വീട്ടിൽ നിന്ന് അമ്മ പോയി കുറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായപ്പോഴാണ് അച്ഛന്റെ ഉള്ളിൽ നേരിയൊരു ഭയം തോന്നിത്തുടങ്ങിയത്…

രചന : Neimika Mohan

“സൗന്ദര്യപ്പിണക്കം”

***************

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തി ,

നേരെ അടുക്കളയിലേക്ക് .

പക്ഷെ പതിവുപോലെ അവിടെ അമ്മയില്ല.

ചായയോ ,കഴിക്കാൻ പലഹാരമോ ഇല്ല.

“അമ്മേ …. അമ്മേ …യ് ” .

എന്റെ കൂവലൊക്കെ ആരു കേൾക്കാൻ . അയൽപക്കത്തെങ്ങാനും പോയതാവും . ശബ്ദം കുറച്ചു കൂടി ഉയർത്തി വിളിച്ചു …. മറുപടിയില്ല.

അച്ഛൻ മുറിയിൽ നിന്നിറങ്ങി വന്നു,

ഉറക്കമായിരുന്നെന്ന് തോന്നുന്നു.

“അച്ഛാ ,അമ്മയെവിടെ ?”

“ആ…. എനിക്കറിയില്ല. അവിടെവിടെയെങ്കിലും കാണും . ”

“ശ്ശോ! ഈ അമ്മ ഇതെവിടെപ്പോയിക്കിടക്കുന്നു ?”. പിറുപിറുത്തു കൊണ്ട് അടുക്കളയിൽ വീണ്ടും ഒന്നു പരതി.

അടുത്തുള്ള അമ്പലത്തിൽ ഭജനയും പുരാണകഥകളും പ്രഭാഷണങ്ങളും ഒക്കെ നടക്കുന്നുണ്ട്.

കുളിച്ചൊരുങ്ങി അമ്പലത്തിൽ എത്തിയപ്പോഴുണ്ട് അവിടെ പ്രഭാഷണവും കേട്ടുകൊണ്ട് അമ്മയിരിക്കുന്നു .

“സാധാരണ അങ്ങനെ ഒന്നിനും വരാത്തതാണ് ,

ഇതെന്തു പറ്റി ഈ അമ്മയ്ക്ക് ?”കൂടുതൽ ചിന്തിക്കാൻ പോയില്ല, അമ്പലമല്ലേ.

എല്ലാവരും കഥയിൽ ലയിച്ച് ….രസിച്ചങ്ങനെ ഇരിയ്ക്കുമ്പോഴാണ് ഒരു ആംബുലൻസ് അലാറം മുഴക്കിക്കൊണ്ട് അടുത്തുള്ള റോഡിലൂടെ പോകുന്നത് . പെട്ടെന്ന് ഹാളിലെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് “എന്റെ … കൃഷ്ണാ …….” എന്നൊരു വിളി . അവിടെ ഉണ്ടായിരുന്നവരെല്ലാം ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി …ചാടിയെഴുന്നേറ്റു,

“കൃഷ്ണാ ……. ” എന്നുള്ള കൂട്ട വിളി. ഞാൻ ആദ്യം വിളികേട്ട ഭാഗത്തേക്ക് നോക്കി

അമ്മയാണ്. “എന്താമ്മേ ? എന്തുപറ്റി ?”

“ഇല്ല, ഒന്നൂല . പെട്ടെന്ന് ആംബുലൻസിന്റെ ശബ്ദം കേട്ടപ്പോ പേടിച്ചതാ ” .

എല്ലാവരും ഇരുന്നു. ബാക്കി കഥയും പ്രഭാഷണവുമൊക്കെ ഒരു വിധത്തിൽ കേട്ടു തീർത്തു എന്നു പറഞ്ഞാൽ മതിയല്ലോ.

എല്ലാം കഴിഞ്ഞിട്ടും അമ്മയുടെ മുഖം മ്ലാനമായിത്തന്നെയിരുന്നു.

