അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 39 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

അനന്തൻ ചുളിഞ്ഞ കുർത്ത നേരെയാക്കി ഭദ്രയെ ഒന്ന് നോക്കി പിന്നെ തിരിഞ്ഞു നടന്നു. ഒന്നും മിണ്ടാതെ അനന്തൻ ഭദ്രയെ അവഗണിക്കുന്നത് സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു..

ഒരു ഭാവവും കൂടാതെയുള്ള അവന്റെ നോട്ടം അവളെ വല്ലാതെ നോവിച്ചു.. ഭദ്ര പാല മരത്തിൽ പിടിച്ചു സർപ്പപ്രതിഷ്ഠയിലേക്ക് കണ്ണീരോടെ നോക്കി.. അല്പസമയത്തിനകം കൊട്ടും മേളവും മുഴങ്ങി… അത് ഭദ്രയുടെ ചങ്കിലായി പ്രകമ്പനം കൊള്ളിച്ചു.. ഒഴുകുന്ന കണ്ണീരിനെ വാശിയോട് തുടച്ചു അവൾ.. “എന്നെ വേണ്ടാത്തവർക്ക് വേണ്ടി ഞാൻ എന്തിന് കരയണം..” സാരിക്ക് ഉള്ളിലായ താലി എടുത്തു വലതുകൈകൊണ്ട് ഇറുക്കെ പിടിച്ചു.. തീർന്നു..

ഇനി ആ മനുഷ്യൻ തന്റെ ആരും അല്ല..

പാർവതിയുടെ ഭർത്താവ് ആണ് അനന്തൻ.. മറ്റൊരാളുടെ ഭർത്താവിന്റെ താലി കഴുത്തിൽ കെട്ടി നടക്കേണ്ട ആവശ്യം തനിക്കില്ല.. ഭദ്ര താലിയിൽ മുറുകെ പിടിച്ചു.. അപ്പോഴേക്കും ചെറുക്കനും പെണ്ണും തൊഴാനായി സർപ്പക്കാവിലേക്ക് വന്നു.. പുറകിലുള്ള ബഹളം കേട്ട് ഭദ്ര കണ്ണുകൾ അമർത്തി തുടച്ചു… തിരിഞ്ഞു നോക്കാൻ കഴിയില്ല. ആ നിമിഷം ചിലപ്പോൾ മരിച്ചു വീഴാൻ തോന്നും..

വീഡിയോഗ്രാഫർ പറയുബോൾ കയറിയാൽ മതി എന്നുള്ള നിർദേശം ചെക്കനും പെണ്ണിനും കൊടുക്കുന്ന കേട്ടപ്പോൾ ഭദ്ര ഒരു സൈഡിലേക്ക് മാറി നിന്നു… ആരോടെയൊക്കെയോ നിർദേശങ്ങൾ ബഹളങ്ങൾ എല്ലാം തന്നെ കേൾക്കുന്നുണ്ടെങ്കിലും ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. ആ ചെറിയ ബഹളങ്ങളിൽ പെട്ടെന്ന് അനന്തന്റെ സാമിപ്യം പുറകിൽ ഉണ്ടെന്ന് അവൾ ഞെട്ടലോടെ മനസിലാക്കി..

” താലി അഴിച്ചോ..? ” ചെവിയുടെ പുറകിൽ പതിയുന്ന അവന്റെ താഴ്ന്ന സ്വരം കേട്ട് ഭദ്രക്ക് അരിശം കേറി.. അവൾ കണ്ണുകൾ രണ്ടും ഇറുക്കെ അടച്ചു സ്വയം നിയന്ത്രിച്ചു..

” അനന്താ … ഇതാട്ടോ എന്റെ ഭാര്യ.. ഭദ്ര.. ”

തിരിഞ്ഞു നിന്നവളെ നേരെ നിർത്തി.. തൊഴുത് ഇറങ്ങുന്ന നവദമ്പതികളോടായി അവൻ ഉറക്കെ പറഞ്ഞപ്പോൾ ഭദ്ര ഞെട്ടലോടെ മുഖം ഉയർത്തി..

പാർവതിയും മറ്റൊരു പയ്യനും.. ഭദ്രയുടെ തോളിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തികൊണ്ട് അനന്തൻ അവരെ നോക്കി.. ഭദ്ര ഞെട്ടി നിൽപ്പാണ്..

” ഭദ്രേ എപ്പോ വന്നു..? ”

പാർവതി സാഹചര്യം നോക്കാതെ ഉറക്കെ ചോദിച്ചു.. ഭദ്ര അതിന് വിളറികൊണ്ട് ചിരിച്ചതേ ഉള്ളൂ..

