വളരെ കഷ്ടപ്പെട്ട് പല വീടുകളിലും അടുക്കളപ്പണി ചെയ്താണ് ലാവണ്യയെ പഠിപ്പിച്ചത്…

രചന : ആതിര ദാസ്

“അമ്മേ… ഞാൻ ഇറങ്ങുവാട്ടോ.” ലാവണ്യ ഉമ്മറത്തിരുന്ന കുട മടക്കി ബാഗിൽ വെച്ചുകൊണ്ട് അമ്മയെ നോക്കി പറഞ്ഞു.

“സൂക്ഷിച്ചു പോണട്ടോ മോളേ… വൈകിട്ട് നേരത്തെ വരില്ലേ…”

“വരില്ലേ എന്നുള്ള അമ്മേടെ ചോദ്യം കേട്ടാൽ തോന്നും ഞാൻ എന്റെ കാമുകന്റെ കൂടെ ഒളിച്ചോടാൻ പോകുവാണെന്ന്.. 😂”

“പറയാൻ പറ്റില്ലല്ലോ… ഇപ്പോ അങ്ങനെ ഒക്കെ അല്ലേ…”

“ഓഹോ.. അത് ഞാൻ അറിഞ്ഞില്ലാലോ… എന്റെ അമ്മക്കുട്ടിയെ വിട്ടിട്ട് ഞാൻ അങ്ങനെ പോകുവോ… അച്ഛൻ മരിച്ച അന്നു മുതൽ ബന്ധുക്കളും നാട്ടുകാരും ചുറ്റും നിന്ന് പറഞ്ഞിട്ടുകൂടെ എന്റെ അച്ഛനെയും മനസ്സിൽ പ്രതിഷ്ഠിച്ചു എനിക്ക് വേണ്ടി ജീവിതം മാറ്റി വെച്ചതല്ലേ എന്റെ അമ്മ. ആ അമ്മയെ എനിക്ക് അങ്ങനങ്ങു മറക്കാൻ പറ്റുവോ.. പറ.”

ഉമ്മറത്തിരുന്ന അമ്മയെ വട്ടം കെട്ടിപിടിച്ച് നെഞ്ചിൽ തല ചേർത്തു കൊണ്ട് ലാവണ്യ ചോദിച്ചു.

“അമ്മേ… ഒരു കാര്യം പറയട്ടെ…”

“മ്മ്…”

“എന്റെ അച്ഛൻ ഭാഗ്യം ചെയ്ത ആളാട്ടോ…

അല്ലേൽ അമ്മയെ പോലെ ഒരാളെ എന്റെ അച്ഛന് കിട്ടുവോ… അമ്മേ… അച്ഛൻ മരിച്ചിട്ട് ഇത്ര വർഷം കഴിഞ്ഞിട്ടും… ഇപ്പോഴും അമ്മ അച്ഛനെ പ്രണയിക്കുവാണോ…”

അവളുടെ ആ ചോദ്യത്തിന് ഉത്തരം എന്നവണ്ണം അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“അമ്മ മറുപടി ഒന്നും പറഞ്ഞില്ലേലും എനിക്ക് മനസ്സിലാകും… ഈ നിമിഷവും അച്ഛനെ കുറിച്ചോർക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടെങ്കിൽ ആ മനസ്സിൽ എന്റെ അച്ഛൻ എത്ര അതികം ഉണ്ടെന്ന്. ഹും എനിക്ക് പോലും രണ്ടാം സ്ഥാനം ആണല്ലേ…. ഒരു കള്ള കാമുകി.”

അവൾ അമ്മയുടെ കവിളുകളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.

“ഒന്ന് പോയേ നീ കളിയാക്കാതെ… ” കണ്ണുനീർ നനഞ്ഞ കവിൾ തടങ്ങളിൽ പുഞ്ചിരി വിടർന്നു.

“ഹലോ വേണു സാർ.. മൈ ഡിയർ അച്ഛാ… യു ആർ സോ ലക്കി..” ലാവണ്യ അച്ഛന്റെ ഫോട്ടോയിൽ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അയ്യോ ഇനിയും സംസാരിച്ചോണ്ട് നിന്നാൽ എന്റെ ബസ്സ് പോകും… അപ്പൊ ഞാൻ പോകുവാ…

വൈകിട്ട് നേരത്തെ വരാട്ടോ… മാതാശ്രീ അകത്തുപോയി പുതിയ രചനകളിൽ മുഴുകാൻ നോക്ക്…

എന്നെങ്കിലും ഈ എഴുതി കൂട്ടിയത് പുറം ലോകത്തെ ഒന്ന് കാണിക്കുവോ ആവോ. 😂”

“എന്റെ എഴുത്തുകൾ മുഴുവൻ മോൾടെ അച്ഛനെ കുറിച്ചാ… അത് ഞങ്ങളുടെ മാത്രം സ്വകാര്യ നിമിഷങ്ങൾ അല്ലേ… അത് പുറം ലോകം അറിയണ്ട… ഞാൻ മാത്രം അറിഞ്ഞാ മതി.”