ദീപാരാധനയ്ക്കും ഭജനയ്ക്കുമൊന്നും നില്ക്കാതെ അമ്മ വേഗം വീട്ടിലേക്ക് നടന്നു, കൂടെ ഞാനും .

വീട്ടിലേയ്ക്കുള്ള ഇടവഴിയിലേക്ക് കയറുമ്പോഴേ കണ്ടു

മുറ്റം നിറയെ ആളുകൾ. ഇതെന്താണ് സന്ധ്യാസമയത്ത് ഇത്രയധികം ആളുകൾ വീട്ടുമുറ്റത്ത് ?.

അയൽപക്കക്കാരാണ്. മുറ്റത്തൊരു കസേരയിൽ വിളറി വെളുത്ത് അച്ഛനിരിക്കുന്നു , ഞങ്ങളെ കണ്ടതോടെ അച്ഛനെഴുന്നേറ്റ് അകത്തേയ്ക്ക് പോയി.

അടുത്ത വീട്ടിലെ ചേച്ചി അമ്മയുടെ നേരെ ആക്രോശിക്കുന്നു. “ഇതിത്തിരി കടന്ന കയ്യായിപ്പോയെടീ” .

” അതിനു ഞാനെന്തു ചെയ്തെന്നാ ചേച്ചീ?”

“ഇല്ല, നീയൊന്നും ചെയ്തില്ല. നീയെന്തു പറഞ്ഞിട്ടാടീ ഇവിടുന്നിറങ്ങിപ്പോയത് ? ”

അമ്മയുടെ കണ്ണ് തള്ളി ഇപ്പോ പുറത്തേക്ക് ചാടുമെന്ന മട്ടിൽ നില്ക്കുന്നു.

കാര്യങ്ങളെല്ലാം പറഞ്ഞു തീർത്ത് അയൽപക്കക്കാർ പിരിഞ്ഞുപോയി ,അന്നെന്തോ ഭാഗ്യത്തിനാ അമ്മയ്ക്ക് അവരുടെ അടി കിട്ടാഞ്ഞത്.

ഞാൻ ക്ലാസ്സ് കഴിഞ്ഞ് വരുന്നതിനു മുൻപ് അച്ഛനും അമ്മയും തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് എന്തോ സൗന്ദര്യപ്പിണക്കമുണ്ടായി (അന്നുച്ചയ്ക്ക് ഉണ്ടാക്കിയ കറിയ്ക്ക് ലേശം ഉപ്പു കൂടിപ്പോയതോ മറ്റോ ആണ് വിഷയം)

ആ ദേഷ്യത്തിന്

“ഞാൻ എവിടേലും പോയി ചത്തു കളയും” എന്ന് അമ്മ .

” നീ പോയി ചാക് ” എന്ന് അച്ഛൻ.

” കാണിച്ചു തരാം, കടലിൽ പോയി ചത്തു കളയും ഞാൻ” എന്നും പറഞ്ഞ് അമ്മ വീട്ടിൽ നിന്നിറങ്ങി. അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണെന്ന് കരുതി അമ്മയുടെ വാക്കുകൾ,അച്ഛൻ ഗൗനിച്ചതുമില്ല . കുറച്ച് മനസ്സമാധാനം കിട്ടാൻ വിഷമങ്ങളെല്ലാം ദൈവത്തിനോട് പറഞ്ഞേക്കാമെന്ന് കരുതി അമ്മ നേരെ പോയത് അമ്പലത്തിലേക്ക്.

വൈകിട്ടത്തെ പൂജയ്ക്കാവശ്യമായ പൂക്കളൊക്കെയൊരുക്കി …..

പ്രാർത്ഥിച്ചു.

വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയതുകൊണ്ടാവാം അമ്മയുടെ മനസ്സ് ഒരുപാട് അസ്വസ്ഥമായിരുന്നു .

