8 മണി ആയിട്ടും പ്രോഗ്രാം തുടങ്ങി ഇല്ല. മേഘക്ക് ആകെ വല്ലാത്ത അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു. പക്ഷെ 8 മണി ആയപ്പോൾ…….

രചന : അനു അനാമിക

 

ചെമ്പകം പൂക്കുമ്പോൾ , തുടർക്കഥ, ഭാഗം 1

 

❤️❤️❤️❤️❤️❤️❤️❤️

“ശ്രീ ദേവി… ആ ചിലങ്ക  ഭദ്രമായി എടുത്തു വെക്കൂ … “… കിതപ്പോടെ  മുകളിലെക്ക് കയറി വന്ന ലളിത പറഞ്ഞു.

“അതൊക്കെ എടുത്തു വെച്ചെന്റെ  ഏട്ടത്തി…. ഇനി എന്തെങ്കിലും വെക്കാൻ ഉണ്ടോ എന്ന് നോക്കിക്കേ”??…

“സോപ്പ്, ചീപ്, കണ്ണാടി, ചുരിദാർ. ഡാൻസിന് ഉള്ള ഡ്രസ്സ്‌ ടീച്ചർ കൊണ്ട് വന്നോളുമല്ലോ … മേക്കപ്പ് ബോക്സ്‌, സ്ലൈഡ്, വട, ചിലങ്ക, ഗ്ളൂക്കോസ്, വെള്ളം വെക്കേണ്ട…, അത് നിന്റെ ബാഗിൽ വെച്ചാൽ മതി”…

“ശരി ഏട്ടത്തി…. ”

“ഭക്ഷണവും നിന്റെ കയ്യിൽ ഉണ്ടായാൽ മതി… അവളെ ട്രെയിനിൽ കയറി കഴിയുമ്പോൾ ഒന്ന് കിടത്തി ഉറക്കിയേക്കണേ.  ഇല്ലങ്കിൽ സ്റ്റേജിൽ കയറുമ്പോൾ ക്ഷീണം ആകും.രാത്രിയിൽ അല്ലേ പ്രോഗ്രാം!!”…

“ഞാൻ നോക്കിക്കോളാം ഏട്ടത്തി… ഇത് ആദ്യത്തെ കാര്യം അല്ലല്ലോ കിങ്ങിണി കുട്ടി ഒരു പ്രോഗ്രാമിന് പോകുന്നത്.. ഏട്ടത്തി വെപ്രാളം കാണിക്കാതെ സമാധാനമായിട്ട് ഇരിക്ക്”….

“എങ്ങനെ വെപ്രാളപ്പെടാതെ  ഇരിക്കും ??ആദ്യമായിട്ട് അല്ലേ ഇത്ര ദൂരത്തു പോയി അവള് ഡാൻസ് കളിക്കാൻ പോകുന്നെ. ഇവിടെ അടുത്ത് ആയിരുന്നപ്പോൾ ഒരു പാടും ഇല്ലാരുന്നു. ഇതിപ്പോ ആ ടീച്ചർ ഒരുപാട് നിർബന്ധിച്ചത്  കൊണ്ടാ…. ”

“ഈശ്വര ഇക്കണക്കിനു അവളെ കെട്ടിച്ചു വിടുമ്പോൾ എന്ത് ചെയ്യും ഏട്ടത്തി”??

“ആ നമ്മുടെ കിങ്ങിണി മിക്കവാറും ഒരു ചെക്കനെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരാൻ ആണ് സാധ്യത”….

ലളിതയും ശ്രീദേവിയും പരസ്പരം ഒന്ന് ചിരിച്ചു.

“ശരി… എല്ലാം എടുത്തു വെച്ചല്ലോ… ഇനി നീ പോയി റെഡി ആയിക്കോ നേരം വൈകിക്കണ്ട.9ന്റെ ട്രെയിന് പോയാലെ 2ആകുമ്പോൾ എങ്കിലും എത്തൂ… പാടത്തു കൊയ്ത്തു  നടക്കുന്നത് കൊണ്ടാ… അല്ലാരുന്നേൽ ഞാനും കിങ്ങിണിയുടെ അച്ഛനും കൂടെ വരുമായിരുന്നു”…

“ഏട്ടത്തി ഏട്ടൻ വരുമോ ഞങ്ങൾ ഇറങ്ങാൻ നേരം”??

“വരില്ല… കൂടെ നിന്ന് എല്ലാം ചെയ്യിച്ചില്ലങ്കിൽ  ഒന്നും ശരി ആകില്ല. അതുകൊണ്ട് നേരത്തെ പുന്നാര പുത്രിയെ അനുഗ്രഹിച്ചു വിട്ടു”…. അവർ രണ്ടാളും ചിരിച്ചു.

“എന്നിട്ട് അവൾ എവിടെ ??എഴുന്നേറ്റോ??”….. ശ്രീ ദേവി ചോദിച്ചു.

“മ്മ്… എഴുന്നേറ്റു.. ഇതിലെ കറങ്ങി നടപ്പുണ്ടായിരുന്നു . ഞാൻ പോയി നോക്കാം നീ അപ്പോഴേക്കും പോകാൻ തയ്യാർ ആയിക്കോ”… അതും പറഞ്ഞു ലളിത  താഴേക്കു പോയി. ശ്രീ ദേവി കുളിക്കാനും.

“കിങ്ങിണി…. മോളെ”…

“മോളെ… കിങ്ങിണി… മോളെ… ഈ കുട്ടി ഇത് എവിടെ പോയി”??..ലളിത വീട് മുഴുവനും അവളെ തേടി നടന്നു. അപ്പോഴേക്കും ശ്രീ ദേവി കുളിച്ചു ഇറങ്ങി വന്നു.

“എന്താ ഏട്ടത്തി അവൾ എവിടെ”??

