അനന്തഭദ്രം, തുടർക്കഥ, ഭാഗം 38 വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

പൂജയും ഭവ്യയും പായലും ആരുട്ടനും വളരെ സന്തോഷത്തോടെയാണ് ഫ്ലാറ്റിൽ എത്തിയത്..

അനന്തേട്ടന്റെ ഒപ്പം അത്രക്കും കളിച്ചിട്ടുണ്ട് ചെക്കൻ.. പോരാത്തതിന് ഭവ്യയും പായലും..

കയറി വന്നതേ കണ്ടത് സോഫയിൽ എന്തോ ഓർത്ത് ഇരിക്കുന്ന ഭദ്രയെയാണ്.. പൂജ വാങ്ങിയ സാധങ്ങളെല്ലാം ടേബിളിൽ വെച്ചു. പായലും ഭവ്യയും ആരുട്ടനും ഡ്രസ്സ് മാറ്റാൻ മുറിയിലേക്ക് പോയി.

തങ്ങൾ വന്നത് പോലും ശ്രദ്ധിക്കാതെ എന്തോ ചിന്തയിൽ മുഴുകി ഇരിക്കുന്ന ഭദ്രയെ സംശയത്തോടെയാണ് പൂജ നോക്കിയത്..

” ഭദ്രേ. ” പൂജ അവളുടെ തോളിൽ കൈവെച്ചതും ഭദ്ര മിഴികൾ ഉയർത്തി അവളെ നോക്കി.. ” എന്ത് പറ്റി.. “? കടുപ്പത്തൊടെയുള്ള മുഖം കണ്ടപ്പോഴേ എന്തോ പ്രശ്നം ഉണ്ടെന്ന് അവൾ ഊഹിച്ചു. ഭദ്ര കൈയിലുള്ള ലെറ്റർ നീട്ടി. പൂജ അത് വാങ്ങി വായിച്ചതും ചുണ്ട് രണ്ടും ഉള്ളിലേക്ക് കൂട്ടി പിടിച്ചു.

വെറുതെ അല്ല അങ്ങേര് ഇന്ന് ഒരു കള്ള ചിരി ചിരിച്ചത്..

” നിന്റെ ഭർത്താവിന്റെ കല്യാണമാണോ? ”

പൂജ ആശ്ചര്യം ഭാവിച്ചു..

” മ്മ്.. ”

” ഇത് നീ പറഞ്ഞ പാർവതി ആണോ..? ”

” മ്മ്.. ”

” എന്താ നിന്റെ തീരുമാനം..? ” പൂജ കൈരണ്ടും കെട്ടി നിന്നു..

” പോണം.. നീ എത്രയും വേഗം നാട്ടിലേക്ക് ഫ്ലൈറ്റ് ഉണ്ടോന്ന് നോക്ക്.. ”

” ഫ്ലൈറ്റ് ഒക്കെ ഉണ്ട്.. അല്ല എന്താ നിന്റെ ഉദ്ദേശം..? പോയിട്ട് നാണം കെടാൻ ആണോ.? ”

” അല്ല പൂജ മനസ്സിൽ നിന്ന് പറിച്ചു കളയുന്നതിന് മുൻപ് അവസാനമായി ഒന്ന് കാണണം.. ” ഭദ്ര പറഞ്ഞു നിർത്തിയതും കണ്ണിൽ നിന്ന് രണ്ട് തുള്ളി കവിളിലൂടെ ഒഴുകി.. ഭദ്ര എഴുനേറ്റു മുറിയിലേക്ക് പോയി..

” നിന്റെ കണ്ണിൽ നിന്നും വരുന്ന അവസാനത്തുള്ളി കണ്ണീർ ഇതാകട്ടെ.” അവളുടെ പോക്ക് കണ്ട പൂജ ചെറു ചിരിയോടെ പറഞ്ഞു.

❤❤❤❤❤❤❤❤❤❤

കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഭവ്യയും പായലും കണ്ണ് മിഴിച്ചു..

” വെറുതെ അല്ല ഏട്ടൻ ചേച്ചിടെ ഫോൺ വന്നപ്പോ ചിരിച്ചത്.. എനിക്ക് അപ്പോഴേ തോന്നി എന്തോ പ്ലാൻ ഉണ്ടെന്ന്.. ”

ഭവ്യ സന്തോഷത്തോടെ പറയുന്നകേട്ട് പായൽ ചിരിച്ചു..

” അപ്പോ ഒരു വിധം എല്ലാം സോൾവ് ആവും അല്ലേ.. ”

” ഒരുവിധം അല്ല.. എല്ലാം സോൾവ് ആവും..