അതൊക്കെ മറക്കാൻ വേണ്ടി അങ്ങനെ കഥയും കേട്ടിരിക്കുമ്പോഴാണ് ആംബുലൻസിന്റെ ശബ്ദം.

പിന്നെ പറയേണ്ടല്ലോ “മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണെ”ന്നതുപോലെയായി

വീട്ടിൽ നിന്ന് അമ്മ പോയി കുറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായപ്പോഴാണ് അച്ഛന്റെ ഉള്ളിൽ നേരിയൊരു ഭയം തോന്നിത്തുടങ്ങിയത്. തൊട്ടടുത്ത വീട്ടിൽ അമ്മയെ അന്വേഷിച്ചു , അവരാരും കണ്ടിട്ടില്ല.

സംഭവം കാട്ടുതീ പോലെ പടർന്നു.അമ്പലത്തിലിരുന്നവർ ഒഴികെ നാടെങ്ങും അറിഞ്ഞു

(ഇന്നത്തെപ്പോലെ ചാനലുകാർ അന്നില്ലാതിരുന്നത് ഭാഗ്യം)

അയൽപക്കത്തുള്ളവർ തിരക്കിയിറങ്ങി റോഡിൽ കണ്ടവരോട് മുഴുവൻ ചോദിച്ചു,ആരും കണ്ടിട്ടില്ല.

അമ്മ ,വീട്ടിൽ നിന്നിറങ്ങിയ സമയത്ത് ഒരു ബസ്സുണ്ടായിരുന്നു.

അതിൽ കയറി കടപ്പുറത്തേക്ക് പോയിട്ടുണ്ടാവും

പോരാത്തതിന് ഇനി അടുത്ത ബസ്സ് രാത്രി 8 മണിക്കേ വരൂ. അങ്ങനെ ഓരോരുത്തരും അവരവരുടെ ഊഹാപോഹങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ആംബുലൻസ് ,നിലവിളി ശബ്ദവുമിട്ടു കൊണ്ട് പാഞ്ഞു പോകുന്നത്.

ഉറപ്പിച്ചു ,ആംബുലൻസിന് വഴിമാറിപ്പോയതാണ്.

ഇപ്പോത്തന്നെ തിരിച്ചു വരും. എല്ലാവരും അച്ഛനെ കുറ്റപ്പെടുത്തിത്തുടങ്ങി.

എല്ലാം കേട്ട് എന്തു ചെയ്യണമെന്നറിയാതെ അച്ഛൻ ആകെ വിഷണ്ണനായി ഇരിക്കുമ്പോഴാണ് ഞങ്ങളുടെ വരവ്.

അന്ന് രാത്രി അത്താഴത്തിനിരിക്കുമ്പോൾ അച്ഛന്റെ ചോദ്യം അമ്മയോട്. “നിനക്കെന്താടീ… കടലിൽ പോകാൻ വഴിയറിയത്തില്ലാരുന്നോ ?”

“വണ്ടിക്കൂലിയ്ക്കുള്ള കാശെടുക്കാൻ മറന്നു , അത്രയും ദൂരം നടന്നു പോയി കടലിൽ ചാടി ചാകാൻ എനിക്ക് വട്ടൊന്നുമില്ലല്ലോ?” എന്ന് അമ്മ.

ഇത്ര നിസ്സാര വഴക്കുകൊണ്ട് വീട്ടുമുറ്റത്ത് നാട്ടുകാരെ കൂട്ടിയ കഥയും, കഥകേൾക്കാനിരുന്ന ആളുകളെ എഴുന്നേൽപ്പിച്ച് നിർത്തി “കൃഷ്ണനെ ” വിളിപ്പിച്ചതും ഒക്കെ പറഞ്ഞു അന്നു ഞങ്ങൾ ഒരുപാട് ചിരിച്ചു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Neimika Mohan

Scroll to Top