“ഇവിടെ എങ്ങും കാണുന്നില്ല… ശ്രീ ദേവി… “ലളിത കുറച്ച് ആദി പെട്ടു പറഞ്ഞു  അവർ രണ്ടാളും കൂടെ മുറ്റത്തേക്ക് ഇറങ്ങി. ശ്രീ ദേവിയുടെ കണ്ണുകൾ വരാന്തയിൽ ഇരുന്ന മഞ്ഞളിൽ പതിഞ്ഞു.

“ഏട്ടത്തി അവൾ കുളത്തിൽ കാണും… ദാ ഇന്നലെ ഏട്ടൻ കൊണ്ട് വന്ന മഞ്ഞളിന്റെ എണ്ണത്തിൽ കുറവ് ഉണ്ട്”….

“ഈ നേരം ഇല്ലാത്ത നേരത്ത് ആണോ അവളുടെ തേച്ചു കുളി .. വെച്ചിട്ടുണ്ട് ഞാൻ”….അതും പറഞ്ഞു കയ്യിൽ കിട്ടിയ പുളിവാറിന്റെ  വടിയും കൊണ്ട് ലളിത കുളത്തിലേക്ക് നടന്നു.

കുളത്തിന്റെ വശത്തേക്ക് പോകുന്ന സ്ഥലങ്ങളിൽ നിറയെ ചെമ്പക മരങ്ങൾ ഉണ്ട്… അവയുടെ പൂക്കൾ ആരോ പറിച്ചു ചില്ല ഓടിച്ചു എടുത്ത പോലെ ആയിരുന്നു. അത് കണ്ടപ്പോഴേ ലളിതക്ക് മനസിലായി കിങ്ങിണി കുളത്തിൽ ഉണ്ടെന്നു.

“ഈ പെണ്ണിനെ കൊണ്ട് തോറ്റു പോകും. ഇരിക്കണ ഇരിപ്പിൽ എഴുപതു ശീലമാ, അതെങ്ങനാ എല്ലാരും കൂടെ തലയിൽ കയറ്റി വെച്ചേക്കുവല്ലേ”…..

ലളിത ഓരോന്നും പറഞ്ഞു വേഗം കുളത്തിലേക്ക് പാഞ്ഞു. പടവിൽ ഒരു സൈഡിൽ ചെമ്പകപ്പൂക്കൾ ചിതറി കിടക്കുന്നു.

“കിങ്ങിണി…. “അവർ പടവുകൾ ഇറങ്ങി ചെന്ന് കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന താമര പൂക്കൾ നോക്കി കിങ്ങിണിയെ  വിളിച്ചു.

“കിങ്ങിണി … ”

വലിയൊരു ശബ്ദത്തോടെ പാതി ദേഹം മറച്ച സ്വർണ കരയുള്ള  സെറ്റും ഉടുത്തു അവൾ പൊങ്ങി വന്നു. അവളുടെ നീളൻ മുടി ഇഴകൾ  വലിയൊരു ശബ്ദത്തോടെ വെള്ളത്തോട് ഒപ്പം പുറകിലേക്ക് ചെന്ന് വീണു. അവൾ ആ തല ശരിക്കും ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി… ശേഷം അവയെ വകഞ്ഞു പുറകിലേക്ക് വെച്ചു.അവളുടെ  മുഖത്തും ദേഹത്തും  നിറയെ വെള്ള തുള്ളികൾ ഉതിർന്നു വീണു കൊണ്ടിരുന്നു.

“ഇങ്ങോട്ട് കയറി വാടി … നേരം ഇല്ലാത്ത നേരത്ത അവളുടെ ഒരു തേച്ചു കുളി”…കല്പടവിൽ  അരച്ചു വെച്ച മഞ്ഞളിന്റെ ബാക്കി കഷ്ണം അവൾക്കു നേരെ എറിഞ്ഞു കൊണ്ട് അമ്മ പറഞ്ഞു.

“ഓ… മിസ്സിസ് കൃഷണപ്രസാദ് ഇന്ന് വല്യ ചൂടിൽ ആണല്ലോ”…..

“അഹ്… നല്ല ചൂടുള്ള അടി കിട്ടാത്തതിന്റെ സൂക്കേട് ആണ് നിനക്ക്”….

“ശരിക്കും”?? അവൾ കുസൃതിയോടെ ചോദിച്ചു.

“കിങ്ങിണി പ്രസംഗം പറഞ്ഞു നിൽക്കാതെ ഇങ്ങോട്ട് കയറി വാ സമയം 8മണി ആകാറായി”….

“അമ്മ കിടന്നു ടെൻഷൻ ആവാതെ… ആദ്യമായിട്ട് ഒന്നുമല്ലല്ലോ… ”

“കിന്നാരം പറയാതെ നീ കേറി വന്നേ ഇങ്ങോട്ട്”…

“ഈ അമ്മ മനുഷ്യനെ കുളിക്കാനും സമ്മതിക്കില്ല”…. അവൾ പരിഭവത്തോടെ  പടവിലേക്ക് കയറിയതും അമ്മ കൈ വീശി ഒരൊറ്റ അടി കൊടുത്തു അവളുടെ കൈയിൽ.

“അഹ്”…..പെട്ടെന്ന് ഉള്ള അടിയിൽ അവൾ ഒന്ന് വേച്ചു  പോയി. നനഞ്ഞ ശരീരം ആയത് കൊണ്ട് തന്നെ നാല് വിരൽ ശരിക്കും അവളുടെ കയ്യിൽ പതിഞ്ഞു.