അനന്തേട്ടൻ ആരാ ആള്.. ” ഭവ്യ ചിരിച്ചു.

ശരിയാണ്.. അനന്തേട്ടൻ ഭവ്യ പറഞ്ഞതിലും നല്ല വ്യക്തിയാണ്.. സഹോദരിയുടെ ഭർത്താവ് ആണെങ്കിലും അവളുടെ വാക്കുകളിൽ സ്വന്തം ഏട്ടനെന്ന പോലെ സ്വകാര്യ അഹങ്കാരം ഒളിഞ്ഞിരിപ്പുണ്ട്..തന്റെ ചേച്ചിയുടെ ഭർത്താവ് ഇങ്ങനെ ഒന്നും ആയിരുന്നില്ലെന്ന് പായൽ ഓർത്തു..

ഭവ്യ ഭാഗ്യവതിയാണ്.. അധികാരത്തോടെ ഏട്ടനെന്ന് വിളിച്ചു കൈയിൽ തൂങ്ങി നടക്കാൻ അവൾക്ക് സ്വാതന്ത്ര്യമുണ്ട്.. അനന്തേട്ടനും അങ്ങനെ തന്നെ.. ഭവ്യ മുൻപേ പറഞ്ഞിട്ടുണ്ട്.. അനന്തേട്ടന്റെ കണ്ണുകൾ പോലും തങ്ങൾക്ക് സുരക്ഷിതത്വം ഒരുക്കുമെന്ന് ശരിയാണ്.. ചിലപ്പോഴൊക്കെ ഭവ്യയോട് അസൂയ തോന്നും.. ഓരോന്ന് ഓർത്ത് അവളുടെ ഒപ്പം ബാഗ് പാക്ക് ചെയ്തു.. പുലർച്ചെ 4 ആണ് ഫ്ലൈറ്റ്.. ഇവിടെ നിന്ന് രണ്ട് മണിക്കൂർ ഉണ്ട് കൊച്ചിയിലേക്ക് അവിടെ നിന്ന് നാട്ടിലേക്ക് മൂന്നു മണിക്കൂറും.. പത്തിനും പതിനൊന്നിനും ഇടയിലാണ് മുഹൂർത്തം അതിന് മുൻപ് എത്തണമെന്ന് ഭദ്ര ചേച്ചിയും..

❤❤❤❤❤❤❤❤❤❤❤❤

ഭദ്ര ബാഗ് പാക്ക് ചെയുന്നത് കണ്ട് പൂജക്ക്‌ ചിരി വന്നു.. അനന്തനെ നല്ലപോലെ പ്രാകികൊണ്ടാണ് പാക്കിങ്…

” ഒട്ടകം പോലെ ഇരുന്ന മനുഷ്യനാ.. ഞാൻ അറിഞ്ഞോ ഇങ്ങനെ ശ്രീകൃഷ്ണൻ ആണെന്ന്…എന്നാലും എങ്ങനെ തോന്നി എന്നെ മറന്ന് ” ഭദ്ര പിറുപിറുത്തു.. അവൾ തിരിഞ്ഞതും മിഴിച്ചു നിൽക്കുന്ന പൂജയെ കണ്ടു.

അച്ഛന്റെ വാക്ക് കേട്ടിട്ടാവും അല്ലാതെ നിന്നെ മറന്നിട്ടല്.. നീ ഒന്ന് ചെന്നു മനസ്സ് തുറന്നാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ..”

” പിന്നെ…..എനിക്ക് അങ്ങേരോട് ഒന്നേ ചോദിക്കാൻ ഉള്ളൂ അത് ഞാൻ നേരിട്ട് ചോദിച്ചോളാം..

അല്ലാതെ അങ്ങേരെ വീണ്ടെടുക്കാൻ അല്ല ഞാൻ പോവുന്നെ..” ഭദ്ര പുച്ഛത്തോടെ ചുണ്ട് കോട്ടി..അപ്പോഴും നിറഞ്ഞ കണ്ണുകൾ പൂജ കാണാതിരിക്കാൻ അവൾ തിരിഞ്ഞു നിന്നു..

” ദൈവമേ എന്താവുമോ എന്തോ.. “? പൂജ ഭദ്ര കേൾക്കാതെ മുകളിലേക്കു നോക്കി പറഞ്ഞു..

❤❤❤❤❤❤❤❤❤❤❤❤

രാത്രി ഫ്ലൈറ്റിൽ യാത്രയ്ക്കിടെ അനന്തൻ തുമ്മി തുമ്മി വശം കെട്ടു.. അവൻ കർച്ചീഫ് എടുത്ത് മൂക്ക് പൊത്തി പിടിച്ചിരുന്നു..