വീഡിയോഗ്രാഫർ മുന്നോട്ട് നടക്കാൻ പറഞ്ഞപ്പോൾ പിന്നെ കാണാമെന്നു കൈകൊണ്ട് ആക്ഷൻ കാണിച്ചു പാർവതി നേരെ നടന്നു.. ഭദ്ര അവർ പോയതും അനന്തനെ നോക്കി..അവൻ ചിരിച്ചുകൊണ്ട് നാഗത്തറയിലെ കുങ്കുമം ഒരു നുള്ള് എടുത്ത് ഭദ്രയുടെ സിന്ദൂരരേഖയിൽ ചാർത്തി..

പെട്ടെന്നായതുകൊണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു.. അനന്തൻ ചെറിയ പുഞ്ചിരിയോടെ അവളെ നോക്കി.. പിന്നെ കൈയിൽ പറ്റിയ കുങ്കുമം മതിലിൽ തുടച്ചുകൊണ്ട് അവളെ നോക്കാതെ അവൻ അവർക്ക് പിറകെ പോയി..ഭദ്ര ഒന്നും മനസിലാവാതെ നിന്നു. ഈ സമയത്താണ് മിഥി അങ്ങോട്ട് ചെന്നത്..

” എന്ത് ഓർത്ത് നിൽപ്പാ..? ” മിഥി വിരൽ ഞൊടിച്ചു ചോദിച്ചതും ഭദ്ര ഞെട്ടി അനന്തനിൽ നിന്നും നോട്ടം മാറ്റി മിഥിയെ ദേഷ്യത്തിൽ നോക്കി…

” നോക്കണ്ട എല്ലാം ഏട്ടന്റെ പ്ലാനാ.. കല്യാണക്കുറി നോക്കി.. പക്ഷെ ചെക്കന്റെ അഡ്ഡ്രസ്സ്‌ നോക്കിയോ..? ” മിഥി

ഭദ്രയുടെ കണ്ണുകൾ മിഴിഞ്ഞു. മിഥി ചിരിയോടെ അവൾക്കടുത്തേക്ക് ചെന്നു..അകലെയുള്ള പാടങ്ങളിലേക്ക് നോക്കി അവൾ ഒന്ന് നെടുവീർപ്പ് ഇട്ടു..

” നിന്നെ ദേവ് മാഷ് കൊണ്ടുപോയ അന്നായിരുന്നു അനന്തേട്ടൻ എന്റെ സഹോദരൻ ആണെന്ന സത്യം ഞാൻ അറിയുന്നത്.. അത് എനിക്ക് വല്ലാത്ത ഷോക്ക് ആയിരുന്നു.. കുറ്റബോധം കൊണ്ടും പ്രണയിച്ചയാള് പെട്ടെന്ന് സഹോദരൻ ആണെന്നുമുള്ള അറിവ് എന്നെ നന്നായി ബാധിച്ചു.. ചെറുതായി യൂസ് ചെയ്ത ഡ്രഗിന്റെ അളവ് കൂട്ടി.. ഇടക്ക് വെച്ചു വീട്ടിൽ എല്ലാവരും അറിഞ്ഞു.

അങ്ങനെ ഡിഅഡിക്ഷൻ സെന്ററിൽ ആക്കി.. ഒരു വർഷത്തോളം അവിടെ ആയിരുന്നു.. അവിടെ നിന്ന് ആദ്യം ഇറങ്ങിയപ്പോൾ തിരക്കിയത് നിന്നെയാ.. പക്ഷെ കാണൻ കഴിഞ്ഞത് തകർന്നിരിക്കുന്ന അനന്തേട്ടനെയാ.. ഒരു വർഷം കഴിഞ്ഞിട്ടും നിന്നെ തിരക്കി കൊണ്ടേ ഇരുന്നു ആ മനുഷ്യൻ..

എനിക്കും കാണണമായിരുന്നു..

കാലുപിടിച്ചു മാപ്പ് പറയാൻ… എനിക്ക് അതിന് യോഗ്യത ഉണ്ടോന്ന് അറിയില്ല.. എന്റെ സഹോദരൻ അല്ലെങ്കിൽ കൂടി ഒരാളോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഞാൻ ചെയ്തത്.. ആര് പൊറുത്താലും ദൈവം പൊറുക്കില്ല.. ”

മിഥി കണ്ണ് തുടച്ചു..