“അധിക പ്രസംഗവും തർക്കുത്തരം പറച്ചിലും പറയാൻ നിന്നെ കഴിഞ്ഞേ ഉള്ളു”…അതും പറഞ്ഞു അമ്മ അവളുടെ തല തുവർത്തി കൊടുത്തു.കിങ്ങിണിയുടെ കണ്ണുകൾ അടിയുടെ വേദനയിൽ ചുവന്നു വന്നു. അതിൽ നിന്ന് കണ്ണീർ പതിയെ പൊഴിഞ്ഞു അമ്മയുടെ കയ്യിൽ വീണു. അവൾക്കു ശരിക്കും വേദനിച്ചു എന്ന് ആ കണ്ണീർ അമ്മയുടെ കയ്യിൽ വീണപ്പോൾ ആണ് ലളിതക്ക് മനസിലായത്. കിങ്ങിണി അവരെ തള്ളി മാറ്റി വസ്ത്രവും ഇട്ടു നേരെ പടവുകൾ കയറി വീട്ടിലേക്ക് പോയി.

“ഈശ്വര… അറിയാതെ പറ്റി പോയതാ… അവൾക്കു വേദനിച്ചു എന്ന് തോന്നുന്നു”….അവർക്കും ഒരു നിമിഷത്തെ ആ പ്രവർത്തിയിൽ കുറ്റബോധം തോന്നി.

“മോളെ നീ ഇത് എന്ത് കുളി കുളിക്കാൻ പോയതാ… ??വേഗം പോയി റെഡി ആയി വാ”….ഉമ്മറത്ത് നിന്ന ശ്രീദേവി പറഞ്ഞു.

“ചെറിയമ്മേ… ചെറിയച്ഛൻ  വന്നില്ലേ”??

“മ്മ്… വന്നു… റെഡി ആകാൻ പോയി”…

“മ്മ് ഞാൻ പോയി റെഡി ആവട്ടെ”…അതും പറഞ്ഞു കിങ്ങിണി അവളുടെ മുറിയിലേക്ക് പോയി.

“എന്താ ഏട്ടത്തി മുഖം വല്ലാതെ”??…ഉമ്മറത്തേക്ക് കയറി വന്ന ലളിതയെ നോക്കി ശ്രീദേവി ചോദിച്ചു.

“അറിയാതെ തല്ലി പോയെടി ഞാൻ അവളെ…വേദനിച്ചു എന്ന് തോന്നുന്നു അവൾക്കു”

“അയ്യോ… തല്ലണ്ടാരുന്നു  ഇനീപ്പോ അത് ആലോചിച്ചു നടക്കും.”

“ഞാൻ ഓർത്തില്ലടി  ഒന്നും കയ്യിന്നു പോയി ആ നേരത്ത്”….

“മ്മ് സാരമില്ല….ഏട്ടത്തി വാ”….അവർ രണ്ടാളും അകത്തേക്ക് പോയി.

“കിങ്ങിണി മോളെ റെഡി ആയില്ലേ ദേ സമയം ആയി ട്ടോ… “…ചെറിയമ്മ വന്നു വിളിച്ചപ്പോൾ അവൾ പുറത്തേക്കു ഇറങ്ങി വന്നു.

“പോകാം നമുക്ക്”??

“മ്മ്”….കിങ്ങിണി പൂജ മുറിയിൽ പോയി നിന്ന് കണ്ണനോട് പ്രാർഥിച്ചു. കളഭം ചാർത്തി നിൽക്കുന്ന കള്ള കണ്ണന്റെ മുഖത്ത് ഇതുവരെ തോന്നാത്ത ഒരു കുസൃതി അവൾക്കു എവിടെയോ ഉള്ള പോലെ തോന്നി. കണ്ണടച്ചു ആ മുഖത്തെ ആവാഹിച്ചു മനസ്സിൽ കുടി ഇരുത്തുമ്പോൾ  വിടർന്ന രണ്ട് മിഴികൾ അവളുടെ കണ്മുന്നിൽ  തെളിഞ്ഞു വന്നു.

“ഇതെന്താ മോനെ കണ്ണാ ഇങ്ങനൊരു കാഴ്ച ??എനിക്കിട്ടു വരാൻ പോകുന്ന വല്ലോ പണിയും ആണോ”??അവൾ ഒറ്റ പുരികം പൊക്കി കണ്ണനോട് ചോദിച്ചു. കണ്ണൻ അപ്പോഴും അവളെ നോക്കി ചിരിച്ചു നിന്നു.

“എന്ത് ചെയ്താലും ഈ ചിരി അതിന് ഒരു മാറ്റോം ഇല്ലല്ലോ എന്റെ കള്ള കണ്ണാ”….മനസ്സ് നിറഞ്ഞു കണ്ണനോട് പ്രാർഥിച്ചു ഇറങ്ങി അവൾ അമ്മയുടെ അനുഗ്രഹവും വാങ്ങി.

“പിന്നെ ഇവിടെ കിടന്നു അച്ഛനോട് അലമ്പ് ഉണ്ടാക്കരുത്. പിള്ളേരെ പിടുത്തക്കാരും  പിച്ചക്കാരും എല്ലാം ഉള്ളതാ…. മര്യാദക്ക് വീട് അടച്ചു പൂട്ടി ഇരുന്നോണം. ഭക്ഷണം കറക്റ്റ് സമയത്തു കഴിച്ചോണം. കേട്ടല്ലോ… പിന്നെ അപ്പൻ തമ്പുരാനോട്  (അച്ഛൻ )മനസ്സറിഞ്ഞു അങ്ങ് പ്രാർഥിച്ചോളാൻ  പറയണം”….അത്രയും പറഞ്ഞു അവൾ അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു. അമ്മയുടെ മനസ്സൊന്നു തണുത്തു.

“ചന്ദ്രേട്ട….നമുക്ക് ഇറങ്ങാം”??…അങ്ങോട്ടേക്ക് വന്ന ശ്യാം ഏട്ടൻ ചോദിച്ചു.