“ഓ അങ്ങനെ ആയിക്കോട്ടെ ഭവതി… നിങ്ങടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാൻ ഞാനും വരുന്നില്ലേ… പോകുവാട്ടോ… ഉമ്മാ…”

ലാവണ്യ പോകുന്നതും നോക്കി അമ്മ ആ ഉമ്മറ കോലായിൽ നിന്നു. വളരെ കഷ്ടപ്പെട്ട് പല വീടുകളിലും അടുക്കളപ്പണി ചെയ്താണ് ലാവണ്യയെ പഠിപ്പിച്ചത്. ഇപ്പോൾ തരക്കേടില്ലാത്ത ഒരു ജോലിയും കിട്ടി. ജോലി കിട്ടിയ അന്ന് തൊട്ട് ലാവണ്യ അമ്മയെ വീട്ടുജോലിക്ക് വിട്ടിട്ടില്ല. ലാവണ്യയുടെ ശമ്പളം കൊണ്ട് അല്ലലില്ലാതെ വീട് കഴിഞ്ഞു പോകുന്നുണ്ട്.

അവൾ പോയി കഴിഞ്ഞാൽ പിന്നെ സമയം ഇഴഞ്ഞിഴഞ്ഞാണ് പോകാറ്. അതു വരെ ആ അമ്മ ഓരോ പണികൾ ചെയ്തും പലതും എഴുതിയും തന്റെ ഭർത്താവിന്റെ ഫോട്ടോ നോക്കി ഓരോ വിശേഷങ്ങൾ പറഞ്ഞും സമയം തള്ളി നീക്കും. 6 മണി കഴിഞ്ഞിട്ടും മകളെ കാണാതായപ്പോൾ ആ അമ്മയുടെ നെഞ്ച് പിടഞ്ഞു തുടങ്ങി.

ഉമ്മറ കോലായിൽ നിന്ന് മാറാതെ തന്നെ അമ്മ ദൂരേക്ക് നോക്കി നിന്നു.

“വേണുവേട്ടാ…. അവള് ഇതുവരെയും വന്നില്ലാലോ… എന്തേ ഇത്ര വൈകാൻ… ഇനി ബസ്സ് എങ്ങാനും കിട്ടികാണില്ലേ… എത്ര ദൂരം നടന്നു വരാനുള്ളതാ… ഈ കുട്ടിക്ക് വിളിച്ചാ ഒന്ന് ഫോൺ എടുത്തൂടേ… എന്റെ ദൈവമേ… എന്റെ കുട്ടിക്ക് ഒരാപത്തും വരുത്തല്ലേ..” വേവലാതിയിൽ ആ അമ്മയുടെ നെഞ്ച് പിടഞ്ഞു.

“കണാരേട്ടൻ ആണല്ലോ ആ വരുന്നത്.”

അയല്പക്കത്തെ വീട്ടിലെ കണാരൻ വെപ്രാളത്തോടെ വീട്ടിലേക്ക് കയറി വന്നു.

“കണാരേട്ടാ എന്റെ കുട്ടിയെ എങ്ങാനും വഴിയിൽ കണ്ടായിരുന്നോ… വരേണ്ട സമയം കഴിഞ്ഞു.

വിളിച്ചിട്ടാണെങ്കിൽ കി=ട്ടുന്നും ഇല്ലാ.”

“യശോദരേ… താൻ വേഗം ഒന്ന് വന്നേ.. നമുക്ക് ഹോസ്പിറ്റൽ വരെ ഒന്ന് പോണം.”

“ഹോസ്പിറ്റലിലോ.. എന്താ കണാരേട്ടാ…”

“അത്… ഇവിടുത്തെ കുട്ടിയെ വരുന്ന വഴിക്ക് തെരുവ് നായ കടിച്ചു.. നമുക്ക് പെട്ടെന്ന് ആശുപത്രിയിൽ എത്തണം. വണ്ടി ഇപ്പൊ വരും.

“അയ്യോ… എന്റെ കുഞ്ഞ്…. കണാരേട്ടാ….

എന്റെ കുഞ്ഞിന്…. അവൾക്ക് കുഴപ്പൊന്നും ഇല്ലല്ലോലെ…”

“വേഗം ഇറങ്ങ്… പെട്ടെന്ന് ആശുപത്രിയിൽ എത്തണം.” കണാരൻ യശോദരയെയും കൂട്ടി ആശുപത്രിയിലേക്ക് തിരിച്ചു.

“എന്റെ കുഞ്ഞ്…. അവളെവിടാ…” ആ അമ്മ കരഞ്ഞുകൊണ്ട് ആശുപത്രിക്ക് അകത്തേക്ക് ഓടി. ഒടുവിൽ കണ്ടെത്തി. താൻ ഓമാനിച്ചു വളർത്തിയ തന്റെ കുഞ്ഞിനെ വെള്ള തുണിയിൽ പൊതിഞ്ഞ്.

വെള്ള ശീല മാറ്റി അവളെ ഒരു നോക്ക് കാണാൻ ശ്രമിച്ച ആ അമ്മയെ തടഞ്ഞുകൊണ്ട് ആരോ പറഞ്ഞു.