ഭദ്ര അവളെ ആകാംഷയോടെ നോക്കി നിന്നു.

” പിന്നെ ഞാൻ തിരക്കിയത് ദേവിനെ ആയിരുന്നു..

സിറ്റിയിലെ മെന്റൽ ഹോസ്പിറ്റലിൽ ഞാൻ അവനെ പോയി കാണുമ്പോ അവൻ ആദ്യം വിളിച്ചത് മാളു എന്നായിരുന്നു… പിന്നെ അനന്തേട്ടൻ പറഞ്ഞപ്പോഴാ അറിഞ്ഞത്.. മാളു ദേവ് മാഷിന്റെ അമ്മാവന്റെ മകൾ ആയിരുന്നു. കണ്മുന്നിൽ അവൾ മുങ്ങി മരിച്ചതിന്റെ ഷോക്ക് ആയതാണ് ദേവ് മാഷിന്…

പതിനാറു വയസ്സിൽ തന്റെ ഏറ്റവും പ്രിയപ്പെട്ടവളുടെ ജീവൻ ഇല്ലാതാവുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കാനേ മാഷിന് കഴിഞ്ഞുള്ളൂ.. മാളുവിന്റെ കളി ആണെന്ന് കരുതി പാവം..

പക്ഷെ ജീവനില്ലാതെ കമിഴ്ന്നു കിടന്ന് അവൾ പൊങ്ങി വന്നപ്പോഴാ മാഷിന്..

” മിഥി ഒന്ന് നെടുവീർപ്പ് ഇട്ടു..”

ഇതൊക്കെ അറിഞ്ഞു മറ്റെവിടെയും ജോലി കിട്ടാതെയും തന്നെയാ ദേവ് മാഷിനെ ഏട്ടൻ ജോലിക്കെടുത്തത്.. മാഷ് പെൺകുട്ടികളെ ചീത്ത പറയുകയോ ഉപദ്രവിക്കുകയോ ചെയ്ത് കണ്ടിട്ടുണ്ടോ ഭദ്ര ഇതുവരെ..?” മിഥി ചോദിച്ചപ്പോൾ ഭദ്ര തല വിലങ്ങനെയാട്ടി..

” മ്മ് ചെയ്യില്ല.. അപ്പോഴൊക്കെ മാളു അമ്മാവന്റെ കൈയിൽ നിന്ന് അടിവാങ്ങുന്നതും ചീത്തകേൾക്കുന്നതും ഓർമ വരും.. ഭദ്രയും മാളുവിന്റെ ചെറിയ ചായ ഉണ്ട്.. കണ്ണുകളും നെറ്റിയും..

ചിരിയും.. അതുകൊണ്ട് മാളു വീണ്ടും വന്നെന്ന് ഉള്ള വിശ്വാസം പിന്നെ ഭദ്രയെ നേടാൻ വേണ്ടിയാ എന്റെ കൂടെ നിന്ന് അങ്ങനെയൊക്കെ.. മാഷിന്റെ അമ്മ കഴിഞ്ഞ വർഷം മരിച്ചു.. ഭദ്ര പോയതിന് പിറ്റേന്ന്…അന്ന് ഒരു ബന്ധുവീട്ടിൽ ആയിരുന്നു അമ്മ അതും വീൽചെയറിൽ… മകന് വീണ്ടും ഭ്രാന്ത് മൂത്തതറിഞ്ഞു ആ അമ്മ… ഇതൊക്കെ ഞാൻ എന്തിനാ പറയുന്നതെന്ന് ഭദ്ര ആലോചിക്കുന്നുണ്ടാവും അല്ലേ.. ” മിഥി അങ്ങനെ ചോദിച്ചപ്പോൾ ഭദ്ര അവളെ തന്നെ ഉറ്റുനോക്കി..

” എന്റെ വിവാഹം കഴിഞ്ഞു ദേവ് മാഷുമായി..”

