാത്രം അടുപ്പിൽ വെയ്ക്കുമ്പോൾ അമ്മയുടെ സംസാരം നിന്നിട്ടില്ലായിരുന്നു.

“ഓഹ് പറയുന്നത് കേട്ടാൽ തോന്നും സദ്യ ഉണ്ടാക്കി കൊണ്ടു വരുമെന്ന്.. കഞ്ഞിയും അച്ചാറും അച്ചാറും കഞ്ഞിയും അല്ലാണ്ട് നിനക്കെന്താ ഉണ്ടാക്കാൻ അറിയാ??”

“ഞാൻ ഷെഫ് ആവാൻ അല്ലല്ലോ അമ്മേ പഠിച്ചത്.എനിക്കറിയാവുന്ന പണി ഞാൻ വൃത്തിയിൽ ചെയ്യുന്നുണ്ട് അത് കൊണ്ടാണ് കഞ്ഞിയെങ്കിൽ കഞ്ഞി കുടിച്ചു കിടക്കുന്നത്.”

“അതെയതെ,കള്ളു കുടിക്കാൻ കാശ് തികയാതെ വരുമ്പോൾ ആണ്ടിനും സംക്രാന്തിയ്ക്കും പണിയ്ക്കു പോവുന്ന നീ…”

“അത് മതിയല്ലോ അമ്മേ..അമ്മയ്ക്ക് കുറവൊന്നും ഇല്ലലോ ഇവിടെ.”

“എന്നാലും നിനക്കു നേരത്തും കാലത്തും വീട്ടിൽ വന്നാൽ എന്തേലും കുഴപ്പം ഉണ്ടോ.”

“ഇവിടെ വന്നിട്ടെന്തിനാ…”

“ഹൊ ഭാര്യ ഉണ്ടെങ്കിലേ വീട്ടിൽ വരാൻ താല്പര്യം ഉള്ളോ??എങ്കിൽ നീ പോയി വിളിച്ചോണ്ട് പോരെ…ഞാനായിട്ട് എതിരൊന്നും പറയുന്നില്ല.”

രാധ അലസമായ് പറഞ്ഞു.

അതിനുള്ള മറുപടിയായി അടുക്കളയിൽ പാത്രങ്ങൾ വീണുടയുകയാണ് ഉണ്ടായത്.

ദേഷ്യപ്പെട്ട് അയാൾ വന്ന വഴി തന്നെ ഇറങ്ങി നടന്നു.

“എന്റെ ഒറ്റ മോനാ നീയ്യ്…ഇവളെപ്പോലെ ഒരു പരിഷ്ക്കാരിപ്പെണ്ണിനെ നിന്നെക്കൊണ്ട് കെട്ടിച്ചത് തന്നെ എന്റെ തെറ്റ്.ഇവളോ ഞാനോ രണ്ടിൽ ഒരാള് മതി ഈ വീട്ടിൽ.”

പതിനാറ് വർഷങ്ങൾക്ക് മുൻപാണ് അങ്ങനെ ഒരു കാര്യം അമ്മ പറഞ്ഞത്.

അമ്മയുടെ രീതികളോട് ഒത്തു പോകാൻ പറ്റാത്ത മരുമകൾ,രേഖ.

അമ്മയുടെമാത്രമല്ല അനിലിന്റെയും സ്വസ്ഥതയ്ക്ക് മേലേ വീണ നിഴൽ തന്നെയായിരുന്നു അവർ.

കുടിയ്ക്കരുതെന്നും വലിയ്ക്കരുതെന്നും പറഞ്ഞുള്ള ഉപദേശങ്ങളും അസ്സഹനീയമായിരുന്നു അയാൾക്ക്.

രണ്ട് വർഷം കൊണ്ട് മടുത്ത ദാമ്പത്യം.

അവളെ കൊണ്ട് ചെന്ന് തിരികെ ഏൽപ്പിച്ചപ്പോൾ അടുത്ത കാലത്തൊന്നും പുതിയൊരു വിവാഹമില്ലെന്ന് ഉറപ്പിച്ചതാണ്.

പാറിപറന്നു നടക്കാൻ കല്യാണം ഒരു വിലങ്ങു തടിയാണെന്ന് കൂട്ടുകാർ പലരും അന്നേ പറഞ്ഞതാണ്….

വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കും അവളെ ഉപേക്ഷിച്ചതിൽ നല്ല അഭിപ്രായമേ ഉണ്ടായിരുന്നുള്ളു….