“വേണ്ട… ശീല മാറ്റണ്ട.. തെരുവ് നായ്ക്കൾ കടിച്ചു കീറി കുറച്ചു മാത്രമേ ശരീരം അവശേഷിക്കുന്നുള്ളൂ.” എന്ന്.

അത് കേട്ട് നിൽക്കാൻ നൊന്തു പ്രസവിച്ച ആ അമ്മക്ക് കഴിഞ്ഞില്ല. ആ സാധു സ്ത്രീ അവിടെ ബോധം അറ്റ് വീണു.

ചടങ്ങുകൾ ഒക്കെ നന്നായി നടന്നു. തന്റെ മകൾ മരിച്ചതിന്… അല്ല കൊന്നതിന് ആരുടെ പേരിലാണ് കേസ് കൊടുക്കേണ്ടത്…. ഒന്നിനും കഴിയാതെ ആ അമ്മ നിസ്സഹായയായി.

പിന്നീട് പലപ്പോഴും ആ വീട്ടിൽ നിന്നും വലിയ അലമുറയും കരച്ചിലും ഉയർന്നു.

“അന്ന് രാത്രി അവൾ എത്ര വേദനിച്ചിരിക്കും…

എന്റെ മോള് അമ്മേ എന്ന് വിളിച്ചു കരഞ്ഞിട്ടുണ്ടാകില്ലേ… രക്ഷപെടാൻ ഓടിയപ്പോൾ അവൾ വീണിട്ടുണ്ടാകില്ലേ… തെരുവ് നായ്ക്കൾ കടിച്ചു കീറിയപ്പോൾ വേദന കൊണ്ട് ഉറക്കെ നിലവിളിച്ചിട്ടുണ്ടാകില്ലേ.. എന്റെ മോൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ ഇവിടെ ആരും ഇല്ലാ…

പക്ഷെ ആ തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ… അവർക്ക് വേണ്ടി സംസാരിക്കാൻ ഇതാ എന്റെ മുന്നിൽ ഒത്തിരി പേരുണ്ട്. ഈ ലോകത്ത് സംരക്ഷിക്കപെടണമെങ്കിൽ മനുഷ്യനായി അല്ല ജനിക്കേണ്ടിയിരുന്നത്….” ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

*********************

ഇരുട്ട് വീണു തുടങ്ങിയ സമയം… ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ ആ പെൺകുട്ടി മുന്നിലെ കാഴ്ച്ച കണ്ട് പേടിച്ചുപോയി. തന്നെ കടിച്ചു കീറാനായി കൊതിയോടെ ക്രൂരമായി നോക്കികൊണ്ട് മുന്നിൽ നിൽക്കുന്നു നാലു തെരുവ് നായ്ക്കൾ.

ഒന്ന് പകച്ചു പോയെങ്കിലും അവൾ സർവ്വ ശക്തിയും എടുത്ത് തിരിഞ്ഞ് ഓടി. നിർഭാഗ്യം എന്ന് പറയട്ടെ ഒരു കല്ലിൽ തട്ടി അവൾ നിലത്തു വീണു. അവളെ കടിച്ചു കുടയാനായി ആ നായ്ക്കൾ അവളിലേക്ക് അടുത്തു. എല്ലാം അവസാനിച്ചെന്ന് കരുതിയ ആ നിമിഷമാണ് ഒരു പ്രായമുള്ള സ്ത്രീ ആ പെൺകുട്ടിക്ക് മുന്നിലേക്ക് വന്നത്. അവരുടെ കയ്യിൽ കത്തി എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു പന്തവും. കയ്യിലെ തീകൊണ്ട് ആ സ്ത്രീ നായ്ക്കളെ നേരിട്ടു. പേടിച്ചരണ്ട നായ്ക്കൾ അവിടെ നിന്നും ഓടി. എന്നിട്ടും ദേഷ്യം തീരാതെ ആ സ്ത്രീ കല്ലുകൾ പെറുക്കി നായ്ക്കൾ പോയ വഴിയെ എറിയുന്നുണ്ടായിരുന്നു.

അതിനൊപ്പം അവർ പറഞ്ഞു.

“എന്റെ കുഞ്ഞിനെ നിങ്ങൾ കൊന്നു. ഇനി മറ്റൊരു കുഞ്ഞിനെ കൊല്ലാൻ ഈ യശോദര നിങ്ങളെ സമ്മതിക്കില്ല.. ഇത് എന്റെ മകൾക്ക് വേണ്ടിയാണ്.. ലാവണ്യയ്ക്ക് വേണ്ടി.”

അവർ ഉറക്കെ അലറി.

ഇന്നും ആ വഴിയിൽ ഒറ്റപ്പെട്ടു പോകുന്നവർക്കു തണലാകാൻ ആ സ്ത്രീ അലഞ്ഞു നടക്കുന്നു.

തന്റെ മകളുടെ അവസ്ഥ മറ്റൊരാൾക്ക്‌ വരാതിരിക്കാൻ.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ആതിര ദാസ്

Scroll to Top