” എന്താ ഏട്ടാ ജലദോഷം ആണോ..? ” വിഷ്ണു

” അല്ല.. പ്രാക്ക്ദോഷം..” അനന്തൻ കടുപ്പത്തിൽ പറഞ്ഞതും വിഷ്ണു തല തിരിച്ചിരുന്നു.

” ദൈവമേ പെണ്ണ് നല്ല രീതിയിൽ സ്മരിക്കുന്നുണ്ടല്ലോ..” അനന്തൻ

❤❤❤❤❤❤❤❤❤❤❤

അമ്പലത്തിലേക്കുള്ള വഴിയിലേക്ക് കാർ തിരിയുമ്പോൾ ഭദ്രയുടെ ഹൃദയം വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു.. അമ്പലത്തിൽ ആണ് കെട്ട്. സ്കൂളിൽ സദ്യയും.. അവളുടെ കണ്ണുകൾ നിറയുന്നതിനൊപ്പം താലിയിൽ കൈ മുറുകി.. അച്ഛൻ പറഞ്ഞാലും എങ്ങനെ കഴിയുന്നു എന്നെ മറന്നു മറ്റൊരുത്തിയെ കെട്ടാൻ..? ഞാൻ സ്വന്തം ഭാര്യ അല്ലേ.. സ്വന്തം കുഞ്ഞിന്റെ അമ്മയും.. ഓരോ ചിന്തകൾ വരും തോറും ഭദ്രയുടെ തൊണ്ടകുഴിയിൽ വല്ലാത്ത കനം അനുഭവപ്പെട്ടു.. അമ്പലത്തിൽ എത്തിയതും ഭദ്ര വിറയലോടെ ഡോർ തുറന്നു ഇറങ്ങി. ഭദ്രയെ കണ്ടതും ആൾക്കാർ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.. അവൾ തിരിഞ്ഞു നോക്കി.. ഭവ്യയും പൂജയും പായലും കുഞ്ഞിനെ കൊണ്ട് ഇറങ്ങി.. വിറയലോടെ അവളുടെ കാലുകൾ പടികളിൽ അമർന്നു..

ഓരോ പടികൾ വയ്ക്കുംതോറും അവൾക്ക് എന്തോ ഭയം തോന്നി.. അനന്തനെ വരന്റെ വേഷത്തിൽ കണ്ടാൽ ചിലപ്പോൾ തന്നെ കൊണ്ട് താങ്ങാൻ കഴിയില്ല.. ചങ്ക് പിടയും.. ഭദ്ര ഒഴുകുന്ന കണ്ണീർ വാശിയോടെ തുടച്ചു പടികൾ കയറി..

ആൽമരത്തിനടുത്തുള്ള വലിയ വിളക്കിനടുത്ത് ശങ്കരനും വിലാസിനിയും ജാനുവും നിൽക്കുന്നുണ്ട്.

ഭദ്ര അവരെ കണ്ടിട്ടും ശ്രദ്ധ കൊടുക്കാതെ ചുറ്റും നോക്കി.. ശങ്കരനും വിലാസിനിയും ജാനുവും അതിശയത്തോടെ പരസ്പരം നോക്കുന്നുണ്ട്.. ചുറ്റിലും അനന്തനെ നോക്കിയിട്ടും കാണുന്നില്ല.. ഭദ്ര നേരെ ശങ്കരനടുത്തേക്ക് ചെന്നു..

” അനന്തേട്ടൻ എവിടെ..? ” ഭദ്ര ചോദിച്ചതിന് ശങ്കരൻ നാഗകാവിലേക്ക് വിരൽ ചൂണ്ടി..

” മോളെ നീ.. ” ഭദ്ര തിരിഞ്ഞു നടന്നതും ശങ്കരൻ എന്തോ പറയാൻ വന്നതും ഭദ്ര ദേഷ്യത്തോടെ അയാളെ തിരിഞ്ഞു നോക്കി അവളുടെ നോട്ടം കണ്ടതും ശങ്കരൻ ഉമ്മിനീർ ഇറക്കി തലതാഴ്ത്തി നിന്നു.. ഭദ്ര നാഗക്കാവിലേക്ക് പോവുന്നതിനിടക്ക് നടയിൽ നിന്ന് തൊഴുന്ന പാർവതിയെ നോക്കി.