“അതിനെന്താ ഇറങ്ങാം…”…ചെറിയച്ഛൻ പെട്ടി എടുത്തു ഡിക്കിയിൽ വെച്ചു. കിങ്ങിണി അമ്മയോട് യാത്ര പറഞ്ഞു ചെറിയമ്മയുടെ  കൂടെ കാറിന്റെ പിൻ സീറ്റിൽ പോയി കയറി. അവർ ആനന്ദപുരിയിലേക്ക്  യാത്ര ആയി.

“എപ്പോഴാ ചന്ദ്രേട്ടാ ട്രെയിൻ”??..ശ്യാം ചോദിച്ചു

“9മണിക്ക്”…

“കിങ്ങിണി കുട്ടി മാത്രേ ഉള്ളോ പെർഫോം  ചെയ്യാൻ”??…

“അല്ല ശ്യാം ഏട്ടാ… മേഘയും ഉണ്ട്. അവർ ഇന്നലെ തന്നെ പോയി”….

“കൃഷ്ണേട്ടൻ എവിടെ”??

“ഇന്ന് കൊയ്ത്തു  തുടങ്ങുവല്ലേ ഏട്ടൻ അതുകൊണ്ട് പാടത്തേക്ക് പോയി രാവിലെ… നീ എപ്പോഴാ ചെന്നൈയിൽ നിന്ന് വന്നത്”??…. ചന്ദ്രൻ ചോദിച്ചു.

“ഇന്നലെ രാവിലെ… ഇന്നലെ വൈകിട്ട് കവലയിൽ വെച്ചു കൃഷ്ണേട്ടൻ പറഞ്ഞാരുന്നു ചഞ്ചലയെ  റയിൽവേ സ്റ്റേഷനിൽ  കൊണ്ട് പോയി ആക്കണം എന്ന്. തിരുവന്തപുരത് വെച്ചൊരു ഡാൻസ് പ്രോഗ്രാം ഉണ്ടെന്നു”…

“ഏട്ടൻ പറഞ്ഞിരുന്നു നീ വരുമെന്ന്”….

“സത്യത്തിൽ ശ്യാം ഇവളെ ചഞ്ചലേ  എന്ന് വിളിക്കുമ്പോൾ മാത്രാ ആ പേര് ഞങ്ങൾ ഓർക്കുന്നത് അല്ലാത്തപ്പോൾ  എല്ലാം കിങ്ങിണി അല്ലേ”!!… ചെറിയമ്മ പറയുന്നത് കേട്ടു എല്ലാവരും ഒന്ന് പുഞ്ചിരിച്ചു.

കുറച്ച് നേരത്തെ യാത്രക്ക് ശേഷം അവർ റെയിൽവേ സ്റ്റേഷനിൽ എത്തി. ബാഗും ആയി മുന്നോട്ട് നടക്കാൻ തുനിഞ്ഞ കിങ്ങിണിയെ ശ്യാം വിളിച്ചു.

“ചഞ്ചല “…

“എന്താ ശ്യാം ഏട്ടാ”??..അവൾ തിരിഞ്ഞു നോക്കി

“All the best “…

“Thank you ശ്യാമേട്ടാ “…….. അതും പറഞ്ഞു അവൾ നടന്നു അകലുന്നതും  നോക്കി ശ്യാം നിന്നു.

ഇനി നമുക്ക് ചഞ്ചല  എന്ന കിങ്ങിണി കുട്ടി ആരാണെന്നു ഒന്ന് നോക്കാം. ചിത്തിരപുരം  വീട്ടിലെ കൃഷ്ണ പ്രസാദിന്റെയും ലളിത കൃഷ്ണ പ്രസാദിന്റെയും പൊന്നോമന പുത്രി. ആള് ഇപ്പോൾ പ്ലസ് 2പഠിക്കുന്നു. ചിത്രകലാ, നൃത്തം, സംഗീതം, എന്നിവയിൽ മിടുക്കി. സത്യത്തിൽ ആ നാടിന്റെ തന്നെ ഹൃദയം ആണ് അവൾ. ചെറിയച്ഛൻ ചന്ദ്ര പ്രസാദിന്റെയും ശ്രീദേവിയുടെയും ചക്കര കിങ്ങിണി കുട്ടി. അവളൊരു പറവ ആണ്. ഈ വെള്ളാരം കുന്നിലെ  എല്ലാ ജീവജാലങ്ങൾക്കും  അവളോട്‌ ഇഷ്ടം ആണ്. അത്രക്ക് പാവം ഒരു തൊട്ടാവാടി നാട്ടിൻ പുറത്തുകാരി  പെണ്ണാണ് അല്പം കുസൃതിയും ഉണ്ട് കേട്ടോ. അവളുടെ അച്ഛൻ കൃഷണ പ്രസാദ് പേര് കേട്ട ഒരു വക്കീൽ ആയിരുന്നു. എന്നാൽ, പുള്ളിക്ക് ഇഷ്ടം നാടും നാട്ടുകാര്യവും  എല്ലാം ആയിരുന്നു. വെള്ളാരം കുന്നിലെ  മനുഷ്യർക്ക്‌ അദ്ദേഹം ദൈവം ആണ്. വെള്ളാരം കുന്നിൽ അദ്ദേഹം പറയുന്നത് ആണ് അവസാന വാക്ക്. ഇപ്പോ നമ്മുടെ കിങ്ങിണി കുട്ടി MS ലാൽ ഗ്രൂപ്പിന്റെ  ആനുവൽ  ഡേ  സെലിബ്രേഷന്  വേണ്ടി ഒരു ഡാൻസ് പ്രോഗ്രാം ചെയ്യാൻ പോകുകയാണ്. അവൾക്കൊപ്പം ഉറ്റ സുഹൃത് മേഘയും ഉണ്ട്. അപ്പോ ദാ കിങ്ങിണി കുട്ടിയുടെ ട്രെയിൻ വന്നു. ഇനി ചഞ്ചല കൃഷ്ണ പ്രസാദിന്റെ കഥ അങ്ങ് പത്മനാഭന്റെ മണ്ണിൽ……. നമുക്കും പോകാം ട്ടോ… വായോ….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇതേ സമയം മറ്റൊരു സ്ഥലത്ത്…..