മിഥി ചെറു ചിരിയോടെ പറഞ്ഞപ്പോൾ ഭദ്ര ഞെട്ടികൊണ്ട് അവളെ നോക്കി… മിഥി കൈകെട്ടി പുഞ്ചിരിയോടെ നിന്നു.. ” മാഷിന്റെ അവസ്ഥ കണ്ട് ആ അസുഖം കൂടാൻ ഞാനും ഒരു കാരണം ആയല്ലോ എന്നുള്ള ചിന്ത.. അല്ല അതാണ് സത്യം.. അസുഖം കുറഞ്ഞപ്പോ ഞാൻ മാഷിനെ നോക്കി.. അവിടെ ആറു മാസം നിന്നു.. അച്ഛനും അമ്മയും എല്ലാവരും എന്നെ എതിർത്തു.. പക്ഷെ അനന്തേട്ടൻ മാത്രം ഒന്നും പറഞ്ഞില്ല.. ചില മനുഷ്യരുടെ മനസിനേറ്റ മുറിവ് മാറാൻ ചിലർക്ക് മരുന്നാവാൻ കഴിയും.. അസുഖം ഒരുവിധം പൂർണമായി മാറി എന്ന് അച്ഛന് തോന്നിയിട്ടാ മാര്യേജ് നടത്തി തന്നത്.. ഇപ്പോ മൂന്ന് മാസം ആയി..

എന്നെ ഇടക്ക് അറിയാതെ മാളു എന്നൊക്കെ വിളിക്കും… ”

ഭദ്ര പുഞ്ചിരിച്ചു… ”

അനന്തേട്ടൻ എന്ന് ഭദ്രയെ കാണുന്നോ.. അന്ന് തന്നെ വന്ന് ക്ഷമ ചോദിക്കാൻ തന്നെ ആയിരുന്നു കരുതിയത്.. പിന്നെ ഏട്ടൻ വിളിച്ചു കുറച്ച് പ്രശ്നമാണെന്ന് പറഞ്ഞതുകൊണ്ടാ അങ്ങനെ ഒക്കെ.”

മിഥിയുടെ കണ്ണുകൾ നിറഞ്ഞു.. “ഭദ്ര എന്നോട് പൊറുക്കണം.. ” മിഥി മുട്ടുകുത്തി ഇരുന്നു ഭദ്രയുടെ കാലുകൾ മുറുകെ പിടിച്ചു..

” ഏയ്‌.. ” ഭദ്ര ഞെട്ടലോടെ പിന്നിലേക്ക് നീങ്ങാൻ ശ്രമിച്ചു..

” ചെയ്തതൊക്കെ തെറ്റാണെന്ന് തിരിച്ചറിഞ്ഞ നിമിഷം തീരുമാനിച്ചതാ കാലുപിടിച്ചു മാപ്പ് പറയണമെന്ന്.. എന്നിട്ടും പൊറുത്തില്ലെങ്കിൽ എന്നെ…. തല്ലിയേക്ക്..തല്ലി കൊന്നോ..” മിഥി ഇരുന്ന് കരഞ്ഞതും ഭദ്ര അവളുടെ ചുമലിൽ പിടിച്ചു എഴുനേൽപ്പിച്ചു നിർത്തി..

” എനിക്ക് ആരോടും ദേഷ്യം ഇല്ല.. ഇതൊക്കെ അനുഭവിക്കാൻ വിധി ഉണ്ടാവും… അതിന് നീയൊക്കെ ഒരു നിമിത്തം ആയി.. അങ്ങനെ വിശ്വസിക്കുന്നുള്ളൂ.. ” ഭദ്ര അവളുടെ കണ്ണുകൾ തുടച്ചു..

” ചെല്ല് പോയി കല്യാണം കൂട്.. ”

” ഭദ്ര വരുന്നില്ലേ.. സോറി ഏട്ടത്തി വരുന്നില്ലേ..?

മിഥി കണ്ണുകൾ തുടച്ചു ചോദിക്കുന്ന കണ്ടപ്പോൾ ഭദ്രയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു..

” വരാം നീ ചെല്ല്.. ”

” മ്മ് ” മിഥി സാരി തലപ്പുകൊണ്ട് കണ്ണും മൂക്കും അമർത്തി തുടച്ചു തലയാട്ടി…

മിഥി പോവുന്നതും നോക്കി നിൽക്കുന്ന ഭദ്ര നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന താലിയിൽ തൊട്ടു..

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. അവൾ നന്ദിയോടെ സർപ്പ പ്രതിഷ്ഠകളെ നോക്കി..

അവിടെന്ന് നേരെ ഇറങ്ങി അനന്തനെ നോക്കി.. എവിടെയും കാണാൻ ഇല്ല.