അനന്തേട്ടന്റെ ഭാര്യ ആവുന്നവൾ ആഭരണം ഒട്ടും കുറച്ചിട്ടില്ല.. ഭദ്ര പുച്ഛത്തോടെ തിരിഞ്ഞു.. ആഭരണങ്ങൾ നിറയെ അണിഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ട് കൂടെ നിൽക്കുന്നവരോട് സംസാരിക്കുന്നുണ്ട് പാർവതി.. ഭദ്രയുടെ ചങ്ക് പിടയുന്നുണ്ട്.. ഭ്രാന്ത് എടുക്കുന്ന പോലെ.. ജീവനുതുല്യം അല്ല പ്രാണനാ അനന്തൻ…ഈ ഒരു നിമിഷത്തെ അങ്കലാപ്പിൽ നിന്ന് മനസിലാവുന്നു ഭദ്രക്ക്.. കാവിലേക്ക് മതില് കടന്നു ചെന്നു.. പാല മരത്തിൽ നിന്ന് വീണുകിടക്കുന്ന പാലപ്പൂക്കളുടെ മണം ആസ്വദിച്ച ഭദ്രക്ക് ഇന്ന് അത് വല്ലാതെ വീർപ്പമുട്ടിക്കുന്നു.. പാലമരത്തിന്റെ ഇടത് വശത്ത് എത്തിയതും കണ്ടു കൈകെട്ടി സർപ്പകാവിലെ പ്രതിഷ്ഠയെ നോക്കി നിൽക്കുന്ന അനന്തനെ.. കറുത്ത കുർത്തയും അതേ കരയുള്ള വെള്ളമുണ്ടുമാണ് വേഷം.. പിന്നിലേക്ക് ചീകി വച്ചിരിക്കുന്ന നീണ്ട മുടിയിഴകളെ ഇളം കാറ്റ് മെല്ലെ തഴുകുന്നുണ്ട്.. അനന്തനെ കണ്ടതും ചോദിക്കാൻ വന്നത് മറന്നുകൊണ്ട് അനന്തനെ നോക്കിനിന്നു പോയി.. ഭദ്ര തലതാഴ്ത്തി കൈ കൂട്ടി പിടിച്ചു..

പുറകിൽ പ്രിയപ്പെട്ടവളുടെ സാമിപ്യം അറിഞ്ഞതും അനന്തൻ മെല്ലെ തിരിഞ്ഞു.. ഭദ്രയെ കണ്ടതും അനന്തൻ അവളെ കണ്ണിമക്കാതെ നോക്കി നിന്നു.. ചുവപ്പ് സാരി വൺ ലയർ ആയി ഇട്ടിരിക്കുന്നു.. കൈകൾ രണ്ടും കൂട്ടിപിടിച്ചു തിരുമുന്നുണ്ട്. കണ്ണുകൾ ചുവന്നിരിക്കുന്നു. അലസമായി എങ്ങോട്ടോ നോക്കുന്നുണ്ട്..

അനന്തൻ ഒന്ന് മുരടനക്കിയതും ഭദ്ര ഞെട്ടലോടെ അനന്തനെ നോക്കി.. അനന്തൻ അവളെ കടന്ന് നടക്കാൻ തുടങ്ങിയതും ഭദ്ര അവന്റെ കൈകൾ പിടിച്ചു.. അനന്തൻ സംശയത്തോടെ തിരിഞ്ഞു അവളെ നോക്കി..

” ഈ ദിവസം തന്നെ വേണമായിരുന്നോ നിങ്ങൾക്ക് അവളെ താലി ചാർത്താൻ..? ”

ഭദ്രയുടെ കണ്ണുകളിൽ തീയാളി.. അനന്തൻ അത് ശ്രദ്ധിക്കാതെ അവളുടെ കൈ വിടുവിച്ചു മുന്നോട്ട് നടന്നതും ഭദ്ര ദേഷ്യത്തോടെ അവന്റെ കോളറിൽ കൂട്ടിപിടിച്ചു..

” പറ ഇന്ന് തന്നെ വേണമായിരുന്നോ.. ”

അവളുടെ കണ്ണുകൾ ചുവന്നിരുന്നു..

” പറയാൻ..” അവൾ അവനെ പിടിച്ചു ഉലച്ചുകൊണ്ട് പിന്നിലേക്ക് തള്ളി.. അനന്തൻ ചെറുതായി പിറകോട്ട് നീങ്ങി.. പാലമരത്തിൽ കൈ രണ്ടും പുറകിലേക്ക് ബാലൻസ് ചെയ്തു നിന്നു..

” അനന്താ.. മുഹൂർത്തത്തിന് സമയായി ” ശങ്കരൻ പറയുന്ന കേട്ട് രണ്ടാളും ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

രചന : കാർത്തുമ്പി തുമ്പി

Scroll to Top