“Kulukki thakkathi

kulukki thakka tha

kulukki thakkathi

Kulukki thakka tha….

Sakalakulukki thaka

thiki sakalakulukki

thakka…. Kulukki

thakka thi kulukki

thakka thaa”……

”ഹോ എന്തൊരു സൗണ്ട്…… ഏട്ടത്തി ലാലിനോട്  അത് ഒന്ന് നിർത്താൻ പറ എന്റെ ചെവി പൊട്ടുന്നു”…. രേവതി വിദ്യയോട് പറഞ്ഞു.

പക്ഷെ വിദ്യ ഒരു അനക്കവും ഇല്ലാതെ നിന്നു ആനുവൽ  ഡേ  സെലിബ്രേഷൻ ഉള്ള ഭർത്താവിന്റെ ഡ്രസ്സ്‌ അയൺ  ചെയ്യുക ആയിരുന്നു.

“ഏട്ടത്തി…. ” വീണ്ടും രേവതി വിദ്യയെ വിളിച്ചു. അവളിൽ നിന്നും മറുപടി കിട്ടാതെ വന്നപ്പോൾ ആണ് വിദ്യയുടെ ചെവിയിൽ ഇരിക്കുന്ന പഞ്ഞി രേവതി കണ്ടത്. അത് അവൾ എടുത്തു മാറ്റിയപ്പോൾ വിദ്യ അവളെ നോക്കി ചിരിച്ചു.

“ഏട്ടത്തി അവനോടു ഒന്ന് പോയി പറ ഇതൊന്നു നിർത്താൻ”….

“നിർത്താൻ അവൻ നോക്കിയാലും അവന്റെ വാനരപ്പട സമ്മതിക്കില്ല…. “വിദ്യ പറഞ്ഞു

“കുട്ടികൾ അതിന്റെ അകത്തു ഉണ്ടോ”??

“മ്മ്….നമ്മടെ രണ്ട് മക്കളും അവന്റെ അടുത്തു ഉണ്ട്… ഇന്നലെ വൈകിട്ട് അവൻ ന്യൂസ്‌ ലാൻഡിൽ നിന്ന് ലാൻഡ്  ചെയ്തപ്പോൾ മുതൽ രണ്ടും ഇടം വലം ഉണ്ട്. ചെറിയച്ഛൻ  വന്നാൽ പിന്നെ അവർക്ക് വേറെ ആരും വേണ്ട”….

“അത് സത്യം… ഇന്ന് രാവിലെ അനുമോളെ ബ്രഷ് ചെയ്യിക്കാൻ അവന്റെ മുറിയിൽ കയറിയപ്പോൾ അവള് പറയുവാ പോ  അണ്ണാച്ചി പിന്നെ വാ എന്ന്”…. രേവതി പറഞ്ഞു

“പറഞ്ഞിട്ട് കാര്യമില്ല… ലാലിന്  ഇതുവരെ കുട്ടിക്കളി മാറിയിട്ടില്ല. പിന്നെ നമ്മള് കുട്ടികളെ എങ്ങനെ കുറ്റം പറയും”….. അവർ രണ്ടും നിന്ന് ചിരിച്ചു.

“എന്താണ് രണ്ടാൾക്കും  ഒരു ചിരി ??”… അങ്ങോട്ട്‌ വന്ന നരേൻഉം നികേഷ്ഉം ചോദിച്ചു.

“ഒന്നുമില്ല… ചെറിയച്ഛന്റെയും  വാനരപ്പടയുടെയും കാര്യം പറഞ്ഞതാ”… രേവതി പറഞ്ഞു.

“നരേൻ…. കുട്ടികൾ രണ്ടും നിഹാലിന്റെ (ലാൽ ) മുറിയിൽ ഉണ്ട്. ഒന്ന് പോയി വിളിച്ചു കൊണ്ട് വാ നേരം വൈകി”….. വിദ്യ പറഞ്ഞു.

“മ്മ് “…..

നികേഷും  നരേനും  നിഹാലിന്റെ മുറിയുടെ വാതിൽ തുറന്നു ചെന്നപ്പോൾ കണ്ടത് കട്ടിലും പില്ലോയും ബെഡും ലാലിന്റെ  ബുക്സ്, ഷർട്ട്‌സ്സ്, പാന്റ്സ,് പെർഫ്യൂം, എല്ലാം വലിച്ചു വാരി ഇട്ടിട്ടു അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു ഇരുന്നു പബ് ജീ  കളിക്കുന്ന കാണുന്ന കുട്ടികളെ ആയിരുന്നു.

“ഭാർഗവി നിലയത്തിന് ഇതിനേക്കാൾ ഭംഗി ഉണ്ടാകും”….നികേഷ് നരേനോട് പറഞ്ഞു.

അച്ചന്മാർ വന്നത് ഒന്നും അറിയാതെ മൂന്ന് പേരും കളിയിൽ മുഴുകി ഇരിക്കുക ആണ്. പെട്ടെന്ന് നരേൻ ചെന്ന് ഫോൺ പിടിച്ചു വാങ്ങിയപ്പോൾ

മക്കൾ രണ്ടും കൂടെ അപ്പന്മാരെ  എടുത്തിട്ട് പൊതിച്ചു.