കാരണം എന്തെന്ന് ഇന്നും അറിയില്ല.പരോപകാരിയായ തന്നെ എല്ലാവരിൽ നിന്നും അകറ്റി നിർത്തുന്നത് അവളാണെന്ന് പലർക്കും തോന്നിയിട്ടുണ്ടാകാം. ആരോടും അകാരണമായി മുഖം കറുപ്പിയ്ക്കുന്നവളായിരുന്നില്ല അവൾ.തന്റെ ഇഷ്ടപ്രകാരമുള്ള ഒരു ജീവിതം മാത്രമായിരുന്നു ലക്ഷ്യം….

അമ്മപോലും പറഞ്ഞിട്ടില്ല കുടിക്കരുതെന്നും മറ്റും,ഇന്നലെ വന്നു കയറിയവളുടെ നിയന്ത്രണങ്ങൾ എത്രയെന്ന് വെച്ചാണ് സഹിക്കുന്നത്….

അതിനിടയിൽ അവളുടെ നല്ല വശങ്ങളൊന്നും കണക്കിലെടുക്കാൻ പോയിട്ടില്ല. പിന്നീട് ഇന്നോളം അവളെക്കുറിച്ച് തിരക്കിയിട്ടുമില്ല.

കലഹമില്ലാത്ത വീട്ടിൽ കയറിചെന്ന പാടെ ഉറങ്ങാനും രാവെന്നോ പകലെന്നോ ഇല്ലാതെ കൂട്ടുകാരുടെ കൂടെ കറങ്ങാനും വീട്ടു ചെലവ് ഒഴിച്ച് ബാക്കിയുള്ള കാശ് ഇഷ്ട്ടംപോലെ ചെലവാക്കാനും കഴിഞ്ഞ നാളുകൾ സ്വർഗ്ഗതുല്യമായിരുന്നു.

പക്ഷേ കൂട്ടത്തിൽ താൻ മാത്രമായിരുന്നു ഒന്നുമില്ലാത്തവനായി മാറിയത്.തിരിച്ചറിയുമ്പോഴേയ്ക്ക് ഒത്തിരി വൈകി.

നടന്ന് നടന്ന് സ്ഥിരം കൂട്ടുകാരോട് ഒത്തുകൂടാറുള്ള പാടവരമ്പത്തു എത്തി.

ചുറ്റും ഇരുട്ട് പരന്നു. കുറച്ചു ചിവീടുകളുടെ ഒച്ച മാത്രം.

കൈയ്യിലെ മൊബൈൽ ഫോൺ രണ്ട് വട്ടം ശബ്ദിച്ചു

സുദേവന്റെ വിളിയായിരുന്നു.

നാട്ടിലെ ഒരു സുഹൃത്തിന്റെ മകളുടെ കല്യാണമാണ് നാളെ.എല്ലാവരും അവിടെയാണ്.

തന്നെ ക്ഷണിയ്ക്കാത്തതിൽ പരിഭവം ഒന്നുമില്ല.അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലല്ലോ.

കൂടെയുള്ളവരെല്ലാം മദ്യപിയ്ക്കുമെങ്കിലും നാട്ടിൽ ഒരു നിലയും വിലയും ഇല്ലാത്തത് തനിയ്ക്ക് മാത്രം.

ആവശ്യത്തിന് സമയവും സാഹചര്യവും ഉണ്ടായിരുന്ന കാലത്ത് ഒന്നും ചിന്തിക്കാതെ പ്രവർത്തിച്ചിട്ട് ഇനിയെന്തിനു പഴയതെല്ലാം ഓർക്കണം!

അവിടെ നിന്ന് എഴുന്നേറ്റ് ആളൊഴിഞ്ഞു തുടങ്ങിയ കവലയിൽ വീണ്ടും ചെന്നിരുപ്പായി.

ആരോഗ്യവും ആവതും ഉള്ള കാലത്ത് കൂട്ടിനുണ്ടാകുന്നവരിൽ മാത്രം സന്തോഷം കണ്ടെത്തുന്നവർക്ക് അതില്ലാതെയാകുമ്പോൾ ബാക്കിയാവുന്നത് പാതയോരങ്ങളായിരിക്കും.ആർക്കും വെളിച്ചമാകാനും വെളിച്ചം തിരയാതെയും പോയ ജീവിതത്തിന്റെ ബാക്കിപത്രമായ അയാൾ ആ പൊതുവിളക്കിന് വിരോധാഭാസമായി അതിന് താഴെ നിലയുറപ്പിച്ചു.

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : രേഷ്ജ അഖിലേഷ്

Scroll to Top