ചെറുക്കനും പെണ്ണും ഭക്ഷണം കഴിക്കാൻ പോയെന്നു അറിഞ്ഞപ്പോൾ ഭദ്ര അങ്ങോട്ട് ചെന്നു.. ചെറുക്കനും പെണ്ണും ഇരുന്ന് കഴിക്കുന്നുണ്ട്.. വീഡിയോഗ്രാഫറും ലൈറ്റ് ബോയും എല്ലാം അവരെ കവർ ചെയ്ത് നിൽക്കുന്നുണ്ട്. ഭദ്ര കുറച്ച് നീങ്ങി നിന്നു ചുറ്റും നോക്കി.. പിന്നെയും മുന്നോട്ട് നടന്നപ്പോൾ ആരോ കൈകളിൽ പിടിച്ചു.. ഭദ്ര ഞെട്ടികൊണ്ട് തിരിഞ്ഞതും അമ്മ ❤ ഭദ്ര കണ്ട ഉടനെ അവരെ ഇറുക്കെ കെട്ടിപിടിച്ചു..

” അമ്മാ എല്ലാം പറയാം ഇപ്പോ സമയം ഇല്ല..”

രാഗിണിയുടെ ചെവിയിൽ പറഞ്ഞിട്ട് അവൾ പിന്നെയും ചുറ്റും നോക്കികൊണ്ട് നടന്നു..

രാഗിണി അവൾ പോവുന്നതും നോക്കി പുഞ്ചിരിച്ചു..

” അനന്തേട്ടനെ കാണാനാ ” പുറകിൽ നിന്ന് രാഗിണിയുടെ രണ്ട് ചുമലിലും പിടിച്ചു ഭവ്യ പറഞ്ഞപ്പോൾ കൂടെ നിന്ന പായലും പൂജയും അത് ശരിയാണെന്നുള്ള തരത്തിൽ ഒന്ന് മൂളി…

അവർ നിറഞ്ഞു ചിരിച്ചു..

ഭദ്ര എല്ലായിടത്തും നോക്കി എവിടെയും ഇല്ല..

അവൾ സ്കൂളിന്റെ പുറകിലെ പാചകപുരയിലേക്ക് ചെന്നു.. അവിടെ നിന്ന് സിഗരറ്റ് വലിക്കായിരുന്ന അഖിൽ ഭദ്രയെ കണ്ടതും വേഗം സിഗരറ്റു മാറ്റി പിടിച്ചു..

” ചേച്ചി എപ്പോ വന്നു..? ” അഖിൽ

” ഞാൻ കുറച്ച് നേരായി.. ” അഖിലിനോട് മറുപടി പറയുമ്പോഴും അവളുടെ കണ്ണുകൾ ചുറ്റും അനന്തനെ പരതികൊണ്ടിരുന്നു..

” ദേ അവിടെ ഉണ്ട്.. ” ഭദ്രയുടെ നോട്ടം കണ്ട് ഷീറ്റ് കൊണ്ട് മറച്ച പാചകപുരയുടെ പുറത്തേക്ക് വിരൽ ചൂണ്ടി കാണിച്ചു അവൻ. ഭദ്ര സന്തോഷത്തോടെ അവനെ നോക്കി ചിരിച്ചിട്ട് അങ്ങോട്ട് ഓടി..

അവിടെ എത്തിയതും മുന്നിലെ കാഴ്ച കണ്ട് ഒരുനിമിഷം കാലുകൾ നിശ്ചലമായി..

പച്ചക്കറികൾ അരിയാനായി ആരോ കൊണ്ടുവെച്ച മേശയുടെ മുകളിൽ ഇലയും അതിൽ ചോറും പപ്പടവും.. അനന്തൻ ഒരു കൈകൊണ്ട് ആരുട്ടനെ പിടിച്ചിട്ട് മറുകൈകൊണ്ട് ചോറ് നല്ലപോലെ ഉടച്ചു കൊടുക്കുന്നുണ്ട്.. മുന്നിൽ കാണുന്ന ആകെ നാല് പല്ലേ കക്ഷിക്ക് ഉള്ളൂ..

ആരുട്ടൻ ഇടക്ക് മുഖം തിരിക്കുമ്പോൾ അനന്തൻ പാടത്തേക്ക് പറക്കുന്ന മയിലിനെയും കൊക്കിനെയും ചൂണ്ടി കാണിച്ചു ചോറ് വാവേടെ വായിലേക്ക് വെക്കുന്നു..അച്ഛന്റെ അടുത്ത് അവന് വാശി ഇല്ല..

ഒരുപാട് ആഗ്രഹിച്ച സ്വപ്നം കണ്ട നിമിഷമാണിത്..

ഒരിക്കലും നടക്കില്ലെന്ന് കരുതിയ തന്റെ സ്വപ്നം..

അവളുടെ കണ്ണുകൾ സന്തോഷകൊണ്ട് നിറഞ്ഞു..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി

Scroll to Top