“അയ്യോ എന്റമ്മോ..  എന്ന നിലവിളികൾ  കേട്ടു അമ്മമാർ രണ്ടും ഓടി വന്നു കാക്കിരി പീക്കിരികളെ പെറുക്കി കൂട്ടി കൊണ്ട് പോയി.

“നീയാ ഇവരെ രണ്ടിനെയും വഷളാക്കുന്നത് “…നികേഷ് പറഞ്ഞു.

“ആ ഞാൻ ഇത് കേൾക്കണം… ഇപ്പോ സ്വന്തം മക്കൾ ആയപ്പോൾ പൊള്ളുന്നുണ്ട് അല്ലേ ??ചെറുപ്പത്തിൽ എന്നെ വഷളാക്കുന്നത്  നിങ്ങൾ രണ്ടും ആണെന്ന് പറഞ്ഞു എന്തോരം ഞാൻ അച്ഛന്റെയും അമ്മയുടെയും വായിൽ നിന്നു കേട്ടു… ഇനി കുറച്ച് അനുഭവിക്ക് മക്കള് രണ്ടും”….

“ഓഹോ അപ്പൊ നീ പക പോക്കുക ആണല്ലേ ടാ”… നരേൻ ചോദിച്ചു

“അതേല്ലോ”…

“നിന്നെ ഇന്ന്… ഉണ്ടല്ലോ”….ഏട്ടന്മാർ രണ്ടും കൂടെ ലാലിനെ  പിടിച്ചു ഇക്കിളി ഇടാൻ തുടങ്ങി. അവരുടെ ബഹളം കേട്ടു അകത്തേക്ക് വന്ന അമ്മ മൂന്ന് എണ്ണത്തിന്റെയും  ബാക്ക് നോക്കി നല്ല അടി കൊടുത്തു.

“നാണം ഇല്ലല്ലോ ടാ ഓരോ പിള്ളേരുടെയും അപ്പന്മാർ ആയിട്ടും ഇങ്ങനെയൊക്കെ കാണിക്കാൻ…..ത്രി മൂർത്തികൾ  വേഗം റെഡിയായി വാ അച്ഛൻ നിന്ന് കയർ  പൊട്ടിക്കുവാ .. “….

“കയർ പൊട്ടിക്കാൻ അച്ഛൻ എന്താ കാളയോ”??

“ആ അത് കുറച്ച് കഴിഞ്ഞു മക്കള് അറിഞ്ഞോളും കാളയാണോ  പോത്താണോ  എന്ന് … “….അമ്മ പറഞ്ഞു.

“ശേ എന്നാലും അമ്മ അച്ഛനെ പോത്ത് എന്ന് വിളിച്ചത് ശരി ആയില്ല…. “…ലാൽ പറഞ്ഞു

“സന്ധ്യ സമയത്തു എന്റെ വായിൽ നിന്ന് സരസ്വതി കേൾക്കണ്ട എങ്കിൽ ഒരുങ്ങി ഇറങ്ങാൻ നോക്ക്”….

“ഓ പറയുന്ന കേട്ടാൽ തോന്നും ഞങ്ങൾക്ക് വേണ്ടി ആരോ അവിടെ ഒരുങ്ങി നിൽക്കുക ആണെന്ന്”…..നികേഷ്  പറഞ്ഞു

“ആ നിങ്ങൾക്കു രണ്ടാൾക്കും വേണ്ടി ഇനി ആരും കുറിയും തൊട്ടു കളം വരച്ചു നിൽക്കില്ല… നിങ്ങടെ തൊട്ടു അപ്പുറത്ത് നിൽക്കുന്ന വിദ്വാന് വേണ്ടി ആരേലും ഇനി നിൽപ്പുണ്ട് എങ്കിലോ പറയാൻ പറ്റൂല്ലേ… കലി കാലം അല്ലേ”….അമ്മ അതും പറഞ്ഞു പുറത്തേക്കു പോയി.

“അമ്മയുടെ നാവിലെ  ഗുളികൻ ഫലിച്ചാൽ  മതിയാരുന്നു. ദൈവമേ, എത്രയും വേഗം ഇവനെയും നീയൊരു കൂട്ടിൽ അടക്കണേ  പ്ലീസ്”…നരേൻ പറഞ്ഞത് കേട്ടു അവനെ  തല്ലാൻ ലാൽ  പില്ലോ എടുത്തപ്പോഴേക്കും  രണ്ടാളും അവിടെ നിന്ന് ഓടി പോയി.

“ഈ നിഹാൽ വർമയെ തളയ്ക്കാൻ പറ്റുന്ന ഒരു സുന്ദരി കോതയും ഈ ലോകത്തിൽ ഇല്ല. കേട്ടോടാ പട്ടി ചേട്ടന്മാരെ”….നിഹാൽ പറഞ്ഞു.

മനസ്സിൽ അടിഞ്ഞു കൂടിയ നോവ് പുറത്ത് കാണിക്കാതെ  അവൻ റെഡി ആകാൻ പോയി.

*******************

ഇത് വൃന്ദാവനം . ഇവിടെ കൃഷ്ണൻ ഉണ്ടോ എന്ന് ചോദിക്കരുത്. കൃഷ്ണൻ ഉണ്ടോ കംസൻ ഉണ്ടോ എന്നൊക്കെ നമുക്ക് വഴിയേ നോക്കാം. ഈ കുടുംബത്തിന്റെ ഗൃഹ നാഥൻ ആണ് കുറച്ച് നേരം മുൻപ് അവിടുത്തെ അമ്മ കയറു പൊട്ടിക്കുക  ആണെന്ന് പറഞ്ഞ വ്യക്തി വർമ സാർ. അദേഹത്തിന്റെ പ്രിയ  പത്നി സൗദാമിനി. മൂത്ത മകൻ നരേൻ വർമ  രണ്ടാമത്തെ ആള് നികേഷ് വർമ, ഇളയ ആള് ആണ് നിഹാൽ വർമ.ഏട്ടന്മാരുടെ  ഭാര്യമാർ ആണ് വിദ്യയും, രേവതിയും.

MS ലാൽ ഗ്രൂപ്പിന്റെ ഓണർ ആണ് വർമ സാർ. അദേഹത്തിന്റെ കമ്പനിയുടെ ആനുവൽ ഡേ  സെലിബ്രേഷൻ വേണ്ടി പോകാനുള്ള പട പുറപ്പാട് ആണ് നമ്മൾ കണ്ടത്.

*******************

കിങ്ങിണിയും ചെറിയച്ഛനും  ശ്രീദേവി ചെറിയമ്മയും  ആനുവൽ ഡേ  ഫങ്‌ഷൻ നടക്കാൻ പോകുന്ന ഓഡിറ്റോറിയത്തിൽ ഏകദേശം ഉച്ച കഴിഞ്ഞപ്പോൾ തന്നെ  എത്തി. അധികം പരുപാടി ഒന്നുമില്ല. ഇനാഗുറേഷൻ  പ്രോഗ്രാം ആണ് മേഘയുടെയും ചഞ്ചലയുടെയും . ഉച്ചക്ക് ശേഷം മൂന്ന് മണി ആയപ്പോൾ ടീച്ചറും മേഘയും എത്തി. പ്രോഗ്രാം 7മണിക്ക് ആണ്. മേക്കപ്പ് മാൻ എത്തി മേഘയെ ആദ്യം റെഡി ആക്കാൻ തുടങ്ങി. ആ സമയത്തു ഓഡിറ്റോറിയത്തിന്റെ കർട്ടൻ മാറ്റി സദസ്സ് നോക്കി കാണുക ആയിരുന്നു കിങ്ങിണി. കുറഞ്ഞത് 1500പേർക്ക് ഇരിക്കാൻ പറ്റുന്ന വമ്പൻ ഓഡിറ്റോറിയം. ഡെക്കറേഷൻ എല്ലാം വളരെ ഭംഗി ഉണ്ടായിരുന്നു. പ്രോഗ്രാം ഹോസ്റ്റ്  ചെയ്യാൻ വന്ന ചേച്ചി പറയാൻ ഉള്ളതൊക്കെ കാണാപ്പാഠം പഠിക്കുന്നത് കിങ്ങിണി നോക്കി നിന്നു. അപ്പോഴേക്കും മേഘയുടെ മേക്കപ്പ് കഴിഞ്ഞു അവൾ ഡ്രസ്സ്‌ മാറാൻ പോയി. കിങ്ങിണി പോയി മുഖം കഴുകി വന്നു. മേക്കപ്പ് ചെയ്യാൻ വേണ്ടി. മേക്കപ്പ് കഴിഞ്ഞു ഗ്രീൻ റൂമിൽ ഇരുന്നു പുറത്തെ കാഴ്ചകളും  ആരൊക്കെ വരുന്നു പോകുന്നു എന്നൊക്കെ കണക്ക് എടുക്കുക ആയിരുന്നു മേഘയും കിങ്ങിണിയും. 7മണിക്ക് ആണ് പ്രോഗ്രാം തുടങ്ങുന്നത് എന്ന് പറഞ്ഞിരുന്നു പക്ഷെ 8 മണി ആയിട്ടും പ്രോഗ്രാം തുടങ്ങി ഇല്ല. മേഘക്ക് ആകെ വല്ലാത്ത അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു. പക്ഷെ 8 മണി ആയപ്പോൾ ആളുകൾ എത്തി തുടങ്ങുന്നത് അവർ ഗ്രീൻ റൂമിൽ ഇരുന്നു കണ്ടു.

വായിനോട്ടത്തിൽ Phd എടുത്ത ആളാണ് നമ്മുടെ മേഘ. പുള്ളിക്കാരി ആരെയും വിടാതെ വായിനോട്ടം എന്ന പ്രക്രിയ വളരെ ഭംഗി ആയി മുന്നോട്ട് കൊണ്ട് പോകുമ്പോൾ ആണ് നരേനും  നികേഷും ഭാര്യമാരും  അവരുടെ  കാറിൽ വന്നു ഇറങ്ങുന്നത്. ഭാര്യമാരെയും  ഒപ്പം കുട്ടികളെയും കണ്ടപ്പോൾ അവൾ  അവരെ വായിനോട്ടത്തിൽ നിന്ന് ഒഴിവാക്കി.

എന്നാൽ പുറകെ വന്ന BMW കാറിൽ വന്നു ഇറങ്ങിയ റെഡ്  ഷർട്ടും ബ്ലാക്ക് പാന്റ്സും ധരിച്ചു കൂളിംഗ് ഗ്ലാസ്സും വെച്ചു റെഡ് കാർപെറ്റ്ൽ കൂടെ സ്റ്റൈലിൽ വരുന്ന നിഹാലിനെ നോക്കി അവൾ സ്വയം അറിയാതെ നിന്ന് പോയി.

പെട്ടെന്ന് മേഘക്ക് വല്ലാത്ത അസ്വസ്ഥത തോന്നി അവൾ തലകറങ്ങി വീണു. എല്ലാവരും കൂടെ അവളെ താങ്ങി പിടിച്ചു കസേരയിൽ ഇരുത്തി. കിങ്ങിണി അവൾക്കു വെള്ളം എടുക്കാൻ വേണ്ടി കുപ്പിയും ആയി ഓടുന്ന വഴിക്ക് ആണ് ഓഡിറ്റോറിയത്തിന് പുറകിൽ ഫോണിൽ സംസാരിച്ചു നിന്ന ലാലിനെ തട്ടി ഇട്ടു ഓടേണ്ടി വന്നത്. ഒരു മിന്നായം പോലെ കോപത്താൽ തിളങ്ങുന്ന ആ കണ്ണുകൾ മാത്രേ അവൾ കണ്ടുള്ളു. നെഞ്ച് പെട്ടെന്ന് ശക്തിയായി ഇടിക്കുന്നത് അവൾ അറിഞ്ഞു.

“ഹേയ് you സ്റ്റുപ്പിഡ്  കണ്ണില്ലേ നിനക്ക്”??…

അവൻ വിളിച്ചു ചോദിക്കുന്നത് വക വെക്കാതെ കിങ്ങിണി ഓടി. അവളുടെ കാലിലെ ചിലങ്കയുടെ  ശബ്ദവും ഡ്രെസ്സിന്റെ നിറവും മാത്രമേ അവൻ കണ്ടുള്ളു.

കിങ്ങിണി വെള്ളവും ആയി ചെന്നു. മേഘക്ക് ബോധം വീണു എങ്കിലും BP കുറഞ്ഞത് ആണ് എന്ന് തോന്നിയത് കൊണ്ട് അവളെ ഹോസ്പിറ്റലിലെക്ക് കൊണ്ട് പോയി.

ഡാൻസ് ചെയ്യുന്ന കുട്ടിയെ ഹോസ്‌പിറ്റലൈസ്‌ ചെയ്തു എന്ന് അറിഞ്ഞപ്പോൾ എല്ലാവരും ആകെ ടെൻഷൻ ആയി.

മേഘ ഇല്ലാത്തതു കൊണ്ട് ഡാൻസ് ചെയ്യണ്ട തിരിച്ചു പോകാം എന്നൊരു തീരുമാനത്തിൽ കിങ്ങിണിയുടെ ചെറിയച്ഛൻ  എത്തിയിരുന്നു.

പ്രോഗ്രാം കുളമാകും എന്നൊരു ഘട്ടം വന്നപ്പോൾ ഭാരവാഹികൾ അക്കാര്യം വർമ സാറിനെയും മക്കളെയും അറിയിച്ചു.

ഫോൺ വിളി കഴിഞ്ഞു മുൻ നിരയിൽ വന്നു ഇരുന്ന ലാലിന് കാര്യം അറിഞ്ഞപ്പോൾ  ദേഷ്യം ഇരച്ചു കയറി.

“അച്ഛനോടും ഏട്ടന്മാരോടും ഞാൻ അന്നേ പറഞ്ഞതല്ലേ ഏതേലും നല്ല ഗ്രൂപ്പിന്റെ പ്രോഗ്രാം മതി എന്ന്. അന്നേരം ദീപ ടീച്ചർ ആനയാണ് മാടയാണ് കോടയാണ് എന്നും പറഞ്ഞു എന്നെ തല്ലാൻ വന്നു. എല്ലാരും കൂടെ എന്താന്ന് വെച്ചാൽ ചെയ്തോ ഇത്രയും പേരുടെ മുൻപിൽ നാണം കെടാൻ നിഹാൽ വർമയെ കിട്ടില്ല”…..ലാൽ നിന്നു കലി തുള്ളി.

“ചെറിയച്ച…. ”

“എന്താ കിങ്ങിണി മോളെ “??

“എന്തായാലും ഞാൻ അരയും തലയും മുറുക്കി ഇറങ്ങിയതല്ലേ ഞാൻ തന്നെ ഡാൻസ് ചെയ്യാം. അല്ലങ്കിൽ ഈ പ്രോഗ്രാം നടത്തുന്നവർക്ക് വല്യ നഷ്ടം ആകും. നമ്മൾ എന്തിനാ മറ്റുള്ളവരുടെ പ്രാക്ക് വാങ്ങുന്നത്”!!…ചെറിയച്ഛന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മാത്രം മതിയാരുന്നു അവൾക്കു സമ്മതമായിട്ട്.

“ഞാൻ പോകുവാ നിങ്ങളൊക്കെ എന്താണെന്നു വെച്ചാൽ ചെയ്തോ. ഞാൻ പോയി ആ ടീച്ചറെ രണ്ടെണ്ണം പറഞ്ഞിട്ടേ വരൂ.”…അതും പറഞ്ഞു കൂളിംഗ് ഗ്ലാസ്സും വെച്ചു

നിഹാൽ അവിടെ നിന്ന് കലി തുള്ളി പുറത്തേക്കു പോകാൻ ഒരുങ്ങിയതും സ്റ്റേജിൽ  അന്നൗൻസ്മെന്റ്  കേട്ടു.

Ms ലാൽ  ഗ്രൂപ്പിന്റെ 26th ആനുവൽ ഡേ ഫങ്‌ഷൻ ഇവിടെ തുടങ്ങുക ആണ്. ഈ വേദിയെ സുരഭിലമാക്കാൻ  ചടുല നൃത്ത  ചുവടുകളും  ആയി ഈ വേദിയെ ധന്യമാക്കാൻ  എത്തുന്നു

“ചഞ്ചല കൃഷ്ണ പ്രസാദ്”…..പിൻ തിരിഞ്ഞു നടന്ന നിഹാൽ ഒരു നിമിഷം അവിടെ തന്നെ തറഞ്ഞു നിന്നു. അവന്റെ ഹൃദയ താളം നില തെറ്റി മിടിക്കുന്നത്  അവൻ ആദ്യമായി അറിഞ്ഞു.

******************

ബാക്കി ഉടനേ പോസ്റ്റ് ചെയ്യാം, വായിക്കുന്ന കൂട്ടുകാർ ലൈക്ക് ചെയ്ത് ഒരഭിപ്രായം കമന്റ് ഇടണേ… ഇതുവഴി അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ ലഭിക്കുന്നതാണ്…

(തുടരും)

രചന : അനു അനാമിക

Scroll to Top